Wednesday, October 20, 2010

ചലനാത്മകതയും വൈകാരികതയും - രാഷ്ട്ര പുനര്‍നിര്‍മാണത്തിന്റെ സാഹസികയുക്തികള്‍

വിവാദങ്ങള്‍ അഴിച്ചു വിട്ട അധോലോകം(അണ്ടര്‍ഗ്രൌണ്ട്/കാനില്‍ പാം ദ ഓര്‍ നേടി/1995) എന്ന പാട്ടും ആട്ടവും കുടിയും രക്തച്ചൊരിച്ചിലും നിറയുന്ന മൂന്നു മണിക്കൂര്‍ ചിത്രത്തിലൂടെ യുഗോസ്ളാവിയയുടെ അമ്പതു വര്‍ഷത്തെ ചരിത്രം രേഖപ്പെടുത്തിയതിനു ശേഷം; തമാശകളും നാടോടിക്കഥകളും വര്‍ണങ്ങളും ഭ്രാന്തും കൂട്ടിക്കലര്‍ത്തി എമിര്‍ കുസ്തുറിക്ക സംവിധാനം ചെയ്ത കറുത്ത പൂച്ച, വെളുത്ത പൂച്ച(ബ്ളാക്ക് കാറ്റ്, വൈറ്റ് കാറ്റ്/1998/ഫ്രാന്‍സ്, ജര്‍മനി, യുഗോസ്ളാവിയയെന്ന് ഒരിക്കല്‍ അറിയപ്പെട്ടിരുന്ന പ്രദേശം) വെനീസ് മേളയില്‍ സംവിധാനത്തിനുള്ള വെള്ളി മെഡല്‍ നേടുകയും ലോകത്തെമ്പാടുമുള്ള കുസ്തുറിക്ക ആരാധകരെ ഹരം കൊള്ളിക്കുകയും ചെയ്തു. നിരാശാജനകമായ യാഥാര്‍ത്ഥ്യത്തിന്റെ പകരവും അപരവുമായി അതിഭാവുകത്വപരവും പരിഹാസ്യവുമായ നര്‍മത്തെ നിറക്കുകയാണ് കുസ്തുറിക്ക ചെയ്യുന്നത്. ബാള്‍ക്കനൈസേഷന്‍ എന്ന രാഷ്ട്ര-സമൂഹ-മാനവികതാ ശിഥിലീകരണ പ്രവണതയുടെ മധ്യത്തില്‍ ജീവിക്കുകയും ചലച്ചിത്രപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന കുസ്തുറിക്ക; ആന്തരികവും ബാഹ്യവുമായ നശീകരണത്തെയാണ് സര്‍ഗാത്മകവും വിഭ്രാന്തവുമായ അവതരണം കൊണ്ട് അനന്തവും അസ്പഷ്ടവുമായ രാഷ്ട്ര പുനര്‍ നിര്‍മാണ സ്വപ്നമായി പുനക്രമീകരിക്കുന്നത്.

ദനൂബെ നദിക്കരയിലെ താല്‍ക്കാലിക ടെന്റുകളില്‍ താമസമാക്കിയ ജിപ്സികളാണ് കഥാപാത്രങ്ങള്‍. ജീവനോപാധിയായി കള്ളക്കടത്തും അധോലോക പ്രവര്‍ത്തനങ്ങളും നടത്തുന്ന ഇവരുടെ ധനവിനിമയം ഡച്ച് മാര്‍ക്കാണെന്നത് അര്‍ത്ഥഗര്‍ഭമായ രാഷ്ട്രീയ സൂചനയാണ്. കുടുംബങ്ങള്‍, തട്ടിപ്പുകള്‍, വിശ്വാസങ്ങള്‍, സൌഹൃദങ്ങള്‍ എന്നീ അടിസ്ഥാന ഘടകങ്ങള്‍ കൊണ്ട് മായികവും ഒരര്‍ത്ഥത്തില്‍ അന്തസ്സാരശൂന്യവുമായ ഒരു ഇതിവൃത്തം അഥവാ ഇതിവൃത്ത രാഹിത്യം രൂപീകരിക്കുകയാണ് കുസ്തുറിക്ക ചെയ്യുന്നത്. ആഘോഷാ(കാര്‍ണിവല്‍)ത്മകമായ അസംബന്ധമായി നീണ്ടുകിടക്കുന്ന കഥാഗതി, ഘടനയെ മൂടി നില്‍ക്കുന്ന രാഷ്ട്രീയ പരിസരത്തെ നിരന്തരം വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. നദിക്കരയിലെ ടെന്റുകള്‍ മാത്രമല്ല, അധോലോക രാജാവായ ഗാര്‍ഗ പിറ്റിക്കിന്റെ പഴയ കൊട്ടാരം വരെ തീര്‍ത്തും ഇടിഞ്ഞു പൊളിഞ്ഞതാണെങ്കില്‍, കാടിന്റെയും നദിയുടെയും ദൃശ്യങ്ങളില്‍ ഊഷ്മളത നിറയുന്നു. നാഗരികതകളുടെ അര്‍ത്ഥശൂന്യതയും പ്രാകൃതികതയുടെ സൌന്ദര്യ കല്‍പനകളുമായിരിക്കണം കുസ്തുറിക്ക സെര്‍ബിയയുടെ ശിഥിലതയിലിരുന്ന് ഭാവന ചെയ്യുന്നത്.



മോഷണങ്ങളും കള്ളക്കടത്തു കരാറുകളിലെ ചതികളും ഭീഷണികളും വെടിവെപ്പുകളും കല്യാണങ്ങളും മരണങ്ങളും ഉയിര്‍ത്തെഴുന്നേല്‍പ്പുകളും വിരുന്നുകളും എല്ലാം കൂടിക്കുഴയുന്ന ഊര്‍ജ്ജസ്വലമായ ആഖ്യാനം കാണികളുടെ സിരകളിലേക്ക് പ്രവഹിക്കുകയാണ് ചെയ്യുന്നത്. ഗാര്‍ഗ പിറ്റിക്കില്‍ നിന്ന് കടം വാങ്ങി കുറെയധികം പെട്രോള്‍ ബോഗികള്‍ കടത്തിയെടുക്കാനായിരുന്നു മാത്ക്കോയുടെ പദ്ധതി. ഈ കച്ചവടത്തില്‍ പങ്കാളി ചമഞ്ഞ് യുദ്ധക്രിമിനലായ ദാദന്‍ മാത്ക്കോയെ വഞ്ചിക്കുന്നു. യുദ്ധക്രിമിനല്‍ പോലുള്ള കഥാപാത്രങ്ങളെ സെര്‍ബിയയില്‍ ഇഷ്ടം പോലെ ലഭ്യമാണ്. മാത്ക്കോ വിഡ്ഢിയായതുകൊണ്ട് അവന്റെ മകന്‍ സാറെയെക്കൊണ്ട് തന്റെ കുള്ളത്തിയായ സഹോദരി അഫ്രോദിത്തയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിക്കുകയാണ് ദാദന്‍. സാറെക്കാകട്ടെ സുന്ദരിയായ ബാര്‍ ഗേള്‍ ഇദയെയാണിഷ്ടം. വിവാഹവും മരണങ്ങളും കൂടിക്കുഴയുന്നതിനിടെ സാറെക്ക് ഇദയെത്തന്നെ ലഭിക്കുന്നു; ദാദന്‍ കക്കൂസുകുഴിയിലാവുകയും ചെയ്യുന്നു. ഇപ്രകാരമുള്ള അസംബന്ധ കഥയുടെ അര്‍ത്ഥാനര്‍ത്ഥങ്ങള്‍ തിരയുന്നതിനു പകരം, കാഴ്ചയുടെ ആഹ്ളാദസൃഷ്ടിക്കു പിറകിലുള്ള സാമൂഹികയാഥാര്‍ത്ഥ്യത്തെ അന്വേഷിക്കുകയായിരിക്കും നല്ലത്. കാറിന്റെ ബോഡി തിന്നുന്ന പന്നിയും മരക്കുറ്റിക്കുള്ളില്‍ ഒളിച്ച് രക്ഷപ്പെടുന്ന കുള്ളത്തിയും സൂര്യകാന്തി തോട്ടത്തില്‍ വെച്ച് രതിയിലേര്‍പ്പെടുന്ന കമിതാക്കളും കാസാബ്ളാങ്കയുടെ അവസാന ഭാഗം വീണ്ടും വീണ്ടും കാണുന്ന ജിപ്സി രാജാവുമെല്ലാം അസംബന്ധ സൃഷ്ടിയില്‍ കുസ്തുറിക്കയുടെ മികവിനെയാണ് പ്രത്യക്ഷപ്പെടുത്തുന്നത്. പലായനമാണ് പഴയ യുഗോസ്ളാവിയയിലെ ഏക പോംവഴി എന്ന ആഹ്ളാദകരമായ സമാപനമാണ്(ഹാപ്പി എന്റിംഗ്) ബ്ളാക്ക് കാറ്റ് വൈറ്റ് കാറ്റിനുള്ളത്.

കാനില്‍ പാം ദ ഓര്‍ രണ്ടു തവണ നേടിയ മൂന്നു ചലച്ചിത്രകാര•ാരിലൊരാളാണ് എമിര്‍ കുസ്തുറിക്ക. ഡോക്കുമെന്ററി ശൈലിയുടെയും സര്‍ റിയലിസത്തിന്റെയും മിശ്രിതങ്ങളാണ് കുസ്തുറിക്കയുടെ രചനാരീതികളെ സവിശേഷമാക്കുന്നത്. തുറന്ന വെളിമ്പ്രദേശങ്ങള്‍, സാധാരണക്കാരായ നടീനടന്മാര്‍, കുഴപ്പം പിടിച്ച ഇതിവൃത്തങ്ങള്‍, സംഗീതത്തിന്റെയും നൃത്തത്തിന്റെയും നിറസമൃദ്ധി, എന്നിങ്ങനെ സാഹസികമായ ചലച്ചിത്രാത്മകതയാണ് കുസ്തുറിക്കയില്‍ നിന്ന് ആസ്വാദകര്‍ പ്രതീക്ഷിക്കുന്നത്. സിനിമകള്‍ സംവിധാനം ചെയ്യുക എന്നത് അത്യന്തം അപകടകരമായ ഒരു ജോലിയാണെന്നാണെന്നദ്ദേഹം പറയുന്നത്. സിനിമാ ചിത്രീകരണ വേളയില്‍ ചലച്ചിത്രകാരന്‍ പ്രപഞ്ചത്തിന്റെ കേന്ദ്രത്തില്‍ നിലയുറപ്പിക്കുന്നതു പോലെയുള്ള അനുഭവത്തിലൂടെ കടന്നു പോകുന്നു. അതേ സമയം സിനിമ എന്നത് ഒരു ചൂതാട്ടവുമാണ്; ഒരു തരം വികൃതി നിറഞ്ഞ തമാശ. വിധിയുമായുള്ള ഒരു മല്‍പ്പിടുത്തം എന്ന നിലക്കാണ് ഓരോ ഫ്രെയിമുകളും ചിട്ടപ്പെടുത്തുന്നത്. അതിനു വേണ്ടി വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ഓരോ രശ്മിയും നാം നിയന്ത്രിച്ചുകൊണ്ടേ ഇരിക്കണം. ജീവിതത്തിന്റെയും കലയുടെയും ഏതൊക്കെ ഘടകങ്ങളുമായി നിങ്ങള്‍ ഒത്തു തീര്‍പ്പിലെത്തണം എന്ന ചോദ്യമാണ് ഏറ്റവും നിര്‍ണായകം. എന്തായാലും ആത്മാര്‍ത്ഥതയും അര്‍പ്പണബോധവുമാണ് എല്ലായ്പോഴും പ്രധാനം എന്ന് താന്‍ തിരിച്ചറിഞ്ഞതായി കുസ്തുറിക്ക മനസ്സിലാക്കുന്നു. ഗുര്‍ണിക്ക, അരിസോണ ഡ്രീം, മറഡോണ ഡോക്കുമെന്ററി എന്നിവയും അദ്ദേഹത്തിന്റെ പ്രസിദ്ധ സിനിമകളാണ്.

1 comment:

vijayakumarblathur said...

not seen the film...but feel as i have ..thank you