ഒറ്റത്തിരശ്ശീലകള്‍ -7
മെട്രോ സിനിമ, ധോബി തലാവ്, ബോംബെ.
1938 ജൂണ്‍ 8നാണ് ഈ കഥ ആരംഭിക്കുന്നത്. അല്ല, അതിനും മുമ്പെ അതിന്റെ നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചതു മുതല്ക്ക്, അല്ലെങ്കില്‍ അതിന്റെ ആലോചന ആരംഭിച്ച സമയത്ത് തുടങ്ങിയ കഥയാണത്. സിനിമാപ്രണയികളും തിരശ്ശീലയിലെ ദൃശ്യ-ശ്രവ്യ വിസ്മയങ്ങളും തമ്മിലുള്ള തീരാത്ത പ്രണയത്തിന്റെ കഥ.
ബോംബെയിലെയും ഇന്ത്യയിലെയും ആദ്യത്തെ അമേരിക്കന്‍ തിയേറ്ററാണ് മെട്രോ. അതിനു മുമ്പ് ബോംബെയില്‍ വന്ന തിയേറ്ററുകളൊക്കെയും ബ്രിട്ടീഷ് സഹായത്തോടെയും മേല്‍നോട്ടത്തോടെയും പാഴ്‌സികളും മറ്റും പണിതതായിരുന്നു. എന്നാല്‍, മെട്രോ, ഹോളിവുഡിലെ പ്രധാന സ്റ്റുഡിയോ ആയ എംജിഎം - മെട്രോ ഗോള്‍ഡ് വിന്‍ മെയര്‍ - തന്നെ നേരിട്ട് പണിതതും, തങ്ങളുടെ പേരിന്റെ ആദ്യ ഭാഗം തന്നെ കൊടുത്ത് പൊലിപ്പിച്ചതുമാണ്. അമേരിക്കന്‍ തിയേറ്റര്‍ ആര്‍ക്കിടെക്റ്റ് ആയ തോമസ് ഡബ്ല്യു ലാംബിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍ ഡി ഡബ്ല്യൂ ഡിച്ച്‌ബേമും ഖലാസിമാരും തൊഴിലാളികളുമാണ് മെട്രോയുടെ അതീവ ചാരുതയാര്‍ന്ന ആര്‍ട് ഡെക്കോ കെട്ടിടം മുപ്പതുകളില്‍ പണിതുയര്‍ത്തിയത്.
എല്യോനര്‍ പോവല്ലും ജോര്‍ജ് മര്‍ഫിയും അഭിനയിച്ച ബ്രോഡ് വെ മെലഡി 1938 എന്ന സിനിമയായിരുന്നു ഉദ്ഘാടന ചിത്രം.
നാലു നിലകളില്‍, ആപ്പീസുകള്‍ക്കും കടകള്‍ക്കും മുകളിലും താഴെയുമായി സ്ഥലം കൊടുത്ത, ഇടയില്‍ ആയിരത്തഞ്ഞൂറ് ഇരിപ്പിടങ്ങളുള്ള ഒരു വലിയ ഹാള്‍ അടങ്ങുന്ന കെട്ടിടമാണ് മെട്രോ ആയി 1938ല്‍ പണിതുദ്ഘാടനം ചെയ്തത്. രണ്ടു നില ഉയരമുള്ള പ്രവേശന വരാന്ത(ഫോയര്‍)യില്‍ ഇറ്റാലിയന്‍ മാര്‍ബിള്‍ കൊണ്ടാണ് നിലമൊരുക്കിയത്. ബര്‍മയില്‍ നിന്നു കൊണ്ടു വന്ന തേക്കുകള്‍ കൊണ്ട് പാനല്‍ ചെയ്തു. പതിനഞ്ചടി നീളമുള്ള ബെല്‍ജിയന്‍ തൂക്കുവിളക്കുകളും ലോഹഗ്രില്ലുകള്‍ ഉറപ്പിച്ച തുറന്ന ബാല്‍ക്കണികളും ഈ പൂമുഖത്തുണ്ട്.
ബോംബെ സിനിമയുടെ നഗരമാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇവിടെ ഒരു നിരത്തിന്റെ പേര് സിനിമാ റോഡ് എന്നാണ്. മെട്രോ സിനിമയുടെ പുറകിലെ ലൈനാണത്. രണ്ടു സ്‌പോര്‍ട്‌സ് കടകളും ഒരു തുന്നല്‍ക്കടയും ഒരു മുറുക്കാന്‍ കടയുമൊക്കെയാണവിടെയുള്ളത്. അതൊന്നും പ്രധാനമല്ല, തൊട്ടടുത്ത് മെട്രോ ഉണ്ടല്ലോ! മെട്രോ സിനിമ ഉദ്ഘാടനം ചെയ്തതിനെ എല്ലാവരും സ്വാഗതം ചെയ്യുകയല്ല ചെയ്തതെന്നും ചിലര്‍ പ്രതിഷേധം ഉയര്‍ത്തിയെന്നും പ്രകടനങ്ങള്‍ വരെ നടത്തിയെന്നും ചരിത്രകാരനായ ദീപക് റാവ് പറയുന്നു. അതിനെക്കുറിച്ചുള്ള പത്ര വാര്‍ത്തകളും അന്ന് വന്നിരുന്നു.
സിനിമാ റോഡിലെ ഒരു അലക്കുകടയുടെ പേര് മഡോണ ലോണ്‍ഡ്രി എന്നാണ്. ബോംബെ നഗരത്തിലെ അലക്കുകാരുടെ (ധോബികളുടെ) പ്രവൃത്തി/താമസസ്ഥലമാണ് ധോബി തലാവ്. അലക്കുകാരുടെ കുളം എന്നാണ് ധോബി തലാവ് എന്ന വാക്കിന്റെ പരിഭാഷ. ബ്രിട്ടീഷ് സൈനികരുടെ യൂണിഫോമുകളും മറ്റ് വസ്ത്രങ്ങളും അലക്കിയിരുന്നത് ഇവിടെയായിരുന്നു. ഇവിടത്തെ കുളത്തിന്റെ അടിയില്‍ നിരവധി ഉറവകളുണ്ടെന്ന്, അടുത്ത കാലത്ത് സബ്‌വേയ്ക്കു വേണ്ടി കുഴിച്ചപ്പോള്‍ കാണാന്‍ കഴിഞ്ഞു. ഇപ്പോള്‍ പക്ഷെ, ആ കുളം അവിടെയില്ല. അതു നിന്നിരുന്ന സ്ഥലത്ത് ഇപ്പോഴുള്ളത് ഒരു പൊതു ഗ്രന്ഥശാലയാണ്(പീപ്പിള്‍സ് ഫ്രീ റീഡിംഗ് റൂം). അതിന്റെ എതിര്‍വശത്താണ് മെട്രോ സിനിമ. സേവിയേഴ്‌സ് കോളേജും ഇവിടെത്തന്നെയാണുള്ളത്. എഡ്വാര്‍ഡ് സിനിമയും ലിബര്‍ട്ടി സിനിമയും തൊട്ടടുത്തു തന്നെ. മെട്രൊ സിനിമ നില്ക്കുന്നത് മഹാത്മാഗാന്ധി റോഡിലാണ്. സിനിമാ റോഡിന്റെ പുറകിലുള്ളതാകട്ടെ ബാരക്ക് റോഡാണ്.
വിടി സ്‌റ്റേഷനും ക്രോഫോര്‍ഡ് മാര്‍ക്കറ്റും മുഹമ്മദ് അലി റോഡും ജെഹാംഗീര്‍ കൊവാസ്ജി ഹാളും നിരവധി ഇറാനി റസ്റ്റാറണ്ടുകളും എല്ലാം മെട്രോയ്ക്കടുത്താണുള്ളത്.
കൊളാബയിലേക്ക് സൈനികാസ്ഥാനം മാറ്റുന്നതിനു മുമ്പ് ഇവിടെയായിരുന്നു അത് പ്രവര്‍ത്തിച്ചിരുന്നത്. യൂറോപ്യന്മാരും ഇന്ത്യക്കാരുമായ പട്ടാളക്കാര്‍ക്കുള്ള പാളയങ്ങളും കുതിരകള്‍ക്കുള്ള ലായങ്ങളും കുറെയധികം തുറന്ന വെളിമ്പ്രദേശങ്ങളും അലക്കുമൈതാനവും കുളവും ആശുപത്രിയും ശവകുടീരവുമായിരുന്നു ഇവിടെയുണ്ടായിരുന്നത്. കേള്‍ക്കുമ്പോള്‍ തന്നെ തല പെരുക്കുന്ന ഇത്തരം കാഴ്ചകള്‍ക്കു പകരം, സംഗീതത്തിന്റെയും പ്രണയത്തിന്റെയും സസ്‌പെന്‍സിന്റെയും സ്വപ്‌നങ്ങളുടെയും തീരാത്ത കലവറയായ സിനിമകളുടെ കേന്ദ്രവും തൊട്ടു മുമ്പില്‍ വായനശാലയും പിന്നെ എല്ലാവിധ കച്ചവടപ്പീടികകളും എന്നിങ്ങനെ ധോബി തലാവ് തെക്കന്‍ മുംബൈയിലെ ആകര്‍ഷക കേന്ദ്രമായി വര്‍ഷങ്ങള്‍ കൊണ്ട് മാറിക്കഴിഞ്ഞു.
1995ലെ ഇന്ത്യന്‍ അന്താരാഷ്ട്ര മേള (ഇഫി) ബോംബെയില്‍ വെച്ചായിരുന്നു. മെട്രോയായിരുന്നു അതിലെ പ്രധാന വേദികളിലൊന്ന്. ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്‌ക്കിയുടെ ത്രീകളേഴ്‌സ് മൂന്നു സിനിമകളും - റെഡ്, വൈറ്റ്, ബ്ലൂ - ഇവിടെയായിരുന്നു പ്രദര്‍ശിപ്പിച്ചത്. സിനിമയോടെന്നതു പോലെ ജീവിതത്തോടും ആസക്തി വര്‍ദ്ധിപ്പിക്കുന്ന ഈ സിനിമകളുമായി ചേര്‍ത്തു വെച്ചാണ് മെട്രോയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സില്‍ തങ്ങി നില്ക്കുന്നത്.
എഴുപതുകള്‍ വരെ ഹോളിവുഡ് സ്റ്റുഡിയോ ആയ എംജിഎം തന്നെയായിരുന്നു മെട്രോയുടെ ഉടമസ്ഥര്‍. പിന്നീട് അവര്‍ ഇന്ത്യക്കാര്‍ക്ക് വിറ്റു. വര്‍ഷങ്ങള്‍ കഴിയവെ, ആദ്യം അംബാനിയും പിന്നീട് മള്‍ട്ടിപ്ലെക്‌സ് കമ്പനിയായ ഐനോക്‌സും ഈ സിനിമാശാല വാങ്ങിച്ചു. റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള കാലത്ത് മെട്രോ ബിഗ് സിനിമ എന്നും മെട്രോ ആഡ്‌ലാബ്‌സ് എന്നുമായിരുന്നു പേര്. ഇപ്പോള്‍ മെട്രോ ഐനോക്‌സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നു. നൂറു ശതമാനം സൗരോര്‍ജ്ജം ഉപയോഗിച്ചാണ് മെട്രോ ഐനോക്‌സ് പ്രവര്‍ത്തിക്കുന്നത്. നിരവധി തിരശ്ശീലകളുള്ള മള്‍ട്ടിപ്ലെക്‌സാക്കി മാറ്റിയ മുംബൈയിലെ ആദ്യത്തെ സിംഗിള്‍ സ്‌ക്രീനാണ് മെട്രോ. ഇപ്പോള്‍ ആറു സ്‌ക്രീനുകളാണ് മെട്രോ ഐനോക്‌സിലുള്ളത്. അതിലൊന്ന് കുട്ടികള്‍ക്കു മാത്രമുള്ളതാണ്. കിഡില്‍സ്(കിടില്‍സ്!).
്അറുപതുകള്‍ വരെയും ഹോളിവുഡ് സിനിമകള്‍, അതിലധികവും എംജിഎം സിനിമകള്‍ മാത്രമായിരുന്നു മെട്രോയില്‍ കളിച്ചിരുന്നത്. ഇന്ത്യക്കാരുടെ ഉടമസ്ഥതയിലെത്തിയപ്പോള്‍, ബോളിവുഡ് സിനിമകളുടെ പ്രീമിയര്‍ തിയേറ്ററായി മെട്രോ മാറി. മിക്ക ബ്ലോക്ക് ബസ്റ്ററുകളുടെയും ആദ്യ പ്രദര്‍ശനം ഇവിടെയായിരുന്നു. ഗ്ലാമര്‍ താരങ്ങളെല്ലാം അപ്പോഴിവിടെയെത്തും. ഗ്രെഗറി പെക്കും രാജ് കപൂറും ദിലീപ് കുമാറും മീനാകുമാരിയും മുതല്‍ പുതുതലമുറ താരങ്ങള്‍ വരെ മെട്രോയിലെ റെഡ് കാര്‍പ്പറ്റിലൂടെ നടന്നു. പലപ്പോഴും മെട്രോയിലെത്തുന്ന താരങ്ങള്‍, കാണികളുടെ ടിക്കറ്റുകുറ്റികളില്‍ കയ്യൊപ്പു ചാര്‍ത്തിക്കൊടുക്കുമായിരുന്നു.
സൗദാഗറും ബോബിയും 1942 എ ലവ് സ്‌റ്റോറിയും ബര്‍സാത്തും ചാന്ദ്‌നിയും ഖല്‍ നായക്കും കഭി അല്‍വിദാ ന കഹ്നയും ഇവിടെയായിരുന്നു പ്രീമിയര്‍. 1942 എ ലവ് സ്റ്റോറിക്കു വേണ്ടി ഡോള്‍ബി ശബ്ദ സംവിധാനം ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ തിയേറ്ററാണ് മെട്രോ.
ശ്യാം ബെനഗലിന്റെ ജുനൂണ്‍ പോലുള്ള സിനിമകള്‍ക്കും മെട്രോയിലിടം കിട്ടി. 1954ല്‍ ആദ്യത്തെ ഫിലിം ഫെയര്‍ അവാര്‍ഡ് നിശ അമ്പതുകളില്‍ മെട്രോയിലാണ് നടന്നത്. അന്ന് ദോ ബീഗാ സമീന്‍ എന്ന പ്രമുഖ സിനിമയുടെ രണ്ടവാര്‍ഡുകള്‍ മേടിച്ച ബിമല്‍ റോയിക്ക് പക്ഷെ, നിശാപാര്‍ടി നടന്ന വില്ലിംഗ്ടണ്‍ ക്ലബ്ബിലേക്ക് പ്രവേശനം ലഭിച്ചില്ല. കാരണം അ്‌ദ്ദേഹം മുണ്ടുടുത്താണ് അവാര്‍ഡ് മേടിക്കാനെത്തിയത്.
1989ല്‍ ചാന്ദ്‌നി ആദ്യപ്രദര്‍ശനം നടത്തിയപ്പോള്‍, സ്റ്റാള്‍സില്‍ പഞ്ചാബി വിവാഹവേദി പോലെ ഒരുക്കിയാണ് യാഷ് ചോപ്ര ക്ഷണിതാക്കളെ വരവേറ്റത്. വളകളും തലമുടിത്തൊങ്ങലുകളും(പരാന്തി) എല്ലാമായി ആകെ ജഗപൊഗ. 1993ല്‍ ഖല്‍നായക് റിലീസ് ചെയ്തപ്പോള്‍, സുഭാഷ് ഗയ് ഇതേ സ്ഥലത്തെ ഒരു ജയില്‍ പോലെയാണ് ഡെക്കറേറ്റ് ചെയ്തത്. പിന്നെയുണ്ടായ തള്ളിക്കയറ്റത്തെ നേരിടാന്‍ പോലീസ് വേണ്ടി വന്നു.
(ജി പി രാമചന്ദ്രന്‍/08-08-2021)
(കടപ്പാട് : ആര്‍ട് ഡെക്കോ മുംബൈ ഡോട്ട് കോം, ഐനോക്‌സ് പി ആര്‍ ന്യൂസ് വയര്‍ വീഡിയോകളും ടെക്‌സ്റ്റുകളും, വെര്‍വെ മാഗസിന്‍, ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ഹിന്ദുസ്ഥാന്‍ ടൈംസ്, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, വിക്കിപ്പീഡിയ, ടൈംസ് ഓഫ് ഇന്ത്യ)
No comments:
Post a Comment