Friday, September 25, 2015

താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 15


നിഷധിക്കപ്പെടുന്ന പ്രണയം എന്തൊക്കെ മാരകമായ വിനാശങ്ങളിലേക്കാണ്‌ ചെന്നെത്തുക എന്നതിന്റെ ആഖ്യാനമാണ്‌ കൊച്ചു ഇംഗ്ലണ്ട്‌(ലിറ്റില്‍ ഇംഗ്ലണ്ട്‌/ഗ്രീസ്‌). പന്തേലിസ്‌ വോള്‍ഗാരിസ്‌ ആണ്‌ സംവിധായകന്‍. മായികമായ ഒരു കൊച്ചു രാജ്യമായി തോന്നിപ്പിക്കുന്ന ദ്വീപിലെ ജനസംഖ്യ തീരെ കുറവാണ്‌. കപ്പലുകളും അവയുടെ കപ്പിത്താന്മാരും മറ്റു ജീവനക്കാരും അവരുടെ വീരകഥകളും ത്യാഗങ്ങളും വിരഹങ്ങളും വേദനകളും സമാഗമങ്ങളുമാണ്‌ ദ്വീപിന്റെ ജീവിതത്തെ ചടുലമാക്കുന്നതും വിരസമാക്കുന്നതും. ഇരുപതുകാരിയായ ഓര്‍സ, നേവി ലെഫ്‌റ്റനന്റായ സ്‌പീറോസുമായുള്ള പ്രണയം രഹസ്യമാക്കി വെക്കുന്നു. എന്നാല്‍, സ്‌പീറോസിന്റെ പിതാവ്‌ നടത്തുന്ന വിവാഹാഭ്യര്‍ത്ഥന അവര്‍ ദരിദ്രരാണെന്നതിനാല്‍, ഓര്‍സയുടെ അമ്മ മീന നിരസിക്കുന്നു. പ്രണയം എന്നാല്‍ കുഴപ്പങ്ങളും വേദനയുമാണെന്നതാണ്‌ മീനയുടെ സിദ്ധാന്തം. മറ്റൊരു കപ്പിത്താനെ വിവാഹം കഴിക്കുന്ന ഓര്‍സ രണ്ടോ മൂന്നോ കുട്ടികളെ പ്രസവിക്കുന്നുണ്ട്‌. സ്വപ്‌ന ജീവി പോലെ പെരുമാറുന്ന മോഷ എന്ന ഓര്‍സയുടെ അനിയത്തിയെ പക്ഷെ, ഇതിനകം പണക്കാരനായി മാറിക്കഴിഞ്ഞിരുന്ന സ്‌പീറോസ്‌ വിവാഹം കഴിക്കുന്നു. തന്റെ വീട്ടില്‍ തന്നെ അതും തന്റെ മുറിയുടെ തൊട്ടുമുകളിലത്തെ മുറിയില്‍ സ്‌പീറോസുമൊത്തുള്ള മോഷയുടെ ജീവിതം ഓര്‍സയില്‍ അസ്വസ്ഥത നിറക്കുന്നു. ഒറ്റപ്പലക കൊണ്ടുള്ള തട്ടായതിനാല്‍, അവരുടെ രതികേളികളും സംസാരങ്ങളും മുഴുവന്‍ താഴെക്ക്‌ തടസ്സമില്ലാതെ മുഴക്കത്തോടെ എത്തുന്നു. ചിലരുടെ ആസക്തികളും ആനന്ദങ്ങളും മറ്റൊരാള്‍ക്ക്‌ പ്രാണവേദനയായി സംക്രമിക്കുന്നു. പിന്നീട്‌ സ്‌പീറോസ്‌ മരണപ്പെട്ട വാര്‍ത്ത എത്തുമ്പോഴാണ്‌ എല്ലാം തകിടം മറിയുന്നത്‌. വിധവയെപ്പോലെ കറുത്ത വസ്‌ത്രം അണിഞ്ഞ്‌ കടുത്ത ദു;ഖത്തിലാവുന്ന ഓര്‍സയുടെ പെരുമാറ്റത്തില്‍ നിന്ന്‌ മോഷക്ക്‌ കഥ മുഴുവന്‍ പിടി കിട്ടുന്നു. അവര്‍ തമ്മില്‍ അകലുന്നു എന്നു മാത്രമല്ല, പരസ്‌പരം സംസാരിക്കുന്നതു പോലുമില്ല. കാറും കോളും നിറഞ്ഞ കടലിന്റെ അവസ്ഥാന്തരങ്ങളും കൂറ്റന്‍ തിരമാലകളും ദ്വീപുനിവാസികളുടെ പ്രത്യേകിച്ച്‌ ഓര്‍സയുടെയും മോഷയുടെയും ജീവിതത്തിന്റെ പ്രതീകങ്ങളായി പരിണമിക്കുന്നു.

No comments: