1. (എ) ഇതും ഒരു പതിനൊന്നു വയസ്സുകാരിയുടെ കഥയാണ്. മറ്റൊരു ധനലക്ഷ്മിയാകാതെ അവള് രക്ഷപ്പെട്ടോടി. മനസ്സിനു മുറിവേല്പ്പിച്ചവര് ശരീരത്തിനു കൂടി ക്ഷതമേല്പ്പിക്കാന് തുടങ്ങിയപ്പോഴാണ് രാധ ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് ഇറങ്ങിയോടിയത്. ജോലി ചെയ്ത് തളര്‍ന്ന പെണ്‍കുട്ടി അവശനിലയില്‍ സമീപവാസിയുടെ വീട്ടില്‍ ചെന്ന് കുടിക്കാന്‍ വെള്ളം ചോദിച്ചു. അപരിചിതയായ പെണ്‍കുട്ടിയുടെ മുഷിഞ്ഞ വേഷവും അവശതയും കണ്ടപ്പോള്‍ അയാള്‍ വിവരങ്ങള്‍ തിരക്കി. എറണാകുളത്തെ ആഡംബരഫ്ളാറ്റില്‍ മൂന്നു വര്‍ഷമായി കഠിന ജോലി ചെയ്തും പീഡനം സഹിച്ചും കഴിയുകയായിരുന്നുവെന്ന് അവള് പറഞ്ഞു. ഹൈക്കോടതിയിലെ അഭിഭാഷകന്റെ വീട്ടില്‍ വെച്ചാണ് അവള്‍ക്ക് കുഞ്ഞു പ്രായത്തില്‍ ദുരിതങ്ങള്‍ ഏല്‍ക്കേണ്ടി വന്നത്. തമിഴിലും അറിയാവുന്ന മലയാളത്തിലും ആയി രാധ തന്റെ ദുരിതങ്ങള്‍ വിവരിച്ചു. ഇടക്കിടെ വിങ്ങിപ്പൊട്ടി.
(ബി) മടിക്കേരിയില്‍ നിന്ന് വീട്ടുവേലക്ക് കാസര്‍ഗോഡേക്ക് കൊണ്ടുവന്ന സഫിയയുടെ തിരോധാനം സമീപ ഭൂതകാലത്ത് പ്രമാദമായ കേസായിരുന്നു. ഗോവയില്‍ കരാറുകാരനായ ഹംസയുടെ വീട്ടില്‍ വേലക്കു നില്‍ക്കുമ്പോഴാണ് സഫിയയെ കാണാതായത്. വീട്ടുവേലക്കിടെ ചൂടുവെള്ളം വീണ് ശരീരമാകെ പൊള്ളലേറ്റ പെണ്‍കുട്ടിയെ കൊലപ്പെടുത്തി ഹംസയുടെ ഗോവയിലുള്ള വര്‍ക്ക് സൈറ്റില്‍ കുഴിച്ചു മൂടുകയായിരുന്നു. (രണ്ടു വിവരണങ്ങളും രാജൂ പോള്‍ തയ്യാറാക്കിയ ഫീച്ചറില്‍ നിന്ന് - രക്ഷപ്പെട്ടോടിയാലും രക്ഷയില്ല - എവിടെ പോകും ഈ പൈതങ്ങള് ? (മംഗളം ഡോട്ട് കോം))
2. കൊച്ചി: വീട്ടു ജോലിക്കു നിന്ന തമിഴ് ബാലികയെ ശാരീരിക പീഡനമേല്‍പ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരു സ്ത്രീ കൂടി അറസ്റില്‍. കൊല്ലപ്പെട്ട ധനലക്ഷ്മിയെ, കേസിലെ ഒന്നും രണ്ണ്ടും പ്രതികളായ അഡ്വ. ജോസ് കുര്യനും ഭാര്യ സിന്ധുവിനും കൈമാറിയ ഇടനിലക്കാരിയായ ഷൈലയാണ് അറസ്റിലായത്. പെണ്‍കുട്ടിയെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ജോസ് കുര്യനെയും ഭാര്യയെയും ശനിയാഴ്ച വൈകീട്ട് ആലുവയിലെ വീട്ടില്‍ കൊണ്ടു പോയി പൊലീസ് തെളിവെടുത്തു. സ്റീലിന്റെ ഫോര്‍ക്ക്, തീക്കൊള്ളി എന്നിവയൊക്കെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഉപയോഗിച്ചെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു. കൂടുതല്‍ പണിയെടുപ്പിക്കുന്നതിനാണ് പീഡിപ്പിച്ചത്. ഷൈലക്കെതിരെ ബാലവേല, അടിമക്കച്ചവടം എന്നിവക്കും മറ്റുള്ളവര്‍ക്കെതിരെ കൊലക്കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നതെന്നു സി ഐ പറഞ്ഞു. പൊള്ളലും മര്‍ദനവുമേറ്റ് അവശനിലയിലായ കുട്ടിക്ക് ആന്റിബയോട്ടിക്കുകള്‍ അടക്കമുള്ള മരുന്നു നല്കി ചികില്‍സിച്ച ഗവ. വെറ്ററിനറി സര്‍ജനെ (മൃഗ ഡോക്ടര്‍) പോലീസ് ചോദ്യം ചെയ്തു വരുന്നു. ധനലക്ഷ്മിയെ തിളച്ച വെള്ളം ദേഹത്തൊഴിച്ചും കത്തിച്ച ബീഡിക്കുറ്റികളും വിറകുകൊള്ളിയും കൊണ്ടു കുത്തിയുമാണ് പീഡിപ്പിച്ചതെന്ന് പോസ്റുമാര്‍ട്ടത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. കൈവിരലുകള്‍ നിലത്തു വരിച്ചു പിടിപ്പിച്ചു ഷൂ കൊണ്ടു ചവിട്ടുകയും ചെയ്തിരുന്നു. തുടയിലും മുഖത്തും ഫോര്‍ക്കിനു കുത്തി മുറിവേല്‍പ്പിച്ചിട്ടുമുണ്ട്. ധനലക്ഷ്മിയെ വീടിനുള്ളില്‍ ഉടുപ്പിടാന്‍ അനുവദിച്ചിരുന്നില്ലെന്നും പട്ടിക്കൂടു കഴുകാന്‍ ഉള്ളില്‍ കയറ്റിയ ശേഷം അതിനകത്തു പൂട്ടിയിടുമായിരുന്നുവെന്നും നാട്ടുകാരില്‍ ചിലര്‍ ആരോപിച്ചതായി പൊലീസ് വെളിപ്പെടുത്തി. എം ബി എ ബിരുദധാരിയാണ് അക്രമിയായ സിന്ധു. (പത്ര റിപ്പോര്‍ടുകള്‍ മലയാള മനോരമ, ദേശാഭിമാനി, മാധ്യമം തുടങ്ങിയ പത്രങ്ങളില്‍ നിന്ന്).
വിവിധ മലയാള പത്രങ്ങളുടെ അച്ചടി/വെബ് എഡിഷനുകളില്‍ അടുത്ത ദിവസങ്ങളില്‍ കൊടുത്ത വാര്‍ത്തകളും ഫീച്ചറുകളുമാണ് ഇവിടെ എടുത്തെഴുതിയത്. ഒരു കാര്യം ശ്രദ്ധിക്കുക. ടെലിവിഷന്‍ ചര്‍ച്ചകളിലും പത്രങ്ങളിലെ തന്നെ മുഖ്യ പ്രദേശങ്ങളിലും ഈ 'അപ്രധാന'വാര്‍ത്തകള്‍ക്ക് ഇടം കൊടുക്കാറില്ല. എന്നാല്‍, ഷൊര്‍ണൂര്‍ സ്വദേശിനിയായ യുവതി സൌമ്യയെ; പാസഞ്ചര്‍ തീവണ്ടിയിലെ ഒഴിഞ്ഞ ലേഡീസ് കമ്പാര്ടുമെന്റില് നിന്ന്, തമിഴനും വികലാംഗനുമായ ഗോവിന്ദച്ചാമി ആക്രമിച്ചതും താഴേക്ക് തള്ളിയിട്ടതും ബോധരഹിതയായ ആ നിസ്സഹായയെ ദാരുണമായി മാനഭംഗപ്പെടുത്തിയതിനു ശേഷം കൊലപ്പെടുത്തിയതുമായ വാര്‍ത്ത ഒരാഴ്ചയിലധികം കാലം പത്രങ്ങളും ചാനലുകളും ആഘോഷിക്കുകയായിരുന്നു. കേരളീയരെയാകെ ഞെട്ടിച്ച ഈ നിഷ്ഠൂര സംഭവത്തിന് വേണ്ടതിലും അല്പ്പമധികം പ്രാധാന്യം മാധ്യമങ്ങളില്‍ കൊടുത്തതിനെ നാം വിമര്‍ശിക്കേണ്ടതില്ല. എന്നാല്‍, ഇതുമായി ബന്ധപ്പെടുത്തി വാര്‍ത്തകളുടെ മുനകളും ഏങ്കോണിപ്പുകളും സാമൂഹിക സംവിധാനത്തില്‍ എന്തു ആഘാതങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നാം പരിശോധിക്കേണ്ടതുണ്ട്. അങ്ങിനെ പരിശോധിക്കുമ്പോള്‍, മലയാളികളുടെ ആധുനിക വീക്ഷണം എന്ന സങ്കല്പം/യാഥാര്‍ത്ഥ്യം പൊള്ളയായ ഒന്നാണെന്ന് തെളിയുമെങ്കിലും അത് നിര്‍വഹിക്കാതെ വയ്യ.
കേരളത്തിനകത്തും പുറത്തുമുണ്ടാകുന്ന അപകട വാര്‍ത്തകള്‍ നമ്മുടെ പത്രങ്ങളും ചാനലുകളും എപ്രകാരമാണ് റിപ്പോര്ടു ചെയ്യാറുള്ളത്? വിമാനം തൊട്ട് കാളവണ്ടി വരെയും ബോംബ് സ്ഫോടനം തൊട്ട് തീപ്പിടിത്തം വരെയും സുനാമി തൊട്ട് കെട്ടിടമിടിഞ്ഞ് വീഴല്‍ വരെയും ഉള്ള വിവിധ തരം അപകടങ്ങള്‍ നാടെങ്ങും നടക്കാറുണ്ട്. ഇത്തരം ഏതു സംഭവം നടന്നാലും പത്രത്തിനകത്തും ചാനലിനകത്തും പുറത്തുമായി വിരാജിക്കുന്നവര്‍ക്ക് തല്‍ക്കാലത്തേക്ക് കുശാലായി. ലൈവ് ചര്‍ച്ചകളും സംഭവം നടന്ന സ്ഥലത്തു നിന്നുള്ള ലേഖകന്റെ/ലേഖികയുടെ നേരിട്ടുള്ള വിവരണങ്ങളും കൊണ്ട് കാര്യങ്ങള്‍ ഉഷാര്‍. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ ഏതു തരത്തിലാണ് റിപ്പോര്‍ട് ചെയ്യുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? അബുദാബിയില്‍ വെള്ളപ്പൊക്കം, ഏഴു മലയാളികള്‍ മരിച്ചു; വേളാങ്കണ്ണിയില്‍ വാഹനാപകടം, ഒരു മലയാളി കുടുംബത്തിലെ ആറംഗങ്ങള്‍ മരിച്ചു; വാളയാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; പത്ത് മലയാളികള്‍ കൊല്ലപ്പെട്ടു എന്നിങ്ങനെ, മരണത്തെ സങ്കുചിത പ്രാദേശികതക്ക് കീഴ്പ്പെടുത്തിയാണ് നമ്മുടെ അച്ചടി/ദൃശ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യാറുള്ളത്. മലയാളി മരിച്ചാല്‍ കൂടുതല്‍ വലിയ മരണവും മലയാളികളല്ലാത്തവര്‍ മരിച്ചാല്‍ അത് തീരെ നിസ്സാരമായ സംഭവവുമായിത്തീരുന്നതെങ്ങനെയാണ്! നവോത്ഥാനവും ഐക്യ കേരളവും സ്വാതന്ത്ര്യലബ്ധിയും ദേശീയോദ്ഗ്രഥനവും മിശ്രഭോജനവും സാമുദായികൈക്യവും ജനാധിപത്യ ഭരണവും ആധുനികതയും ഉത്തരാധുനികതയും; നിരീക്ഷിക്കാനും വിശദീകരിക്കാനും മലയാളിക്ക് ഈ സങ്കുചിത വീക്ഷണമാണോ ഉണ്ടാക്കിക്കൊടുത്തിട്ടുള്ളത്? പത്രപ്രവര്‍ത്തന പരിശീലകരും പ്രസ് കൌണ്‍സിലും കോടതികളും ഉത്തരം പറയട്ടെ.
ആ ഉത്തരങ്ങള്‍ക്കായി കാത്തു നില്ക്കാന് നമുക്ക് സമയമില്ല. കാരണം, ഇത്തരം വീക്ഷണങ്ങളുടെ അതിപ്രസരം, സങ്കുചിത പ്രാദേശിക വികാരങ്ങള്‍ക്ക് അടിപ്പെട്ടുകൊണ്ട് മാത്രം സംഭവങ്ങളെ കാണാനും പ്രതികരിക്കാനും നമ്മെ ശീലിപ്പിച്ചിരിക്കുന്നു. സൌമ്യയുടെ ദാരുണ കൊലപാതകത്തിലുണ്ടായ ഹൃദയ വ്യഥകള്‍ സഫിയയുടെയും ധനലക്ഷ്മിയുടെയും മറ്റനേകം അന്യ സംസ്ഥാന തൊഴിലാളികളുടെ നിഷ്ഠൂരമായ മരണദുരന്തങ്ങളില്‍ നമുക്കില്ലാതെ പോയിരിക്കുന്നു. മാത്രമല്ല, സൌമ്യയെ നിഷ്ഠൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ ഗോവിന്ദച്ചാമി തമിഴനും വികലാംഗനുമാണെന്ന് നൂറ്റൊന്നു വട്ടം ആവര്‍ത്തിക്കുന്നതിലൂടെ, തമിഴ് വംശജര്‍ക്കും വികലാംഗര്‍ക്കുമെതിരെ കേരളീയ സമൂഹത്തിന്റെ വെറുപ്പും വിദ്വേഷവും വര്‍ദ്ധിപ്പിക്കുന്ന പ്രക്രിയക്കും ആക്കം കൂടുന്നു.
കുറച്ചു കാലം മുമ്പ് എടപ്പാളങ്ങാടിയില്‍, മോഷണം ആരോപിക്കപ്പെട്ട് ഗര്‍ഭിണിയും കറുത്ത തൊലിനിറമുള്ളവളുമായ തമിഴ് വംശജ 'നാട്ടുകാരാ'ല്‍ ആക്രമിക്കപ്പെട്ടത് ചാനലുകളിലും പത്രങ്ങളിലും അപലപിക്കപ്പെടുകയുണ്ടായി. എന്നാല്‍, ആരാണ് ഈ 'നാട്ടുകാരെ' രൂപീകരിച്ചത് എന്ന കാര്യം ഇതിനിടയില്‍ എല്ലാവരും മറന്നു പോയി. അപകടങ്ങളുണ്ടാകുമ്പോഴും ദുരന്തങ്ങളുണ്ടാകുമ്പോഴും സമുദായം തിരിച്ചും സംസ്ഥാനം തിരിച്ചും ഭാഷ തിരിച്ചും വേര്‍തിരിക്കുന്ന മാധ്യമ പ്രവണത തന്നെയാണ് നാട്ടുകാര്‍/അന്യര്‍ എന്ന വിരുദ്ധ ദ്വന്ദ്വം രൂപീകരിക്കുന്നത്.
എ കെ ആന്റണി സര്‍ക്കാരിന്റെ കാലത്ത് മുത്തങ്ങയില്‍ ആദിവാസികള്‍ക്കെതിരെ പൊലീസ് വെടിവെപ്പുണ്ടായതിനെ തുടര്‍ന്ന് സമര നേതാവ് സി കെ ജാനു ഒളിവില്‍ പോകുകയുണ്ടായി. പിന്നീട് പൊലീസ് അവരെ പിടി കൂടിയപ്പോള്‍, മുഖത്തും ദേഹത്തും കടുത്ത മര്‍ദനമേറ്റതിന്റെ പാടുകള്‍ കൊണ്ട് വീര്‍ത്തും കരുവാളിച്ചുമിരുന്നിരുന്നു. 'നാട്ടുകാര്‍' ആക്രമിച്ചു എന്ന പൊലീസ് ഭാഷ്യത്തെ അപ്രകാരം തന്നെ ആവര്‍ത്തിക്കുകയാണ് സ്വതന്ത്ര പത്രങ്ങളും ചാനലുകളും ചെയ്തത്. വയനാടിന്റെ യഥാര്‍ത്ഥ അവകാശികള്‍ അക്രമികളും, ആദിവാസികളെ അധീനപ്പെടുത്തി സ്ഥലം കൈക്കലാക്കിയ കുടിയേറ്റപ്രമാണിമാര്‍ നാട്ടുകാരും ആയി മാറിയ രാസപ്രക്രിയ ആരും കണ്ടില്ലെന്നു നടിച്ചു. ആര് ബാലകൃഷ്ണപിള്ള കുറ്റം തെളിഞ്ഞ് തടവിലടക്കപ്പെടുമ്പോള്‍ വേറിട്ട മാധ്യമങ്ങളടക്കം അദ്ദേഹത്തിന് വീരപരിവേഷം നല്കുന്ന ഇക്കാലത്ത് സി കെ ജാനുവിനെ തല്ലിച്ചതച്ച 'നാട്ടുകാരെ' ആരോര്‍ക്കാന്‍!
ഇതില്‍ ഗദ്ദാമയായി ജോലി തേടി പോകുന്നത് അശ്വതി എന്നു പറയുന്ന ഹിന്ദു പെണ്‍കുട്ടിയാണ്. അവള് ഇവിടുത്തെ വേഷങ്ങളും പൊട്ടും കമ്മലും ആഭരണങ്ങളും അണിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്നവളാണ്. എന്നാല്‍ സഊദി അറേബ്യയില്‍ ചെന്നിറങ്ങുമ്പോള്‍ തന്നെ അവളുടെ അസ്തിത്വം നഷ്ടപ്പെടുന്നു. അവള്‍ക്ക് അവളുടെ പേര് പോലും നഷ്ടപ്പെടുന്നു. ഈ അസ്തിത്വം നഷ്ടപ്പെടല്‍ യൂണിവേഴ്സലാണ്. ഞാനതില്‍ ഒരു ഹിന്ദു സ്ത്രീയെ തെരഞ്ഞെടുത്തത് മന:പൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായാണ്. വിമാനത്താവളത്തില്‍ വെച്ച് മറ്റൊരു സ്ത്രീ (പേരോ വ്യക്തിത്വമോ ഇല്ലാത്ത ഈ 'മറ്റൊരു സ്ത്രീ' മുസ്ളിം സ്ത്രീയാണെന്നത് ശ്രദ്ധേയമാണ്- ലേഖകന്‍) അശ്വതിയോട് ചോദിക്കുന്നു. ഗദ്ദാമയാണോ? ഈ വിമാനത്താവളത്തിന് പുറത്തിറങ്ങുന്നതോടെ നമുക്ക് നമ്മുടെ അസ്തിത്വം തന്നെ ഇല്ലാതാവുമെന്ന് ആ സ്ത്രീ അശ്വതിയോട് പറയുന്നു. (കമലിന്റെ സിനിമാ യാത്രകള്‍ - സമകാലിക മലയാളം വാരിക 18 ഫെബ്രുവരി 2011).
മലയാളികള്‍ അന്യ നാട്ടിലനുഭവിക്കുന്ന അസ്തിത്വ വ്യഥകളും പീഡന പര്‍വ്വങ്ങളും; ഗദ്ദാമ പോലുള്ള സിനിമകളിലൂടെ ആവിഷ്ക്കരിക്കപ്പെടുമ്പോള്‍, ചാനല്‍ ചര്‍ച്ചകളായും കവര്‍ സ്റോറികളായും വരുന്നത് നല്ലതു തന്നെ. എന്നാല്‍, അതേ മലയാളികള്‍ ഭൂരിപക്ഷം അധിവസിക്കുന്ന സ്വതന്ത്ര കേരളത്തില്‍ അന്യ സംസ്ഥാനത്തു നിന്നുള്ളവര്‍ അനുഭവിക്കുന്ന അതിക്രൂരമായ പീഡനങ്ങളെ ചരിത്രത്തിന്റെ ഏതു ന്യായീകരണങ്ങളെടുത്ത് നാം സാധൂകരിക്കും?
13 comments:
പീഡനങ്ങള്‍ക്കും, അക്രമങ്ങള്‍ക്കും, ഇത്തരം ക്രൂരകൃത്യങ്ങള്‍ക്കും ഒന്നും ജാതി, മത, വര്‍ഗ, വര്‍ണ, ദേശ ,ഭാഷാ വ്യത്യാസങ്ങള്‍ ഇല്ല.
"എന്നാല്‍, ആരാണ് ഈ 'നാട്ടുകാരെ' രൂപീകരിച്ചത് എന്ന കാര്യം ഇതിനിടയില്‍ എല്ലാവരും മറന്നു പോയി. അപകടങ്ങളുണ്ടാകുമ്പോഴും ദുരന്തങ്ങളുണ്ടാകുമ്പോഴും സമുദായം തിരിച്ചും സംസ്ഥാനം തിരിച്ചും ഭാഷ തിരിച്ചും വേര്‍തിരിക്കുന്ന മാധ്യമ പ്രവണത തന്നെയാണ് നാട്ടുകാര്‍/അന്യര്‍ എന്ന വിരുദ്ധ ദ്വന്ദ്വം രൂപീകരിക്കുന്നത്. "
സിനിമയിലെയും മറ്റും കഥാപാത്രങ്ങളുടെ സമുദായം തിരിച്ചു ഭിന്നിപ്പുണ്ടക്കുന്ന രാമചന്ദ്രന് തന്നെ ഇത് പറയണം.
ഒരു മലയാളി അന്യ നാട്ടില്‍ പീഡിപ്പിക്കപ്പെടുന്ന ഒരു സിനിമ മലയാളികള്‍ സൂപ്പര്‍ ഹിറ്റ് ആക്കി. എന്നാല്‍ തമിഴര്‍ ഇവിടെ പീടിപ്പിക്കപെടുന്ന പോലത്തെ സിനിമകള്‍ (കറുത്ത് പക്ഷികള്‍) ഒന്നും മലയാളി കാണാറില്ല.
പാകിസ്ഥാനില്‍ ഭൂകംഭം നടന്നത് വളരെ ദിവസങ്ങള്‍ക്കു ശേഷമാണ് നമ്മുടെ മാധ്യമങ്ങള്‍ അറിഞ്ഞത് തന്നെ.
ഇവിടുത്തെ മധ്യ വര്‍ഗ്ഗത്തിന് താല്പര്യമുല്ലവര്ക്കെന്ടെങ്ങിലും പറ്റിയാല്‍ പോലീസെ പറയുന്നതെണ്ടിനെയും നമ്മള് കാക്കി കുരിചിയെടുക്കും. പക്ഷെ അതെ പോലീസെ ഒരു മുസ്ലിമിനെ patti എന്ട് പറഞ്ഞാലും ഇതേ മാധ്യമങ്ങള്‍ അത് അത് പോലെ തന്നെ വിശ്വസിക്കും. Muhammed Hanif enna Doctor ഓസ്ട്രളിയില് പിടിക്കപ്പെട്ടത് കൊണ്ട് ആ പാവം ഇന്ന് സമാധാനത്തോടെ ജീവിക്കുന്നു. ഇവിടെ ആയിരുന്നെഗില്‍ അദ്ദേഹം ഇപ്പോഴും വിചാരണ പോലും ഇല്ലാതെ ജയിലില്‍ കിടന്നേനെ.
കച്ചോടം നന്നാക്കാന്‍ അവര്‍ ഇല്ലാത്ത പ്രാദേശികത ഉണ്ടാക്കും... ഇല്ലാത്ത ആഗോളീയത ഉണ്ടാക്കും... എത്ര കാലം അവര്‍ക്ക് ഈ ഇക്കിളി നിലനിര്‍ത്താന്‍ കഴിയും എന്നതാണ് കാണേണ്ടത്... എത്രയായാലും കണ്ട് കണ്ട്, കേട്ട് കേട്ട് നമ്മള് വാര്‍ത്ത ഉപഭോഗ ജീവികള്‍ക്ക് തഴമ്പ് വന്നേക്കാം...
അന്തിക്കാട്ടുനിന്നും തെക്കന്‍ കേരളത്തിലെ മറ്റൊരിടത്തെത്തുമ്പോള്‍ അവിടെ താങ്കള്‍ പറയുന്ന ഈ “അപരത്വം“ എനിക്ക് ഫീല്‍ ചെയ്തിട്ടുണ്ട്. അത് ഓരോപ്രദേശത്തിന്റേയും അവിടത്തെ സാംസ്കാരിക, ജീവിത നിലവാരത്തിന്റേയും വ്യക്തികളുടെ കാഴ്ചപ്പാടിന്റെയും പ്രതിഫലനമാണ്. താങ്കള്‍ ഗദ്ദാമയെ പറ്റി പറയുന്ന രാജ്യത്ത് ഗദ്ദാമക്ക് മാത്രമല്ല മുഖാവരണത്തിന്റെ പ്രശ്നം ഉദിക്കുന്നത്. മറ്റെല്ലാ സ്റ്റാറ്റസ് ഉള്ള ലോകത്തിന്റെ ഏതു കോണില്‍ നിന്നും വരുന്നവരുമായ സ്തീകള്‍ക്കും എയര്‍പോര്‍ട്ടിനു വെളിയില്‍ ഇറങ്ങുമ്പോള്‍ ഇത് അണിയേണ്ടതായുണ്ട്.
എന്നാല്‍ ഫ്രാന്‍സില്‍ എത്തുമ്പോള്‍ അവിടത്തെ സംസ്കാരത്തിനും ജനതയ്ക്കും ഒട്ടും താല്പര്യം ഇല്ലാത്ത ചില കുടിയേറിയേറ്റക്കാര് തങ്ങളുടെ രീതികള്‍ അവിടെ കൊണ്ടുവരുവാന്‍ ശ്രമിക്കുന്നു. ഇത് അവിടെ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുന്നു. അവരുടെ സമൂഹത്തിനും ജീവിതരീതിക്കും ഒട്ടും താല്പര്യം ഇല്ലാത്തതിനെ അവിടേക്ക് ഇറക്കുമതി ചെയ്യുവാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ അതിനോട് വിയോജിക്കുന്നു. അവിടെ എല്ലാവരും തുല്യരാണെന്നും ഏതെങ്കിലും പ്രത്യേകതയാല്‍ മതത്തെ തിറീച്ചറിയുന്ന വിധത്തില്‍ ഉള്ള വസ്ത്രധാരണം അവര്‍ ഇഷ്ടപ്പെടുന്നില്ല.
കൂലിപ്പണിക്കാരായി എത്തുന്ന തമിഴന്/ബംഗാളിയെ മലയാളി മോശമായിതന്നെയാണ് കണക്കാക്കുന്നത് എന്നവാദത്തിനൊപ്പം വയനാട്ടിലും പാലക്കാടും തിരുവനന്തപുരത്തും ഇടുക്കിയിലും ചിതറിക്കിടക്കുന്ന ആദിവാസികളെ എപ്രകാരം കണക്കാക്കുന്നു എന്ന് ക്ാണുമ്പോള് നാം അതു പക്ഷെ തിരുത്തിപ്പറയുകയും ചെയ്യും. ഇവിടെ മാണി 22 സീറ്റിനും ലീഗ് 23 സീറ്റിനും സമുദായത്തിന്റെ പേരുപറഞ്ഞ് വാശിപിടിക്കുന്നു. (ദൌര്‍ഭാഗ്യവശാല്‍/വിധിവൈപരീത്യം കൊണ്ട് യു.ഡി.എഫ് ജയിച്ചാല്‍ മാണി+ലീഗ് 20+20 സീറ്റു എങ്കിലും ലഭിച്ച് ഇവര്‍ അധികാരത്തില്‍ വന്നാല്‍ 140 മണ്ഡലങ്ങളില്‍ നിന്നും ന്യൂനപക്ഷ സാമുദായിക പരിഗണയില്‍ 40 മുതല്‍ അമ്പതു വരെ ജനപ്രതിനിധികള്‍ നിയമസഭയില്‍ എത്തില്ലേ? ഭൂരിപക്ഷത്തില്‍ പെടുന്ന നമ്പൂതിരി നായന്മാരും (സമദൂര സവര്‍ണ്ണര്‍!!) ചോന്മാരും അരയന്മാരും പട്ടികവര്‍ഗ്ഗക്കാരും ഒക്കെ ഇത്തരത്തില്‍ സീറ്റിനായി സമുദായം പറഞ്ഞ് വിലപേശാന്‍ അശക്തര്‍. ആദിവാസികള്‍ക്ക് ഇത്രസീറ്റ് വേണമെന്ന് ആവശ്യപ്പെടുവാന്‍ ആരുമില്ല അവര്‍ക്ക് നല്കുവാന് ഒരുത്തനും തയ്യാറുമില്ല. എങ്കിലും മുഖ്യധാരാ ബുദ്ധിജീവികള്‍ ന്യൂനപക്ഷം ഇരകള്‍ എന്നൊക്കെ പറഞ്ഞ് കണ്ണീരൊഴിക്കിക്കൊണ്ടിരിക്കും. സവര്‍ണ്ണാധിപത്യത്തെ പറ്റി സംസാരിച്ചുകൊണ്ടിരിക്കും.
തോറ്റാലും വേണ്ടില്ല സഖാവ് വി.എസ് മത്സരിക്കരുതെന്ന് വാശിപിടിക്കുന്നവര്‍ ഒരു പക്ഷെ അറിയുന്നില്ല എന്താണ് അവര്‍ ചെയ്യുന്നതെന്ന്.
വരുന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിച്ചില്ലെങ്കില്‍ കേരളം ന്യൂനപക്ഷങ്ങളുടെ സമ്പൂര്‍ണ്ണാധിപത്യ ഭരണമാകുമോ എന്ന്താങ്കള്‍ ഭയപ്പെടുന്നുണ്ടോ?
@ Paarppidam
sorry to write in English.
After the second world war, France wanted cheap labour to rebuild and hence welcomed them from Africa. It was on these poor third world labour France rebuilt itself and then, France didnt show any problem with their religious faith.
Even now, it is these people, who are now French, but still live in their so called 'cities' (their kind of slums) who do all menial jobs.
Now that, they have enough unemployed population and have trouble with economy and want to follow a US way of humanity, they want to throw out the same people who rebuilt their state. Under Le Penn there is some strong extreme right wing politics growing up in France, and these religious intolerance is only a scene in their script to throw out the unwanted.
France was famous for its egalitarian society and most French were proud about it. There are French people who now think soon they will have some revolution.
May be sir, you have noticed: look at the French football team. 99% of them have African origins.
Thanks GP for writing this. I wrote another note, കേരളത്തിലെ ഗദ്ദാമമാര്‍, on Countermedia. (Saw your post only now).
Yet, why do we subscribe to these publications? It is time we kept them away from our homes. The two highly circulated Mlm newspapers are in fact worthless trash, when compared to national newspapers like the 'The Hindu'.
Sir,
I think there is something wrong on your latest blog post about the French movie. It does not appear properly either on Chrome or IExplorer. Please recheck.
Also, if I may, may I write the following too:
You have given Les Biches as cheetha pennungal in Malayalam. I think Biche means Doe or female deer in French. Or by slang, they also use it for young lady with a different meaning, like we would say chick or charakku in malayalam.
You may recheck on this. I could be wrong as well.
best wishes.
Rajesh
Sir,
I have checked it once again. As I was afraid, Les Biches does not mean bad women or cheetha pennungal. French compares the eyes of beautiful women to that of a female deer, doe. So they call out a beautiful woman as a deer.
Les Biches is either some Deers, or even Some women. Bad doesnt come at all into this title. Sorry.
സഹതാപമല്ല നമ്മള് ഇവര്‍ക്ക് നല്‍കേണ്ടത് .നമ്മള്‍ക്ക് ചുറ്റും ജീവിക്കുന്നവര്‍ക്ക് .... ധൈര്യമാണ്, അവനവനെ മനസ്സിലാക്കാനുള്ള കഴിവാണ് . ഉള്ളിലുള്ളത് പറയാനുള്ള ഭാഷയാണ് .
http://www.mathrubhumi.com/story.php?id=167472- ഒറ്റക്കയ്യന്മാരെയും തമിഴന്മാരെയും പറ്റി ഇത്തരം വാര്‍ത്തകള്‍ വീണ്ടും വന്നുകൊണ്ടുമിരിക്കുന്നു.
Post a Comment