Wednesday, July 29, 2015

ആസക്തിയെ പിടിച്ചു കെട്ടുമ്പോള്‍ - കമിതാക്കള്‍ക്കും മലയാള സിനിമക്കുമിടയില്‍ 9 അനിയത്തിപ്രാവ്‌



കമിതാക്കളുടെ പ്രണയം എന്ന വിഷയത്തോട്‌ അനിയത്തിപ്രാവ്‌(1997/ഫാസില്‍) എന്ന ചലച്ചിത്രത്തിന്റെയും, പൈങ്കിളിപ്രണയം ഇതിവൃത്തമായി വരുന്ന മുന്‍പിറങ്ങിയ നിരവധി ചലച്ചിത്രങ്ങളിലെയും പൊതുഘടകം എന്ന നിലക്കുള്ള ആകര്‍ഷണീയത മൂലം സമഭാവപ്പെടുകയും അവരെ അനുകൂലിക്കുകയും കുടുംബക്കാരെ ശല്യക്കാരായി കാണുന്ന തരം മാനസിക നിലപാടിലേക്ക്‌ പ്രേക്ഷകര്‍ ചെന്നെത്തുകയും ചെയ്യുന്നത്‌ സ്വാഭാവികമായ കാര്യമാണ്‌. കുടുംബക്കാരുടെ ദേഷ്യം അതേ പടി നിലനിര്‍ത്തി കമിതാക്കള്‍ ഒന്നിക്കുന്നതായി കാണിച്ചാലും പ്രേക്ഷകര്‍ പൊറുക്കുന്നത്‌ ഈ വശത്തുള്ള സാത്മ്യം കൊണ്ട്‌, സമൂഹത്തില്‍ തങ്ങള്‍ പങ്കിട്ടുപോരുന്നതരം വിശ്വാസപ്രമാണത്തെ തല്‍ക്കാലം മാറ്റിനിര്‍ത്താന്‍ കഴിയുന്നു എന്നതുകൊണ്ടാണ്‌. എന്നാല്‍ അത്തരമൊരു ആത്മവഞ്ചനയുടെ കുറ്റുബോധം - മറ്റുള്ളവരുടെ കാര്യത്തിലാകുമ്പോള്‍ കണ്ടാസ്വദിക്കുകയും തങ്ങളുടെ സ്വന്തം കാര്യത്തിലാകുമ്പോള്‍ നടപ്പിലാക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന രീതി - ഏറ്റുകൊണ്ട്‌ തങ്ങളുടെ സന്തോഷത്തെ പൂര്‍ത്തീകരിക്കുന്ന പതിവ്‌ ചലച്ചിത്രക്കാഴ്‌ചയില്‍ നിന്ന്‌ വിട്ട്‌ തങ്ങളുടെ പൊതുവിശ്വാസവും സിനിമയിലെ ആനന്ദവും ഒരേ പോലെ നിലനിര്‍ത്താനും സാക്ഷാത്‌ക്കരിക്കാനും ഉതകുന്ന തന്ത്രമാണ്‌ അനിയത്തിപ്രാവിനെ പ്രേക്ഷകര്‍ക്ക്‌ സമാന പൈങ്കിളികളേക്കാളും അമിതമായി ഇഷ്‌ടപ്പെടുവാന്‍ കാരണമാക്കിയത്‌. #aniyathipravu #desire #painkilipranayam #love #malayalacinema

No comments: