Sunday, November 7, 2021

 ബോംബെയിലെ സാംസ്‌ക്കാരിക ഗറില്ലകള്‍


ജി പി രാമചന്ദ്രന്‍
--


  (എഡ്വേര്‍ഡ് തിയേറ്റര്‍, കല്‍ബാദേവി, മുംബൈ)

1914-15ലാണ് ബ്രിട്ടീഷ് തിയേറ്ററായ എഡ്വേര്‍ഡ് പ്രദര്‍ശനത്തിനായി തുറന്നത്. അന്ന് അതൊരു ഓപ്പറ ഹൗസായിരുന്നു. എഡ്വേര്‍ഡ് അഞ്ചാമന്‍ രാജാവിന്റെ പേരാണ് തിയേറ്ററിന് നല്‍കിയത്. അദ്ദേഹം ആ വര്‍ഷം ബോംബെ സന്ദര്‍ശിച്ചിരുന്നു.
ടോക്കീസിന്റെ വരവിനു മുമ്പു തന്നെ നിശ്ശബ്ദ സിനിമകള്‍ അവിടെ കാണിച്ചു തുടങ്ങി.



ചരിത്രത്തില്‍ ചില വൃത്തങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍, കാര്യങ്ങള്‍ ആവര്‍ത്തിക്കും. പഴയ തിയേറ്ററായ എഡ്വേര്‍ഡില്‍ സിനിമ കാണാന്‍ ആളുകള്‍ കുറഞ്ഞപ്പോള്‍, പല തരത്തിലുള്ള കലാപരിപാടികളുടെ ഒരു കേന്ദ്രമാക്കി അത് മാറി. സ്റ്റാന്റ് അപ്പ് കോമഡി മുതല്‍ ഭരതനാട്യം വരെ അവിടെ കളിച്ചു. ഞായറാഴ്ചകളില്‍ കോമഡി മേള തന്നെ നടത്തി. കെട്ടിടവും അതിന്റെ അകവും മികച്ച നിലയിലാണിപ്പോഴുള്ളതെന്ന് പറയാനാവില്ല. എയര്‍കണ്ടീഷന്‍ ചെയ്തിട്ടില്ല. എന്നാല്‍, എച്ച് ആര്‍, സെയിന്റ് സേവിയേഴ്‌സ്, ജയ് ഹിന്ദ് എന്നീ കോളേജുകള്‍ അടുത്തുള്ളതിനാല്‍ ഇതൊരു സാംസ്‌ക്കാരിക കേന്ദ്രമായി പരിണമിച്ചേക്കും എന്നാണ് മാനേജിംഗ് പാര്‍ട്ണര്‍ ആയ ഫ്രെഡ് പൂനാവാല ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് പറഞ്ഞത്. യുകെ കളക്ടീവിന്റെ ആഭിമുഖ്യത്തില്‍ ബ്രിട്ടീഷ് കൗണ്‍സിലിന്റെ ഓഡിയോ വിഷ്വല്‍ സമന്വയം പോലും ഇവിടെ നടത്തുകയുണ്ടായി. ലണ്ടനിലൂടെയുള്ള ഒരു യാത്ര, സിനിമയുടെയും സംഗീതത്തിന്റെയും സഹായത്തോടെ അവര്‍ നടത്തി.
509 സീറ്റുകളാണ് തിയേറ്ററിലുള്ളത്. 1975ല്‍ ജയ് സന്തോഷി മാ 48 ആഴ്ചകള്‍ കളിച്ച ചരിത്രമൊക്കെ ഉണ്ടെങ്കിലും, കുറച്ചു കാലമായി ബി ഗ്രേഡ് സിനിമകള്‍ ആണ് അവിടെ കാണിച്ചിരുന്നത്. എഡ്വേര്‍ഡില്‍ ലോക ക്ലാസിക്കുകള്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കുന്ന ഒരു പരീക്ഷണവും ഈയടുത്ത വര്‍ഷങ്ങളില്‍ ആരംഭിച്ചിരുന്നു. വോള്‍ഫ്ഗാംഗ് ബെക്കറിന്റെയും ഴാങ് ലുക്ക് ഗൊദാര്‍ദിന്റെയും സിനിമകള്‍ അവിടെ കാണിച്ചു. എന്‍ലൈറ്റന്‍ ഫിലിം സൊസൈറ്റിയായിരുന്നു ഇത് സംഘടിപ്പിച്ചു തുടങ്ങിയത്. ബ്രെത്ത് ലസ്സ് 2010ല്‍ ഇവിടെ മാറ്റിനിയായി കളിച്ചു. കൈത്തറി കുര്‍ത്തകള്‍ ധരിച്ച ബുദ്ധിജീവികള്‍ക്കൊപ്പം, വഴിയോരക്കച്ചവടക്കാരും അസംഘടിത തൊഴിലാളികളും സിനിമക്കെത്തിയിരുന്നു.
രാജാവിന്റെ പേരിലുള്ള തിയേറ്ററായിരുന്നെങ്കിലും എഡ്വേര്‍ഡ് ഒരു തൊഴിലാളി വര്‍ഗ സിനിമാശാലയായിരുന്നു.



ഡോക്കുമെന്ററി സംവിധായികത മധുശ്രീ ദത്ത അടക്കമുള്ളവര്‍ പ്രവര്‍ത്തിക്കുന്ന മജ്‌ലിസ് എന്ന സംഘടനയും എസ്എന്‍ഡിറ്റി യൂണിവേഴ്‌സിറ്റിയും മാക്‌സ്മുള്ളര്‍ ഭവനും ചേര്‍ന്നുള്ള ചില പരിപാടികള്‍ക്കും എഡ്വേര്‍ഡ് വേദിയായി. സാഹിത്യത്തിലും സിനിമയിലും നഗരാഖ്യാനങ്ങള്‍ എന്ന കോഴ്‌സിന്റെ ഭാഗമായി അവിടെ ക്ലാസിക്കുകള്‍ പ്രദര്‍ശിപ്പിച്ചു. നഗരത്തില്‍ നിന്ന് അതിന്റെ മുഖങ്ങളും ലക്ഷണങ്ങളും ആസ്പദങ്ങളും നഷ്ടമാകുമ്പോള്‍, തങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഒരു പ്രതിപ്രയോഗത്തിന്റെ ഗറില്ലാ പോരാട്ടമാണ് നടത്തുന്നത് എന്നാണ് മധുശ്രീ ദത്ത തത്വവത്ക്കരിച്ചത്. എന്തെല്ലാമാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്! പഴയ സിംഗിള്‍ സ്‌ക്രീന്‍ സിനിമാശാലകള്‍, ഫിലിം പ്രിന്റുകള്‍... അതു മാത്രമോ? ബോംബെ എന്ന നഗരം നഷ്ടമായിക്കൊണ്ടിരിക്കുന്നു. പല ഗ്രാമീണതകളുടെ ഒരു സംഘാതമായി ഇവിടം മാറിക്കൊണ്ടിരിക്കുന്നു. പ്രാദേശികതകള്‍, ജാതികള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവ സൃഷ്ടിക്കുന്ന സ്വയം തടവറകളുടെ ഗ്രാമങ്ങള്‍ എന്ന കൂട്ടം നഗരത്തിനു പകരമല്ല. ആരും മറ്റൊരാളുടെ സ്ഥലത്തേക്ക് ചെല്ലാന്‍ തയ്യാറല്ല. അതു മാറ്റാനാണ് ഞങ്ങളുദ്ദേശിക്കുന്നത്.
ഫിലിം സൊസൈറ്റി എന്ന പ്രവര്‍ത്തന ഭാവനയെയും ചലച്ചിത്ര പ്രദര്‍ശനം എന്ന പൊതുമയെയും സിനിമാ ശാല എന്ന വാസ്തു/വസ്തു യാഥാര്‍ത്ഥ്യത്തെയും സാംസ്‌ക്കാരിക പ്രത്യക്ഷമായി പുനരാവിഷ്‌ക്കരിക്കുകയായിരുന്നു മധുശ്രീ ദത്ത.



ബാന്ദ്രയിലെ മെഹബൂബ് സ്റ്റുഡിയോയും സമാന്തര സാംസ്‌ക്കാരിക ഹബ്ബാക്കി പരിണമിപ്പിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. എഡ്വാര്‍ഡ് തിയേറ്ററിന്റെ രൂപപരിണാമവും സമാനമാണെന്നാണ് വിലയിരുത്തപ്പെട്ടത്.
കൊച്ചി മുസിരിസ് ബിനാലെയിലും ആലപ്പുഴയിലെ ലോകമേ തറവാട് പ്രദര്‍ശനത്തിലും അനുഭവിച്ചതു പോലെ; ബോംബെ നഗരത്തിന്റെ കൊളോണിയല്‍/ബ്രിട്ടീഷ്/നഗരനിര്‍മ്മാണത്തിന്റെയും മുതലാളിത്തോത്പന്നമായ തൊഴിലാളി വര്‍ഗ ജീവിതത്തിന്റെയും സാംസ്‌ക്കാരിക അവശേഷിപ്പുകളാണ് ഇവയൊക്കെയും.  
സിനിമ സിറ്റി എന്ന മറ്റൊരു പദ്ധതിയും മധുശ്രീ ദത്ത ആരംഭിച്ചിരുന്നു. സിനിമാ നിര്‍മ്മാണം എന്ന ബോംബെയുടെ അവിഭാജ്യമായ പ്രവര്‍ത്തനത്തെ ആര്‍ക്കൈവുകളിലൂടെ പുനസൃഷ്ടിക്കാനാണ് ശ്രമം. ഇതിന്റെ പ്രതിഷ്ഠാപനം ബെര്‍ലിന്‍ അന്താരാഷ്ട്ര മേളയില്‍ പ്രദര്‍ശിപ്പിക്കുകയുമുണ്ടായി.
മാക്‌സ് മുള്ളര്‍ ഭവനി(ജര്‍മന്‍ സാംസ്‌ക്കാരിക കേന്ദ്രം)ലെ മാര്‍ല സ്റ്റക്കന്‍ബര്‍ഗാണ് എഡ്വാര്‍ഡ് തിയേറ്ററാണ് ഈ സാംസ്‌ക്കാരിക സംഗമത്തിന് യോജിച്ച സ്ഥലമെന്ന് നിര്‍ദ്ദേശിച്ചതെന്ന് മധുശ്രീ ദത്ത പറയുകയുണ്ടായി. എഡ്വാര്‍ഡിന് ശക്തമായ ജര്‍മന്‍ ബന്ധവുമുണ്ട്. ജെര്‍ത്രൂഡ് എന്ന ജര്‍മന്‍ വനിതയായിരുന്നു എഡ്വാര്‍ഡ് തിയേറ്ററിന്റെ മുന്‍കാല ഉടമസ്ഥ. അവരെക്കുറിച്ച് ഒരു ഡോക്കുമെന്ററിയില്‍ കണ്ടതോടെ, ഈ തിയേറ്ററിന്റെ ചരിത്ര പ്രാധാന്യവും വിചിത്ര സൗന്ദര്യവും താന്‍ ശ്രദ്ധിച്ചു തുടങ്ങിയെന്ന് സ്റ്റക്കന്‍ ബര്‍ഗ് നിരീക്ഷിച്ചു. ബേജന്‍ ബറൂച്ചയുടെ ഭാര്യയായിരുന്നു ജെര്‍ത്രൂഡ് ബറൂച്ച. ഇപ്പോള്‍ ബറൂച്ച കുടുംബത്തിന്റെ ബന്ധുക്കളായ പൂനാ വാല കുടുംബമാണ് തിയേറ്ററിന്റെ ഉടമസ്ഥര്‍.
ബേജന്‍ മരിച്ചതിനു ശേഷം, എഡ്വാര്‍ഡ് തൊഴിലാളി വര്‍ഗത്തിനു മാത്രമായി സമര്‍പ്പിക്കണമെന്ന് ജെര്‍ത്രൂഡ് ആഗ്രഹിച്ചിരുന്നു. തൊഴിലാളികള്‍, കുടിയേറ്റത്തൊഴിലാളികള്‍ എന്നിവരെ   മാത്രമല്ല സമീപസ്ഥലങ്ങളിലെ യാചകരെ വരെ എഡ്വാര്‍ഡിലേക്ക് ആകര്‍ഷിക്കണം എന്നവര്‍ ഉദ്ദേശിച്ചിരുന്നത്. അതിനനുസരിച്ച് ഏറ്റവും കുറഞ്ഞ പ്രവേശന നിരക്കാണ് അന്നീടാക്കിയിരുന്നത്. 28 രൂപയാണ് ടിക്കറ്റിന്റെ വില. ഉറക്കത്തിന് അനുയോജ്യമായ മതിയായ വിശ്രമസ്ഥലം പോലുമില്ലാത്തവര്‍ക്ക് പകല്‍ വറുതിയ്ക്കിടയില്‍ അല്പം വിശ്രമിക്കാനും ഉല്ലസിക്കാനുമുള്ള ഇരുട്ടിന്റെയും ആഹ്ലാദത്തിന്റെയും സമ്മേളനമായി എഡ്വാര്‍ഡ് മാറട്ടെ എന്ന് അവര്‍ ഭാവന ചെയ്തു.




തിരശ്ശീലയ്ക്കു തൊട്ടുള്ള സീറ്റുകള്‍ക്ക് ഓര്‍ക്കസ്ട്ര സീറ്റുകള്‍ എന്നും മധ്യത്തിലുള്ളതിന് ഡ്രസ്സ് സര്‍ക്കിള്‍ എന്നും പിറകിലുള്ളതിന് ഫസ്റ്റ് ക്ലാസ് എന്നും പേരുകള്‍ നിലനിര്‍ത്തി.

നീല നിറത്തിലുള്ള ഉള്ളകവും വെള്ളയും സ്വര്‍ണവും നിറത്തിലുള്ള തൊങ്ങലുകളും അരങ്ങും മൂന്നു തട്ടുകളായുള്ള ഇരിപ്പിടങ്ങളും ഓര്‍ക്കെസ്ട്രയ്ക്കായുള്ള കുഴിഞ്ഞ ഇടവുമെല്ലാം ഭൂതകാലത്തെ പുനരാനയിക്കുന്നു.

ബ്രിട്ടീഷ് പട്ടാളക്കാര്‍ക്കുള്ള ഓപ്പെറ ഹൗസും ഗുജറാത്തി, പാഴ്‌സി നാടകങ്ങളവതരിപ്പിച്ചിരുന്ന ഒരു ജനപ്രിയ അരങ്ങുമായിരുന്നു ഒരു കാലത്ത് എഡ്വാര്‍ഡ്. ഈ ഹാളില്‍ ഒരിക്കല്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു പ്രഭാഷണവും നടത്തിയിട്ടുണ്ട്.

അടുത്തിടെ മരണപ്പെട്ട നിരൂപകന്‍ റഷീദ് ഇറാനി അമ്പതുകളിലും അറുപതുകളിലും എഡ്വാര്‍ഡില്‍ പോയിരുന്ന തന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഓര്‍മ്മിച്ചിരുന്നു. സ്‌പൈ സ്മാഷര്‍, ഫ്‌ളാഷ് ഗോര്‍ഡോണ്‍, ദ ഷീപ്പ് മാന്‍, ദ ഫാസ്റ്റസ്റ്റ് ഗണ്‍ അലൈവ്  എന്നിങ്ങനെയുള്ള ഹോളിവുഡ് സിനിമകള്‍ രണ്ടാം പ്രദര്‍ശനത്തിനെത്തിയിരുന്നത് എഡ്വാര്‍ഡിലായിരുന്നു. കത്തോലിക്കരും പാഴ്‌സികളുമാണ് അക്കാലത്ത് കല്‍ബാദേവിയിലധികവുമുണ്ടായിരുന്നതെന്നതിനാല്‍, സെസില്‍ ബി ഡെമില്ലെയുടെ കിംഗ് ഓഫ് കിംഗ്‌സ് ഇടക്കിടെ അവിടെ കളിക്കുമായിരുന്നു. തന്റെ അമ്മ ഒരിക്കല്‍ ഗുരുദത്തിന്റെ പ്യാസ കാണിക്കാന്‍ കൊണ്ടു പോയതും ഇറാനി ഓര്‍മ്മിച്ചു. ഈ തിയേറ്റര്‍ കെട്ടിടം പഴയതു പോലെ നില്‍ക്കുന്നു എന്നത് സന്തോഷകരമാണ്, പക്ഷെ ശബ്ദ സംവിധാനം അരോചകമാണ് എന്നാണ് ഇറാനി പറഞ്ഞത്.
എയര്‍ കണ്ടീഷന്‍ ചെയ്ത മള്‍ട്ടിപ്ലെക്‌സുകളിലെ പ്ലാസ്റ്റിക് യാഥാര്‍ത്ഥ്യത്തിനു പകരം എഡ്വാര്‍ഡില്‍ തൊഴിലാളി വര്‍ഗത്തിന്റെ വിയര്‍പ്പും ജനാധിപത്യ മനോഭാവവും അനുഭവിക്കാന്‍ കഴിയും.
എന്നാല്‍, എഡ്വാര്‍ഡിനെ നൊസ്റ്റാല്‍ജിയയുടെ ഒരു കഷണമായി കണ്ട് അതിനെ കേന്ദ്ര ബിന്ദുവാക്കാനൊന്നും തനിക്കുദ്ദേശമില്ലെന്നും മധുശ്രീ ദത്ത വ്യക്തമാക്കി.
(നന്ദി: അനുരാധ സെന്‍ഗുപ്ത/ഗള്‍ഫ് ന്യൂസ്)

(തൃശ്ശൂര്‍ ചലച്ചിത്ര കേന്ദ്രം പ്രസിദ്ധീകരിച്ച കൊട്ടക ഡിജിറ്റല്‍ മാസികയില്‍ പ്രസിദ്ധീകരിച്ചത്)





--

No comments: