ടൊമാനിയ എന്ന സാങ്കല്‍പിക രാജ്യത്തെ സ്വേഛാധിപതിയായ അഡെനോയ്‌ഡ് ഹിങ്കലിന്റെയും ജൂതര്‍ മാത്രം താമസിക്കുന്ന ഒരു പ്രവിശ്യയില്‍ കട നടത്തുന്ന ക്ഷുരകന്റെയും ഇരട്ട വേഷങ്ങളിലാണ് ചാപ്ലിന്‍ അഭിനയിച്ചത്. തമാശകള്‍ നിറയെ ഉണ്ടെങ്കിലും ചിത്രത്തെ മൂടി നില്‍ക്കുന്നത് തീക്ഷ്‌ണമായ വേദനയാണ്. ചാപ്ലിന്റെ ഏറ്റവും ഗൗരവമേറിയതും മനുഷ്യത്വം എന്ന പ്രമാണത്തെ അങ്ങേയറ്റം ഉയര്‍ത്തിപ്പിടിക്കുന്നതുമായ ഈ ചിത്രം ദു:ഖ പര്യവസായിയാണ്. പ്രസിദ്ധനായ തന്റെ തെണ്ടി വേഷത്തിന്റെ മാനറിസങ്ങളിലേക്ക് ഹിറ്റ്‌ലറെ ആവാഹിച്ചെടുക്കുന്ന ചാപ്ലിന്‍ ഒരിക്കലും അയാളോടൊത്ത് ചിരിക്കാന്‍ കാണിയെ പ്രേരിപ്പിക്കുന്നില്ല, മറിച്ച് അയാളെയും അയാളുടെ ചെയ്‌തികളെയും നോക്കി കരച്ചിലുള്ളിലടക്കി ചിരിക്കാന്‍ പറയുകയാണ് ചെയ്യുന്നത്. മനുഷ്യാവസ്ഥയോട് തന്നെയുള്ള കൊഞ്ഞനം കുത്തലായി ആ ചിരി പരിണമിക്കുകയും ചെയ്യുന്നു. ചാപ്ലിന്‍ അവതരിപ്പിച്ചവയില്‍ സഹതാപാര്‍ഹനല്ലാത്ത ഏക കഥാപാത്രവുമാണ് ഹിങ്കലിന്റേത്. അയല്‍ രാജ്യമായ ബാക്‌റ്റീരിയയിലെ സ്വേഛാധിപതി ബെന്‍നോണി നപ്പൊളോണി ഹിങ്കലിന്റെ കൊട്ടാരത്തില്‍ അതിഥിയായെത്തുന്ന സന്ദര്‍ഭം ഏറെ കൗതുകകരമാണ്. കസേര കളി പോലുള്ള അവരുടെ ഊണ്‍ മേശ ചര്‍ച്ചകളും ഐസ്‌ക്രീം കൊണ്ടുള്ള മുഖത്തെറിയലും സിനിമയില്‍ പതിനായിരക്കണക്കിന് തവണ ആവര്‍ത്തിച്ചെങ്കിലും ചാപ്ലിന്‍ ഉയര്‍ത്തിയ രാഷ്‌ട്രീയ മാനത്തെ ആര്‍ക്കും അനുകരിക്കാനായില്ല.
#fightfascism
1 comment:
Post a Comment