Thursday, October 28, 2010

ഭീകരന്മാരെ ഉണ്ടാക്കുന്നതെങ്ങനെ? ഇല്ലാതാക്കുന്നതെങ്ങനെ?

മുസ്ളിമിങ്ങളെ അപരവത്ക്കരിക്കുന്ന മലയാള സിനിമയുടെ പതിവു രീതി പൂര്‍വ്വാധികം ശക്തിയായി തുടരുന്നു എന്നതിന്റെ തെളിവാണ് പുതിയ ഹിറ്റു സിനിമയായ അന്‍വര്‍. മഹാരാഷ്ട്രയിലെ നാന്ദെദിലും പര്‍ഭാനിയിലും മലെഗാവിലും, തമിഴ് നാടിലെ തെങ്കാശിയിലും, ഹൈദരാബാദിലെ മെക്കാ മസ്ജിദിലും, രാജസ്ഥാനിലെ അജ്മീരിലും, യു പിയിലെ കാണ്‍പൂരിലും, മധ്യപ്രദേശിലെ ഭോപാലിലും, സംഝോത എക്സ്പ്രസിലും നടത്തിയ ബോംബു സ്ഫോടനങ്ങള്‍, നടന്ന കാലത്ത് മുസ്ളിം ഭീകരരുടെ ചിലവിലാണ് എഴുതിവെച്ചതെങ്കിലും; പിന്നീട് സംഘ പരിവാര്‍ ഭീകരരാണ് ഇവ നടത്തിയത് എന്നു തെളിയുകയുണ്ടായി. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കേസായ മലെഗാവ് പുറത്തു കൊണ്ടു വന്ന ഹേമന്ത് കാര്‍ക്കറെ മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെടുകയും ചെയ്തു. അതിന്റെ ദുരൂഹത ഏ ആര്‍ ആന്തുലെ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വരെ ചോദ്യം ചെയ്തിട്ടും ചര്‍ച്ചകള്‍ അടഞ്ഞു പോയി. മുസ്ളിം എന്ന മതവും, ഭീകരവാദം എന്ന രാഷ്ട്രീയ-ക്രമസമാധാന-സങ്കീര്‍ണ പ്രശ്നവും തമ്മില്‍ മുറിച്ചു മാറ്റാനാവാത്ത വിധത്തിലുള്ള ബന്ധമുണ്ടെന്നു സ്ഥാപിക്കുന്നതില്‍ മുഖ്യാധാരാ മാധ്യമങ്ങളും ഭരണകൂടവും മത്സരിക്കുകയാണ്. ആ മത്സരത്തിന്റെ കച്ചവട ലാഭം കൊയ്തെടുക്കാനാണ് അമല്‍ നീരദ് സംവിധാനം ചെയ്ത അന്‍വര്‍ എന്ന സിനിമയും ശ്രമിക്കുന്നത്. പുതിയ ബോട്ടിലില്‍ പഴകിയ പഴങ്കഞ്ഞി.

പുതിയ സൂപ്പര്‍ സ്റ്റാറായി വേഷമണിയാന്‍ പോകുന്ന പൃഥ്വിരാജിന് മലബാര്‍ കീഴടക്കാനാവുമോ എന്നു തെളിയുന്ന ചിത്രമായിരിക്കും അന്‍വര്‍ എന്നാണ് വ്യവസായം ഉറ്റുനോക്കുന്നതത്രെ. കേരളത്തിലെ സിനിമാ വാണിജ്യത്തില്‍ തിരുവിതാംകൂറിന് 30 ശതമാനവും കൊച്ചിക്ക് 25 ശതമാനവും ആണ് പങ്കെങ്കില്‍ മലബാറിന്റേത് 45 ശതമാനമാണ്. തലശ്ശേരിയിലും കോഴിക്കോട്ടും മഞ്ചേരിയിലും പടം കളക്റ്റ് ചെയ്തില്ലെങ്കില്‍ ആ പടം പൊട്ടുമെന്നാണ് കണക്കു കൂട്ടല്‍. കഴിഞ്ഞ രണ്ടു സീസണുകളിലും ഓണം എന്ന കൂറ്റന്‍ റിലീസ് കാലം റമദാന്‍ നോമ്പു കാലത്തായതിനാല്‍ സിനിമക്കാര്‍ക്ക് പഞ്ഞകാലമായി മാറിയത്; മലബാറിലെ ജനതക്ക് വിശിഷ്യാ മുസ്ളിമിങ്ങള്‍ക്ക് മലയാള സിനിമയുടെ ഉപഭോക്താക്കളില്‍ വലിയൊരു പ്രാതിനിധ്യമുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ്. മമ്മൂട്ടിയും മോഹന്‍ ലാലും തിരുക്കൊച്ചിയെന്നതു പോലെ ഈ മേഖലകളിലും സ്വാധീനം ഉറപ്പിച്ചെടുത്താണ് സൂപ്പര്‍ സ്റാര്‍ പട്ടം കയറിയിട്ടുള്ളത്. 'കറ കളഞ്ഞ' ഒരു മുസ്ളിം സബ്‌ജക്ടുമായി പൃഥ്വിരാജിനെ അന്‍വറാക്കി അവതരിപ്പിച്ചിരിക്കുന്നത് മലബാര്‍ വെട്ടിപ്പിടിക്കാന്‍ കൂടിയാണെന്നും വേണമെങ്കില്‍ കരുതാവുന്നതാണ്. അങ്ങിനെ നോക്കുമ്പോള്‍ മുസ്ളിങ്ങളെ തന്നെ കാണിയും ആസ്വാദകനും ആരാധകനും ആക്കി മാറ്റിക്കൊണ്ട് മുസ്ളിം വിരുദ്ധ ഇതിവൃത്തങ്ങള്‍ ആഖ്യാനം ചെയ്യുന്നതിലുള്ള മലയാള സിനിമയുടെ വിരുത് എന്ന പ്രക്രിയ സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടി വരും.

കോയമ്പത്തൂര്‍ സ്ഫോടനം ഏര്‍പ്പാടു ചെയ്ത ബാബു സേട്ട് (ലാല്‍ അഭിനയിക്കുന്നു) എന്ന പണച്ചാക്കാണ് അന്‍വറിലെ പ്രധാന വില്ലന്‍. ഇയാള്‍ക്ക് മഅ്ദനിയുമായി ഒരു ബന്ധവുമില്ല എന്നു തോന്നിപ്പിക്കുന്നതിനു വേണ്ടി, ഇയാളെ പണക്കാരനാക്കിയിരിക്കുന്നു; ഇയാള്‍ക്ക് രണ്ടു കാലുകളുമുണ്ട്; ഇയാള്‍ കല്യാണം കഴിച്ചതായി കാണിക്കുന്നില്ല; ഇയാള്‍ ഫോര്‍ട്ട് കൊച്ചിക്കാരനാണ് എന്നിങ്ങനെയുള്ള വ്യത്യാസങ്ങള്‍ എടുത്തു കാണിക്കുന്നുണ്ട്. മാത്രമല്ല, ബാബു സേട്ടിന് കേസില്‍ ജാമ്യം ലഭിക്കുന്നുമുണ്ട്. (അച്ഛന്‍ പത്തായത്തിലുമില്ല എന്ന് പറയുന്നതു പോലെ, ബാബു സേട്ട് എന്ന കഥാപാത്രം മഅ്ദനിയെ ഉദ്ദേശിച്ചുണ്ടാക്കിയ കഥാപാത്രമേ അല്ല എന്ന് തറപ്പിച്ചും ഉറപ്പിച്ചും സ്ഥാപിച്ചിരിക്കുന്നു!). ബംഗ്ളാദേശില്‍ നിന്നും നേപ്പാള്‍ വഴി ഇന്ത്യയിലെത്തിക്കുന്ന അന്താരാഷ്ട്ര ഭീകരരിലൂടെ രാജ്യം കുട്ടിച്ചോറാക്കുക എന്നതാണ് ഇയാളുടെയും കൂട്ടരുടെയും പദ്ധതി. കോയമ്പത്തൂര്‍ സ്ഫോടനം നടന്ന തുണിക്കടയില്‍ ഉമ്മയും ബാപ്പച്ചിയും പെങ്ങളും ദാരുണമായി മരണമടയുന്ന കാഴ്ച നേരില്‍ കാണുന്നതിലൂടെയാണ് അന്‍വര്‍ മറ്റേതൊരു സിനിമാക്കഥയിലുമെന്നതു പോലെ പ്രതികാര മൂര്‍ത്തിയായി പരിണമിക്കുന്നത്. ഈ പ്രതികാരം മനസ്സിലാക്കുന്ന സ്റ്റാലിന്‍ മണിമാരന്‍ (പ്രകാശ് രാജ്) എന്ന ആന്റി ടെററിസ്റ്റ് സ്ക്വാഡ് തലവന്‍ അന്‍വറിനെ ഏജന്റായി റിക്രൂട്ട് ചെയ്യുന്നു. കെട്ടിച്ചമച്ചുണ്ടാക്കിയ ഹവാലക്കേസില്‍ പിടിക്കപ്പെട്ട് ജയിലിലെത്തുന്ന അന്‍വര്‍ അവിടെ വെച്ച് ബാബു സേട്ടിന്റെ പ്രീതി പിടിച്ചു പറ്റുന്നു. പിന്നീട് പുറത്തെത്തുന്ന അവര്‍ രണ്ടു പേരും സഹായികളോടൊപ്പം ചേര്‍ന്ന് കളക്ടറേറ്റിലും ഫോര്‍ട്ട് കൊച്ചിയിലെ നഗരഹൃദയത്തിലും ബോംബു വെക്കുന്നു. അതിനെ തുടര്‍ന്ന് മുംബൈയെ ലക്ഷ്യം വെച്ച് അന്താരാഷ്ട്ര ഭീകരരെ ഇറക്കുമതി ചെയ്യുന്നു. അവരെ ഓരോരുത്തരെയായി നിഷ്പ്രയാസം വെടിവെച്ചു കൊന്നതിനു ശേഷം ബാബു സേട്ടിനെയും കൊന്ന് കാമുകിയോടൊത്ത് അന്ത്യ സീനില്‍ ആടിപ്പാടി ഉല്ലസിക്കുന്ന നായകന്റെ വിജയത്തോടെ സിനിമ സമാപിക്കുകയും ചെയ്യുന്നു.


മുസ്ളിമിങ്ങള്‍ രാജ്യ സ്നേഹം പ്രകടിപ്പിക്കുന്നതിനും അരക്കിട്ടുറപ്പിക്കുന്നതിനും വേണ്ടി ഭരണകൂടത്തിന്റെയും പോലീസിന്റെയും പട്ടാളത്തിന്റെയും മറ്റും ഏജന്റായി പ്രവര്‍ത്തിച്ച് നിലവിലുള്ള മുസ്ളിം ഭീകരത എന്ന പ്രതിഭാസത്തെ ഇല്ലാതാക്കണമെന്ന ഷോര്‍ട്ട് കട്ട് മാര്‍ഗമാണ് സിനിമ നിര്‍ദ്ദേശിക്കുന്നത്. ജെഫ്രി നാഷ്മനോഫ് സംവിധാനം ചെയ്ത ദി ട്രെയ്റ്റര്‍(2008/വഞ്ചകന്‍) എന്ന ഹോളിവുഡ് ചിത്രം കോപ്പിയടിച്ചതാണ് അന്‍വര്‍ എന്ന് വിക്കിപ്പീഡിയ സാക്ഷ്യപ്പെടുത്തുന്നു. അറബി സംസാരിക്കുന്ന സുഡാനിയായ സാമിര്‍ ഹോണ്‍ ആണ് ട്രെയിറ്ററിലെ മുഖ്യ കഥാപാത്രം. ഇയാളുടെ പിതാവ് ഒരു കാര്‍ ബോംബു സ്ഫോടനത്തിലാണ് കൊല്ലപ്പെടുന്നത്. ഉമര്‍ എന്ന ആയുധ വ്യാപാരിയുമായി ജയിലില്‍ വെച്ച് ലോഹ്യത്തിലാവുന്ന സാമിര്‍ പിന്നീട് അമേരിക്കന്‍ രഹസ്യ സേനക്കു വേണ്ടി ഏജന്റായി പണിയെടുത്ത് ഭീകരവാദത്തെ നിഷ്പ്രയാസം ഇല്ലായ്മ ചെയ്യുന്നതാണ് കഥയിലുള്ളത്. ഒരു നിരപരാധിയെ കൊല്ലുന്നത്, മാനവരാശിയെ ഇല്ലായ്മ ചെയ്യുന്നതിനു തുല്യമാണെന്നും; ഒരു നിരപരാധിയെ രക്ഷപ്പെടുത്തുന്നത് മാനവരാശിയെ മുഴുവനായി രക്ഷപ്പെടുത്തുന്നതിനു തുല്യമാണെന്നും വിശുദ്ധ ഖുര്‍ആനിനെ ഉദ്ധരിച്ചുകൊണ്ട് ട്രെയിറ്ററിന്റെ ശില്‍പികള്‍ തങ്ങളുടെ കഥയെയും ആഖ്യാനത്തെ പവിത്രവത്ക്കരിക്കുന്നുണ്ട്. ഈ വാചകങ്ങള്‍ തന്നെയാണ് അന്‍വറിന്റെ ആരംഭത്തില്‍ തിരശ്ശീലയില്‍ എഴുതിക്കാണിക്കുന്നതും.

ചുരുക്കത്തില്‍ എന്താണ്, അന്‍വര്‍ പുറപ്പെടുവിക്കുന്ന സന്ദേശം? എല്ലാ മുസ്ളിങ്ങളും ഭീകരരല്ലെങ്കിലും എല്ലാ ഭീകരരും മുസ്ളിങ്ങളാണ് എന്ന ഭരണകൂടങ്ങളുടെയും സാമ്രാജ്യത്വത്തിന്റെയും ഫാസിസ്റ്റുകളുടെയും ആശയത്തെ സിനിമ നഗ്നമായി പിന്തുണക്കുന്നു. ആ ആരോപണത്തിന്റെ പുകമറയില്‍ നിന്ന് മുസ്ളിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ ഒരു എളുപ്പവഴിയും സിനിമ നിര്‍ദ്ദേശിക്കുന്നു. ഒറ്റുകാരനാവുക എന്നതാണ് ആ പോംവഴി. ഇന്റലിജന്‍സുകാര്‍ റിക്രൂട്ട് ചെയ്തെടുക്കുന്ന ഭീകരവേഷധാരികള്‍ യഥാര്‍ത്ഥ ഭീകരരുമായി ഇടകലരുന്നു എന്ന യാഥാര്‍ത്ഥ്യം മുഖ്യധാരക്കാരും അംഗീകരിക്കുന്നുവെന്നതാണ് ഇതു പോലൊരു സിനിമയും അറിയാതെ വെളിപ്പെടുത്തുന്ന കാര്യം. അപ്പോള്‍ നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന പല ഭീകരപ്രവൃത്തികളും ബോംബു സ്ഫോടനങ്ങളും ആരാണ് ആസൂത്രണം ചെയ്തത്?, ആരാണ് നടപ്പിലാക്കിയത്? ആര്‍ക്കാണതിന്റെ ഉത്തരവാദിത്തം? ഇത്തരക്കാരെ റിക്രൂട്ട് ചെയ്തവര്‍ മാറ്റിപ്പറയുകയോ മരിക്കുകയോ ചെയ്യുന്നതോടെ ഈ വേഷധാരികളെ ഭീകരരായി ചിത്രീകരിക്കാനും വ്യാജ ഏറ്റുമുട്ടലിലൂടെ ഇല്ലാതാക്കാനും എളുപ്പവുമായി. അങ്ങിനെ നടക്കുന്ന പലതരം സങ്കീര്‍ണ സത്യങ്ങളെ ഭരണകൂട വ്യാഖ്യാനങ്ങളിലൂടെ മാത്രം സമീപിക്കേണ്ട ഗതികേടിലാണ് പൊതുജനം. അത്തരം മറു യാഥാര്‍ത്ഥ്യങ്ങളിലേക്കും ആലോചന കടന്നു ചെല്ലേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിക്കാനെങ്കിലും അന്‍വറിന്റെ കാഴ്ച ഉപകാരപ്പെട്ടു എന്നത് രേഖപ്പെടുത്താതിരിക്കുന്നുമില്ല.

11 comments:

ലൂസിഫര്‍ said...

നിങ്ങള്ക്ക് എന്തിന്റെ അസുഖം ആണ് സാറെ ? പടം കണ്ടിട്ട് പോയാല്‍ പോരെ ഇനി അതിന്റെ പേരില്‍ വര്‍ഗീയ ചേരി തിരിവ് ഉണ്ടാക്കണോ ?

Anonymous said...

Another review :അന്‍വാര്‍ശ്ശേരിയോടല്ലയോ അന്‍വറിന്റെ രോഷം

zuhail said...

chumma padam kandu kayyadichu pokunna, aazhakkaazhchakal illatha Loocufermaarkk budhiyullavarude varthamaanathil enthu kaaryam. let him say what he feel. you can agree or disagree with him. but dont ridicule

വെള്ളി രേഖ said...

ഇതൊക്കെ ശരിതന്നെ. പക്ഷേ മുസ്ലീം സമുദായത്തിൽ വളർന്നു വരുന്ന തീവ്രവാദ മൌലികവാദ പ്രവണതകൾ എതിർക്കപ്പെടുകതന്നെ വേണം. മതേതര വാദികൾ പലപ്പോഴും ഇവയെ ഫലത്തിൽ ന്യായീകരിക്കുന്ന നിലപാട് സ്വീകരിക്കുന്നതപകടമാണ്. ഭുരിപക്ഷ വർഗ്ഗീയതയെ വളർത്തുന്നതിലേക്കാണ് ഇത്തരം സമീപനങ്ങൾ സഹായിക്കുക
ഡോ. ബി. ഇക് ബാൽ

shajiqatar said...

സിനിമ കണ്ടില്ല,കാണട്ടെ.

niraksharan said...

ചിരിച്ചു ചിരിച്ചു ചത്തു

ജിപ്പൂസ് said...

'ഭീകരന്മാരെ ഉണ്ടാക്കുന്നതെങ്ങനെ?
ഇല്ലാതാക്കുന്നതെങ്ങനെ?' തലക്കെട്ട് തന്നെ വാചാലമാണ്.അഭിനന്ദനങ്ങള്‍ ജി.പി

KAZHCHA said...

sir,
as you know ,film is only an industry. So what can they do more.
I appreciate your work as a film critic

Radhakrishnan .tk

തീയന്‍ said...

സെന്‍സര്‍ ബോര്‍ഡു പിരിച്ചു വിടുക !
എന്നിട്ട് ജമ അത്തെ ഇസ്ലാമികളെയും /തെജസുകാര്‍/പ്ര ബോ ധനികള്‍ ...
അവരുടെ പത്ര /മാസിക കളിലെ
കൂലി എഴുത്തുകാര്‍ /വിടുപണിക്കാര്‍
എന്നിവരെ അതിന്റെ തലപ്പത്തും ഇരുത്തുക
എന്നാല്‍ തീരുമോ ഈ പ്രശങ്ങള്‍ ?

അവര്‍ണന്‍ said...

കേരളത്തിലെ സിനിമാ രംഗത്ത് ഇന്ന് കാണുന്ന ബിഗ്‌ ബജറ്റ് ചിത്രങ്ങളില്‍ പണം മുടക്കുന്നവര്‍ സംഘ പരിവാറുമായി ബന്ധപ്പെട്ടവരാണ്. സീ ടി വി യിലും ഏഷ്യാനെറ്റിലും കാണുന്ന ദ്രിശ്യ ഭംഗിയുള്ള പല സീരിയലുകളുടെയം പിന്നില്‍ ശിവസേനയുടെ മാര്‍വാടികള്‍ ആണുള്ളത്. ദരിദ്രരായ ഒരു ജനതയ്ക്ക് താങ്ങാന്‍ പറ്റാത്ത ആഡംബര ഭവനങ്ങള്‍, അവയിലെ വില കൂടിയ സൌകര്യങ്ങള്‍, അഭിനയിക്കുന്നവരുടെ ഉടയാടകള്‍, രത്നങ്ങള്‍, ഇവയൊക്കെ content sensitive ആയ വന്‍കിട കോര്പോരടുകളുടെ പരസ്യങ്ങള്‍ ഉറപ്പാക്കുന്നവയാണ്. സ്വര്‍ണത്തേക്കാള്‍ കൂടുതല്‍ രത്നങ്ങളാണ് ഇപ്പോള്‍ അവ മാര്‍കെറ്റ് ചെയ്യുന്നതും. അവിടെയാണ് മധ്യ വര്‍ഗക്ക്കാരന്റെ റോള്‍. എന്നാല്‍ ദരിദ്രര്‍ ഇത്തരം സീരിയലുകള്‍ കാണുന്നത്, അവര്‍ക്കൊരു കാലത്തും അവ നേരില്‍ വാങ്ങാന്‍ ആകില്ലെന്നരിഞ്ഞത് കൊണ്ടും കൂടിയാണ്. ദരിദ്രര്‍ അത് ടിവിയില്‍ കണ്ടു നിര്‍വൃതി അടയും. പിന്നെ ഇന്ത്യയിലെ സിനിമ രംഗത്ത് പണം മുടക്കുന്നവരില്‍ ഇന്ത്യയിലെ പല സുരക്ഷാ അജെന്സികള്‍ക്കും പങ്കുന്ടെന്നതാണ് വേറൊരു കാര്യം. സി ഐ എ യും മൊസാദും ഇത് മുമ്പേ ശീലമാക്കിയവരാന്. മേജര്‍ രവി എന്ന സംഘ പരിവാരക്കാരന്‍ എടുക്കുന്ന പടങ്ങളുടെ പ്രമേയം ശ്രദ്ധിക്കുക. മോഹന്‍ ലാല്‍ നായര്‍ക്കു സൈനിക ഓഫീസര്‍ പറ്റം നല്‍കി ആദരിച്ചതും നമ്മുടെ സുരക്ഷാ അജെന്സികള്‍ നടത്തുന്ന പുതിയ യുദ്ധ രീതിയുടെ ഭാഗമാണ്. ഇന്ദ്രേഷ് കുമാര്‍ എന്ന ആര്‍ എസ എസ ദേശീയ എക്സിക്യൂട്ടീവ് അംഗം ഇപ്പോള്‍ ഈ ആയുധ കച്ചവട മാഫിയയുടെ ഭാഗമാണെന്നു തെളിഞ്ഞു കഴിഞ്ഞു. ദേശീയ സുരക്ഷ എന്നത് ഇന്നാട്ടില്‍ അയല്‍കാരെ തെറി പറയുന്ന ഒരു കലാപരിപാടി മാത്രം. ഇവിടത്തെ പാവപെട്ടവന്റെ ജീവിത സുരക്ഷ ഈ തിര കഥയിലെ ഭാഗമല്ല.

പ്രേമന്‍ മാഷ്‌ said...

ഭീകരന്മാരാല്‍ കുടുംബം തകര്‍ന്നു പോകുന്ന നായകന്‍ ... ഒറ്റയ്ക്ക് ഒരു ഭീകര പ്രസ്ഥാനത്തെയാകെ തുടച്ചു നീക്കുന്നു ... ലോകം തന്നെ തകര്‍ക്കാന്‍ കെല്‍പ്പുള്ളവരുടെ പോലും അടിയും വെടിയും അവനെ സ്പര്‍ശിക്കുന്നില്ല... വിജശ്രീ ലാളിതനായി എല്ലാവരെയും അറിഞ്ഞു വീഴ്ത്തി അവന്‍ കളര്‍ ഫുള്ളായി പാട്ടുംപാടി തിരശ്ശീല ഇടുന്നു... ഇതിനപ്പുറം എന്ത് അന്‍വര്‍ .. കേവലം ഒരു ക്യാമറാമാന്റെയും ,എഡിറ്ററുടെയും പണിയല്ല സംവിധായകന്റെത് എന്ന് ഏതു നിര്‍മാതാവ് അമല്‍ നീരദിനെ പഠിപ്പിക്കും.