Thursday, June 17, 2021

ഒറ്റത്തിരശ്ശീലകള്‍ -1

അലക്‌സാണ്ട്ര/ബെലാസിസ് റോഡ്/മുംബൈ



 


ബോംബെയിലെ സിനിമാശാലകളെക്കുറിച്ച് ചോദിച്ചാല്; ഈറോസ്, റീഗല്, ന്യൂ എക്‌സെല്ഷര്, മെട്രോ, ക്യാപിറ്റോള്, മുതല് മറാത്ത മന്ദിര് വരെയുള്ള തിയേറ്ററുകളെക്കുറിച്ചായിരിക്കും മുന് തലമുറക്കാര് ഓര്മ്മിച്ചു പറയുക.

അക്കൂട്ടത്തിലാരും പറയാത്ത ഒരു സിനിമാശാലയാണ് അലക്‌സാണ്ട്ര സിനിമ. പതിറ്റാണ്ടുകളുടെ ചരിത്രം പറയാനുള്ള ഈ സിനിമാശാല ഇന്ന് ഒരു മുസ്ലിം പള്ളിയായി മാറിക്കഴിഞ്ഞു.
ബോംബെ മഹാനഗരമധ്യത്തില് കാമാത്തിപ്പുരയിലാണ് അലക്‌സാണ്ട്ര തിയേറ്റര് പ്രവര്ത്തിച്ചിരുന്നത്. ബെലാസിസ് റോഡില് മഹാരാഷ്ട്ര കോളേജിനെതിര്വശത്തായി. കാമാത്തിപ്പുരയാണ് ആയിരക്കണക്കിന് ലൈംഗികത്തൊഴിലാളികളുടെ വാസസ്ഥലവും പ്രവൃത്തി സ്ഥലവും. ആ പ്രദേശത്തിന്റെ ഒരു മുഖം പോലെ, ലാന്ഡ്മാര്ക്കായി അടയാളപ്പെട്ട തിയേറ്ററാണ് അലക്‌സാണ്ട്ര.
ചുകന്ന മേച്ചിലോട് കൊണ്ട് മേഞ്ഞ ഈ സിനിമാ ഹാളിന് മൂന്നു നിലകളുണ്ട്. 1914ല് ഇന്ത്യന് സിനിമയിലെ പ്രധാനികളും ഇംപീരിയല് ഫിലിം കമ്പനിയുടെ സ്ഥാപകരുമായിരുന്ന ആര്ദേശിര് എം ഇറാനിയും അബ്ദുല്ലാലി ഈസോഫല്ലിയും ചേര്ന്ന് അവിടെ പ്രവര്ത്തിച്ചിരുന്ന അലക്‌സാണ്ട്ര തിയേറ്റര് വാങ്ങി 1918ല് അലക്‌സാണ്ട്ര സിനിമ എന്ന പേരില് പുതുക്കി പ്പണിതു പ്രവര്ത്തനം തുടങ്ങി. ഒന്നാം ലോക മഹായുദ്ധകാലത്ത് ഇന്ത്യയില് നിയമിക്കപ്പെട്ടിരുന്ന ബ്രിട്ടീഷ് പട്ടാളക്കാരുടെ മുഖ്യ സന്ദര്ശന സ്ഥലമായിരുന്നു ഈ സിനിമാശാല. തൊട്ടു പിന്നിലുള്ള നിരവധി ലയിനുകളിലുള്ള വേശ്യാഗൃഹങ്ങളിലേക്ക് പോകുന്നതിനു മുമ്പോ പിമ്പോ ആയി അലക്‌സാണ്ട്ര സിനിമയില് നിന്ന് ഏറ്റവും പുതിയ ഹോളിവുഡ് സിനിമ അക്കാലത്ത് അവര്ക്ക് കാണാന് കഴിയുമായിരുന്നു. ഇറാനികളാണ് യൂണിവേഴ്‌സല് പിക്‌ചേഴ്‌സിന്റെ ഇന്ത്യയിലെ ഔദ്യോഗിക വിതരണക്കാര് എന്നതിനാല്, ഡോറോത്തി ഫിലിപ്‌സ് അഭിനയിച്ച വണ്സ് ടു എവരി വുമണ്(1920), ജെറാല്ദിന് ഫറാര്സ് അഭിനയിച്ച ദ വുമണ് ആന്റ് ദ പപ്പറ്റ്(1920) തുടങ്ങിയ ഹിറ്റുകളുടെയൊക്കെ ഇന്ത്യയിലെ ആദ്യത്തെ പ്രദര്ശനം അലക്‌സാണ്ട്രയിലായിരുന്നു.
എന്നാല്, പതിറ്റാണ്ടുകള് കഴിഞ്ഞതോടെ അലക്‌സാണ്ട്രയുടെ പ്രൗഢി നഷ്ടമായി. വേശ്യാഗൃഹങ്ങളുടെ സാമീപ്യം എന്നതിനാലും മധ്യവര്ഗ കുടുംബങ്ങള് ഈ തിയേറ്ററിനെ കൈയൊഴിയാന് കാരണമായി. പഴയ ഇംഗ്ലീഷ് ഹിന്ദി ചിത്രങ്ങളും അതിനും പുറമെ തുണ്ടുപടങ്ങളും ഇവിടെ കാണിക്കാന് തുടങ്ങി.



എഴുപതുകളുടെ അവസാനം ബോംബെയിലുണ്ടായിരുന്ന പ്രസിദ്ധ ചലച്ചിത്ര നിരൂപകന് ഐ ഷണ്മുഖദാസ് ഇവിടെ നിന്ന് ചാര്ളി ചാപ്ലിന്റെ ദ കിഡ് കണ്ടതായോര്ക്കുന്നുണ്ട്. 2002ല് ഇതിനടുത്തുള്ള ബെല്വാസ് ഹോട്ടലില് അദ്ദേഹവും മറ്റതിഥികളുമടക്കം ഞാനും ഒരാഴ്ച താമസിക്കുകയുണ്ടായി. ഫിലിംസ് ഡിവിഷന്റെ മുംബൈ അന്താരാഷ്ട്ര ഡോക്കുമെന്ററി മേളയ്‌ക്കെത്തിയതായിരുന്നു ഞങ്ങള്. അന്ന് അവിടെ കാണിച്ചിരുന്നത് ഷാരണ് സ്‌റ്റോണ് അഭിനയിച്ച ബേസിക് ഇന്സ്റ്റിങ്ക്റ്റ്
ആയിരുന്നു. ഈ ചിത്രം തൊണ്ണൂറുകളിലെ ഒരു ദില്ലി മേളയില് സിരിഫോര്ടില് പ്രഭാത പ്രദര്ശനത്തിന് വരി നിന്ന് കയറിക്കണ്ടതും ഓര്മ്മ വന്നു.
2007 ല് ഈ സിനിമാശാലയിലെ പ്രവേശന നിരക്ക് വെറും പതിനഞ്ച് രൂപയായിരുന്നു. ഹോളിവുഡ് സിനിമകളുടെ ഹിന്ദി പരിഭാഷാ നാമങ്ങള് ഇവിടെ എഴുതി വെക്കുമായിരുന്നു. ആല്ഫ്രഡ് ഹിച്ച്‌കോക്കിന്റെ 39 സ്‌റ്റെപ്പ്‌സിന് ഏക് കം ചാലീസ് ലംബേ എന്നും ഡബിള് ഇംപാക്റ്റിന് രാം ഓര് ശ്യാം എന്നും, ബ്രൂസ്‌ലി ദ ലെജന്റിന് ദാദാവോന് കാ ദാദാ-ബ്രൂസ്‌ലി എന്നും അലക്‌സാണ്ട്ര നടത്തിപ്പുകാര് പരിഭാഷ കണ്ടെത്തി.
പിന്നീട് ഒരു കാലത്ത് തുണ്ടു പടങ്ങളുടെ മാത്രം പ്രദര്ശനശാലയായി അലക്‌സാണ്ട്ര മാറി. അക്കാലത്ത്, സ്‌കൂള് ബസ്സുകളുടെ ഡ്രൈവര്മാരോട് ഈ റോഡിലൂടെ പോകരുതെന്ന് അധികൃതരും മാതാപിതാക്കളും ആവശ്യപ്പെടുമായിരുന്നത്രെ. ചുമര്പ്പടങ്ങള് കണ്ട് കുട്ടികള് കേടുവരരുതെന്ന് കരുതിയാണ് അവര് റൂട്ട് മാറ്റിപ്പിടിക്കാന് പറഞ്ഞത്.
നാഗ്പാഡ, മദന് പുര, ഭിണ്ടി ബസാര്, ക്ലെയര് റോഡ്, അഗ്രിപാഡ, മുംബൈ സെന്ട്രല് തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തുള്ളവര് ഈ സിനിമാശാല പള്ളിയായി മാറിയതില് ആശ്വസിക്കുന്നു.
(വിവരങ്ങള്ക്ക് കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ, ഭിണ്ഡി ബസാര് ന്യൂസ്, മൊമാഡിന്റെ വേര്ഡ്പ്രസ്സ് ബ്ലോഗിലെ ആന് ഓഡ് ടു അലക്‌സാണ്ട്ര എന്ന ഓര്മ്മക്കുറിപ്പ്)
ഫോട്ടോ- അലാമി സ്‌റ്റോക്ക് ഫോട്ടോ പ്രിവ്യൂ
(ജി പി രാമചന്ദ്രന്/06-06-2021)

No comments: