മാംസനിബദ്ധമല്ല രാഗം എന്ന കുമാരനാശാന്‍ തത്വത്തില്‍ ആദ്യമേ തളച്ചിടാനായി അവളുടെ രാവുകളിലെ(1978/ഐ വി ശശി) നായിക രാജി(സീമ) ഒരുക്കിയിരിക്കുന്ന കാമുകകഥാപാത്രമാണ് ബാബു(രവികുമാര്‍). ചോക്കളേറ്റ് നായകനു യോജിച്ച വഴുവഴുമ്പന്‍ ശരീരപ്രകൃതിയുള്ള രവികുമാറിനെ ഈ വേഷത്തിലേക്ക് നിയോഗിച്ചത് വെറുതെയായില്ല. വിരൂപരും പരുക്കന്‍ മുഖമുള്ളവരും കെട്ട സ്വഭാവമുള്ളവരും; ഇത്തരത്തിലുള്ള വെളുവെളുത്ത ചോക്കളേറ്റ് നായകര്‍ നന്മയുടെ നിറകുടങ്ങളുമായിരിക്കുമെന്ന പൊതുബോധത്തെയാണിവിടെ ചിത്രം പിന്തുടരുന്നത്. കറുത്ത തൊലി നിറമുള്ളവര്‍, കറുത്ത മുണ്ടുടുത്തവര്‍, മുഷിഞ്ഞ വേഷമണിഞ്ഞവര്‍, മുഖം വ്യക്തമല്ലാത്തവര്‍, വികലാംഗര്‍, അലഞ്ഞു തിരിയുന്നവര്‍ എന്നിങ്ങനെ തെണ്ടിവര്‍ഗത്തില്‍ പെട്ട പുരുഷന്മാരാണ് രാജിയെ കടല്‍ത്തീരത്തു വെച്ച് കൂട്ടമായി ആക്രമിക്കുന്നതും, പാട്ടു സീനില്‍ ചാട്ടവാര്‍ കൊണ്ടടിക്കുന്നതും, അവളുടെ സഹോദരന്റെ മരണത്തിലേക്കു വരെ നയിക്കുന്ന ഗുരുതരമായ മോഷണം നടത്തുന്നതും. ഇത്തരത്തിലുള്ള ലുംപന്‍ വിഭാഗത്തില്‍ പെട്ടവര്‍ നടത്തുന്ന സ്‌ത്രീകള്‍ക്കെതിരായ ആക്രമണങ്ങളോടാണ് -ദില്ലി കൂട്ട ബലാത്സംഗക്കേസിലെന്നതു പോലെ - പൊതുജനം പ്രതികരിക്കുക എന്നും പോലീസും പട്ടാളവും വെളുത്ത വരേണ്യരും നടത്തുന്ന സ്‌ത്രീ വേട്ടകള്‍ പുറത്തറിയാതെ ഒതുക്കുകയാണ് ചെയ്യുകയെന്നും അരുന്ധതി റോയ് അഭിപ്രായപ്പെട്ടതും ഇത്തരുണത്തില്‍ ഓര്‍ക്കാവുന്നതാണ്. ഈ ഉദ്ദേശത്തോടു കൂടി എന്നെ തൊടരുത്. എന്റെ ശരീരത്തിനുവേണ്ടിയല്ലാതെ എന്നെ സ്‌നേഹിക്കുന്ന ഒരാളെക്കുറിച്ചെനിക്കോര്‍ക്കണം. അത് ബാബുവായിരിക്കണം; എപ്പോഴും ബാബുവിനെക്കുറിച്ചുള്ള ഓര്‍മ, സ്‌നേഹിച്ചു പോയി. ഞാന്‍ ബാബുവേട്ടാ എന്ന് വിളിച്ചോട്ടേ. ഞാനെന്റെ എല്ലാമായി കരുതി അങ്ങിനെ വിളിച്ചോട്ടെ. എന്നൊക്കെയാണ് രാജി ബാബുവിനോടുള്ള പൈങ്കിളിപ്രണയവേളകളില്‍ സംസാരിക്കുന്നത്. ഇത്തരത്തില്‍ അവള്‍ വിശ്വസിക്കുകയും ശരീരം മാത്രം കൊടുക്കാതെ പ്രണയിക്കുകയും ചെയ്യുന്ന മഹാനായ ബാബു കിട്ടിയ അവസരത്തില്‍ അവളെ പൊലീസിനെക്കൊണ്ട് പിടിപ്പിക്കുന്നു. എന്നിട്ടും പ്രകോപിതയാകാതെ അയാള്‍ക്കു ചുറ്റും തന്നെ വട്ടം തിരിയുന്ന അവളെ മനസ്സിലാക്കുന്നത് ബാബുവിന്റെ അമ്മയാണ് (കവിയൂര്‍ പൊന്നമ്മ). ആ അമ്മയുടെ തിരിച്ചറിവിനെ തുടര്‍ന്ന് ബാബുവിനും ബോധോദയം ഉണ്ടാകുകയും അവളെ അവന്റെ ഭാര്യയായി സ്വീകരിക്കുകയുമാണ്. ബാബുവിന് രാധയെന്ന ആലോചിച്ചുവെച്ച വധു നഷ്‌ടമാകുമ്പോഴാണ്, രാജി സ്വീകാര്യയാകുന്നത്. അവള്‍ വിവാഹത്തിലൂടെയോ ലൈംഗികബന്ധത്തിലൂടെയോ ബാബുവിനെ കളങ്കപ്പെടുത്താന്‍ വിചാരിക്കുന്നില്ല എന്ന് പലവട്ടം പറയുന്നുണ്ട്. ഇവിടെ വ്യഭിചാരം അല്ല, ലൈംഗികതയാണ് കുറ്റകൃത്യമായി ആവിഷ്‌ക്കരിക്കപ്പെടുന്നത്.
പിഴച്ചവളും വേശ്യയുമായ നായികയെ കഥാന്ത്യത്തിനു മുമ്പായി കൊന്നോ പടുമരണത്തിനു വിധേയയാക്കിയോ അവസാനിപ്പിക്കാതെ പവിത്രകുടുംബത്തിലേക്ക് വിലയിപ്പിക്കുന്നത് സാഹസികവും എടുത്തു പറയേണ്ട വിധത്തില്‍ പ്രശംസനീയവുമാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ അധികം ആരും ധൈര്യപ്പെടാത്ത ഈ കഥാഗതിയുടെ പേരില്‍ തിരക്കഥാകൃത്ത് ഷെറീഫും സംവിധായകന്‍ ഐ വി ശശിയും അഭിനന്ദനമര്‍ഹിക്കുന്നു. എന്നാല്‍, സ്‌ത്രീയുടെ (പുരുഷന്റെയും)ആത്യന്തികമായ സംരക്ഷണവും മോക്ഷവും പവിത്രകുടുംബത്തിനകത്തു മാത്രമേ നിര്‍വഹിക്കപ്പെടുകയുള്ളൂ എന്ന വരേണ്യ പൊതുബോധത്തെ മഹത്വവത്‌ക്കരിക്കാനും അരക്കിട്ടുറപ്പിക്കാനുമാണ് ഈ കഥാഗതി ഇപ്രകാരമാക്കി അവസാനിപ്പിച്ചതും എന്നതും പരാമര്‍ശിക്കേണ്ടതുണ്ട്. #avaluderaavukal #sexworker #malayalacinema #desire #love
No comments:
Post a Comment