Tuesday, October 5, 2010

യാഥാര്‍ത്ഥ്യത്തെ തിരഞ്ഞുപോകുമ്പോള്‍






ഇറ്റാലിയന്‍ മാസ്റ്ററായ മൈക്കലാഞ്ചലോ അന്തോണിയോണി അന്യവത്ക്കരണം അടിസ്ഥാന ആശയമാക്കിയെടുത്ത ചലച്ചിത്രത്രയത്തിലെ രണ്ടാമത്തെ ചിത്രമാണ് ല നോട്ടെ(1961-രാത്രി). ല അവെന്തുറ(1960-സാഹസിക പ്രവൃത്തി), ല എക്ളിസെ(1962-ഗ്രഹണം) എന്നിവയാണ് യഥാക്രമം ആദ്യത്തെയും അവസാനത്തെയും ചിത്രങ്ങള്‍. പതിനൊന്നാമത് ബെര്‍ലിന്‍ മേളയില്‍ ഗോള്‍ഡന്‍ ബെയര്‍ നേടിയ ല നോട്ടെയെ, വിഖ്യാത സംവിധായകനായ സ്റ്റാന്‍ലി കുബ്രിക്ക് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പത്തു ലോക സിനിമകളിലൊന്നായി കരുതുന്നു. 1960കളില്‍ സംഭവിച്ചതായി കണക്കാക്കപ്പെടുന്ന ഇമേജിന്റെ ഉദാരവത്ക്കരണത്തിനു ശേഷം; ഫാഷനെന്നതു പോലെ, നഗ്നതയും അന്തോണിയോണിയെ ത്രസിപ്പിച്ചിരുന്നു. ഉടുപ്പു കൊണ്ട് പൊതിഞ്ഞാലും നഗ്നശരീരത്തിനകത്തെ ആത്മാവിന്റെ സന്ത്രാസങ്ങളെ മൂടിവെക്കാനാവുമോ എന്ന പ്രശ്നമാണ് അദ്ദേഹത്തെ കുഴക്കിയിരുന്നത് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. തുറന്നുകാണിക്കപ്പെട്ട ഇമേജിനു പിറകില്‍ യാഥാര്‍ത്ഥ്യത്തോട് കൂടുതല്‍ അടുത്ത മറ്റൊരു ഇമേജുണ്ടെന്നും അതിനും പുറകില്‍ ഇനിയുമൊരു ഇമേജുണ്ടെന്നും അതിനും പുറകില്‍.... അങ്ങിനെ അനന്തമായി യാഥാര്‍ത്ഥ്യത്തെ തുറന്നുകാണിക്കാനുള്ള (വിഫല)ശ്രമങ്ങളായി ചലച്ചിത്രസങ്കല്‍പനം, നിര്‍മിതി, അവതരണം, കാഴ്ച, ആസ്വാദനം എന്നീ പ്രക്രിയകള്‍ പരിണമിക്കുന്ന സങ്കീര്‍ണ ആധുനികതയാണ് അന്തോണിയോണിയുടെ സിനിമകളുടെ ഭാവുകത്വം.

ഫെല്ലിനിയുടെ ലാ ഡോള്‍സ് വിറ്റയിലെ പാപ്പരാസിയെ അവിസ്മരണീയനാക്കിയ മാര്‍സെല്ലോ മസ്ത്രയോണിയാണ് ല നോട്ടെയിലെ നായകനായ ജോവാന്നിയെ അവതരിപ്പിക്കുന്നത്. നായികയായ ലിഡിയയുടെ വേഷം ജീന്‍ മോറെയും മറ്റൊരു പ്രധാന വേഷത്തില്‍ മോണിക്ക വിറ്റിയും അഭിനയിക്കുന്നു. നഗരാധുനികതയുടെ ചലച്ചിത്രകാരനായ അന്തോണിയോണി തന്റെ മറ്റു സിനിമകളിലെന്നതുപോലെ; ബഹുനില കെട്ടിടങ്ങള്‍, ആശുപത്രി, വിമാനങ്ങളുടെ മുരള്‍ച്ച, ട്രാഫിക്ക് ജാം, ആംബുലന്‍സുകളുടെയും ഫയര്‍ എഞ്ചിനുകളുടെയും ഹോണുകള്‍ എന്നിങ്ങനെയുള്ള അനുഭവങ്ങളെ അഭൂതപൂര്‍വ്വമായ രീതിയില്‍ പശ്ചാത്തലവത്ക്കരിക്കുന്നു. എന്നാല്‍, മനുഷ്യബന്ധങ്ങളില്‍ എങ്ങനെയാണ് വിള്ളലുകളും പുന:സംഘാടനങ്ങളും സംഭവിക്കുന്നത് എന്നതു തന്നെയാണ് ഈ സാധാരണത്വം/വൈചിത്ര്യം എന്ന സമസ്യയിലൂടെയും അദ്ദേഹം അന്വേഷിക്കുന്നത്. നിശാക്ളബ്ബുകളും പാര്‍ടികളും എത്രമേല്‍ വിരസമാണെന്ന് ഒരു പക്ഷെ ബുനുവലിന് ശേഷം വ്യക്തമായ രീതിയില്‍ സ്ഥാപിക്കുന്നത് അന്തോണിയോണിയാണ്.

മിലാന്‍ നഗരത്തില്‍ താമസിക്കുന്ന ജോവന്നി മധ്യവയസ്സു പിന്നിട്ട ഒരു പ്രശസ്ത എഴുത്തുകാരനാണ്. അയാളും ഭാര്യ ലിഡിയയും ചേര്‍ന്ന് മരണാസന്നനായി കിടക്കുന്ന സുഹൃത്ത് തോമാസിനെ കാണാന്‍ ആശുപത്രിയിലെത്തുമ്പോള്‍ തൊട്ടടുത്ത മുറിയിലുള്ള ചിത്തരോഗം ബാധിച്ച രോഗി ജോവന്നിയെ വശീകരിക്കാന്‍ ശ്രമിക്കുന്നു. അവളുടെ ചിത്തഭ്രമത്തെ തെറ്റിദ്ധരിക്കുന്ന അയാള്‍ക്ക്, താന്‍ എത്ര വലിയ സാഹിത്യകാരനും മനുഷ്യകഥാനുഗായിയും ആണെങ്കിലും മനുഷ്യന്‍ എന്ന അടിസ്ഥാന പ്രഹേളികയെ അനാവരണം ചെയ്യാന്‍ പലപ്പോഴും സാധിക്കുന്നില്ല എന്നു തെളിയിക്കുന്നതിനു വേണ്ടിയായിരിക്കുമോ ഈ ദൃശ്യം ചേര്‍ത്തിരിക്കുന്നത് എന്നറിയില്ല. തോമാസിന്റെ നിലയില്‍ ദു:ഖിതയാകുന്ന ലിഡിയ നഗരത്തില്‍ ചുറ്റിത്തിരിഞ്ഞ് ജോവാന്നിയും അവളും ഒന്നിച്ച കാലത്ത് അവര്‍ താമസിച്ചിരുന്ന റെയില്‍പ്പാളത്തിനരികിലെ വീടവശിഷ്ടങ്ങളില്‍ വെറുതെ ചുറ്റിത്തിരിയുന്നു. അപ്പാര്‍ട്മെന്റില്‍ തിരിച്ചെത്തുന്ന അവര്‍ അയാളുടെ പുതിയ പുസ്തകത്തിന്റെ പ്രകാശനാഘോഷത്തില്‍ പങ്കെടുത്തതിനു ശേഷം ഒരു നിശാക്ളബ്ബിലെ കാബറെ കണ്ട് നേരം പോക്കുന്നു. അവിടെ നിന്ന് ധനികനും വ്യവസായിയുമായ ജെറാര്‍ദിനിയുടെ ധൂര്‍ത്തും പൊള്ളത്തരങ്ങളും നിറഞ്ഞ പാര്‍ടിയിലേക്ക് അവരെത്തുന്നു. അതിന് പോകേണ്ട എന്നു കരുതിയിരുന്നതാണവര്‍. അവിടെ വെച്ച് ജെറാര്‍ദിനിയുടെ മകള്‍ വാലന്റീനയുമായി ബന്ധം സ്ഥാപിക്കാന്‍ ജോവാന്നി ശ്രമിക്കുന്നുണ്ടെങ്കിലും അവള്‍ വഴുതിമാറിപ്പോകുന്നു. കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചുകൊണ്ട് ഈ ബന്ധം നടക്കുകയാണെങ്കില്‍ നടക്കട്ടെ എന്ന ഭാവത്തില്‍ ലിഡിയ മറ്റൊരു ആണ്‍ സുഹൃത്തുമായി സല്ലപിക്കുന്നുണ്ടെങ്കിലും അതും പരാജയപ്പെടുന്നു. എല്ലാ രാത്രിയുമെന്നതു പോലെ ആ രാത്രിയും പുലരുന്നു. വെളിച്ചം കീറുമ്പോള്‍, വിജനവും വിശാലവുമായ പാര്‍ക്കിലിരുന്ന് അയാള്‍ പണ്ടവള്‍ക്കെഴുതിയ ഒരു പ്രണയലേഖനം വായിക്കുകയാണവള്‍. അതാവട്ടെ അയാള്‍ക്കോര്‍ത്തെടുക്കാനുമാവുന്നില്ല. പ്രണയം തന്നെയാണ് എല്ലാത്തിനും ശേഷം നിലനില്‍ക്കുന്നതെന്ന് അവര്‍ പരസ്പരം തിരിച്ചറിയുമ്പോഴാണ് സിനിമ സമാപിക്കുന്നത്.


ബൂര്‍ഷ്വാസി അനുഭവിക്കുന്ന ശൂന്യതയും അന്യവത്ക്കരണവും ശരീര/മന: പീഡകളും ആണ് അന്തോണിയോണിയുടെ നഗരാഖ്യാനങ്ങളുടെ ഉള്ളടക്കം. കഥാപാത്രങ്ങളുടെ ശരീരചലനങ്ങളും സംഭാഷണങ്ങളും മാത്രമല്ല അദ്ദേഹത്തിന്റെ ആഖ്യാനത്തെ സവിശേഷമാക്കുന്നത്. കെട്ടിടങ്ങള്‍, അവക്കുള്ളിലും അവക്കിടയിലുമുള്ള ഇടനാഴികള്‍, നിഴലുകള്‍, അവയുടെ ഉയരങ്ങളും ആഴങ്ങളും ത്രിമാനങ്ങളും എന്നിങ്ങനെ മനുഷ്യനിര്‍മിതമായ ആധുനികപ്രകൃതിയുടെ സൂക്ഷ്മവും സ്ഥൂലവുമായ കാഴ്ചാപ്രതലങ്ങളിലൂടെ അര്‍ത്ഥവിന്യാസങ്ങളും പരികല്‍പനകളും രൂപീകരിച്ചെടുക്കുന്നത് വിസ്മയത്തോടെ മാത്രമേ കണ്ടിരിക്കാനാവുകയുള്ളൂ.

4 comments:

sameer kavad said...

reminds me the writings of Dostoyevsky.

paarppidam said...

പ്രിയ ജി.പി. മറ്റൊരു വിദേശ സിനിമയെ പരിചയപ്പെടുത്തിയതിനു നന്ദി. ലളീതമായി എന്നാല്‍ കഥയേയും സംവിധായകനേയും കാലഘട്ടത്തേയും പരാമര്‍ശിച്ചുകൊണ്ടുള്ള ഈ എഴുത്ത് കൈവിടാതെ സൂക്ഷിക്കുക.

അവര്‍ണന്‍ said...

പ്രിയ ബ്ലോഗ്ഗര്‍, ദയവായി 'ജലം' എന്ന വിഷയത്തെ കുറിച്ച് ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ചെയ്തു കൊണ്ട് വരുന്ന ഒക്ടോബര്‍ 15 ലെ ലോക Blog Action Day ല്‍ പങ്കെടുക്കുക.

കുണാപ്പന്‍ said...

Kindly add search option