Thursday, July 16, 2015

ആസക്തിയെ പിടിച്ചു കെട്ടുമ്പോള്‍ - കമിതാക്കള്‍ക്കും മലയാള സിനിമക്കുമിടയില്‍ 1


പ്രണയം എന്നത്‌ കേവലവും സ്വതന്ത്രവുമായ ഒരാദര്‍ശമാണോ? എങ്കില്‍ അത്‌ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതും പ്രതീക്ഷിക്കുന്നതും വിട്ടുനില്‍ക്കാന്‍ പരിശ്രമിക്കുന്നതും എന്തൊക്കെ ശക്തികളില്‍ നിന്നാണ്‌, എന്തൊക്കെ ഘടകങ്ങളില്‍ നിന്നാണ്‌? പവിത്രമായ ആദര്‍ശമാക്കാന്‍ വേണ്ടി, പ്രണയത്തെ കാമനയില്‍ നിന്ന്‌ വേര്‍തിരിച്ചു നിര്‍ത്താനും ഒടുക്കം വിരോധമാക്കി നിര്‍ത്താനുമുള്ള പ്രയത്‌നങ്ങള്‍ വരെ സജീവമാണ്‌. കാമനയില്‍ നിന്ന്‌ കാമുകീ/കാമുകന്മാരെ വേര്‍പെടുത്താന്‍ വേണ്ടി മാംസനിബദ്ധമല്ല രാഗം എന്ന്‌ മഹാകവിയെക്കൊണ്ടു കൂടി നാം അടിസ്ഥാനമിട്ടിട്ടുണ്ട്‌. കാമുകി, കാമുകന്‍ എന്നീ ഭാഷാപ്രയോഗങ്ങള്‍ പോലും കാമത്തില്‍ നിന്ന്‌ ഉരുവം കൊണ്ടതായതിനാല്‍ പ്രണയിനി, പ്രണയിതാവ്‌ എന്നൊക്കെയുള്ള കടുംകട്ടി ആദര്‍ശനാമങ്ങളും ഉണ്ടാക്കി വെച്ച്‌ നാം ഭാഷയെയും സംസ്‌ക്കരിച്ചെടുത്തു! കാമനയില്‍ നിന്ന്‌ അഥവാ കാമാര്‍ത്തിയില്‍ നിന്നും കാമേഛയില്‍ നിന്നും വേര്‍പെടുത്തിയെടുക്കുമ്പോള്‍ പിന്നെ പ്രണയത്തില്‍ അവശേഷിക്കുന്നതും ആ അവശേഷിപ്പിലേക്ക്‌ കടന്നു കയറുന്നതുമായ ഘടകങ്ങള്‍ എന്തൊക്കെയാണ്‌? അതിനെ നാം മര്യാദ, പരിഷ്‌ക്കാരം, സംസ്‌ക്കാരം, അച്ചടക്കം എന്നൊക്കെ വ്യാഖ്യാനിക്കുന്നു. വ്യക്തിത്വവും മാനുഷികതയും സ്‌നേഹവും ആകര്‍ഷണവും സുരക്ഷിതത്വപ്രതീതിയും പരസ്‌പരാംഗീകാരവും കാത്തിരിപ്പും കൂടിച്ചേരലും എല്ലാമാണ്‌ കാമനയെ ഇഷ്‌ടത്തോടു കൂടിയായാലും അല്ലാതെയും മാറ്റിനിര്‍ത്തിയാല്‍ പ്രണയത്തില്‍ അവശേഷിക്കുന്നത്‌. ഈ നല്ല ഗുണങ്ങളിലേക്കും ഘടകങ്ങളിലേക്കുമാണ്‌ കാലത്തിന്റെയും ചരിത്രത്തിന്റെയും പരിസരത്തിന്റെയും രാസലായനികള്‍ കോരിയൊഴിക്കപ്പെടുന്നത്‌. കേരളത്തിലാകുമ്പോള്‍ മതം, ജാതി, വര്‍ഗം, വംശം, നിറം, പണം, ജാതകം, പ്രായം, ലിംഗം, അധികാരം, പ്രദേശം എന്നിവയൊക്കെയും കാമനാശൂന്യമായ ആദര്‍ശപ്രണയത്തിലേക്ക്‌ പ്രവഹിക്കുന്നു. അഥവാ കാമനേതര പ്രണയത്തെ പ്രണയമല്ലാതാക്കുന്ന പ്രതിനായകത്വങ്ങളാകുന്നു. കാമനയെ ഒഴിവാക്കണമെന്നു ആദര്‍ശിക്കാന്‍ എളുപ്പമാണ്‌, നിര്‍വഹിക്കാന്‍ പ്രയാസമാണെങ്കിലും. എന്നാല്‍, ആഹ്ലാദം എന്ന ഘടകത്തെ ഈ പ്രക്രിയ എങ്ങനെയാണ്‌ അഭിസംബോധന ചെയ്യുന്നത്‌ എന്ന പ്രശ്‌നമേഖലയേയും നമുക്ക്‌ അവഗണിക്കാനാവില്ല.


സത്യം, പ്രണയം, ആഹ്ലാദം എന്നീ ഘടകങ്ങളെ മൂടി വെക്കാനും തുറന്നു വിടാനുമുള്ള പ്രേരണകളും നിയമങ്ങളും നിബന്ധനകളും ആണ്‌ പ്രശ്‌നങ്ങളെ രൂക്ഷമാക്കുന്നതും പരിഹരിക്കുന്നതും. സ്‌ത്രീത്വം എന്ന മൗലികമായി കരുതപ്പെടുന്ന ഘടകവും അതിനെ സംബന്ധിച്ച പുരുഷാധിപത്യ വ്യാഖ്യാനങ്ങളുമാണ്‌ കാര്യങ്ങളെ തീരുമാനിക്കുന്നത്‌. കന്യകാത്വം, സംശുദ്ധി, ചാരിത്രം, വീഴ്‌ച, അധികാരത്തിനു മുമ്പിലുള്ള കീഴടങ്ങല്‍ എന്നിങ്ങനെ സ്‌ത്രീയുടെ ഭാവശുദ്ധിയെ നിര്‍ണയിച്ചെടുത്തു കൊണ്ടാണ്‌ നാം സംസ്‌ക്കാരത്തെയും രാഷ്‌ട്രത്തെയും നിര്‍വചിക്കുന്നത്‌. പ്രണയത്തെ കാമനയില്‍ നിന്ന്‌ സ്വതന്ത്രമാക്കുന്നതിലൂടെ അതിനെ മറ്റു പലതിന്റെയും തടവിലിടുന്ന വര്‍ഗ-വംശ-വര്‍ണ മര്‍ദനവാഴ്‌ചയുടെയും അടിസ്ഥാനോപാധികള്‍ ഇതു തന്നെ. ആസക്തിയെ പിടിച്ചു കെട്ടി വ്യക്തിയെയും സമുദായത്തെയും പവിത്രീകരിക്കാനുള്ള അധികാരപ്രയോഗങ്ങളാണ്‌ എപ്പോഴും പ്രവര്‍ത്തനക്ഷമമാകുന്നത്‌. ഈ അധികാരങ്ങളുടെ സ്വഭാവങ്ങളും പരിഗണനകളുമാണ്‌ മറ്റെവിടെയെന്നതു പോലെ മലയാള സിനിമയിലെയും പ്രണയാഖ്യാനങ്ങളിലെ പ്രതിനായകത്വങ്ങള്‍. വിവിധ കാലങ്ങളില്‍, വിവിധ ഭാവനകളിലും വിവിധ ആസ്വാദനങ്ങളിലും മലയാള സിനിമ പ്രണയത്തെയും ആസക്തിയെയും പിടിച്ചു കെട്ടാനും തുറന്നു വിടാനുമായി പരിശ്രമിച്ചു. കലയും കച്ചവടവും രാഷ്‌ട്രീയവും വര്‍ഗീയതകളും കാലത്തിന്റെ മുന്‍ഗണനകളും ആ പരിശ്രമങ്ങളെ ചൂഴ്‌ന്നു നില്‍ക്കുന്നുമുണ്ടായിരുന്നു.
#pranayam #desire #malayalacinema

1 comment:

വെള്ളി രേഖ said...

തുടർന്നും വായിക്കാം