Thursday, June 17, 2021

 ഒറ്റത്തിരശ്ശീലകള് -2

ഇംപീരിയല്/ലാമിങ്ടണ് റോഡ്/മുംബൈ






മുംബൈ കാമാത്തിപ്പുരയിലെ അലക്‌സാണ്ട്ര സിനിമയെക്കുറിച്ചെഴുതിയ കുറിപ്പ് വായിച്ച് പല സുഹൃത്തുക്കളും സഹൃദയരും ആശംസകളും അനുഭവക്കുറിപ്പുകളും അയക്കുകയുണ്ടായി. മറ്റു സിനിമാശാലകളെക്കുറിച്ചുമന്വേഷിച്ചെഴുതിയാല് ഇതുപോലെ അവയുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്ക്കും സഹൃദയര്ക്കും ഓര്മ്മകള് വീണ്ടെടുക്കാന് സാധിക്കുമെങ്കില് നന്നായിരിക്കുമെന്നതിനാല് ഈ അഭ്യാസം തുടരുന്നു.


ലാമിങ്ടണ് റോഡിലുള്ള ഇംപീരിയല് സിനിമ 1905ല് ഒരു ഓര്ക്കസ്ട്ര തിയേറ്ററായിട്ടാണ് ആരംഭിച്ചത്. ഏതാനും വര്ഷങ്ങള്ക്കു മുമ്പ് പ്രദര്ശനം നിര്ത്തിവെച്ചിരിക്കുകയാണ്. കുറഞ്ഞ പ്രവേശനനിരക്കാണ് ഈടാക്കിയിരുന്നത്. വളപ്പിനകത്തു നിന്ന് പ്രധാന കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നത് രണ്ട് കൊമ്പനാനകള് പന്തു തട്ടുന്ന രൂപങ്ങള്ക്കു നടുവിലൂടെയാണ്.



ഇരുപതു വര്ഷം ഇംപീരിയല് സിനിമയിലെ പ്രധാന ജീവനക്കാരനായി ജോലി ചെയ്തിരുന്നത് ശ്രീവാസ്തവയാണ്. അന്ധേരിയിലെ രഹസ്യ ഗോഡൗണില് തയ്യാര് ചെയ്യുന്ന ഫിലിം റീലുകള് കൊണ്ടു വരിക, ടിക്കറ്റു കുറ്റി മുറിക്കുക, ഓരോ പ്രദര്ശനത്തിനും ശേഷം ഫിനോയ്ല് ഉപയോഗിച്ച് ഹാള് സാനിറ്റൈസ് ചെയ്യുക, സീറ്റുകളില് മൂട്ടമരുന്ന് തളിക്കുക ഇതൊക്കെയാണ് ശ്രീവാസ്തവയുടെ ജോലിയെന്ന് ഡാമിയന് ഡി സൂസ ആറെയില് എഴുതിയ ബ്ലോഗ് കുറിപ്പില് നിരീക്ഷിക്കുന്നു. 2017ലദ്ദേഹത്തിന് അറുപത്തേഴ് വയസ്സ് പ്രായമുണ്ട്. ക്ഷയരോഗബാധിതനുമാണ്.
സി അല്ലെങ്കില് ഡിഗ്രേഡ് സിനിമകള്, ഇടയില് തുണ്ട് കുത്തിത്തിരുകിയാണ് അടച്ചുപൂട്ടുന്നതിനു തൊട്ടുമുമ്പുള്ള കുറെയധികം വര്ഷങ്ങളായി ഇംപീരിയലില് പ്രദര്ശിപ്പിച്ചിരുന്നത്. ഗിര്ഗോണിലെ തിരക്കുപിടിച്ച ലാമിങ്ടണ് റോഡിലാണ് ഈ സിനിമാശാല. സീറ്റുകളെല്ലാം കീറിപ്പറിഞ്ഞതും തിരശ്ശീല താരതമ്യേന ചെറുതും ശബ്ദ സംവിധാനം മോശവുമാണ്. കുടുംബമായി ആരും ഇവിടെ സിനിമ കാണാനെത്തിയിരുന്നില്ല.



1960കളില് മുഗള് ഏ ആസാം കണ്ട് സിനിമാമോഹവുമായി അലിഗഢില് നിന്ന് ബോംബെയിലേക്ക് വണ്ടി കയറിയതാണ് ശ്രീവാസ്തവ. ബോളിവുഡിന്റെ മായികപ്രപഞ്ചത്തിലെവിടെയുമെത്താതെ ഈ സ്വപ്‌ന-നരകത്തില് നിന്നു കിട്ടുന്ന ചില്ലറകള് കൊണ്ട് ശ്രീവാസ്തവ കുടുംബം പോറ്റി. പിരിയുന്ന കാലത്ത് അയ്യായിരം രൂപയായിരുന്നു അദ്ദേഹത്തിന്റെ മാസശമ്പളം. പന്ത്രണ്ട് മണിക്കൂര് ജോലി ചെയ്യണം.



എണ്പതുകളുടെ മധ്യത്തോടെ, ഇംപീരിയലിലെ ആണ് കാണികളായെത്തിയിരുന്നത് ടാക്‌സി ഡ്രൈവര്മാരും തൊട്ടടുത്തുള്ള കാമാത്തിപ്പുരയിലെ കൂട്ടിക്കൊടുപ്പുകാരും കുടിയേറ്റത്തൊഴിലാളികളും ലൈംഗികത്തൊഴിലാളികളെ സന്ദര്ശിക്കാനെത്തുന്നവരുമായി മാറിത്തീര്ന്നു.
(വിവരങ്ങള്ക്കും ഫോട്ടോകള്ക്കും കടപ്പാട്: ബാച്ചിലര് അറ്റ് സിനെഫിലോ ഡോട്ട് കോം, ആറെ ഡോട്ട് കോം)
(ജി പി രാമചന്ദ്രന് 12 06 2021)

No comments: