കല്‍പനാമധുരവും കാവ്യാത്മകവുമായ കൗമാരപ്രണയത്തെ അടിച്ചുടക്കുന്ന കുടുംബം, സമ്പത്ത്, നാട്ടു മര്യാദ, ജാതി, ജ്യോത്സ്യം തുടങ്ങിയ അധികാരവ്യവസ്ഥകളാണ് ഭാര്‍ഗവീനിലയ(1964/എ വിന്‍സന്റ്)ത്തിലെ നായികയെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. ആ ആത്മഹത്യയിലൂടെ അവള് പകരം ചോദിക്കുന്നത് അത്തരത്തിലുള്ള മനുഷ്യവിരുദ്ധമായ ആധിപത്യ വാസനകളോടാണ്. അതുകൊണ്ടു തന്നെ പ്രേതത്തിന്റെ ആവിഷ്ക്കരണത്തിലല്ല മറിച്ച് നായികയെ ആത്മഹത്യയിലേക്ക് നയിച്ച പഴഞ്ചന്‍ സാമൂഹ്യബോധത്തിലാണ് ദൂഷ്യം ആരോപിക്കപ്പെടേണ്ടത് എന്നും ആഴത്തില്‍ പരിശോധിച്ചാല്‍ ബോധ്യപ്പെടും.
ബഷീറിന്റെ മുഴുവന്‍ കൃതികളും അവയിലെ പ്രതീകങ്ങളും ഭാഷയും സമീപനങ്ങളും അങ്ങേയറ്റം പുരോഗമനപരവും ജനാധിപത്യപരവുമാണെന്ന കാര്യം ചരിത്രം കൂടുതല്‍ കൂടുതല്‍ വ്യക്തതയോടെ തെളിയിച്ചുകൊണ്ടിരിക്കുന്ന പുതിയ കാലത്തിരുന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഭാര്‍ഗവീനിലയം പോലെ ഒരു സിനിമ എത്രമാത്രം ആഹ്ലാദകരമായ അനുഭവമായിരുന്നു എന്നു തിരിച്ചറിയാനും സാധിക്കുന്നുണ്ട്. ഭാര്‍ഗവിയുടെ കഥ പൂര്‍ത്തിയാക്കിയ കഥാകാരന് അത് വായിച്ചു തുടങ്ങുന്നു.
ഒരു ചന്ദ്രോദയം. പൂര്ണചന്ദ്രന്. സുരഭിലമായ കുളിര് നിലാവൊളിയില്‍ ഭാര്‍ഗവീനിലയത്തിലെ പൂങ്കാവനം രൂപരഹിതമായ കിനാവില് മുഴുകിക്കൊണ്ടിരുന്നപ്പോള്‍ അത്ഭുതാനന്ദത്തോടെ ഒരു ഗാനപ്രവാഹം ഭാര്‍ഗവിയുടെ ഹൃദയത്തിലേക്ക് ഇരമ്പിപ്പാഞ്ഞു വന്നു. തൊട്ടുമുമ്പിലെ വീട്ടില്‍ താമസിച്ചിരുന്ന കലാകാരനായ ശശികുമാറി(പ്രേംനസീര്‍)നോടുള്ള ഭാര്‍ഗവി(നിര്‍മല)യുടെ പ്രിയം അതോടെ ആരംഭിക്കുന്നു. അയാളെഴുതിയ പാട്ട് അയാള്‍ തന്നെ കമ്പോസ് ചെയ്തത് അവള് കോളേജില്‍ അവതരിപ്പിക്കുന്നു. പിന്നീട് അയാളെ കാണാനായി മതിനിലിനരികില്‍ കോണി ചാരി വെച്ച് മാമ്പൂവ് കൊഴിക്കുന്നതും അമ്മയുടെ ശകാരത്തെതുടര്‍ന്ന് മേല്‍ക്കഴുകാന്‍ പോകുന്നതുമായ രംഗത്തിന്റെ മസൃണത കാണിയില്‍ പ്രണയാനുഭൂതികള്‍ നിറക്കാന്‍ പ്രാപ്തമാണ്. മതിലിനിപ്പുറത്തും അപ്പുറത്തുമായുള്ള പ്രണയം എന്ന ബഷീറിന്റെ ബിംബം പിന്നീട് കഥയിലും അടൂരിന്റെ മതിലുകള്‍(1989) എന്ന സിനിമയിലും കൂടുതല്‍ വികസിക്കുന്നത് നാം കണ്ടതുമാണല്ലോ. യാഥാര്‍ത്ഥ്യം എന്നത് ബഷീറിനെ സംബന്ധിച്ചിടത്തോളം എന്നും അപ്രാപ്യമായ ഒരു ഭാവനയായിരുന്നു. തനിക്ക് ലഭിക്കാത്തത്, എത്തിച്ചേരാനാകാത്തത് അതായിരുന്നു അദ്ദേഹത്തിന് സാധാരണമെന്നു നാം കരുതുന്ന തരത്തിലുള്ള ജീവിതസാഹചര്യം. പ്രണയം പോലും ഉയര്‍ന്ന മതിലിനിപ്പുറവും അപ്പുറവും. അതിന്റെ പ്രതീകങ്ങളാകട്ടെ, മരക്കോണി, ഉണങ്ങിയ കൊമ്പ്, ഉരുളന്‍ കല്ല് എന്നിങ്ങനെയുള്ള പരുക്കന്‍ സാധനങ്ങളും. #bhargavinilayam #basheer #desire #malayalacinema
1 comment:
Thank you for your language in this post. Can understand without reading thrice.
Post a Comment