Saturday, June 26, 2021

 ഒറ്റത്തിരശ്ശീലകള്‍ - 5



മറാത്താ മന്ദിര്‍/ഡോ, ആനന്ദ് റാവ് നായര്‍ മാര്‍ഗ്&മറാത്താ മന്ദിര്‍ മാര്‍ഗ്, മുംബൈ സെന്‍ട്രല്‍, മുംബൈ


പശ്ചിമ റെയില്‍വെയിലെ ദീര്‍ഘ ദൂര വണ്ടികള്‍ ബോംബെ സെന്‍ട്രല്‍ സ്‌റ്റേഷന്‍ വരെ മാത്രമേ സര്‍വീസ് നടത്താറുള്ളൂ. അവിടെ നിന്ന് വീണ്ടു തെക്കോട്ട് പോകണമെങ്കില്‍ ചര്‍ച്ച് ഗേറ്റ് വരെയുള്ള ലോക്കല്‍ ട്രെയിന്‍ പിടിക്കണം.



ബോംബെ സെന്‍ട്രല്‍ സ്‌റ്റേഷന്റെ തൊട്ടെതിര്‍വശത്തായാണ് മറാത്താമന്ദിര്‍ തിയേറ്റര്‍. ഡോ. ആനന്ദ് റാവ് നായര്‍ മാര്‍ഗിലൂടെ നടന്നാല്‍ മറാത്താ മന്ദിര്‍ മാര്‍ഗ് എന്നു പേരു മാറ്റിയിട്ടുള്ള ക്ലബ് റോഡിലെ തിയേറ്ററിലെത്താം. 


മന്ദിര്‍ എന്നാല്‍ മറാഠിയിലും ഹിന്ദിയിലും അമ്പലം എന്നാണര്‍ത്ഥം. സിനിമാരാധകരെ സംബന്ധിച്ചിടത്തോളം അവരുടെ അമ്പലം തന്നെയാണ് തിയേറ്റര്‍. ആ നിലയ്ക്ക് കൃത്യമായ പേരുള്ള മറാത്താ മന്ദിര്‍ തിയേറ്റര്‍ 1958ല്‍ പ്രവര്‍ത്തനമാരംഭിച്ചു. വാമന്‍ മോറേശ്വര്‍ നംജോഷിയാണ് ആര്‍ക്കിടെക്റ്റ്. സുനില്‍ ദത്തും വൈജയന്തി മാലയും അഭിനയിച്ച സാധ്‌നയുടെ പ്രദര്‍ശനത്തോടെയാണ് മറാത്താ മന്ദിര്‍ ഉദ്ഘാടനം ചെയ്തത്. 1960ല്‍ മുഗള്‍ ഏ ആസാം ഇവിടെ പ്രീമിയര്‍ (ആദ്യ പ്രദര്‍ശനം) ചെയ്തു. കെ ആസിഫ് സംവിധാനം ചെയ്ത മുഗള്‍ ഏ ആസാമിന്റെ പ്രിന്റുകള്‍ അടങ്ങിയ പെട്ടി ആനപ്പുറത്താണ് മറാത്താമന്ദിറിലേക്ക് എഴുന്നള്ളിച്ചത്. പിന്നീട് ഏതാനും ദിവസം ആ ആനയെയും മറ്റാനകളെയും തിയേറ്ററിനു മുമ്പില്‍ കെട്ടിയിടുകയും ചെയ്തു. 




മറാത്താ മന്ദിര്‍ തിയേറ്ററിന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞത് പക്ഷേ അതു കൊണ്ടൊന്നുമല്ല. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലാദ്യമായി ഒരു സിനിമ ഒരേ തിയേറ്ററില്‍ ഏറ്റവുമധികം ദിവസം പ്രദര്‍ശിപ്പിച്ച റെക്കോഡ് സ്ഥാപിച്ചതിന്റെ പേരിലാണ്. ഷാറൂഖ് ഖാന്‍, കജോള്‍ ജോഡികളഭിനയിച്ച യാഷ് ചോപ്ര/ആദിത്യ ചോപ്ര സിനിമയായ ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗേ (ഡിഡിഎല്‍ജെ) എന്ന ഹിന്ദി ബ്ലോക്ക് ബസ്റ്റര്‍ ഇരുപത്തഞ്ച് വര്‍ഷത്തിലധികം കാലം മറാത്താ മന്ദിര്‍ തിയേറ്ററില്‍ കളിച്ചു. കോവിഡ് മഹാമാരി മൂലം ഇന്ത്യയിലും സിനിമാശാലകള്‍ അടച്ചിട്ടില്ലായിരുന്നെങ്കില്‍ ഇപ്പോഴും ഡിഡിഎല്‍ ജെ മാറ്റിനി ഷോ ആയി കാലത്ത് 11.30ന് ദിവസേന ആരംഭിച്ചേനെ. ആയിരത്തിലമല്പമധികം സീറ്റുള്ള തിയേറ്ററില്‍ നൂറു മുതല്‍ നാനൂറു വരെയും  സാധാരണ ദിവസങ്ങളിലും വാരാന്ത്യങ്ങളില്‍ ചിലപ്പോള്‍ ഹാള്‍ നിറയെയും കാണികള്‍ ഡിഡിഎല്‍ജെയ്ക്കായി ഇവിടെയെത്തി. 1995ലാരംഭിച്ച ഡിഡിഎല്‍ജെയുടെ പ്രദര്‍ശനം 2015ല്‍ നിര്‍ത്താന്‍ മാനേജ്‌മെന്റ് ആലോചിച്ചെങ്കിലും പൊതുജനസമ്മര്‍ദ്ദത്തെതുടര്‍ന്ന് നീട്ടുകയായിരുന്നു. അമ്പതോളം വര്‍ഷമായി ഇവിടെ പ്രൊജക്ഷനിസ്റ്റായി ജോലി ചെയ്യുന്ന ജഗ്ജീവന്‍ മാറു ഏതാണ്ട് ഒമ്പതിനായിരത്തിലധികം തവണ ഈ സിനിമ മടുപ്പില്ലാതെ കണ്ടുകഴിഞ്ഞു. ഇനിയും ബാല്യം അവശേഷിക്കുന്നു. 



തീവണ്ടി കാത്തിരിക്കുന്ന ദൂരയാത്രക്കാരും ടാക്‌സി ഡ്രൈവര്‍മാരും കോളേജുകുട്ടികളും പിന്നെ കമിതാക്കളും ടൂറിസ്റ്റുകളും ഒക്കെയാണ് ഡിഡിഎല്‍ജെയുടെ ഉറപ്പുള്ള പ്രേക്ഷകര്‍. കുറച്ചു കാലമായി കുടുംബസമേതപ്രേക്ഷകര്‍ വരാറില്ലെന്നാണ് മാറു പറയുന്നത്. എന്നാല്‍, സ്ത്രീകള്‍ക്കെതിരായ അപമര്യാദയോടു കൂടിയ പെരുമാറ്റമൊരിക്കലും റിപ്പോര്‍ട് ചെയ്യപ്പെടാത്ത രീതിയില്‍ മാന്യമായി നടത്തിക്കൊണ്ടു പോകുന്ന തിയേറ്ററാണ് മറാത്താ മന്ദിര്‍ എന്നും അദ്ദേഹം പറയുന്നു. ഒരു പ്രദര്‍ശനത്തിന്റെ മുഴുവന്‍ സീറ്റും ഒരു പണക്കാരന്‍ ബുക്ക് ചെയ്തു. അദ്ദേഹം തന്റെ കാമുകിയുമായാണെത്തിയത്. തന്റെ വിവാഹവാഗ്ദാനം ഈ റൊമാന്റിക് സിനിമ കാണിക്കുന്നതിനിടയില്‍ അയാള്‍ കാമുകിയോട് നടത്തുകയും ചെയ്തു. 



സ്റ്റാള്‍സില്‍ പതിനഞ്ചും ഇരുപതും രൂപയും ബാല്‍ക്കണിക്ക് ഇരുപത്തിയഞ്ചു രൂപയും മാത്രമേ ഡിഡിഎല്‍ജെ മാറ്റിനിക്ക് ഈടാക്കുന്നുള്ളൂ. പിന്നീടുള്ള മറ്റു സിനിമകള്‍ക്ക് നിരക്ക് കൂടും. 



ഷാറൂഖ് ഖാനും കജോളും പല തവണ ഈ തിയേറ്ററിലെ പ്രദര്‍ശനങ്ങള്‍ക്കെത്തിയിട്ടുണ്ട്. ഷാറൂഖ് തിരശ്ശീലയ്ക്കു മുമ്പില്‍ തന്റെ ആരാധകര്‍ക്കായി നൃത്തമാടുന്ന ഫോട്ടോ ഇതോടൊപ്പമുണ്ട്. ഡിഡിഎല്‍ജെ വിജയത്തെ സംബന്ധിച്ച സിഎന്‍എന്‍ സ്റ്റോറി ഇവിടെ കാണാം.  https://edition.cnn.com/videos/world/2020/05/11/great-big-story-movie-playing-24-years-gbs.great-big-story



 ഡിഡിഎല്‍ജെയെ സംബന്ധിച്ച് ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗേ-എ മോഡേണ്‍ ക്ലാസിക്ക് എന്ന പേരില്‍ അനുപമ ചോപ്ര ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. ആഗോളവത്ക്കരണത്തെ ആഗിരണം ചെയ്ത തൊണ്ണുറുകളിലെ പുതിയ ഇന്ത്യയുടെ ജനപ്രിയാഹ്ലാദ സിനിമയാണ് ഡിഡിഎല്‍ജെ. രോഷാകുലനായ യുവനായകനെ മാറ്റി നിര്‍ത്തി ഇന്ത്യയിലും യൂറോപ്പിലോ അമേരിക്കയിലോ ആസ്‌ത്രേലിയയിലോ ആയും മാറി മാറി ജീവിക്കുന്ന എന്‍ആര്‍ ഐ ഇന്ത്യക്കാരുടെ കൂടി ജീവിതത്തെ മഹത്വവത്ക്കരിക്കുന്ന ഇരട്ടപ്പൗരത്വ സിനിമയാണ് ഡിഡി എല്‍ജെ. 



(വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട് ; ജസ്റ്റ് ഡയല്‍ ഡോട്ട് കോം, ഇന്ത്യ ഡോട്ട് കോം, പിങ്ക് വില്ല ഡോട്ട് കോം, അലാമി ഡോട്ട് കോം, ഇന്ത്യടൈംസ് ഡോട്ട് കോം, സിനിമട്രെഷേര്‍സ്, മുംബൈ ഹെറിറ്റേജ്, സബ്രംഗ് ഇന്ത്യ, ബോളി വുഡ് മന്ത്ര, സിഎന്‍എന്‍, വിക്കിപ്പീഡിയ, ഖാലിദ് മൊഹമ്മദ്)


(ജി പി രാമചന്ദ്രന്‍/26-06-2021)











No comments: