Monday, June 7, 2010

പര്‍ദ ധരിച്ച പുരുഷന്മാര്‍




ഇസ്ളാം എന്ന സംഘടിത മതം കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക-വ്യക്തി ജീവിതങ്ങളുടെ സ്വതന്ത്രമായ ഒഴുക്കിന് എത്രമാത്രം ഭീഷണിയാണ് സൃഷ്ടിക്കുന്നത് എന്ന് ആഖ്യാനം ചെയ്യുന്നതിനു വേണ്ടിയാണ് കുറച്ചു ചിരിയും കുറെ ചിന്തയും എന്ന വിശേഷണത്തോടെ സത്യന്‍ അന്തിക്കാട് കഥ തുടരുന്നു എന്ന പേരില്‍ തന്റെ അമ്പതാമത് സിനിമ പുറത്തിറക്കിയിരിക്കുന്നത്. കീ ബോര്‍ഡിസ്റായ ഷാനവാസ് അഹമ്മദും (ആസിഫ് അലി) മെഡിക്കല്‍ വിദ്യാര്‍ഥിനിയായ വിദ്യാലക്ഷ്മി നമ്പ്യാരും (മംമ്ത മോഹന്‍ദാസ്) പ്രണയവിവാഹം ചെയ്ത് ഒളിച്ചോടുന്നുണ്ടെങ്കിലും രണ്ടു പേരുടെയും വീട്ടുകാര്‍ പിടികൂടുന്നു (വിശ്വാസം അതല്ലേ എല്ലാം!). ലവ് ജിഹാദ് എന്നിതിനെ കളിയാക്കി ആരൊക്കെയോ പറയുന്നുണ്ട്. അതൊരു തമാശയായിട്ടാണവതരിപ്പിക്കുന്നതെന്ന് തോന്നിപ്പിക്കുന്നുവെങ്കിലും അത്തരമൊരു ദുരാരോപണത്തിന്റെ ചരിത്ര സന്ദര്‍ഭത്തെ പ്രശ്നവത്ക്കരിക്കാന്‍ രാഷ്ട്രീയ-സാമൂഹ്യ സന്ദര്‍ഭങ്ങളുടെ വിരോധിയായ (പോളണ്ടിലെന്തു സംഭവിച്ചുവെന്ന് മാത്രം ചോദിക്കരുത് - സന്ദേശം), ക്യൂബയുടെ പ്രസിഡന്റാരാണെന്നല്ല; ഒരു കിലോ അരിക്കെന്താണ് വില എന്നാണ് അന്വേഷിക്കേണ്ടത്(വിനോദയാത്ര), രാഷ്ട്രീയ പാര്‍ടികളുടെ ജാഥകളില്‍ പങ്കെടുക്കുന്നത് കൂലി മേടിച്ച് തരാതരംപോലെ കൂറുമാറുന്നവരാണ്(കഥ തുടരുന്നു)) സത്യന്‍ അന്തിക്കാട് പതിവുപോലെ തയ്യാറാകുന്നില്ല. ഷാനവാസ് നല്‍കുന്ന ഹേബിയസ് കോര്‍പ്പസ് ഹരജിയെതുടര്‍ന്ന് വിദ്യാലക്ഷ്മി കോടതിയില്‍ ഹാജരായി തനിക്ക് അദ്ദേഹത്തോടൊപ്പം പോകാനാണ് ഇഷ്ടം എന്നു തുറന്നു പറയുന്നതോടെയാണ് പ്രണയം സാക്ഷാത്കൃതമാകുന്നത്. തങ്ങളെ അനുസരിച്ചാല്‍ മതി, വിവാഹബന്ധത്തില്‍നിന്ന് പിന്മാറണം എന്ന രണ്ടു പേരുടെയും വീട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അവരത് അവഗണിച്ചു. സുഖമായും മാന്യമായും ജീവിക്കുകയും ലയ എന്ന മകളെ പ്രസവിച്ച് വളര്‍ത്തുകയും ചെയ്യുന്നതിനിടയിലാണ് ക്വട്ടേഷന്‍ സംഘം ആളു മാറി ഷാനവാസിനെ കൊല്ലുന്നത്.

അനാഥയും ദരിദ്രയുമാകുന്ന വിദ്യ യാദൃച്ഛികമായി കണ്ടുമുട്ടുന്ന പ്രേ(ജയറാം)മുമായി പരിചയത്തിലാകുകയും അയാള്‍, ദരിദ്രര്‍ തിങ്ങിത്താമസിക്കുന്ന തന്റെ കോളനിയില്‍ അവളെ സുരക്ഷിതമായി പാര്‍പ്പിക്കുകയും ചെയ്യുന്നു. അവിടെ വെച്ചാണ് അവള്‍ പ്രണയത്തിനുവേണ്ടി മെഡിക്കല്‍ വിദ്യാഭ്യാസം വഴിക്കുവെച്ച് നിര്‍ത്തിയവളാണെന്ന് എല്ലാവരും അറിയുന്നത്. അവര്‍ അവരുടെ തുഛമായ വരുമാനത്തില്‍നിന്ന് മിച്ചംപിടിക്കുന്ന പണംകൊണ്ട് അവളുടെ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നു. ഹൌസ് സര്‍ജന്‍സിക്കിടയില്‍വച്ച്, മരിച്ച ഷാനവാസിന്റെ ഉമ്മ അവരെ കണ്ടുമുട്ടുന്നു. സാധാരണ രീതിയില്‍ ഇത്തരമൊരു കഥാസന്ദര്‍ഭത്തില്‍ പ്രണയ വിരോധികളായിരുന്ന കുടുംബം/കുടുംബങ്ങള്‍ മക്കളെയും പേരമക്കളെയും സ്വീകരിക്കുന്ന ശുഭകഥാന്ത്യത്തിലേക്ക് വളരലാണ് മലയാള സിനിമയുടെ പതിവ്. എന്നാലതിവിടെ സാധ്യമല്ല, കാരണം കുട്ടിയുടെ പിതാവിന്റെ 'മുസ്ളിം കുടുംബ'മാണ് കുട്ടിയെ സംരക്ഷിക്കാനായി രംഗത്തുവരുന്നത് എന്നതുതന്നെ. മുസ്ളിം കുടുംബം കുട്ടിയെ ഏറ്റെടുക്കുന്നു എന്നതിന്റെ അര്‍ഥം തങ്ങളുടെ മതത്തിന്റെ അംഗസംഖ്യ കൂട്ടാനുള്ള എളുപ്പവഴി എന്നു മാത്രം വായിച്ചെടുക്കാന്‍ തക്കവണ്ണം 'മതനിരപേക്ഷ' ബോധമുള്ളവരാണ് പൊതുമലയാളി എന്ന് സത്യന്‍ അന്തിക്കാട് തിരിച്ചറിഞ്ഞിരിക്കുന്നു.

ഏതൊക്കെ തരത്തിലുള്ള നന്മയുടെ ഘടകങ്ങളെയാണ് മുസ്ളിം സമുദായം എന്ന കേരളത്തിലെ അന്യര്‍ പരാജയപ്പെടുത്താനും വിഴുങ്ങാനുമായി തയ്യാറായിരിക്കുന്നതെന്ന് നോക്കുക. ഭര്‍ത്താവിന്റെ അകാലികവും ദാരുണവുമായ മരണത്തിനുശേഷം ഒറ്റക്ക് ആരെയും കൂസാതെ ജീവിക്കാന്‍ തീരുമാനിച്ച നായികയുടെ സ്ത്രീശാക്തീകരണത്തെ മുസ്ളിം സമുദായം അതിനനുവദിക്കാതെ നശിപ്പിക്കുന്നു. പര്‍ദയില്‍ തങ്ങളുടെ സമുദായത്തിനകത്തുള്ള സ്ത്രീകളെ ഒതുക്കിയിടുകയും പാര്‍ലമെന്റില്‍ വനിതാബില്‍ പാസാക്കുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്ന മുസ്ളിം സമുദായം സ്ത്രീവിരുദ്ധമാണെന്ന് ആര്യാടന്‍ ഷൌക്കത്തിനെ പിന്തുടര്‍ന്നുകൊണ്ട് ആഖ്യാനം ചെയ്യുകയാണ് സത്യന്‍ അന്തിക്കാട്. അവളെ ഏറ്റെടുത്ത ദരിദ്രരുടെ കോളനിയില്‍ പേരിനുപോലും ഒരു മുസ്ളിം സമുദായക്കാരന്‍ ഇല്ല. അവിടെയുള്ള അമുസ്ളിം ദരിദ്രരില്‍ ചിലരെങ്കിലും ഒരു പക്ഷേ മലപ്പുറത്തു നടക്കുന്ന വര്‍ഗീയ ലഹളകളില്‍ പരിക്കു പറ്റുന്ന 'നിഷ്കളങ്കരാ'യ പൊലീസുകാരും അവരുടെ കുടുംബങ്ങളും ആയിക്കൂടെന്നുമില്ല(സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വിനോദയാത്ര എന്ന സിനിമയിലെ മുരളി അച്ഛനും മീരാ ജാസ്മിന്‍ മകളുമായുള്ള കുടുംബമെന്നതു പോലെ). ആദ്യ ഭര്‍ത്താവ് മരിക്കുകയും ആ ബന്ധത്തിലുണ്ടായ കുട്ടിയെ വളര്‍ത്താനുണ്ടാവുകയും ചെയ്യുമ്പോള്‍ വിധവകള്‍ പുനര്‍വിവാഹം ചെയ്യുന്നത്, മലയാള സിനിമ സാധാരണ രീതിയില്‍ അനുവദിക്കാറില്ല. കഥ തുടരുന്നുവിലും ആ മഹാ നിയമം ലംഘിക്കാന്‍ സംവിധായകന്‍ തയ്യാറാവുന്നില്ല. എന്നാലും, പ്രേമിന് അത്തരത്തിലൊരു മോഹം നല്‍കിക്കൊണ്ടാണ് വിദ്യാലക്ഷ്മി ഗള്‍ഫിലേക്ക് പോകുന്നത് എന്നത് ശ്രദ്ധേയമാണ്. അതായത് മലയാള സിനിമയുടെ വിധവാവിവാഹ നിരോധനം എന്ന മഹാഖ്യാനത്തെ അതിലംഘിക്കാന്‍ വരെ തുനിയുന്ന വിധത്തില്‍ പുരോഗമനപരമായ ഒരു പരിപ്രേക്ഷ്യമാണ് സത്യന്‍ അന്തിക്കാടിന് ഉള്ളത് എന്നതും, ആ 'പുരോഗമനപരത'യുടെ പര്യായമായിട്ടുതന്നെയാണ് പിന്തിരിപ്പന്മാരും അക്രമികളുമായ മുസ്ളിം സമുദായം അപഹസിക്കപ്പെടുന്നതെന്നതും കൂട്ടിവായിക്കേണ്ടതാണ്.

ദരിദ്രരുടെ കോളനിയിലെ ഐക്യബോധവും സദാചാരനിഷ്കര്‍ഷയും അസൂയാവഹവും മാതൃകാപരവുമാണ്. ദരിദ്രര്‍ അത്തരത്തില്‍ ധാര്‍മിക സദാചാരത്തിന്റെയും സത്യസന്ധതയുടെയും കാവലാളായിരിക്കുന്നതിന്റെ ഇതിവൃത്താഖ്യാനങ്ങള്‍ മുമ്പും മലയാള സിനിമയില്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍, ഇവിടെ സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്ന മുസ്ളിം സമുദായാംഗം(ഷാനവാസിന്റെ ജ്യേഷ്ഠ സഹോദരനായ മാര്‍ബിള്‍ വ്യാപാരി) ആര്‍ദ്രതയില്ലാതെ നിരന്തരം പെരുമാറുന്നതും അയാളുടെ തിട്ടൂരങ്ങള്‍ തന്നെ, ആര്‍ദ്രത പുറമേക്ക് പ്രകടിപ്പിക്കുന്നവരെങ്കിലും സമുദായ പ്രചാരകര്‍ തന്നെയായ മുസ്ളിം സ്ത്രീകളും പിന്തുടരുന്നതും വിശദമാക്കപ്പെടുന്നതിനോട് താരതമ്യം ചെയ്തുകൊണ്ടാണ് കോളനിക്കാരുടെ മനോഭാവങ്ങള്‍ മഹത്വവത്ക്കരിക്കുന്നത്. ഇപ്പോള്‍ ഞാന്‍ മയത്തില്‍ പറയുകയാണ്, നീ കുട്ടിയെ വിട്ടുതരുന്നതാണ് നല്ലത്, പിന്നെ സമുദായം ഇടപെടും, കുണ്ടാമണ്ടിയാവും എന്ന് ജ്യേഷ്ഠഭാര്യ പറയുന്നത് നോക്കുക. അനാഥത്വംകൊണ്ടും ദാരിദ്യ്രംകൊണ്ടും ഒറ്റപ്പെട്ടവരായിട്ടും ഇടിഞ്ഞുപൊളിഞ്ഞ കോളനിയില്‍ പരിമിത സൌകര്യങ്ങളോടെ - കുടിവെള്ളം വല്ലപ്പോഴും ടാങ്കറില്‍, മേല്‍ക്കൂരയില്ലാത്ത കക്കൂസും കുളിമുറിയും, കൊതുകുകടി - ജീവിക്കുന്നവരായിട്ടും അവര്‍ പൊതുവെ പങ്കിടുന്ന വികാരങ്ങള്‍ മുസ്ളിം സമുദായത്തില്‍ പെട്ടവര്‍ക്ക് ഉള്‍ക്കൊള്ളാനാകില്ല എന്ന ധ്വനിയാണ് ചിത്രം ജനിപ്പിക്കുന്നത്.

തങ്ങളുടെ സമുദായത്തില്‍പെട്ട പുരുഷന്റെ ബീജത്തില്‍ നിന്നുണ്ടായ കുഞ്ഞായതിനാല്‍ ലയയെ തങ്ങള്‍ ഏറ്റെടുക്കുമെന്ന് മാര്‍ബിള്‍ വ്യാപാരിയായ ജ്യേഷ്ഠനടക്കം സമുദായ-കുടുംബ പ്രതിനിധികള്‍ ഒന്നാകെ ഭീഷണി മുഴക്കുന്നതിലൂടെ നായികയുടെ ഉറക്കവും സ്വൈരവും നഷ്ടമാകുന്നു. ഉറക്കത്തില്‍ അവള്‍ കണ്ട് ഞെട്ടിയെഴുന്നേല്‍ക്കുന്ന ദുസ്വപ്നം ഇപ്രകാരമായിരുന്നു. പര്‍ദയാണെന്നു തോന്നിപ്പിക്കുന്ന കറുത്ത ളോഹയണിഞ്ഞ് മുഖം മൂടിയും ആ മുഖംമൂടി തലക്കു മുകളിലേക്ക് പാറിപ്പറന്നും കുഞ്ഞിനെ ഓടിച്ചിട്ട് പിടിക്കുന്ന കുറെ മുസ്ളിം പുരുഷ'ഭീകര'ന്മാരെയാണ് അവളുടെ സ്വപ്നം ആഖ്യാനം ചെയ്യുന്നത്. ബുര്‍ഖ ധരിച്ച പുരുഷന്‍ വിമാനം റാഞ്ചാന്‍ സാധ്യതയുണ്ടെന്ന് 'കണ്ടെത്തി' അയാളെയും സഹയാത്രികനെയും പുണെ-ദില്ലി-കൊല്‍ക്കത്ത വിമാനത്തില്‍നിന്ന് പിടികൂടി എന്ന വാര്‍ത്ത ഇക്കഴിഞ്ഞ ദിവസമാണ് നാം വായിച്ചത്(മെയ് 5, 2010, കൊല്‍ക്കത്ത). പര്‍ദ ധരിച്ചത് പുരുഷയാത്രക്കാരനാണെന്ന് കണ്ടതോടെ പറന്നുയര്‍ന്ന സ്പൈസ് ജെറ്റ് വിമാനം കൊല്‍ക്കത്ത എയര്‍ പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. അവരെ സി ഐ എസ് എഫിന് കൈമാറി. കൂടുതല്‍ വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നു എന്നാണ് റിപ്പോര്‍ട് അവസാനിപ്പിക്കുന്നതെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ പതിവുപോലെ ഈ വാര്‍ത്തയുടെ തുടര്‍ച്ചകളൊന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സാരി ധരിച്ച്, അല്ലെങ്കില്‍ ചുരിദാര്‍ ധരിച്ച് ഒരു പുരുഷന്‍ നിന്നാലും അയാളെ അറസ്റുചെയ്യാന്‍ വകുപ്പില്ലെന്നിരിക്കെ, പര്‍ദ ധരിച്ചത് പുരുഷനാണെങ്കില്‍തന്നെ അയാളെ ഏതു വകുപ്പോ വകുപ്പുപിരിവോ ഉപയോഗിച്ചാണ് അറസ്റ് ചെയ്യുക എന്നറിയില്ല. പുരുഷന്റെയും സ്ത്രീയുടെയും ഡ്രസ്സ് കോഡ് ഇന്ത്യന്‍ ഭരണഘടനയിലോ ഇന്ത്യന്‍ ശിക്ഷാനിയമത്തിലോ (ഐ പി സി) വ്യവസ്ഥ ചെയ്തിട്ടുണ്ടോ എന്നും നിശ്ചയമില്ല. കളമശേരി ബസ് കത്തിക്കല്‍ എന്ന കേരളം കണ്ട 'ഏറ്റവും വലിയ' ഭീകരാക്രമണത്തിലെ പ്രതി സൂഫിയാ മഅ്ദനിയെ ബുര്‍ഖ ധരിച്ച നിലയിലായിരുന്നു അറസ്റ് ചെയ്തത്. ആ ദിവസങ്ങളില്‍ ടെലിവിഷന്‍ ചാനലുകാര്‍ക്കും പത്രക്കാര്‍ക്കും ചാകരയായിരുന്നു. എറണാകുളം സബ് ജയിലിനകത്ത് റിമാന്‍ഡില്‍ പാര്‍പ്പിക്കപ്പെട്ട സൂഫിയ ജയിലിന്റെ മതിലിനകത്ത് പ്രവേശിച്ചതിനു ശേഷമുള്ള ദൃശ്യങ്ങള്‍ അടുത്ത കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ കയറി നിന്നായിരുന്നു ചില ചാനലുകള്‍ ഉദ്വേഗപൂര്‍വം ചിത്രീകരിച്ചിരുന്നത്. പര്‍ദ എന്നത് ഭീകരര്‍ക്ക് ഒളിച്ചിരിക്കാനുള്ള ഒരു വേഷമാണെന്ന ധാരണ പൊതുബോധത്തിനകത്തേക്ക് നിര്‍മിച്ച് കയറ്റിവിടാന്‍ ഈ ദൃശ്യങ്ങള്‍ വ്യാപകമായും തുടര്‍ച്ചയായും ഉപയോഗപ്പെടുത്തപ്പെട്ടു. അതിന്റെ പശ്ചാത്തലത്തിലായിരിക്കണം, കഥ തുടരുന്നുവിലെ പേടിസ്വപ്നത്തെ ഇപ്രകാരം കാലികമായി വിഭാവനം ചെയ്തിരിക്കുന്നത്.


മുസ്ളിം പള്ളിയും പള്ളിപ്പറമ്പില്‍ മൃതദേഹം മറവുചെയ്യാനുള്ള സ്ഥലവും പര്‍ദയെന്നതുപോലെ ഭീകരമായി അനുഭവിപ്പിക്കാനുള്ള പരിശ്രമംകൊണ്ടും 'കഥ തുടരുക'യാണ് മലയാള സിനിമ. ക്വട്ടേഷന്‍ ഗുണ്ടകള്‍ ആളുമാറി വെട്ടിക്കൊലപ്പെടുത്തിയ ഷാനവാസിന്റെ മൃതദേഹം ആശുപത്രിയില്‍നിന്ന് മാര്‍ബിള്‍ വ്യാപാരിയും ധനികനും അതുകൊണ്ടുതന്നെ ചീത്തയാളുമായ ജ്യേഷ്ഠന്റെ നേതൃത്വത്തില്‍ മുസ്ളിം സമുദായം കൈവശപ്പെടുത്തുന്നു. തുര്‍ക്കിത്തൊപ്പി, വട്ടത്താടി തുടങ്ങിയ മലയാള സിനിമക്ക് പ്രിയങ്കരങ്ങളായ ടിപ്പിക്കല്‍ മുസ്ളിം വേഷങ്ങളണിഞ്ഞ നിരവധി പേര്‍ ചേര്‍ന്ന് ശവപ്പെട്ടി തോളത്തേന്തി പള്ളിപ്പറമ്പിലേക്ക് നടക്കുന്ന ദൃശ്യം സൂക്ഷ്മമായി ശ്രദ്ധിക്കുക. ക്യാമറ, ഈ യാത്ര മുകളില്‍ നിന്നാണ് ചിത്രീകരിക്കുന്നത്. മലയാള സിനിമകളില്‍ പതിവായ ടിപ്പിക്കല്‍ വേഷങ്ങളണിഞ്ഞ മുസ്ളിം സമുദായാംഗങ്ങളെ പരിഹാസ്യരായി തോന്നിപ്പിക്കുന്നതിന് ഈ മുകളില്‍നിന്നുള്ള ആംഗിള്‍ പ്രേരകമാകുന്നു. വലിയ പച്ചത്തുണികൊണ്ട് പുതച്ച മൃതദേഹ പേടകം പര്‍ദയെന്നതുപോലെ ഭീകരാശയങ്ങള്‍ക്ക് ഒളിച്ചിരിക്കാനുള്ള ഒന്നായി പരിണമിക്കുന്നു. പുറകില്‍ നിന്നുയരുന്നത് അല്ലാഹു അക്ബര്‍ എന്ന ഉച്ചത്തിലുള്ള മന്ത്രധ്വനികളാണ്. ഇതും പൊതുബോധത്തെ പേടിപ്പിക്കുന്നതിനാണ് ഉപയുക്തമാകുന്നത്. ആ ദൃശ്യത്തിലേക്കാണ്, ഷാനുവിനെ ഒരു നോക്കു കാണാനനുവദിക്കൂ എന്ന രോദനത്തോടെ വിദ്യ ഓടിയെത്തുന്നത്. അവളുടെ അഭ്യര്‍ഥന നിഷ്ക്കരുണം തള്ളിക്കളഞ്ഞുകൊണ്ട് പേടകവാഹകര്‍ നടന്നുനീങ്ങുന്നു. മുമ്പും, തങ്ങള്‍ക്കിഷ്ടമില്ലാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തതിനു ശേഷം മരിച്ചുപോയ മകന്റെ മൃതദേഹം അവള്‍ക്കു കാണാനനുവാദമില്ലാതെ (മകള്‍ മരിക്കുമ്പോള്‍ ഭര്‍ത്താവ്/കാമുകനെ കാണാനനുവദിക്കാതെയും) കാര്‍ക്കശ്യം പ്രകടിപ്പിക്കുന്ന മാതാപിതാക്കളെ മലയാള സിനിമയില്‍ നാം കണ്ടുമുട്ടിയിട്ടുണ്ട്. എന്നാല്‍, ഇവിടെ കഥ വ്യത്യസ്തമാണ്. അത്തരത്തിലുള്ള പരമ്പരാഗത പ്രണയവിരോധികള്‍ മുസ്ളിങ്ങള്‍ കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണാതീതമാകുന്നു എന്നാണ് ചിത്രം ധ്വനിപ്പിക്കുന്നതും വ്യാഖ്യാനിക്കുന്നതും.

മുന്‍ സിനിമകളില്‍ നാം കണ്ടതോ കണ്ടു മടുത്തതോ ആയ കഥാ സന്ദര്‍ഭങ്ങള്‍പോലും ഇത്തരത്തില്‍ പൊതുസമാധാനത്തിനുമേല്‍ മുസ്ളിം ആക്രമണം എന്ന മഹാഖ്യാനത്തിലേക്ക് പരിണമിപ്പിക്കുമ്പോള്‍ പുതുമയുള്ളതാവുന്നു എന്നാണ് സംവിധായകന്റെ നാട്യം. നായികയെ പഠനത്തിന് സഹായിക്കുന്ന ഓട്ടോറിക്ഷക്കാരനായ പ്രേമിന്റെ കഥാപാത്രത്തിന് ഓടയില്‍ നിന്നിലെ പപ്പുവിന്റെ ഗതിയാണുണ്ടാവുക എന്ന് മറ്റൊരു ഡ്രൈവര്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. കൈയില്‍ ചരടും നെറ്റിയില്‍ കുറിയും കൈനോട്ടവും നാഡീജ്യോതിഷവും പക്ഷിയുടെ ഫലം പറച്ചിലും എല്ലാമായി കുശാലായ ഈ ഹിന്ദു(പൊതുമലയാളി) കഥാപാത്രത്തിന് അത്തരമൊരു ദുര്‍ഗതി വരുത്തില്ല എന്ന് സംവിധായകന്‍ ഉറപ്പുനല്‍കുന്ന ശുഭാന്ത്യമാണ് കഥ തുടരുന്നു എന്നെഴുതിക്കാണിച്ച് നമ്മെ സന്തോഷിപ്പിക്കുന്നത്. മലയാള സിനിമയുടെ മറ്റൊരു റഫറന്‍സും ഈ ചിത്രത്തിലുണ്ട്. ആളൊന്നുക്ക് 250 രൂപയും ഒരു ബിരിയാണിയും ഒരു കുപ്പി മിനറല്‍ വാട്ടറും നല്‍കി രാഷ്ട്രീയ-സാമുദായിക സംഘടനകളുടെ പ്രകടനങ്ങള്‍ക്ക് ആളെക്കൂട്ടുന്ന മാമുക്കോയയുടെ കഥാപാത്രം, ബോറടിച്ചിരിക്കുന്ന പ്രകടനത്തൊഴിലാളികള്‍ക്കു മുമ്പില്‍ വെക്കുന്ന വാഗ്ദാനം നോക്കുക. രണ്ടര മണിക്കൂര്‍ എസിയിലിരിക്കാം, ഇന്റര്‍വെല്ലിന് ഒരു ചായയും സമൂസയും, ഹോള്‍ഡ് ഓവറാവാനിരിക്കുന്ന പുതിയ മലയാള റിലീസ് സിനിമയുടെ ഫസ്റ്റ് ഷോ കാണുക എന്ന സാഹസം മാത്രം ചെയ്താല്‍ മതി. എന്നാല്‍ 250 രൂപയും ബിരിയാണിയും മിനറല്‍ വാട്ടറുമില്ലെങ്കില്‍ തങ്ങളില്ല എന്ന് തൊഴിലാളികള്‍ പറയുന്നതോടെ, എങ്കില്‍ മലയാള സിനിമയുടെ ഗതി അധോഗതി തന്നെ എന്ന് മാമുക്കോയ വ്യാകുലപ്പെടുന്നു. ആവര്‍ത്തിക്കപ്പെടുന്ന ഇതിവൃത്ത/ആഖ്യാനങ്ങളിലൂടെ തകര്‍ന്നുപോകുന്ന മലയാള സിനിമയുടെ ഒരു റിക്കവറി കൂടിയാണ് താന്‍ നടത്തുന്നത് എന്നാണ് ഈ കഥാവളവിലൂടെ സംവിധായകന്‍ മേനിനടിക്കുന്നത്.

കേരളീയ മുസ്ളിം ജീവിതത്തിന്റെയും സമൂഹത്തിന്റെയും ചരിത്ര-വര്‍ത്തമാനങ്ങളെക്കുറിച്ച് നിശ്ചയമില്ലാതിരിക്കുകയും തെറ്റിദ്ധാരണകള്‍ വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന പൊതുബോധ മലയാളിയുടെ പാകപ്പെട്ട പ്രതിനിധിയായിട്ടാണ് സത്യന്‍ അന്തിക്കാട് വര്‍ഷത്തിലൊന്നെന്ന വണ്ണം സിനിമകള്‍ സങ്കല്‍പിച്ചും വിഭാവനം ചെയ്തും നിര്‍വഹിച്ചും മലയാളിയെ രസിപ്പിച്ചുപോരുന്നത്. മുസ്ളിമിനെ കോമാളിയാക്കിക്കൊണ്ടും, എതിര്‍ത്തുകൊണ്ടും പൈശാചികവത്ക്കരിക്കുക എന്ന അധിനിവേശ തന്ത്രത്തിന്റെ നിദര്‍ശനമാണ് ഈ പ്രതിനിധാനങ്ങള്‍ എന്നതുറപ്പ്. കഥകള്‍ വംശഹത്യയിലേക്ക് നീളുന്നമഹാ വര്‍ത്തമാനമായി കേരളം മാറുകയും ചെയ്തേക്കാം.

31 comments:

ഉപാസന || Upasana said...

തിരക്കഥയുടെ കാണാപ്പുറങ്ങള്‍...
:-)

Jijo said...

കേരളം എങ്ങോട്ട് പോകുന്നു എന്ന് വ്യക്തമായി മനസ്സിലാകുന്നു. സത്യനും ശ്രീനിവാസനും എല്ലാം ഈ മുസ്ലിം വിരുദ്ധത തുടങ്ങിയിട്ട് നാളേറെയായി. ‘കഥ പറയുമ്പോ’ളിലെ മുസ്ലിം അയല്പക്കത്തെ എത്ര ക്രൂരമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് നോക്കൂ. ‘പാസ്സഞ്ചറിലെ’ മുസ്ലിം കഥാപാത്രങ്ങൾ രണ്ട് പേരും മദ്യപിക്കുന്നവർ. ഒരുത്തൻ കോമാളി, മറ്റൊരുത്തൻ വില്ലൻ. കയ്യിൽ കെട്ടും, നെറ്റിയിൽ കുറിയും ഒക്കെയായി തികഞ്ഞ ഭക്തന്മാരായ സവർണ്ണ ഹിന്ദുക്കൾ മാത്രമേ ഇപ്പോൾ മലയാളി ‘പൊതുസമൂഹം’ എന്ന ലേബലിൽ വരാവൂ എന്നാർക്കോ നിർബന്ധമുള്ള പോലെ തോന്നും.

Sidheek Thozhiyoor said...

ഈ പോസ്റ്റിനോട് കൂട്ടി വായിക്കാന്‍....
ഫിറോസ്‌ ദോഹ ഖത്തറില്‍ നിന്നും എഴുതിയ ഒരു കുറിപ്പിവിടെ ചേര്‍ക്കുന്നു..
സത്യന്‍ അന്തിക്കാട് പ്രതിഭാശാലിയായ ഒരു സം‌വിധായകനാണ്.ശക്തം ആയ തിരക്കഥകള്‍ സ്വയമേ സമ്മാനിക്കാന്‍ അദ്ധേഹത്തിനു കഴിഞ്ഞിട്ടില്ലെങ്കില്‍ കൂടി. അരാഷ്ട്രീയത സത്യന്‍ അന്തിക്കാട് സിനിമകളുടേ ജൈവഗുണം ആണെന്ന വിലയിരുത്തലിനു പുറമേ കഥ തൂടരുന്നു" പുറത്തിറങ്ങിയപ്പോള്‍ മുസ്ലിം വിരുദ്ധമായ ഒരു പൊതുബോധ നിര്‍മ്മാണം കൂടീ (പുഷ്ടിപ്പെടുത്തലോ) അദ്ധേഹത്തിന്റെ സിനിമകളിലുണ്ടൊ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.


ലവ് ജിഹാദ് പ്രചാരണത്തെ പരിഹസിക്കുന്ന "കഥ തുടരുന്നു" വില്‍ അതിന്റെ പിന്നിലെ രാഷ്ട്രീയ വര്‍ഗീയ അജണ്ടകളേയൊ കാരണങ്ങളേയൊ തിരയാനോ അന്വേഷിക്കാനോ അദ്ധേഹം മുതിരുന്നില്ല. മുസ്ലിം ചെറുപ്പക്കാരന്റെ കൂടേ ഒളിച്ചോടുന്ന നായിക വിധവയാകുന്നു.. പിന്നീട് കയ്യില്‍ ചരട് കെട്ടിയ ഓട്ടൊക്കാരനായ ചെറുപ്പക്കാരനാല്‍ സം‌രക്ഷിക്കപ്പെടുന്ന നായിക താമസിക്കുന്ന സ്നേഹ സൗഹ്രദങ്ങള്‍ നിറഞ്ഞ തെരുവില്‍ പേരിനു പോലും ഒരു മുസ്ലിമില്ല. പ്രമാണീയായ ഭര്‍ത്യബന്ധുവിന്റെ ആക്രോശങ്ങള്‍ : എന്റെ സമുദായം നിന്നെ വെറുതെ വിടില്ല തുടങ്ങിയ ആക്രോശങ്ങളിലൂടേ തലേക്കെട്ടൂം വട്ടത്താടീയും വച്ച മുസ്ലിം കോമാളി ചിത്രീകരണത്തിലൂടേ പര്‍ദയുടേ സിംബോളീക്കലായ പ്രശ്നവത്കരണത്തിലൂടേ സത്യന്‍ അന്തിക്കാടീന്റെ പൊതുബോധ പോഷണം മുന്നേറുകയാണ്.

കോളനിക്കാര്‍ പഠിപ്പിച്ച് ഡോക്ടറാക്കുന്ന നായിക ആശുപത്രിക്കിടക്കയില്‍ വച്ച് തന്റെ ഭര്‍ത്താവിന്റെ ഉമ്മയെ കാണുന്നു. മരണപ്പെട്ട തന്റെ മകന്റെ ഭാര്യയേയും കുട്ടീയേയും വാരിപ്പുണരുന്ന പതിവ് സിനിമ ശീലങ്ങള്‍ ഇതൊരു മുസ്ലിം !ഉമ്മയായതിനാല്‍ ആവര്‍ത്തിക്കാന്‍ പാടീല്ലല്ലോ..
കുട്ടിയുടേ മേല്‍ അവകാശം ഉന്നയിക്കുന്നു. സമുദായം ഇടപെടുന്നു.... മകന്റെ വിധവയോട് ഒരു മുസ്ലിമിനെങ്ങനെ കരുണ കാണീക്കാന്‍ കഴിയും ?

മുസ്ലിം സമുദായം തന്റെ കുട്ടീയെ തട്ടീയെടുക്കുന്നത് സ്വപ്നം കണ്ട് ഞെട്ടിയുണരുന്ന നായികയെ അഭ്രപാളീകളീല്‍ ഒതുക്കാവുന്ന ഒന്നായി എങ്ങനെ ചുരുക്കം.

ഏറ്റവും രസകരം മരിച്ച ഭര്‍ത്താവിന്റെ മയ്യിത്ത് കാണാന്‍ കരഞ്ഞലറീ വരുന്ന നായികയെ മുസ്ലിം മത നേതാക്കളും അനുയായികളും ആട്ടിയോടീക്കുന്നതാണ്. മുസ്ലിം സമൂഹത്തിന്റെ ചരിത്രമോ വര്‍ത്തമാനമോ അറീയില്ലെന്ന നാട്യത്തിലാണ് ഈ രംഗം ഒരുക്കിയിരിക്കുന്നത് എന്ന് പറയാതെ വയ്യ്. മിനിമം കമല സുരയ്യയൂടേ ശവസംസ്കാരത്തില്‍ മുസ്ലിംകളോടൊപ്പം പള്ളിയില്‍ നിന്ന് പ്രാര്‍ത്തിച്ച നാലപ്പാടീന്റെ ഫോട്ടോയെങ്കിലും പത്രത്താളുകളില്‍ നിന്ന് മാഞ്ഞിട്ട് നാളേറേയായില്ലല്ലോ?

"വിനോദയാത്ര"യില്‍ " മലപ്പുറ" (മലപ്പുറത്ത് എത്ര കലാപം നടന്നിട്ടൂണ്ട്?!)ത്തെ കലാപത്തില്‍ പരിക്കേറ്റ പോലീസുകാരനെ കുറിച്ച് എഴുതിയപ്പോഴും ഒരു മിനിറ്റ് പോലും നീളാത്ത ഒരു ഡയലോഗിലൂടേ കേരള പൊതുബോധ നിര്‍മ്മാണത്തില്‍ അദ്ധേഹം നല്‍കുന്ന മലബാര്‍ സിമന്റ് ചാക്കുകളൂടേ എണ്ണം നമ്മെ അമ്പരിപ്പിക്കുന്നുണ്ട്.
--
FIROSE S.A
DOHA-QATAR

jayanEvoor said...

ഈ സിനിമയെക്കുറിച്ച് മറ്റു മൂന്നിടത്തു കമന്റിട്ടു കഴിഞ്ഞു.
സത്യൻ അന്തിക്കാട് ഈ ചിത്രത്തിലൂടെ മുസ്ലിം സമുദായത്തെസംബന്ധിച്ച് പ്രകടിപ്പിക്കുന്ന വീക്ഷണം ഞെട്ടിച്ചു. അതിനേക്കാൾ ഞെട്ടിച്ചു തത്തജ്യോതിഷ വിശ്വാസിയായ നായകന്റെ പാത്രസൃഷ്ടി!

Irshad said...

എല്ലാം പറഞ്ഞിരിക്കുന്നു. ഇനിയെന്തു പറയാന്? മാന്യതയുടെ മൂടുപടമണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയുക. പൊതു സമൂഹത്തില്‍ തിരിച്ചറിവുകളുണ്ടാക്കുക.

guru umer said...

സിനിമകളെ കുറിച്ചു വലിയ പിടിയില്ല എന്നാലും ചില സിനിമകളും സംവിദായകരുംബോധ പൂര്‍വ്വം ആര്യ വല്‍ക്കരണവും അപര നിര്‍മിതി വഴി മുസ്ലിം ദളിത് വിരുദ്ധതയും സ്രഷ്ടിച്ച്ചു വലതുപക്ഷ ഭൂരിപക്ഷത്തിന്റെ കയ്യടിയും അത് വഴി ആനുകൂല്യങ്ങളും പറ്റാറുണ്ടെന്നു പറയപ്പെടുന്നു .അതിനു വേണ്ടി ഒരുകൂട്ടായ്മ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കയും വേണം ,ചീത്ത കഥാപാത്രങ്ങള്‍ക്ക് മുസ്ലിം പേര് വേണം ,മലപ്പുറം ബാവ ക്രൂരന്‍ ആവണം .പശുവിനെ തിന്നുന്ന നസരാണിക്കും മേത്തനും ബുദ്ധികുറയും വിയത്നാം കോളനി ,ദ്രുവം ,പൈത്രകം , ജോഷി ,കെ മധു ,ജയരാജ് എന്നിങ്ങനെ സിനിമകളും സംവിദായകരെയം ശ്രദ്ധിക്കുക ,ഞാന്‍ ശ്രദ്ധിച്ച ഒരു രസകരമായ കാര്യം ഓ രാജഗോപാലന്റെ മകന്‍ ശ്യാമപ്രസാദ് സംവിധാനിച്ച ചിത്രങ്ങളിലൊന്നും ഇത്തരം പരാമാര്‍ശങ്ങള്‍ ഉണ്ടായില്ല എന്നതാണ് .അതിനു കാരണം അയാളിന്റെ ഉയന്ന നിലവാരമുള്ള ധിഷണ കാരണം ആവണം .ഒരു കാര്യം കൂടി പറഞ്ഞു അവസാനിപ്പിക്കാം ഒരു ടി വി പരിപാടിയില്‍ പങ്കെടുത്തു ഗീതു മോഹന്‍ദാസ് എന്ന നടി പറയുകയാണ് നോക്കൂ ഈ ക്ഷേത്രം ടിപ്പു നശിപ്പിച്ചതാണ് .ടിപ്പു പടയോട്ടം നടത്തിയ കേരള ഗ്രാമങ്ങളും നശിപ്പിച്ച അമ്പലങ്ങളും ഈപറയുന്ന കണക്കു വച്ചുനോക്കിയാല്‍ പതിനായിര കണക്കാണ് .അതിനു വേണ്ടി ഒരായുസ്സ് മുഴുവന്‍ വേണ്ടി വരുമായിരുന്നു .ചരിത്രം അറിയുന്നവര്‍ക്ക് അറിയാം ടിപ്പുവിന്റെയു ഹൈദരിന്റെയും പടയോട്ടത്തിന്റെ കാല കണക്കു .മാത്രമല്ല പാലക്കാടു കോട്ടയില്‍ ഇന്ന് കാണുന്നതും ആര്‍ എസ്എസ് കാര്‍ കയ്യടക്കിയതുമായ ഹനുമാന്‍ കോവില്‍ ടിപ്പുവിന്റെ നിര്‍മിതിയാണ് .ശ്രീ ശങ്കര മഠം പോലുള്ള സ്ഥാപങ്ങള്‍ക്ക് സഹായം കൊടുത്തതിനും ച്ന്ടീ ഹവനം നടത്താന്‍ മടാടിപതിക്ക് കത്ത് അയച്ചതുമൊക്കെ ചരിത്ര ത്താളുകളില്‍ കാണാവുന്നതുമാണ് ,ആ ടിപ്പു ആണുപോലും സിനിമയിലെ ആട്ടക്കാരി തൊഴുന്ന ക്ഷേത്രം പൊളിച്ചത് ,നമ്മുടെ സിനിമാക്കാരുടെ വിവരക്കേടിനും ഉള്ളിലെ കീട ബാധക്കും ഇതില്‍ പരം വേറെ തെളിവ് വേണോ ?

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളെ ഏറെ പേടിക്കേണ്ടിയിരിക്കുന്നു...

Unknown said...

തലക്കെട്ട് വളരെ അര്തവത്താകുന്നു ഇവിടെ, പര്‍ദ്ദ ധരിച്ച പുരുഷന്മാര്‍ !!

NANZ said...

നിരൂപണത്തോടും കാഴ്ചപ്പാടിനോടും പൂര്‍ണ്ണമായും യോജിക്കുന്നില്ല.

ക്ലൈമാക്സില്‍ സംവിധായകന്‍ നായികകു കൊടൂത്ത തീരുമാനം ബാലിശമാണെന്നു സമ്മതിക്കുന്നു. മത-സാമൂദായിക-വര്‍ഗ്ഗീയ-മൌലിക വാദ പ്രവര്‍ത്തനം കൊണ്ട് നാടുവിടേണ്ട ഒരു സാമൂഹികാന്തരീക്ഷം കേരളത്തിലില്ല. പക്ഷെ അഞ്ചുവയസ്സുകാരിയുടെ അമ്മയെ നായകനു നല്‍കുന്നതില്‍ ഉള്ള കണ്‍ഫ്യ്യൂഷനാണ് സംവിധായകനെക്കൊണ്ട് ഈ പരിപാടീ ചെയ്യിച്ചത് എന്നു തോന്നുന്നു.(അതിനേയും അനുകൂലിക്കുന്നില്ല)

ഇത്രയൊക്കെ വിശകലനം ചെയ്യാന്‍ മാത്രം ഈയൊരു കച്ചവട സിനിമ അര്‍ഹിക്കുന്നില്ല. മാത്രമല്ല, പലതും തികച്ചും കക്ഷിരാഷ്ട്രീയ കണ്ണോടെ എഴുതപ്പെട്ട വിശകലനമാണെന്നു തോന്നി. സ്വപ്നത്തിലെ ദൃശ്യാ‍ാവിഷ്കാരത്തെപ്പറ്റി പറഞ്ഞത് അത്തരത്തില്‍ പെട്ടതാണ്/
കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ക്രിസ്ത്യന്‍ വിഭാഗത്തെ സിനിമയിലെ വില്ലന്മാരാക്കുന്നതില്‍ ആ സഭ ഒരു പ്രസ്ഥാവന നടത്തിയതായി വായിച്ചിട്ടുണ്ട്. ബാലിശം എന്നു തോന്നുന്ന അത്തരം വിചാരങ്ങള്‍/എഴുത്ത് ആയി തോന്നി ഇതിലെ പലതും.

സത്യന്‍ അന്തിക്കാട് ഗ്രാഫ് താഴുന്ന /പ്രതിഭാശൂന്യനാകുന്ന ഒരു സംവിധായകന്‍ എന്നതില്‍ തര്‍ക്കമില്ല. പക്ഷെ സവര്‍ണ്ണ ഹൈന്ദവികതയുടെ കുപ്പായം അദ്ദേഹത്തിനു തുന്നിക്കൊടുത്തത് വായികുമ്പൊള്‍ ചിരിക്കാനേ തോന്നുന്നുള്ളൂ.

സിനിമയിലെ വില്ലന്മാരെ മുസ്ലീങ്ങള്‍ ആക്കുന്നതിലും അവര്‍ മദ്യപിക്കുന്ന സീനുകള്‍ ഉണ്ടാക്കുന്നതിലും അവര്‍ കോമാളികളായ വേഷം ഉണ്ടാക്കുന്നതിലും ഇത്ര നെറ്റിചുളിക്കാന്‍ മാത്രം എന്തുണ്ട് ? നമുക്കു ചുറ്റുമുള്ള ജീവിതത്തില്‍/സമൂഹത്തില്‍ ഇതെല്ലാമുള്ളതല്ലേ? ഹിന്ദു-ക്രിസ്ത്യന്‍ വില്ലന്‍/മദ്യപന്‍/കോമാളി വരുമ്പോള്‍ എന്തുകൊണ്ടാണ് ഈ മതനിരപേക്ഷ ചിന്ത നമുക്കില്ലാതെ പോകുന്നത്?

NANZ said...

@ Jijo

കഥപറയുമ്പോളിലെ മുസ്ലീം അയല്പക്കം എത്രത്തോളം ‘ക്രൂര’മാണ്? ബിരിയാണി കഴിക്കുന്നവര്‍ എന്ന്താണോ ക്രൂരത?


(ഈ സവര്‍ണ്ണ ഹൈന്ദവര്‍ക്ക് എന്നുമുതലാണാവോ കൈയ്യില്‍ കെട്ടു ഉണ്ടായിത്തുടങ്ങിയത്.!!)

Joker said...

ഏഷ്യാ നെറ്റ് ന്യൂസ് ചാനലില്‍ സത്യന്‍ അന്തിക്കാടുമായിട്ടുള്ള അഭിമുഖത്തിന്റെ ചില ശകലങ്ങള്‍ കണ്ടിരുന്നു. അതില്‍ സത്യന്‍ പറയുന്നത്. ജനങ്ങള്‍ക്ക് വേണ്ട്ത് അല്ലെങ്കില്‍ ജനങ്ങളുടെ കാലികമായ ‘ഇമോഷന്‍സ്’ നമ്മള്‍ മാര്‍ക്കറ്റ് ചെയ്യുക എന്നാണ്. നാടോടിക്കാറ്റിലെ ചെറുപ്പക്കാര്‍ക്ക് തൊഴിലില്ലായ്മയാണെങ്കില്‍ ഇപ്പോള്‍ അതിന് മാര്‍ക്കറ്റില്ല.അത് കൊണ്ട് കാലികമായ ജനങ്ങളുടെ വികാരം മാര്‍ക്ക്കറ്റ് ചെയ്യുക എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഈയോഒരു നിലപാട്റ്റില്‍ നിന്നും വേണം ഈ ജിപി യുടെ ഈ നിരൂപണത്തെ വിലയിരുത്താന്‍. ഇപ്പോള്‍ ആര്യാടന്‍ ഷൌഖത്താണെങ്കിലും, ചന്ദ്രനാണെങ്കിലും, ഷാജി കൈലാസ് ആയാലും എല്ലാം ഇപ്പോള്‍ മാര്‍ക്കറ്റ് ചെയ്യാവുന്ന ഇമോഷന്‍സ് ‘മുസ്ലിം വിരുദ്ധത’ തന്നെയാണ്. അതിനെ സമര്‍ഥമായിട്ടാണ് സത്യന്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
പര്‍ദ്ദയും മുസ്ലിം വിരുദ്ധതയും, മുസ്ലിം ഭീകരവാദവുമെല്ലാം മാധ്യമങ്ങള്‍ സ്യഷ്ട്റ്റിച്ചെടുത്ത ഈ ഇമോഷന്‍സില്‍ വിറ്റുകാശാക്കാന്‍ ഇതിലും പറ്റിയ അവസരം വേറെയില്ല തന്നെ.

മലയാള സിനിമയിലെ വില്ലന്മാര്‍ ഇപ്പോള്‍ധരിക്കുന്ന കാശ്മീരി മുസ്ലിമിന്റെ കോസ്റ്റ്യൂം പോലെ അറിഞ്ഞോ അറിയാതെയോ ഒരു സമൂഹത്തെ നാലുഭാഗത്ത് നിന്നും അമര്‍ത്തി ഞെരുക്കുന്നത് ചിലരെങ്കിലും തിരിച്ചറ്രിയുന്നതില്‍ ആശ്വാസം.

ജിപിക്ക് അഭിനന്ദനങ്ങള്‍.

കുരുത്തം കെട്ടവന്‍ said...

പോസ്റ്റ്‌ വളരെ നന്നായി. ഷാജി കൈലാസ്‌ സുരേഷ്‌ ഗോപിയെ നായകനാക്കി എടുത്ത 'മഹാത്മ' എന്ന ചിത്രം കണ്ടപ്പോള്‍ മനസ്സിലുടക്കി നിന്ന ഡയലോഗ്‌ ഇന്നും മറന്നിട്ടില്ല. നായകന്‍ ചോദിക്കുന്നു "ഇങ്ങ്‌ കാസര്‍ക്കോട്ട്‌ നിന്നും അങ്ങ്‌ തിരുവനന്തപുരം വരെ യാത്ര ചെയ്താല്‍ കാണുന്ന അംബര ചുംബികളൊന്നും ഒരൊറ്റ ഭൂരിപക്ഷ സമുദായക്കാരണ്റ്റെതുമല്ല. ന്യൂനപക്ഷങ്ങളുടെ രമ്യഹര്‍മങ്ങളാണു........" (വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ കണ്ടതായതുകൊണ്ട്‌ ഡയലോഗ്‌ ശരിക്കും ഒാര്‍മയില്ല). ഈ ഡയലോഗില്‍ എത്രമാത്രം വാസ്തവ്ം ഉണ്ടെന്നുള്ളത്‌ വേറെ കാര്യം. സിനിമ കാണുന്നവന്‍ അതിണ്റ്റെ സത്യാ-ന്യായന്യായങ്ങളൊക്കെ അന്യേഷിക്കാന്‍ ഒരുബ്ബെടുമോ? ഒരു സിനിമ കാണാന്‍ പോകുബ്ബോള്‍ നമുക്ക്‌ ഉണ്ടാകുന്ന ചിന്ത അല്ലെങ്കില്‍ പ്രതീക്ഷ ഒരു നല്ല കഥ ഒപ്പം ഒരു എണ്റ്റര്‍ടെയ്ന്‍മണ്റ്റ്‌. അല്ലാതെ ഭൂരിപക്ഷത്തെയും ന്യുനപക്ഷത്തെയും തമ്മിലടിപ്പിക്കുന്ന ഒരു കുറുക്കനായിട്ടല്ല സമൂഹം സിനിമയില്‍ നിന്നും പ്രതീക്ഷിക്കുന്നത്‌. ഇപ്പോള്‍ അവാര്‍ഡ്‌ കിട്ടാന്‍ വലിയ കഥയൊന്നും വേണ്ട ഒരു മുസ്ളിം കഥാപാത്രമായി അഭിനയിച്ചാല്‍ മതി എന്ന് ഈയിടെ ആരോ പറയുന്നത്‌ കേട്ടു. !!

Anees Hassan said...

പര്‍ദ്ദ ധരിച്ച പുരുഷന്മാര്‍ ഉഗ്രന്‍

Mohamed Salahudheen said...

സത്യന്റെ രാഷ്ട്രീയം ഞമ്മയ്ക്ക് മുന്പേ പുടികെട്ടിയതാ. ഓനും ഷാജിയും രവിയും
മുസ്ലിമിനെ കള്ളുകുടിപ്പിക്കാനും തീവ്രവാദിയാക്കാനും വ്യഭിചരിപ്പിക്കാനും ശ്രമിച്ചോട്ടെ, അതുകൊണ്ടുമാത്രം സത്യം മറച്ചുവയ്ക്കാന് കഴിയുമോ, ജി പി രാമചന്ദ്രനും രശ്മിയുമൊക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ. ഇനിയും വരട്ടെ ഇത്തരം പടങ്ങള്, അപ്പോഴും എഴുതാനും വായിക്കാനും ആളുണ്ടാവും

sHihab mOgraL said...

സത്യന്‍ അന്തിക്കാട് എന്നും തന്റെ സിനിമകളില്‍ മുസ്ലിം കഥാപാത്രങ്ങളെ അവരുടെ സ്ഥിരം പരിപാടി 'ഇന്നതൊക്കെയാണെ'ന്ന് സ്ഥാപിച്ചെടുക്കാറുണ്ട്. 'അച്ചുവിന്റെ അമ്മ'യില്‍ ആശുപത്രിയില്‍ ചികില്‍സക്കും അല്ലാതെയുമായി വന്ന എല്ലാ കുടുംബക്കാര്‍ക്കും വീട്ടില്‍ നിന്ന് ബിരിയാണി കൊണ്ടു വരുന്ന രംഗം, 'കഥ പറയുമ്പോള്‍' എന്ന സിനിമയില്‍ ശ്രീനിവാസന്റെ അയല്‍ക്കാരായ മുസ്ലിം കഥാപാത്രങ്ങള്‍ പലതവണ ബിരിയാണിയെക്കുറിച്ച് പറയുന്ന രംഗം, 'വിനോദയാത്ര'യില്‍ തുര്‍ക്കിത്തൊപ്പിയും വട്ടത്താടിയും കള്ളിമുണ്ടും ബനിയനും ധരിച്ച മുസ്ലിംകള്‍ പൊലീസിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന രംഗം,'ഇന്നത്തെ ചിന്താവിഷയത്തില്‍' മൂന്ന് നായികമാരിലൊരാളുടെ പ്രശ്നം മുസ്ലിം കുടുംബത്തിലേക്ക് കല്യാണം കഴിക്കപ്പെട്ടു എന്നത്, ഇതൊക്കെ ഉദാഹരണങ്ങള്‍.

ഷാജി കൈലാസും രണ്‍ജി പണിക്കരുമെല്ലാം ഇതിന്റെ തുടര്‍ച്ചകള്‍ ...

വിനയന്‍ said...

കഥ പറയുമ്പോള്‍ എന്ന സിനിമയില്‍ ആ മുസ്ലിം കഥാപാത്രത്തെ അവതരിപ്പിച്ച സ്ത്രീ, വനിതാരത്നം എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഞാന്‍ കണ്ടിരുന്നു. അതിലൂടെ കാണികള്‍ക്ക് വളരെ പരിചിതമായ കാര്യമാണ്, അവര്‍ ജീവിതത്തില്‍ ബിരിയാണി വെയ്ക്കാനും കഴിക്കാനും ഏറെ ഇഷ്ട്ടപ്പെടുന്ന ആളാണെന്ന്.അപ്പോള്‍ അത്തരം ഒരു പരിപാടിയിലൂടെ പ്രശസ്തയായ ഒരു മുസ്ലിം വനിത തന്റെ സ്ക്രിപ്റ്റില്‍ വരുമ്പോള്‍ സ്വാഭാവികമായും ശ്രീനിവാസന്‍ ബിരിയാണിയുടെ കാര്യം കൊണ്ടുവന്നതില്‍ എന്താണ് തെറ്റ്?!
പ്രേക്ഷകര്‍ കൂടുതലായി അതാത് സാഹചര്യങ്ങളില്‍ കണ്ടും കേട്ടും കൊണ്ടിടിക്കുന്ന കാര്യങ്ങളെ സിനിമയിലൂടെ പകര്‍ത്താന്‍ ഇവര്‍ ശ്രമിക്കുന്നു അത്ര മാത്രം.
സത്യന്‍ അന്തിക്കാട്‌ തനിക്ക് ചുറ്റും കാണുന്ന പരിമിതമായ കാര്യങ്ങളെ ശരിയോ തെറ്റോ എന്ന് ചിന്തിക്കാതെ സിനിമയ്ക്ക് വേണ്ടി പകര്‍ത്തി എഴുതുന്നു. അത് ഒരു സമൂഹത്തിനു എതിരെ ആണെന്ന് എനിക്ക് തോന്നുന്നില്ല. മാത്രവുമല്ല ഈ സിനിമ ഇത്രയ്ക്കു ചര്‍ച്ച ചെയ്യാന്‍ മാത്രമുണ്ടോ?
"ഞാന്‍ പറയുന്നു, ഇതാണ് ശരി" എന്ന മട്ടില്‍ ഉപദേശങ്ങള്‍ ഓരോ സിനിമയിലും കുത്തി നിറക്കാനുള്ള വ്യഗ്രത പുതിയ സിനിമകളിലുണ്ട്.
അതുകൊണ്ട് തന്നെ ഈയടുത്ത് രസതന്ത്രം മുതല്‍ ഇറങ്ങിയ എല്ലാ സിനിമയും വളരെ മോശം തന്നെയാണ്. എന്നിട്ടും പലതും വിജയിക്കുന്നു. അതിനു കാരണം ഈ മാര്‍ക്കറ്റില്‍ എന്താണ് വിറ്റുപോകുക എന്നറിയാവുന്ന സത്യന്‍ തന്നെയാണ്.

ഇത് തീര്‍ച്ചയായും ഒരു തിരക്കഥയെ വളരെ വികലമായിത്തന്നെയുള്ള ഒരു വിശകലനം ചെയ്യലാണ്.
നാന്‍സിന്റെ കമ്മന്റുകളോട് പൂര്‍ണമായും യോജിക്കുന്നു.

|santhosh|സന്തോഷ്| said...

ഇത്രത്തോളം വികലവും ദുഷ്ടലാക്കോടും കൂടിയ ഒരു സിനിമാ വിശകലനവും അതിനു ചേര്‍ന്ന കമന്റുകളും അടുത്തെങ്ങും കണ്ടിട്ടില്ല.

പ്രിയപ്പെട്ട ജി പി, താങ്കളുടെ പല മുന്‍ പോസ്റ്റുകളും കണ്ട് ചില കാഴ്ചപ്പടുകളും എഴുത്തിന്റെ ശൈലിയും കണ്ട് അത്ഭുതപ്പെട്ടു നിന്നിട്ടുണ്ട്. ഒരു കമന്റിടാന്‍ മാത്രം ഞാനുണ്ടോ എന്ന് വിനീത വിധേയനായി തിരിച്ചു പോയിട്ടുണ്ട്. ആ ഒരു വ്യക്തിത്വത്തില്‍ നിന്ന് ഇലക്ഷന്‍ പ്രചരണത്തിന്റെ നോട്ടീസിന്റെ വിലയുള്ള ഈ വിശകലനം തീരെ പ്രതീക്ഷിച്ചില്ല.

Jijo said...

‘കഥ പറയുമ്പോൾ‘ (സത്യന്റെ പടമല്ല) സിനിമയിലെ മുസ്ലിം കുടുമ്പം ബിരിയാണി തിന്നുന്നതിലല്ലല്ലോ പ്രശ്നം. അയല്പക്കത്ത് പട്ടിണി കിടക്കുമ്പോൾ ബിരിയാണീടേം മറ്റു സുഖ സൌകര്യങ്ങളുടേയും വിവരണം കാണികളിൽ ഉണ്ടാക്കുന്ന വികാരം എന്തായിരിക്കുമെന്ന് നല്ല അറിവുള്ളയാളാണ് ശ്രീനിവാസൻ. സൂപ്പർസ്റ്റാറിനെ അടുത്തറിയാവുന്നവരാണെന്ന് അവരെന്ന് വരുമ്പോൾ ബിരിയാണിയും കെട്ടി പൊതിഞ്ഞ് വരുന്ന അവരെ അവജ്ഞയോടെ നേരിടുന്നത് കഥാപാത്രങ്ങൾ മാത്രമല്ല കാണികളും കൂടിയാണ്. സാധാരണക്കാരായ ഒരു മുസ്ലിം കുടുമ്ബത്തേയാണ് ഇവിടെ നിർധനരായ നായക കഥാപാത്രങ്ങൾക്ക് കോണ്ട്രാസ്റ്റ് കൊടുക്കാൻ ഉപയോഗിക്കുന്നത്. ഇതൊന്നും ഒരു ആലോചനയുമില്ലാതെയാണ് സ്ക്രിപ്റ്റിൽ വരുന്നതെന്ന് വിശ്വസിക്കാൻ എല്ലവരും കുപ്പിപ്പാൽ കുടിച്ച് നടക്കുന്നവരല്ല.

ഈ നിരൂപണത്തിന് ഒരു രാഷ്ട്രീയച്ചുവ ഉണ്ടെന്നത് സത്യം തന്നെ. പക്ഷെ തിരക്കഥയിൽ ഒളിച്ച് വച്ചിരിക്കുന്ന വർഗ്ഗീയത നുണയാണെന്ന് പറയരുത്. ഒരു സിനിമയും ആഴത്തിൽ വിശകലനം ചെയ്യുന്നതിൽ തെറ്റില്ല. ഈ സിനിമയ്ക്ക് അതിന് മാത്രമുള്ള പ്രസക്തിയില്ല എന്നൊക്കെ പറയുന്നത് കള്ളന് കഞ്ഞി വയ്ക്കുന്ന പോലാണ്. ചുറ്റുപാടും കാണുന്നതാണ് സിനിമയിൽ വരുന്നത്. അത് സമ്മതിച്ചു. പക്ഷേ ഒരു സമുദായത്തിനെ തന്നെ ലക്ഷ്യം വയ്ക്കുമ്പോൾ പ്രതികരിക്കാതെ വയ്യ. അതിനെ ദുഷ്ടലാക്കെന്ന് നിങ്ങൾ വിളിച്ചാൽ അതാണ് യഥാർത്ഥ ദുഷ്ടലാക്ക്.

പാസഞ്ചറിൽ ഒരു ഡയലോഗ്: “നിങ്ങൾ നസ്രാണികൽക്ക് ഉത്സവത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എന്തറിയാം?” മറ്റൊന്ന്: “ഉത്സവമെന്നാൽ തന്നേപ്പോലുള്ളവർക്ക് വെള്ളമടിച്ച് പാമ്പാവാനുള്ള ഒരു അവസരം” - ഇത് പറയുന്നത് ഒരു മുസ്ലിമിനോട്. ഇത് രണ്ടും യാദൃശ്ചികമായി വന്നതാണെന്ന് വിശ്വസിക്കണോ? വിശ്വസിക്കാം. സമൂഹത്തിൽ നിത്യവും കാണുന്നതാണല്ലോ അല്ലേ?

NANZ said...

അപാരമായ നിരീക്ഷണവും വിശകലനവുമാണല്ലോ ജിജോ താങ്കളുടേത്. കച്ചവട സിനിമകളിലെ ഇത്തരം സംഗതികളെ പെരുപ്പിച്ചു കാട്ടുന്നതു കൊള്ളാം പക്ഷെ യഥാര്‍ത്ഥ സവര്‍ണ്ണ നായക ബിംബവല്‍ക്കരണവും പഴയ മാടമ്പിത്തരങ്ങളുമൊക്കെയാണ് ഇത്തരം പെറുക്കിയെടുക്കലിലൂടെ മറഞ്ഞു പോകുന്നത്. മലയാള സിനിമയില്‍ നായകന്‍ കുറഞ്ഞത് നായരെങ്കിലുമായിരിക്കണം എന്ന അലിഖിത നിയമത്തെ ഞാനൊരിക്കലും അനുകൂലിക്കുന്നില്ല, മാത്രമല്ല അതു തുറന്നു കാണിക്കാന്‍ പറ്റുന്ന സന്ദര്‍ഭങ്ങളിലൊക്കെ അതു ചെയ്യുകയും ചെയ്യൂം. (പക്ഷെ സിനിമയില്‍ അതിനെ ബ്രേക്ക് ചെയ്യാന്‍ ചങ്കുറപ്പുള്ള സംവിധായകരും എഴുത്തുകാരും വരണം, ടി വി ചന്ദ്രനു പോലും കഥാവശേഷനിലെ നായകനെ സ്വയം നായരെന്നു വിളിപ്പിക്കാനായിരുന്നു ഇഷ്ടം എന്നുകൂടി ഓര്‍ക്കുക) എന്നു കരുതി തൂശനിലയും കിണ്ടിയും കാണുമ്പോഴെക്കും ‘അയ്യോ സവര്‍ണ്ണ ഹൈന്ദവ ബിബം‘ എന്നു വിളിച്ചു കൂവാതിരിക്കാനുള്ള വകതിരിവും ഉണ്ട്.

കമേഴ്സ്യല്‍ സിനിമയിലെ കഥാ സന്ദര്‍ഭങ്ങളില്‍ കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും പെറുക്കിയെടുത്ത് അത് ഒരു മത സമൂഹത്തെ/ജനവിഭാഗത്തെ ആക്രമിക്കുന്ന ക്രൂരത ആണെന്നു താങ്കള്‍ പറഞ്ഞപ്പോള്‍ സഹതാപം തോന്നി. ആ സിനിമ കണ്ടവര്‍ക്കോ താങ്കള്‍ നേരത്തെ പറഞ്ഞ മതവിഭാഗങ്ങല്‍ക്കോ അതില്‍ യാതൊരു വിദ്വേഷവും കാണാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ വിശ്വാസിയായ ഒരു മുസ്ലീം കൂട്ടുകാരനൊപ്പമാണ് ഈ പറയുന്ന സിനിമകള്‍ കണ്ടത് ( ഞങ്ങള്‍ നാലുപേരടങ്ങുന്ന സുഹൃദ് സംഘം) കഥ പറയുമ്പോള്‍ എന്ന സിനിമ ആ സുഹൃത്തിന്റെ വീട്ടില്‍ ഒരു സന്ദര്‍ഭവശാല്‍ അവന്റെ വീട്ടുകാര്‍ക്കൊപ്പവും കാണുകയുണ്ടായി. ഇതൊന്നും അവരെ തെല്ലും അലോസരപ്പെടുത്തിയില്ല എന്നു മാത്രമല്ല അത്തരം സീനുകളൊക്കെ അവര്‍ ആസ്വദിക്കുകയും ചെയ്തു. കഥപറയുമ്പോളിലെ നായകന്‍ (അയാള്‍ പട്ടീകജാതികാരനാണെന്ന് ഓര്‍ക്കുക) പട്ടിണി കിടന്നപ്പോല്‍ അയല്പക്കത്തെ മുസ്ലീം കുടുംബം ബിരിയാണി വെച്ചു കഴിക്കുകയും ഇവര്‍ക്ക് കൊടൂത്തില്ല എന്നു മാത്രമല്ല, പട്ടീണി കിടക്കുന്ന അവരോട് അത് വിശദീകരിക്കുകയും ചെയ്തു. ആ രംഗം കണ്ടതോടെ കേരളത്തിലെ മൊത്തം ജന സമൂഹം ‘പട്ടിണി കിടക്കുന്ന അയല്പക്കം ഉള്ളപ്പോള്‍ അവരെ ശ്രദ്ധിക്കാതെ സ്വയം ബിരിയാണി ഉണ്ടാക്കിക്കഴിക്കുന്നവരാണ് ഇവിടത്തെ മുസ്ലീ സമൂഹം’ എന്നങ്ങ് വിശ്വസിച്ചു.!! അതൊടെ കേരള സമൂഹം മുസ്ലീങ്ങളെ ശത്രുവായികണ്ടു !! വെറുത്തു!!!. അല്ലെങ്കില്‍ പതിയെ ഇങ്ങിനെ വിശ്വസിച്ചു പോകും... ഹോ ഇങ്ങിനെയൊകെ വിശ്വസിക്കാനും മനസ്സിലാക്കാനും കേരള സമൂഹം വിവരവും ബോധവും ഇല്ലാത്ത മരങ്ങോടന്‍ സമൂഹം ആയിരിക്കണം.

‘പാസഞ്ചറില്‍‘ സുഹൃത്തുക്കളാണ് നിര്‍ദ്ദോഷമായി ആ ഡയലോഗുകള്‍ പറയുന്നത്. അതും പരസ്പരം കളിയാക്കുന്ന രീതിയില്‍. അത് അവരുടെ സൌഹൃദത്തെ ബാധിക്കുന്നു പോലും ഇല്ല. ഇതേ ഡയലോഗുകള്‍ നമ്മുടെ ഇടയിലും(സമൂഹത്തില്‍) പറയാറുണ്ട്. ഇതേപോലെയും തിരിച്ചും. ആ ഒരു തമാശ ഡയലോഗു കൊണ്ട് മലയാള സിനിമ മൊത്തം ഹൈന്ദവ ഫാസിസ്റ്റുകളാണെന്നുള്ള തീര്‍പ്പുകള്‍ ലജ്ജിയുണ്ടാക്കുന്നുവെന്ന് സദയം പറഞ്ഞോട്ടെ.

ഒരു കഥാപാത്രത്തെ എളുപ്പം എസ്റ്റാബ്ലിഷ് ചെയ്യാന്‍ പരിചിതമായ ഇടങ്ങള്‍/ സംഭവങ്ങള്‍ /കാര്യങ്ങള്‍ അവതരിപ്പിക്കുക എന്നത് മലയാള കച്ചവട സിനിമയിലെ രീതിയാണ്. പ്രേക്ഷകനു പെട്ടെന്ന് ഐഡന്റിഫൈ ചെയ്യാനും , പ്രേക്ഷകരില്‍ സംഭവം പെട്ടെന്ന് എസ്റ്റാബ്ലിഷ് ചെയ്യാനും വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്. സത്യനും, ശ്രീനുയുമൊക്കെ ഇത്രയേ ഇവിടേയും ചെയ്തിട്ടൂള്ളു.

NANZ said...

അത്രയും ‘ക്രൂരമായ സംഭാഷണങ്ങള്‍’ പെറുക്കി പെറുക്കിയെടുത്ത താങ്കള്‍ക്ക് ഞാനും പെട്ടെന്ന് ഓര്‍മ്മയില്‍ വന്ന ചില ഡയലോഗുകള്‍ പെറുക്കിത്തരാം :

റാംജിറവ് സ്പീക്കിങ്ങ് എന്ന ചിത്രത്തില്‍ കടം വാങ്ങിയ കാശു വാങ്ങാന്‍ സായികുമാറിന്റെ അടുത്ത് വന്ന് ബഹളമുണ്ടാകുന്ന മാമുക്കോയയോട് ക്രിസ്ത്യന്‍ കഥാപാത്രമായ് ഇന്നസെന്റ് പറയുന്നു.’ കാശ് ഇന്ന് വരും നാളെ പോകും.....’ അത് കേട്ട് മാമുക്കോയ : ‘ എന്നാല്‍ ഇന്ന് വന്നതില്‍ നിന്ന് എന്റെ കടം വീട്ടിത്താ അതുപറ്റുമോ’ ഇന്നസെന്റ് തല്‍കുമ്പിട്ടു നില്‍ക്കുമ്പോള്‍ ദ്വേഷ്യത്തോടെ മാമുക്കൊയ ഇന്നസെന്റിനെ തള്ളി മാറ്റി “ എന്നാല്‍ ഒന്നു മാറീ നിക്കടോ മാപ്ലേ..”.എന്നു പറയുന്നു. ഇതിനെ വേണമെങ്കില്‍ സിദ്ദിഖ് ലാല്‍ മനപ്പൂര്‍വ്വം ഇന്നസെന്റിന്റെ കഥാപാത്രത്തെ ജാതി പേര്‍ വിളിച്ചു ആക്ഷേപിച്ചു എന്ന് പറയാം!!

ദി കിംഗ് എന്ന സിനിമയില്‍ ജോലിയില്‍ പ്രവേശിച്ച് ഓഫീസിലെത്തുന്ന മമ്മൂട്ടിയുടെ ഓഫീസിലെക്ക് ജനാര്‍ദ്ദനന്‍ കടന്നു വരുന്നു. മമ്മൂട്ടിയൂടെ കഥാപാ‍ത്രത്തിനെ അസിസ്റ്റ് ചെയ്യാന്‍. ജനാര്‍ദ്ദനനന്റെ പെരുമാറ്റം കണ്ട് മമ്മൂട്ട് ‘ നായരുടെ വീട് ഒറ്റപ്പാലത്താണല്ലേ’ ‘അതെ എങ്ങിനെ മനസ്സിലായി’ എന്ന് ജനാ. ‘ അല്ല ഒറ്റപ്പാലത്തെ നായന്മാര്‍ക്കൊക്കെ വിനയം കൂടുതലാണെന്നു കേട്ടിട്ടൂണ്ട്’ എന്ന് മമ്മൂട്ടി. സംഗതി മനസ്സിലായോ? പണിക്കര് ബ്ലോഗ് പൂട്ടിച്ച മറ്റേ സംഭവത്തിന്റെ ലാഞ്ചന..യേത്.

ഇങ്ങിനെ ജാതിയും മതവും തിരിച്ച് ആര്‍ക്കും എത്ര വേണമെങ്കിലും മലയാള സിനിമയില്‍ നിന്ന് പെറുക്കിയെടുക്കാം. അത് അത്ര വലിയ സംഭവമല്ല. പക്ഷെ ആ സംഭാഷണങ്ങള്‍ മനപ്പൂര്‍വ്വമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു സമൂഹത്തിനെ മറ്റൊരു സമൂഹത്തോടും കലാസൃഷ്ടികളോടും ശത്രുത ഉണ്ടാക്കിയെടുക്കാനേ ഇത്തരം വികല വീക്ഷണങ്ങള്‍ കൊണ്ടു സാധിക്കുകയുള്ളൂ എന്ന് പറയട്ടെ

വിനയന്‍ said...

വളരെ അബദ്ധജടിലമായ കാഴ്ച്ചപ്പാടുകള്‍ ആണല്ലോ ജിജോയുടെത്. ചില സിനിമകള്‍ പ്രേക്ഷകര്‍ക്ക്‌ കഥയെ വ്യത്യസ്ത രീതിയില്‍ വീക്ഷിക്കാനും വിശകലനം ചെയ്യുവാനും ഉള്ള ഒരു ചോയിസ് തരാറുണ്ട്.
പാസഞ്ചര്‍ അങ്ങനെയാണോ?!അത് വരികല്‍ക്കിടയിലോ കഥയിലോ ഒന്നും പ്രേക്ഷകന് പല രീതിയിലുള്ള വിശകലനത്തിനായി ഒന്നും ഒളിപ്പിച്ചു വെക്കുന്നില്ല.

സുഹൃത്തുക്കള്‍ തമ്മില്‍ വളരെ കാഷ്വല്‍ ആയി നടക്കുന്ന ഒരു സംഭാഷണത്തെ മാത്രം പൊക്കിയെടുത്തു അത് ഒരു സമുദായത്തിന് എതിരെ എന്ന് ഒക്കെ പറയുന്നത് തന്നെ മോശം. അങ്ങനെ പറയുന്നവര്‍ അങ്ങനെ തോന്നാത്തവരില്‍ക്കൂടി അങ്ങനെ ഒരു തോന്നല്‍ ജനിപ്പിക്കുകയാണല്ലോ ചെയ്യുന്നത്!.

ഇത്തരം പോസ്റ്റുകളിലൂടെയും ചില കമ്മന്റുകളിലൂടെയും ചെയ്യപ്പെടുന്നത് ഇല്ലാത്ത ലേബല്‍ സമുദായം എന്ന പേരില്‍ ഒട്ടിക്കുകയാണ്. ദയവു ചെയ്തു വരികളെ ഇത്തരത്തില്‍ വ്യാഖ്യാനിച്ച് സമുദായം എന്ന ലേബല്‍ ഒട്ടിക്കരുത്. അതങ്ങനെയല്ലെന്നിരിക്കെ...

ഉപാസന || Upasana said...

പ്രിയ രാമചന്ദ്രന്‍,

വിഷയം അവതരിപ്പിച്ച വ്യക്തികൂടി സക്രിയമായി സംവാദത്തില്‍ പങ്കെടുക്കുമ്പോഴല്ലേ സംവാദമെന്ന പദം പൂര്‍ണമാകുന്നത്.
:-)
ഉപാസന

jaisonputhoors said...

അപ്പോൾ ഇദ്ദെഹം വിടുവാൻ ഭാവമില്ല. കിനാലൂരിൽ വികസനത്തിന്റെ പേരിൽ നൂറുകണക്കിനു ന്യൂനപക്ഷങ്ങളെ കുടിയിറക്കുവാൻ പുറപ്പെട്ട സർക്കാരിനു അനുഭാവം പ്രകടിപ്പിച്ച് പോസ്റ്റിട്ട വ്യക്തി തന്നെ സിനിമയിലെ ന്യൂനപക്ഷ സംരക്ഷകന്റെ വേഷം അണിയുന്നു. ഇതു കാപട്യം അല്ലെ? പർദ്ധയിട്ടവരെയടക്കം ക്രൂരമായി പൊലീസ് ആക്രമിച്ചതിനെ പറ്റി ന്യായീകരിക്കുവാൻ എന്തൊക്കെയാണ് താങ്കൾ എഴിതിപ്പിടിപ്പിച്ചത്? ഇവിടെ കമന്റിട്ട മഹാന്മാരിൽ എത്രപേർ അതിൽ പ്രതിഷേധിച്ചു? ഒരു കൂരുത്തംകെട്ടവൻ മാത്രം വിയോജിപ്പ് പ്രകടിപ്പിച്ചു.

കിനാലൂരിൽ മാധ്യമങ്ങൾ പോലീസിന്റെ അടികൊണ്ടവനെയും വച്ച് മന്ത്രി നടത്തിയ നാടകത്തെ പറ്റിയും, അയാൾ സമരദിനം അടികൊണ്ട് ഓടുന്നതിന്റേയും,വീഴുന്നതിന്റേയും കരയുന്നതിന്റ്റേയും ഒക്കെ ദൃശ്യങ്ങൾ അടക്കം പുറത്ത് വിട്ടതിന്റെ ചൂട് ആറിയിട്ടില്ല ഇനിയും. ന്യൂനപക്ഷങ്ങൾക്കിടയിൽ തീവ്രവാദം വർദ്ധിക്കുന്നു എന്ന് മുഖ്യമന്ത്രിയും ഒടുക്കം പറഞ്ഞില്ലേ?

സിനിമാക്കാരെ പള്ളു പറയുന്നതിനു മുമ്പ് ഒഴിവുള്ളപ്പോൾ കേരളത്തിലെ കള്ളക്കടത്തുകാരൻ,കുഴൽ‌പ്പണക്കാരൻ, വിസതട്ടിപ്പ്, വ്യാജപാസ്പോർട്, ബോബ് കേസ്, കാസ്മീർ തീവ്രവാദം തുടങ്ങിയ വിഷയങ്ങളിൽ കേസിൽ പെട്ടവരുടേ ഒരു കണക്ക് എടുത്തു നോക്കിയാൽ നന്ന്.


സത്യൻ അന്തിക്കാടിന്റെ സമീപകാല ചിത്രങ്ങൾ ഒന്നും കൊള്ളാവുന്നതാണെന്ന് അഭിപ്രാ‍യം ഒന്നും ഇല്ല. മുൻപ് ശക്തമായ സന്ദേശങ്ങൾ ഉണ്ടായിരുന്നു. സന്ദേശത്തെ ഒരു അരാഷ്ടീയ സിനിമ എന്ന് പറയാമോ എന്നൊന്നും അറിയില്ല. അതിൽ ചില സത്യങ്ങൾ ഉണ്ട്. പ്രത്യേകിച്ച് ബുദ്ധിജീവികളുടെ ജ്യാടകളെ ഒക്കെ തുറന്നു കാണിക്കുന്നുണ്ട്.
ഞങ്ങൾ ആഹ്വാനം നൽകാറേ ഉള്ളൂ സമരത്തിനു പോകാറില്ല എന്നൊക്കെ.

jaisonputhoors said...

ദി കിങ്ങ് എന്ന ചിത്രത്തിൽ തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
റോബിൻ ഹുഡ് എന്ന ചിത്രത്തിലെ വില്ലനായി വരുന്ന ആൾ സവർണ്ണൻ അല്ലെ? ജനാധിപത്യം എന്ന സിനിമയിൽ
ദേവൻ അവതരിപ്പിക്കുന്ന തമ്പുരാൻ ആണ് വില്ലൻ. ഇതൊക്കെ ഇങ്ങനെ വർഗ്ഗീയമായി ചിന്തിക്കുന്നത് ഒട്ടും നല്ലതല്ല.
പാർടി നയം മാറ്റിയിട്ടും ജി.പി നയം മാറ്റിയില്ല എന്നുണ്ടോ?
ഇതിനു ഒറ്റ പരിഹാരമേ ഉള്ളൂ..ഒന്നുകിൽ മുഖ്യ ധാരാ സിനിമയിൽ മുസ്ലീം കഥാപാത്രങ്ങൾ, പശ്ചാത്തലബിംബങ്ങൾ,മറ്റു സൂചകങ്ങൾ എന്നിവയെ പാടെ ഒഴിവാക്കുക, നിർബന്ധമാണെകിൽ മേജർ രവിയെപൊലെ ഉള്ളവർ സിനിമയെടുക്കുമ്പോൾ കാശ്മീരിൽ നുഴഞ്ഞുകയറുന്ന വില്ലന്റെ പേരു ഉദയവർമ്മൻ തിരുമുല്പാടെന്നോ, ഗോദവർമ്മ എനൊക്കെ ആകാം അതാകുമ്പോൾ ജി.പിക്കും മറ്റും ഒരു ആശ്വസ് ലഭിക്കുമല്ലോ?. കൂട്ടത്തിൽ മാധ്യമങ്ങളിൽ തീവ്രവാദത്തെ പറ്റിയും, വർഗ്ഗീയതയെ പറ്റിയും എല്ലാം ഉള്ള വാർത്തകൾ നിരോധിക്കുക. അഥവാ വല്ല കുഴല്പണം, ബോംബ്, ജലാറ്റിൻ സ്റ്റിക്ക്, വ്യജപാസ്പോർട് എന്നിവയുമായി ആരെങ്കിലും പിടിയിലായാൽ തന്നെ പൊന്നാട നൽകി ആദരിക്കുക.

ഇല്ലാത്തതിനെ ഉണ്ടെന്ന് പറഞ്ഞ് പെരുപ്പിക്കുക. അതിന്റെ മറവിൽ ഭീകരത വളർന്നു വരിക. ഇതൊക്കെ അപകടകരമായ സാമൂഹിക അവസ്ഥയിലേക്ക് നമെ എത്തിക്കു. ഇരവാദം അത്തരം ഒരു സംഗതിയായിരുന്നല്ലോ.

ലേഖകൻ ഉന്നയിക്കുന്ന ആരൊപണങ്ങൾ തികച്ചും ബലിശവും അർഥശൂന്യവുമാണ്. ഒന്നുകിൽ ഇടുങ്ങിയ മാനസീക
അവസ്ഥ അല്ലെങ്കിൽ ഏതെങ്കിലും അജണ്ട.ഇതല്ലാതെ ഇത്തരം ഒരു പോസ്റ്റിനു സാധ്യതയില്ല. നിലവിലെ യാദാർഥ്യങ്ങളിൽ ഊന്നിക്കോണ്ട് സിനിമയെടുക്കുമ്പോൾ ഇത്തരം ചില കാര്യങ്ങൾ കടന്നുവരാം.

Malayali Peringode said...

hmmmmmmmmmmmm.....!

അമ്മയെ തല്ലിയാലും ഉണ്ടാകും രണ്ടു പക്ഷക്കാർ!!


:)

enaran said...

ഒന്നും ഫലിച്ചില്ലേല്‍ കാളന്‍ നെല്ലായി അതാണ് ഇന്നത്തെ സത്യന്‍ അന്തിക്കാട് സിനിമ. സത്യന്‍ അന്തിക്കാട് എഴുതി സംവിധാനം ചെയ്യുന്ന സിനിമകള്‍ അദ്ദേഹത്തിന്റെ തന്നെ പഴയ സിനിമകളുടെ നിലവാരം ഉള്ളതാണെന്ന് പറയുക വയ്യ. കൊള്ളാവുന്നവരെ കൊണ്ട്
കഥയെഴുതിച്ച് സംവിധാനം മാത്രം ഏറ്റെടുക്കുന്നതായിരിക്കും അങ്ങേര്‍ക്ക് ഉചിതമാകുക. മഹാ ബോറായിരുന്നു തടിയുള്ള സൂപ്പറിനെ കോണ്ട് ചിന്തിപ്പിച്ച സിനിമ. എന്നാത്തിനായിരുന്നു
ആ സിനിമ എന്ന് ചിന്തിച്ചാല്‍ നന്നായിരുന്നു. ബോറടിപ്പിക്കുന്ന സംഗീതവും ഗാനങ്ങളും ഇങ്ങേരുടെ സിനിമയില്‍ ആവര്‍ത്തിക്കുന്നു.

ഇനി മറ്റൊരു കാര്യം ഭ്രമരം,സൂഫി പറഞ്ഞ കഥയടക്കം പല ചിത്രങ്ങളുടേയും നിരൂപണം എഴുതുവാന്‍ ഇദ്ദേഹം തയ്യാറായില്ല. എന്തേ സൂഫി പറഞ്ഞ കഥയില്‍ സമുദയവും ആണ്‍‌നോട്ടവും
വേണ്ടുവോളം ഇല്ലേ? തികച്ചും വ്യത്യസ്ഥമായ ഒരു കഥാ തന്തു ആയിരിന്നിട്ടു കൂടി നിരൂപകന്‍ അതിനെ ഒഴിവാക്കി. അവിടെ ആണ് നിരൂപകന്റെ കാപട്യം വ്യക്തമാകുന്നത്. സത്യന്‍-ശ്രീനി
കൂട്ടുകെട്ട് പലപ്പോഴും നിരൂപകന്റെ രാഷ്ടീയത്തെ വിമര്‍ശിക്കുന്നു. നിരൂപകന്‍ കടുത്ത മാനസീക വേദന അനുഭവിക്കുമ്പോളും കിനാലൂരില്‍ പര്‍ദ്ധയിട്ടവരെ ക്രൂരമായി മര്‍ദ്ധിച്ച പോലീസിനെ പറ്റി
എന്താ എഴുതിയതെന്ന് ഒന്ന് വായിച്ചു നോക്കുക.

നിരൂപകന്റെ പതിവു നെലോളികളിലേക്കും മാനസീക വൈകൃതം നിറഞ്ഞ കാഴ്ചപ്പാടിലേക്കും അതിനു കമന്റിയവരുടേയും വാക്കുകളിലേക്ക് നോക്കാം. ( ജി.പിയെ സപ്പോര്‍ട് ചെയ്യുന്ന ആളുകളുടെ പ്രൊഫൈലും ഒന്ന് നൊക്കുക)

enaran said...

സമുദായത്തെ ചെറിയ വിഷയങ്ങളില്‍ പോലും ഇടപെടുത്തുകയും ചെയ്യുന്ന മറ്റേതു വിഭാഗം ഉണ്ട്?‍... ഏതെങ്കിലും ഹിന്ദുവോ ക്രിസ്ത്യാനിയോ മതത്തെ ഇത്രയും വൈകാരികമായി
കാണുന്നുണ്ടോ? ഇതൊക്കെ മനസ്സിലാക്കാതെ ഇങ്ങേരു ഏതു ലോകത്താണ് ഹേ ജീവിക്കുന്നത്

സൂഫിയ സദാ ആ വസ്ത്രത്തില്‍ ആണ് പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. അപ്പോള്‍ പിന്നെ ആ വേഷത്തില്‍ അല്ലാതെ പിന്നെ എങ്ങിനെ അറസ്റ്റു ചെയ്യും? ഇനി അതു മാറ്റി മറ്റൊരു
വസ്ത്രം അണീയാന്‍ പറഞ്ഞാല്‍ ഉണ്ടാകാവുന്ന പൊല്ലാപ്പ് ഒന്ന് ചിന്തിക്കൂ..അയ്യെടാ ഇത് കൈതമുള്ളാണല്ലോ?
ഗൌരവമുള്ള കേസുകളില്‍ ഉള്‍പ്പെടുന്ന ഒരു പ്രതിയെ മാധ്യമങ്ങളില്‍ കാണിക്കുന്നതില്‍ എന്ത് അപാകതയാണ് ഉള്ളത്?

ശ്രീ..ശ്രീ തടിയന്റവിട നായരോ നമ്പൂതിയോ ആണോ സഖാവേ?

ഏകപക്ഷീയവും സങ്കുചിതവുമായ ഒരു വീക്ഷണം വച്ചുപുലര്‍ത്തുന്ന ജി.പിയുടെ തികച്ചും ബാലിശമായ നിരീക്ഷണങ്ങള്‍ ആണിതില്‍ നിറയെ.
ഒരു വിഭാഗം ആളുകലെ ജനം ഭയക്കുന്നു എങ്കില്‍ അതിനു എന്തെങ്കിലും കാ‍രണം കാണുമല്ലോ?
എന്തുകൊണ്ട് സമൂഹത്തില്‍ അത്തരം ഒരു ഭീതിയുണ്ടാകുന്നു എന്ന് സാമാന്യബുദ്ധിയോടെ ചിന്തിക്കുക.
പ്രമാണിമാരായ സമുദായത്തിന്റെ സ്വധീനവും ധനസ്ഥിതിയും ഉള്ള ആളുകള്‍ ഇടപെടുന്ന രീതി തന്നെ ആണ് സത്യന്‍ അന്തിക്കാടും ചിത്രീകരിച്ചിരിക്കുന്നത്.



മുസ്ലീമുകള്‍ ഇല്ലാത്തെ എത്രയോ തെരുവുകള്‍-കോളനികള്‍ കേരളത്തില്‍ ഉണ്ട്? പിന്നെ എന്തുകൊണ്ട് ഇവിടെയും ആയിക്കൂട സഖാവേ.
എല്ലാ സിനിമയിലും മരിച്ച മകന്റെ അന്യസമുദായക്കാരിയില്‍ ജനിച്ച മകളെ വാരിപ്പുണരണം എന്ന് നിര്‍ബന്ധം ഉണ്ടോ കമന്റ് എഴുതിയ സുഹൃത്തുക്കളേ?

കമല സുരയ്യ എവിടെ ഈ കഥാപാത്രം എവിടെ. സുരയ്യയുടെ കാര്യത്തില്‍ വളരെ ശ്രദ്ധാപൂര്‍വം അല്ലെ ആളുകള്‍ കാര്യങ്ങള്‍ ചെയ്യൂ.
അതുകൊണ്ട് അതു അവിടെ നില്‍ക്കട്ടെ. ഇതങ്ങനെ ആണോ അന്യ ജാതിയില്‍ പെട്ട പെണ്ണിനെ കുടുമ്പക്കാരെ ധിക്കരിച്ച് വിവാഹം കഴിച്ചവനോട് ജീവിച്ചിരുന്നപോള്‍
കാരുണ്യം കാണിച്ചോ?

കേരളത്തില്‍ ഏറ്റവും അധികം മദ്യം വിറ്റഴിക്കുന്ന ഒരിടമാണ് തിരൂര്‍.അവിടെ ആഡ്യഭ്രാഹ്മണര്‍ ആണോ താമസിക്കുന്നവരില്‍ അധികവും?

ഓ.രാജഗോപാലിന്റെ മകന്റെ ചിത്രങ്ങളില്‍ ഇത്തരം ഏതെങ്കിലും ഒരു പരാമര്‍ശം ഉണ്ടായാല്‍ അതോടെ ശ്യാമപ്രസാദ് എന്ന സംവിധാകനെ നിങ്ങള്‍ ഒക്കെ
ക്രൂരമായി വിമര്‍ശിക്കില്ലേ? ടിപ്പു പടയോട്ടക്കാലത്ത് നിരവധി ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയോ കൊള്ളയടിക്കുകയോ ചെയ്തിട്ടുണ്ട് എന്നത് ഒരു ചരിത്ര സത്യമാണ്.


കുരുത്തം കെട്ടവനെ കമന്റ് വളരെ ശരിയാണ് അവാര്‍ഡ് കിട്ടുവാന്‍ എതു ചെയ്യണം എന്ന് പരദേശി പറഞ്ഞുതരുന്നു. ദേ വരുന്നു പ്രഥ്വീ രാജിനെ നായകനാക്കി അതെ സംവിധായകന്റെ
ചിത്രം..ചുരുങ്ങിയത് ഒരു ദേശീയ അവാര്‍ഡ് ഉറപ്പാണ് ആ ചെറുക്കന്.

ഇരുനൂറ്റമ്പതു പോയിട്ട് ആയിരം തരാം എന്നു പറഞ്ഞാല്‍ പോലും മാനസീക രോഗമുള്ളതുപോലെ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന സൂപറിന്റെയൊക്കെ സിനിമ കാണുവാന്‍
ആളുകള്‍ തയ്യാറാകുമോ? എന്നാ ബോറു പടങ്ങളാ അങ്ങേരുടേതായി പുറത്തുവരുന്നത്? ഒരു നിരൂപകനായ താങ്കള്‍ക്ക് പോലും ഇപ്പോള്‍ ഇറങ്ങുന്ന സിനിമകള്‍ ക്ഷമയോടെ
കണ്ടിരിക്കുവാന്‍ ആകുമോ?

Joker said...

ഇ നാറാ

പ്രോഫൈലും, ബ്ലോഗും വായിച്ചു. സന്തോഷം. ഇവിടെ ജിപിക് കമന്റിടാന്‍ ഇനാറന്റെ കൂടി മുന്‍ കൂര്‍ അനുമതി വേണമെന്ന് അറിയാത്ത പാവങ്ങളാണ് കമന്റിട്ടത്.

jaisonputhoors said...

കഴിഞ്ഞ ദിവസത്തെ സംഭവത്തെ ജി.പി ഇരകളുടെ പ്രതികരണം എന്നു പറയുമോ?

സക്കറിയയുടേയും സി.ആരിന്റേയും നേർക്കു കയ്യേറ്റം ഉണ്ടായപ്പോൾ വേദിയറിയാതെ പ്രസംഗിക്കുന്നവനെ കേൾവിക്കാർ കൈകാര്യം ചെയ്യും എന്ന് പറയുന്നവർ എങ്ങിനെ ഇതിനെ വിമർശിക്കും ?. അദ്യാപകനൊപ്പം സഹോദരിയായ കന്യാസ്തീയും അവരുടെ അമ്മയും അക്രമിക്കപ്പെട്ടു മാധ്യമം മുഖപ്രസംഗമോ ലേഖനപ്രരമ്പരയോ എഴുതിയില്ല. തൊടുപുഴ സംഭവത്തിൽ അക്രമം കാണിച്ചവരെ ഇവിടെ കമന്റിട്ടവരിൽ പലരും വിമർശിക്കും എന്ന് കരുതുക ബുദ്ധിമുട്ടാണ്. ഇനി ഈ വിഷയം ഒരു സിനിമയിൽ ഏതെങ്കിലും സംവിധായകൻ ഉൾപ്പെടുത്തിയാൽ കഥാപാത്രങ്ങൾക്ക് ജി.പി എന്തു പേരും വേഷവും മതവും ആകും നിർദ്ദേശിക്കുക? അഭ്രപാളിക്ക് പുറത്ത് ഇത്തരം ഭീകര സംഭവങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നു എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക. നല്ലവരെ നല്ലവരായും ഭീകരനെ ഭീകരനായി തന്നെയും കാണുവാൻ ശ്രമിക്കൂ. ആയുധങ്ങളുമായി ഭീകരർ സദാ നമ്മുടെ സമൂഹത്തിൽ നടക്കുന്നത് ഭീതിപ്പെടുത്തുന്ന യാദാർഥ്യമാണ്. ഇതിനെ ന്യായീകരിക്കുവാൻ കോമാളിവേഷം കെട്ടിയ ആളൂകൾ കമന്റുകളൂമായി വന്നേക്കും

paarppidam said...

കന്യാസ്ത്രീ ആക്രമിക്കപ്പെട്ടു എന്ന് തോന്നുന്നില്ല ജയ്സാ. അധ്യാപകനോടുള്ള പ്രതിഷേധ പ്രവർത്തനം കണ്ട് അവർ ഭയന്നിരിക്കാം.

പോസ്റ്റ് വായിച്ചിരുന്നു, മുൻപ് ചർച്ച ചെയ്ത വിഷയം ആയതിനാൽ കമന്റിൽ നിന്നും ഒഴിഞ്ഞതാണ്. സന്ദേശം പോലുള്ള ഒരു ചിത്രം ഒരുക്കിയ സത്യൻ അന്തിക്കാടിനോടുള്ള ജി.പിയുടെ നിലപാട് വളരെ വയ്ക്തമായതിനാലും പ്രത്യേകത ഒന്നും തൊന്നിയില്ല. ലോഹിതദാസ്, രഖുനാദ് പലേരി, ശ്രീനിവാസനേയും പോലുള്ളവർ രചിച്ച തിരക്കഥ സംവിധാനം ചെയ്തിരുന്ന ഇദ്ദേഹം. ഈയ്യിടെ തിരക്കഥ സ്വയം രചിക്കുന്നതും തമ്മിലുള്ള അന്തരം ചിത്രങ്ങളിൽ വ്യക്തം.

എന്തായാലും വർഗ്ഗീയ ചേരിതിരിവുണ്ടാക്കുന്ന സ്വത്വബൊധം ഭീകരത്യ്ക്ക് വഴിവെക്കുന്നു എന്ന ആശങ്ക പലപ്പോഴും പ്രകടിപ്പിച്ചിട്ടുള്ളതാണ്. രാജ്യത്തോടു കൂറുള്ള യുവത്വം രാഷ്ടനിർമ്മിതിക്കും സാമൂഹിക പുരോഗതിക്കും വേണ്ടി നിലകൊള്ളണ്ണം അല്ലാതെ അരാജ കത്ത്വത്തിനും ഭീകരതയുക്കും വേണ്ടി ചാവേറാകരുത് എന്നാണ് എനിക്ക് പറയുവാൻ ഉള്ളത്.

rasimsidhik said...

keralam kooduthal kooriruttathek kuthikkuka thanneyanennanu sathyan andikkadinde katha thudarunnuvum velippeduthunnad.ennanaavo ee valiya manushyark neram pularuka?