Tuesday, September 15, 2015

താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 8



മൈക്കിള്‍ ജാക്‌സന്റെ സ്‌മാരകം(മോണുമെന്റ്‌ ടു മൈക്കിള്‍ ജാക്‌സണ്‍/സെര്‍ബിയ, ജര്‍മനി, മസെഡോണിയ, ക്രൊയേഷ്യ), കാര്യമായ ജീവിതചലനങ്ങളില്ലാതെ മുരടിച്ചു നില്‍ക്കുന്ന സെര്‍ബിയയിലെ ഒരു കൊച്ചു പട്ടണത്തിന്റെ കഥയാണ്‌. ദാര്‍ക്കോ ലുംഗുലോവ്‌ ആണ്‌ സംവിധായകന്‍. യുഗോസ്ലാവിയയിലെ കമ്യൂണിസ്റ്റ്‌ ഭരണം അവസാനിച്ചതിനെ തുടര്‍ന്ന്‌, ഈ പട്ടണത്തിലെ മുഖ്യ സ്‌ക്വയറിലുണ്ടായിരുന്ന, അധ്വാനത്തെ പ്രതീകവത്‌ക്കരിക്കുന്ന ഒരു സ്‌മാരകശില്‍പം എടുത്തു മാറ്റുന്നു. പുതിയ ശില്‍പങ്ങളൊന്നുമില്ലാതെ ഒഴിഞ്ഞു നില്‍ക്കുന്ന തട്ടിന്മേല്‍, അപ്പോള്‍ ലോക പര്യടനം ആരംഭിക്കാനിരിക്കുന്ന മൈക്കിള്‍ ജാക്‌സന്റെ ഒരു പ്രതിമ സ്ഥാപിക്കുന്നത്‌ നന്നായിരിക്കും എന്ന്‌ അവിടെ ക്ഷുരകാലയം നടത്തുന്ന മാര്‍ക്കോ, നഗരജനസഭയില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നു. വിഡ്‌ഢിത്തം എന്നു പറഞ്ഞ്‌ നഗരാധ്യക്ഷന്‍ അത്‌ അപ്പോള്‍ തന്നെ തള്ളിക്കളയുന്നു. പുന:സ്ഥാപിക്കപ്പെട്ടതായി കരുതപ്പെടുന്ന ജനാധിപത്യത്തിന്റെ പുതിയ കാലത്ത്‌, വിനോദ സഞ്ചാരവും അതു വഴി വാണിജ്യ-സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യമിട്ടാണ്‌ താന്‍ ഈ അഭിപ്രായം മുന്നോട്ടു വെക്കുന്നതെന്ന്‌ മാര്‍ക്കോ തുടരുന്നുണ്ടെങ്കിലും അയാളെ തുടര്‍ന്ന്‌ സംസാരിക്കാന്‍ പോലും അനുവദിക്കുന്നില്ല. സത്യത്തില്‍, പിരിഞ്ഞു താമസിക്കുന്ന പബ്‌ നടത്തിപ്പുകാരിയായ തന്റെ ഭാര്യ ലുബിങ്കയുമായുള്ള ദാമ്പത്യജീവിതം വീണ്ടും ആരംഭിക്കാന്‍ വേണ്ടി മാര്‍ക്കോ ആവിഷ്‌ക്കരിച്ച ഒരു പകല്‍സ്വപ്‌നം മാത്രമായിരുന്നു അത്‌. മറ്റു ചിലരുടെ പിന്തുണ ലഭിക്കുന്നതോടെ ഈ ആശയം പ്രാവര്‍ത്തികമാകുന്നുണ്ടെങ്കിലും, പരിശുദ്ധ സെര്‍ബിയ എന്ന അമിത ദേശീയവാദികളായ ഭ്രാന്തന്മാരുടെ ആക്രമണത്തെ തുടര്‍ന്ന്‌ എല്ലാം തകിടം മറിയുന്നു.

No comments: