
മനുഷ്യന്‍ കണ്ടു പിടിച്ച ഏറ്റവും വലിയ വിഡ്‌ഢിത്തമാണ്
ജനാധിപത്യമെന്ന് മുസോളിനി വിശ്വസിച്ചിരുന്നു. അങ്ങനെയൊരു നിര്‍വ്വചനത്തോടെയാണ്
ഫാസിസത്തെക്കുറിച്ചുള്ള ചര്‍ച്ച അദ്ദേഹം തുടങ്ങിയത്. അധികാരങ്ങളെല്ലാം ഒരാളില്‍
കേന്ദ്രീകരിക്കുന്ന ഫാസിസത്തിന് ഒരിക്കലും പിഴവു പറ്റില്ലെന്ന് മുസോളിനി പറഞ്ഞു.
എന്നാല്‍, ഏതു മനുഷ്യനും തെറ്റു സംഭവിക്കാമെന്ന ചിന്തയാണ് ജനാധിപത്യത്തിന്റേത്.
ഫാസിസം ഇത് അംഗീകരിക്കുന്നില്ല. രാഷ്ട്രീയത്തിലെന്ന പോലെ ഭാഷയിലും ജീവിതത്തിന്റെ
സമസ്‌ത മേഖലയിലും ഫാസിസം സ്വാധീനിക്കുന്നു. അത് ആകര്‍ഷകമായ ഒരു തത്വമാണെന്ന്
പലര്‍ക്കും തോന്നിപ്പോവുന്നു. നമ്മുടെ ജനാധിപത്യസമൂഹത്തില്‍ ഫാസിസം നുഴഞ്ഞു കയറി
പ്രതിഷ്‌ഠിക്കപ്പെടുകയാണ്. അതിനെയെല്ലാം നമ്മള്‍ നിശബ്ദമായി അംഗീകരിച്ചു
കൊണ്ടിരിക്കുന്നു. എപ്പോഴും കാതുകളടയ്‌ക്കുകയും ചുണ്ടുകള്‍ നിശബ്‌ദമാവുകയും
നിര്‍ദ്ദേശങ്ങള്‍ക്കു മാത്രം കാതോര്‍ക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാക്കാന്‍
മനുഷ്യരെ മൂകരാക്കണമെന്ന് ഫാസിസം തിരിച്ചറിയുന്നു. വിദ്യാഭ്യാസം, ചരിത്രം,
സംസ്‌കാരം, തത്വചിന്ത, നീതിവ്യവസ്ഥ, ദേശീയത, വിശ്വാസങ്ങള്‍, കല, സംസ്‌കാരം,
മാധ്യമങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും ഫാസിസം സ്വാധീനമുറപ്പിക്കുന്നു.
തീര്‍ച്ചയായും ഇരുപതാം നൂറ്റാണ്ടിനെ ചലിക്കുന്ന നൂറ്റാണ്ടായി
ചരിത്രത്തിലടയാളപ്പെടുത്തിയ സിനിമയിലും ഫാസിസത്തിന്റെ കയ്യേറ്റങ്ങള്‍
സ്‌പഷ്‌ടമാണ്.
#fightfascism
ഒരു ഭരണകൂടത്തിന് സിനിമയെ സ്വതന്ത്രമായി വിടാന്‍
അനുവദിക്കാനാവില്ല - ഗീബല്‍സ്
ഗൊദാര്‍ദിന്റെ സുപ്രസിദ്ധമായ
വാരാന്ത്യ(വീക്കെന്റ്)ത്തില്‍, മുഖ്യ കഥാപാത്രങ്ങളായ കമിതാക്കള്‍ പാരീസ്
നഗരത്തില്‍ നിന്ന് കുറെയധികം ദൂരെയെത്തിക്കഴിഞ്ഞപ്പോള്‍ ഇനി നാം മൂന്നാം
ലോകത്തേക്ക് പ്രവേശിക്കുന്നു എന്ന് ടൈറ്റില്‍ കാര്‍ഡില്‍ തെളിയുന്നു.
ഇതു പോലെ
ഇനി നാം ഫാസിസത്തിലേക്ക് കടക്കുന്നു എന്ന ടൈറ്റില്‍ കാര്‍ഡിന്
കാത്തിരിക്കുകയാണ്, പല പുരോഗമന-ജനാധിപത്യ-മതനിരപേക്ഷ ശുദ്ധഗതിക്കാരും. അവര്‍ക്ക്
മികച്ച കാത്തിരിപ്പു പുരകള്‍ ആശംസിക്കുന്നു. ക്ലാസിക്കല്‍ യൂറോപ്യന്‍ ആണോ, നവനാസി
ഗുണ്ടായിസമാണോ, സ്വദേശി ആണോ, കോര്‍പ്പററ്റോക്രസി ആണോ എന്ന വേര്‍തിരിവുകളുമായുള്ള
മല്‍പ്പിടുത്തങ്ങളും നടക്കട്ടെ. സിനിമയെക്കുറിച്ച് വിവരിച്ചുകൊണ്ട്
ഫാസിസത്തെക്കുറിച്ച് ആലോചിക്കുകയും, ഫാസിസത്തെക്കുറിച്ച് വിവരിച്ചുകൊണ്ട്
സിനിമയെക്കുറിച്ച് ആലോചിക്കുകയും ചെയ്യുക എന്ന പരീക്ഷണം മാത്രമായി ഈ ലേഖനത്തെ
ചുരുക്കിക്കാണുക.
#fightfascism
ഫാസിസവും സിനിമയും എന്ന വിഷയത്തെ സംബന്ധിച്ച് കഴിഞ്ഞ
ഏതാനും മാസങ്ങള്‍ക്കിടയില്‍ നാല്‍പതോളം പ്രഭാഷണങ്ങള്‍ നടത്തുകയുണ്ടായി. അതിനു
വേണ്ടി തയ്യാറാക്കിയ കുറിപ്പുകള്‍ ഫേസ്‌ബുക്ക്/ബ്ലോഗ് വായനക്കാര്‍ക്കു വേണ്ടി
ഖണ്ഡം ഖണ്ഡമായി ഇവിടെ പ്രസിദ്ധീകരിക്കുന്നു.
#fightfascism

വലയില്‍ കുടുങ്ങിയവര്‍(കോട്ട് ഇന്‍ ദ വെബ്/ചെന്‍ കൈഗെ),
ആധുനിക ചൈനയില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിലും ടെലിവിഷനിലും കുടുങ്ങിയ ജനങ്ങളുടെ
സങ്കീര്‍ണമായ നഗരജീവിതമാണ് ഇതിവൃത്തമാകുന്നത്. താന്‍ ക്യാന്‍സര്‍ ബാധിതയാണ്
എന്നറിയുന്ന കമ്പനി സെക്രട്ടറിയായ യുവതി, പബ്ലിക് ബസില്‍ തികഞ്ഞ അസ്വസ്ഥതയോടെയാണ്
യാത്ര ചെയ്യുന്നത്. വൃദ്ധനായ യാത്രക്കാരന് സീറ്റൊഴിഞ്ഞു കൊടുക്കാത്തതിന്റെ
പേരില്‍ അവളും കണ്ടക്‌ടറും തമ്മില്‍ വാഗ്വാദത്തിലേര്‍പ്പെടുന്നു. തികച്ചും
നിസ്സാരമായ ഈ സംഭവം മൊബൈല്‍ ഫോണില്‍ രഹസ്യമായി ചിത്രീകരിക്കുന്ന ചാനല്‍ ട്രെയിനിയായ
പെണ്‍കുട്ടി, പൊടിപ്പും തൊങ്ങലും വെച്ച് ബ്രേക്കിംഗ് ന്യൂസായി തട്ടിവിടുന്നു.
സോസോ എന്ന ചൈനീസ് സോഷ്യല്‍ നെറ്റ് വര്‍ക്കിലും ഇത് വൈറലാകുന്നു. (ഫേസ്‌ബുക്ക്
ചൈനയില്‍ നിരോധിക്കപ്പെട്ടിരിക്കുകയാണ്). ലൈക്കുകളും കമന്റുകളും കൃത്രിമമായ
വരയലുകളും മറ്റുമായി നായികയുടെ ജീവിതം തന്നെ അപ്രസക്തമാകുന്നു. കമ്പനി ഉടമയുമായി
അവള്‍ക്ക് രഹസ്യബന്ധമുണ്ടെന്ന ഗോസിപ്പും പ്രചരിക്കുന്നതോടെ അദ്ദേഹത്തിന്റെ
കുടുംബജീവിതവും താറുമാറാകുന്നു. കഥ പിന്നീട് സങ്കീര്‍ണമാകുന്നത്, ചാനലില്‍ ഇത്
റിപ്പോര്‍ട് ചെയ്‌ത് കുളമാക്കിയ പെണ്‍കുട്ടിയുടെ ജീവിതത്തെയും ഇത്
ബാധിക്കുന്നതോടെയാണ്. ലാഭക്കൊതിയോടെ, മാധ്യമങ്ങളെ അഭൂതപൂര്‍വമായ തരത്തില്‍
ദുരുപയോഗം ചെയ്യുന്ന ആധുനിക രീതിയെ കടന്നാക്രമിക്കുന്ന സിനിമയാണിത്.

ജിയോണ്‍ സൂ ഇല്‍ എന്ന തെക്കന്‍ കൊറിയന്‍ സംവിധായകന്റെ
റെട്രോവില്‍, കറുത്ത മണ്ണിലെ പെണ്‍കുട്ടിയോടൊപ്പം(വിത്ത് ദ ഗേള്‍ ഓഫ് ദ
ബ്ലാക്ക് സോയില്‍) എന്ന ചിത്രത്തില്‍ മുന്‍ ഖനിത്തൊഴിലാളിയായ നായകനെ സ്വന്തം മകള്‍
തന്നെ എലിവിഷം കൊടുത്ത് കൊല്ലുന്ന ദാരുണമായ കഥയാണുള്ളത്. മന്ദബുദ്ധിയായ
സഹോദരനെയും തന്നെയും സംരക്ഷിക്കാതെ മദ്യത്തിനടിമയായിത്തീരുകയാണ്, ന്യൂമോണിയോസിസ്
ബാധിച്ചതിനെ തുടര്‍ന്ന് ഖനിയില്‍ ജോലി ചെയ്യാനാകാതെ പിരിയേണ്ടി വരുന്ന അഛന്‍ എന്നു
തിരിച്ചറിയുമ്പോഴാണ് അവള്‍ക്ക് ആ കടുംകൈ ചെയ്യേണ്ടിവരുന്നത്.

നിഷധിക്കപ്പെടുന്ന പ്രണയം എന്തൊക്കെ മാരകമായ
വിനാശങ്ങളിലേക്കാണ് ചെന്നെത്തുക എന്നതിന്റെ ആഖ്യാനമാണ് കൊച്ചു
ഇംഗ്ലണ്ട്(ലിറ്റില്‍ ഇംഗ്ലണ്ട്/ഗ്രീസ്). പന്തേലിസ് വോള്‍ഗാരിസ് ആണ്
സംവിധായകന്‍. മായികമായ ഒരു കൊച്ചു രാജ്യമായി തോന്നിപ്പിക്കുന്ന ദ്വീപിലെ ജനസംഖ്യ
തീരെ കുറവാണ്. കപ്പലുകളും അവയുടെ കപ്പിത്താന്മാരും മറ്റു ജീവനക്കാരും അവരുടെ
വീരകഥകളും ത്യാഗങ്ങളും വിരഹങ്ങളും വേദനകളും സമാഗമങ്ങളുമാണ് ദ്വീപിന്റെ ജീവിതത്തെ
ചടുലമാക്കുന്നതും വിരസമാക്കുന്നതും. ഇരുപതുകാരിയായ ഓര്‍സ, നേവി ലെഫ്‌റ്റനന്റായ
സ്‌പീറോസുമായുള്ള പ്രണയം രഹസ്യമാക്കി വെക്കുന്നു. എന്നാല്‍, സ്‌പീറോസിന്റെ പിതാവ്
നടത്തുന്ന വിവാഹാഭ്യര്‍ത്ഥന അവര്‍ ദരിദ്രരാണെന്നതിനാല്‍, ഓര്‍സയുടെ അമ്മ മീന
നിരസിക്കുന്നു. പ്രണയം എന്നാല്‍ കുഴപ്പങ്ങളും വേദനയുമാണെന്നതാണ് മീനയുടെ
സിദ്ധാന്തം. മറ്റൊരു കപ്പിത്താനെ വിവാഹം കഴിക്കുന്ന ഓര്‍സ രണ്ടോ മൂന്നോ കുട്ടികളെ
പ്രസവിക്കുന്നുണ്ട്. സ്വപ്‌ന ജീവി പോലെ പെരുമാറുന്ന മോഷ എന്ന ഓര്‍സയുടെ അനിയത്തിയെ
പക്ഷെ, ഇതിനകം പണക്കാരനായി മാറിക്കഴിഞ്ഞിരുന്ന സ്‌പീറോസ് വിവാഹം കഴിക്കുന്നു.
തന്റെ വീട്ടില്‍ തന്നെ അതും തന്റെ മുറിയുടെ തൊട്ടുമുകളിലത്തെ മുറിയില്‍
സ്‌പീറോസുമൊത്തുള്ള മോഷയുടെ ജീവിതം ഓര്‍സയില്‍ അസ്വസ്ഥത നിറക്കുന്നു. ഒറ്റപ്പലക
കൊണ്ടുള്ള തട്ടായതിനാല്‍, അവരുടെ രതികേളികളും സംസാരങ്ങളും മുഴുവന്‍ താഴെക്ക്
തടസ്സമില്ലാതെ മുഴക്കത്തോടെ എത്തുന്നു. ചിലരുടെ ആസക്തികളും ആനന്ദങ്ങളും
മറ്റൊരാള്‍ക്ക് പ്രാണവേദനയായി സംക്രമിക്കുന്നു. പിന്നീട് സ്‌പീറോസ് മരണപ്പെട്ട
വാര്‍ത്ത എത്തുമ്പോഴാണ് എല്ലാം തകിടം മറിയുന്നത്. വിധവയെപ്പോലെ കറുത്ത വസ്‌ത്രം
അണിഞ്ഞ് കടുത്ത ദു;ഖത്തിലാവുന്ന ഓര്‍സയുടെ പെരുമാറ്റത്തില്‍ നിന്ന് മോഷക്ക് കഥ
മുഴുവന്‍ പിടി കിട്ടുന്നു. അവര്‍ തമ്മില്‍ അകലുന്നു എന്നു മാത്രമല്ല, പരസ്‌പരം
സംസാരിക്കുന്നതു പോലുമില്ല. കാറും കോളും നിറഞ്ഞ കടലിന്റെ അവസ്ഥാന്തരങ്ങളും കൂറ്റന്‍
തിരമാലകളും ദ്വീപുനിവാസികളുടെ പ്രത്യേകിച്ച് ഓര്‍സയുടെയും മോഷയുടെയും
ജീവിതത്തിന്റെ പ്രതീകങ്ങളായി പരിണമിക്കുന്നു.

ഭാര്യയോടും കുടുംബത്തോടും വിശ്വാസ്യത പുലര്‍ത്താത്ത
മറ്റൊരു നായകനെ താഴെ നദിയില്‍ (ഡൗണ്‍ ദ റിവര്‍/അസര്‍ബൈജാന്‍) എന്ന ആസിഫ്
റുസ്‌തമോവ് സംവിധാനം ചെയ്‌ത ആദ്യ ഫീച്ചറിലും കാണാം. വഞ്ചി തുഴച്ചില്‍ (റോവിംഗ്)
പരിശീലകനായ അലിയാണിയാള്‍. തന്റെ ഏക മകന്‍ റുസ്ലാനും അയാള്‍ പരിശീലിപ്പിക്കുന്ന
ടീമിലുണ്ട്. റുസ്ലാന്റെ പ്രകടനം ഒരു കണക്കിനും മികച്ച രീതിയിലല്ലാത്തതിനാല്‍ അവനെ
കടുത്ത തോതിലാണ് ബാപ്പ ശകാരിക്കുന്നത്. സംഘാംഗങ്ങളുടെ ഇടയില്‍ വെച്ച് തന്നെ
ബാപ്പ(ഡാഡ്) എന്നു വിളിക്കരുതെന്നു വരെ അലി അവനെ ചീത്ത പറയുന്നുണ്ട്. അവന്റെ ഉമ്മ
ലൈലക്കാണെങ്കില്‍ അവനെ ജീവനാണു താനും. അലിയാകട്ടെ ആശ്വാസം തേടി പോകുന്നത് നീന്തല്‍
പരിശീലക കൂടിയായ കാമുകി സാഷയുടെ പക്കലാണ്. രാജ്യാന്തര മത്സരവേദിയില്‍ വെച്ച്
അവസാന നിമിഷത്തില്‍ റുസ്ലാനെ മാറ്റി അലി ഇബ്രാനോവിനെ ഉള്‍പ്പെടുത്തുന്നു. അവന്റെ
കൂടി പ്രകടനത്തിന്റെ വെളിച്ചത്തില്‍ അസര്‍ബൈജാന്‍ ടീം വിജയിക്കുന്നു. എന്നാലതിനിടെ
റുസ്ലാന്‍ അപ്രത്യക്ഷനാകുന്നു. അവനെ തേടിയുള്ള അലച്ചിലുകളാണ് പിന്നെ സിനിമ
മുഴുവനും. മകന്‍ നഷ്‌ടപ്പെട്ട സ്ഥിതിക്ക് സ്‌നേഹമില്ലാത്ത ഭാര്യയെ ഉപേക്ഷിച്ച്
തന്റെ കൂടെ അമേരിക്കക്ക് പോകുവാന്‍ സാഷ അലിയെ പ്രലോഭിപ്പിക്കുന്നുണ്ടെങ്കിലും
ഒന്നും ശരിയാവുന്നില്ല. അടുത്തുള്ളവരുടെയും വിവാഹബന്ധത്തില്‍
യോജിപ്പിക്കപ്പെട്ടവരുടെയും രക്തബന്ധത്തില്‍ പിറന്നവരുടെയും സ്‌നേഹവും പ്രണയവും
പ്രാധാന്യവും ബോധ്യപ്പെടാതെ അക്കരപ്പച്ചകള്‍ തേടുന്നവരുടെ വിനാശത്തെയാണ് ചിത്രം
ഉയര്‍ത്തിപ്പിടിക്കുന്നത്.