Thursday, July 23, 2015

ആസക്തിയെ പിടിച്ചു കെട്ടുമ്പോള്‍ - കമിതാക്കള്‍ക്കും മലയാള സിനിമക്കുമിടയില്‍ 4 ചെമ്മീന്‍



മലയാളിയുടെ പ്രണയത്തിനും ദുരന്തഭാവനക്കും മൂര്‍ത്തരൂപം നല്‍കിയ; പിന്നീട്‌ വന്ന പല സിനിമകള്‍ക്കും പ്രചോദനമായ ഒരു ചിത്രമായിരുന്നു ചെമ്മീന്‍(1965/രാമു കാര്യാട്ട്‌) എന്ന്‌ സി എസ്‌ വെങ്കിടേശ്വരന്‍ സ്ഥാനപ്പെടുത്തുന്നു. ചെമ്മീനിലെ നായികയായ കറുത്തമ്മ(ഷീല)യെ ആദ്യമായി പരിചയപ്പെടുത്തുന്നത്‌, ഒരേ സമയം അവളിലെ കാമുകി എന്ന അകം പ്രതിനിധാനത്തെയും സ്‌ത്രീ ശരീരം എന്ന പുറം പ്രതിനിധാനത്തെയും സംയോജിപ്പിച്ചു കൊണ്ടാണ്‌. അഛനായ ചെമ്പന്‍ കുഞ്ഞ്‌(കൊട്ടാരക്കര) അന്വേഷിക്കുമ്പോള്‍ ചേച്ചിയെ തിരഞ്ഞു പോവുന്ന പഞ്ചമിയുടെ കണ്‍ മുന്നിലാണ്‌, മുസ്ലിമായ കാമുകന്‍ പരീക്കുട്ടി(മധു)യുമായി സല്ലപിക്കുന്ന കറുത്തമ്മയെ നാം ആദ്യം കാണുന്നത്‌. കറുത്തമ്മയെ ആദ്യമായി കണ്ടെത്തുന്ന ക്യാമറ മുകളില്‍ നിന്ന്‌ അവളുടെ മാറിടത്തിനു മുകളിലായി തങ്ങിനില്‍ക്കുന്നു. ബ്ലൗസിനുമുകളിലായി രണ്ടു മുലകള്‍ക്കിടയിലെ വിടവ്‌ വ്യക്തമാക്കിക്കൊണ്ടുള്ള ഷോട്ട്‌ കാണിച്ചതിന്റെ ന്യായീകരണം തൊട്ടടുത്ത സംഭാഷണത്തിലാണുള്ളത്‌. പരീക്കുട്ടി മുതലാളിയുടെ നോട്ടമാണത്‌. ?എന്തൊരു നോട്ടം! എന്ന്‌ കറുത്തമ്മ മധുരമായി പരിഭവിക്കുന്നു. പ്രേമസല്ലാപത്തിനിടയില്‍ അഛന്‌ വള്ളവും വലയും വാങ്ങാനുള്ള പൈസ കൂടി അവള്‍ ചോദിക്കുന്നു. പ്രണയത്തിലടങ്ങിയിരിക്കുന്ന ശാരീരികാകര്‍ഷണം, കാമന, ആണ്‍ നോട്ടം എന്നിവയോടൊപ്പം; പണം, ജാതി, മതം, വര്‍ഗനിലമകള്‍ എന്നിവയെല്ലാം ഈ ദൃശ്യത്തില്‍ കടന്നു വരുന്നു. പിന്നീടുള്ള കഥാഖ്യാനത്തെ മുഴുവനും ചൂഴ്‌ന്നു നില്‍ക്കുന്നത്‌ ഈ ഘടകങ്ങളാണു താനും. അമ്മയുടെ വിളി കേട്ട്‌ കുടിലിലെത്തുന്ന നായികയോട്‌, മരക്കാത്തിമാര്‍ പിന്തുടരേണ്ട നെറിയെയും മുറയേയും കുറിച്ച്‌ അമ്മ ഓര്‍മ്മിപ്പിക്കുന്നു. ശരീരം, വര്‍ഗം, ജാതി/മതം എന്നിവക്കു പുറമെ പ്രണയത്തെയും വിവാഹത്തെയും സംഘര്‍ഷഭരിതമാക്കുന്ന സദാചാരം എന്ന ഘടകം കൂടി ഈയവസരത്തില്‍ തന്നെ ആഖ്യാനത്തിലേക്ക്‌ കടന്നു വന്നു എന്നു ചുരുക്കം. കറുത്തമ്മയുടെ പ്രണയാതുരതയില്‍ സംപ്രീതനാകുന്ന പരീക്കുട്ടിയുടെ സഹായം സ്വീകരിക്കുകയും പിന്നീട്‌ അയാളെ തള്ളിപ്പറയുകയും ചെയ്യുന്ന ചെമ്പന്‍കുഞ്ഞിന്റെ പ്രതിനിധാനം, വ്യഭിചാരത്തില്‍ നിന്ന്‌ മുതലെടുക്കുന്ന കൂട്ടിക്കൊടുപ്പുകാരന്റെയത്രയും നികൃഷ്‌ടമാണെന്ന മനോഭാവമാണ്‌ ആഖ്യാതാക്കള്‍ക്കുള്ളത്‌. തിരിച്ചടക്കേണ്ട വായ്‌പയെക്കുറിച്ചുള്ള ആശങ്കയിലൂടെയാണ്‌ കറുത്തമ്മ കടന്നു പോകുന്നതെങ്കില്‍; ആ വായ്‌പ എന്ന ഘടകം തന്റെ പ്രണയത്തെ സാക്ഷാത്‌ക്കരിച്ചെടുക്കുമെന്ന പ്രതീക്ഷയാണ്‌ പരീക്കുട്ടിക്കുള്ളത്‌. അതായത്‌, കേവലമായ പ്രണയം എന്ന അമൂര്‍ത്തമായ ഭാവനയെ സംഘര്‍ഷഭരിതമാക്കുകയും വിജയ/പരാജയങ്ങളിലേക്ക്‌ നയിക്കുകയും ചെയ്യുന്ന വര്‍ഗ-ജാതി/മത-സാമ്പത്തിക ഘടകങ്ങള്‍ സജീവമാണെന്നു വ്യക്തം. പളനി(സത്യന്‍)യുമായുള്ള വിവാഹവും ഒന്നിച്ചു താമസവും പെണ്‍കുഞ്ഞിന്റെ ജനനവും എല്ലാം കടന്ന്‌, തകര്‍ന്നടിയുന്ന ചെമ്പന്‍കുഞ്ഞിന്റെ ദുരന്തത്തിനും ശേഷവും പരീക്കുട്ടിയോടുള്ള അവളുടെ പ്രണയം തീക്ഷ്‌ണമായി നിലനില്‍ക്കുന്നു എന്ന്‌ വീണ്ടും തിരിച്ചറിയുന്ന പളനി കടലിലേക്ക്‌ തിരിച്ചുവരാത്തവണ്ണം യാത്രയാവുകയാണ്‌. കമിതാക്കള്‍ക്ക്‌ ഒന്നിക്കാനാകുന്നുണ്ടെങ്കിലും പരസ്‌പരം പുണര്‍ന്ന്‌ മരിക്കുന്ന ജഡങ്ങളായി ആഖ്യാനം അവരെ അവസാനിപ്പിക്കുകയും ചെയ്യുന്നു. ഈ അവസരത്തില്‍; പണം, ജാതി/മതം, വര്‍ഗ നിലമകള്‍ എന്നീ സങ്കീര്‍ണതകള്‍ക്കു പകരം, സദാചാര സംഘര്‍ഷത്തില്‍ ഇവരെ എപ്രകാരം അക്കോമഡേറ്റ്‌ ചെയ്യാനാകും എന്ന്‌ നിശ്ചയമില്ലാത്തതിനാലാകാം മരണത്തിന്‌ വിട്ടുകൊടുക്കാന്‍ ആഖ്യാതാക്കള്‍ തീരുമാനിക്കുന്നത്‌. 
#chemmeen #malayalacinema #malegaze

2 comments:

Feroze said...


Kollam nannayittundu !!

Find some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Nalukettu
Agriculture Kerala
Janangalum Sarkarum
injass publicrelation

Rajesh said...

All these classics, were from the point of view of Malayaali males, who were groomed into machists by the patriarchal system. So, especially, in those times, it is not surprising how it all turned out. Even now, our writers cant think like women, so.

Otherwise, thank you for visiting my space, unbelievable! Please dont look for the literary value of the posts. But sure, you could find lots of good movies. Thank you Sir.