Tuesday, June 8, 2010

ലോകം ഗാസയായി മാറുമ്പോള്‍




ലോകസമാധാനത്തിനും മാനവികതക്കും ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തപ്പെടുന്നത് ഇസ്രാഈലില്‍ നിന്നാണെന്ന് തെളിയിക്കുന്ന നടുക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. സയണിസ്റ്റ് ഭരണകൂട ഭീകരതയാല്‍ വളയപ്പെട്ട ഗാസ ചീന്തില്‍ പതിനഞ്ചു ലക്ഷം ജനങ്ങളാണ് അധിവസിക്കുന്നത്. അതില്‍ പത്തു ലക്ഷത്തോളം പേരും ഫലസ്തീനില്‍ നിന്ന് ഓടിപ്പോന്നവരാണ്. സുന്നി മുസ്ളിങ്ങളാണ് കൂടുതലും. അവര്‍ക്കു നേരെ എല്ലായ്പോഴും ബോംബുകള്‍ വര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു. അവര്‍ക്ക് വേണ്ടത്ര ഭക്ഷണമോ ശുദ്ധജലമോ ഔഷധങ്ങളോ ചികിത്സയോ വിദ്യാഭ്യാസമോ തൊഴിലോ വരുമാനമോ ലഭിക്കുന്നില്ല. ആധുനിക ലോകത്തിനു മുമ്പില്‍ ഏറ്റവും വലിയ ചോദ്യചിഹ്നമായി നിലക്കൊള്ളുന്ന ഒരു തുറന്ന ജയിലാണ് ഗാസ ചീന്ത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പരോക്ഷവും പ്രത്യക്ഷവുമായ സഹായത്തോടെ, ഫലസ്തീനിനെ സമ്മര്‍ദ്ദത്തിലും വരുതിയിലും യുദ്ധഭീഷണിയിലും കീഴ്പ്പെടുത്തി വെച്ചിരിക്കുന്ന ഇസ്രാഈലിന്റെ നടപടികള്‍ക്കെതിരെ ഫലപ്രദമായി ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് ഐക്യരാഷ്ട്ര സഭ പോലും. ഗാസയിലെ ജനങ്ങള്‍ക്ക് ഔഷധങ്ങളും ഭക്ഷണവും മറ്റ് അത്യാവശ്യ സഹായവസ്തുക്കളുമായി പോകുകയായിരുന്ന കപ്പല്‍ വ്യൂഹത്തെ(ഫ്ളോട്ടില) അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തികള്‍ക്കകത്തു വെച്ച് ഇസ്രാഈല്‍ നിഷ്ഠൂരമായി ആക്രമിക്കുകയും സമാധാന നോബല്‍ സമ്മാന ജേതാവ് മൈറീഡ് മഗ്യൂറെയടക്കമുള്ള സമാധാനപ്രവര്‍ത്തകരെ പരിക്കേല്‍പിക്കുകയും പത്തിലധികം പേരെ കൊന്നൊടുക്കുകയും ചെയ്തിരിക്കുന്നു. ആറു കപ്പലുകളിലായി 37 രാജ്യങ്ങളില്‍ നിന്നുള്ള 663 സമാധാന പ്രവര്‍ത്തകരാണ് പതിനായിരം ടണ്‍ സഹായവസ്തുക്കളുമായി ഗാസയിലേക്ക് പോയിക്കൊണ്ടിരുന്നത്. അഷ്ദോദ് തുറമുഖത്തെത്തി ഇസ്രാഈലിന്റെ കര്‍ശന പരിശോധനകള്‍ക്കു ശേഷം മാത്രമേ മുന്നോട്ടു പോകാവൂ എന്ന സയണിസ്റ്റ് ആജ്ഞ ലംഘിച്ചതിനെ തുടര്‍ന്നാണ് ചരിത്രത്തില്‍ തന്നെ കേട്ടു കേള്‍വിയില്ലാത്ത വിധത്തിലുള്ള അക്രമപ്രവൃത്തിയിലേക്ക് ഇസ്രാഈല്‍ സൈന്യം നീങ്ങിയത്.

ലോകരാജ്യങ്ങളില്‍ ഭൂരിഭാഗവും ഈ നിഷ്ഠൂരതയെ അപലപിച്ചും പ്രതിഷേധിച്ചും രംഗത്തു വന്നപ്പോള്‍ അമേരിക്കന്‍ ഐക്യ നാടുകള്‍ രണ്ടു ദിവസത്തോളം മൌനം പാലിച്ചുകൊണ്ട് ഇസ്രാഈലിനെ പിന്തുണക്കുകയാണ് ചെയ്തത്. ബാരക്ക് ഹുസൈന്‍ ഒബാമ എന്ന ആഫ്രോ ഏഷ്യന്‍ വംശജനും അര്‍ദ്ധ മുസ്ളിമുമായ പ്രസിഡണ്ട് അവരോധിതനായതോടെ അമേരിക്കയുടെ സാമ്രാജ്യത്വ-അക്രമ മനോഭാവത്തില്‍ മാറ്റം വന്നേക്കുമെന്ന് കരുതിയിരുന്നവരെ ഇരുത്തി ചിന്തിപ്പിക്കുന്ന കാര്യമായി ഈ മൌനം അഥവാ സമ്മതം മാറുമോയെന്ന് കാത്തിരുന്നു കാണാം. ഒബാമ മുസ്ളിങ്ങളോട് സംസാരിക്കുന്നു എന്ന പേരില്‍ കയ്റോ മുതല്‍ തൃശ്ശൂര്‍ വരെ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നുകളില്‍ വിളമ്പിയ കോഴിക്കാലുകള്‍ കടിച്ചു വലിച്ചവര്‍ ഉപേക്ഷിച്ച എല്ലിന്‍ കഷണങ്ങളെങ്കിലും ഗാസയിലെ കുട്ടികള്‍ക്ക് എത്തിക്കാന്‍ ഒബാമ നോക്കികള്‍ തയ്യാറാകുമോ എന്നാണ് മനുഷ്യസ്നേഹികള്‍ക്ക് ചോദിക്കാനുള്ളത്. ഇന്ത്യന്‍ മനോഭാവവും നിരാശാജനകമായിരുന്നു. സമയബദ്ധവും നിഷ്പക്ഷവും ആധികാരികവും സുതാര്യവുമായ ഒരന്വേഷണം അതും അന്താരാഷ്ട്ര നിലവാരത്തിലുള്ളത് നടത്തി കുറ്റക്കാരെ ഉചിതമായ വിധത്തില്‍ ശിക്ഷിക്കണമെന്നാണ് ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൌണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യു എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ ഈ മനുഷ്യവിരുദ്ധ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചിട്ടുണ്ട്.


2006ലെ തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം ഹമാസാണ് ഗാസയിലെ ഭരണം നടത്തി വരുന്നത്. ഹമാസിനോട് പ്രഖ്യാപിത യുദ്ധത്തിലാണ് തങ്ങള്‍ എന്നാണ് ഇസ്രാഈല്‍ പറയുന്നത്. അവരുടെ സഖ്യ ശക്തിയായ ഈജിപ്ത് ഗാസയുമായുള്ള അതിര്‍ത്തിയില്‍ ഉരുക്കു കൊണ്ടുള്ള കൂറ്റന്‍ മതില്‍ കെട്ടി വരുകയാണ്. ഇപ്പോഴുണ്ടായ ആക്രമണത്തെ ഈജിപ്തും നാസ സഖ്യത്തിലെ ഏക മുസ്ളിം രാജ്യമായ തുര്‍ക്കിയും ശക്തമായ ഭാഷയിലാണ് അപലപിച്ചിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. ഇറ്റലിയും നിക്കരാഗ്വയും അയര്‍ലണ്ടും ഉള്‍പ്പെടെ വലുതും ചെറുതുമായ ലോകരാജ്യങ്ങള്‍ ഇസ്രാഈലിനെ അപലപിക്കാന്‍ മുന്നിട്ടിറങ്ങി എന്നത് നിസ്സാര കാര്യമല്ല. പതിനെട്ടു മാസങ്ങള്‍ക്കു മുമ്പ്, ഗാസയിലെ ജനങ്ങള്‍ക്കു മേല്‍ ഇസ്രാഈല്‍ നടത്തിയ കുടിലമായ ആക്രമണത്തില്‍ 1400 പേരാണ് മരിച്ചുവീണത്(ഓപ്പറേഷന്‍ കാസ്റ്റ് ലീഡ്). അന്ന് ആഗോള തലത്തില്‍ തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും ഫലസ്തീനിനോട് ഐക്യദാര്‍ഢ്യം വിപുലപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രചാരണങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. എന്നാല്‍, ലോകരാജ്യങ്ങളിലെ ഭരണാധികാരികളും സര്‍ക്കാരുകളും ഔദ്യോഗിക കാര്യങ്ങളുമായി ഫലത്തില്‍ നിശ്ശബ്ദത പുലര്‍ത്തിപ്പോരുകയായിരുന്നു ഇത്ര നാളും. അതിലൊരു മാറ്റം, മെഡിറ്ററേനിയനിലെ ആക്രമണത്തെ തുടര്‍ന്നുണ്ടായിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ സംഗതി. ഇസ്രാഈല്‍ വര്‍ഷിച്ച വെള്ള ഫോസ്ഫറസ് ഫലസ്തീനിലെ കുഞ്ഞുങ്ങളുടെ തൊലികള്‍ പൊള്ളിച്ചുകൊണ്ടേ ഇരുന്നപ്പോള്‍, യൂറോപ്യന്‍ യൂണിയനിലെ പല ഭരണാധികാരികളും ജെറുസലേം സന്ദര്‍ശിച്ച് ഇസ്രാഈലിന്റെ ഔദ്യോഗിക വിരുന്നുണ്ണുകയായിരുന്നു. ഇപ്പോള്‍, യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കു നേരെ വരെ വെടിയുതിര്‍ക്കാന്‍ സയണിസ്റ് വേട്ടപ്പട്ടി(അതോ പേപ്പട്ടിയോ?) സന്നദ്ധമായിരിക്കുന്നു. ഇനിയും, സ്വരക്ഷക്കായുള്ള വെടിയും വേട്ടയും ഭ്രാന്തുമായി, ഇസ്രാഈല്‍ അധിനിവേശങ്ങളെ ന്യായീകരിക്കാന്‍ യൂറോപ്പിനും ലോകരാജ്യങ്ങള്‍ക്കും സാധ്യമാവുമോ? കാസ്റ്റ് ലീഡിനു ശേഷം ഇത്രയും നാള്‍ ഒരൊറ്റ രാജ്യവും ചികിത്സാ സഹായങ്ങള്‍ ഗാസയിലെത്തിച്ചിരുന്നില്ല എന്നോര്‍ക്കുക.

ലോക മാനവരാശി ഇപ്പോഴെന്താണ് ചെയ്യേണ്ടത് എന്നതിന് മെയ് 31 ആക്രമണത്തിനിടയില്‍, മാവി മാര്‍മര എന്ന തുര്‍ക്കി കപ്പലില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട പ്രസിദ്ധ സ്വീഡിഷ് എഴുത്തുകാരനായ ഹെന്നിംഗ് മാങ്കെല്‍ പറഞ്ഞതു തന്നെയാണ് ഉത്തരം. ദക്ഷിണാഫ്രിക്കയിലെ വര്‍ണ വെറിയന്‍ ഭരണകൂടത്തിനെതിരെ നാം പ്രയോഗിച്ച അതേ തന്ത്രങ്ങള്‍ ഇസ്രാഈലിനെതിരെയും നടത്തണം. ഉപരോധങ്ങളല്ലാതെ മറ്റൊരു പോംവഴിയുമില്ല. ഫ്രീഡം ഫ്ളോട്ടില അത്തരം മാനുഷികൈക്യത്തിന്റെ ഉത്തമ നിദര്‍ശനമായിരുന്നു. നമ്മുടെ കാലത്ത് ജീവിച്ചിരിക്കുന്ന നിസ്സഹായരായ മനുഷ്യരെ ക്രൂരതക്കും ഒറ്റപ്പെടുത്തലിനും സര്‍ക്കാരുകളുടെ സ്വാര്‍ത്ഥതകള്‍ക്കും വിധേയമാക്കി ഇല്ലാതാക്കുന്ന മനോഭാവത്തോടുള്ള അഹിംസയിലധിഷ്ഠിതമായ ഉജ്വലമായ ചെറുത്തുനില്‍പായിരുന്നു ആ കപ്പല്‍ വ്യൂഹം. വെറുതെയല്ല, ഇസ്രാഈലിനെ അത് വല്ലാതെ പ്രകോപിപ്പിച്ചത്. ഗാസയിലെ നിസ്സഹായരായ പതിനഞ്ചു ലക്ഷം ജനങ്ങളെ തുറന്ന ജയിലിലിട്ട് വംശഹത്യയിലേക്ക് നയിച്ചിരുന്ന ഇസ്രാഈല്‍, ഇപ്പോള്‍ വിവിധ ഭൂഖണ്ഡങ്ങളിലെ മുപ്പതിലധികം രാജ്യങ്ങളിലെ നൂറു കണക്കിന് മനുഷ്യാവകാശപ്രവര്‍ത്തകരെയാണ് ആക്രമിച്ചിരിക്കുന്നത്. അതായത്, സയണിസ്റ് ഭരണകൂട ഭീകരര്‍ ലോകത്തെ തന്നെയാണ് ആക്രമിച്ചിരിക്കുന്നത്. അതുകൊണ്ടാണ്, അലി അബുനിമാഹിനെപ്പോലുള്ള നിരീക്ഷകര്‍, ഈ ദിവസം ലോകം ഗാസയായി മാറി എന്നു വ്യാഖ്യാനിച്ചത്.

ഇസ്രാഈലിനും അവരെ സംരക്ഷിക്കുകയും പോറ്റി വളര്‍ത്തുകയും ചെയ്യുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിനുമെതിരായ വിപുലമായ ജനകീയ ഐക്യമുന്നണി ലോകവ്യാപകമായി കെട്ടിപ്പടുക്കുക എന്നതാണ് അടിയന്തിരമായി നിര്‍വഹിക്കേണ്ട കര്‍ത്തവ്യം. ദിവസേന ഏഴു ദശലക്ഷം ഡോളര്‍ വിലക്കുള്ള ആയുധക്കൂമ്പാരങ്ങളാണ് അമേരിക്ക ഇസ്രാഈലിന് കൊടുത്തുകൊണ്ടിരിക്കുന്നത്. 118 അംഗരാഷ്ട്രങ്ങളുള്ള ചേരി ചേരാ പ്രസ്ഥാനം, 56 അംഗങ്ങളുള്ള ഇസ്ളാമിക് കോണ്‍ഫറന്‍സ് സംഘടന, 22 രാജ്യങ്ങളുള്ള അറബ് ലീഗ്, എന്നീ രാഷ്ട്ര മുന്നണികളെ നോക്കുകുത്തികളാക്കിക്കൊണ്ട് അമേരിക്കയും ഇസ്രാഈലും ലോകത്തെ തങ്ങളുടെ തോക്കിന്‍ മുനയില്‍ പേടിപ്പിച്ചു നിര്‍ത്തിയിരിക്കുന്നു എന്നതാണ് വാസ്തവം.

ജൂണ്‍ ഒന്നാം തീയതി ഉഗാണ്ടയിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി റിവ്യൂ സമ്മേളന വേദിയില്‍ ഒത്തു ചേര്‍ന്ന മുപ്പതോളം എന്‍ ജി ഒ കള്‍ സംയുക്തമായി അന്താരാഷ്ട്ര സമൂഹത്തിനു മുമ്പില്‍ വെച്ചിരിക്കുന്ന അടിയന്തിരാവശ്യങ്ങള്‍ നടപ്പിലാക്കാന്‍ സമരങ്ങളും സമ്മര്‍ദ്ദങ്ങളും ഐക്യദാര്‍ഢ്യങ്ങളും ഇടവേളകളില്ലാതെ നടത്തുക എന്നതു മാത്രമാണ് നമുക്കു മുമ്പിലുമുള്ള പോംവഴി. അവരുടെ സംയുക്ത പ്രസ്താവനയിലെ പ്രധാന നിര്‍ദേശങ്ങളിവയാണ്: നിയമവിരുദ്ധമായി അടച്ചിട്ട ഗാസ ചീന്ത് തുറന്നിടുകയും ലോകവുമായുള്ള ബന്ധം പുനസ്ഥാപിക്കുകയും ചെയ്യുക; അധിനിവേശ ഫലസ്തീന്‍ പ്രവിശ്യകളിലെ പരിതസ്ഥിതികളെക്കുറിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടര്‍ വിശദമായ പരിശോധന നടത്തുക; ഇസ്രാഈല്‍ നടത്തുന്ന രാജ്യത്തിനകത്തും പുറത്തുമുള്ള തുടര്‍ച്ചയായ ക്രിമിനല്‍ നിയമലംഘനങ്ങള്‍ എന്തുകൊണ്ട് ശിക്ഷിക്കപ്പെടാതെ പോകുന്നു എന്ന പ്രശ്നം ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൌണ്‍സിലിനു മുമ്പാകെ സെക്രട്ടറി ജനറല്‍ തന്നെ വിശദീകരിക്കുകയും ആഗോള നിയമങ്ങള്‍ പരിപാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യുക; ഇതു പ്രകാരം യു എന്‍ സുരക്ഷാ കൌണ്‍സില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക്(ഐ സി സി) കേസ് റഫര്‍ ചെയ്യുക; ഇതിനെ തുടര്‍ന്ന് ഐ സി സിയിലെ അംഗരാഷ്ട്രങ്ങള്‍ നയതന്ത്രപരവും നിയമനിര്‍വഹണപരവുമായ നീക്കങ്ങളിലൂടെ അധിനിവേശ ഫലസ്തീന്‍ പ്രവിശ്യകളില്‍ നിയമവും നീതിയും മനുഷ്യാവകാശങ്ങളും നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുക; മനുഷ്യാവകാശങ്ങള്‍ക്കായുള്ള യു എന്‍ ഹൈക്കമ്മീഷണര്‍ ഗാസ ചീന്തില്‍ അടിയന്തിര സന്ദര്‍ശനം നടത്തുക; അന്താരാഷ്ട്ര നീതി നിര്‍വഹണ/അന്വേഷണ സംവിധാനങ്ങളോട് ഇസ്രാഈല്‍ പരിപൂര്‍ണമായി സഹകരിക്കേണ്ടതാണ്.


ഈ ആവശ്യങ്ങള്‍ അസാധ്യവും പരുക്കനുമായി തോന്നിപ്പിക്കാമെങ്കിലും അവക്കു വേണ്ടി പൊരുതിയില്ലെങ്കില്‍ ഫലസ്തീനിലെ കുട്ടികളും സ്ത്രീകളും രോഗികളും വൃദ്ധരുമടക്കമുള്ള മുഴുവന്‍ ജനങ്ങളുടെയും കുരുതിയുടെ മുകളില്‍ കെട്ടിപ്പടുക്കപ്പെട്ട ഒന്നായിരിക്കും ലോകത്തിന്റെ വര്‍ത്തമാനവും ഭാവിയും എന്നതുറപ്പാണ്.


*

4 comments:

Anees Hassan said...

ഇനിയുമെത്ര റേച്ചല്‍കോറിമാര്‍

Mohamed Salahudheen said...

ഒബാമ മുസ്ളിങ്ങളോട് സംസാരിക്കുന്നു എന്ന പേരില്‍ കയ്റോ മുതല്‍ തൃശ്ശൂര്‍ വരെ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നുകളില്‍ വിളമ്പിയ കോഴിക്കാലുകള്‍ കടിച്ചു വലിച്ചവര്‍ ഉപേക്ഷിച്ച എല്ലിന്‍ കഷണങ്ങളെങ്കിലും ഗാസയിലെ കുട്ടികള്‍ക്ക് എത്തിക്കാന്‍ ഒബാമ നോക്കികള്‍ തയ്യാറാകുമോ എന്നാണ് മനുഷ്യസ്നേഹികള്‍ക്ക് ചോദിക്കാനുള്ളത്.
ഇരകളോടൊപ്പം തന്നെ,

Joker said...

ഒബാമയിലൂടെ സാമ്രാജ്യത്ത നിലപാടുകളില്‍ മാറ്റം സ്വപ്നം കണ്ടവരാണ് അബദ്ധം കാണിച്ചത്. സാമ്രാജ്യത്ത എന്ന കാട്ടാളത്തം അമേരിക്കന്‍ പ്രസിഡന്റുമാരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണെന്ന്ന്‍ തെറ്റിദ്ദരിച്ചവര്‍ക്കാണ് ഇച്ചാ ഭംഗം സംഭവിച്ചത്. അമേരിക്ക്കന്‍ കോര്‍പറേറ്റുകളും, ജൂത ലോബിയും , ആയുദ്ധ കച്ചവടക്കാരും ചേര്‍ന്ന് ഭരിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്തത്തിന് വിട്റ്റുപണി ചെയ്യുക എന്ന നിസ്സാര കര്‍ത്തവ്യം മാത്രമാണ് ഒബാമമാര്‍ക്കും, മന്‍ മോഹന്‍ മാര്‍ക്കും മറ്റുമുള്ളത്. അത് അവര്‍ ഭംഗിയായി ചെയ്യുന്നു എന്ന് മാത്ര. ഗാസയിലോ , ഭോഒപാലിലോ കുറച്ച് പട്ടിണീ പാവങ്ങള്‍ ചത്തു തുലഞ്ഞാല്‍ സ്റ്റോഒക്ക് എക്സ്ചേഎഞ്ചുകളിലോ , ലോക സാമ്പത്തിക രംഗത്ത് ചലനമൊന്നും ഇല്ലാത്തതിനാല്‍. ഒരു ഒബാമയും ഇടപെടുകയില്ല എന്നത് സത്യം. പശ്ചിമേഷ്യയെ അടക്കി ഭരിക്കാന്‍ ഇസ്രായേല്‍ എന്ന ക്വട്ടേഷന്‍ രാജ്യത്തെ നിലനിര്‍ത്തുന്നത് ഒബാമയേയോ അതേപോലെ ഇനി വരാനിരിക്കുന്ന കറുത്തതതോ വെളുത്തതോ ആയ ഒബാമമാരുടെ ജോലിയായിരിക്കും.

കുരുത്തം കെട്ടവന്‍ said...

വെറുതെ ഒബാമയെ എന്തിനു പഴി പറയണം! അദ്ദേഹം മാറ്റം എന്നേ പറഞ്ഞുള്ളൂ. അത്‌ അമേരിക്കയുടെ അജണ്ടയിലുള്ള മാറ്റമാകുമെന്ന് തെറ്റിദ്ദരിച്ചതിനു അങ്ങേരെന്തു പിഴച്ചു. പ്രസിഡണ്റ്റ്‌ പദവിക്കുണ്ടാകുന്ന കേവല മാറ്റം അതാണു CHANGE!