Monday, November 2, 2015

ഫാസിസവും സിനിമയും 4


വര്‍ണവെറിയും ഫാസിസവും
ഫീച്ചര്‍ സിനിമയുടെ തുടക്കം എന്നു തന്നെ വിശേഷിപ്പിക്കപ്പെടുന്ന ദ ബര്‍ത്ത്‌ ഓഫ്‌ എ നാഷന്‍ (യു എസ്‌ എ/1915/കറുപ്പും വെളുപ്പും/190 മിനുറ്റ്‌) കടുത്ത അധിനിവേശ മേധാവിത്ത സ്വഭാവത്തെ മഹത്വവത്‌ക്കരിക്കുന്ന ഒന്നായിരുന്നു. വെളുത്ത വര്‍ഗക്കാരന്റെ മേധാവിത്ത മനോഭാവത്തെ അതിരുകടന്ന്‌ ന്യായീകരിക്കുകയും വര്‍ണവെറിയെ അക്രമമാര്‍ഗങ്ങളിലൂടെ വ്യവസ്ഥാവല്‍ക്കരിച്ച കൂ ക്ലക്‌സ്‌ ക്ലാന്‍ പോലുള്ള ഭീകരസംഘടനക്ക്‌ ഊര്‍ജം പകരുകയും ചെയ്‌ത സിനിമയായിരുന്നു ദ ബര്‍ത്ത്‌ ഓഫ്‌ എ നാഷന്‍ (ഡി ഡബ്ലിയു ഗ്രിഫിത്ത്‌) എന്ന്‌ ചരിത്രം വിലയിരുത്തി. അത്‌ ഇടിമിന്നല്‍ കൊണ്ട്‌ ചരിത്രം എഴുതും പോലെയാണ്‌, പക്ഷെ, ഖേദകരമെന്ന്‌ പറയട്ടെ അത്‌ അത്യന്തം വാസ്‌തവികവുമാണ്‌ എന്ന്‌ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ്‌ വൂഡ്രോ വില്‍സണ്‍ അഭിപ്രായപ്പെട്ടു എന്നു പറയപ്പെടുന്നു. ജനാധിപത്യത്തിന്റെ ലോകമാതൃകയായി കൊണ്ടാടപ്പെടുന്ന അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ~ഒബാമക്കു മുമ്പ്‌ ഒരു കറുത്ത വര്‍ഗക്കാരനോ സ്‌ത്രീയോ പരിഗണിക്കപ്പെട്ടില്ല എന്നതിന്‌ കാരണം അന്വേഷിച്ച്‌ മറ്റെങ്ങും പോവേണ്ടതില്ലെന്നര്‍ത്ഥം. ഇരുപതാം നൂറ്റാണ്ടിലെ ആദ്യദശകങ്ങളില്‍ അമേരിക്കയിലെ വെളുത്ത വര്‍ഗക്കാര്‍ എത്രമാത്രം വര്‍ണവെറി പിടിച്ചവരായിരുന്നു എന്ന ചരിത്രസത്യം കണ്ണാടി പോലെ വെളിപ്പെടുത്തപ്പെടുന്ന സിനിമയാണ്‌ ദ ബര്‍ത്ത്‌ ഓഫ്‌ എ നാഷന്‍. തോമസ്‌ ഡിക്‌സന്റെ ദ ക്ലാന്‍സ്‌ മാന്‍, ദ ലെപ്പേര്‍ഡ്‌സ്‌ സ്‌പോട്ട്‌ എന്നീ കൃതികളെ ആസ്‌പദമാക്കിയെടുത്ത ദ ബര്‍ത്ത്‌ ഓഫ്‌ എ നാഷനില്‍ കറുത്ത വര്‍ഗക്കാര്‍ക്ക്‌ അവകാശങ്ങളോ മൂല്യങ്ങളോ ഇല്ലെന്നു കരുതുന്ന തെക്കനമേരിക്കക്കാരനായ ഒരു വെളുത്ത വര്‍ഗക്കാരന്റെ കാഴ്‌ചപ്പാടുകളാണ്‌ ഉയര്‍ത്തിപ്പിടിക്കുന്നത്‌. വെളുത്ത നടികളുടെ കൂടെ അഭിനയിക്കേണ്ടതുകൊണ്ട്‌ കറുത്ത വര്‍ഗക്കാരുടെ കഥാപാത്രങ്ങളായി വെളുത്തവരെ തന്നെ കറുപ്പു ചായം മുഖത്തു തേപ്പിച്ച്‌ അവതരിപ്പിക്കുകയായിരുന്നു (വംശീയമിശ്രണവും `മലിനീകരണ'വും ഒഴിവാക്കാന്‍) ഗ്രിഫിത്ത്‌ ചെയ്‌തത്‌ എന്നതില്‍ നിന്ന്‌ അദ്ദേഹത്തെ ഗ്രസിച്ചിരുന്ന വര്‍ണവെറിയും എത്രമാത്രം ആഴത്തിലുള്ളതായിരുന്നു എന്നു മനസ്സിലാക്കാം. അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രം ആരംഭിക്കുന്നത്‌ ഇത്തരത്തിലുള്ള ചിന്തകളില്‍ നിന്നാണ്‌. കറുത്ത വര്‍ഗക്കാരൊഴിച്ച്‌ എല്ലാ മനുഷ്യരും തുല്യരായി സൃഷ്‌ടിക്കപ്പെട്ടവരായിരുന്നു എന്നാണ്‌ ആ രാഷ്‌ട്രത്തിന്റെ പിതാക്കളും പ്രപിതാക്കളും വിശ്വസിച്ചതും പ്രചരിപ്പിച്ചതും. ഈ സിനിമയിലെ ഏറ്റവും വിവാദജനകമായ രംഗം കാമാര്‍ത്തി പിടിച്ച കറുത്തവരാല്‍ വളയപ്പെട്ട വെള്ളക്കാരുടെ ഒരു കുടുംബം ഒരു മുറിയില്‍ കുടുങ്ങിയതും അവരെ രക്ഷിച്ചെടുക്കാനായി കൂ ക്ലക്‌സ്‌ ക്ലാനുകാര്‍ നടത്തുന്ന ശ്രമത്തിന്റെയും ഉദ്വേഗജനകമായ സമാന്തരദൃശ്യങ്ങളാണ്‌. സിനിമയിറങ്ങിയ കാലത്ത്‌, മന്ദീഭവിച്ചു കിടന്നിരുന്ന കൂ ക്ലക്‌സ്‌ ക്ലാനിന്റെ പ്രവര്‍ത്തനത്തിന്‌ പ്രേരകോര്‍ജം പകര്‍ന്നത്‌ ഈ രംഗമായിരുന്നത്രെ.

#fightfascism

No comments: