Monday, August 30, 2010

മാധ്യമ നിര്‍മിത വിജയങ്ങള്‍

ടെലിവിഷനില്‍ വാര്‍ത്ത വന്നു നിറയുന്ന പുതിയ കാലത്ത് പത്രങ്ങള്‍ക്കെന്താണ് പ്രസക്തി എന്ന് പലരും തല പുകക്കുന്നുണ്ട്. ഇക്കണക്കിന് പോയാല്‍ ഇനിയൊരു പത്തു വര്‍ഷത്തിനപ്പുറം ഇന്ന് കാണുന്നതു പോലുള്ള പത്രലോകം ഉണ്ടായില്ലെന്നു വന്നേക്കുമെന്നും ഗവേഷണം ചെയ്ത് തെളിയിക്കുന്നവരുമുണ്ട്. സെക്കന്റിന് സെക്കന്റിന് വാര്‍ത്തകള്‍ ദൃശ്യങ്ങളായും സ്ക്രോളുകളായും നിറഞ്ഞ് മറയുന്ന ജാലവിദ്യയാണല്ലോ ടെലിവിഷനിലുള്ളത്. ഇതിനപ്പുറം പത്രങ്ങളില്‍ എന്തെഴുതിപ്പിടിപ്പിക്കാന്‍ എന്നാവും പാവം പത്രക്കാര്‍ ആലോചിക്കുന്നത്. എന്നാലും, എഴുതി ചരിത്രമാക്കുന്നത് പത്രങ്ങളിലാണെന്നും അതിന് ഒരു ദിവസം എന്ന മഹത്തായ ആയുസ്സുണ്ടെന്നും ടി വിക്കാണെങ്കില്‍ സെക്കന്റുകളില്‍ മരിക്കാനാണ് ഗതി എന്നും പത്ര-വരേണ്യ ചിന്താഗതിക്കാര്‍ തിരിച്ചടിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, ന്യൂസ് ചാനലുകളില്‍ താഴെ ഇഴയുകയും മിന്നിമറയുകയും ചെയ്യുന്ന അക്ഷരങ്ങള്‍ കണ്ണിലൂടെ കാണിയുടെ ബോധമണ്ഡലത്തില്‍ സ്ഥിരപ്രതിഷ്ഠ നേടുന്നത് എങ്ങിനെ സമൂഹത്തെ തെറ്റിദ്ധാരണയുടെ മൂടുപടം കൊണ്ട് മൂടി കുഴപ്പത്തിലാക്കാമെന്ന് ചാനല്‍ കുട്ടപ്പന്മാര്‍ ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞു. ഒരുദാഹരണം നോക്കുക. ബംഗളൂരുവില്‍ ഏപ്രില്‍ 17ന് ഐ പി എല്‍ വേദിയായ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ ഇരട്ട സ്ഫോടനത്തില്‍ അബ്ദുനാസിര്‍ മഅ്ദനിക്കുള്ള പങ്ക് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി കര്‍ണാടക ആഭ്യന്തര മന്ത്രി വി എസ് ആചാര്യ എന്ന വാര്‍ത്ത ഇടതടവില്ലാതെ ഒരു ദിവസം മുഴുവനും ടെലിവിഷന്‍ ന്യൂസ് ചാനലുകളില്‍ ഫ്ളാഷ് ന്യൂസായും ബ്രേക്കിംഗ് ന്യൂസായും പ്രവഹിച്ചുകൊണ്ടേ ഇരുന്നു. അന്നു തന്നെ തന്റെ അഭിഭാഷകന്‍ വഴി മഅ്ദനി ഇത് നിഷേധിച്ചിരുന്നുവെങ്കിലും അതിന് പ്രാമുഖ്യം കൊടുത്തിരുന്നുമില്ല. തുടര്‍ന്ന് രണ്ടോ മൂന്നോ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇതാ കിടക്കുന്നു മറ്റൊരു സ്ക്രോള്‍. ബംഗളൂരു ചിന്ന സ്വാമി സ്റ്റേഡിയത്തിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ പി ഡി പി നേതാവ് അബ്ദുനാസിര്‍ മഅ്ദനിയുടെ പങ്ക് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് സിറ്റി പോലീസ് കമീഷണര്‍ ശങ്കര്‍ ബിദ്രി പറഞ്ഞു. ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായതിനാല്‍ ഈ സ്ക്രോള്‍ ടിവിയില്‍ എത്ര നേരം തങ്ങി നില്‍ക്കുന്നുവെന്ന് സമയമെടുത്ത് ശ്രദ്ധിക്കാന്‍ ഞാന്‍ ശ്രമിച്ചു. അത്ഭുതത്തോടെയെന്ന് പറയട്ടെ (നാടകീയമായി പറയുന്നതാണ് - എന്തത്ഭുതം - എല്ലാം എഴുതി വെച്ച തിരക്കഥ പോലെ), ഏതാനും നേരം മാത്രം കാണിച്ച ആ സ്ക്രോള്‍ പിന്നീട് പൊടിപോലുമില്ല കണ്ടു പിടിക്കാന്‍ എന്ന നിലയില്‍ അപ്രത്യക്ഷമായി.


ഈ കുറിപ്പ് പക്ഷെ മഅ്ദനി പ്രശ്നത്തെക്കുറിച്ചല്ല. വാര്‍ത്തകള്‍ നിറയുകയും സംഭ്രമിപ്പിക്കുകയും തലച്ചോറുകളെ ഇളക്കിമറിക്കുകയും ചെയ്യുമ്പോള്‍ ഒരു സമൂഹത്തിന് എന്തു സംഭവിക്കും എന്ന ചില ആലോചനകള്‍ മാത്രമാണിവിടെ പങ്കു വെക്കുന്നത്. കോങ്ങാട് നാരായണന്‍ കുട്ടി,
കെ വി സുധീഷ്, ജയകൃഷ്ണന്‍ എന്നിവരുടെ നിഷ്ഠൂരമായ കൊലകളേക്കാളും കേരളം കണ്ട കടുത്ത പാതകമായിരുന്നു 2010 ജൂലൈ നാലിന് പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈ വെട്ടി മാറ്റിയത് എന്നാണ് എന്റെ സുഹൃത്തും നോവലിസ്റ്റും സാമൂഹ്യ നിരീക്ഷകനുമായ കെ പി രാമനുണ്ണി പറയുന്നത്

(മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 ആഗസ്ത് 29-സപ്തംബര്‍ 4). ഈ നാലു കേസുകളിലുമായി പാലിച്ചിരിക്കുന്ന 'അളവുതൂക്ക' മികവിനെക്കുറിച്ച് ഒന്നും പ്രതികരിക്കുന്നില്ല. അതല്ല പ്രശ്നം. ടെലിവിഷന്‍ കാലത്തിനും മുമ്പു നടന്ന മൂന്നു കൊലകളേക്കാളും നിഷ്ഠൂരമായ ഒരു കര്‍ത്തവ്യമായി ആ അറ്റു പോയതും തുന്നിപ്പിടിപ്പിച്ചതുമായ കൈപ്പത്തി ഇപ്പോള്‍ കേരള സമൂഹത്തെ ഭിന്നിപ്പിക്കുകയും പേടിസ്വപ്നങ്ങളില്‍ വേട്ടയാടുകയുമാണ് എന്നത് വാസ്തവം തന്നെയാണ്. എന്നാല്‍, വാര്‍ത്തകളില്‍ നാം ഈ പ്രശ്നത്തോട് സമചിത്തതയോടെയാണോ പെരുമാറിയത് എന്ന് ഇരുന്നു ചിന്തിക്കേണ്ട ബാധ്യത കേരള സമൂഹത്തിനുണ്ടെന്നാണ് എന്റെ പക്ഷം.

അഭൂതപൂര്‍വ്വമായ വിധത്തില്‍ ഈ വാര്‍ത്തയും അതിനെ തുടര്‍ന്നുള്ള രക്തദാനം, പ്രതികളെ പിടിക്കല്‍, ചോദ്യം ചെയ്യല്‍, മൊഴികള്‍(?), കണ്ടെത്തലുകള്‍, ലീഡുകള്‍, ഗൂഢാലോചനകള്‍ എന്നിങ്ങനെ അറിവിന്റെയും വാര്‍ത്തകളുടെയും അച്ചടി-ചാനല്‍-സൈബര്‍ സ്ഥലങ്ങള്‍ മുഴുവന്‍ നിറയുന്ന അക്ഷരങ്ങളും ദൃശ്യങ്ങളും ചേര്‍ന്ന് കേരളീയരെ എപ്രകാരമുള്ള ചിന്താഗതികള്‍ക്ക് കീഴ്പ്പെടുത്തുകയാണ് എന്ന് നാം ആലോചിച്ചു നോക്കുക. ഒരു അന്വേഷണ ഏജന്‍സിയും വ്യക്തമായ തെളിവുകളോടെ നിരത്തുന്ന അഭിപ്രായങ്ങളല്ല, എന്റെ ഊഹങ്ങള്‍ മാത്രമാണ് പങ്കു വെക്കുന്നത് എന്ന് മുന്‍കൂര്‍ ജാമ്യമെടുക്കുകയുമാണ്. തെരുവുകളിലും കള്‍വെര്‍ട്ടുകളിലും ചായപ്പീടികകളിലും വിദ്യാലയങ്ങളിലും ആപ്പീസുകളിലും ബസ്സുകളിലും തീവണ്ടികളിലും നടക്കുന്ന മനുഷ്യനും മനുഷ്യനും തമ്മിലുള്ള വര്‍ത്തമാനങ്ങളും ചര്‍ച്ചകളും പരിശോധിക്കുക. വിരമിച്ച ഒരിടതുപക്ഷ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകന്‍ എന്നോട് സ്വകാര്യമായി ചോദിക്കുകയാണ്: അപ്പോള്‍ മഅ്ദനി ഒരു കൊടും ഭീകരന്‍ തന്നെയാണല്ലേ!


കേരള ചരിത്രത്തിലടുത്ത കാലത്തൊന്നും കാണാത്ത വിധത്തില്‍ തീവ്ര ഹിന്ദുത്വ നിലപാടുകള്‍ക്കും മൃദുഹിന്ദുത്വ നിലപാടുകള്‍ക്കും വന്‍ ജനസമ്മതി ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു എന്നാണിതില്‍ നിന്നും മനസ്സിലാക്കുന്നത്. ഹിന്ദുത്വ ഭീകരതക്കെതിരെ കൂടുതല്‍ ജാഗ്രത വേണം എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ പ്രമുഖ ചരിത്രകാരനായ എം ജി എസ് നാരായണന്‍ പറയുന്നതു കേട്ടു: ഏതെങ്കിലും മതത്തെ ഭീകരതയുടെ വിശേഷണപദമായി ഉപയോഗിക്കുന്നത് ശരിയല്ല. മുസ്ളിം ഭീകരത എന്ന പദം ഒറ്റ പദമായി മാറിക്കഴിയുമ്പോഴൊന്നും തോന്നാത്ത ബോധോദയം ഇപ്പോഴുണ്ടായത് നന്നായി. എന്നാല്‍, മുസ്ളിം ഭീകരത തന്നെയാണ് അഥവാ അതു മാത്രമാണ്, ലോകത്തെ മുഴുവനുമെന്നതു പോലെ ഇന്ത്യയിലും കേരളത്തിലുമുള്ള ഇപ്പോഴത്തെ മുഖ്യപ്രശ്നം എന്ന സാമ്രാജ്യത്വത്തിന്റെയും ദേശീയ ഫാസിസ്റുകളുടെയും പ്രചാരണം കൈവെട്ട് കേസോടു കൂടി മുമ്പ് കാണാത്ത വിധത്തിലും വലിയ തോതിലും ജനസമ്മതി ആര്‍ജ്ജിച്ചുകഴിഞ്ഞു. മാത്രമല്ല, സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന മൃദുഹിന്ദുത്വ വാദികള്‍ ഇതിനു മുമ്പ് ആശയം മൃദുഹിന്ദുത്വത്തിനും വോട്ട് മതനിരപേക്ഷ കക്ഷികള്‍ക്കും എന്ന നിലപാടാണെടുത്തതെങ്കില്‍, ഇതോടു കൂടി ഒരു വോട്ട് തീവ്ര ഹിന്ദുത്വ വാദികള്‍ക്കുമാവാം എന്ന നില തന്നെ എത്തിയോ എന്ന് കാണണമെങ്കില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പു വരെ കാക്കുകയേ നിവൃത്തിയുള്ളൂ.

അതിലും ഭയാനകമായ ഒരു വസ്തുത, കൈവെട്ട് നടത്തിയതായി ആരോപിക്കപ്പെട്ടിരിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് അഥവാ എന്‍ ഡി എഫിന് ഇതുമൂലമുണ്ടായിട്ടുള്ള മൈലേജാണ്. ഇത്തരത്തിലുള്ള സംഘടനകളൊക്കെ തന്നെയും ഒരു കലാപമോ ഭീതിജനകമായ സംഗതികളോ ഉണ്ടായിക്കഴിഞ്ഞാല്‍ അതില്‍ നിന്ന് മുതലെടുത്തുകൊണ്ടാണ് വളര്‍ച്ച പ്രാപിക്കുന്നത്. ഇപ്പോഴും അതു തന്നെയാണ് സംഭവിക്കുന്നത്. കേസന്വേഷണവാര്‍ത്തകളിലൂടെ അപരവത്ക്കരിക്കപ്പെടുന്ന മുസ്ളിം സമുദായത്തിന്റെ സഹതാപതരംഗത്തില്‍ ഒളിപ്പുരയൊരുക്കാനുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ശ്രമങ്ങള്‍ ഒരു പരിധി വരെയെങ്കിലും വിജയിക്കുന്നുവെന്നു വേണം കരുതാന്‍.

ടെലിവിഷനിലായാലും പത്രത്തിലായാലും വാര്‍ത്തകളുടെ അവതരണം, തുടര്‍ച്ച, സത്യസന്ധത, ആത്മാര്‍ത്ഥത, സമഗ്രത, ചരിത്രബോധം, നൈതികത, ആര്‍ജ്ജവം എന്നിവ പാലിച്ചില്ലെങ്കില്‍, സമൂഹത്തെ പലതായി പിളര്‍ക്കാനും ദുഷിച്ച ശക്തികള്‍ക്ക് കീഴ്പ്പെടുത്താനുമാണ് പലപ്പോഴും ഇടയാകുക എന്ന് ഇതുപോലെ തെളിയുന്ന മറ്റു സംഭവങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ എന്നാശിക്കുക മാത്രമേ നിര്‍വാഹമുള്ളൂ.

17 comments:

Joker said...

ഇന്ത്യാ വിഷം ചാനലില്‍ നടന്ന ഹ്ന്ദു ഭീകരതയെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയി. ഹിന്ദു ഭീകരത എന്ന് പറയല്ലേ ചങ്ങാതീ, ഭീകരതയെ ഒരു മതത്തോടൂം ചേര്‍ത്ത് കെട്ടല്ലേ എന്നൊക്കെ പറഞ്ഞ് , എം.ജി.എസ് നാരായണന്‍ അവര്‍കളും, ശ്രീധരന്‍ പിള്ള എന്ന ‘മനുഷ്യാവകാശ പ്രവര്‍ത്തകനും’ ഒരൊറ്റ പൊട്ടിക്കരച്ചിലായിരുന്നു. കഴിഞ്ഞ അഞ്ചോ ആറോ കൊല്ലമായി ചാനലുകള്‍ തോറും മുസ്ലിം ഭീകരവാദം എന്ന് പറഞ്ഞ് വിഷം വമിപ്പിച്ച് നടന്ന മനുഷ്യാവകാശ പ്രവര്‍ത്തകനാണ് ഹിന്ദു തീവ്രവാദം എന്ന് പറയല്ലേ എന്നും പറഞ്ഞ് ഇപ്പോള്‍ വലിയ വായില്‍ കരയുന്നത്.

എം.ജി എസ്. ന്റെ വാദം അതിനേക്കാള്‍ രസകരം.ജിഹാദ് വരിച്ചാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന് ഒരു ഹിന്ദു പുരാണത്തിലും പറയുന്നില്ല എന്നും ഹിന്ദു ഭീകരവാദത്തിന് പ്രത്യേകിച്ച് തെളിവില്ല എന്നുമാണ് ടിയാന്‍ വെച്ച് കാച്ചിയത്. മാസപ്പടിക്കുള്ള നന്ദി ഇങ്ങനെയൊകെക്യല്ലാതെ പിന്നെങ്ങെനെ തെളിയിക്കും. ഒരു മന്‍ഷ്യാവകാശ പ്രവര്‍ത്തകനും ഒരു ചരിത്രകാരനും എഴുന്നള്ളീച്ച് നടക്കാന്‍ ഒരു ‘വിഷം’ ചാനലും.

shafeeque salman said...

"Manufacturing Consent"- athu thanneyaanu nammude madhyamangal nadathi kondirikkunnathu. keralathinte madhyavarga arashtreeyathaye valamittu valarthi valuthaakki kondirikkuka thanneyaanu ivar. madyalahariyilaanda keralathe patiyorthu vilapikkumbol nam marakkunnath nammal aandu pokunna matoru lahariyeyaanu - 'madhyama' lahari.

പുലരി said...

ഇന്ത്യാ വിഷന്‍ ചാനല്‍ അവതാരകന് തന്നെ സംശയമായിരുന്നു. കാവി ഭികരത ഉണ്ടോ എന്നതിനെ കുറിച്ച്.

കേരളപിരവിക്കു ശേഷം കേരളത്തില്‍ നടക്കുന്ന 'ആദ്യ ക്രിമിനല്‍' കുറ്റമാണ് യഥാര്‍ത്ഥത്തില്‍ കൈവെട്ടു കേസ്.
അത് കൊണ്ടാണ് ഇന്ന് മാധ്യമങ്ങളും പോലീസും കൈവെട്ടു കേസിനെ സജിവമാകി നിര്‍ത്തുന്നത്.
പുലരി.

വെള്ളി രേഖ said...

വളരെ സൂക്ഷിച്ചും പക്വതയോടോകൂടിയും മാത്രമേ ഈ സാഹചര്യത്തില്‍ മത നിരപേക്ഷ പ്രസ്ഥാനങ്ങളും വ്യക്തികളും അഭിപ്രായ പ്രകടനങ്ങള്‍ നടത്താവൂ . ജിപി യുടെ അഭിപ്രായങ്ങളോട് യോജിക്കുന്നു

G P RAMACHANDRAN said...

thank you iqbal sir

SMASH said...

ഹിന്ദു തീവ്രവാദം ഒരു നഗ്നസത്യം എന്നതില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകാന്‍ തരമില്ല. ഇസ്ലാമിക തീവ്രവാദത്തോടൊപ്പമൊ, അതിനും ഒരുപടി മുന്‍പിലോ ആണ്‌ ഹൈന്ദവ തീവ്രവാദത്തിന്റേയും തീവ്രത. പക്ഷെ ഇസ്ലാമിക തീവ്രവാദം എന്ന ആരോപണം പൊതുവേദിയില്‍ ആരെങ്കിലും ഉന്നയിക്കുമ്പോള്‍ ഒരു സാദാ മുസ്ലീമിന്‌ ഉണ്ടാകുന്ന(?) ഭയവും ഉല്‍ക്കണ്ടയും ഒരു സാദാ ഹിന്ദുവിന്‌ ഉണ്ടാകുന്നില്ല. ഹിന്ദുമതം എന്നതിന്‌ സംഘടിതമായ ഒരു hierarchical ചട്ടകൂട് എന്നത് ഇല്ല. അങ്ങനെയൊന്ന് ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും, ജാതി, വര്‍ണ്ണം എന്നതില്‍ തട്ടി അത് തകരുന്നു. ഹിന്ദു തീവ്രവാദം ഉണ്ട് എന്ന് ഔദ്യോഗികമായി എല്ലാവരും അംഗീകരിച്ചാലും ഇവിടെയുള്ള സാധാരണ ഹിന്ദു അതില്‍ ഉല്‍ക്കണ്ടപ്പെടില്ല. "അവര്‍ വേറെ" ഹിന്ദു ഇത് വേറെ ഹിന്ദു എന്ന് വിശ്വസിക്കാനുള്ള സ്കോപ്പ് ഹിന്ദുമതത്തില്‍ ഉണ്ട്. എം. ജി എസ് പറയുന്നതിനു വിരുദ്ധമായി ജിഹാദിനുള്ള ആഹ്വാനം തന്നെ ഏതെങ്കിലും ഗ്രന്ഥത്തില്‍ ഉണ്ടായാലും ശരി അത് "ഏതോ പേട്ട് സന്യാസ്സി വിവരമില്ലാതെ എഴുതിയതാണ്‌" എന്ന് പറഞ്ഞ് തള്ളാനുള്ള സ്കോപ്പും ഹിന്ദുക്കള്‍ക്ക് ഉണ്ട്.
അങ്ങനെ ആകെ മൊത്തത്തില്‍ ജാതികളും, വര്‍ണ്ണങ്ങളും, പ്രത്യയശാസ്ത്ര വൈരുദ്ധ്യങ്ങളും ആയി കലങ്ങിമറിഞ്ഞു കിടക്കുന്ന ഒന്നാണ്‌ ഈ ഹിന്ദുമതം എന്നത്. ഏതെങ്കിലും ഹിന്ദു അക്രമം കാണിച്ചാല്‍ അതിനാല്‍ തന്നെ എല്ലാ ഹിന്ദുക്കള്‍ക്കും ഉള്ളിന്റെ ഉള്ളില്‍ പോലും ഉല്‍ക്കണ്ടയുണ്ടാകേണ്ട കാര്യം ഉദിക്കുന്നില്ല.

എന്നാല്‍ ഇസ്ലാം എന്നത് ഏക ദൈവത്തില്‍, ഏക ഗ്രന്ഥത്തില്‍ യാതൊരു വൈരുധ്യത്തിനും ഇടമില്ലാത്ത ഏക പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ്‌. ഭൂരിപക്ഷം മുസ്ലീമുകളുടേയും ദൈവവും പ്രത്യയശാസ്ത്രവും, സ്വത്വവും ഒന്നുതന്നെ! ഇതിനാല്‍ തന്നെ ഇതില്‍ പെട്ട ആരെങ്കിലും ഈ പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ തെറ്റുചെയ്താല്‍, ആപ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് നിര്‍ഭാഗ്യവശാല്‍ അതിന്റെ പേരില്‍ സ്വാഭാവികമായും ഉല്‍ക്കണ്ടപെടേണ്ടിവരുന്നു.

പ്രത്യക്ഷത്തില്‍ അറേബ്യന്‍ രീതികളില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊള്ളുന്നതും, ആ രീതി പിന്‍പറ്റുന്നതുമായ ഇസ്ലാം ആണ്‌ ലോകത്തിന്റെ മുന്‍പില്‍ ഇസ്ലാമിനെ പ്രതിനിദാനം ചെയ്യുന്നത് എന്നതിനാലും, തീവ്രവാദത്തിന്റെ മൊത്തക്കച്ചവടം അവര്‍ക്കുമേല്‍ ആണ്‌ ആരോപിക്കപ്പെട്ടിരുക്കുന്നത് എന്നതിനാലും ഹിന്ദുമതത്തിലെ സ്വത്വവൈരുദ്ധ്യം പോലെയുള്ള ഇസ്ലാമിലെ സ്വത്വവൈരുദ്ധ്യങ്ങള്‍ക്ക് ഉദാഹരണങ്ങളായ സൂഫികളും, തെക്കുകിഴക്കനേഷ്യന്‍ മുസ്ലീംങ്ങളും പിന്നെ പടിഞാറന്‍ പശ്ചാതലമുള്ള ഇസ്ലാമിക സമൂഹങ്ങളും ഒരിക്കലും ലോകത്തിനു മുന്നില്‍ ഇസ്ലാം പൊതുധാരയില്‍ വേണ്ടത്ര എത്തപെടുന്നില്ല. അതിനാല്‍ തന്നെ അറബിക്ക്-രാഷ്ട്രീയ ഇസ്ലാമിനെതിരെയുള്ള ആരോപണങ്ങളില്‍ അവര്‍ സ്വാഭാവികമായി ഉള്‍പ്പെടാതെ വരുന്നു.

Anonymous said...

~~~~~~വിരമിച്ച ഒരിടതുപക്ഷ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകന്‍ എന്നോട് സ്വകാര്യമായി ചോദിക്കുകയാണ്: അപ്പോള്‍ മഅ്ദനി ഒരു കൊടും ഭീകരന്‍ തന്നെയാണല്ലേ!~~~~~

വിരമിച്ചത് നന്നായി!! ഇല്ലായിരുന്നെങ്കില്‍ സ്റ്റഡി ക്ലാസുകളില്‍ ഉറക്കം തൂങ്ങിയിരുന്ന ആ പ്രവര്‍ത്തകന്‍ ആ ഇടതു പക്ഷ ട്രേഡ് യൂണിയന് ഒരു തീരാക്കളങ്കം ആയിത്തീരുമായിരുന്നു..

Mohamed Salahudheen said...

ആരോപണമുയരുന്നതോടെ, തെളിവെടുപ്പും കോടതിയുടെ ചുമതലയും ഏറ്റെടുത്ത് വിധിപ്രസ്താവും നടത്തുന്ന മാധ്യമങ്ങള്ക്കിടയില് എല്ലാവരെയും കേള്ക്കാനും അറിയാനും ചോദ്യങ്ങളുയര്ത്താനുംതക്ക നിര്ഭയത്വമുള്ള മാധ്യമങ്ങളാണ് നിലനില്ക്കേണ്ടത്. അവയെ വെള്ളവും വളവും നല്കി നാം വളര്ത്തുകയാണു വേണ്ടത്. വിവാദങ്ങളില് വിധിയെഴുത്ത് ഏറ്റവുമൊടുവിലാണു നല്ലത്. അച്ചടിമാധ്യമങ്ങള്ക്കേ സമൂഹത്തില് തിരുത്തല് ശക്തിയായി നിലകൊള്ളാനാവൂ. സ്വയംതിരുത്തുന്നതില് അവര് ഒരുദിവസം പിറകിലാണെങ്കിലും. (സംപ്രേഷണംചെയ്ത വാര്ത്ത അരനിമിഷംകൊണ്ട് മാറ്റിപ്പറയാന് ദൃശ്യമാധ്യമങ്ങള്, ദിനപ്പത്രങ്ങള്ക്ക് ഒരുദിനംകാത്തിരിക്കണം, തിരുത്താന്.:)

Unknown said...

ഒരു ഓഫ്‌ടോപ്പിക്ക് എഴുതുന്നതില്‍ ക്ഷമിക്കുക. ഇവിടെ വെള്ളിരേഖ എന്നൊരു ബ്ലോഗര്‍ കമന്റെഴുതി. നല്ല വാക്കുകള്‍. തൊട്ട് താഴെ ജി.പി.യുടെ കമന്റ്, താങ്ക് യു ഇക്ബാല്‍ സര്‍ എന്ന്. അപ്പോഴാണ് കമന്ററുടെ ഫോട്ടോ നോക്കിയത്. ഇക്ബാല്‍ സര്‍ തന്നെ. അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ പോയി നോക്കി. എബൌട്ട് മി-യില്‍ ഡോ.ഇക്ബാല്‍ എന്ന് പരിചയപ്പെടുത്തുന്നുണ്ട്. ബ്ലോഗിന്റെ പേരാണ് വെള്ളിരേഖ. പ്രൊഫൈലില്‍ വെള്ളിരേഖ എന്നത് മാറ്റി ഡോ.ബി.ഇക്ബാല്‍ എന്ന് തിരുത്തുക സര്‍. വായനക്കാര്‍ക്ക് എന്തിനാ വെറുതെ കണ്‍ഫ്യുഷന്‍ ഉണ്ടാക്കുന്നത്.

M.A Bakar said...

മാധ്യമ ഡെസ്‌ക്കുകളില്‍ പണിയെടുക്കുന്നവര്‍ സെക്സ്‌ തൊഴിലാളികളെ പോലെ പെരുമാറിയാല്‍ ലൈംഗിക രോഗങ്ങളും അനാവശ്യ ഉത്തേജനങ്ങളും പൊതുസമൂഹത്തിന്റെ ബുദ്ധിയെയും ബോധത്തെയും ബാധിക്കും.

കുരുത്തം കെട്ടവന്‍ said...

നിയമത്തിണ്റ്റെ ദുരുപയോഗം ആവോളം അനുഭവിച്ച മഅദനി എന്ന മനുഷ്യനെ വ്യാജ കേസില്‍ അറസ്റ്റ്‌ ചെയ്യാന്‍ വൈകുന്നതിലായിരുന്നു നമ്മുടെ പല 'മതേതരര്‍ക്കും' ഉല്‍ക്കണ്ഡ! അതവര്‍ പലപ്പോഴും പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ എതെങ്കിലും ഒരു 'മതേതരന്‍'(?) അല്ലെങ്കില്‍ ചാനല്‍ വാര്‍ത്താ അവതാരകന്‍ പ്രോസിക്യൂഷണ്റ്റെ പ്രകടമായ വൈരുദ്ദ്യങ്ങളെ കുറിച്ച്‌ ഒന്ന് ചോദിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തില്ല. പകരം അവര്‍ക്ക്‌ താല്‍പര്യം മഅദനി ഖുര്‍ആനില്‍ തൊട്ട്‌ സത്യം ചെയ്തത്‌ ശരിയോ തെറ്റോ എന്ന് ചര്‍ച്ചിക്കാനായിരുന്നു. (ഈ കപട മതേതരര്‍ മന:പൂര്‍വം മറച്ചുവെക്കുന്ന ഒരു സത്യമുണ്ട്‌, കോടതിയില്‍ ചെന്നാലും ഇതേ ഖുറ്‍ആനില്‍ തൊട്ട്‌ വേണം മഅദനി തണ്റ്റെ സത്യം ബോധിപ്പിക്കാന്‍) അപ്പോള്‍ അത്‌ ജനങ്ങളുടെ കോടതിയില്‍ (കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളോട്‌ കടപ്പാട്‌) ചെയ്താല്‍ എന്തോ ഭീകര കുറ്റം!! കേരളീയര്‍ വര്‍ഗീയമായി എത്രത്തോളം അധ:പതിച്ചു എന്നുള്ളത്‌ ലൌജിഹാദ്‌ ഫെയ്ക്ക്‌ സ്റ്റോറിയിലും മഅദനി വിഷയത്തിലും വ്യക്തമാക്കിതന്നു.

paarppidam said...

തീര്‍ച്ചയായും വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ (ബ്രേക്കിങ്ങ് ന്യൂസുകളില്‍ പ്രത്യേകിച്ച്) സംയമനവും പക്വതയും പാലിക്കേണ്ടതുണ്ട്. ചാനല്‍ മത്സരങ്ങള്‍ക്ക് അതിര്‍ത്തികള്‍ അനിവാര്യമാണ്. ഡോ.സെബാസ്റ്റ്യന്‍ പോള്‍ ഇതേ പറ്റി ഗൌരവമാര്‍ന്ന നിരീക്ഷണങ്ങള്‍ തന്റെ ലേഖനങ്ങളിലും, മാധ്യമ വിചാരത്തിലും പലപ്പോഴും പറയുന്നുണ്ട്. ഫ്ലാഷ് ന്യൂസുകള്‍ പലതും അബദ്ധങ്ങളാകുന്നു.

മദനി വിഷയത്തിലും മാധ്യമങ്ങള്‍ പലപ്പോഴും അനാവശ്യ ആവേശം കാണിച്ചു.ഒരാളുടെ തികച്ചും സ്വകാര്യമായ പ്രാര്‍ഥനാ ചടങ്ങുകള്‍ വികാരപരമായ കമന്ററിയോടെ ലൈവായി പ്രക്ഷേപണം ചെയ്യുന്നത് എന്തിനു വേണ്ടിയാണെന്ന് മനസ്സിലാകുന്നില്ല. കര്‍ണ്ണാടക ആഭ്യന്തര മന്ത്രിയുടെ പ്രസ്ഥാവനയും പോലീസ് അധികാരികളുടെ വെളിപ്പെടുത്തലുകളും പലപ്പോഴും വൈരുദ്ധ്യങ്ങള്‍ കാണാം. തീവ്രവാദവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വരുന്ന പ്രസ്ഥാവനകളും വാര്‍ത്തകളും വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതാണ്.

വിചാരണയുടെ ഭാഗമായി ഒരിക്കല്‍ ഒമ്പതര വര്‍ഷം ജയില്‍ വാസമനുഭവിച്ച് ഒടുവില്‍ കുറ്റവിമുക്തനായി പുറത്തുവന്ന മദനിയ്കെതിരായി ഇപ്പോള്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ തെളിയിക്കപ്പെടാതിരിക്കുകയും വിചാരണ നീണ്ടുപോകുകയും ചെയ്താല്‍ അത് വലിയ ഒരു ആപത്തിലേക്ക് സമൂഹത്തെ കൊണ്ടെത്തിക്കും എന്ന് ഞാന്‍ ഭയപ്പെടുന്നു. (അങ്ങേരെ പിടിച്ച സ്ഥിതിക്ക് ഇനി ശിക്ഷിച്ചേ വിടാവൂ എന്ന് ഈ വരികള്‍ ആരും ദുര്‍വ്യാഖ്യാനം ചെയ്യല്ലേ പ്ലീസ്)


മദനി-പിണറായി വാര്‍ത്തകള്‍ക്കു വേണ്ടി മണിക്കൂറുകള്‍ ചിലവിടുന്നതല്ല വാര്‍ത്തകള്‍/ മാധ്യമ പ്രവര്‍ത്തനം എന്ന് എന്നാണ് ഇവിടത്തെ മാധ്യമങ്ങള്‍ തിരിച്ചറിയുക?

paarppidam said...

ചാനല്‍ ചര്‍ച്ചകള്‍ പലപ്പോഴും കോടതി വിചാരണയുടെ തലത്തിലേക്ക് പോകുന്നു. ഊഹങ്ങളുടേയും രാഷ്ടീയ നിലപാടിന്റേയും അടിസ്ഥാനത്തില്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ചര്‍ച്ചയില്‍ പെങ്കെടുക്കുന്നവര്‍ക്ക് തങ്ങള്‍ക്ക് പറയുവാന്‍ ഉള്ളത് പറയുവാന്‍ സമയം നല്‍കാതെ അവതാരകന്റെ അഭിപ്രായങ്ങള്‍/ആശയങ്ങള്‍ ചര്‍ച്ചക്ക് വന്നവരുടെ വായില്‍ തിരുകുന്ന കസര്‍ത്തും കാണാം. പല ചര്‍ച്ചകളും സമയക്കുറവിന്റെ പേരില്‍ പാതിയില്‍ നിര്‍ത്തുന്നു. സമയ്ക്കുറവുള്ളവര്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വെക്കാതിരിക്കുക.

aadhil said...

ജി.പി സാറിന്റെ ലേഖനങ്ങള്‍ പലതും ഉദ്ദേശത്തില്‍ നിന്നും വഴുതിപോകുന്നു എന്നാണ് എനിക്ക് തോന്നുന്നത്. സംഘപരിവാര്‍ ഫാസിസത്തിനെ തുറന്നു കാണിക്കുമ്പോള്‍ സ്വാഭാവിക പ്രതികരണവും പ്രതിഷേധവും ഉയരും. അതുകരുതി എഴുതാതിരിക്കരുത്. അതോടൊപ്പം ചെറിയ തോതിലാണെങ്കിലും മുസ്ലീമിന്റെ പേരു പറഞ്ഞു നടത്തുന്ന അക്രമങ്ങളേയും താങ്കള്‍ കണ്ടില്ലെന്ന് നടിക്കാതിരിക്കുക.

കൈവെട്ടു സംഭവം മലയാളികളില്‍ ഭീതിയും സൃഷ്ടിച്ചു. അതോടൊപ്പം തെറ്റിദ്ധാരണയും പടര്‍ത്തുവാന്‍ മാധ്യമങ്ങളിലെ നിരന്തരമായ വാര്‍ത്തകള്‍ ഒരു കാരണമായി.

ആ സംഭവത്തെ മതത്തിന്റെ പേരില്‍ ചേര്‍ത്തുകെട്ടുവാന്‍ ശ്രമിച്ചത് സംഘപരിവാര്‍-മാധ്യമ വിഭാഗങ്ങള്‍ ആയിരുന്നു. അത് തിരിച്ചറിഞ്ഞുകൊണ്ട് ചെയ്തവരെ ഒറ്റപ്പെടുത്തുവാന്‍ മുന്നോട്ടു വരുന്നതിനു പകരം
പലരും അതിനെ അനുകൂലിച്ചും മറ്റു പല ക്രൂരസംഭവങ്ങളെ ഇവിടെ നിരത്തി വാദിക്കുകയും ആണ് ചെയ്തത്. ഇതോടെ അത് ചെയ്തവരുടെ ഉദ്ദേശ്യം ഇവിടെ വിജയിക്കുകയാണ്.
ഒരിക്കലും ഒരു വിശ്വാസിക്കും ആ പ്രസ്ഥാനത്തെ അനുകൂലിക്കുവാന്‍ ആകില്ല. നാളെ അവര്‍ ഇതിലും ഹീന കൃത്യം ചെയ്താല്‍ അതും ന്യായീകരിക്കേണ്ടിവരും. സമൂഹത്തില്‍ ഇത് മതത്തെ പറ്റി തെറ്റായ സന്ദേശം നല്‍കും. ഭീകരവാദത്തെ ഒരു വിഭാഗത്തിന്റെ തലയില്‍ കെട്ടിവെക്കുവാന്‍ കാരണമാകുന്നു എന്നത് ഒരു സത്യമാണ്. മതത്തിന്റെ പേരു വഹിക്കുന്ന ചുരുക്കം ചിലര്‍ നടത്തുന്ന അക്രമങ്ങളും അതിനെ പല രീതിയില്‍ ന്യായീകരിക്കുവാന്‍ ശ്രമിക്കുന്നതും ഇതിനു കാരണമാകുന്നു എന്നതും ആവേശത്തോടെ കമന്റിടുന്ന സഹോദരന്മാര്‍ ശ്രദ്ധിക്കുക.

മുസ്ലീം സമൂഹം താങ്കളുടെ വീക്ഷണത്തിലൂടെ ഉള്ള സഹതാപം അല്ല ആഗ്രഹിക്കുന്നത് മറിച്ച് മറ്റുള്ളവര്‍ക്കൊപ്പം ഒരേ നീതിയും സാമൂഹികമായ ഒറ്റപ്പെടുത്തലുകളില്‍ നിന്നും ഉള്ള മുക്തിയും ആണ് ആഗ്രഹിക്കുന്നതെന്ന് ജി.പിസാറിനെ പോലുള്ളവര്‍ ലേഖനം എഴുതുമ്പോള്‍ ശ്രദ്ദിക്കുക എന്ന് അപേക്ഷയുണ്ട്.

ശരിയാണ് കോടതിയില്‍ മത ഗ്രന്ഥം തൊട്ട് സത്യം ചെയ്യുന്നു. അപ്പോള്‍ ഒരു വിശ്വാസി പരസ്യമായി അത് തൊട്ട് സത്യം ചെയ്താല്‍ എന്താണ് കുഴപ്പം?

നിസ്സഹായന്‍ said...

മാധ്യമങ്ങള്‍ക്ക് ജനങ്ങളില്‍ ശക്തമായ അവബോധം നിര്‍മിക്കാന്‍ കഴിയുന്ന ഇന്നത്തെ കാലഘട്ടത്തില്‍ അവര്‍ നീതിയും സത്യസന്ധതയും പാലിക്കുന്നില്ലെങ്കില്‍ അത് ആര്‍ക്കുവേണ്ടിയാണെന്നു കൂടി ചിന്തിക്കുവാന്‍ നാം ബാധ്യസ്ഥരാണ്. ആഗോള മുസ്ലീംഭീകരവാദത്തെക്കുറിച്ചും ഇന്ത്യയില്‍ മുസ്ലീംഭീകരവാദത്തെക്കുറിച്ചും ഇടതടവില്ലാതെ എഴുതുന്നവര്‍ എന്തുകൊണ്ട് ഹിന്ദുത്വഭീകരതയെക്കുറിച്ച് അര്‍ഹിക്കുന്ന രീതിയില്‍ പ്രതികരിക്കുന്നില്ല? അത് സാമ്രാജ്യത്തിനും സയണിസത്തിനും വിടുപണിചെയ്യാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഹിന്ദുത്വശക്തികളുടെ താല്പര്യങ്ങള്‍ക്കനുസരിച്ചല്ലേ ? അതിനു മാധ്യമങ്ങള്‍ തയ്യാറാകുമ്പോള്‍ അതിനുള്ള പ്രതിഫലവും അവര്‍ കൈപ്പറ്റുന്നുണ്ടെന്നു കരുതണം! പ്രചരണങ്ങളുടെ വസ്തുതകളില്‍ ചിലത് ഇവിടെ എഴുതിയിട്ടുണ്ട്.

അവര്‍ണന്‍ said...

ജി പി യുടെ അഭിപ്രായങ്ങള്‍ വളരെ നന്നായിരിക്കുന്നു. എന്റെ ഇക്കാര്യത്തിലുള്ള വീക്ഷണം കേരളത്തിലെ ജാതി വ്യവസ്ഥ ഇത്തരം സംഗര്‍ഷങ്ങള്‍ക്ക് എങ്ങിനെ കാരണമാവുന്നു എന്ന് കൂടെ കണക്കിലെടുത്താണ്.

http://otherkerala.blogspot.com/2010/09/blog-post.htm

വാക്കേറുകള്‍ said...

അട്യോളി ആയിട്ടുണ്ട് എന്തു തച്ച് (കൂലി) കിട്ടും?