Thursday, October 8, 2020

 ചെഗുവേര - ആരുടെ പ്രതിരൂപങ്ങള്‍?


ജി പി രാമചന്ദ്രന്‍


മനുഷ്യര്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും ഏറ്റവും ഉ്ന്നതമായ രൂപങ്ങള്‍ കാണാന്‍ കഴിയുക, ഏറ്റവും ഒറ്റപ്പെടുത്തപ്പെട്ടവരും നിരാശാഭരിതരുമായ ജനസമൂഹങ്ങള്‍ക്കിടയിലായിരിക്കും എന്ന് ചെഗുവേര പറയുന്നുണ്ട്. സൈക്കിളിലും മോട്ടോര്‍ സൈക്കിളിലുമായി, ലാറ്റിനമേരിക്കയുടെ ജനപദങ്ങളിലൂടെ നടത്തിയ നീണ്ട യാത്രകളിലൂടെയാണ് സാങ്കേതികമായി ഭിഷഗ്വരന്‍ കൂടിയായിരുന്ന ചെ ഇതുപോലുള്ള അനവധി യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞത്. രാഷ്ട്രീയ-ചരിത്രപരമായും ദാര്‍ശനികമായും വിപ്ലവകാരികള്‍ക്ക് നിത്യാശ്രയമായും കഴിഞ്ഞ കാലവും ഇനിയുള്ള കാലവും ലോകാന്തരീക്ഷത്തിലാകെ നിറഞ്ഞു നില്‍ക്കുന്ന; എല്ലാക്കാലത്തെയും റിബലും കമ്യൂണിസ്റ്റുമായ ചെഗുവേര എന്തുകൊണ്ടാണ്, പരസ്യവിഗ്രഹവും ഉപരിപ്ലവ-ജനപ്രിയതയുടെ ആരാധനാബിംബവുമായി മാറിത്തീര്‍ന്നത് എന്നത് സങ്കീര്‍ണമായ ആലോചന ആവശ്യപ്പെടുന്ന പ്രശ്‌നമാണ്. ടീഷര്‍ട്ടുകളും ബെര്‍മുഡകളും ജീന്‍സുകളും നിശാവസ്ത്രങ്ങളും കിടക്ക വിരികളും തലയണയുറകളും പരവതാനികളും കര്‍ട്ടനുകളും കീച്ചെയിനുകളും ചെരിപ്പുകളും ബാഗുകളും കുടകളും പേഴ്‌സുകളും ബെല്‍ട്ട് ബക്കിളുകളും സണ്‍ഗ്ലാസുകളും മൗസ് പാഡുകളും കൈവാച്ചുകളും ക്ലോക്കുകളും ശീതളപാനീയങ്ങളും സോഡകളും ഗര്‍ഭനിരോധന ഉറകളും സിഗററ്റുകളും ചുരുട്ടുകളും മദ്യക്കുപ്പികളും സുഗന്ധലായനിക്കുപ്പികളടക്കമുള്ള മറ്റ് കണ്‍സ്യൂമര്‍ ഉത്പന്നങ്ങളും കമ്പ്യൂട്ടര്‍/വീഡിയോ ഗെയിമുകളും സംഗീത സി ഡികളും ഹെല്‍മറ്റുകളും മോേട്ടാര്‍സൈക്കിള്‍ സീറ്റുകവറുകളും ബസ്സുകളടക്കമുള്ള വലിയ വാഹനങ്ങളുടെ കണ്ണാടിമൂടികളും പിക്ചര്‍ പോസ്റ്റ്കാര്‍ഡുകളും പെയിന്റിംഗുകളും എന്തിന് അടിയുടുപ്പുകളും ബിക്കിനികളും കാലുറകളും വരെ ചെയുടെ ചിത്രം ആലേഖനം ചെയ്ത് ലോകമെമ്പാടും ലഭ്യമാണ്. ഇടതുപക്ഷ ഭരണമുള്ളിടത്തോ കൂടിയതോ കുറഞ്ഞതോ ആയ സ്വാധീനമുള്ള രാജ്യങ്ങളിലോ പ്രവിശ്യകളിലോ മാത്രമല്ല ഈ പ്രവണത നിലനില്‍ക്കുന്നത്. രാജഭരണവും മതഭരണവും വരെ പ്രാബല്യത്തിലുള്ള സമഗ്രാധികാര വ്യവസ്ഥകള്‍ മുതല്‍ ലിബറല്‍ മുതലാളിത്ത രാജ്യങ്ങളില്‍ വരെയെങ്ങും, ചെ ഇപ്പോഴും കനല്‍ കെടാത്ത വീര്യം ചോരാത്ത ബിംബവും വിഗ്രഹവും ആരാധനാപാത്രവും അതുകൊണ്ടു തന്നെ വില്പനാമൂല്യമുള്ള ബ്രാന്‍ഡ് വിശേഷണവുമാണ്. മാര്‍ക്‌സിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും മുതല്‍ മതമൗലിക തീവ്രവാദികള്‍ വരെ അവരുടെ പോസ്റ്ററുകളിലും ബാനറുകളിലും വ്യാപകമായി ചെയുടെ മുഖം വരച്ചും അച്ചടിച്ചും പകര്‍ത്തുന്നതിനു പുറമെയാണിത്. ചെയുടെ മരണാനന്തരജീവിതങ്ങള്‍ - ഒരു ഇമേജിന്റെ പിന്തുടര്‍ച്ച എന്ന പുസ്തകമെഴുതിയ മൈക്കിള്‍ കാസി നിരീക്ഷിക്കുന്നതു പോലെ, ആര്‍ക്കും എന്തും എന്ന രീതിയിലും എല്ലാവര്‍ക്കും എല്ലാം എന്ന രീതിയിലും ഒരേ സമയം സൂചിപ്പിക്കപ്പെടുന്ന ചെഗുവേര ഉത്തരാധുനിക കാലത്തിന്റെ സാരസര്‍വസ്വബിംബമാണ്(the quintessential postmodern icon signifying anything to anyone and everything to everyone).


പ്രസിഡണ്ട് കാസ്‌ട്രോയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫറായിരുന്ന ആല്‍ബെര്‍ടോ കോര്‍ഡ, 1960 മാര്‍ച്ച് 5ന് ക്യൂബയിലെ ഹവാനയില്‍ വെച്ചെടുത്ത മാര്‍ക്‌സിസ്റ്റും വിപ്ലവകാരിയും അന്നത്തെ ക്യൂബന്‍ സര്‍ക്കാരിലെ വ്യവസായ മന്ത്രിയുമായിരുന്ന ചെഗുവേരയുടെ ഫോേട്ടാ പില്‍ക്കാലത്ത് ഐതിഹാസികമായിത്തീരുകയായിരുന്നു. ആ ഫോട്ടോയുടെ കമനീയത കൊണ്ടു മാത്രമല്ല അത് സംഭവിച്ചത്. അദ്ദേഹം ജീവിച്ചതും നേരിട്ടതും മാറ്റിത്തീര്‍ത്തതും പൊരുതി മരിച്ചതുമായ ചരിത്ര-അധികാര യാഥാര്‍ത്ഥ്യത്തിന്റെ വിശാലമാനങ്ങളും അതിന്റെ സാര്‍വദേശീയ സാധൂകരണവുമായാണ് ഗറില്ലെറോ ഹീറോയിക്കോ (വീരനായകനായ ഒളിപ്പോരാളി) എന്ന ശീര്‍ഷകത്തിലുള്ള ആ ഫോേട്ടാ ഭൂപടങ്ങള്‍ താണ്ടി സ്ഥലകാലങ്ങളെ അതിശയിപ്പിച്ചത്. ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചകള്‍ക്കും തയ്യാറില്ലാത്തതും കോപാകുലതയും വേദനയും ഉള്‍വഹിച്ചതും ധ്വനിപ്പിക്കുന്നതും സംഘര്‍ഷാത്മകത സ്ഫുരിക്കുന്നതുമായ ചെയുടെ മുഖഭാവം അദ്ദേഹത്തിന്റെ ചരിത്ര-ആന്തരിക ഉള്ളടക്കങ്ങളെയും സമരപ്രക്ഷോഭ/ധൈഷണിക യാത്രകളെയും പ്രകടനപ്പെടുത്തുന്നതുമാണ്. മേരിലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോളേജ് ഓഫ് ആര്‍ട് സ്ഥാനപ്പെടുത്തിയതു പോലെ, ഇരുപതാം നൂറ്റാണ്ടിന്റെ പ്രതീക ചിത്രവും ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഫോട്ടോഗ്രാഫുമാണ് ഗറില്ലെറോ ഹീറോയിക്കോ. ഈ ഫോേട്ടായും അതിലെ ചെയുടെ മുഖവും ചിന്തിച്ചെടുക്കാന്‍ പര്യാപ്തമല്ലാത്ത വിധത്തില്‍ ലോകത്തുള്ള എല്ലാ തരം പ്രതലങ്ങളിലും (പരന്നതും കുഴിഞ്ഞതും മിനുസമുള്ളതും പരുക്കനായതും പ്രതീതികളായതും അങ്ങിനെയേതിലും) പെയിന്റ് ചെയ്തും അച്ചടിപ്പകര്‍പ്പെടുത്തും ഡിജിറ്റൈസ് ചെയ്തും എംബ്രോയ്ഡറി വര്‍ക്കിലൂടെയും ടാറ്റൂ ചെയ്തും സില്‍ക്ക് സ്‌ക്രീന്‍ ചെയ്തും ശില്പമായി പണിതും വരച്ചും എല്ലാം ആവര്‍ത്തിക്കപ്പെട്ടു; അനുകരിക്കപ്പെട്ടു. മൊണാലിസയുടെയും യേശുക്രിസ്തുവിന്റെയും ചിത്രങ്ങള്‍ പകര്‍ത്തപ്പെട്ടതിനു തുല്യമായ അളവിലോ ഒരു പക്ഷെ അതിലധികമോ ചെഗുവേരയുടെ മുഖവും പകര്‍ത്തപ്പെട്ടു കൊണ്ടിരിക്കുന്നു. അമേരിക്കന്‍ മുതലാളിത്ത സാമ്രാജ്യത്വം വെടിവെച്ച് കൊന്നൊടുക്കിയ ധീരവിപ്ലവകാരിയുടെ മുഖമായതിനാല്‍ അതിന്മേല്‍ കോപ്പിറൈറ്റ് ആരോപിക്കാന്‍ കോര്‍ഡ മുതിര്‍ന്നിട്ടില്ലെന്നാണ് ചരിത്രം പറയുന്നത്. മാത്രമല്ല, മരണം വരെ കമ്യൂണിസ്റ്റും ക്യൂബന്‍ വിപ്ലവത്തിന്റെ അനുയായിയുമായിരുന്ന കോര്‍ഡ ഈ ചിത്രത്തിന്മേല്‍ ഒരു പ്രതിഫലവും എങ്ങു നിന്നും ഈടാക്കിയതുമില്ല. ഈ ചിത്രം എല്ലാ നിലക്കും വിനിമയം ചെയ്യപ്പെടുന്നതിലൂടെ ചെ പ്രതിനിധാനം ചെയ്ത വിപ്ലവത്തിന്റെയും മാര്‍ക്‌സിസത്തിന്റെയും മൂല്യങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിക്കപ്പെടുമെന്ന ശരിയായ ധാരണയും കോര്‍ഡക്കുണ്ടായിരുന്നു. അപ്രകാരം, ഈ ഫോട്ടോഗ്രാഫ് മാര്‍ക്‌സിസ്റ്റ് വിപ്ലവത്തിന്റെയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെയും ആത്യന്തികമായ പ്രതീകമായി ലോകമെമ്പാടും വ്യാപിച്ചു.  ഈ ഫോട്ടോഗ്രാഫിനെക്കുറിച്ച് മാത്രം  പുസ്തകങ്ങള്‍ എഴുതപ്പെടുകയും ഒരു ഡോക്കുമെന്ററി നിര്‍മ്മിക്കപ്പെടുകയും ചെയ്തു. പൊതു പ്രയോജനത്തിനായി കോപ്പിറൈറ്റ് ഉയിക്കപ്പെടാതിരുന്നതിനെ തുടര്‍ന്ന് സ്മിര്‍ണോഫ് വോഡ്ക്കയുടെ പരസ്യത്തിനായി ചെയുടെ ഈ ചിത്രം ഉപയോഗിക്കപ്പെടുകയും കോര്‍ഡ മദ്യക്കമ്പനിക്കെതിരെ കേസ് കൊടുക്കുകയും ചെയ്തു. കോടതിക്ക് പുറത്ത് അമ്പതിനായിരം ഡോളറിന് കേസ് ഒത്തു തീരുകയും ഇപ്രകാരം ലഭിച്ച തുക ക്യൂബയിലെ ആരോഗ്യപ്രവര്‍ത്തനത്തിനായി അദ്ദേഹം സംഭാവന ചെയ്യുകയും ചെയ്തു. ആല്‍ക്കഹോള്‍ അടക്കം, ചെയുടെ സ്മൃതികളെ വിലയിടിക്കുന്ന എന്തിനുമായി ഈ ചിത്രം ദുരുപയോഗം ചെയ്യരുതെന്ന ഒരഭ്യര്‍ത്ഥനയോടെ തുടര്‍ന്നും ലോകമെമ്പാടും ചിത്രം പ്രചരിക്കട്ടെ എന്ന നിലപാടാണ് അദ്ദേഹം പിന്നീടെടുത്തത്. എന്നാല്‍, ചെയുടെ പേരും ചിത്രവും ആലേഖനം ചെയ്ത ഒന്നിലധികം മദ്യബ്രാന്‍ഡുകള്‍ പല രാജ്യങ്ങളിലും ഇപ്പോഴും  ലഭ്യമാണ്.  ക്യൂബന്‍ ചരിത്രകാരനായ എഡ്‌മെണ്ടോ ഡെസ്‌നോസ് പറയുന്നത് 'ചെയുടെ ഇമേജിനെ പാര്‍ശ്വങ്ങളിലേക്ക് തള്ളിമാറ്റപ്പെട്ടേക്കാം; വില്‍ക്കുകയും വാങ്ങുകയും ചെയ്‌തേക്കാം; ദിവ്യത്വവത്ക്കരിക്കപ്പെട്ടേക്കാം; പക്ഷെ, അത് വിപ്ലവാത്മകപ്രക്ഷോഭത്തിന്റെ സാര്‍വദേശീയ മാതൃകകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന യാഥാര്‍ത്ഥ്യം ഒരിക്കലും ഇല്ലാതാവുന്നില്ല. അതിനാല്‍ അതിന്റെ ചരിത്രപരവും അസാമാന്യവുമായ മൂല്യം ഏതു സമയത്തും തിരിച്ചാനയിക്കപ്പെടുക തന്നെ ചെയ്യും!'


അര്‍ജന്റീനയിലെ റൊസാരിയോ നഗരത്തിലാണ് ചെ പിറന്നു വീണത്. അദ്ദേഹത്തിന്റെ പന്ത്രണ്ടടി ഉയരമുള്ള ഒരു ഓട്ടുപ്രതിമ ചെഗുവേര ചത്വരത്തിലുണ്ട്. നഗരത്തിലെയും രാജ്യത്തിലെയും ചില തീവ്ര വലതുപക്ഷ ശക്തികള്‍ ഇതെല്ലാം നീക്കം ചെയ്ത് ചെഗുവേരയെ ഓര്‍മ്മകളില്‍ നിന്നു തന്നെ നീക്കം ചെയ്യണമെന്ന ആവശ്യക്കാരാണ്. അവരോട് മറുപടി പറയവെ, കമ്യൂണിസ്റ്റ് പാര്‍ടിയുടെ റൊസാരിയോ കമ്മിറ്റി സെക്രട്ടറി സഖാവ് നോര്‍ബര്‍േട്ടാ ഗലിയോത്തി പറഞ്ഞ ഒരു നിരീക്ഷണത്തിലേതു പോലെ, മാര്‍ഗരറ്റ് താച്ചറുടെ പടം പതിച്ച ടീഷര്‍ട്ടുമിട്ട് ഒരു കുട്ടിയും ലോകത്തെവിടെയും നടക്കുന്നത് കാണാനില്ല തന്നെ. അപ്പോള്‍, ചെഗുവേരയെ ആരാധിക്കുന്നതിനു പിന്നില്‍, മാനവികതയുടെ ചരിത്രത്തിലേക്ക് നമ്മെ പിടിച്ചു വലിക്കുന്ന എന്തോ യാഥാര്‍ത്ഥ്യം തിളച്ചു മറിയുന്നുണ്ടെന്നതു തന്നെയാണ് സത്യം. 


അര്‍ജന്റീനയില്‍ ജനിച്ച് ബൊളീവിയയില്‍ വെച്ച് കൊല്ലപ്പെട്ട ചെഗുവേര ക്യൂബയുടെ ദേശീയ നായകനാണ്. അല്ല, അദ്ദേഹം വിപ്ലവ ലോകത്തിന്റെ സാര്‍വദേശീയ നേതാവാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പുനര്‍ നിര്‍മ്മിക്കപ്പെടാന്‍ ആരംഭിച്ച സാര്‍വദേശീയ വീക്ഷണത്തെ വലിയ തോതില്‍ സ്വാധീനിച്ച അസാധാരണ വ്യക്തിത്വത്തിനുടമ. ചെ ഒരേ സമയം ചിന്തകനും പ്രക്ഷോഭകാരിയുമായിരുന്നു. ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റ് മുന്നേറ്റത്തിന് അദ്ദേഹം അപ്പോഴും പിന്നീടും ചാലകശക്തിയായി നിലക്കൊള്ളുന്നു. മൈക്ക് ടൈസണ്‍ മുതല്‍ ഡീഗോ മറഡോണ വരെയുള്ള പ്രമുഖരും ലക്ഷക്കണക്കിന് സാധാരണക്കാരും അവരുടെ ദേഹത്ത് ചെയുടെ മുഖം ടാറ്റൂ ചെയ്തു ചേര്‍ത്തു വെച്ചിരിക്കുന്നു. ക്യൂബയിലെ സാന്താ ക്ലാരയില്‍ ചെയുടെ പേരിലുള്ള സര്‍വകലാശാല സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ആവേശം മാത്രമല്ല, അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും ആശയങ്ങളില്‍ നിന്നും പുതിയ ലോകത്തിന് പഠിക്കാനെന്തുണ്ട് എന്നതാണ് അത്തരമൊരു സര്‍വകലാശാല കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. മഹാത്മാഗാന്ധിയുടെയും അംബേദ്ക്കറിന്റെയും നെഹ്‌റുവിന്റെയും രബീന്ദ്രനാഥ് ടഗൂറിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും പോറ്റി ശ്രീരാമുലുവിന്റെയും തുഞ്ചത്തെഴുത്തച്ഛന്റെയും ശ്രീനാരായണഗുരുവിന്റെയും സുബ്രഹ്മണ്യഭാരതിയുടെയും ഭാരതീദാസന്റെയും മറ്റും മറ്റും പേരില്‍ ഇന്ത്യയിലെ വിവിധ ഇടങ്ങളിലുള്ള സര്‍വകലാശാലകള്‍ അതാത് പേരുകള്‍ സൂചിപ്പിക്കുന്നതു പോലെ, ഈ മഹാന്മാരുടെ ചിന്തകളും ജീവിതങ്ങളും പഠനവിധേയമാക്കുകയും പുതിയ കാലത്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടോ?

 

1928ലാണ് ചെഗുവേര ജനിച്ചത്. കടുത്ത ആസ്ത്മ രോഗിയായിരുന്നു ഏര്‍ണെസ്റ്റോ. എന്നാല്‍, സാഹിത്യത്തിലും കളികളിലും ഉള്ള അവന്റെ കമ്പത്തെ ഈ രോഗം നശിപ്പിച്ചില്ല. അതോടൊപ്പം, പാവപ്പെട്ടവരോടുള്ള ഐക്യദാര്‍ഢ്യം അക്കാലത്തു തന്നെ അവനില്‍ രൂപപ്പെട്ടു വന്നു. പന്ത്രണ്ടു വയസ്സായപ്പോഴേക്കും സിഗ്മണ്ട് ഫ്രോയ്ഡിനെ വായിച്ച ഏര്‍ണെസ്റ്റോയോട് അവന്റെ അമ്മയും അഛനുമാണ് ഏംഗല്‍സിനെയും മാര്‍ക്‌സിനെയും വായിക്കാന്‍ നിര്‍ദ്ദേശിച്ചത്. തീരെ ചെറുപ്രായത്തില്‍ തന്നെ ചെയിലെ കലാപകാരിത്വം പുറത്തു വന്നു. ചെ താമസിച്ചിരുന്ന പ്രവിശ്യയില്‍, വൈദ്യുതി ജീവനക്കാര്‍ സമരം നടത്തി വരികയായിരുന്നു. സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട്, അദ്ദേഹം രഹസ്യമായി കൂട്ടുകാരെ സംഘടിപ്പിച്ച് നഗരത്തിലെ എല്ലാ തെരുവുവിളക്കുകളും ഒറ്റ രാത്രി കൊണ്ട് കല്ലെറിഞ്ഞുടച്ചു. അവന് പതിനൊന്ന് വയസ്സു മാത്രമായിരുന്നു പ്രായം. ലാറ്റിന്‍ അമേരിക്കയുടെ ഭൂഭാഗങ്ങളിലൂടെ അദ്ദേഹം നിരവധി യാത്രകള്‍ നടത്തിയെന്നത് സുപ്രസിദ്ധമാണല്ലോ. അത്തരം ആദ്യത്തെ യാത്ര ആരംഭിച്ചത് അദ്ദേഹത്തിന്റെ പതിമൂന്നാം വയസ്സിലായിരുന്നു. ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് നടത്തിയ ആ യാത്രയില്‍ അര്‍ജന്റീനയിലുടനീളം ചെ യാത്ര ചെയ്തു. 1947ല്‍ ബ്യൂണസ് അയേഴ്‌സ് മെഡിക്കല്‍ സ്‌കൂളില്‍ ചേര്‍ന്ന ചെ, 1953ല്‍ ഡോക്ടറായി പുറത്തു വന്നു. മൂന്നു വര്‍ഷത്തിനു പകരം ആറു വര്‍ഷമെടുത്തു ആ പഠനം പൂര്‍ത്തിയാക്കാന്‍ എന്നതിനു പിന്നിലെ കാരണം, ഇടക്കിടെ ക്യാമ്പസ് വിട്ടെറിഞ്ഞ് നടത്തിയ ദീര്‍ഘ യാത്രകളായിരുന്നു. അഞ്ഞൂറു സിസി മോട്ടോര്‍സൈക്കിളായ നോര്‍ട്ടണിന്മേല്‍, കൂട്ടുകാരനായ ആല്‍ബെര്‍ട്ടോ ഗ്രനാഡോയോടൊപ്പം ചെ നടത്തിയ യാത്രകളാണ് പ്രസിദ്ധമായ മോട്ടോര്‍സൈക്കിള്‍ ഡയറീസ് എന്ന പേരിലദ്ദേഹമെഴുതിയ പുസ്തകമായത്. ഈ പുസ്തകത്തെ ആധാരമാക്കി വാള്‍ട്ടര്‍ സാലസ് പൂര്‍ത്തിയാക്കിയ അതേ പേരിലുള്ള സിനിമ ലോകമെമ്പാടും തരംഗങ്ങള്‍ സൃഷ്ടിച്ചു. ദേശീയത, മാര്‍ക്‌സിസം, വിപ്ലവാത്മക പരിവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ ആശയപരവും പ്രായോഗികവുമായ ചിന്തകളും പ്രവര്‍ത്തനങ്ങളും ചെ വിപുലമായി ആരംഭിച്ചത് ഇക്കാലത്താണ്. രോഗങ്ങള്‍ പടരുന്നതിന്റെ പിന്നിലുള്ള യഥാര്‍ത്ഥ കാരണം മുതലാളിത്തമാണെന്ന വര്‍ഗ്ഗപരവും ശാസ്ത്രീയവുമായ തിരിച്ചറിവ് ഒരു ഡോക്ടര്‍ കൂടിയായ ചെഗുവേരയിലുറക്കുതും ഇക്കാലത്താണ്. 


1954ല്‍ അദ്ദേഹം മെക്‌സിക്കോയിലേക്ക് പലായനം ചെയ്തു. അര്‍ജന്റീനയില്‍ അമേരിക്കന്‍ അനുകൂല ഭരണകൂടമായ കാസ്റ്റിലോ അര്‍മാസ്; പുരോഗമനവാദിയായ ജേക്കബോ അര്‍ബേന്‍സിന്റെ സര്‍ക്കാരിനെ തകര്‍ത്ത സാഹചര്യത്തിലായിരുന്നു ഈ രക്ഷപ്പെടല്‍. 1955ലെ വേനല്‍ക്കാലത്താണ് മെക്‌സിക്കോയയില്‍ വെച്ച് ചെ, ഫിദല്‍ കാസ്‌ട്രോയെ പരിചയപ്പെടുന്നത്. ജൂലൈ 26 പ്രസ്ഥാനത്തിന്റെ നേതാവെന്ന നിലയില്‍ ഒളിവിലായിരുന്നു ഫിദല്‍. തങ്ങളുടെ ഗറില്ലാ സംഘത്തില്‍ ഒരു ഡോക്ടറെന്ന നിലയില്‍ പോരാളിയായി സേവനമനുഷ്ഠിക്കാനുള്ള ഫിദലിന്റെ ക്ഷണം സ്വീകരിച്ച് ചെ അവരോടൊപ്പം ചേര്‍ന്നു. 1956 ഡിസംബര്‍ 2ന് ഗറില്ലകള്‍ ക്യൂബയിലെത്തി. നഗരങ്ങളിലുള്ള വ്യവസായത്തൊഴിലാളി വര്‍ഗത്തെ മുന്‍ നിര്‍ത്തി ബഹുജനമുന്നണി കെട്ടിപ്പടുത്ത് വിപ്ലവം നയിക്കുന്നതിനു പകരം, ഒളിപ്പോരുകളിലൂടെ യുദ്ധം നയിച്ച് വിപ്ലവപ്പാതയില്‍ മുന്നേറുക എന്ന തന്ത്രമാണ് കാസ്‌ട്രോയും ചെഗുവേരയും അവലംബിച്ചത്.  1959 ജനുവരിയില്‍ ക്യൂബന്‍ വിപ്ലവം വിജയിച്ചു. ക്യൂബന്‍ വിപ്ലവ ആര്‍മിയുടെ കമാണ്ടന്റായിരുന്നു ആ വിജയമുഹൂര്‍ത്തത്തില്‍ ഏര്‍ണെസ്റ്റോ ചെഗുവേര. ഹവാനയിലേക്ക് സഖാക്കളോടൊപ്പം മാര്‍ച്ച് ചെയ്ത ചെഗുവേരക്ക് ക്യൂബന്‍ പൗരത്വം നല്‍കി പുതിയ രാഷ്ട്ര നേതൃത്വം അദ്ദേഹത്തെ വരവേറ്റു. സര്‍ക്കാരിലെ മന്ത്രി എന്ന സ്ഥാനത്തിരുന്നു കൊണ്ട് യാത്രകള്‍ ചെയ്ത് ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും അദ്ദേഹം വിപ്ലവത്തിന്റെ സന്ദേശങ്ങളെത്തിച്ചു. 1960ല്‍ ചൈനയിലും ചെക്കോസ്ലോവോക്യയിലും കൊറിയയിലും സോവിയറ്റ് യൂണിയനിലും അദ്ദേഹം നടത്തിയ സന്ദര്‍ശനങ്ങളിലൂടെ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധവും സാഹോദര്യവും ഊട്ടിയുറപ്പിച്ചു. ബേ ഓഫ് പിഗ്‌സ് അധിനിവേശം എന്ന കുപ്രസിദ്ധമായ പേരിലറിയപ്പെട്ടിരുന്ന സി ഐ എ അട്ടിമറി 1960ല്‍ തന്നെയാണ് നടന്നത്. ആ പ്രതിവിപ്ലവ ശ്രമങ്ങളെ ചെയുടെ നേതൃത്വത്തിലുള്ള ക്യൂബന്‍ ആര്‍മി പരാജയപ്പെടുത്തി. ചെ വീണ്ടും തോക്കേന്തിയത് അക്കാലത്തായിരുന്നു. ആല്‍ബെര്‍ടോ കോര്‍ഡയുടെ പ്രശസ്തമായ ഫോേട്ടാഗ്രാഫ് - ഗറില്ലെറോ ഹീറോയിക്കോ - ഇക്കാലത്തെടുത്തതാണ്. 1965ഓടെ അദ്ദേഹം ക്യൂബ വിട്ട് ഇരുപത് വിയറ്റ്‌നാമുകള്‍ സൃഷ്ടിക്കാന്‍ വേണ്ടി ലോകവിപ്ലവ സഞ്ചാരം ആരംഭിച്ചു. ആദ്യം കോംഗോയിലും പിന്നീട് ബൊളീവിയയിലുമാണ് അദ്ദേഹം വിപ്ലവം നയിച്ചത്. 1967ല്‍ ബൊളീവിയയില്‍ വെച്ച് സിഐഎ ചാരന്മാരാല്‍ വധിക്കപ്പെട്ടു. 


ബൊളീവിയന്‍ കാടുകളില്‍ വെച്ച് കൊല്ലപ്പെട്ട ചെയുടെ മൃതശരീരത്തിന്റെ ഫോട്ടോ എന്നതു പോലെ, ഭൗതികാവശിഷ്ഠങ്ങളും വിപ്ലവാനുകൂലികള്‍ക്ക് ലഭ്യമായില്ല. ഫെര്‍ണാണ്ടോ സൊളാനസും ഒക്ടാവിയോ ഗെറ്റിനോയും ചേര്‍ന്ന് സംവിധാനം ചെയ്ത, തീച്ചൂളകളുടെ മുഹൂര്‍ത്തം(ദ ഹവര്‍ ഓഫ് ഫര്‍ണസസ്) എന്ന ഡോക്കുമെന്ററി, കൊല്ലപ്പെട്ടു കിടക്കുന്ന അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിന്റെ നിശ്ചല ഛായാചിത്രത്തോടെയാണ് അവസാനിക്കുന്നത്. സിഐഎയുടെ ആര്‍ക്കൈവില്‍ നിന്ന് ചോര്‍ത്തിയെടുത്താണ് ആ സ്റ്റില്‍ ഫോട്ടോഗ്രാഫ് സൊളാനസിന്റെ പക്കലെത്തുന്നത്. ബോളീവിയയില്‍ ചെ നയിച്ച ഗറില്ലാ യുദ്ധത്തിന്റെ നാള്‍ വഴിക്കുറിപ്പുകളും ഇതേ പോലെ വിപ്ലവാനുകൂലികള്‍ പുറത്തു കൊണ്ടു വന്നു. ഫിദല്‍ കാസ്‌ട്രോ തന്നെ പറയുന്നത് ശ്രദ്ധിക്കുക: ബാരിയെന്റോസ് ഗവണ്മെന്റിനും അതിന്റെ ഉന്നത സൈനികോദ്യോഗസ്ഥര്‍ക്കും ആ ഡയറി പ്രസിദ്ധീകരിക്കാതിരിക്കുന്നതിന് വേണ്ടതിലധികം കാരണങ്ങളുണ്ട്. ആ ഡയറിക്കുറിപ്പുകള്‍ അവരുടെ സേനയുടെ കഴിവു കേട് വെളിച്ചത്താക്കുന്നു. നിശ്ചയദാര്‍ഢ്യമുള്ള ഒരു പിടി ഒളിപ്പോരാളികളുടെ കൈയില്‍ നിന്നും ആഴ്ചകള്‍ക്കുള്ളില്‍ എണ്ണമറ്റ പരാജയങ്ങളാണ് അവര്‍ ഏറ്റുവാങ്ങിയത്. ഏറ്റുമുട്ടലില്‍ അവരില്‍ നിന്നും ഒളിപ്പോരാളികള്‍ 200 ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു. ബാരിയെന്റോസിനെയും അയാളുടെ ഭരണത്തെയും അവരര്‍ഹിക്കുന്ന വാക്കുകളിലാണ് ചെ വിവരിച്ചിരിക്കുന്നത്. അതൊന്നും ചരിത്രത്തില്‍ നിന്നും മായിച്ചുകളയാന്‍ കഴിയുകയില്ല. സാമ്രാജ്യത്വത്തിനും അതിന്റെ കാരണങ്ങളുണ്ടായിരുന്നു. ചെയും അദ്ദേഹം സ്ഥാപിച്ച അസാമാന്യ മാതൃകയും ലോകത്തു ശക്തി പ്രാപിച്ചു വരുന്നു. അദ്ദേഹത്തിന്റെ ആശയങ്ങളും പ്രതിരൂപവും പേരും ചൂഷിതരും മര്‍ദ്ദിതരും അനുഭവിക്കുന്ന അനീതികള്‍ക്കെതിരെയുള്ള സമരങ്ങളുടെ ബാനറുകളായി മാറിയിരിക്കുന്നു. ലോകത്തെമ്പാടുമുള്ള ബുദ്ധിജീവികളുടെയും വിദ്യാര്‍ത്ഥികളുടെയുമിടയില്‍ അവ ആവേശപൂര്‍വ്വമായ താത്പര്യം ഉണര്‍ത്തുന്നു. അമേരിക്കയില്‍ തന്നെ, കറുത്ത വര്‍ഗ്ഗക്കാരുടെ(അവകാശ) പ്രസ്ഥാനവും പുരോഗമന വിദ്യാര്‍ത്ഥികളും അംഗസംഖ്യയില്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. അവരെല്ലാം ചെയുടെ ചിത്രം സ്വന്തമാക്കിയിരിക്കുന്നു. പൗരാവകാശങ്ങള്‍ക്കു വേണ്ടിയുള്ള വമ്പന്‍ പ്രകടനങ്ങളിലും വിയറ്റ്‌നാം ആക്രമണത്തിനെതിരായി നടക്കുന്ന പ്രകടനങ്ങളിലും അദ്ദേഹത്തിന്റെ ഛായാചിത്രത്തെ പോരാട്ടത്തിന്റെ പ്രതീകമായി ഉയര്‍ത്തിക്കാട്ടുന്നു. ഒരു പക്ഷേ, ചരിത്രത്തില്‍ മുമ്പൊരിക്കലും ഒരു ചിത്രം, ഒരു പേര്, ഒരു മാതൃക ഇത്ര വേഗത്തിലും ആവേശപൂര്‍വ്വമായ കരുത്തോടെയും ഒരു സാര്‍വലൗകിക പ്രതീകമായിത്തീര്‍ന്നിട്ടില്ല. ചെ ഇന്നത്തെ ലോകത്തിന്റെ അന്തര്‍ദേശീയമായ അന്തസ്സത്തയുടെ നിസ്വാര്‍ത്ഥവും ശുദ്ധവുമായ ആള്‍രൂപമായി മാറിയെന്നതാണതിന്റെ കാരണം. അതേ അന്തസ്സത്തയെ തന്നെ ഇതിലും കൂടുതലായി നാളത്തെ ലോകത്തിന്റെ സ്വഭാവനിര്‍ണ്ണയം നടത്തുകയും ചെയ്യും. കൊളോണിയല്‍ ശക്തികള്‍ ഇന്നലെ ഞെരിച്ചമര്‍ത്തുകയും ഇന്ന് യാങ്കി സാമ്രാജ്യത്വം ചൂഷണം ചെയ്ത് പിന്നോക്കാവസ്ഥയിലും ഏറ്റവും നീതിരഹിതമായ തരത്തില്‍ അവികസിതാവസ്ഥയിലും തള്ളിയിടുകയും ചെയ്തിരിക്കുന്ന ഒരു ഭൂഖണ്ഡത്തില്‍ നിന്നും ഉയര്‍ന്നു വന്ന ഈ ഏകരൂപം സാമ്രാജ്യത്വ ശക്തികളുടെയും കോളനി വാഴ്ചക്കാരുടെയും പ്രധാന നഗരങ്ങളില്‍ പോലും വിപ്ലവപോരാട്ടങ്ങളുടെ സാര്‍വലൗകിക പ്രതീകമായി തീര്‍ന്നിരിക്കുന്നു. (ബൊളീവിയന്‍ ഡയറിക്കെഴുതിയ അവതാരികയില്‍ നിന്ന്. വിവര്‍ത്തനം കെ എം ചന്ദ്രശര്‍മ്മ/ഡി സി ബുക്‌സ്)


ചെഗുവേര ഏതര്‍ത്ഥത്തിലും ഒരു മാര്‍ക്‌സിസ്റ്റ് പ്രചാരകനും ഗറില്ലാ സമരപ്പോരാളിയുമാണ്. അതേ സമയം, അദ്ദേഹത്തിനോടും അദ്ദേഹത്തിന്റെ ഇമേജറികളോടുമുള്ള അനന്തമായ ആരാധന പ്രതിനിധാനം ചെയ്യുന്നത് എല്ലായ്‌പോഴും മാര്‍ക്‌സിസ്റ്റാശയത്തെ മാത്രമായിക്കൊള്ളണമെന്നില്ല. അടിച്ചമര്‍ത്തപ്പെട്ടവരുടെയും നിശ്ശബ്ദരാക്കപ്പെട്ടവരുടെയും സാമൂഹികപ്രവേശത്തെയാണ് ചെഗുവേര ഒന്നാമതായി പ്രതീകവത്ക്കരിക്കുന്നത്. അതോടൊപ്പം; യുവത്വം എന്നത് എല്ലാക്കാലത്തും വിമതത്വമായിരിക്കുമെന്ന യാഥാര്‍ത്ഥ്യത്തെ ആവിഷ്‌ക്കരിക്കാനുള്ള അക്ഷയഖനി തന്നെയായി ചെഗുവേരയുടെ ചിത്രങ്ങളും ഓര്‍മ്മകളും വിനിമയം ചെയ്യപ്പെടുന്നുണ്ട്. യാഥാര്‍ത്ഥ്യം തേടിയുള്ള അന്വേഷണയാത്രകള്‍, സമരങ്ങളോടുള്ള ഐക്യദാര്‍ഢ്യവും എല്ലാം ഉപേക്ഷിച്ച് അതില്‍ പങ്കുചേരലും, വിപ്ലവാനന്തര സര്‍ക്കാരിലെ അധികാരാരോഹണം, പിന്നീട് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അധികാര പദവി വിട്ടെറിഞ്ഞ് ലോകത്തെമ്പാടും വിപ്ലവാശയം പ്രയോഗവത്ക്കരിക്കാനായി മറ്റൊരു രാജ്യത്തേക്ക് നിയമവിരുദ്ധമായി കടന്നു ചെന്ന് പോരാട്ടം സംഘടിപ്പിക്കല്‍, ലോക സാമ്രാജ്യത്വത്തിന്റെ വെടിയുണ്ടയേറ്റുള്ള രക്തസാക്ഷിത്വം എന്നിങ്ങനെ പുതിയ കാലത്തിന്റെ ഇതിഹാസപുരുഷനും ദൈവമില്ലാത്തവരുടെ ദൈവവും അവതാരവും ആയി ചെഗുവേര സാമൂഹിക ഓര്‍മ്മകളിലൂടെ പൊതുവത്ക്കരിക്കപ്പെട്ടു. അധികാരമില്ലാത്തവരുടെ അധികാരാരോഹണവും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവരുടെ സ്വാതന്ത്ര്യ വാഞ്ഛയും സമഗ്രാധികാരപരമായ നിയമവാഴ്ചയുടെ കാലത്തെ സാര്‍വ കാലിക നിയമനിരോധവും സംലയിക്കുന്ന ചരിത്രവ്യക്തിത്വമായി ചെഗുവേര എത്ര നിരാകരിക്കപ്പെട്ടാലും സ്വീകരിക്കപ്പെട്ടുകൊണ്ടേ ഇരിക്കും. എന്നാല്‍, മുതലാളിത്തം വര്‍ദ്ധമാനമായ രീതിയില്‍ ചെഗുവേരയുടെ ഇമേജ് ഉപയോഗിക്കുന്നതിലൂടെ അത് ഫാഷനബിളും രാഷ്ട്രീയസത്ത ചോര്‍ന്നു പോയതുമായ ഒന്നായി മാറാറുമുണ്ട്. 


അടുത്ത കാലത്ത്, ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ ചെഗുവേരയുടെ ഇമേജുകള്‍ക്കെതിരെ ദേശീയവിരുദ്ധത ആരോപിച്ച് കുരച്ചു ചാടിയിരുന്നു. ഫാസിസ്റ്റ് വിരുദ്ധരൊന്നാകെ ഉണര്‍െന്നണീറ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ ചെഗുവേരയെ തങ്ങളുടെ പ്രൊഫൈലുകളാക്കിയാണ് അതിനെ നേരിട്ടത്. അതായത്, ഈ കാലത്തും വരും കാലത്തും അമിതാധികാര പ്രയോഗത്തിന്റെ ദുഷ്പ്രവണതകള്‍ക്കെതിരെയുള്ള നേരടയാളമായി ചെഗുവേരയുടെ ഇമേജറി പ്രവര്‍ത്തനക്ഷമമാകുമെന്നാണിത് കാണിക്കുന്നത്. ആക്ടിവിസത്തിലൊന്നും യാതൊരു താല്പര്യവുമില്ലാത്തവരും ചെഗുവേരയുടെ ടീഷര്‍ട്ടുകള്‍ ധരിച്ചു നടക്കുന്ന പ്രവണതയെ, തങ്ങളുടെ കലാപത്വരകളെ ടീഷര്‍ട്ടിലെ ചെ ബിംബവത്ക്കരണത്തിലവസാനിപ്പിക്കുന്നതായും യഥാര്‍ത്ഥമായുണ്ടായിരിക്കേണ്ട വിപ്ലവോന്മുഖത്വത്തെ ടീഷര്‍ട്ട് ചിത്രണം കൊണ്ട് പകരം(സറോഗേറ്റ്) വെക്കുന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 


എല്ലാ വിധത്തിലുമുള്ള പരമ്പരാഗതിത്വങ്ങള്‍ക്കും യാഥാസ്ഥിതികത്വങ്ങള്‍ക്കുമെതിരായ ജനകീയ പ്രതിരോധായുധമായും ചെ അടയാളപ്പെടുന്നു. നീട്ടിയ താടിയും മുടിയും നക്ഷത്രാങ്കിതമായ തൊപ്പിയും ചെളിപുരളാത്ത വെളുമ്പന്‍ വസ്ത്രങ്ങള്‍ക്കു പകരം എവിടെയും ധരിക്കാവുന്നതും മുഷിഞ്ഞാലും അറിയാത്തതുമായ അഥവാ എപ്പോഴും മുഷിഞ്ഞതുമായ കാക്കി യൂണിഫോമും കണ്ണുകളിലെ രോഷവും കലാപത്വരയും വേദനയോടുള്ള അനുതാപവും എല്ലാം ചേര്‍ന്ന് ചെ പുതിയ കാലത്തിന്റെ മിശിഹയായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു. സാമൂഹ്യ റിയലിസത്തിന്റെ തുറന്ന വെളിപ്പെടല്‍ കൊണ്ട് കലാ നിര്‍വചനങ്ങളുടെ ദുരൂഹതകളെയും അത് നേരിട്ടു. അപ്രകാരം അത് പഴയതും പുതിയതുമായ എല്ലാ വ്യവസ്ഥാവത്ക്കരണങ്ങളെയും പൊളിച്ചടുക്കി. ജനകീയതയും ജനപ്രിയതയും തമ്മിലുള്ള അതിര്‍വരമ്പുകളെ ചെയുടെ ഇമേജുകളും ഓര്‍മ്മകളും മായിച്ചു കളയുന്നുണ്ടെതും കാണേണ്ടതാണ്. വിപ്ലവത്തിന്റെ നേതൃത്വവും മുഖ്യ കേന്ദ്രത്വവും ചെഗുവേരയിലായിരുന്നു എന്നത് ചരിത്ര സത്യമാണ്. ലോകത്തിന്റെ അക്കാലത്തെ ഗതിവിഗതികളും എപ്രകാരമായിരുന്നു എന്നും ശ്രദ്ധിക്കേണ്ടതാണ്. വിയറ്റ്‌നാം തിളച്ചു മറിയുകയായിരുന്നു. അവിടെ അമേരിക്ക തോറ്റോടുകയായിരുന്നു. ലാറ്റിനമേരിക്കയിലും യൂറോപ്പിലും എന്തിന് അമേരിക്കന്‍ ഐക്യനാടുകളിലും വിയറ്റ്‌നാം അനുകൂല മനോഭാവം സാമാന്യ ജനങ്ങള്‍ക്കിടയിലും യുവാക്കള്‍ക്കിടയില്‍ പ്രത്യേകിച്ചും നിറഞ്ഞു നിന്നു. ഫ്രാന്‍സിലും യൂറോപ്പിലെമ്പാടും വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി സമരങ്ങള്‍ നയിച്ച് പുതിയ കാലത്തെ ആവിഷ്‌ക്കരിക്കാനുള്ള പരിശ്രമങ്ങളിലായിരുന്നു. തൊഴിലാളി സമരങ്ങളും വ്യാപിച്ചു. സ്വതന്ത്രാനുരാഗത്തിനും കാല്പനികതക്കും വേണ്ടിയുള്ള ആഗ്രഹങ്ങളും വ്യാപകമായി അനുകൂലിക്കപ്പെട്ടു. ജനപ്രിയത പുനര്‍ നിര്‍വചിക്കപ്പെട്ടു. മതങ്ങളില്‍ നിന്ന് ആളുകള്‍ വ്യാപകമായി മോചിപ്പിക്കപ്പെട്ടു. മതങ്ങള്‍ക്കുള്ളിലും കലാപങ്ങള്‍ നടന്നു. ചിന്തകളിലും സമരങ്ങളിലും തീപടര്‍ന്ന ആ കാലത്തെ ചെഗുവേരയുടെ ചിത്രങ്ങളിലൂടെയല്ലാതെ എങ്ങിനെയാണ് പ്രതിനിധാനം ചെയ്യാനാവുക? വ്യക്തികളുടെ സ്വഭാവങ്ങളും മര്യാദകളും വേഷധാരണരീതികളും വരെ കീഴ്‌മേല്‍ മറിക്കപ്പെടുുണ്ടായിരുന്നു. ചെയുടെ രക്തസാക്ഷിത്വം ഈ ഘടകങ്ങളെല്ലാം സംലയിച്ച് രൂപപ്പെട്ട ജനകീയവും സാര്‍വദേശീയവുമായ സമരത്വരയുടെ സമൂര്‍ത്തീകരണമായിരുന്നു എന്നതാണ് വാസ്തവം.


എന്നാല്‍, എല്ലാത്തിനെയും ചരക്കുവത്ക്കരിക്കുന്ന മുതലാളിത്തം വീണ്ടും ശക്തിപ്പെട്ടു എന്നത് നാം കണ്ണടച്ചതുകൊണ്ടില്ലാതാകുന്ന ലോകയാഥാര്‍ത്ഥ്യവുമല്ല. ഏതു സാമ്പത്തിക/വര്‍ഗാധിഷ്ഠിത/ചൂഷണ വ്യവസ്ഥയെയാണോ നശിപ്പിക്കാന്‍ ചെഗുവേര മുന്നിട്ടിറങ്ങിയത്, അതേ വ്യവസ്ഥ രൂക്ഷമായ രാക്ഷസാകാരം പൂണ്ട് ലോകത്തെ വിഴുങ്ങാനൊരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലും ചെയുടെ ഇമേജറി കച്ചവട ഉത്പമാകുന്ന പ്രതിഭാസം ചര്‍ച്ച ചെയ്യപ്പെടണം. എന്തിനെയും ചരക്കുവത്ക്കരിക്കുന്ന മുതലാളിത്തത്തിന്റെ നീതിയും ധാര്‍മികതയും തന്നെയാണ് ചെഗുവേരയുടെ ഓര്‍മ്മയെയും ഉത്പന്നമാക്കി മാറ്റിയത് എന്ന ലളിതയുക്തി മാത്രമല്ല യാഥാര്‍ത്ഥ്യം. മുതലാളിത്തത്തിന്റെ ക്രൂര നീതിയില്‍ അങ്ങേയറ്റത്തെ കഷ്ടപ്പാടനുഭവിക്കുന്ന മനുഷ്യരുടെ പ്രതീക്ഷകള്‍ ചെഗുവേരയുടെ സ്മരണകളിലൂടെ ബിംബവത്ക്കരിക്കപ്പെടുന്നുണ്ടെതാണ് സങ്കീര്‍ണമായ യാഥാര്‍ത്ഥ്യം. രാഷ്ട്രീയവും കമ്പോളവത്ക്കരണവും അധികാരവും സംലയിക്കുന് ഇമേജുകളുടെ സാമൂഹ്യസ്വാധീനത്തെക്കുറിച്ച് വിശദീകരിക്കാന്‍ ചെഗുവേരയുടെ പ്രതിരൂപങ്ങളെ ഉദാഹരിക്കാതെ വയ്യ. മാറ്റം എന്ന അടിസ്ഥാന ഘടകത്തെയാണ് ചെ എന്ന ബ്രാന്‍ഡ് പ്രതിനിധീകരിക്കുന്നത് എന്നതാണ് കമ്പോളത്തിന് അതേറ്റവും പ്രിയങ്കരമാക്കുന്ന കാരണം. യുദ്ധ വിരുദ്ധവും പരിസ്ഥിതി അനുകൂലവും സാമ്രാജ്യത്വാഗോളവത്ക്കരണത്തിനെതിരുമായ ലോകത്തെ ബഹുഭൂരിപക്ഷം സാമാന്യജനതയെയും എളുപ്പത്തില്‍ അഭിമുഖീകരിക്കാന്‍ വിപ്ലവശക്തികള്‍ക്കെന്നതു പോലെ കമ്പോളത്തിന്റെയും കയ്യിലുള്ള വിഗ്രഹബിംബമാണ് ചെഗുവേര. അധിനിവേശത്തിന്റെ ദുരന്തം പേറുന്ന ഫലസ്തീനിലെ പോരാട്ടത്തെരുവുകള്‍ മുതല്‍ പാരീസിലെ  ബോട്ടിക്കുകളിലും ഫാഷന്‍ റാമ്പുകളിലും വരെ ഒരേ പോലെ സ്വീകാര്യമായ ഇമേജറിയാണ് ഇന്നും ചെഗുവേരയുടേത്. വിരുദ്ധാര്‍ത്ഥങ്ങള്‍ ഒരേ സമയം പ്രവഹിക്കുന്ന ഒരു സാംസ്‌ക്കാരിക സാര്‍വദേശീയത ചെഗുവേരയുടെ ഇമേജുകള്‍ കേന്ദ്രമാക്കി രൂപപ്പെട്ടിട്ടുണ്ടെന്നും പറയാം. ചെയുടെ മരണാനന്തരജീവിതങ്ങള്‍ - ഒരു ഇമേജിന്റെ പിന്തുടര്‍ച്ച എന്ന പുസ്തകമെഴുതിയ മൈക്കിള്‍ കാസി അഭിപ്രായപ്പെടുന്നതു പോലെ, പ്രതീക്ഷയും സൗന്ദര്യാത്മകതയും ഒന്നിക്കുന്ന ചെഗുവേരയുടെ ഇമേജുകളില്‍ ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ അവരുടെ സ്വപ്നങ്ങളാകെ നിക്ഷേപിക്കുകയായിരുന്നു. ഇതിനെ മുതലാളിത്തവും പ്രയോജനപ്പെടുത്തുന്നുണ്ടെത് കാണാതിരിക്കേണ്ടതില്ല. ദ ചെ സ്റ്റോര്‍ ഡോട്ട് കോം പോലുള്ള വെബ്‌സൈറ്റുകളില്‍ നിന്ന് ചെയുടെ ചിത്രവും ഓര്‍മ്മകളും മുദ്രണം ചെയ്ത ഉത്പന്നങ്ങള്‍ ലോകമെമ്പാടുമുള്ളവര്‍ക്ക് ഓണ്‍ലൈനായി വാങ്ങാന്‍ സാധിക്കും. കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളും ചെഗുവേരയുടെ ഇമേജിനെ ചിലപ്പോഴൊക്കെ ഉപയോഗിക്കുന്നുണ്ട്. റിപ്പോര്‍ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (അതിര്‍ത്തികളില്ലാതെ വാര്‍ത്ത ശേഖരിക്കുവര്‍) എന്ന സംഘടന ക്യൂബയെ ലോകത്തെ ഏറ്റവും വലിയ ജയില്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് അതിന്റെ പ്രചാരണത്തിനായി ചെഗുവേരയുടെ ചിത്രത്തെ ദുരുപയോഗം ചെയ്തു. കോര്‍ഡ മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മകള്‍ ഡയാന ഡയാസ്, ഈ നീക്കത്തിനെതിരെ ഫ്രാന്‍സിലെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും അതിനെ തുടര്‍ന്ന് ആ സംഘടനക്കാര്‍ ചെഗുവേരയുടെ ചിത്രം പിന്‍വലിക്കുകയും ചെയ്തു. ഇതുപോലുള്ള അപൂര്‍വാവസരങ്ങളിലൊഴിച്ച്, ഫിദല്‍ കാസ്‌ട്രോ പറഞ്ഞതു പോലെ ചെഗുവേരയുടെ ചിത്രം ലോകത്തിന്റെ പൊതുസമ്പാദ്യമാണെന്ന നിലപാടാണ് എല്ലാവരും പുലര്‍ത്തുന്നത്. 


ചെയുടെ മൂത്തമകള്‍ അലീദ പറയുന്നു: ചെയുടെ ചിത്രം പതിച്ച ടീഷര്‍ട്ട് ധരിച്ചവരെ നോക്കൂ. അനുസരിക്കാനും കീഴ്‌പ്പെടാനും തയ്യാറുള്ളവരല്ല അവര്‍. സമൂഹത്തില്‍ നിന്ന് ഇപ്പോഴുള്ളതിലും ശ്രദ്ധ തങ്ങള്‍ക്കാവശ്യമുണ്ടെന്ന് കരുതുന്നവരാണവര്‍; കൂടുതല്‍ നല്ല മനുഷ്യരായിത്തീരണമെന്നാഗ്രഹമുള്ളവര്‍. ഞാന്‍ വിചാരിക്കുന്നത്, അദ്ദേഹത്തിന് അവരെയൊക്കെ ഇഷ്ടമാകുമെന്നാണ്. 

കൂടുതല്‍ വായനയ്ക്ക്:

1. ബൊളീവിയന്‍ ഡയറി - ചെഗുവേര(പരിഭാഷ - കെ എം ചന്ദ്രശര്‍മ്മ)/ഡി സി ബുക്‌സ്

2. ചെഗുവേര റീഡര്‍ - എഡി: ഡേവിഡ് ഡ്യൂഷ്മന്‍(പരിഭാഷ - രാഘവന്‍ വേങ്ങാട്)/ചിന്ത പബ്ലിഷേഴ്‌സ് 

3. വിമോചനവും സോഷ്യലിസവും- ചെഗുവേര (പരിഭാഷ - സി പി നാരായണന്‍, നാരായണന്‍ ചെമ്മലശ്ശേരി)/ചിന്ത പബ്ലിഷേഴ്‌സ്

4. ചെയുടെ വിപ്ലവ ചിന്ത - ഫിദല്‍ കാസ്‌ട്രോ( പരിഭാഷ - രേഖപ്പെടുത്തിയിട്ടില്ല)/ചിന്ത പബ്ലിഷേഴ്‌സ്

5. The Motorcycle Diaries - Notes on a Latin American Journey - Ernesto Che Guevara/ Ocean Press

6. Guerilla Warfare - Che Guevara/Monthly Review press

7. Episodes of the Cuban Revolutionary War -Ernesto Che Guevara/Ocean Press

8. Che Guevara - Revolutionary and Icon - by Trisha Ziff/ Harry N Abrams

9. Che's After life - Legacy of an image - by Michael J Casey/Vintage

10. Che  Guevara - A Revolutionary life - by Jon Lee Anderson/Grove Press

11. Che Guevara and the Cuban Revolution - by Mike Gonzales/Bookmarks

12. Che: Images of a Revolutionary, by Oscar Sola,/ Pluto Press,

13.Che: The Photobiography of Che Guevara,/ Thunder's Mouth Press, 

14. Cuba by Korda, by Christophe Loviny & Alberto Korda,/ Ocean Press

15. Self Portrait Che Guevara, by Ernesto Guevara & Victor Casaus,/ Ocean Press 

16. Alberto Korda: A Revolutionary Lens, by Diana Diaz & Mark Sanders, /Steidl,

17. വിക്കിപ്പീഡിയയിലെ അനവധി ചെ പേജുകള്‍




No comments: