Monday, September 28, 2015

താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 16



ജിയോണ്‍ സൂ ഇല്‍ എന്ന തെക്കന്‍ കൊറിയന്‍ സംവിധായകന്റെ റെട്രോവില്‍, കറുത്ത മണ്ണിലെ പെണ്‍കുട്ടിയോടൊപ്പം(വിത്ത്‌ ദ ഗേള്‍ ഓഫ്‌ ദ ബ്ലാക്ക്‌ സോയില്‍) എന്ന ചിത്രത്തില്‍ മുന്‍ ഖനിത്തൊഴിലാളിയായ നായകനെ സ്വന്തം മകള്‍ തന്നെ എലിവിഷം കൊടുത്ത്‌ കൊല്ലുന്ന ദാരുണമായ കഥയാണുള്ളത്‌. മന്ദബുദ്ധിയായ സഹോദരനെയും തന്നെയും സംരക്ഷിക്കാതെ മദ്യത്തിനടിമയായിത്തീരുകയാണ്‌, ന്യൂമോണിയോസിസ്‌ ബാധിച്ചതിനെ തുടര്‍ന്ന്‌ ഖനിയില്‍ ജോലി ചെയ്യാനാകാതെ പിരിയേണ്ടി വരുന്ന അഛന്‍ എന്നു തിരിച്ചറിയുമ്പോഴാണ്‌ അവള്‍ക്ക്‌ ആ കടുംകൈ ചെയ്യേണ്ടിവരുന്നത്‌.

Friday, September 25, 2015

താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 15


നിഷധിക്കപ്പെടുന്ന പ്രണയം എന്തൊക്കെ മാരകമായ വിനാശങ്ങളിലേക്കാണ്‌ ചെന്നെത്തുക എന്നതിന്റെ ആഖ്യാനമാണ്‌ കൊച്ചു ഇംഗ്ലണ്ട്‌(ലിറ്റില്‍ ഇംഗ്ലണ്ട്‌/ഗ്രീസ്‌). പന്തേലിസ്‌ വോള്‍ഗാരിസ്‌ ആണ്‌ സംവിധായകന്‍. മായികമായ ഒരു കൊച്ചു രാജ്യമായി തോന്നിപ്പിക്കുന്ന ദ്വീപിലെ ജനസംഖ്യ തീരെ കുറവാണ്‌. കപ്പലുകളും അവയുടെ കപ്പിത്താന്മാരും മറ്റു ജീവനക്കാരും അവരുടെ വീരകഥകളും ത്യാഗങ്ങളും വിരഹങ്ങളും വേദനകളും സമാഗമങ്ങളുമാണ്‌ ദ്വീപിന്റെ ജീവിതത്തെ ചടുലമാക്കുന്നതും വിരസമാക്കുന്നതും. ഇരുപതുകാരിയായ ഓര്‍സ, നേവി ലെഫ്‌റ്റനന്റായ സ്‌പീറോസുമായുള്ള പ്രണയം രഹസ്യമാക്കി വെക്കുന്നു. എന്നാല്‍, സ്‌പീറോസിന്റെ പിതാവ്‌ നടത്തുന്ന വിവാഹാഭ്യര്‍ത്ഥന അവര്‍ ദരിദ്രരാണെന്നതിനാല്‍, ഓര്‍സയുടെ അമ്മ മീന നിരസിക്കുന്നു. പ്രണയം എന്നാല്‍ കുഴപ്പങ്ങളും വേദനയുമാണെന്നതാണ്‌ മീനയുടെ സിദ്ധാന്തം. മറ്റൊരു കപ്പിത്താനെ വിവാഹം കഴിക്കുന്ന ഓര്‍സ രണ്ടോ മൂന്നോ കുട്ടികളെ പ്രസവിക്കുന്നുണ്ട്‌. സ്വപ്‌ന ജീവി പോലെ പെരുമാറുന്ന മോഷ എന്ന ഓര്‍സയുടെ അനിയത്തിയെ പക്ഷെ, ഇതിനകം പണക്കാരനായി മാറിക്കഴിഞ്ഞിരുന്ന സ്‌പീറോസ്‌ വിവാഹം കഴിക്കുന്നു. തന്റെ വീട്ടില്‍ തന്നെ അതും തന്റെ മുറിയുടെ തൊട്ടുമുകളിലത്തെ മുറിയില്‍ സ്‌പീറോസുമൊത്തുള്ള മോഷയുടെ ജീവിതം ഓര്‍സയില്‍ അസ്വസ്ഥത നിറക്കുന്നു. ഒറ്റപ്പലക കൊണ്ടുള്ള തട്ടായതിനാല്‍, അവരുടെ രതികേളികളും സംസാരങ്ങളും മുഴുവന്‍ താഴെക്ക്‌ തടസ്സമില്ലാതെ മുഴക്കത്തോടെ എത്തുന്നു. ചിലരുടെ ആസക്തികളും ആനന്ദങ്ങളും മറ്റൊരാള്‍ക്ക്‌ പ്രാണവേദനയായി സംക്രമിക്കുന്നു. പിന്നീട്‌ സ്‌പീറോസ്‌ മരണപ്പെട്ട വാര്‍ത്ത എത്തുമ്പോഴാണ്‌ എല്ലാം തകിടം മറിയുന്നത്‌. വിധവയെപ്പോലെ കറുത്ത വസ്‌ത്രം അണിഞ്ഞ്‌ കടുത്ത ദു;ഖത്തിലാവുന്ന ഓര്‍സയുടെ പെരുമാറ്റത്തില്‍ നിന്ന്‌ മോഷക്ക്‌ കഥ മുഴുവന്‍ പിടി കിട്ടുന്നു. അവര്‍ തമ്മില്‍ അകലുന്നു എന്നു മാത്രമല്ല, പരസ്‌പരം സംസാരിക്കുന്നതു പോലുമില്ല. കാറും കോളും നിറഞ്ഞ കടലിന്റെ അവസ്ഥാന്തരങ്ങളും കൂറ്റന്‍ തിരമാലകളും ദ്വീപുനിവാസികളുടെ പ്രത്യേകിച്ച്‌ ഓര്‍സയുടെയും മോഷയുടെയും ജീവിതത്തിന്റെ പ്രതീകങ്ങളായി പരിണമിക്കുന്നു.

Thursday, September 24, 2015

താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 14


ഭാര്യയോടും കുടുംബത്തോടും വിശ്വാസ്യത പുലര്‍ത്താത്ത മറ്റൊരു നായകനെ താഴെ നദിയില്‍ (ഡൗണ്‍ ദ റിവര്‍/അസര്‍ബൈജാന്‍) എന്ന ആസിഫ്‌ റുസ്‌തമോവ്‌ സംവിധാനം ചെയ്‌ത ആദ്യ ഫീച്ചറിലും കാണാം. വഞ്ചി തുഴച്ചില്‍ (റോവിംഗ്‌) പരിശീലകനായ അലിയാണിയാള്‍. തന്റെ ഏക മകന്‍ റുസ്ലാനും അയാള്‍ പരിശീലിപ്പിക്കുന്ന ടീമിലുണ്ട്‌. റുസ്ലാന്റെ പ്രകടനം ഒരു കണക്കിനും മികച്ച രീതിയിലല്ലാത്തതിനാല്‍ അവനെ കടുത്ത തോതിലാണ്‌ ബാപ്പ ശകാരിക്കുന്നത്‌. സംഘാംഗങ്ങളുടെ ഇടയില്‍ വെച്ച്‌ തന്നെ ബാപ്പ(ഡാഡ്‌) എന്നു വിളിക്കരുതെന്നു വരെ അലി അവനെ ചീത്ത പറയുന്നുണ്ട്‌. അവന്റെ ഉമ്മ ലൈലക്കാണെങ്കില്‍ അവനെ ജീവനാണു താനും. അലിയാകട്ടെ ആശ്വാസം തേടി പോകുന്നത്‌ നീന്തല്‍ പരിശീലക കൂടിയായ കാമുകി സാഷയുടെ പക്കലാണ്‌. രാജ്യാന്തര മത്സരവേദിയില്‍ വെച്ച്‌ അവസാന നിമിഷത്തില്‍ റുസ്ലാനെ മാറ്റി അലി ഇബ്രാനോവിനെ ഉള്‍പ്പെടുത്തുന്നു. അവന്റെ കൂടി പ്രകടനത്തിന്റെ വെളിച്ചത്തില്‍ അസര്‍ബൈജാന്‍ ടീം വിജയിക്കുന്നു. എന്നാലതിനിടെ റുസ്ലാന്‍ അപ്രത്യക്ഷനാകുന്നു. അവനെ തേടിയുള്ള അലച്ചിലുകളാണ്‌ പിന്നെ സിനിമ മുഴുവനും. മകന്‍ നഷ്‌ടപ്പെട്ട സ്ഥിതിക്ക്‌ സ്‌നേഹമില്ലാത്ത ഭാര്യയെ ഉപേക്ഷിച്ച്‌ തന്റെ കൂടെ അമേരിക്കക്ക്‌ പോകുവാന്‍ സാഷ അലിയെ പ്രലോഭിപ്പിക്കുന്നുണ്ടെങ്കിലും ഒന്നും ശരിയാവുന്നില്ല. അടുത്തുള്ളവരുടെയും വിവാഹബന്ധത്തില്‍ യോജിപ്പിക്കപ്പെട്ടവരുടെയും രക്തബന്ധത്തില്‍ പിറന്നവരുടെയും സ്‌നേഹവും പ്രണയവും പ്രാധാന്യവും ബോധ്യപ്പെടാതെ അക്കരപ്പച്ചകള്‍ തേടുന്നവരുടെ വിനാശത്തെയാണ്‌ ചിത്രം ഉയര്‍ത്തിപ്പിടിക്കുന്നത്‌.

Monday, September 21, 2015

താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 13


തുര്‍ക്കിയിലെ മഞ്ഞുമൂടിക്കിടക്കുന്നതും മലനിരകളാലും ഗര്‍ത്തങ്ങളാലും ചുറ്റപ്പെട്ടതുമായ എര്‍സിങ്കാന്‍ എന്ന ചെറുപട്ടണത്തിലുള്ള കൂറ്റന്‍ അറവുശാലയിലെ തൊഴിലാളിയും പട്ടണത്തിന്റെ തൊട്ടടുത്തുള്ള ഗ്രാമത്തിലെ താമസക്കാരനുമായ ഇസ്‌മയില്‍ ആണ്‌ ആട്‌(ദ ലാംബ്‌/തുര്‍ക്കി, ജര്‍മനി) എന്ന കുത്‌ലുഗ്‌ അത്തമാന്‍ സംവിധാനം ചെയ്‌ത സിനിമയിലെ നായകന്‍. ഭാര്യയും മകളും മകനുമാണ്‌ അയാളുടെ കുടുംബത്തിലുള്ളത്‌. കുടുംബം മര്യാദക്ക്‌ നോക്കി നടത്താനോ കുടുംബാംഗങ്ങള്‍ക്ക്‌ സന്തോഷം പകരാനോ സാധിക്കാത്ത പരാജിതനും നൈരാശ്യം ബാധിച്ചവനുമാണിയാള്‍. മെര്‍ത്ത്‌ എന്നാണ്‌ അയാളുടെ മകന്റെ പേര്‌. അവന്റെ സുന്നത്ത്‌ യഥാവിധി കഴിക്കുന്നുണ്ടെങ്കിലും അതിനോടനുബന്ധിച്ച്‌ ഗ്രാമവാസികള്‍ക്ക്‌ നല്‍കേണ്ട വിരുന്ന്‌ കൊടുക്കാതെ ഒഴിഞ്ഞു മാറി നടക്കുകയാണ്‌ ഇസ്‌മയില്‍. പടുവൃദ്ധനായ ആട്ടിടയന്റെ സമീപത്തു ചെന്ന്‌ അയാളും ഭാര്യ മെദീനും മകന്‍ മെര്‍ത്ത്‌ തന്നെയും അറുക്കാനായി ആടിനെ ചോദിക്കുന്നുണ്ടെങ്കിലും വിലയായി പണം നല്‍കാതെ ആടിനെ കൊടുക്കാന്‍ ആട്ടിടയന്‍ തയ്യാറാവുന്നില്ല. മെര്‍ത്തിന്റെ കുസൃതിക്കാരിയായ ചേച്ചി, ഇതിനിടയില്‍ പ്രകോപനപരമായ കാര്യങ്ങള്‍ പറഞ്ഞ്‌ അവനെ പേടിപ്പിക്കുന്നുമുണ്ട്‌. ഓമനത്തം നിറഞ്ഞ അവനെ അമ്മയടക്കം എല്ലാവരും ആട്ടിന്‍ കുട്ടി എന്നാണ്‌ വിളിക്കാറ്‌. ഇതു കാണിച്ച്‌, ആടിനെ കിട്ടിയില്ലെങ്കില്‍ നിന്നെയായിരിക്കും അറുത്ത്‌ ബിരിയാണി വെക്കുക എന്ന്‌ അവള്‍ അവനെ പേടിപ്പിക്കുന്നു. അവനാണെങ്കില്‍ അത്‌ വിശ്വസിക്കുകയും ചെയ്യുന്നു. തന്റെ ബലി ഒഴിവാക്കാന്‍ പഠിച്ച പണി പലതും അവന്‍ നോക്കുന്നുണ്ടെങ്കിലും അതൊന്നും എശുന്നില്ല. ഇസ്‌മയിലിന്റെ അമ്മായിയമ്മയുടെ സഹായം അവരുടെ മകള്‍ തന്നെ നിഷേധിക്കുന്നു. ശമ്പളം കിട്ടിയ ദിവസം കുട്ടികള്‍ക്ക്‌ പുത്തനുടുപ്പുകള്‍ വാങ്ങാനായി വഴിയില്‍ കാത്തുനിന്ന മെദീനെ കണക്കാക്കാതെ, നഗരത്തില്‍ പുതുതായി എത്തിയ ഗായികയായ വേശ്യയെ പ്രാപിക്കാനാണ്‌ ഇസ്‌മയില്‍ തുനിയുന്നത്‌. അവന്റെ സമ്പാദ്യമെല്ലാം അവളുടെ പക്കലെത്തുന്നു. അവസാനം, മെദീനും മക്കളും നടത്തുന്ന ദയനീയമായ അഭ്യര്‍ത്ഥനയെതുടര്‍ന്ന്‌ വേശ്യയുടെ സഹായത്തോടെ മികച്ച തോതില്‍ വിരുന്നൊരുക്കി മെദീന്‍ കുടുംബത്തിന്റെ അഭിമാനം കാത്തു സൂക്ഷിക്കുന്നു. വേശ്യയുടെ ജീവകാരുണ്യപ്രവര്‍ത്തനം ഉയര്‍ത്തിപ്പിടിക്കുന്നതിലൂടെ സദാചാരം ഉടയുമോ എന്നറിയില്ല. ക്രിസ്റ്റോഫ്‌ കീസ്‌ലോവ്‌സ്‌കിയുടെ ത്രീ കളേഴ്‌സ്‌ ബ്ലൂവില്‍ ഭര്‍ത്താവിന്റെയും മക്കളുടെയും ജീവനെടുത്ത കാറപകടത്തെ തുടര്‍ന്ന്‌ ജീവിതം നരകതുല്യമായ നായികക്ക്‌ ജീവശ്വാസം പകര്‍ന്നു നല്‍കുന്നതും ഒരു വ്യഭിചാരിണിയാണ്‌.

Saturday, September 19, 2015

താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 12


പാബ്ലോ സീസര്‍ സംവിധാനം ചെയ്‌ത ജലദൈവങ്ങള്‍(ദ ഗോഡ്‌സ്‌ ഓഫ്‌ വാട്ടര്‍/അര്‍ജന്റീന, അംഗോള, എത്യോപ്യ), ഇന്ത്യയെ സംബന്ധിച്ചെന്നതു പോലെ ആഫ്രിക്കയെ സംബന്ധിച്ചും പാശ്ചാത്യ ആഖ്യാനത്തിലൂടെ വീണ്ടും വീണ്ടും സ്ഥിരീകരിക്കപ്പെടുന്ന, നിഗൂഢവും വന്യവും പ്രാകൃതവുമായ വിശ്വാസ-ജീവിത പ്രയോഗ പാരമ്പര്യത്തെ പുനര്‍ നിര്‍മിക്കുന്ന ഒരു പാഴ്‌ സൃഷ്‌ടിയാണ്‌. ഹെര്‍മെസ്‌ എന്ന അര്‍ജന്റീനക്കാരനായ നരവംശശാസ്‌ത്രജ്ഞന്‍ ഡോഗോണ്‍, ചോക്‌വെ എന്നീ പ്രാകൃത അന്ധവിശ്വാസങ്ങളെ പിന്‍പറ്റി ഗവേഷണം നടത്തിവരുന്ന പ്രൊഫസറാണ്‌. ഈ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു നാടകം രൂപപ്പെടുത്തിവരുകയാണദ്ദേഹം. മിത്തുകളും ഇതിഹാസപുരാണങ്ങളും പഴംകാലത്തെ ശാസ്‌ത്ര പഠനങ്ങളും ലോകോത്‌പത്തിയെ സംബന്ധിച്ചും മനുഷ്യപരിണാമത്തെ സംബന്ധിച്ചുമുള്ള കണ്ടെത്തലുകളുടെ നിറം പിടിപ്പിച്ച ആഖ്യാനങ്ങളായി വിവരിക്കാനും വിശദീകരിക്കാനുമാണ്‌ ഹെര്‍മെസിന്റെ ഉദ്യമം. ഇന്ത്യയില്‍ അടുത്ത കാലത്തായി ഔദ്യോഗികവത്‌ക്കരിക്കപ്പെടുന്ന, പ്രാചീനമായ ഭാവനകള്‍ മാത്രമാണ്‌ പുതിയ കണ്ടുപിടുത്തങ്ങളുടെ പശ്ചാത്തലം എന്ന മാരകമായ കല്‍പനകളെ സമാന്തരമായി പിന്തുടരുന്ന ഇതിവൃത്തമെന്ന നിലക്കുകൂടിയാണ്‌ ഈ ചിത്രം പാരായണം ചെയ്യപ്പെട്ടത്‌ ഗോവയില്‍ എത്തിയ പാബ്ലോ സീസര്‍, ഇന്ത്യയിലെ പൗരാണികതയെ സംബന്ധിച്ച പൊതുബോധ വ്യാഖ്യാനങ്ങളില്‍ താന്‍ ആകൃഷ്‌ടനാണെന്ന്‌ പറയുകയുമുണ്ടായി. ബ്യൂണസ്‌ അയേഴ്‌സില്‍ ഗവേഷണത്തിനായി എത്തുന്ന മുന്‍ അടിമ കൂടിയായ ഓക്കോയുടെയും തന്റെ നാടകത്തിലെ നടിയായ ഏയ്‌ലന്റെയും എസ്‌തബാന്‍ എന്ന വൃദ്ധനും രോഗിയുമായ ഗവേഷകന്റെയും കൂടി സഹായത്തോടെ അംഗോളയിലേക്ക്‌ യാത്രയാകുന്ന ഹെര്‍മെസിനുണ്ടാകുന്ന വിചിത്രാനുഭവങ്ങളാണ്‌ സിനിമയെ മുന്നോട്ടു നയിക്കുന്നത്‌.

Friday, September 18, 2015

താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 11



റേസ മിര്‍ക്കാരിമി സംവിധാനം ചെയ്‌ത ഇന്ന്‌ (എമ്‌റോസ്‌/ഇറാന്‍), മനുഷ്യബന്ധങ്ങളെ സംബന്ധിച്ചെന്നതു പോലെ, മനുഷ്യത്വത്തെക്കുറിച്ചുമുള്ള ഒരു പരിശോധനയാണ്‌. മധ്യവയസ്സു പിന്നിട്ട ടാക്‌സി ഡ്രൈവറായ യൂനെസിന്റെ കാറില്‍ യാദൃഛികമായി കയറുന്ന നിറഗര്‍ഭിണിയും പരുക്കുകളേറ്റവളും ഏറെ നിഗൂഢതകള്‍ നിലനിര്‍ത്തുന്നവളുമായ സെദിയയുടെ പരിചരണം അയാള്‍ ഏറ്റെടുക്കുന്നത്‌ അപൂര്‍വമായ മനുഷ്യത്വപ്രകടനമായി പരിണമിക്കുന്നു. അവളെ അഡ്‌മിറ്റ്‌ ചെയ്യുന്ന ആശുപത്രിയിലെ സീനിയര്‍ നഴ്‌സ്‌ ഇത്തരം സഹതാപപ്രകടനങ്ങളിലൊന്നും യാതൊരു അര്‍ത്ഥവുമില്ലെന്ന ഗൗരവമുള്ള ജീവിത പാഠം അയാളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അയാള്‍ വിട്ടുകൊടുക്കുന്നില്ല. അമ്മയെ രക്ഷിക്കാനാവുന്നില്ലെങ്കിലും കുട്ടിയെയും മോഷ്‌ടിച്ച്‌ തന്റെ അനപത്യതാ ദു:ഖത്തെ നിയമലംഘനത്തിലൂടെ പരിഹരിക്കുന്ന അയാളുടെ നിര്‍വികാരത മുറ്റിനില്‍ക്കുന്ന മുഖപടം ഓര്‍മ്മയില്‍ നിന്ന്‌ മായുക തന്നെയില്ല.

Thursday, September 17, 2015

താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 10


മത്തിയാസ്‌ ലുക്കേസി സംവിധാനം ചെയ്‌ത പ്രകൃതിശാസ്‌ത്രങ്ങള്‍(സിയെന്‍സിയാസ്‌ നാച്ചുറാലെസ്‌/അര്‍ജന്റീന, ഫ്രാന്‍സ്‌), അജ്ഞാതനായി തുടരുന്ന പിതാവിനെ അന്വേഷിച്ച്‌ ലീല എന്ന പന്ത്രണ്ടു വയസ്സുകാരി, വിദ്യാലയ/കുടുംബ നിയമങ്ങളെ ലംഘിച്ചുകൊണ്ട്‌ നടത്തുന്ന ഒളിച്ചോട്ടവും അതിന്‌ ജിറേന എന്ന അധ്യാപിക നല്‍കുന്ന സാന്ത്വനവും പിന്തുണയുമാണ്‌ പ്രതിപാദിക്കുന്നത്‌. പിതൃത്വത്തെക്കുറിച്ചുള്ള പ്രാകൃതവും വ്യവസ്ഥാപിതവുമായ കുടുംബ/സദാചാര ചക്രത്തില്‍ നിന്ന്‌ അവള്‍ (അവളോടൊപ്പം കാണികളായ നമ്മളും) വിമോചിതയാകുകയും അധ്യാപനം/സ്‌നേഹം/പരസ്‌പരം മനസ്സിലാക്കല്‍ എന്ന ആധുനികകാലത്ത്‌ സമാധാനം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമായ മനോഭാവത്തിലേക്ക്‌ സംക്രമിക്കുകയും ചെയ്യുന്ന അപൂര്‍വമായ പരിണാമമാണ്‌ ഈ സിനിമയെ ശ്രദ്ധേയമാക്കിയത്‌. ബെര്‍ലിന്‍ മേളയില്‍ ജെനറേഷന്‍ കെ പ്ലസ്‌ വിഭാഗത്തില്‍ ഏറ്റവും നല്ല സിനിമക്കുള്ള പുരസ്‌കാരം നാച്ചുറല്‍ സയന്‍സസിനാണ്‌ ലഭിച്ചത്‌.