Wednesday, November 11, 2015

ഫാസിസവും സിനിമയും 13


നരകത്തില്‍ രണ്ട്‌ ഹാഫ്‌ ടൈമുകള്‍ - കളി ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ജീവന്മരണപ്പോരാട്ടമായി മാറുന്നു. മത്സരത്തിന്റെ ഉദ്വേഗജനകമായ ചിത്രീകരണം ശ്വാസമടക്കിക്കൊണ്ടു മാത്രമേ കണ്ടിരിക്കാനാവൂ. പ്രൊഫഷണല്‍ മത്സരങ്ങളിലേതെന്നതു പോലെ ജഴ്‌സിയും ഷൂസുമണിഞ്ഞ ജര്‍മന്‍ ടീമും കീറിപ്പറിഞ്ഞ വേഷങ്ങളും തുള വീണ ബൂട്ടുമിട്ട്‌ തടവുകാരുടെ ടീമും തമ്മിലുള്ള മത്സരം ആദ്യഘട്ടത്തില്‍ ഇഴഞ്ഞാണ്‌ നീങ്ങുന്നത്‌. ജര്‍മന്‍ കേണല്‍ തന്റെ കാമുകിയോടൊത്ത്‌ ഗാലറിയില്‍ പ്രത്യേകം തയ്യാറാക്കിയ ബോക്‌സിലിരുന്നാണ്‌ കളി കാണുന്നത്‌. അയാള്‍ക്കിത്‌ വെറുമൊരു നേരമ്പോക്ക്‌; എന്നാല്‍ തടവുകാരുടെ ടീമിലോരോരുത്തരും അവരുടെ ജീവന്‍ കൊണ്ടു തന്നെയാണ്‌ കളിക്കുന്നത്‌. കളിയില്‍ ആദ്യം മികവു പുലര്‍ത്തുന്നത്‌ ജര്‍മന്‍ ടീമാണ്‌. തങ്ങളുടെ കളി എപ്രകാരമാക്കിയാലാണ്‌ തങ്ങള്‍ക്ക്‌ രക്ഷ കിട്ടുക എന്ന്‌ നിര്‍ണയിക്കാനാവാതെ ഡിയോ കുഴങ്ങുകയാണ്‌. പൊരിഞ്ഞുകളിച്ച്‌ ജര്‍മന്‍കാരെ തോല്‍പിച്ചാല്‍ ആ കുറ്റത്തിനു തന്നെ തങ്ങള്‍ ശിക്ഷിക്കപ്പെടാം. അതല്ല ജര്‍മന്‍കാര്‍ ജയിച്ചോട്ടെ എന്നു കരുതി ഒത്തുകളിച്ചാലോ, തിന്ന ഭക്ഷണത്തിനും ലഭിച്ച പരിമിതമായ സ്വാതന്ത്ര്യത്തിനും പ്രത്യുപകാരമുണ്ടായില്ല എന്ന കുറ്റത്തിനു ശിക്ഷിക്കപ്പെടാം. ഒത്തുകളിയിലെ സ്‌പോര്‍ട്‌സ്‌ വിരുദ്ധത ബോധ്യപ്പെട്ട്‌ കളിക്കാതിരുന്നാലോ അതും ശിക്ഷിക്കാവുന്ന കുറ്റകൃത്യം തന്നെ. ഇപ്രകാരം ഊരാക്കുടുക്കിലാവുന്ന അവര്‍ ആദ്യഘട്ടത്തിലെ ആലസ്യം കളഞ്ഞ്‌ പിന്നീട്‌ ഉഷാറായി കളിക്കുകയും ജര്‍മന്‍കാര്‍ക്ക്‌ മേല്‍ മേല്‍ക്കൈ നേടുകയുമാണ്‌. ഈ മേല്‍ക്കൈ ജര്‍മന്‍ കേണലിന്‌ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഫാസിസ്റ്റായ അയാള്‍ റിവോള്‍വറെടുത്ത്‌ തടവുകാരുടെ ടീമിലെ പതിനൊന്ന്‌ കളിക്കാരെയും തുരുതുരാ വെടിവെച്ച്‌ കൊല്ലുന്നു. 
#fightfascism

No comments: