ഒറ്റത്തിരശ്ശീലകള്‍ - 6
ന്യൂ എംപയര്‍ സിനിമ
19എ മര്‍സ്ബാന്‍ റോഡ്, ഫോര്‍ട് മുംബൈ -1
കോവിഡ് മഹാമാരി ആരംഭിക്കുന്നതിനു മുമ്പു തന്നെ മുംബൈയിലെ പ്രസിദ്ധമായ ന്യൂ എംപയര്‍ സിനിമ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. 2014 മാര്‍ച്ച് 21നാണ് ന്യൂ എംപയറില്‍ അവസാനം പ്രദര്‍ശനം നടന്നത്. 300: റൈസ് ഓഫ് ആന്‍ എംപയര്‍ ആയിരുന്നു അവസാനം കാണിച്ച സിനിമ. ആ ശീര്‍ഷകത്തില്‍ സൂചിപ്പിച്ച ഉയരങ്ങള്‍ കീഴടക്കി എംപയര്‍ പിന്നീട് അടഞ്ഞു കിടന്നു.
ഛത്രപതി ശിവാജി ടെര്‍മിനസ് എന്നു പേരു മാറ്റിയിട്ടുള്ള ബോംബെയിലെ വിടി സ്‌റ്റേഷന്റെ തൊട്ടടുത്താണ് ന്യൂ എംപയര്‍. ഇതിനടുത്തായി തന്നെ മറ്റൊട്ടേറെ സിനിമാശാലകളുമുണ്ട്. അതില്‍ പലതും- ന്യൂ എക്‌സല്‍ഷര്‍, സ്റ്റെര്‍ലിംഗ് - ഒന്നിലധികം സ്‌ക്രീനുകളുള്ള മള്‍ട്ടിപ്ലെക്‌സുകള്‍ ആക്കി രൂപാന്തരം പ്രാപിച്ചുകഴിഞ്ഞു. അപ്പോഴും മാറാതെ നില്‍ക്കുകയായിരുന്നു ആര്‍ട് ഡെക്കോ ശൈലിയില്‍ പണിതിട്ടുള്ള ന്യൂ എംപയര്‍. ആ തീരുമാനമാണോ ഈ സിനിമാശാലയ്ക്ക് തിരിച്ചടിയായത് എന്നറിഞ്ഞുകൂടാ.
1952ലെ ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനം നടന്നത് ന്യൂ എംപയറിലാണ്.
മുംബൈ നഗര ചരിത്രകാരനായ ദീപക് റാവ് പറയുന്നത്: മുമ്പൊക്കെ ഒരു സിനിമാശാലയിലേക്ക് പോകുന്നത് അത്യാഹ്ലാദകരമായ അനുഭവവും ഒരു കലാവിഷ്‌ക്കാരം തന്നെയുമായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യലും അടുത്ത വെസ്റ്റേണിനു വേണ്ടി കാത്തിരിക്കലും തുടങ്ങി കഫറ്റേറിയയില്‍ കിട്ടുന്ന ലഘു ഭക്ഷണവും ഹാളിന്റെ ഗാംഭീര്യവും വരെയുള്ള എല്ലാം അനുഭവിക്കേണ്ടതു തന്നെ.
ചലച്ചിത്ര നിരൂപകനും കോളമിസ്റ്റും ഫിപ്രെസ്‌കി-ഇന്ത്യയുടെ മുന്‍ പ്രസിഡന്റുമായ റഫീഖ് ബാഗ്ദാദി പറയുന്നത്: ഒരു സ്ഥലത്തിന്റെ സ്ഥിതി എന്താണെന്നറിയണമെങ്കില്‍ അവിടത്തെ ബാത്ത്‌റൂം എപ്രകാരമാണെന്ന് പരിശോധിക്കണമെന്ന് മന്തോ ഒരിക്കല്‍ പറയുകയുണ്ടായി. ഇക്കാര്യത്തിലെല്ലാം ദശകങ്ങള്‍ക്കു മുമ്പു തന്നെ ഉദാത്തമായ മാതൃക സൃഷ്ടിച്ച തിയേറ്ററായിരുന്നു ന്യൂ എംപയര്‍. റഫീഖ് ബാഗ്ദാദിയുടെ കോളേജ് കാലത്ത് മോണിംഗ് ഷോ എപ്പോഴും ഇംഗ്ലീഷ് പടങ്ങളായിരുന്നു. ഹൗസ് ഫുള്ളാവുമായിരുന്നു. അവിടത്തെ കഫേയില്‍ ബ്രോത്ത് (എല്ലുകളും മാംസവും ഉപയോഗിച്ച് ഉണ്ടാക്കുന്ന സൂപ്പ് പോലുള്ള ഒരു പാനീയം, ഇതിനെ ഫ്രഞ്ചില്‍ ബൂളണ്‍ എന്നും വിളിക്കും)
ആയിരമാണ് ന്യൂ എംപയറിന്റെ സീറ്റിംഗ് കപ്പാസിറ്റി. 1908ല്‍ ലൈവ് ഷോകള്‍ക്കായുള്ള (നാടകങ്ങളും സംഗീത പരിപാടികളും) തിയേറ്ററായിട്ടാണ് എംപയര്‍ പണിതുയര്‍ത്തിയത്. പിന്നീട് 1937നും 1948നുമിടയില്‍ ആര്‍ട് ഡെക്കോ ശൈലിയിലേക്ക് മാറ്റി സിനിമാശാലയാക്കി പരിഷ്‌ക്കരിച്ചു.1933ല്‍ റീഗലും 1938ല്‍ മെട്രോയും ഈറോസും 1949ല്‍ ലിബര്‍ട്ടിയും തുടങ്ങിയ കൂട്ടത്തിലുള്ള ഒരു സിനിമാശാലയായി ന്യൂ എംപയറിനെയും പരിഗണിക്കാറുണ്ട്. 1930കളോടെ തന്നെ എംപയറില്‍ സിനിമാപ്രദര്‍ശനം ആരംഭിച്ചിരുന്നു. ഇടയ്ക്കിടെ ലൈവ് ഷോകളും സിനിമകളും അങ്ങിനെയായിരുന്നു അന്നത്തെ രീതി.
ജോണ്‍ റോബര്‍ട്‌സ് & കമ്പനിയിലെ ഫ്രിറ്റസ് വോണ്‍ ഡ്രീബെര്‍ഗാണ് ന്യൂ എംപയര്‍ രൂപകല്പന ചെയ്തത്. യഥാര്‍ത്ഥ കെട്ടിടം ബറോക്ക് ശൈലിയിലായിരുന്നു. ആര്‍തര്‍ പെയ്‌നെ എന്ന ആര്‍ക്കിടെക്റ്റാണ് അത് പണിതത്. ഒ കോണോറും ജെറാര്‍ദും ചേര്‍ന്ന് ഇന്റീരിയര്‍ ചെയ്തു. കാന്റിലിവറുള്ള ഏഷ്യയിലെ തന്നെ ആദ്യത്തെ ബാല്‍ക്കണി ന്യൂ എംപയറിലാണ്. ഓര്‍ക്കെസ്ട്ര സ്റ്റാള്‍സും സര്‍ക്കിള്‍, ഗാലറി നിലകളുമുണ്ടായിരുന്നു. അധിക ഇരിപ്പിടങ്ങളായി ബോക്‌സുകളുമുണ്ടായിരുന്നു. ബാള്‍ട്ടിവാല & കമ്പനിയുടെ ഒരുഗ്രന്‍ പരിപാടിയോടെയാണ് തിയേറ്റര്‍ ആരംഭിച്ചതെന്ന് റഫീഖ് ബാഗ്ദാദി ഓര്‍മ്മിക്കുന്നു. 1930ലാദ്യമായി എംപയര്‍ തിയേറ്ററില്‍ വാഗബോണ്ട് കിംഗ് എന്ന സിനിമ പ്രദര്‍ശിപ്പിച്ചു.
ആദ്യ കാലങ്ങളില്‍, സിനിമ തുടങ്ങുന്നതിനു മുമ്പ് ലോക ബോക്‌സിംഗ് ചാമ്പ്യന്‍ ഷിപ്പിലെ തിരഞ്ഞെടുത്ത ക്ലിപ്പിംഗുകള്‍ അവിടെ കാണിക്കുമായിരുന്നു. ഇതൊരധിക ആകര്‍ഷണമായിരുന്നു. ഇടയ്ക്ക് ഫ്രഞ്ച് സിനിമ പോലെ മറ്റു യൂറോപ്യന്‍ സിനിമകളും പ്രദര്‍ശിപ്പിക്കുമായിരുന്നു.
അവസാന ഏഴു വര്‍ങ്ങളിലെ തിയേറ്ററിന്റെ ആകെ നഷ്ടം 2.58 കോടി രൂപയായിരുന്നുവെന്ന് ഉടമയായ ബര്‍ജ് കൂപ്പര്‍ പറയുന്നു. മള്‍ട്ടിപ്ലെക്‌സുകള്‍ക്ക് സമ്പൂര്‍ണ നികുതി ഒഴിവ് കൊടുത്തപ്പോള്‍, സിംഗിള്‍ സ്‌ക്രീനുകള്‍ക്ക് 45 ശതമാനം നികുതി ഈടാക്കുകയായിരുന്നു മഹാരാഷ്ട്ര സര്‍ക്കാര്‍.
1955ല്‍ ട്വന്റീത്ത് സെഞ്ച്വറി ഫോക്‌സ് കോര്‍പ്പറേഷന്‍, ന്യൂ എംപയറിനെ അവരുടെ ബോംബെയിലെ പ്രീമിയര്‍ തിയേറ്ററായി തെരഞ്ഞെടുത്തു. അവരുടെ എല്ലാ പുതിയ സിനിമകളും ഇന്ത്യയില്‍ ന്യൂ എംപയറിലാണ് ആദ്യ പ്രദര്‍ശനം നടത്തിയത്.
ലവ്‌സ്‌റ്റോറി, നോര്‍ത്ത് ടൂ അലാസ്‌ക്ക, എറൗണ്ട് ദ വേള്‍ഡ് ഇന്‍ 80 ഡെയ്‌സ് തുടങ്ങിയ സിനിമകളൊക്കെ ന്യൂ എംപയറില്‍ വന്‍ വിജയമായ സിനിമകളാണ്.
1996ല്‍ വീണ്ടും ന്യൂ എംപയര്‍ പുതുക്കി പണിതിരുന്നു. ഒന്നിലധികം സ്‌ക്രീനുകളാക്കാനുള്ള വിസ്താരം തിയേറ്ററിനില്ല എന്നതാണ് ഇപ്പോള്‍ ന്യൂ എംപയര്‍ നേരിട്ടിരിക്കുന്ന പ്രതിസന്ധി. 2014ല്‍ പോലും ബാല്‍ക്കണി സീറ്റിന് 150 രൂപയേ ചാര്‍ജുണ്ടായിരുന്നുള്ളൂ.
നിരവധി സിനിമാശാലകളുടെ ഉടമയായി മാറിയകേക്കി മോഡിയായിരുന്നു ന്യൂ എംപയറിന്റെയും ഉടമ. പ്രസിദ്ധ സംവിധായകനും നടനുമായ സൊറാബ് മോഡിയുടെ സഹോദരനാണ് കേക്കി മോഡി. 1920കള്‍ മുതല്‍ സൈക്കിളില്‍ സഞ്ചരിച്ച് ഫിലിം പ്രിന്റുകള്‍ മഹാരാഷ്ട്രയുടെ വിവിധ പ്രദേശങ്ങളിലെത്തിച്ചുകൊണ്ടാണ് സിനിമാ പ്രദര്‍ശനം എന്ന തന്റെ ഇഷ്ടമേഖലയില്‍ കേക്കി മോഡി പടര്‍ന്നു പന്തലിച്ചത്. പൂനെയിലെ ഖട്ക്കിയിലുള്ള ഒരു സിനിമാശാലയില്‍ പ്രതിദിന കൂലി രണ്ടുരൂപയ്ക്ക് പ്രൊജക്ഷനിസ്റ്റായി അദ്ദേഹം ജോലി ചെയ്തു. അദ്ദേഹം പിന്നീട് രൂപീകരിച്ച വെസ്റ്റേണ്‍ ഇന്ത്യ തിയേറ്റേഴ്‌സ് ലിമിറ്റഡ് എന്ന കമ്പനിക്ക് മുംബൈയിലും പൂനെയിലും മഹാരാഷ്ട്രയിലെ മറ്റു പ്രദേശങ്ങളിലും കൊല്‍ക്കത്തയിലും തിയേറ്ററുകളുണ്ടായിരുന്നു.
കേക്കി മോഡിയുടെ മകള്‍ മാക്‌സി കൂപ്പര്‍, പെയിന്ററും ഫോട്ടോഗ്രാഫറുമാണ്. 2018ല്‍ അവര്‍ നടത്തിയ എക്‌സിബിഷനില്‍ കേക്കി മോഡിയുടെയും അദ്ദേഹം ബോംബെയിലേക്കെത്തിച്ച ലോക സിനിമാ കാഴ്ചകളുടെയും നിരവധി ഫോട്ടോകളുണ്ടായിരുന്നു. ഇതിന്റെ വിശദവിവരങ്ങള്‍ ഈ സൈറ്റില്‍ കാണാം.
ജി പി രാമചന്ദ്രന്‍/17-07-2021)
No comments:
Post a Comment