Monday, November 16, 2015

ഫാസിസവും സിനിമയും 17


(ദ ഗ്രേറ്റ്‌ ഡിക്‌റ്റേറ്റര്‍)
 ജൂതത്തടവുകാരനായ ഷുള്‍ട്‌സും ക്ഷുരകനും തടവു ചാടി രക്ഷപ്പെടുന്നതിനിടെ സൈനികരുടെ പിടിയിലാവുന്നു. ക്ഷുരകനായ ചാപ്ലിനെ പ്രസിഡണ്ടായി തെറ്റിദ്ധരിച്ച്‌ അയാളെ പ്രസംഗവേദിയിലേക്ക്‌ അവര്‍ ആനയിക്കുന്നു. അപ്പുറത്താകട്ടെ, പ്രസിഡണ്ടിനെ ക്ഷുരകനായി തെറ്റിദ്ധരിച്ച്‌ അറസ്റ്റു ചെയ്യുകയും ചെയ്യുന്നു. ഹിങ്കലിന്റെ വിജയാഹ്ലാദപ്രസംഗം നിര്‍വഹിക്കാനായി ക്ഷുരകന്‍ വേദിയിലേക്ക്‌ ഹര്‍ഷാരവങ്ങളോടെ ക്ഷണിക്കപ്പെടുന്നു. പ്രചാരണ മന്ത്രി ഗാര്‍ബിഷ്‌ സ്വതന്ത്രസംസാരം പോലുള്ള `ഭോഷ്‌ക്കു'കളെ പരിഹസിച്ചുകൊണ്ടാണ്‌ ഹിങ്കല്‍/ക്ഷുരകനെ പ്രസംഗിക്കാനായി ക്ഷണിക്കുന്നത്‌. ഹിങ്കല്‍ ആയി നടിക്കുന്ന ക്ഷുരകനായ ചാപ്ലിനാകട്ടെ വിസ്‌മയകരമായ ഒരു പ്രസംഗമാണ്‌ നിര്‍വഹിക്കുന്നത്‌. അതില്‍ ഹിങ്കലിന്റെയും ഗാര്‍ബിഷിന്റെയും അമിതാധികാര പ്രവണതകള്‍ക്കു പകരം ജനാധിപത്യത്തിന്റെ നവീനമായ ഒരു കാലമാണിനി എന്ന പ്രവചനപരമായ ആഹ്വാനമാണുണ്ടായിരുന്നത്‌. എനിക്ക്‌ മാപ്പു തരിക, ഞാനൊരു ചക്രവര്‍ത്തിയാവാന്‍ ആഗ്രഹിക്കുന്ന ആളല്ല. എനിക്കെല്ലാവരെയും സഹായിക്കണമെന്നുണ്ട്‌. ജൂതനോ, കറുത്ത വംശക്കാരനോ, വെളുത്ത നിറമുള്ളവനോ ആരുമാകട്ടെ എല്ലാവരും പരസ്‌പരം സഹായിക്കുകയാണ്‌ വേണ്ടത്‌. മറ്റുള്ളവരുടെ സന്തോഷമാണ്‌ എല്ലാവരുടെയും ജീവിതത്തിന്‌ പ്രചോദനമാകേണ്ടത്‌, അല്ലാതെ അവരുടെ ദുരിതങ്ങളല്ല. നാം പരസ്‌പരം വെറുക്കാനോ ദ്രോഹിക്കാനോ പാടില്ല. ഈ ലോകത്തില്‍ എല്ലാവര്‍ക്കും അവരവരുടെ ഇടമുണ്ട്‌. ജീവിതത്തിന്റെ വഴികള്‍ മനോഹരവും സ്വതന്ത്രവുമാണ്‌. പക്ഷെ നമുക്ക്‌ വഴി നഷ്‌ടമായിരിക്കുന്നു. ഇപ്രകാരം തുടരുന്ന കാവ്യാത്മകവും അതേ സമയം ലളിതമായ പദാവലികളാല്‍ സാമാന്യ ജനങ്ങളെ ആകര്‍ഷിക്കുകയും ചെയ്യുന്ന പ്രഭാഷണം സമാപിക്കുന്നതിങ്ങനെയാണ്‌. ജനാധിപത്യത്തിന്റെ പേരില്‍ നമുക്കൊന്നിക്കാം. പ്രസംഗം കേള്‍ക്കാന്‍ തടിച്ചു കൂടിയ സൈനികരും അതേറ്റു പറയുന്നു. 
#fightfascism

1 comment:

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഈയിടെ വാട്സപ്പില്‍ ഈ ദൃശ്യം ആരോ അയച്ചു തന്നിരുന്നു ,ശരിക്കും കോരിത്തരിച്ചു പോയി ആ സീന്‍ കാണ്‍കെ