ലോകം ഒന്നാണ്, മനുഷ്യര്‍ ഒന്നാണ്, സ്നേഹമാണഖിലസാരമൂഴിയില്‍ എന്നിങ്ങനെ ഭൂമിയെയും സര്‍വചരാചരങ്ങളെയും സ്നേഹത്തോടെ പരിഗണിക്കാനും, ലോകാസമസ്താ സുഖിനോ ഭവന്തു എന്ന് ആദര്ശപ്രാര്ത്ഥന നടത്താനും എളുപ്പമാണ്. കാര്യത്തോടടുക്കുമ്പോള്‍; അതിര്‍ത്തികള്‍, സൈന്യം, നിയമങ്ങള്‍, അഭയാര്‍ത്ഥികള്‍, പ്രവാസം, ദേശരാഷ്ട്രം, ദേശസ്നേഹം, രാജ്യദ്രോഹം, ശിക്ഷകള്‍, തടവുകള്‍ എന്നിങ്ങനെ മനുഷ്യരെ വിഭജിക്കാനും ഇല്ലാതാക്കാനുമായി അധികാരികള്‍ പരക്കം പായുന്നതും വലകള്‍ വിപുലപ്പെടുത്തുന്നതും കാണാം. സമകാലിക ലോകത്ത് ആധുനിക മനുഷ്യ ജീവിതം നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രതിസന്ധി ഇതു തന്നെയാണെന്ന് എല്ലാവര്‍ക്കുമറിയാം. ഏതു പിഴവിനെയാണ് നാം തിരുത്തേണ്ടത്; ഏത് ആദര്‍ശത്തെയാണ് നം സാധൂകരിക്കേണ്ടത് എന്ന് വ്യക്തമാകാതെ, സുരക്ഷക്കായെന്ന വിധത്തില്‍ കെട്ടിപ്പടുക്കുന്ന അതിര്‍ത്തികള്‍ തടവറകളാകുകയും അതില്‍ കുടുങ്ങിപ്പോവുകയും രക്ഷപ്പെടാനുള്ള പരിശ്രമങ്ങളെ കൊടും കുറ്റകൃത്യമായി വ്യാഖ്യാനിക്കപ്പെട്ട് യഥാര്‍ത്ഥ തടവറകളിലോ മരണത്തിലോ അവസാനിക്കുകയും ചെയ്യേണ്ടതാണോ മനുഷ്യജന്മം? സാമ്രാജ്യത്വവും ദേശാന്തര കോര്‍പ്പറേറ്റുകളും ചേര്‍ന്ന്, ആഗോള സാമ്പത്തിക അധികാരവാഴ്ചയും യുദ്ധങ്ങളും തദ്ദേശീയ ഫാസിസങ്ങളും പ്രബലപ്പെടുത്തുകയും ചെയ്യുന്നതോടെ കോടിക്കണക്കിന് മനുഷ്യര്‍ ജീവിതം മുന്നോട്ടു കൊണ്ടു പോകാനാകാതെ തളരുകയോ തകരുകയോ ചെയ്യുകയുമാണ്. ലോക സിനിമ അതിന്റെ മനുഷ്യപക്ഷപാതിത്വം വീണ്ടെടുത്തു കൊണ്ട് സങ്കീര്‍ണമായ ഈ പ്രതിസന്ധിയെ പ്രശ്നവത്ക്കരിക്കുന്നു എന്നത് ആശ്വാസകരമായ മാറ്റം തന്നെയാണ്. നാല്പത്തിയഞ്ചാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള അതിന്റെ സ്ഥിരം വേദിയായ ഗോവയിലെ പനാജിയില്‍ സമാപിച്ചപ്പോള്‍, ഈ പശ്ചാത്തലമുള്ള ഏതാനും സിനിമകളാണ് പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചുകൊണ്ട് ഓര്‍മ്മയില്‍ തങ്ങി നിന്നത് എന്ന കാര്യം പ്രസ്താവ്യമാണ്.
#immigration
1 comment:
''ഏതു പിഴവിനെയാണ് നാം തിരുത്തേണ്ടത്; ഏത് ആദര്‍ശത്തെയാണ് നം സാധൂകരിക്കേണ്ടത് എന്ന് വ്യക്തമാകാതെ, സുരക്ഷക്കായെന്ന വിധത്തില്‍ കെട്ടിപ്പടുക്കുന്ന അതിര്‍ത്തികള്‍ തടവറകളാകുകയും അതില്‍ കുടുങ്ങിപ്പോവുകയും രക്ഷപ്പെടാനുള്ള പരിശ്രമങ്ങളെ കൊടും കുറ്റകൃത്യമായി വ്യാഖ്യാനിക്കപ്പെട്ട് യഥാര്‍ത്ഥ തടവറകളിലോ മരണത്തിലോ അവസാനിക്കുകയും ചെയ്യേണ്ടതാണോ മനുഷ്യജന്മം?''
അടിയന്തിരമായി ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ
ഉള്ളുലയ്ക്കുന്ന കാഴ്ചകൾ..
Post a Comment