Tuesday, October 19, 2010

പിളര്‍ന്ന വിധിയും പിളര്‍ന്ന പ്രതികരണങ്ങളും

അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട പ്രദേശം വീതിക്കുന്നതു സംബന്ധിച്ച് അലഹാബാദ് ഹൈക്കോടതിയുടെ ലക്നോ ബഞ്ച് സപ്തംബര്‍ 30ന് പുറപ്പെടുവിച്ച വിധിയോടുള്ള നാനാവിധമായ പ്രതികരണങ്ങള്‍ ഇതിനകം പുറത്തു വന്നു കഴിഞ്ഞു. കേസിലെ പ്രധാന കക്ഷികളായ സുന്നി വഖഫ് ബോര്‍ഡും നിര്‍മോഹി അഖാരയും സുപ്രീംകോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരിക്കെ ഈ വിധിയുടെ നടത്തിപ്പു സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ച് ആലോചിച്ച് തല പുകക്കേണ്ടതില്ല. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥ, ഭരണഘടന, ജനാധിപത്യ-മതനിരപേക്ഷ ഭരണ സമ്പ്രദായം, സമാധാനപരമായ രാജ്യവാഴ്ച എന്നിവ തുടര്‍ന്നും ഉയര്‍ത്തിപ്പിടിക്കാനാവുന്നതും സുവ്യക്തവുമായ ഒരു വിധി ഉന്നത നീതിപീഠത്തില്‍ നിന്നുണ്ടാവുമെന്നാണ് സമാധാന വാദികള്‍ വിശ്വസിക്കുന്നത്. അതുകൊണ്ട്, അലഹാബാദ് ഹൈക്കോടതിയുടെ വിധിയെക്കുറിച്ചല്ല ഈ കുറിപ്പില്‍ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നത്. മറിച്ച്, ആ വിധി എപ്രകാരമാണ് ഇന്ത്യന്‍ സമൂഹം സ്വീകരിച്ചത് അഥവാ സ്വീകരിക്കാതിരുന്നത് എന്ന യാഥാര്‍ത്ഥ്യത്തെ അവലോകനം ചെയ്യാനാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം.

ഹിന്ദു സംഘടനകള്‍ ഈ വിധിയെ അത്യധികം ആഹ്ളാദത്തോടെ സ്വീകരിച്ചു. അതേ പാതയിലാണ് കോണ്‍ഗ്രസിനും പോകാന്‍ കഴിഞ്ഞത് എന്നത് മതേതരത്വത്തെ കണക്കിലെടുക്കാത്ത രാജ്യ വിരുദ്ധ ഉപജാപക സംഘങ്ങളുടെ കയ്യിലെ പാവ മാത്രമായി ആ മഹത്തായ ദേശീയ പ്രസ്ഥാനം അധ:പതിച്ചതു കൊണ്ടല്ലേ എന്നാണ് ജനാധിപത്യ വാദികള്‍ സംശയിക്കുന്നത്. കോണ്‍ഗ്രസുമായി അധികാരം പങ്കിടുന്നതില്‍ മാത്രം ശ്രദ്ധ പതിപ്പിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗ് എന്തു ചെയ്യണം എന്നറിയാതെ പകച്ചു നില്‍ക്കുന്ന കാഴ്ച സഹതാപമര്‍ഹിക്കുന്നു. നിസ്സംഗനായി നോക്കിനിന്ന നരസിംഹറാവുവിനെ സാക്ഷി നിര്‍ത്തി ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍, കോണ്‍ഗ്രസുമായി ബന്ധം വിടര്‍ത്തിയ പാര്‍ടിയാണ് ഐ യു എം എല്‍. അവരുടെ ചരിത്രമെഴുതുകയും ചാനല്‍ ചര്‍ച്ചകളില്‍ ലീഗിന്റെ മാഹാത്മ്യം വിളമ്പുകയോ ചെയ്യുന്ന വിദഗ്ദ്ധരെല്ലാം തന്നെ ഈ ഘട്ടം പരാമര്‍ശിക്കാതെ വിടുകയാണ് പതിവ്. അതിലേക്ക് ചര്‍ച്ച നീണ്ടാല്‍, കോണ്‍ഗ്രസ് അന്നെടുത്തതും ഇപ്പോഴെടുക്കുന്നതുമായ നിലപാടുകള്‍ സൂക്ഷ്മമായി ചര്‍ച്ചക്കു വിധേയമാക്കേണ്ടി വരും. അത്, മലര്‍ന്നു കിടന്നു തുപ്പുന്നതിനു തുല്യമായിരിക്കുമെന്നറിയാതിരിക്കാന്‍ മാത്രം വിഡ്ഢിത്തമൊന്നുമേതായാലും ലീഗ് ബുദ്ധിജീവികള്‍ പ്രകടിപ്പിക്കില്ല എന്നാര്‍ക്കാണറിയാത്തത്?

മുഖ്യധാരാ ദേശീയ കക്ഷികളില്‍ സി പി ഐ (എം) ആണ് വിധിയെ സംബന്ധിച്ച് സുവ്യക്തവും കൃത്യവുമായ നിലപാട് മുന്നോട്ടു വെച്ചത്. ഈ നിലപാട് മതേതര ജനാധിപത്യ വിശ്വാസികളില്‍ അനല്‍പമായ ആശ്വാസമാണ് പകര്‍ന്നു നല്‍കിയത്. ഒക്ടോബര്‍ 5ന് പാര്‍ടി പോളിറ്റ് ബ്യൂറോ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഉണ്ടായിരുന്ന കാര്യങ്ങളിപ്രകാരമാണ്. വസ്തുതകള്‍ക്കും തെളിവുകള്‍ക്കും മീതെയായി മതവിശ്വാസത്തിനും അതോടനുബന്ധിച്ചുള്ള ധാരണകള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒന്നാണ് വിധി. അപകടകരമായ കീഴ്വഴക്കങ്ങള്‍ക്ക് ഇത് വഴിവെച്ചേക്കാം. മസ്ജിദ് തകര്‍ത്ത അക്രമപ്രവര്‍ത്തനങ്ങള്‍ക്കുള്ള ന്യായീകരണമായേക്കും. ചരിത്രത്തില്‍ സംഭവിച്ചത് സംഭവിച്ചത് തന്നെയാണ്, അത് തിരുത്താന്‍ കഴിയില്ല. ഇന്നത്തെ രാഷ്ട്രീയത്തിനെ ന്യായീകരിക്കാന്‍ വേണ്ടി ഭൂതകാലത്തെ മാറ്റിത്തീര്‍ക്കുവാന്‍ നമുക്കാവില്ല. ചരിത്രത്തോടുള്ള ബഹുമാനത്തെ തന്നെ ഈ കോടതി വിധി ഇല്ലാതാക്കിയിരിക്കുന്നു എന്ന് അസന്നിഗ്ദ്ധമായി അഭിപ്രായപ്പെട്ട റൊമീളാ ധാപ്പറും ഇര്‍ഫാന്‍ ഹബീബും കെ എന്‍ പണിക്കരും അടക്കമുള്ള ചരിത്രകാരന്മാരും വി ആര്‍ കൃഷ്ണയ്യര്‍ അടക്കമുള്ള നിയമജ്ഞരും എടുത്ത നിലപാടും ഏതാണ്ട് സമാനമാണ്. രാം പുനിയാനിയും ആനന്ദ് പട്വര്‍ദ്ധനും ശബ്നം ഹാശ്മിയും അടക്കമുള്ള സാസ്ക്കാരിക പ്രവര്‍ത്തകരും ഇതേ നിലപാടാണ് ഉയര്‍ത്തിപ്പിടിച്ചത്. രാഷ്ട്രീയ-ചരിത്ര വിജ്ഞാനീയ-നിയമ-സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തികളും സംഘടനകളും ഇത്തരത്തില്‍ ഇന്ത്യയുടെ വൈവിധ്യവും മതനിരപേക്ഷ-ജനാധിപത്യ വ്യവസ്ഥയും ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണ് എടുത്തത് എന്നത് ഭാവിയെക്കുറിച്ചുള്ള ഒരു നല്ല സൂചനയായി കണക്കാക്കാം.

1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതു സംബന്ധിച്ചന്വേഷിക്കുന്നതിനു വേണ്ടി രൂപീകരിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ നടത്തിയ സുപ്രധാനമായ ഒരു നീരീക്ഷണം, രാമക്ഷേത്ര നിര്‍മാണം ഉന്നം വെച്ചു കൊണ്ട് ഇന്ത്യയില്‍ ഉയര്‍ന്നു വന്ന പ്രസ്ഥാനം കേവലം രാഷ്ട്രീയ ഉദ്ദേശ്യത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പൊക്കിയുണ്ടാക്കിയതാണ് എന്നാണ്. അയോധ്യയിലും ഫൈസാബാദിലും പ്രാദേശികമായി ഒട്ടും വിലപ്പോവാത്ത ഒരാശയം നിരന്തരമായതും നാടകീയവുമായ പ്രകടനങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയും രഥയാത്രകളിലൂടെയും രാജ്യത്താകമാനം പടര്‍ത്തിയെടുത്തു എന്നത് വിസ്മയകരവും തിരിഞ്ഞു നോക്കുമ്പോള്‍ നടുക്കമുണ്ടാക്കുന്നതുമായ ഒരു ചരിത്രയാഥാര്‍ത്ഥ്യമാണ്. എന്നാല്‍, നിക്ഷ്പക്ഷതയും അരാഷ്ട്രീയതയും പ്രകടിപ്പിക്കുന്നു എന്ന് നടിച്ചുകൊണ്ടുള്ള സെപ്തംബര്‍ 30ന്റെ അലഹാബാദ്/ലഖ്നോ വിധി തെളിവുകളെയും നിയമസംഹിതകളെയും കീഴ്വഴക്കങ്ങളെയും നിഷ്പ്രയാസം തള്ളിക്കളഞ്ഞിരിക്കുന്നു. അതായത്, രാമജന്മഭൂമി എന്നത് കേവലം ഒരു രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു എന്ന തെളിഞ്ഞ യാഥാര്‍ത്ഥ്യത്തെ വിശ്വാസത്തിന്റെയും വിവാദമായ പുരാവസ്തു നിരീക്ഷണങ്ങളുടെയും പുറകിലൊളിപ്പിച്ച് ഇല്ലാതാക്കാനുള്ള ശ്രമവും ഈ വിധിയിലൂടെ നടത്തപ്പെടുന്നുണ്ട്. മാത്രമല്ല, വിശ്വഹിന്ദു പരിഷത് പോലെയോ രാമജന്മഭൂമി ന്യാസ് പോലെയോ ഉള്ള സംഘടനകള്‍ ഹിന്ദുമതത്തെ മുഴുവനായി പ്രതിനിധീകരിക്കുന്നു എന്ന് ഈ വിധിയിലൂടെ തോന്നലുണ്ടായിട്ടുണ്ട്. താലിബാന്‍ മുസ്ളിം മതത്തെയും കൂ ക്ളക്സ് ക്ളാന്‍ ക്രിസ്തു മതത്തെയും പ്രതിനിധീകരിക്കുന്നു എന്നു പറയുമ്പോലെയാണീ വാദവും. അയിത്തവും ജാതി പീഡനങ്ങളും സതിയും വംശഹത്യകളും അഭിമാനക്കൊലകളും 'ആത്മവിശുദ്ധി'യുടെ പേരില്‍ നാളെ സാധൂകരിക്കപ്പെട്ടേക്കാം! 1986ലാണ് ബാബരിമസ്ജിദ് രാമന്റെ ആരാധകര്‍ക്കായി അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാര്‍ തുറന്നു കൊടുത്തത്. ഹിന്ദു തീവ്രവാദികളോടുള്ള ഈ സാന്ത്വന സമീപനം(അപ്പീസ്മെന്റ്) അവരെ കൂടുതല്‍ ആക്രാമകതയിലേക്കാണ് നയിച്ചത് എന്നത് 1992 വരെയുള്ള ചരിത്രം തന്നെ തെളിയിക്കുന്നു. 2010ലെ വിധിയിലുള്ള സാന്ത്വന സമീപനവും ഇത്തരത്തിലുള്ള മനോഭാവത്തിലേക്കാണ് നയിക്കുക എന്നതിന്റെ തെളിവാണ് 67 ഏക്രയും തങ്ങള്‍ക്ക് തന്നെ ലഭിക്കണമെന്ന വി എച്ച് പി യുടെ ആവശ്യം കാണിക്കുന്നത്.

സുപ്രീം കോടതിയുടെ വിധിക്കു വേണ്ടി കാത്തിരിക്കുക എന്ന മിതവാദപരവും, നീതിന്യായത്തിലും ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വാസമര്‍പ്പിച്ചുകൊണ്ടുള്ളതുമായ നിലപാടാണ് മുസ്ളിങ്ങളടക്കം രാജ്യത്തെ മുഴുവന്‍ ജനങ്ങളും കൈക്കൊള്ളേണ്ടത് എന്ന കാര്യത്തില്‍ സമാധാനവാദികള്‍ക്ക് യാതൊരു സംശയവുമില്ല. എന്നാല്‍, ചരിത്ര- രാഷ്ട്രീയ - നിയമ യാഥാര്‍ത്ഥ്യങ്ങളും വ്യാഖ്യാനങ്ങളും വിശദീകരിക്കുന്നതില്‍ നിന്ന് ഇതാരെയും തടയുന്നില്ല. അപ്രകാരമുള്ള വിശദീകരണങ്ങള്‍ ഇന്നത്തെ നിലക്ക് അത്യന്താപേക്ഷിതവുമാണ്. അവ ന്യൂനപക്ഷങ്ങളടക്കമുള്ള മുഴുവന്‍ ജനതയെയും ഉള്‍ക്കൊണ്ടു കൊണ്ടുള്ള ഒരു വിശാലഭാവിയിലേക്ക് ഇന്ത്യയെ നയിക്കാന്‍ പ്രാപ്തമാക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം, വിഘടന-വിഭാഗീയ-തീവ്രവാദ കലുഷിതമായ ഒരു അന്തരീക്ഷത്തിലേക്ക് വൈദേശിക/ആഭ്യന്തര അധിനിവേശ വിരുദ്ധ സമരത്തെ ഏല്‍പ്പിക്കുന്ന വിധത്തിലുള്ള അതിഗുരുതരമായ ഒരു തെറ്റിലേക്ക് നാം നയിക്കപ്പെട്ടേക്കാം. അത് സംഭവിക്കാതിരിക്കട്ടെ.

8 comments:

മുക്കുവന്‍ said...

if this was happend in saudi, what would have been the outcome?

yea.. I know it will never happen in saudi..

അവര്‍ണന്‍ said...

'ബാല ഗോകുലം' എന്ന RSS കുട്ടി പട്ടാളത്തിന്റെ ഈ വര്‍ഷത്തെ ചടങ്ങില്‍ പങ്കെടുത്തത് ജസ്റ്റിസ്‌ രാധാകൃഷ്ണ മേനോന്‍ എന്ന മുന്‍ ന്യായാധിപനാണ്. ഇവന്മോരെ പോലെ പകല്‍ ന്യായാധിപതിയും രാത്രി സംഘ പരിവാരുമായ നിരവധി പേര്‍ അടങ്ങുന്നതാണ് ഇന്ത്യന്‍ ജുഡിഷ്യറി.'നിയമപരമായി സംഘ പരിവാരത്തെ സംരക്ഷിക്കുന്ന വിധത്തില്‍ ഇവിടുത്തെ നിയമ ഭരണകൂട സംവിധാനം അവര്‍ക്ക് തുണയായുണ്ട്. ഈ ചടങ്ങില്‍ തന്നെ പങ്കെടുത്ത SFI യുടെ മുന്‍ സംസ്ഥാന നേതാവ് ജി എസ പ്രദീപും (അശ്വമേധം) കേരളത്തിലെ അമ്പലങ്ങള്‍ ഡോകുമെന്ററി ചെയ്യാന്‍ സംഘ പരിവാരം കണ്ടെത്തിയ ജയരാജ് വാര്യരും മഹാ കവി അക്കിത്തവും കെ ബി ശ്രീദേവിയും എസ രമേശന്‍ നായരും ഒക്കെ സാംസ്കാരിക കേരളത്തിലെ 'പരദ'യിട്ട സംഘ പരിവാര പ്രതീകങ്ങളാണ്. ഇവരെയൊക്കെ സ്ഥിരമായി അവരോടൊപ്പം കാണാം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേരളത്തിന്റെ പൊതു മനസ്സ് ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ പാകമായി രൂപപെട്ടു കഴിഞ്ഞിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സംഘ പരിവാരം ഹിന്ദുക്കളെ 'ഹൈജാക്ക്' ചെയ്തു കഴിഞ്ഞു. ഇതില്‍ പൊതു ഹിന്ദു സമൂഹത്തിനുള്ള പങ്കു ആരും ചര്‍ച്ച ചെയ്യാറില്ല. ഇതിന്റെ ഫലമായി മുസ്ലിം തീവ്ര വാദികളെ ഒറ്റപെടുത്താന്‍ പൊതു മുസ്ലിം സംഘടനകള്‍ പാട് പെടുന്നത് ഇനി ഇല്ലാതാകും.

ഹിന്ദുക്കള്‍ക്ക് ഭീകരര്‍ ആവാന്‍ ആകില്ല എന്ന് RSS തലവന്‍ മദന്‍ ദാസ് ദേവി കഴിഞ്ഞ ദിവസം പറഞ്ഞത് രസാവഹം തന്നെ. അതെന്തായാലും ഈസ്റ്റ്‌ വിര്‍ജിനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Terrorism Research Centre ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളില്‍ ഇരുപത്തൊന്നാം സ്ഥാനത്ത് പ്രതിഷ്ടിച്ചുള്ളത് സാക്ഷാല്‍ 'Rashtriya Svayam Sevak Sangh' നെ ആണ്. Terrorism Research Center (TRC) ന്റെ ഭീകര ലിസ്റ്റില്‍, 2004 സെപ് 9 മുതല്‍ RSS ഉണ്ട്,ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ സംഘടന ആണെന്നാണ്‌ RSS തന്‍ പ്രമാണിത്തം പറയാറുള്ളത്. ലോകത്തിലെ ഒരു പ്രധാന ഭീകരത റിസര്‍ച്ച് സ്ഥാപനം പറയനുന്ന നിലക്ക് അവര്‍ ലോകത്തിലെ ഏറ്റവും വലിയ സംഘടിത ഭീകര പ്രസ്ഥാനം കൂടെയാകും. Terrorism Research Centre അമേരിക്കന്‍ ഭരണകൂടത്തിലെ പ്രമുഖരായ സയനിസ്ടുകളും അമേരിക്കന്‍ വലതു പക്ഷക്കരുമാണ് നിയന്ത്രിക്കുന്നത്‌. അവരൊക്കെ സംഘ പരിവാറിന്റെ വിദേശ സുഹൃത്തുക്കളാണ് എങ്കിലും ക്രിസ്ത്യാനികളെ RSSകാര്‍ പച്ചയോടെ കൊന്നൊടുക്കാന്‍ തുടങ്ങിയതോടെ ഭീകര ലിസ്റ്റില്‍ ഔദ്യോഗികമായി പെടുത്തി കളഞ്ഞു.ലിസ്റ്റ് ഇപ്പോള്‍ പരസ്യമായി ലഭ്യമല്ല. എന്നാലും web archive ല്‍ നിന്നും ലിസ്റ്റ് ഇപ്പോഴും കാണാം. ഇവിടെ ക്ലിക്ക് ചെയ്യുക. എന്നിട്ട് താഴെ scroll ചെയ്തു 'known terrorist groups operating in India' കാണുക.
----------------------------------------

varnashramam said...

'പരദ'യിട്ട സംഘ പരിവാര പ്രതീകങ്ങളാണ്."

അപ്പോള്‍ അതാണ് 'പരദ' യുടെ രഹസ്യം !!!

കുരുത്തം കെട്ടവന്‍ said...

Saudi Arabia is a Kingdom not a Social Democratic Republic! So there is no important/justification any kind of matching with Saudi. Good evaluation by Mr. G.P.

Ekbal said...

സുപ്രീം കോടതിയുടെ വിധിക്കു വേണ്ടി കാത്തിരിക്കുക എന്ന മിതവാദപരവും, നീതിന്യായത്തിലും ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വാസമര്‍പ്പിച്ചുകൊണ്ടുള്ളതുമായ നിലപാട് പൊതുവില്‍ ,മുസ്ലിംങ്ങള്‍ സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവരില്‍ അരക്ഷിത ബോധവും അസ്വസ്ഥതയും ഉണ്ടാക്കുന്ന അഭിപ്രായ പ്രകടനങ്ങള്‍ നടത്താതിരിക്കാന്‍ മതേതര വാദികള്‍ ശ്ര ദ്ധിക്കേണ്ടതാണ്‌.

Ekbal said...
This comment has been removed by the author.
varnashramam said...

"Saudi Arabia is a Kingdom not a Social Democratic Republic! So there is no important/justification any kind of matching with Saudi."

എന്നാപിന്നെ അതുപോലെ ഒരു ഭരണം നമുക്ക് കു‌ടി ആകാം !!!

അവര്‍ണന്‍ said...

കേരളത്തിലെ വരുമാനമുള്ള ശബരിമല, ഗുരുവായൂര്‍ പോലെയുള്ള അമ്പലങ്ങളില്‍ നറുക്ക് എടുത്തു നമ്ബൂതിരിമാര്കിടയില്‍ നിന്നു മാത്രം മേല്‍ശാന്തിമാരെ കണ്ടെത്തുന്നതില്‍ എന്തൊരു 'മെറിറ്റ്‌'എന്ന് ഏതെങ്കിലും ധിക്കാരിയായ ദളിതന്‍ ചോദിച്ചാല്‍; 'മനു സ്മൃതി' എന്ന ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരംഅവന്റെ ചെവിയില്‍ ഈയം ഒഴിച്ച് കളയും. പിന്നെ എങ്ങിനെയാണ് ഇന്ത്യ socialist democratic republic ആണെന്ന് പറയുക?