നഗരസ്ഥിരമായ ഫിലിം സൊസൈറ്റിയുടെ ചതുരവടിവിലുള്ള അച്ചടക്കസൌകുമാര്യത്തെ പരസ്യമായി കൂക്കിവിളിച്ച് പരിഹസിച്ചതിന്റെ പേരില്‍ ചെവിക്കു പിടിച്ച് പുറത്താക്കപ്പെടുന്ന ഒരാളുടെ പേര് ശരത് എന്നാണെന്ന് എണ്‍പത്തിയേഴിലോ മറ്റോ നടന്ന ഒരു ക്യാമ്പില്‍ വെച്ച് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. ആരാണിയാള്‍ എന്ന ചോദ്യത്തിന് തൃപ്പൂണിത്തുറയിലുള്ള ഒരു ശരത്താണെന്ന മറുപടിയാണ് ഫുള്‍ സ്ളീവണിഞ്ഞ നടത്തിപ്പുകാരന്‍ പറഞ്ഞത്. അപ്രകാരം പുറത്താക്കപ്പെട്ട ശരത് ചന്ദ്രന്‍ അവധൂതനായി മാറി സൌദിയിലേക്ക് നാടു കടന്നു. ജോലിയും പണവും സമ്പാദിക്കുക/ജീവിത സുസ്ഥിരത എന്നീ ലക്ഷ്യങ്ങളോടെയാണ് ശരാശരി മലയാളി ഗള്‍ഫിലേക്ക് കടക്കുന്നതും തിരിച്ചു വന്ന് നിലയുറപ്പിക്കുന്നതുമെങ്കില്‍, ശരത് സൌദിയിലുള്ളപ്പോഴും മടങ്ങി വന്നതിനു ശേഷവും ശാശ്വതമായ അസ്ഥിരതയിലേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു. ജീവിതത്തിലെ വലിച്ചെറിയലുകളും പോരാഞ്ഞ്, ജനങ്ങളെല്ലാം ഉറങ്ങുന്ന പാതിരാവിലും നിതാന്തമായി ഉണര്‍ന്നിരുന്ന അയാള്‍ തീവണ്ടി മുറിയില്‍ നിന്നും വീണ്ടും വലിച്ചെറിയപ്പെട്ടു. ജനങ്ങള്‍ക്ക് ഉറങ്ങാന്‍ വേണ്ടി രാവുകളില്‍ ഉറക്കമിളച്ച് കാത്തിരിക്കുന്ന ഒരു കാവല്‍ക്കാരന്‍ കൂടി അങ്ങിനെ നമ്മെ വിട്ടു പോവുകയും ചെയ്തു.
അറേബ്യയിലെ ബ്രിട്ടീഷ് എംബസിയില്‍ ജോലി ചെയ്യുന്ന കാലത്ത് രണ്ടു തരത്തിലുള്ള കള്ളക്കടത്തുകള്‍ താന്‍ നടത്തുകയുണ്ടായെന്ന് ശരത് പറഞ്ഞിട്ടുണ്ട്. ലണ്ടനിലേക്കും മറ്റുമുള്ള ഔദ്യോഗിക യാത്രകള്‍ കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ അപൂര്‍വ്വമായ ഫിലിം ക്ളാസിക്കുകളുടെ വീഡിയോ കാസറ്റുകള്‍ ഇമിഗ്രേഷന്‍കാരുടെ കണ്ണു വെട്ടിച്ച് അദ്ദേഹം കൊണ്ടു വന്നു. സായിപ്പന്മാരും മറ്റുമായ സഹപ്രവര്‍ത്തകരും ഇതേ മാര്‍ഗത്തില്‍ കാസറ്റുകള്‍ ശരതിന് എത്തിച്ചു കൊടുക്കുകയുണ്ടായി. ഇത്തരത്തില്‍ ശേഖരിച്ച നൂറു കണക്കിന് കാസറ്റുകള്‍ ഇന്ത്യയിലേക്ക് കടത്തുന്നതും മറ്റൊരു സാഹസമായിരുന്നു എന്നും ശരത് പറയുകയുണ്ടായിട്ടുണ്ട്. ചില തവണ പിടിക്കപ്പെട്ടപ്പോള്‍ കുറെയെണ്ണം അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടിയും വന്നു. പ്രവാസം കഴിഞ്ഞ് നാട്ടില്‍ (അ)സ്ഥിര താമസമാക്കിയ ശരത് അംഗീകരിച്ചതും അല്ലാത്തതുമായ നിരവധി ഫിലിം സൊസൈറ്റികളിലും കാമ്പസുകളിലും പൊതു സ്ഥലങ്ങളിലും സമരപ്പന്തലുകളിലും ഈ ചിത്രങ്ങള്‍ തന്റെ പ്രൊജക്റ്ററും ഏറ്റിപ്പിടിച്ച് അലഞ്ഞു തിരിഞ്ഞെത്തി കാണിച്ചു കൊടുത്തു. കിട്ടിയ വണ്ടിക്കൂലിയും വാടകയും കൊണ്ട് തൃപ്‌തിപ്പെട്ടു. കിട്ടാത്ത എത്രയോ സംഖ്യകള്‍ നഷ്ടം എന്നെഴുതി വെക്കാന്‍ കണക്കുപുസ്തകങ്ങള്‍ മാത്രമല്ല, മുതലാളിത്തത്തിന്റെ സാമ്പത്തിക ശാസ്‌ത്രവും ശരത് കൊണ്ടു നടന്നിരുന്നില്ല. തൊണ്ണൂറുകളില്‍ കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനം മുഴുവനായി കുറ്റിയറ്റുപോകാതിരിക്കാന്‍ പ്രധാന കാരണം തിരസ്‌കൃതനായ ഈ മുടിഞ്ഞ പുത്രന്റെ തിരിച്ചു വരവും സ്വയം എരിഞ്ഞുതീരലുമായിരുന്നു. പുതിയ നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ നോട്ടം എന്ന പേരില്‍ ഡോക്കുമെന്ററികള്‍ക്കു മാത്രമായി സഞ്ചരിക്കുന്ന ചലച്ചിത്ര മേള അദ്ദേഹം ഏറെക്കൂറെ ഒറ്റക്ക് സംഘടിപ്പിച്ചു.
ചാലിയാര്‍ സമരത്തെക്കുറിച്ച് അദ്ദേഹവും പി ബാബുരാജും ചേര്‍ന്ന് സംവിധാനം ചെയ്‌ത ഡോക്കുമെന്ററിക്ക് മുംബൈ അന്താരാഷ്‌ട്ര മേളയില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചു. കനവ് എന്ന പേരില്‍ വയനാട്ടിലെ നടവയലിലുള്ള സമാന്തര വിദ്യാഭ്യാസ പ്രക്രിയയെക്കുറിച്ച് എടുത്ത ചിത്രവും ശ്രദ്ധേയമായിരുന്നു. മുത്തങ്ങയില്‍ ആദിവാസികളെ ആന്റണി സര്‍ക്കാര്‍ വെടിവെച്ച് കൊലപ്പെടുത്തിയും മര്‍ദ്ദിച്ചും ബലാത്ക്കാരം ചെയ്‌തും പീഡിപ്പിച്ചും വംശഹത്യയിലേക്ക് നയിച്ച സംഭവത്തിനെ ആസ്‌പദമാക്കി തയ്യാറാക്കിയ നീതിയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവര്‍; പ്ളാച്ചിമടയില്‍ നടക്കുന്ന കൊക്കക്കോളക്കും സാമ്രാജ്യത്വ ആഗോളവത്ക്കരണത്തിനുമെതിരായ ചെറുത്തുനില്‍പ് ആദ്യമായി രേഖപ്പെടുത്തിയ കയ്പ്പുനീര്‍ എന്നീ ചിത്രങ്ങള്‍ ആ സമരങ്ങളെയും ചെറുത്തു നില്‍പ്പുകളെയും ലോകശ്രദ്ധയിലേക്ക് കൊണ്ടു വരുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. സിനിമയെ സംബന്ധിച്ചോ ഡോക്കുമെന്ററിയെ സംബന്ധിച്ചോ ഉള്ള എന്തെങ്കിലും അക്കാദമിക് മാനദണ്ഡങ്ങള്‍ വെച്ച് പരിഗണിക്കുകയും മാര്‍ക്കിടുകയും ചെയ്യാവുന്ന ചിത്രങ്ങളല്ല അദ്ദേഹത്തിന്റേത്. അവ സമരങ്ങളുടെ ദിശാബോധത്തെ കൃത്യമായി പിന്തുടരുന്നതുകൊണ്ട് ജനപക്ഷത്ത് നിലയുറപ്പിക്കുന്നതും അതുകൊണ്ടു തന്നെ ചരിത്രത്തിന്റെ ഇന്ധനമായി സ്വയം കാലത്തില്‍ അലിഞ്ഞു ചേരുകയും ചെയ്യുകയാണ് ചെയ്യുന്നത്.
പ്രമുഖ ചലച്ചിത്രകാരന്മാരുടെ ഫീച്ചറുകള്‍ക്കിടയിലെ ഒഴിവുകാല വിനോദങ്ങള്‍ക്കും അവരുടെ ചുവടുപിടിച്ച് ഇന്‍സ്‌റ്റിറ്റ്യൂട്ട് കുട്ടികള്‍ പടച്ചുവിടുന്ന ജീവചരിത്രകോമഡികള്‍ക്കുമപ്പുറത്തേക്ക് കേരളത്തിലെ ഡോക്കുമെന്ററി സിനിമ പരിണമിക്കാനിനിയും മടി കാണിക്കുന്ന കാലത്താണ് ആൿടിവിസ്‌റ്റ് ഡോക്കുമെന്ററിയുടെ രാഷ്‌ട്രീയ പതാക പി ബാബുരാജും സി ശരത് ചന്ദ്രനും ചേര്‍ന്ന് ഉയര്‍ത്തിപ്പിടിച്ചത്. അനുസ്‌മരണങ്ങളും ചരമവാര്‍ഷികങ്ങളും മാത്രം നടത്തി കാലക്ഷേപം കഴിക്കുന്ന സാംസ്‌ക്കാരിക സംഘടനകള്‍ പോലും ഡോക്കുമെന്ററി എന്ന പേരിലിറങ്ങുന്ന ജീവചരിത്രകോമഡികള്‍ കാണാന്‍ സമയം മിനക്കെടുത്താറില്ല. അടിയന്തിരാവസ്ഥക്കു ശേഷമുള്ള ഇന്ത്യനവസ്ഥയുടെ ചരിത്രം ഡോക്കുമെന്ററി സിനിമയില്ലാതെ മുഴുവനായി ബോധ്യപ്പെടാനാകില്ല എന്ന വസ്‌തുതയുടെ പശ്ചാത്തലത്തിലാണ് ഈ കേരളീയ ദുരവസ്ഥ എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. മാവൂരിലും നര്‍മദയിലും നടന്ന ജനകീയമുന്നേറ്റങ്ങളും പി ബാബുരാജ്, സി ശരത് ചന്ദ്രന്‍ എന്നിവര്‍ ഡോക്കുമെന്ററിയിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്. സൈലന്റ് വാലി പദ്ധതി പാത്രക്കടവ് എന്ന പേരിട്ട് സൂത്രത്തില്‍ നടപ്പിലാക്കാനുള്ള ഗൂഢതന്ത്രത്തെ തുറന്നുകാണിക്കുന്ന ഒരു മഴുവിന്റെ ദൂരം മാത്രം എന്ന ഡോക്കുമെന്ററിയും ശ്രദ്ധേയമാണ്. ഈ സിനിമയുടെ ചിത്രീകരണത്തിനായി ശരത്തിന്റെയും മുസ്‌തഫ ദേശമംഗലത്തിന്റെയും പിന്നെ പത്തു പതിനഞ്ചു സുഹൃത്തുക്കളുടെയും ഒപ്പം, മഴ പെയ്‌തു തുടങ്ങിയ ഒരു ദിവസം മുഴുവന്‍ നടന്ന് പാത്രക്കടവിലേക്കും തിരിച്ചും നടത്തിയ സാഹസിക യാത്ര എന്റെ ഓര്‍മ്മകളിലെന്നും മായാതെ നിലനില്‍ക്കും.
പി ബാബുരാജിനോടൊപ്പം അദ്ദേഹം സംവിധാനം ചെയ്‌ത ഒരായിരം ദിനങ്ങളും ഒരു സ്വപ്‌നവും എന്നതായിരിക്കും ഒരര്‍ത്ഥത്തില്‍ സി ശരത്ചന്ദ്രന്റെ ചലച്ചിത്രജീവിതത്തിലെ ഏറ്റവും പ്രസക്തമായ സംഭാവന. ഈ ഡോക്കുമെന്ററിയുടെ ഏറ്റവും വലിയ പ്രത്യേകത, പത്രവാര്‍ത്തകളും ടെലിവിഷന്‍ ന്യൂസ് ക്ളിപ്പിങ്ങുകളും കണ്ട് 'വിവരം വെച്ചതിനു' ശേഷം സമാഹരിക്കുന്ന 'സമഗ്രമായ' ഒരു പുന: പരിശോധനാ യാത്രയല്ല അത് എന്നതാണ്. പ്ളാച്ചിമടയിലെ ആദിവാസികളുടെ നേതൃത്വത്തിലുള്ള ചെറുത്തുനില്‍പു സമരത്തിന്റെ ആദ്യഘട്ടം മുതല്‍ എല്ലാ നിര്‍ണായക ഘട്ടങ്ങളിലും ക്യാമറയുമായി ഈ സംവിധായകര്‍ അവിടെയുണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയമായ സംഗതി. കൃത്യമായ സ്ഥലത്ത് കൃത്യമായ സമയത്ത് ക്യാമറയുമായുണ്ടായിരിക്കുക എന്നത് ഡോക്കുമെന്ററി സിനിമാ ആൿടിവിസ്‌റ്റിന്റെ നിതാന്ത ജാഗ്രതയും സമരോത്സുകമായ മനസ്സുമാണ് വെളിപ്പെടുത്തുന്നത്. പ്ളാച്ചിമടസമരത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ വേലൂര്‍ സ്വാമിനാഥന്‍ ഈ സമരത്തിനാധാരമായ കാരണങ്ങളെക്കുറിച്ചും താന്‍ ആ സമരത്തിലേക്കെത്തിപ്പെട്ട സാഹചര്യത്തെക്കുറിച്ചും ഒരായിരം ദിനങ്ങളും ഒരു സ്വപ്‌നവും എന്ന ഡോക്കുമെന്ററിയില്‍ ഇങ്ങിനെ സംസാരിക്കുന്നു: പ്ളാച്ചിമടയിലും ചുറ്റുപ്രദേശങ്ങളിലുമുള്ള രണ്ടായിരത്തോളം ജനസംഖ്യയുള്ള ഇരവാളര്‍ സമുദായത്തില്‍ പെട്ട സ്വാമിനാഥന്‍ മാധവന്‍ നായര്‍ കോളനിയിലാണ് താമസം. ഒരു വക്കീലാവണമെന്നാഗ്രഹമുണ്ടായിരുന്ന അദ്ദേഹത്തെ വീട്ടിലെ ദരിദ്രസാമ്പത്തികസ്ഥിതി അതിനനുവദിച്ചില്ല. പത്താംക്ളാസിനുശേഷം മലമ്പുഴ ഐ ടി ഐയില്‍ നിന്ന് ഇലൿട്രിക്കല്‍ വിഭാഗത്തില്‍ ഡിപ്ളോമ നേടിയ സ്വാമിനാഥന്‍ കോയമ്പത്തൂര്‍, പൊള്ളാച്ചി തുടങ്ങിയ സമീപപ്രദേശങ്ങളില്‍ കുറെക്കാലം ഇലൿട്രിക്കല്‍ തൊഴില്‍ ചെയ്‌തതിനു ശേഷം പ്ളാച്ചിമടയില്‍ മോട്ടോര്‍ വൈന്‍ഡിംഗ് കടയിടുകയായിരുന്നു. ആ പ്രദേശത്തുള്ള മുഴുവന്‍ കര്‍ഷകരുമായി ഈ കടയുടെയും തൊഴിലിന്റെയും പശ്ചാത്തലത്തില്‍ അദ്ദേഹം ബന്ധം സ്ഥാപിച്ചു. കൊക്കക്കോള കമ്പനി പ്രവര്‍ത്തനമാരംഭിച്ചതിനു ശേഷം പ്രദേശത്തെ ജലനിരപ്പിലുണ്ടായ കുറവും അതിന്റെ സ്വഭാവത്തില്‍ വന്ന മാറ്റവും നിരവധി കര്‍ഷകരുമായി നിത്യബന്ധമുള്ള ആള്‍ എന്ന നിലക്ക് തുടക്കത്തില്‍ തന്നെ അദ്ദേഹത്തിന് ബോധ്യപ്പെട്ടു. തന്റെ കട, തൊഴില്‍, കുടുംബം എന്നിവ എങ്ങനെ മുന്നോട്ടു പോകും എന്ന ആലോചന തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്തിക്കൊണ്ട് സമരത്തിന് നേതൃത്വം നല്‍കാന്‍ സ്വാമിനാഥന് പ്രേരണയായത് കണ്‍മുന്നില്‍ കാണുന്ന ഈ യാഥാര്‍ത്ഥ്യങ്ങളായിരുന്നു. വീട്ടില്‍ രാത്രി തിരിച്ചു വരുമ്പോള്‍ അടുപ്പത്ത് വെള്ളം തിളപ്പിച്ച് താന്‍ കൊണ്ടുവരുന്ന അരിക്കുവേണ്ടി കാത്തിരിക്കുന്ന ഒരു കുടുംബത്തിന്റെ വിശപ്പ് മറന്നുകൊണ്ട് പലപ്പോഴും സമരകാര്യങ്ങള്‍ക്കു വേണ്ടി പന്തലില്‍ തന്നെ കിടക്കുകയോ അല്ലെങ്കില്‍ മറ്റു യാത്രകളിലായിരിക്കുകയോ ചെയ്യേണ്ട പരിതസ്ഥിതി അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. അതുമല്ല, സമരത്തില്‍ സജീവമായതോടെ കൃത്യമായ വരുമാനം നിലച്ചതും ദുരിതത്തെ സങ്കീര്‍ണമാക്കിത്തീര്‍ത്തു. എന്നിട്ടും സ്വാമിനാഥന്‍ ഇപ്പോഴും സമരനേതൃത്വത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ഏതെങ്കിലുമൊരു സംഘടനയുടെയോ രാഷ്‌ട്രീയകക്ഷിയുടെയോ പിന്‍ബലത്തിലുമല്ല അത്. സാധാരണക്കാരും പിന്തള്ളപ്പെട്ടവരുമായ ജനങ്ങള്‍ കുടിവെള്ളം കൂടി ഇല്ലാതായാല്‍ പിന്നെ ജീവിച്ചിരിക്കുന്നതിലെന്തര്‍ത്ഥം എന്ന തിരിച്ചറിവു മാത്രമാണ് സ്വാമിനാഥന്റെയും മരണപ്പെട്ട മയിലമ്മയുടെയും മറ്റ് അനവധി സമരപ്പോരാളികളുടെയും പോരാട്ടവീര്യത്തെ ഉത്തേജിപ്പിക്കുന്നത്.
സിദ്ധാന്തങ്ങളുടെയും പൊതുപ്രവര്‍ത്തനപരിചയത്തിന്റെയും അനുഭവങ്ങളില്‍ നിന്നല്ല മയിലമ്മ എന്ന ആദിവാസി സ്‌ത്രീ കേരളമനസ്സിനെയും ഇന്ത്യന്‍ മനസ്സിനെയും പിടിച്ചു കുലുക്കിയ ഗംഭീരമായ കൊക്കക്കോളവിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളിയായിത്തീര്‍ന്നത്. താനും തന്റെ തലമുറയും അനുഭവിച്ച പരിമിതമായ ജീവിതസാഹചര്യങ്ങള്‍ അടുത്ത തലമുറകള്‍ക്കും കൂടി അനുഭവിക്കാന്‍ അവകാശപ്പെട്ടതാണെന്ന തിരിച്ചറിവാണ് മയിലമ്മയെ മറ്റേതൊരു മണ്ണിന്റെ മകളെയുമെന്നതുപോലെ ഈ സഹനസമരത്തിന് പ്രേരിപ്പിച്ചത്.
ഇന്ത്യയില്‍ 49 ബോട്ടിലിങ്ങ് പ്ലാന്റുകളുള്ള കൊക്കക്കോള എന്ന ബഹുരാഷ്‌ട്ര ഭീമന്‍ നൂറു കോടി ഡോളറിന്റെ നിക്ഷേപമാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. അതിന്റെ പതിന്മടങ്ങ് ലാഭമായി അമേരിക്കയിലോ മറ്റേതെങ്കിലും രാജ്യത്തോ ഉള്ള രഹസ്യ അക്കൌണ്ടുകളിലേക്ക് മാറ്റപ്പെട്ടിട്ടുമുണ്ടാകും. ഒരു ലക്ഷത്തി ഇരുപത്തയ്യായിരം പേര്‍ക്ക് നേരിട്ട് ഇന്ത്യയില്‍ തൊഴില്‍ നല്‍കുന്ന ഹിന്ദുസ്ഥാന്‍ കൊക്കക്കോള ബീവറേജസ് എന്ന ഇന്ത്യന്‍ സബ്‌സിഡിയറി 1999ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. പ്ളാച്ചിമടയിലെ 35 ഏക്കര്‍ കൃഷിഭൂമി വിലക്കു വാങ്ങിയ കമ്പനി 2000 മാര്‍ച്ചില്‍ ഉത്പാദനം തുടങ്ങുകയും ചെയ്തു. 37000 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള പ്ളാന്റാണ് ഇവിടെയുള്ളത്. ഒരു വര്‍ഷം 2830 കോടി ലിറ്റര്‍ വെള്ളമാണ് കൊക്കക്കോള ലോകവ്യാപകമായി കൃത്രിമ ശീതള പാനീയങ്ങള്‍ നിര്‍മിക്കുന്നതിനു വേണ്ടി ഊറ്റിയെടുക്കുന്നത്. ലോകജനതയുടെ പത്തു ദിവസത്തെ ദാഹം തീര്‍ക്കാനുള്ള ജലമാണിത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, കൊക്കക്കോള എന്ന സ്ഥാപനം ലോകത്ത് നിലനില്‍ക്കുന്നതു കൊണ്ട് ലോകജനത 365 നു പകരം 355 ദിവസം വെള്ളം ഉപയോഗിച്ചു ജീവിതം നിലനിര്‍ത്തേണ്ട ഗതികേടിലെത്തിയിരിക്കുന്നു. പെപ്‌സിയുടെ വകയും ഒരു പത്തു ദിവസം എടുത്താല്‍ പിന്നെയും ജീവിച്ചിരിക്കേണ്ട ദിവസങ്ങള്‍ കുറയും. വെള്ളം എന്നത് ജീവന്റെ അടിസ്ഥാനമാണെന്ന് മനസ്സിലാക്കാന്‍ ഡോൿടറേറ്റൊന്നും ആവശ്യമില്ല. അതായത്, വര്‍ഷത്തില്‍ പത്തോ ഇരുപതോ ദിവസം ലോകജനതയെ കോമയില്‍ മരവിപ്പിച്ചുനിര്‍ത്തിയാണ് ഈ രണ്ടു കമ്പനികളും 'ത്രസിപ്പിക്കുന്ന' പാനീയങ്ങള്‍ അതേ ലോകജനതക്കു തന്നെ സമ്മാനിക്കുന്നത് എന്നര്‍ത്ഥം!
പുതിയ ഒരു കമ്പനി വരുന്നത് നാട്ടിനു നാട്ടുകാര്‍ക്കും നല്ലതല്ലേ എന്ന ചിന്താഗതിയാണ് പൊതുവേ എല്ലാവര്‍ക്കും ഉണ്ടായിരുന്നതെങ്കിലും തനിക്ക് ആദ്യമേ ചില ദുസ്സൂചനകള്‍ തോന്നിയിരുന്നുവെന്ന് മയിലമ്മ പറയുന്നുണ്ട്. അതിര്‍ത്തിക്കപ്പുറത്തുള്ള തമിഴ്‌നാട്ടില്‍ ഒരു സോയക്കമ്പനി വന്നപ്പോള്‍ അവരുണ്ടാക്കിയ മലിനീകരണം ആ പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കിത്തീര്‍ത്ത വിവരമറിഞ്ഞതുകൊണ്ടാണ് തനിക്ക് അത്തരം ഒരു സംശയം ആദ്യമേ തോന്നിയതെന്നും എന്നാല്‍ അന്നാരോടും അതു പറഞ്ഞില്ലെന്നു മയിലമ്മ അനുസ്‌മരിക്കുന്നു. കമ്പനി പ്രവര്‍ത്തനമാരംഭിച്ച് ആറുമാസം പിന്നിട്ടതോടെ കാര്യത്തിന്റെ ഗുരുതരാവസ്ഥ എല്ലാവര്‍ക്കും ബോധ്യപ്പെട്ടു തുടങ്ങി. ചുറ്റുഭാഗത്തുമുള്ള വീടുകളിലെയും കോളനികളിലെയും പൊതുസ്ഥലങ്ങളിലെയും കിണറുകളിലെ വെള്ളത്തിന് ഉപ്പും കയ്‌പും ചേര്‍ന്ന ഒരു സ്വാദുമാറ്റം ഉണ്ടായി. പ്രദേശവാസികള്‍ക്ക് കുളിക്കാനോ കുടിക്കാനോ തുണി അലക്കാനോ ഈ വെള്ളം ഉപയോഗിക്കാന്‍ സാധ്യമല്ല എന്ന സ്ഥിതി സംജാതമായി. ജനങ്ങള്‍ നല്ല വെള്ളം തേടി അലയാന്‍ തുടങ്ങിയത് ഈ ഘട്ടത്തിലാണ്. അന്നന്നത്തെ അന്നം കണ്ടെത്താന്‍ വേണ്ടി പകലന്തിയോളം അധ്വാനിക്കേണ്ടവരായ തൊഴിലാളികളാണ് പ്ളാച്ചിമടയിലുള്ള മുഴുവന്‍ ആണുങ്ങളും പെണ്ണുങ്ങളും എന്നിരിക്കെ ഒരു കുടം വെള്ളത്തിനായി കിലോമീറ്ററുകള്‍ താണ്ടി അലയേണ്ട ഗതികേടിലവരെത്തി എന്നത് പ്രശ്‌നത്തെ കൂടുതല്‍ രൂക്ഷമാക്കിത്തീര്‍ത്തു. വികസനത്തിന്റെ സ്വാഭാവിക ദൂഷ്യഫലമാണ് മലിനീകരണം എന്നും അത് സഹിക്കുകയല്ലാതെ മറ്റ് നിവൃത്തിയൊന്നും തദ്ദേശവാസികള്‍ക്കില്ല എന്നുമായിരുന്നു ആ ഘട്ടത്തില്‍ നേരിട്ട് പരാതിപ്പെട്ട തൊട്ടടുത്തുള്ള വിജയനഗര്‍ കോളനിനിവാസികളോട് പ്ളാന്റ് മാനേജര്‍ ധാര്‍ഷ്‌ട്യത്തോടെ മറുപടി പറഞ്ഞത്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്ക് പൊതുവെ തന്നെ ഭൂഗര്‍ഭ ജലം കൂടുതലായി ചൂഷണം ചെയ്യപ്പെടുന്ന ഒരു പ്രദേശമാണ്. ഏതു പുതിയ വ്യവസായ സ്ഥാപനം വരുമ്പോഴും അത്യാവശ്യമായ പരിസ്ഥിത ആഘാത റിപ്പോര്‍ട് കൊക്കക്കോള കമ്പനി തന്നെ ഏര്‍പ്പാടാക്കിയ ഒരു ഏജന്‍സിയാണ് തയ്യാറാക്കി സര്‍ക്കാരിന് നല്‍കിയത്.
പ്ളാച്ചിമടയുടെ സ്വപ്‌നം പേക്കിനാവായി മാറിയ ഈ ഘട്ടത്തില്‍ മറ്റ് നിവൃത്തിയൊന്നുമില്ലാതെ തദ്ദേശവാസികളായ ജനങ്ങള്‍ കൊക്കക്കോളക്കെതിരായ സമരം ആരംഭിച്ചു. 2002 ഏപ്രില്‍ 22ന് ആദിവാസി ഗോത്രമഹാസഭാ നേതാവായ സി കെ ജാനു സമരം ഉദ്ഘാടനം ചെയ്തു. ആ സമരോദ്ഘാടനം മുതല്‍ക്ക് പ്ളാച്ചിമടയിലെ സമരപ്പന്തലിലും മറ്റും നടന്ന സമരമുഖങ്ങളൊക്കെ തീവ്രമായ സമഭാവനയോടെ പി ബാബുരാജും സി ശരത് ചന്ദനും പകര്‍ത്തിയെടുത്തിട്ടുണ്ട് എന്നതാണ് ഈ ഡോക്കുമെന്ററിയെ സവിശേഷമാക്കുന്നത്. ഈ ചിത്രത്തില്‍ തന്നെ വ്യക്തമാക്കുന്നതു പോലെ എട്ടോളം ഡോക്കുമെന്ററികള്‍ പ്ളാച്ചിമടസമരത്തെ ആധാരമാക്കി നിര്‍മിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സമരത്തോടൊപ്പം നിന്ന് അതില്‍ പങ്കാളിയായി എടുത്ത സിനിമ രണ്ടെണ്ണം മാത്രമേ ഉള്ളൂ. നേരത്തെ ഇതേ സംവിധായകര്‍ പൂര്‍ത്തിയാക്കിയതും നിരവധി അന്താരാഷ്‌ട്ര മേളകളിലടക്കം വ്യാപകമായി പ്രദര്‍ശിപ്പിച്ചതുമായ കയ്‌പുനീര്‍ എന്ന ഡോക്കുമെന്ററിയുടെയും ഒരായിരം ദിനങ്ങളും ഒരു സ്വപ്‌നവും എന്ന ചിത്രത്തിന്റെയും സവിശേഷത അത് നിസ്സങ്കോചം ഉയര്‍ത്തിപ്പിടിക്കുന്ന ഈ പക്ഷപാതിത്വവും സമരസന്നദ്ധതയും തന്നെയാണ്.
മുപ്പതിനായിരം പേര്‍ മാത്രം അധിവസിക്കുന്ന ഒരു ചെറിയ പഞ്ചായത്തായ പെരുമാട്ടിയിലാണ് കൊക്കക്കോള പ്ളാന്റ് സ്ഥാപിതമായത്. ഒരു വര്‍ഷത്തില്‍ ഒരു കോടി രൂപയുടെ അധിക നികുതി വരുമാനമാണ് ഇതുവഴി പഞ്ചായത്തിന് ലഭിച്ചത്. 1886ല്‍ അമേരിക്കയിലെ അറ്റ്ലാന്റയില്‍ സ്ഥാപിക്കപ്പെട്ട കൊക്കക്കോള എന്ന അന്താരാഷ്‌ട്ര ഭീമന്‍ കോര്‍പ്പറേഷന് 8000 കോടി ഡോളര്‍ വാര്‍ഷികവരുമാനമാണുള്ളത്. ഇരുനൂറ് രാജ്യങ്ങളിലായി നാനൂറിലധികം പാനീയങ്ങളാണ് കൊക്കക്കോള ഉത്പാദിപ്പിക്കുന്നത്. രാഷ്‌ട്രീയവും വൈകാരികവും പാരിസ്ഥിതികവുമായ കാരണങ്ങളാല്‍ അമേരിക്കന്‍ മുതലാളിത്തത്തിന്റെ ആഗോളപ്രതീകങ്ങളിലൊന്നായി കൊക്കക്കോള മാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കൊക്കക്കോളക്കെതിരായി ഏതു തലത്തിലുള്ള സമരവും ആഗോള സാമ്രാജ്യത്വത്തിന്റെ അധിനിവേശോന്മുഖതക്കെതിരായ ചെറുത്തുനില്‍പാണ്. എന്നാല്‍, സങ്കുചിതവും സെന്‍സേഷനലുമായ പ്രശ്‌നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന മലയാള മാധ്യമങ്ങള്‍ ആദ്യഘട്ടത്തില്‍ പ്ളാച്ചിമടയിലെ സമരത്തിന്റെ ഈ അന്താരാഷ്‌ട്രമാനം മനസ്സിലാക്കിയില്ല. സമരത്തിന്റെ ആദ്യത്തെ അമ്പതു ദിവസം സമരത്തെക്കുറിച്ച് യാതൊരു റിപ്പോര്‍ടും പ്രധാന പത്രങ്ങളില്‍ വന്നതേയില്ല. (സി കെ ജാനു സമരം ഉദ്ഘാടനം ചെയ്‌തു എന്ന വാര്‍ത്ത പ്രാദേശികപേജിന്റെ മൂലയിലെവിടെയോ ഉണ്ടായിരുന്നു!) അഞ്ഞൂറ് തൊഴിലാളികള്‍ക്കാണ് പ്ളാച്ചിമട കൊക്കക്കോള കമ്പനിയില്‍ ജോലി ലഭിച്ചത്. എല്ലാ പ്രധാനപ്പെട്ട തൊഴിലാളി യൂണിയനുകള്‍ക്കും അവിടെ ഘടകങ്ങളുണ്ടായിരുന്നു. അവരുടെ സംയുക്തസമിതി രൂപീകരിക്കപ്പെടുകയും ആദിവാസികളുടെ പ്രതിഷേധസത്യാഗ്രഹ സമരത്തിനെതിരായി പുലഭ്യം പറയുന്നതിനും അവരെ ഭീഷണിപ്പെടുത്തുന്നതിനും അവര്‍ തുനിയുകയും ചെയ്തു. മയിലമ്മ പറയുന്നത്, ഞങ്ങള്‍ അവരെ ഒരിക്കലും തടയാന്‍ ശ്രമിച്ചിട്ടില്ല എന്നാണ്. ആരോ പണി ചെയ്‌ത് കഞ്ഞി കുടിക്കട്ടെ എന്നേ ഞങ്ങള്‍ വിചാരിക്കുന്നുള്ളൂ. എന്നാല്‍ മനുഷ്യരുടെ ചോര കുപ്പിയിലാക്കി വില്‍ക്കുന്നതുപോലെ ഇവിടത്തെ വെള്ളം മുഴുവനായി ഊറ്റി വില്‍ക്കാന്‍ ഞങ്ങളനുവദിക്കില്ല എന്ന് മയിലമ്മ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നത് ഡോക്കുമെന്ററിയിലെ ഒരു അവിസ്‌മരണീയ ദൃശ്യമാണ്.
മുതലമട പഞ്ചായത്തിലെ ആട്ടയാം പതിയില്‍ രാമന്റെയും കന്നീമയുടെയും പന്ത്രണ്ടാമത്തെ മകളായി ജനിച്ച മയിലമ്മ പതിനാലു വയസ്സുള്ളപ്പോഴാണ് മാരിമുത്തുവിന്റെ ഭാര്യയായി പ്ളാച്ചിമടയിലെത്തുന്നത്. അതിസാധാരണമായ ജീവിതം നയിച്ചുവന്ന മയിലമ്മ മുരുകരാജ്, ദൈവാന, തങ്കവേലു, സുബ്രഹ്മണ്യന്‍ എന്നീ നാലു മക്കളെ പ്രസവിച്ചു. ഇരുപത്തേഴാം വയസ്സില്‍ വിധവയായ അവര്‍ സാഹചര്യങ്ങളുടെ രാഷ്‌ട്രീയവും വസ്‌തുനിഷ്‌ഠവുമായ സമ്മര്‍ദത്തെത്തുടര്‍ന്ന് പ്ളാച്ചിമടയിലെ ഉജ്വല സമരത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായി മാറി. പേരമക്കള്‍ക്കും ഭാവിതലമുറകള്‍ക്കും ശുദ്ധജലം കുടിക്കാനുള്ള അവകാശം തുടര്‍ന്നും ലഭ്യമാവണമെന്ന ഉദ്ദേശ്യത്തോടെ സമരത്തിലേര്‍പ്പെട്ട മയിലമ്മയുടെ തത്വശാസ്‌ത്രം വളരെ ലളിതമാണ്: മരിക്കാനും ജീവിക്കാനും വെള്ളം വേണം. തന്റെ ആത്മകഥാഖ്യാനത്തില്‍ മയിലമ്മ ചോദിക്കുന്നു: എന്തോ ഏതോ. എനിക്ക് ഒരു കാര്യം മാത്രം അറിയാം. പ്ളാച്ചിമട എന്ന ഇത്ര വട്ടമാണ് ഞാന്‍ ഇരിക്കണ സ്ഥലം. ഇരിക്ക്ണവിടെ ഇരിക്കാന്‍ പറ്റാത്ത തരത്തിലുള്ള കഷ്ടപ്പാടും പുത്തിമുട്ടും വന്നിരിക്ക്കയാണ് ഞങ്ങളിന്റെ കൂട്ടര്ക്ക്. എന്ന് പറഞ്ഞാല് എന്താണ് ചെയ്യണത്? ഇവിടന്ന് ഓടി എവിടേക്കാണ് ഞങ്ങ്ള് പോകണത്? (മയിലമ്മ ഒരു ജീവിതം, തയ്യാറാക്കിയത് ജ്യോതിബായ് പരിയാടത്ത്, മാതൃഭൂമി ബുക്സ് പേജ് 69)
സമരത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ പ്ളാച്ചിമട ചെറുത്തുനില്‍പുസമരത്തിന്റെ കേന്ദ്രബിന്ദുവായി മയിലമ്മ മാറിത്തീര്‍ന്നു. അവരുടെ ജീവിതത്തിന്റെ അവിഭാജ്യഭാഗമായിരുന്നു സമരപ്പന്തല്‍. കാലത്ത് ആദ്യമവിടെയെത്തി പന്തലും പരിസരവും അടിച്ചുവൃത്തിയാക്കുകയും സത്യഗ്രഹികള്‍ക്കുള്ള ആഹാരം പാചകം ചെയ്യുകയും ഒക്കെ ചെയ്യുന്നത് മയിലമ്മ തന്നെയാണ്. സഹപ്രവര്‍ത്തകരോടും സമരാനുകൂലികളോടും മാധ്യമപ്രവര്‍ത്തകരോടും സമരത്തിന്റെ കാര്യകാരണങ്ങളും ഗതിവിഗതികളും വിശദമായി സംസാരിക്കുന്നതും മയിലമ്മ തന്നെ. സാധാരണ സാമൂഹ്യ പ്രസ്ഥാനങ്ങളിലും ഇത്തരം ജോലികള്‍ സ്‌ത്രീകളും കുട്ടികളും ചെയ്യാറുണ്ടെങ്കിലും അവര്‍ക്ക് നേതൃത്വപദവി നല്‍കാറില്ല. എന്നാല്‍ പ്ളാച്ചിമടയിലെ സമരം ഏതെങ്കിലുമൊരു കേന്ദ്രീകൃത സംഘടനയുടെ സജ്ജീകരിക്കപ്പെട്ട ആപ്പീസില്‍ വെച്ച് സൈദ്ധാന്തികമായും പ്രായോഗികമായും ആസൂത്രണം ചെയ്യപ്പെട്ടതല്ലാത്തതുകൊണ്ട് മയിലമ്മയെപ്പോലെ ആത്മാര്‍ത്ഥത, അര്‍പ്പണബോധം, സത്യസന്ധത എന്നിവ മാത്രം കൈമുതലായുള്ള ഒരാദിവാസി വനിതക്ക് ആ സമരത്തിന്റെ നേതൃപദവിയിലെത്താനായി. എന്നാല്‍, രാഷ്‌ട്രീയ-സാംസ്‌ക്കാരിക-സാമൂഹ്യ-മനുഷ്വാവകാശ സംഘടനകളിലെ പ്രൊഫഷനല്‍ വേഷങ്ങളും ആള്‍ദൈവങ്ങളും വ്യാജ നേതൃരൂപങ്ങളും പ്ളാച്ചിമട സമരത്തിന്റെ പിന്നീടുള്ള ഘട്ടങ്ങളില്‍ പിന്തുണയും ഉപദേശവും നേതൃത്വമേറ്റെടുക്കലും നടത്തിയപ്പോള്‍ മയിലമ്മയെ സമരത്തില്‍ നിന്ന് ഒഴിപ്പിച്ചു നിര്‍ത്താനും സമരത്തെ പിളര്‍ത്തി ഛിന്നഭിന്നമാക്കാനുമുള്ള നീക്കങ്ങളുണ്ടായി. മാധ്യമ ദുഷ്പ്രഭുത്വത്തിന്റെ മായാവലയത്തില്‍ കുടുങ്ങി കേവലം ഒരു ഉപകരണമായി മാറാതിരിക്കാന്‍ മയിലമ്മക്ക് പ്രാഥമികമായ ചില അറിവുകളും നിലപാടുകളും ആവശ്യമാണ്, എന്നും അത്തരം കാര്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്‌മ പ്ളാച്ചിമടസമരത്തിന്റെ നേതൃനിരയിലെ ഒരാള്‍ക്ക് ഇണങ്ങുന്നതല്ല എന്നുമാണ് സമരത്തിന്റെ രക്ഷാകര്‍തൃത്വം ഏറ്റെടുത്തവരിലൊരാള്‍ ആജ്ഞാപിച്ചത്. വ്യാജനേതൃരൂപങ്ങള്‍, ആള്‍ദൈവങ്ങള്‍, പ്രൊഫഷനല്‍ പരിസ്ഥിതിവാദികള്‍, അരാജകരും മദ്യപാനികളും, തീവ്ര വലതുപക്ഷം, എന്നിങ്ങനെ പലരും ഇത്തരം സമരങ്ങള്‍ക്ക് പിന്തുണയും രക്ഷാകര്‍തൃത്വവും വിദേശഫണ്ടും ഏര്‍പ്പെടുത്തിക്കൊടുക്കുകയും തങ്ങളുടെ ഗൂഢമോ പ്രകടമോ ആയ നിക്ഷിപ്‌ത താല്‍പര്യങ്ങള്‍ ഈ വഴിക്ക് നേടിയെടുക്കുകയും ചെയ്യുന്ന പ്രവണത മുത്തങ്ങയിലും നന്ദിഗ്രാമിലും പോലെ പ്ളാച്ചിമടയില്‍ വിജയം കണ്ടില്ല എന്നതിലാണിക്കൂട്ടര്‍ നിരാശരാകുന്നത്. പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് പലപ്പോഴും പ്രകോപനങ്ങള്‍ക്കായി മാനേജുമെന്റ് ശ്രമിച്ചപ്പോള്‍ തങ്ങള്‍ സമാധാനമാര്‍ഗം അവലംബിക്കുക മാത്രമാണ് ചെയ്‌തതെന്ന് മയിലമ്മ അനുസ്‌മരിക്കുന്നത് ഡോക്കുമെന്ററിയിലുണ്ട്. ഹിംസയിലൂടെയും അക്രമത്തിലൂടെയും ബോംബിങ്ങിലൂടെയും കമ്പനിയെ തോല്‍പിക്കാനാവില്ലെന്നും സ്ഥായിയായ ആവശ്യത്തിനുവേണ്ടിയുള്ള അതായത് വെള്ളത്തിന്മേലുള്ള പ്രാദേശിക ജനതയുടെ അവകാശം എന്നത്തേക്കുമായി സ്ഥാപിച്ചുകിട്ടാനുള്ള സമരമാണ് തങ്ങള്‍ നടത്തുന്നതെന്നും മയിലമ്മ വ്യക്തമാക്കുന്നുണ്ട്. പ്ളാച്ചിമട സമരം അക്രമത്തിലേക്കും മനുഷ്യഹത്യയിലേക്കും പോകാതിരുന്നതിനു പിന്നില്‍ മയിലമ്മയുടെയും സഖാക്കളുടെയും നിശ്ചയദാര്‍ഢ്യം വ്യക്തമാണ്. അപ്പോഴാണ് മയിലമ്മ കാര്യങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നു എന്ന് അടിയന്‍ ലച്ചിപ്പോം നടിച്ച് ചാടിവീഴുന്ന 'അധ്യാപക-രക്ഷാകര്‍ത്തൃ സമിതിക്കാര്‍' ആജ്ഞാപിക്കുന്നത്.
സമരത്തിന്റെയും സമരസഖാക്കളുടെയും ഈ അവസ്ഥയില്‍ ഖിന്നയായതുകൊണ്ടാണ് മയിലമ്മക്ക് ശാരീരികാസ്വസ്ഥത വന്നതും അവര്‍ നല്ല ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് മരണപ്പെട്ടതെന്നും സമരവുമായി അടുത്ത ബന്ധമുള്ള പലരും പറയുകയുണ്ടായി. മയിലമ്മയുടെ മൃതശരീരം പ്ളാച്ചിമടയിലെ സമരപ്പന്തലിലേക്ക് കയറ്റാന്‍ ഇപ്പോള്‍ സമരനേതൃത്വത്തിലുള്ളവര്‍ സമ്മതിച്ചില്ല. രണ്ടു കാരണങ്ങളാണ് ഹീനമായ ആ നിഷേധത്തിനവരെ പ്രേരിപ്പിച്ചത്. ഒന്ന്, മയിലമ്മയെ തേജോവധം ചെയ്യാന്‍ ശ്രമിച്ചവരുടെ അധീനതയിലായിരുന്നു ആ സമരപ്പന്തല്‍. രണ്ട്, മയിലമ്മയുടെ ത്വക് രോഗം തങ്ങള്‍ക്ക് പകരുമോ എന്ന സംശയം.
ഈ വിപരിണാമം ശ്രദ്ധേയമായ ചില ആലോചനകളിലേക്ക് നമ്മെ കൊണ്ടുപോകേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ മുഖ്യധാരാ മാധ്യമങ്ങളും രാഷ്‌ട്രീയകക്ഷികളും അവഗണിച്ച പ്ളാച്ചിമട സമരത്തെ സമരം ആരംഭിച്ച് ആറുമാസത്തിനു ശേഷം അവരെല്ലാവരും ചേര്‍ന്ന് ഏറ്റെടുക്കുകയും ആഘോഷിക്കുകയുമായിരുന്നു. അതിനവര്‍ക്കുള്ള അവകാശത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല. മാത്രമല്ല, അത്തരത്തിലുള്ള മുഖ്യധാരയുടെ രംഗപ്രവേശം മൂലം പ്ളാച്ചിമടയിലെ ചെറുത്തുനില്‍പിന് വന്‍ ജനപിന്തുണ ആര്‍ജ്ജിക്കാനാവുകയും ആ സമരത്തിന്റെ രാഷ്‌ട്രീയവും പാരിസ്ഥിതികവും ആഗോളസാമ്രാജ്യത്വ വിരുദ്ധവുമായ മാനങ്ങള്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്‌തു. പക്ഷെ പ്ളാച്ചിമടയിലെ ജനങ്ങളുടെ സ്വപ്‌നത്തിന് എന്തു ഫലമാണ് കിട്ടിയത് ? കൊക്കക്കോള കമ്പനി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ ആ നിരോധനത്തിന് നിയമപരമായും സാങ്കേതികമായും എത്രനാള്‍ നിലനില്‍പുണ്ടെന്ന് ആര്‍ക്കും തീര്‍ച്ചയില്ല. സമരസമിതി പിളര്‍ന്നുകഴിഞ്ഞിരിക്കുന്നു. ഒരു വിഭാഗത്തിനു പിന്നില്‍ ചില നിക്ഷിപ്‌ത താല്‍പര്യക്കാരും ഒരു പക്ഷെ കൊക്കക്കോള കമ്പനി തന്നെയും നിലയുറപ്പിച്ചിട്ടുള്ളതായി മറു വിഭാഗം ആരോപിക്കുന്നു. പ്ളാച്ചിമടയിലെ ജനങ്ങള്‍ക്ക് നഷ്‌ടപരിഹാരം കൊടുക്കണമെന്ന കോടതി വിധി ആശ്വാസകരമാണെങ്കിലും അത് നടപ്പാക്കിക്കിട്ടാനുള്ള കടമ്പകളെക്കുറിച്ചാലോചിക്കുമ്പോള്‍ സങ്കീര്‍ണത വീണ്ടും വര്‍ദ്ധിക്കും.
പ്ളാച്ചിമടയിലെ സമരവീര്യത്തിന്റെ പ്രോത്സാഹനം തമിഴ്‌നാട്ടിലെ ശിവഗംഗയിലേക്കും ഉത്തര്‍ പ്രദേശിലെ മെഹ്ദിഗഞ്ചിലേക്കും പടര്‍ന്നു. മേധപട്ക്കറും വന്ദനശിവയുമടക്കമുള്ള നേതാക്കള്‍ പ്ളാച്ചിമടയിലെത്തി. 2005ലെ ഔട്ട്‌ലുക്ക് സ്പീക്ക് ഔട്ട് പുരസ്‌ക്കാരത്തിന് മയിലമ്മ അര്‍ഹയാവുകയും ദില്ലി വരെ യാത്ര ചെയ്‌ത് അമ്പതിനായിരം രൂപയുടെ കാഷ് പ്രൈസടക്കമുള്ള പുരസ്‌ക്കാരം വാങ്ങുകയും ചെയ്‌തു. കേസ്, വക്കീല്‍ ഫീസ്, യാത്രച്ചിലവുകള്‍ എന്നിങ്ങനെ കഴിഞ്ഞകാലത്ത് ചിലവായതും വരും കാലത്ത് ചിലവാകാന്‍ പോകുന്നതുമായ തുകയിലേക്കായി ഈ പുരസ്‌ക്കാരത്തുക മാറ്റിവെക്കുകയാണ് മയിലമ്മയും സമരസഖാക്കളും ചെയ്‌തത്. എന്നാല്‍, താനും കുടുംബാംഗങ്ങളും ചേര്‍ന്ന് ഈ പണം വീതിച്ചെടുത്തുവെന്ന് വിഭാഗീയപ്രവണതക്കാരായ ചിലര്‍ പറഞ്ഞുപരത്തിയതായി മയിലമ്മ വേദനയോടെ അനുസ്‌മരിക്കുന്നു(മയിലമ്മക്ക് ആദരാഞ്ജലികള്‍ എന്ന ലഘു ഡോക്കുമെന്ററി). മയിലമ്മയുടെ ആത്മകഥാഖ്യാനം മാതൃഭൂമി ബുൿസിനുവേണ്ടി കേട്ടെഴുതിയ ജ്യോതീബായ് പരിയാടത്ത് സമരരംഗത്തുള്ള മഹിളാ പോരാളികള്‍ക്കു കൊടുക്കാനേല്‍പിച്ച മുപ്പതു സാരികളും ഇപ്രകാരം മയിലമ്മയും മരുമക്കളും സ്വന്തമായി കൈക്കലാക്കിയെന്നും ആര്‍ക്കും കൊടുത്തില്ലെന്നും ആരോപണം ഉയര്‍ന്നു. യഥാര്‍ത്ഥത്തില്‍ മുപ്പതു സാരി വിതരണം ചെയ്യാനായി കൊണ്ടുവന്നപ്പോള്‍ അതിലുമെത്രയോ അധികം ആളുകള്‍ അവിടെ കൂടിയതിനാല്‍ ആര്‍ക്കു കൊടുക്കും ആര്‍ക്കു കൊടുക്കാതിരിക്കും എന്നറിയാതെ സാരി കെട്ടിവെക്കുകയായിരുന്നു മയിലമ്മ ചെയ്തത്. നിഷ്‌ക്കളങ്കയും തുറന്ന മനസ്ഥിതിക്കാരിയും സമാധാന കാംക്ഷിയുമായ ഒരു സാധാരണക്കാരിയെയാണ് ഈ നിസ്സഹായമായ അവസ്ഥയിലൂടെ മയിലമ്മ പ്രതിനിധീകരിക്കുന്നത്. എന്നാല്‍ ഏതെങ്കിലും വിധത്തില്‍ താരതമ്യേന നിസ്സാരമായ ഈ പ്രശ്നങ്ങള്‍ ഒത്തുതീര്‍ക്കാന്‍ മയിലമ്മയുടെ ചുറ്റുമുണ്ടായിരുന്ന അധ്യാപക-രക്ഷാകര്‍ത്തൃ സമിതിക്കാര്‍ ശ്രമിച്ചില്ല എന്നത് ദുരൂഹമായ സമസ്യയാണ്. സമരത്തെ ഒറ്റുകാര്‍ റാഞ്ചിയെടുത്തതും തനിക്കൊപ്പം എന്ന് നടിച്ച് നടന്ന വ്യാജ നേതൃരൂപങ്ങളും പ്രൊഫഷനലുകളും കാണിച്ച ഉപേക്ഷയുമാണ് മയിലമ്മയെ മാനസികമായ അനാഥത്വത്തിലേക്കും ശാരീരികമായ ദുരവസ്ഥയിലേക്കും നയിച്ചത് എന്നുവേണം കരുതാന്‍. തുടര്‍ന്ന് വേണ്ട രീതിയിലുള്ള ചികിത്സ ലഭ്യമാവാത്തതിനെ തുടര്‍ന്ന് അവര്‍ അകാലത്തില്‍ മരണപ്പെടുകയും ചെയ്‌തു.
എന്നെ കാണാന്‍ ഒരു പാട് ആള്ക്കാര് വന്നിട്ടോ എന്നെ വല്‌താക്കി വെച്ചിട്ടോ എന്ത് കാര്യമാണ് ? ഞാനല്ലല്ലോ ശരിക്കും പ്രശനം. എന്റെ നാട്ടലെ സ്തിതിയാണ് എല്ലവിരും അറിയണ്ടത്. എന്റീം എന്റെ കൂട്ടരിന്റീം വീട്ടുമ്മറത്ത് കെണറ് തണ്ണി എത്ര കെട്ട് പോയീ, എന്റെ നാട്ടില് കൃഷിക്കാരിന്റെ നെലം എത്ര വരണ്ട് പോയീ, എന്നാണ് എല്ലാവരും കാണണ്ടത്. അതിന് ഞാന്‍ പ്ളാച്ചിമടയില് തന്നെ ഇര്ന്നാ തന്നെ പറ്റുള്ളൂ. എന്റെ നാട്ട്കാരിനെ കൂട്ടിപ്പടിച്ച് നിന്നാലെ പറ്റുള്ളൂ. അടിയും ഇടിയും കുത്തും വെട്ടും ഒന്നും നമ്മള്ക്ക് പറഞ്ഞിട്ടില്ല.ഈ പോരാട്ടം ചെലപ്പഴ് ജയിക്കുവായിര്ക്കും. ചെലപ്പഴ് തോല്ക്കും. എന്നാലും ജീവിക്ക്കാണെന്നാല് എല്ലാവിരും ജീവിക്കും, മരിക്ക്കാണെങ്കില് എല്ലാവിരും മരിക്കും ചിയ്യും. രണ്ടിലൊന്ന് നടക്കണവരെ ഞങ്ങ്ള് ഒപ്പം നിന്നാലെ പറ്റുള്ളൂ. ഈ പൂമിയില് ഇത്പോലെ മണ്ണും വെള്ളവും നസിപ്പിക്കണത് ഇത് ആദ്യമൊന്നും അല്ല. പക്ഷേ ഇത് പോലെ ഒരു പോരാട്ടം ആദ്യമാണെന്ന് എല്ലാവിരും പറയിണു. അങ്ങനെയാണ് വെച്ചാല് ഇത് ഇവിടെതന്നെ ഒടുങ്ങും വേണം. ജയിച്ചിട്ടാണെങ്കില് സന്തോഷം. ഞങ്ങള് നാട്ടുകാരിന്റെ പോരാട്ടത്തിന് നല്ല പരിശ് കിട്ടി വിചാരിക്കും. അല്ല തോറ്റ് പോവാണെങ്കിലോ പ്ളാച്ചിമടന്റെ കത എല്ലാവരിക്കും ഒരു പാടം ആകുകയും ചെയ്യും. ഇത് എന്റ തന്നെയല്ല എന്റെ നാട്ടുകാരിന്റീം ഞങ്ങളിന്റെ നല്ലത് മാത്രം വിചാരിക്കിണ ഒരു പാട് ആള്ക്കാരിന്റീം എല്ലാം മനസ്സിലെ ആസയാണ്. (മയിലമ്മ ഒരു ജീവിതം, തയ്യാറാക്കിയത് ജ്യോതിബായ് പരിയാടത്ത്, മാതൃഭൂമി ബുൿസ് പേജ് 69,70). മയിലമ്മ വ്യക്തി എന്ന നിലക്കും നേതാവ് എന്ന നിലക്കും അനുഭവിച്ച പ്രശ്‌നങ്ങള്‍ നേരിട്ടറിയാമായിരുന്ന ആള്‍ എന്ന നിലക്ക് ശരത് അവരുടെ ശാരീരിക-മാനസിക പ്രതിസന്ധിയില്‍ ഏറെ വേദനിച്ചിരുന്നു.
താനും ബാബുരാജും ചേര്‍ന്നെടുത്ത ഡോക്കുമെന്ററികള്‍ വളരെയധികം ശ്രദ്ധേയമായിക്കഴിഞ്ഞിട്ടും അവയുമായി മാത്രം ഊരു ചുറ്റി കാലം കഴിക്കുകയായിരുന്നില്ല ശരത് ചെയ്തത്. തികഞ്ഞ രാഷ്‌ട്രീയ-ചരിത്ര ജാഗ്രതയോടെ ലോകമെമ്പാടും നിന്ന് ആൿടിവിസ്‌റ്റ് ഡോക്കുമെന്ററികള്‍ ശേഖരിക്കുകയും കേരളത്തിനകത്തും പുറത്തുമുള്ള നിരവധി വേദികളില്‍ പ്രദര്‍ശിപ്പിച്ച് ജനങ്ങളുടെ പ്രതികരണ-പ്രതിരോധ സ്വഭാവത്തെ ഉണര്‍ത്തി നിലനിര്‍ത്താന്‍ അദ്ദേഹം നിരന്തരമായി പരിശ്രമിച്ചു പോന്നു. ആനന്ദ് പട്‌വര്‍ദ്ധന്റെയും രാകേശ് ശര്‍മ്മയുടേതുമടക്കം ഇന്ത്യക്കകത്തും പുറത്തുമുള്ള അനവധി സംവിധായകരുടെ പ്രസിദ്ധ ഡോക്കുമെന്ററികളെല്ലാം കേരളത്തിലാദ്യം ലഭിക്കുക ശരത്തിനായിരുന്നു. 2002ലെ ഗുജറാത്ത് വംശഹത്യയെ അവലംബമാക്കി രാകേശ് ശര്‍മ്മ സംവിധാനം ചെയ്‌ത ഫൈനല്‍ സൊല്യൂഷന്‍ എന്ന പ്രസിദ്ധ ഡോക്കുമെന്ററി ശരത് കൃത്യ സമയത്ത് കേരളത്തിലെത്തിച്ചതിനെ തുടര്‍ന്ന് രാഷ്‌ട്രീയ സാംസ്‌ക്കാരിക സാമൂഹ്യ പ്രവര്‍ത്തകര്‍, കവികള്‍, പ്രഭാഷകര്‍, ഫിലിം സൊസൈറ്റി അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ക്ക് അക്കാലത്ത് തന്നെ കാണാന്‍ കഴിഞ്ഞു. ഗുജറാത്തിനെക്കുറിച്ചും ഗുജറാത്താനന്തര ഇന്ത്യയെക്കുറിച്ചും കേരളീയര്‍ക്കുണ്ടായ അവബോധ പരിണാമത്തില്‍ ഈ സിനിമ വഹിച്ച പങ്ക് വളരെ പ്രധാനമാണ്. അതിന്റെ കാരണക്കാരന്‍ ശരത് തന്നെയായിരുന്നു. 2003ല്‍, മലപ്പുറം ജില്ലയില്‍ മാത്രം ആനന്ദ് പട്‌വര്‍ദ്ധന്റെ രാം കേ നാം നിരോധിക്കപ്പെട്ടപ്പോള്‍ അതിനെതിരായ ബഹുജന സമരത്തില്‍ ശരത് നേതൃത്വവും ദിശാബോധവും ആവേശവും നല്‍കി പങ്കെടുത്തു.
ശരത്തിന് കൊടുത്ത ഒരു വാഗ്ദാനം പാലിക്കാനാകാതെ പോയതില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ട് ഈ കുറിപ്പവസാനിപ്പിക്കുന്നു. അദ്ദേഹം അവസാനമായി സംവിധാനം ചെയ്‌ത നിങ്ങളുടെ വിശ്വസ്‌തന്‍ ജോണ്‍ എന്ന ഡോക്കുമെന്ററിയെക്കുറിച്ച് വിശദമായ ഒരാസ്വാദന-അവലോകന ലേഖനം തയ്യാറാക്കാമെന്ന് ഞാന്‍ ഉറപ്പു പറഞ്ഞിരുന്നു. അതനുസരിച്ച് ചിത്രത്തിന്റെ പ്രിവ്യൂ കോപ്പി സമയത്തു തന്നെ ശരത് കൊറിയറില്‍ എത്തിക്കുകയും ചെയ്‌തു. പല തിരക്കുകളാലും സ്വതസ്സിദ്ധമായ മടിയാലും എനിക്കാ ലേഖനം പൂര്‍ത്തീകരിക്കാനായില്ല. മാപ്പ്.
4 comments:
ഓര്മ്മച്ചിത്രങ്ങളിലൂടെ ജീവിക്കുന്നു
http://decaloguefs.blogspot.com/2010/04/blog-post.html
കൃത്യമായ നിലപാടുകളോടെ സൌഹൃദത്തിന്റെ വലിയ എടുപ്പുകള് പണിതുയര്ത്തുമ്പോഴും ശരത് ലഘുവായ, സമരോത്സുകമല്ലാത്ത തമാശകളില് അഭിരമിച്ചിരുന്നില്ല. എന്നിട്ടും ശരത്തിന്റെ മരണവാര്ത്ത കുറച്ചുനേരമെങ്കിലും ഏപ്രില് 1 ല് സംഭവിക്കാവുന്ന ഒരു പതിവ് പ്രചരണമായി സംശയിക്കപ്പെട്ടു. പെട്ടെന്നു തന്നെ ആ വാര്ത്ത സത്യമെന്ന് ഉറപ്പുവരുത്തപ്പെട്ടു.
സി. ഡി – ഡി. വി. ഡി കാലത്തിനുമുമ്പുതന്നെ സിനിമകള് വി. എച്ച്. എസ് കാസറ്റുകളായി ശേഖരിച്ച് സ്വന്തം എല്. സി. ഡി പ്രൊജക്ടറുമായി ശരത് യാത്രയാരംഭിച്ചു. പിന്നീട്, സ്വന്തം ഡോക്യുമെന്ററികളും അവയ്ക്കാധാരമായ സമരഭൂമികളും, ഡോക്യുമെന്റികളുടെ മാധ്യമഗൌരവം മലയാളിയെ ബോധ്യപ്പെടുത്തിയ പാക്കേജുകളും മലയാളം സബ് ടൈറ്റ്ലിങ്ങും അടക്കമുള്ള പ്രവര്ത്തനങ്ങള്... “അച്ചടക്കമുള്ള അരാജകവാദി”കളില് നിന്ന് വ്യത്യസ്തമായി അയാള് എന്നും ഉണര്ന്നുതന്നെ ഇരുന്നു.
ശരത്തിന്റെ യാത്രകള്ക്ക് അനേകം തവണ മണ്ണാര്ക്കാടും ഡെക്കലോഗും ഇടത്താവളമായി. 1999 ലെ ഫിലിം സൌത്ത് ഏഷ്യ മേള മുതല് 2007 ല് മയിലമ്മ അനുസ്മരണം വരെ. പ്ലാച്ചിമട സമരത്തെക്കുറിച്ചുള്ള ആദ്യരചന കയ്പുനീര് മണ്ണാര്ക്കാട്ട് അനേകം ഗ്രാമങ്ങളില് പ്രദര്ശിപ്പിച്ചു. പാത്രക്കടവായി സൈലന്റ് വാലിയുടെ രണ്ടാം വരവില് ശരത്തിന് ചിത്രീകരിക്കാനായി ജനപ്രതിനിധികളും രാഷ്ട്രീയക്കാരും സ്വതന്ത്രമായി പ്രതികരിക്കുന്ന ഒരവസരം ഞങ്ങള് ഒരുക്കി. മയിലമ്മ അനുസ്മരണച്ചടങ്ങില് ഒരായിരം ദിനങ്ങളും ഒരു സ്വപനവും പ്രദര്ശിപ്പിച്ചതിനൊപ്പം ഡെക്കലോഗിന്റെ വാര്ത്താപത്രിക സുവര്ണ്ണരേഖ ശരത് പ്രകാശനം ചെയ്തു.
നിലപാടുകളുടെയും വാക്കുകളുടെയും പ്രവര്ത്തനങ്ങളുടെയും മൂര്ച്ചയായാണ് ശരത് നമുക്കിടയില് തുടര്ന്നും ജീവിക്കുക.
ഓര്‍മകള്‍ ബാക്കിയാകുന്നു
നിരോധനങ്ങളുടേയും, വിലക്കുകളുടേയും തമ്പുരാക്കന്മാർക്കും മാടമ്പിമാക്കും തികച്ചും അന്യനായ ഈ മനുഷ്യനെ കുറിച്ചുള്ള നന്നായിരിക്കുന്നു ഓർമ്മക്കുറിപ്പ്. അടുത്തറിയുന്ന ആളെ കുറിച്ച് എഴുതുമ്പോൾ ഒരു പക്ഷെ ഉള്ളിൽ ഒരു നീറ്റലും ജി.പിക്ക് ഉണ്ടായിരുന്നിരിക്കാം. ഇടയ്ക്ക് അതും ഫീൽ ചെയ്യുന്നു. അഭിവാദ്യങ്ങളോടെ
Post a Comment