സിനിമയില്‍ ശബ്‌ദം സാങ്കേതികമായി ഉള്‍പെടുത്തിയ കാലത്ത് 1930കളില്‍, അക്കാലത്തെ ജര്‍മനിയില്‍, പ്രസിദ്ധനായ സംവിധായകനായ ഫ്രിറ്റ്‌സ് ലാങ് എം എന്ന ചിത്രം പുറത്തിറക്കി. കുട്ടികളെ കൊല്ലുന്ന ഒരു കുറ്റവാളിയെ രക്തദാഹികളായ ഒരു ആള്‍ക്കൂട്ടം വേട്ടയാടുന്നതാണീ ചിത്രത്തിലെ പ്രതിപാദ്യം. വൈകാരികവും സംഘര്‍ഷഭരിതവുമായ ഈ സിനിമ, വൈയക്തികവും സംഘപരവുമായ ഭ്രാന്തിനെ സമാന്തരവല്‍ക്കരിക്കുന്ന എം നാസിസത്തിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന ജര്‍മന്‍ സമൂഹത്തെ കാല്‍പനികമായി പ്രതീകവല്‍ക്കരിക്കുന്നു. ലാങിന്റെ അടുത്ത ചിത്രം, ഡോ മബൂസെയുടെ നിയമം (The testament of Dr. Mabuse) ഒരു മനോരോഗാശുപത്രിയിലിരുന്ന് അധോലോകത്തെ നയിക്കുന്ന ഒരു കൊടും കുറ്റവാളിയുടെ കഥയാണ്. 1933ല്‍ അധികാരത്തിലെത്തിയ നാസികള്‍ ഈ ചിത്രം നിരോധിച്ചു. ഹിറ്റ്‌ലറെ കളിയാക്കുകയാണെന്നായിരുന്നു ആരോപണം. ലാങ് നാടുവിട്ടു. അദ്ദേഹത്തിന്റെ ഭാര്യയും സഹപ്രവര്‍ത്തകയും ആയ തിയ വോണ്‍ ഹാര്‍ബോ ജര്‍മനിയില്‍ തന്നെ തങ്ങി. പിന്നീട് നാസി പ്രവര്‍ത്തക ആയി തീരുകയും ചെയ്‌തു. 1933 മുതല്‍ മറ്റേതൊരു കലാരൂപവുമെന്നതുപോലെ ജര്‍മന്‍ സിനിമയും ഗീബല്‍സിന്റെ പരിപൂര്‍ണ നിയന്ത്രണത്തിലായിരുന്നു. ജര്‍മന്‍ സിനിമയില്‍ ആഴത്തിലൂള്ള ജൂത പാരമ്പര്യത്തെ ഇല്ലാതാക്കുന്നതില്‍ ഈ നിയന്ത്രണം വിജയിച്ചു. ലെനി റീഫന്താള്‍ എന്ന യുവതിയായ ചലച്ചിത്രകാരിയെ 1934ല്‍ ന്യൂറം ബര്‍ഗില്‍ നടന്ന നാസി പാര്‍ടി റാലി ചിത്രീകരിക്കാന്‍ ഹിറ്റ്‌ലര്‍ ഏല്‍പിച്ചു. ഇതിന്റെ ഫലമായി പുറത്തുവന്ന ട്രയംഫ് ഓഫ് വില്‍ (1935) എന്ന ഡോക്കുമെന്ററി കൃത്യമായി സൃഷ്‌ടിക്കപ്പെട്ട ഒരു പ്രചാരണ ചിത്രമാണ്. ഇതില്‍ ഹിറ്റ്‌ലറിനുള്ളത് ഒരു മിത്തിക്കല്‍, ദൈവിക പരിവേഷമാണ്. അയാളുടെ അനുയായികളാകട്ടെ കേവലം ജ്യാമിതീയരൂപങ്ങളും.
#fightfascism
No comments:
Post a Comment