Saturday, April 4, 2015

സദാചാരം ചില കുറിപ്പുകള്‍ 7 ലൈംഗികതയുടെ കലയില്‍ നിന്ന്‌ കുമ്പസാരത്തിന്റെ നിയമത്തിലേക്ക്‌



ലൈംഗികത എന്ന സത്യം ആവിഷ്‌ക്കരിക്കുന്നതിന്‌ ചൈന, ജപ്പാന്‍, ഇന്ത്യ, റോമ, അറേബ്യന്‍ മുസ്ലിം സമൂഹം എന്നിവിടങ്ങളിലെല്ലാം നൂറ്റാണ്ടുകള്‍ കൊണ്ട്‌ രൂപീകരിക്കപ്പെട്ട മഹത്തായ കലാരൂപങ്ങള്‍ ദൃശ്യമാണ്‌. ആഹ്ലാദം, പ്രയോഗത്തിലൂടെ ബോധ്യപ്പെടുകയും അനുഭവത്തിലൂടെ ശേഖരിക്കപ്പെടുകയും ചെയ്‌തു. അനുവദിക്കപ്പെട്ടത്‌, നിരോധിക്കപ്പെട്ടത്‌ എന്ന പിളര്‍പ്പിനെ അടിസ്ഥാനപ്പെടുത്തിയല്ല ആഹ്ലാദം കലയായി സമൂഹ/രാഷ്‌ട്ര നിര്‍മാണത്തില്‍ പങ്കു കൊണ്ടത്‌. ഉപയോഗപരതയുടെ അടിസ്ഥാനത്തിലുമല്ല. ശരീരവും ആത്മാവും അവരവര്‍ക്കുള്ളിലും പരസ്‌പരവും ആഴത്തില്‍ അനുഭവപ്പെടുന്ന ആഹ്ലാദത്തിന്റെ ദൈവസ്ഥല-കാലമായി രതിയെ, മാനവികത സത്യസന്ധമായി തിരിച്ചറിഞ്ഞിരുന്നു. ഈ തിരിച്ചറിവ്‌ ലൈംഗിക പ്രക്രിയയെ തിരിച്ച്‌ ചൈതന്യവത്താക്കുകയും ചെയ്‌തു. അതായത്‌, ലൈംഗികതയെ സംബന്ധിച്ച അറിവ്‌ കലയായി തീരുകയും ചരിത്രമായി തീരുകയും സ്വാതന്ത്ര്യമായി തീരുകയും ചെയ്‌തു. അതിനെയാണ്‌ കഴിഞ്ഞ നൂറ്റാണ്ടുകളിലെ അധികാരത്തേര്‍വാഴ്‌ച ശിഥിലമാക്കിക്കളഞ്ഞത്‌. ഇതിനെ നാം പരിഷ്‌ക്കാരം എന്നു വിളിക്കുകയും ചെയ്യുന്നു. കുമ്പസാരത്തിന്റെ ചരിത്രം ആഹ്ലാദത്തെ കുറ്റമാക്കി വ്യവസ്ഥപ്പെടുത്തുന്നതിനെടുത്ത ചരിത്രവും ദീര്‍ഘമാണ്‌. തുറന്നു പറച്ചില്‍, കുറ്റവും അപകടവുമേതെന്ന സ്ഥാപനം, തന്നില്‍ തന്നെയുള്ള മൗനരൂപീകരണങ്ങള്‍, വ്യാഖ്യാനങ്ങള്‍, വൈദ്യ/ചികിത്സാ വത്‌ക്കരണം എന്നിങ്ങനെയാണ്‌ കുമ്പസാരം ലൈംഗികതയെ കല/അറിവ്‌ എന്ന ആഹ്ലാദാടിസ്ഥാനത്തില്‍ നിന്ന്‌ കുറ്റം എന്ന നിയമവ്യവസ്ഥയിലേക്ക്‌ മാറ്റി സ്ഥാപിച്ചു.
അധികാരം ലൈംഗികത എന്ന വിഷയത്തെ എങ്ങനെയാണ്‌ സമീപിക്കുന്നത്‌? വിരുദ്ധ ബന്ധം അഥവാ ലൈംഗികത അധികാരം എന്ന പവിത്രവ്യവസ്ഥക്ക്‌ നേര്‍വിപരീതമാണന്ന സമീപനം, ലൈംഗികതയെ സംബന്ധിച്ച ഭരണഘടനാ രൂപീകരണങ്ങള്‍, നിരോധനങ്ങളുടെ ചാക്രികത, സെന്‍സര്‍ഷിപ്പിന്റെ ന്യായം, മര്‍ദനോപകരണങ്ങളുടെ ഐകരൂപ്യം എന്നീ വിധങ്ങളിലൂടെയാണ്‌ ലൈംഗികത എന്ന വിഷയം പരിചരിക്കപ്പെടുന്നത്‌.
സ്‌ത്രീ ശരീരത്തെ ഹര്‍ഷോന്മൂര്‍ഛയുടെ(ഹിസ്റ്റീരിയ)യുടെ കേന്ദ്രസ്ഥാനമാക്കുക, കുട്ടികളുടെ ലൈംഗികതയെ ബോധനശാസ്‌ത്രത്തിനു കീഴ്‌പ്പെടുത്തുക, പ്രത്യുല്‌പാദനസ്വഭാവത്തെ സാമ്പത്തിക-സാമൂഹ്യവത്‌ക്കരണത്തിലൂടെ വിശദീകരിക്കുക, വൈകൃതാഹ്ലാദങ്ങളെ മനോരോഗവത്‌ക്കരിക്കുക, എന്നീ രീതികളിലൂടെ ലൈംഗികത എന്ന മേഖല ഔദ്യോഗികവും അനൗദ്യോഗികവുമായ രീതികളില്‍ പരിചയപ്പെടുത്തപ്പെടുന്നു.
ചുരുക്കത്തില്‍, ലൈംഗികതയെ നിയന്ത്രിച്ചു കൊണ്ടും നിരോധിച്ചു കൊണ്ടും രൂപീകരിക്കപ്പെടുന്ന പരിഷ്‌ക്കാരം, മനുഷ്യരുടെ ജീവിതത്തിനു മേലുള്ള അധികാരത്തെയും മരിക്കാനുള്ള അവകാശത്തെയും പ്രശ്‌നഭരിതമാക്കുന്നു. ശരീരവും ജനസംഖ്യയും തമ്മിലുള്ള ഒരു ഇടപാടായതിനാല്‍, ലൈംഗികത രാഷ്‌ട്രാധികാരത്തിന്റെ നിര്‍ണായകമായ ഒരു ലക്ഷ്യസ്ഥാനമായി മാറി. രക്തബന്ധം എന്ന താരതമ്യേന പുതിയ പ്രശ്‌നമേഖല രൂപീകരിക്കപ്പെട്ടതിങ്ങനെയാണ്‌. ക്ഷാമം, പകര്‍ച്ചവ്യാധികള്‍, അക്രമങ്ങള്‍ എന്നീ ഘട്ടങ്ങളൊക്കെയും രക്തബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ജാതി, മതം, വംശം എന്നിവയോട്‌ ബന്ധപ്പെടുന്നതു കാണാം. പവിത്രതയും വിശുദ്ധിയും ബന്ധവും നിര്‍ണയിക്കപ്പെടുന്നിടത്താണ്‌ സ്വേഛാധികാരവും അമിതാധികാരവും അതിനു വേണ്ടിയുള്ള ശുദ്ധീകരണങ്ങളും സാമൂഹികാഹ്ലാദപ്രക്രിയകളും ജനപ്രിയതകളുമാകുന്നത്‌.
ലൈംഗിക പ്രയോഗത്തെ, കുറ്റം, തിന്മ, വീഴ്‌ച, മരണം എന്നിവയുമായി ബന്ധിപ്പിച്ചാണ്‌ ക്രിസ്‌തീയത ആഖ്യാനം ചെയ്യുന്നത്‌. എന്നാല്‍, പ്രാചീനാചാരങ്ങളില്‍ അതിനെ യഥാര്‍ത്ഥമായ സൂചനകളിലൂടെയാണ്‌ പരിചരിച്ചിരുന്നത്‌.
സ്വയം ഭോഗം മരണത്തിലേക്ക്‌ നയിക്കും, ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ശാരീരിക ബന്ധത്തിന്‌ പെരുമാറ്റച്ചട്ടങ്ങളുണ്ട്‌, സ്വവര്‍ഗ ലൈംഗികത അടക്കമുള്ള അസ്വാഭാവികത ശീലമാക്കിയവരുടെ മുഖം കോടിയും വികൃതമായുമിരിക്കും, ബ്രഹ്മചര്യത്തിന്റെ മാതൃക(ആത്മീയസന്യാസിക്ക്‌ സത്യാന്വേഷണം എളുപ്പമായിരിക്കും) എന്നിവ കൃസ്‌തീയതയുടെ ആദര്‍ശങ്ങളാണ്‌.
ലൈംഗിക ശീലങ്ങളുമായി ബന്ധപ്പെട്ടുള്ള നാലു ശൈലികള്‍; ശരീരവുമായി ബന്ധപ്പെട്ടുള്ള ഭക്ഷണക്രമീകരണം, വിവാഹവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തികശാസ്‌ത്രം, ആണ്‍കുട്ടികളുടെ വിഷയവുമായി ബന്ധപ്പെട്ടുള്ള കാമകല, സത്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ദാര്‍ശനികത എന്നിവയാണ്‌.


#sexuality #art #confession

Friday, April 3, 2015

സദാചാരം ചില കുറിപ്പുകള്‍ 6 സദാചാരത്തിന്റെ തടവറ



പതിനെട്ടാം നൂറ്റാണ്ടോടെ ലൈംഗികത എന്നത് ഒരു പൊലീസ് കാര്യമായി മാറി. അഥവാ ഒരു കുറ്റകൃത്യമായി മാറി.
ജനസംഖ്യ, സാമ്പത്തികവും രാഷ്ട്രീയവുമായ ഒരു വിഷയമായി മാറിയതും പതിനെട്ടാം നൂറ്റാണ്ടിലാണ്. സമ്പത്ത്, മനുഷ്യവിഭവശേഷി, തൊഴില്‍ ശക്തി, സര്‍ക്കാര്‍ പ്രജകളെയെന്നതിനേക്കാള്‍ ജനങ്ങളെയും, ജനസംഖ്യയെയും അഭിമുഖീകരിക്കാന്‍ തുടങ്ങി. ജനന-മരണ നിരക്കുകള്‍, ജീവിത ക്ഷമത, ഫെര്‍ട്ടിലിറ്റി, ആരോഗ്യത്തിന്റെ സ്ഥിതി, രോഗങ്ങളുടെ ദൈര്‍ഘ്യം, ഭക്ഷണത്തിന്റെയും ജീവിതരീതിയുടെയും രീതികള്‍ എന്നിവയെല്ലാം ചര്‍ച്ചയിലേക്ക് പൊന്തിവന്നു. ഇതിന്റെയെല്ലാം ഹൃദയം ലൈംഗികത അഥവാ ലൈംഗികതാ നിയന്ത്രണം ആണെന്നു കാണാം. ജനനനിരക്ക്, വിവാഹ പ്രായം, വിഹിത/അവിഹിത ജനനങ്ങള്‍, ലൈംഗിക ബന്ധങ്ങളെപ്പോഴാവാം ആരുമായിട്ടാവാം എന്ന ചര്‍ച്ച, ഗര്‍ഭധാരണം നടക്കുന്ന വിധത്തില്‍ എങ്ങനെ ബന്ധപ്പെടാം, നിരോധനങ്ങളും വിവാഹേതരവും വിവാഹപൂര്‍വവും ആയ ജീവിതത്തിന്റെ പ്രശ്‌നങ്ങള്‍, ഗര്‍ഭ നിരോധനമാര്‍ഗങ്ങള്‍ എന്നിവയെല്ലാം വ്യവസായങ്ങള്‍, വിദ്യാഭ്യാസ/ആരോഗ്യ പദ്ധതികള്‍, രഹസ്യങ്ങള്‍, ഗോസിപ്പുകള്‍, ഭരണഘടനകള്‍ അങ്ങനെ എല്ലാമായി തീര്‍ന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ രാജ്യത്തെ ജനങ്ങള്‍ എപ്രകാരമാണ് ലൈംഗികതയിലേര്‍പ്പെടുന്നത് എന്നത് എല്ലായ്‌പോഴും സര്‍ക്കാരും മറ്റ് രക്ഷാകര്‍ത്താക്കളും അറിഞ്ഞിരിക്കേണ്ട വിഷയമായി പൊതുവത്ക്കരിക്കപ്പെട്ടു. സര്‍വീലന്‍സ് ക്യാമറകള്‍ കണ്ടു പിടിക്കപ്പെടുതിനും സ്ഥാപിക്കപ്പെടുതിനും മുമ്പു തന്നെ ജനങ്ങളുടെ ലൈംഗികാഭിവാഞ്ഛകളും രഹസ്യങ്ങളും നിരീക്ഷണത്തിനു വിധേയമായിക്കഴിഞ്ഞുവെന്നു ചുരുക്കം.
കുട്ടികളുടെ ലൈംഗികതയും ഇതിനു സമാനമായ വിധത്തില്‍ സാമാന്യവത്ക്കരിക്കപ്പെട്ടു. മുതിര്‍ന്നവരും കുട്ടികളും തമ്മില്‍; അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍; വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തമ്മില്‍ എന്നിങ്ങനെയുള്ള ബന്ധങ്ങളും ഭാഷകളും പുതിയ സദാചാരരൂപീകരണത്തിന് കീഴ്‌പ്പെട്ടു. ധാര്‍മികമെന്ന് എല്ലാ അര്‍ത്ഥത്തിലും വ്യാഖ്യാനിക്കപ്പെടുകയും വിശ്വസിക്കപ്പെടുകയും ചെയ്യപ്പെട്ട ഒരു ബോധനശാസ്ത്രം(പെഡഗോജി) ഇതോടെ വ്യാപകമായി.
ലൈംഗികതയെ സംബന്ധിച്ച വ്യവാഹാരങ്ങള്‍; ജനസംഖ്യാശാസ്ത്രം, ജീവശാസ്ത്രം, വൈദ്യശാസ്ത്രം, മനശ്ശാസ്ത്രം, മനോവിശകലനശാസ്ത്രം, ധാര്‍മികശാസ്ത്രം, ബോധനശാസ്ത്രം, രാഷ്ട്രീയ വിമര്‍ശനം, കലാവിമര്‍ശനം എന്നിങ്ങനെ പല അക്കാദമിക്കും അക്കാദമിക്കല്ലാത്തതുമായ വ്യവഹാരരൂപങ്ങള്‍ക്ക് ജന്മം നല്‍കുകയും പരിണമിപ്പിക്കുകയും ചെയ്തു. ഇവയെയെല്ലാം കൂട്ടി ഘടിപ്പിക്കുന്നത് ധാര്‍മിക ദൈവശാസ്ത്രത്തിന്റെ കുമ്പസാര സിദ്ധാന്തമാണെു കാണാം. ലൈംഗികമായി ബന്ധപ്പെടുന്നത് പാതിരിക്കു മുമ്പില്‍ കുമ്പസരിക്കേണ്ടതും അല്ലാത്തപ്പോള്‍ മൗനം പാലിക്കേണ്ടതുമായ ഒരു കുറ്റകൃത്യവും ഒളിച്ചുകളിയുമായി തത്വവത്ക്കരിക്കപ്പെട്ടു. രഹസ്യത്തിലോ നിഴലിലോ ഇരുളിലോ മാത്രം നിര്‍വഹിക്കപ്പെടു ഒരു മാനുഷിക/അമാനുഷിക വികാരമായി രതിയെ എല്ലാവരും ഉറപ്പിച്ചെടുത്തു.
ഈ ചരിത്രം തീര്‍ച്ചയായും വൈകൃതങ്ങള്‍ക്കും വൈകൃതികള്‍ക്കും ജന്മമേകി. വിഹിതാവിഹിതങ്ങള്‍ക്കിടയില്‍ കിടന്ന് വൈകൃതങ്ങളുടെ നിര്‍വചനങ്ങള്‍ രചിക്കപ്പെടുകയും തിരുത്തപ്പെടുകയും കുറ്റം ചാര്‍ത്തപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു. തലോടലുകള്‍ക്കു പോലും നിയമങ്ങള്‍ രൂപീകരിക്കപ്പെട്ടു. ഒരാള്‍ മറ്റൊരാളെ എന്നല്ല, സ്വന്തം ശരീരത്തില്‍ നടത്തുന്ന ഒരു തലോടല്‍ പോലും വൈകൃതമായി അടയാളപ്പെട്ടു. വിവാഹത്തിന്റെ ബാഹ്യവും ആഭ്യന്തരവുമായ നിയമങ്ങള്‍ കൊണ്ടു തന്നെ ഒരു രാഷ്ട്രത്തിന്റെ ഭൂപടം നിര്‍മിക്കാന്‍ സാധിക്കും. അത്രമാത്രം വിപുലവും വൈവിധ്യമാര്‍ന്നതും പരസ്പരവിരുദ്ധവുമാണവ. എങ്കിലും അവയുടെ ചരിത്രം ഏതാണ്ടൊന്നു തന്നെ. ഇതിന്റെ തുടര്‍ച്ചയായി; കുട്ടികള്‍, ചിത്തരോഗികള്‍, സ്ത്രീകള്‍, കുറ്റവാളികള്‍ എന്നിവരുടെ ലൈംഗികത സൂക്ഷ്മമായി നിരീക്ഷിക്കപ്പെട്ടുകൊണ്ടേ ഇരുന്നു. ലളിതമായ നിരോധനം എന്നതിനപ്പുറം നാലു രീതിയിലാണ് ലൈംഗികതയില്‍ അധികാരം പ്രവര്‍ത്തിക്കുന്നതെന്നു കാണാം.
1. കുട്ടികളുടെ ലൈംഗികത നിയന്ത്രിക്കുന്നതിനുള്ള പരിശ്രമങ്ങള്‍. നിയമങ്ങള്‍, ബോധനം, മരുന്നുകള്‍, ചികിത്സ
2. വൈകൃതങ്ങള്‍ക്കു മേലുള്ള നിയന്ത്രണങ്ങളും നിരോധനങ്ങളും. സ്വവര്‍ഗലൈംഗികത അടക്കമുള്ള നിരവധി കാര്യങ്ങളോടുള്ള മനോഭാവമാണിതിന്റെ രീതി.
3. ലൈംഗികതയുടെ വൈദ്യവത്ക്കരണം. പരിശോധനകള്‍, അന്വേഷണങ്ങള്‍, മരുന്നുകള്‍, ബോധനം, കുടുംബാസൂത്രണം എന്നിങ്ങനെ, ആഹ്ലാദത്തിനു മേല്‍ അധികാരത്തിന്റെ പിടിമുറുക്കങ്ങള്‍ വൈദ്യവത്ക്കരണത്തിലൂടെ സാധൂകരിക്കപ്പെട്ടു.
4. സ്ത്രീപുരുഷ-നിയമാനുസൃത ദാമ്പത്യത്തിലേക്ക് ലൈംഗികതയെ വെട്ടിച്ചുരുക്കി. മതം, കല, സാഹിത്യം, വിദ്യാഭ്യാസം, നിയമങ്ങള്‍, പൊതു സമൂഹം, എന്നീ വ്യവസ്ഥകളിലൂടെ ഇത് ചരിത്രപരമായി ഉറപ്പിച്ചെടുത്തു.


#morality #morality police #surveillance

സദാചാരം ചില കുറിപ്പുകള്‍ 5 ലൈംഗിക അടിച്ചമര്‍ത്തല്‍


 

അടിച്ചമര്‍ത്തലിന്റേതായ ചരിത്രത്തോടൊപ്പമാണ്‌ മൂന്നു നാലു നൂറ്റാണ്ടുകള്‍ എടുത്ത്‌ മനുഷ്യ സമുദായം ആധുനികവത്‌ക്കരിക്കപ്പെട്ടത്‌. കിടക്കയില്‍ ഉച്ചരിക്കപ്പെടുന്ന ഏതാനും കുശുകുശുക്കലുകള്‍ ഒഴിച്ചാല്‍ ഒന്നും അനുവദനീയമല്ലാത്ത അത്ര നിഷ്‌ഠൂരമായ അടിച്ചമര്‍ത്തലിലേക്ക്‌ നാം സ്വയം ഉരുകി ഒന്നായിരിക്കുന്നു. അധികാരവും ജ്ഞാനവും ലൈംഗികതയും തമ്മിലുള്ള പ്രശ്‌നഭരിതവും അതേ സമയം പ്രാഥമികവുമായ ബന്ധത്തെ നിര്‍ണയിക്കുന്നത്‌ ഈ അടിച്ചമര്‍ത്തലാണെന്നതാണ്‌ വാസ്‌തവം. നൂറ്റാണ്ടുകള്‍ കൊണ്ട്‌ പരന്ന വെളിമ്പ്രദേശങ്ങളില്‍ നിന്നും സ്വതന്ത്രാഖ്യാനങ്ങളില്‍ നിന്നും പതിനേഴാം നൂറ്റാണ്ടോടെ നാം അടിച്ചമര്‍ത്തലിന്റെ ഇരുണ്ട ഒറ്റ വഴികളിലേക്ക്‌ കടന്നത്‌ മുതലാളിത്തവികസനത്തിന്റെ പ്രത്യയശാസ്‌ത്ര ആവശ്യമായിരുന്നു എന്നും മനസ്സിലാക്കണം. ഒരു ബൂര്‍ഷ്വാ ധാര്‍മിക സദാചാരം ലോകവ്യാപകമായി നടപ്പില്‍ വരുത്തുന്നതിനുവേണ്ടിയുള്ള പദ്ധതിയാണിത്‌. വ്യാവസായിക ഉത്‌പാദനത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടാണ്‌ ധാര്‍മികസദാചാരത്തിന്റെ ചരിത്രവും നിലനില്‍ക്കുന്നത്‌. തൊഴിലാളിയുടെ അധ്വാനത്തെ സമര്‍ത്ഥവും വ്യവസ്ഥാപിതവുമായ രീതിയില്‍ ചൂഷണം ചെയ്യുന്നതിനു വേണ്ടിയാണ്‌ അവന്റെയും അവളുടെയും ആഹ്‌ളാദത്തെ അങ്ങേയറ്റം നിയന്ത്രിച്ചു നിര്‍ത്തുന്നത്‌. കുറച്ച്‌ വളരെ കുറച്ച്‌ അനുവദിക്കും. അത്‌ കൂടുതല്‍ കൂലിപ്പണിക്കാരെ പെറ്റു കൂട്ടുന്നതിനു വേണ്ടി മാത്രം. ഭാവിയുടെ അജണ്ടയായിട്ടാണ്‌ ലൈംഗികത സ്ഥാനപ്പെടുത്തപ്പെട്ടിരിക്കുന്നത്‌. ലൈംഗിക സ്വാതന്ത്ര്യം മാത്രമല്ല, ലൈംഗികതയെക്കുറിച്ചറിയാനും അതിനെക്കുറിച്ച്‌ സംസാരിക്കാനും അതില്‍ നിന്നുള്ള അറിവുകള്‍ സമാഹരിക്കാനുമുള്ള സ്വാതന്ത്ര്യം കൂടിയാണ്‌ നിഷേധിക്കപ്പെട്ടിരിക്കുന്നത്‌.
ലൈംഗികത നിഷേധിക്കപ്പെടുകയും നിരോധിക്കപ്പെടുകയും നിശ്ശബ്‌ദമാക്കപ്പെടുകയും ചെയ്‌തു കഴിഞ്ഞാല്‍ പിന്നെ അതിനെക്കുറിച്ച്‌ സംസാരിക്കുന്നവരും അന്വേഷിക്കുന്നവരും അധികാരത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്തപ്പെടുന്നു. അതായത്‌, സത്യം എന്താണെന്ന്‌ അന്വേഷിക്കുന്നവരും തുറന്നു പറയുന്നവരും അധികാരത്തില്‍ നിന്ന്‌ പുറത്താക്കപ്പെടുന്നു. അയാള്‍ ഭരണഘടനകള്‍ ലംഘിക്കും എന്ന്‌ പ്രാഥമികമായി തന്നെ തിരിച്ചറിയപ്പെടുന്നതിനാല്‍ അയാളെന്നും ബഹിഷ്‌കൃതനായിരിക്കും. അയാള്‍ വരുംകാലത്തുള്ള സ്വാതന്ത്ര്യത്തെയാണ്‌ വിഭാവനം ചെയ്യുന്നത്‌ എന്നതിനാലും അപകടകാരിയാണ്‌. പൊതുബോധത്തിന്റെ സേഫ്‌റ്റിവാള്‍വുകളാണ്‌ വേശ്യാലയങ്ങളെന്നതു പോലെ, പൊതു സംസാരത്തിന്റെ സേഫ്‌റ്റിവാള്‍വുകളാണ്‌ ഗോസിപ്പുകളും പരദൂഷണങ്ങളും.
ആധുനിക സമൂഹത്തിന്റെ പരിഷ്‌കൃത പൗരബോധത്തില്‍, ഒഫീഷ്യലുകള്‍ മാത്രമാണ്‌ എല്ലാം കേള്‍ക്കാനര്‍ഹതയുള്ളവര്‍. പുരോഹിതര്‍, ഡോക്‌ടര്‍മാര്‍, പൊലീസുകാര്‍ എന്നിങ്ങനെയുള്ള ഒഫീഷ്യലുകള്‍ക്ക്‌ മാത്രമാണ്‌ ലൈംഗികതയുടെ രഹസ്യങ്ങളും ആ രഹസ്യങ്ങളുടെ ചരിത്രവും കേള്‍ക്കാന്‍ അവസരം ലഭിക്കുന്നുള്ളൂ. അവരുടെ ചെവികള്‍ ഇതിനായി വാടകക്ക്‌ വിട്ടുകൊടുക്കപ്പെട്ടിരിക്കുന്നു.
സാമ്പത്തിക വ്യവസ്ഥയുടെ പ്രത്യയശാസ്‌ത്രം മാത്രമായിട്ടല്ല ലൈംഗികതയുടെ നിയമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. ബോധനം എന്ന പ്രാചീനമായ ആവിഷ്‌ക്കാരരൂപത്തിന്‌ പിന്തുണയര്‍പ്പിക്കുന്നതും ലൈംഗികതയാണെന്നു കാണാം. വിദ്യാഭ്യാസവും നിര്‍മിത കലകളും കുടുംബരൂപീകരണവും സംസ്‌ക്കാര രൂപീകരണവും സാധ്യമാവുന്നത്‌ ബോധനത്തിലൂടെയാണെന്നിരിക്കെ അതിന്റെ വ്യാപ്‌തി വിവരണാതീതവുമാണ്‌. അതായത്‌, അടിച്ചമര്‍ത്തപ്പെട്ട ലൈംഗികത എന്നത്‌ കേവലം സൈദ്ധാന്തികമായ ഒരു പ്രശ്‌നമണ്‌ഡലമല്ലെന്നര്‍ത്ഥം. മുതലാളിത്തത്തിന്റെ സാമ്പത്തികവ്യവസ്ഥയെ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കാനും ഭരണനിയമങ്ങളെ സാധുതയുള്ളതാക്കാനും ഭാവിയെ സംരക്ഷിതമാക്കാനും ഈ ധാര്‍മിക സദാചാരത്തെയാണ്‌ ആശ്രയിക്കുന്നതെന്നു ചുരുക്കം.
ഈ കാലത്ത്‌ ജീവിച്ചിരിക്കുന്നു എന്നതു കൊണ്ടു മാത്രം, നാം നമ്മുടെ ഭൂതകാലത്തിനും വര്‍ത്തമാനകാലത്തിനും നമുക്കു തന്നെയും എതിരായിത്തീര്‍ന്നിരിക്കുന്നു. ലൈംഗികത എന്നത്‌ ഒരു കുറ്റകൃത്യമാണെന്ന്‌ വ്യവസ്ഥാപിതപ്പെടുത്തുന്നതിലൂടെയാണ്‌ നാം നമ്മുടെ ചരിത്രപരവും ജൈവപരവുമായ വിപരീതത്തിനുള്ളില്‍ കുടുങ്ങിപ്പോയിരിക്കുന്നത്‌.
മൂന്നു സംശയങ്ങളാണ്‌ ഇതു സംബന്ധമായി മിഷേല്‍ ഫൂക്കോ ഉന്നയിക്കുന്നത്‌.
1. ലൈംഗിക അടിച്ചമര്‍ത്തല്‍ എന്നത്‌ ചരിത്രപരമായി വ്യവസ്ഥാപിതമായിക്കഴിഞ്ഞ ഒരു വസ്‌തുതയാണോ?(ചരിത്രപരമായ ചോദ്യം)
2. നമ്മുടേതു പോലുള്ള കാലത്ത്‌, അധികാരം പ്രവര്‍ത്തിക്കുന്നത്‌ അടിച്ചമര്‍ത്തലിലൂടെ തന്നെയാണോ? നിരോധനവും സെന്‍സര്‍ഷിപ്പും നിഷേധവും അധികാരം പ്രവര്‍ത്തനക്ഷമമാകുന്നതിന്റെ ലക്ഷണങ്ങള്‍ തന്നെയല്ലേ?(ചരിത്ര-സൈദ്ധാന്തിക ചോദ്യം)
3. അടിച്ചമര്‍ത്തലും അധികാരവും തമ്മിലുള്ള ബന്ധത്തെ വെളിപ്പെടുത്തുന്ന വിമര്‍ശനാത്മക വ്യവഹാരം, ചോദ്യം ചെയ്യാനാരുമില്ല എന്നെല്ലാവരും കരുതുന്ന അധികാരബലതന്ത്രത്തിന്‌ ഒരു തടസ്സമായിത്തീരുമോ? അടിച്ചമര്‍ത്തലിന്റെ യുഗവും അതിനെ സംബന്ധിച്ച വിമര്‍ശനാത്മക വിശകലനത്തിന്റെ യുഗവും തമ്മില്‍ ചരിത്രപരമായി ഒരു വിഛേദമുണ്ടോ? (ചരിത്ര-രാഷ്‌ട്രീയ ചോദ്യം)
അധികാരം-ജ്ഞാനം-ആഹ്ലാദം എന്ന സാമ്രാജ്യത്വത്തിന്റെ നിര്‍വചനമെന്താണ്‌ എന്നതു തന്നെയാണ്‌ പ്രാഥമികമായ പ്രശ്‌നം. 




Wednesday, April 1, 2015

സദാചാരം ചില കുറിപ്പുകള്‍ 4 വിക്‌ടോറിയന്‍ സദാചാരം



നാലു നൂറ്റാണ്ടുകളായി നാം വിക്‌ടോറിയന്‍ സദാചാരം പരിശീലിച്ചു വരികയാണ്. ലൈംഗികത എന്ന വാക്ക് കേട്ടാല്‍ തന്നെ ഞെട്ടിവിറക്കുന്ന ഒരു ജനതയുടെ, ജനതകളുടെ സാമ്രാജ്യത്വങ്ങള്‍ തന്നെ രൂപീകരിക്കപ്പെട്ടിരിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ടതും നിശ്ശബ്ദവും കപടവുമായ ഒരു ലൈംഗിക സദാചാരത്തെ ശരിയും ശാശ്വതവും സാര്‍വകാലികവും സാര്‍വലൗകികവും ആയ ഒരു പരിഷ്‌ക്കാരമായി നാം സ്വീകരിച്ചിരിക്കുന്നു.
പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഈ മാറ്റം ആരംഭിച്ചത്. അതുവരെയും ശരീരങ്ങള്‍ക്കു തമ്മിലും ശരീരങ്ങള്‍ക്കിടയിലും ഈ ഭയാനകത നിലനിന്നിരുന്നില്ല. വാക്കുകളുടെ സാംസ്‌ക്കാരിക സെന്‍സര്‍ഷിപ്പ് നിലവില്‍ വന്നിരുന്നില്ല. വെളിച്ചം അവസാനിച്ചു. വിക്‌ടോറിയന്‍ ബൂര്‍ഷ്വാസിയുടെ ഏകതാനവും അങ്ങേയറ്റം മടുപ്പിക്കുന്നതുമായ രാത്രികള്‍ അക്കാലത്തോടെ നടപ്പിലായിതുടങ്ങി. ലൈംഗികത ശ്രദ്ധാപൂര്‍വം അതിരുകള്‍ നിശ്ചയിച്ച് അതിനുള്ളിലേക്ക് വെട്ടിച്ചുരുക്കപ്പെട്ടു. പതീ-പത്‌നി നിബന്ധിതമായ കുടുംബത്തിനകത്തേക്ക് അതിനെ ഒതുക്കി. പ്രത്യുല്‍പാദനം എന്ന വളരെ ഗൗരവമാര്‍ന്ന ഒരു ധര്‍മത്തിലേക്ക് മാത്രമായി ലൈംഗികതയെ നാം തളച്ചിട്ടു. ഗൗരവം മുഖ്യസ്ഥാനത്തേക്ക് വന്നപ്പോള്‍ ആഹ്ലാദം അവസാനിച്ചു. മൗനമാണ് ലൈംഗികത എന്ന വിഷയത്തിന്റെ അടിസ്ഥാന നിയമം എന്ന നില വന്നു. നിയമാനുസൃതവും പ്രത്യുല്‍പാദനക്ഷമതയുള്ളതുമായ ഭര്‍തൃ-ഭാര്യാദ്വയം അവരെ തന്നെ മാതൃകകളായും നിയമമായും സത്യത്തിന്റെ കാവലാളുകളായും രഹസ്യത്തിന്റെ സൂക്ഷിപ്പുകാരായും സ്വയം വ്യവസ്ഥാപിതരായി. ലൈംഗികതയുടെ ഒരേയൊരു നിര്‍വഹണ/അന്വേഷണ പ്രദേശം കിടപ്പറ മാത്രമായി തീര്‍ന്നു. ഉപയോഗപരവും പ്രത്യുല്‍പാദനം ലക്ഷ്യമാക്കിയുള്ളതുമായ മാതാവിന്റെയും പിതാവിന്റെയും കിടപ്പറ. മറ്റുള്ള എല്ലാ സ്ഥലത്തു നിന്നും ലൈംഗികത നിരോധിക്കപ്പെടുകയോ തുടച്ചു നീക്കപ്പെടുകയോ ചെയ്തു. എല്ലായിടത്തും അവ്യക്തത. ശരീരങ്ങള്‍ തമ്മില്‍ യാതൊരു വിധ സ്പര്‍ശനവും അനുവദനീയമല്ല. എല്ലാവരുടെയും സംസാരങ്ങള്‍ ലൈംഗിക നിരപേക്ഷമായിരിക്കണമെന്ന നിബന്ധന നിലവില്‍ വന്നു. എന്തെങ്കിലും അപഭ്രംശങ്ങള്‍ വന്നാല്‍ അതിനെ എത്രയും പെട്ടെന്നു തന്നെ ഒറ്റപ്പെടുത്താന്‍ തീവ്രശ്രമങ്ങള്‍. ലൈംഗികത ഏതെങ്കിലും വിധത്തില്‍ ദൃശ്യമായാല്‍ കടുത്ത പിഴകളാണ് ചുമത്തപ്പെടുക.
തലമുറകളായി അനുശീലിക്കപ്പെടുന്നതല്ലാത്ത ഏതു വാക്കും പ്രവൃത്തിയും അനുവദനീയമല്ല. അതെന്താണെന്ന് കേള്‍ക്കാന്‍ പോലും പൊതുബോധം തയ്യാറല്ല. അതിനെ നാം പടിക്കു പുറത്താക്കി. നിഷേധിച്ചു. മൗനത്തിലേക്ക് വെട്ടിച്ചുരുക്കി. അത് നിലനില്‍ക്കുന്നില്ല. നിലനില്‍ക്കാന്‍ അര്‍ഹതയുമില്ല. അത് ചെറിയ പ്രകടനത്തിന് തുനിഞ്ഞാല്‍ പോലും അതിനെ നാം വേഗത്തില്‍ അപ്രത്യക്ഷമാക്കും. ലൈംഗികത എന്ന ഒന്ന് നിലനില്‍ക്കുന്നേ ഇല്ല എന്ന സാമാന്യബോധത്തിന്റെ മേല്‍പ്പുരക്ക് കീഴിലാണ് നാം കട്ടികളെ വളര്‍ത്തിയെടുക്കുന്നത്. അതിനെപ്പറ്റി ഒന്നും അറിയാനില്ല, ഒന്നും പറയാനില്ല, ഒന്നും കാണാനില്ല, ഒന്നും കേള്‍ക്കാനുമില്ല. ബൂര്‍ഷ്വാ സമൂഹ രൂപീകരണത്തിന്റെ അപഹാസ്യവും കപടവുമായ നീതിയാണിത്. ചില്ലറ ഒഴികഴിവുകള്‍ അനുവദനീയമാണ്. വേശ്യാലയങ്ങളും തടവറകളും ഭ്രാന്താസ്പത്രികളും അതിനു വേണ്ടിയാണ് നിര്‍മിച്ചുവെച്ചിരിക്കുന്നത്. വേശ്യകള്‍, കൂട്ടിക്കൊടുപ്പുകാര്‍, ഉപഭോക്താവ്, മനോരോഗി, മനശ്ശാസ്ത്രജ്ഞന്‍, തടവുകാരന്‍, കാവല്‍ക്കാരന്‍ എന്നിവര്‍ ഉദാര സമുദായത്തിന്റെ സഹിഷ്ണുതക്കുള്ള ഉദാഹരണങ്ങളായി എടുത്തു കാട്ടപ്പെട്ടു. സ്റ്റീവന്‍ മാര്‍ക്കൂസ് ഇവരെ മറ്റു വിക്‌ടോറിയന്‍സ് എന്നു വിളിക്കുന്നു. പറയപ്പെടാത്തതും നിരോധിക്കപ്പെട്ടതുമായ ആഹ്ലാദം അവിടെ പ്രതിഫലത്തിനു പകരമായി അനുവദിക്കപ്പെടുന്നു. വിലക്ക്, നിലനില്‍ക്കുന്നില്ലെന്ന നിര്‍ബന്ധിത ധാരണ, മൗനം എന്നീ മൂന്നു ഉത്തരവുകളിലൂടെ അല്ലാത്ത എല്ലാ സ്ഥലത്തും ആധുനിക പരിശുദ്ധ സദാചാരം നിലവില്‍ വന്നിരിക്കുന്നു.

‪#‎morality‬ ‪#‎sadaachaaram #victorian morality #sexuality

Tuesday, March 31, 2015

സദാചാരം ചില കുറിപ്പുകള്‍ 3 ഏകഭാര്യാത്വം



അത്തരമൊരു കുടുംബരൂപം യുഗ്മ കുടുംബത്തില്‍ നിന്ന് ഏകഭാര്യാത്വത്തിലേക്കുള്ള പരിവര്‍ത്തനത്തെയാണ് കാണിക്കുന്നത്. ഭാര്യയുടെ പാതിവ്രത്യം എന്ന് പറഞ്ഞാല്‍ കുട്ടികളുടെ പിതൃത്വം, ഉറപ്പു വരുത്തുന്നതിനു വേണ്ടി സ്ത്രീയെ പുരുഷന്റെ പൂര്‍ണമായ അധികാരത്തിന് വിധേയയാക്കി. അവളെ കൊല്ലാന്‍ പോലും അയാള്‍ക്ക് അവകാശമുണ്ടെന്നു വന്നു.
ഏറ്റവും പരിഷ്‌കൃതമെന്നും സംസ്‌ക്കാരസമ്പന്നമെന്നും നാഗരികമെന്നും കരുതപ്പെടുന്ന ഏകഭാര്യാത്വ കുടുംബത്തെപ്പറ്റി ഏംഗല്‍സ് ഇപ്രകാരം വിശദീകരിക്കുന്നു: പുരുഷന്റെ പരമാധികാരമാണ് അതിന്റെ അടിത്തറ. സംശയാതീതമായ പിതൃത്വം സന്താനങ്ങള്‍ക്ക് ഉറപ്പു വരുത്തുക എന്നതാണ് ലക്ഷ്യം. കുട്ടികള്‍ക്ക് അഛന്റെ സ്വത്തിന് അവകാശം കിട്ടാന്‍ ഇതാവശ്യമായിരുന്നു. വിവാഹബന്ധം കൂടുതല്‍ ദൃഢമാവുകയും ഉഭയകക്ഷികളില്‍ ആര്‍ക്കെങ്കിലും തോന്നും പോലെ വിഛേദിക്കാവുതല്ലെന്ന് വരികയും ചെയ്തുവെന്നുള്ളതാണ് യുഗ്മവിവാഹത്തില്‍ നിന്ന് ഏകഭാര്യാത്വവിവാഹത്തിനുള്ള വ്യത്യാസം. വിവാഹമോചനം പുരുഷനു മാത്രം അവകാശപ്പെട്ടതായി. ലൈംഗിക നിരങ്കുശത്വം, ആചാരവശാലെങ്കിലും അവന്റെ കുത്തകയായി തന്നെ തുടര്‍ന്നു. സമൂഹത്തിന്റെ പുരോഗതിക്കനുസരിച്ച് ആ അവകാശം അവന്‍ കൂടുതല്‍ കൂടുതല്‍ എടുത്ത് പ്രയോഗിച്ച് പോരുകയും ചെയ്യുു. പക്ഷെ, സ്ത്രീ അവളുടെ പഴയ ലൈംഗിക സ്വാതന്ത്ര്യം ഒന്നു വീണ്ടെടുക്കാന്‍ ആഗ്രഹിച്ചു പോയാലാ? പണ്ടത്തേതിനേക്കാളും കടുത്ത ശിക്ഷയാണ് അവള്‍ അനുഭവിക്കേണ്ടിവരിക.


എംഗല്‍സ് തുടരുന്നു: യാതൊരു കാരണവശാലും പുരുഷനും സ്ത്രീയും തമ്മിലുള്ള രഞ്ജിപ്പിന്റെ ഫലമായിട്ടല്ല ഏകഭാര്യാത്വം ചരിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്; അത് അത്തരം ഒരു രഞ്ജിപ്പിന്റെ ഏറ്റവും ഉയര്‍ന്ന രൂപവും അല്ല തന്നെ. നേരെ മറിച്ച് ഒരു ലൈംഗികവര്‍ഗം മറ്റേതിനെ കീഴ്‌പ്പെടുത്തിയതിന്റെ പ്രതീകമായിട്ടാണ്, ചരിത്രാതീതകാലത്ത് കേട്ടുകേഴ്‌വി പോലുമില്ലാത്ത, ലൈംഗികവര്‍ഗങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തിന്റെ പ്രഖ്യാപനമായിട്ടാണ് അത് പ്രത്യക്ഷപ്പെട്ടത്. മാര്‍ക്‌സും ഞാനും കൂടി 1946ല്‍ എഴുതിയ അപ്രകാശിതമായ ഒരു പ്രബന്ധത്തില്‍ പറഞ്ഞിരുന്നു: 'പുരുഷനും സ്ത്രീയും തമ്മിലുള്ള തൊഴില്‍ വിഭജനത്തില്‍ ഒന്നാമത്തേത് പ്രസവമാണ്'. ഇന്ന് അതിന്റെ കൂടെ ഇത്രയും കൂടി പറയാം; ചരിത്രത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്ന വര്‍ഗവൈരുദ്ധ്യം ഏകഭാര്യാത്വ വിവാഹത്തില്‍ പുരുഷനും സ്ത്രീയും തമ്മിലുള്ള വൈരുദ്ധ്യമാണ്. പുരുഷന്‍ സ്ത്രീയെ അടിമപ്പെടുത്തിയത് ആദ്യത്തെ വര്‍ഗമര്‍ദനവും. ഏകഭാര്യാത്വം വലിയൊരു ചരിത്രമുന്നേറ്റമായിരുന്നു. പക്ഷേ, അതേ സമയം തന്നെ അതും അടിമത്തവും സ്വകാര്യസ്വത്തും കൂടി ഉദ്ഘാടനം ചെയ്തത്, ഓരോ മുന്നേറ്റവും അതേ മട്ടില്‍ തന്നെ പിന്നോട്ടടിയായി പരിണമിക്കുന്നു. ഒരു വിഭാഗത്തിന്റെ ക്ഷേമൈശ്വര്യങ്ങളും പുരോഗതിയും മറ്റൊരു വിഭാഗത്തിന്റെ ദുരിതത്തിലും അധോഗതിയിലും നിന്നു മാത്രം ജനിക്കുന്ന, ഒരു യുഗത്തെയാണ്. അത് ഇന്നും തുടര്‍ന്നു പോരുന്നു. നാഗരിക സമൂഹത്തിന്റെ കോശരൂപമാണത്. പില്‍ക്കാലത്ത് പൂര്‍ണവികാസം നേടിയ വൈപരീത്യങ്ങളുടെയും വൈരുദ്ധ്യങ്ങളുടെയും സ്വഭാവം അതില്‍ നമുക്ക് കണ്ടെത്തുകയും ചെയ്യാം.
മനുഷ്യസ്വാതന്ത്ര്യത്തിന് കുടുംബം എത്രമാത്രം വിഘാതമാണെ ധാരണയും എംഗല്‍സ് മുന്നോട്ടു വെക്കുന്നു: നിയമപരമായ പ്രത്യേക ആനുകൂല്യങ്ങളൊന്നും കൂടാതെ തന്നെ പുരുഷന് കുടുംബത്തില്‍ അധീശസ്ഥാനം നേടിക്കൊടുക്കുന്നു. കുടുംബത്തില്‍ അയാള്‍ ബൂര്‍ഷ്വയും ഭാര്യ തൊഴിലാളിയുമാണ്. തൊഴിലാളി-മുതലാളി ബന്ധത്തിലെ പോലെ തന്നെ സ്ത്രീയുടെ മേല്‍ പുരുഷന്‍ അടിച്ചേല്‍പ്പിക്കുന്ന അധീശത്വത്തിന്റെ ശരിയായ സ്വഭാവവും അത് തുടച്ചു മാറ്റി പകരം യഥാര്‍ഥ സാമൂഹ്യസമത്വം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ശരിക്കും ബോധ്യപ്പെടണമെങ്കില്‍ അതിന് ആദ്യമായി വേണ്ടത് നിയമത്തിന്റെ മുമ്പില്‍ സ്ത്രീക്കും പുരുഷനും പൂര്‍ണമായ തുല്യത ലഭിക്കുകയാണ്. സ്ത്രീയുടെ മോചനത്തിനുള്ള പ്രഥമോപാധി സ്ത്രീവര്‍ഗത്തെ ഒന്നടങ്കം പൊതുസേവനത്തുറകളിലേക്ക് പുന:പ്രവേശിപ്പിക്കുകയാണെന്നും അതു സാധിക്കണമെങ്കില്‍ സമൂഹത്തിന്റെ സാമ്പത്തിക യൂണിറ്റായി വര്‍ത്തിക്കുന്ന ഈ ഒറ്റയൊറ്റയായ കുടുംബം ഇല്ലാതായിത്തീരണമെന്നും അപ്പോള്‍ മനസ്സിലാവും.


#‎monogamy‬ ‪#‎morality‬ ‪#‎sadaachaaram‬ ‪#‎frederic‬ engels ‪#‎family‬

Monday, March 30, 2015

സദാചാരം - ചില കുറിപ്പുകള്‍ 2 കുടുംബം


വിവിധങ്ങളായ കാലഘട്ടങ്ങളിലും പ്രദേശങ്ങളിലും, വിവിധങ്ങളായ കുടുംബഗണങ്ങള്‍ നിലിനിന്നിട്ടുണ്ട്. എന്നാല്‍ പിതൃമേധാവിത്ത കുടുംബങ്ങള്‍ക്കായിരുന്നു വളരെ വലിയ മുന്‍തൂക്കം. കൂടാതെ ബഹുഭാര്യാത്വം നിലവിലുള്ള പിതൃമേധാവിത്ത കുടുംബങ്ങളെ ഏകഭാര്യാത്വം നിലവിലുള്ളവ കൂടുതല്‍ കൂടുതല്‍ അതിജീവിച്ചിട്ടുമുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍, ക്രിസ്തുമതത്തിന്റെ വരവിനു മുമ്പുള്ള കാലഘട്ടങ്ങളില്‍ നിലവിലിരുന്നതു പോലുള്ള സദാചാരസംഹിതയുടെ മുഖ്യലക്ഷ്യം, പിതൃമേധാവിത്ത കുടുംബത്തിന് നിലനില്‍ക്കാന്‍ സാധ്യമായ അളവോളം സ്ത്രീകളുടെ ചാരിത്ര്യശുദ്ധി സംരക്ഷിക്കുക എന്നതായിരുന്നു; കാരണം, പിതൃത്വം അനിശ്ചിതമാണ്.
മനുഷ്യവംശത്തിന്റെ ചരിത്രം പുരോഗതിയിലേക്കുള്ള ഒരു പ്രയാണമായി കരുതുന്ന അമേരിക്കന്‍ നരവംശശാസ്ത്രജ്ഞനായ ലെവിസ് എച്ച് മോര്‍ഗന്‍ തന്റെ പ്രാചീന സമൂഹം എന്ന പഠനത്തില്‍ കുടുബം എന്ന സങ്കല്പന/പ്രയോഗത്തെ ഇപ്രകാരം രേഖീകരിക്കുന്നു. സഹോദരന്മാരും സഹോദരിമാരും തമ്മില്‍ ലൈംഗിക ബന്ധം സാധിച്ചിരുന്ന ഘട്ടം - സഹോദരന്മാര്‍ തമ്മില്‍ തമ്മില്‍ അവരുടെ ഭാര്യമാരെയും സഹോദരിമാര്‍ തമ്മില്‍ തമ്മില്‍ അവരുടെ ഭര്‍ത്താക്കന്മാരെയും പങ്കിടുന്ന ഘട്ടം - ബഹുഭാര്യാത്വം - പ്രത്യേകം താമസമാക്കുന്നില്ലെങ്കിലും ഏക പതീ/പത്‌നി വ്രത കുടുംബം - ആധുനിക കാലത്തുള്ളതു പോലെ, ഒരു ഭാര്യയും ഒരു ഭര്‍ത്താവും ചേര്‍ന്ന് പ്രത്യേകം മാറിത്താമസിച്ചു കൊണ്ട് രൂപീകരിക്കുന്ന കുടുംബം.
മോര്‍ഗന്റെ ഗവേഷണ നിരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി ഫ്രെഡറിക് ഏംഗല്‍സ് കൂടുതല്‍ സുവ്യക്തമായ നിഗമനങ്ങളിലെത്തിച്ചേര്‍ന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍; തായവകാശം തുടച്ചു മാറ്റപ്പെട്ടത് സ്ത്രീവര്‍ഗത്തിന് സംഭവിച്ച ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയായിരുന്നു. പുരുഷന്‍ വീട്ടിനികത്തെ ഭരണവും കൈയടക്കി. പുരുഷന്റെ കാമവെറിയുടെ ഇരയായി, സന്തത്യുത്പാദനത്തിനുള്ള വെറും ഉപകരണമായി സ്ത്രീ തരം താഴ്ത്തപ്പെട്ടു. പുരുഷന്റെ സാര്‍വഭൗമത്വം ഈ ഘട്ടത്തില്‍ ഉയര്‍ന്നു വന്ന പിതൃമേധാവിത്ത കുടുംബത്തില്‍ തെളിഞ്ഞു കാണാം. ബഹുഭാര്യാത്വമല്ല, കുടുംബത്തലവനു കീഴില്‍ സ്വതന്ത്രരും അടിമകളുമായ ഒരു കൂട്ടം ആളുകള്‍ ഒരു കുടുംബമായി കഴിയുക എതാണ് അതിന്റെ മുഖ്യ സവിശേഷത. റോമാക്കാര്‍ക്കിടയിലാണ് അതിന്റെ ഉത്തമമായ മാതൃക നിലനിന്നിരുന്നത്. കുടുംബം എന്ന വാക്കിനു തന്നെ ഭര്‍ത്താവും ഭാര്യയും അവരുടെ കുട്ടികളും എന്ന അര്‍ത്ഥമല്ല ആദ്യകാലത്തുണ്ടായിരുത്. അടിമകള്‍ എന്നുമാത്രമേ ഇതിന്റെ മൂലപദം കൊണ്ട് അര്‍ത്ഥമാക്കിയിരുന്നുള്ളൂ. കൊല്ലിനും കൊലക്കും അധികാരമുള്ള ഒരു കുടുംബത്തലവനു കീഴില്‍ ഭാര്യയും മക്കളും അടിമകളും ഉള്‍പ്പെടുന്ന പുതിയ സാമൂഹ്യഘടകത്തെക്കുറിച്ച് വ്യവഹരിക്കാന്‍ റോമക്കാര്‍ കുടുംബം എന്ന വാക്ക് കണ്ടുപിടിച്ചു. കൃഷിയും നിയമാനുസൃതമായ അടിയായ്മയും തുടങ്ങിയതിനു ശേഷമാണ് ആ കുടുംബരൂപം പ്രത്യക്ഷപ്പെട്ടത് എന്ന് വ്യക്തമാക്കിയതിനു ശേഷം, മാര്‍ക്‌സ് പറയുന്നു. ആധുനിക കുടുംബത്തിനകത്ത് അടിമത്തം മാത്രമല്ല അടിയായ്മയും അതിന്റെ ബീജരൂപത്തില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. കാരണം, ആദിമുതല്‍ക്കെ അത് കൃഷിപ്പണിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്. സമൂഹത്തിലും അതിന്റെ ഭരണകൂടത്തിലും പില്‍ക്കാലത്ത് വന്‍തോതില്‍ രൂപം കൊണ്ട സകല വൈരുദ്ധ്യങ്ങളുടെയും തന്മാത്രാരൂപങ്ങള്‍ അതിലടങ്ങിയിട്ടുണ്ട്.
#kudumbam #sadaachaaram #family #morality #Patriarchy

Sunday, March 29, 2015

സദാചാരം - ചില കുറിപ്പുകള്‍ 1 ആമുഖം




ധാര്‍മിക ജീവിതത്തിന് അത്യന്താപേക്ഷിതമായ ആചാരം എന്നും നീതിശാസ്ത്രം അനുശാസിക്കുന്ന ആചാരം എന്നും ചാരിത്ര പാലനം എന്നുമാണ് ശബ്ദസാഗര(മലയാള നിഘണ്ടു)ത്തില്‍ സദാചാരം എന്ന പദത്തിന് കൊടുത്തിരിക്കുന്ന അര്‍ത്ഥ വ്യാഖ്യാനങ്ങള്‍. മറഞ്ഞിരിക്കുന്നതോ തുറന്നിരിക്കുന്നതോ ആയ ഈ അര്‍ത്ഥവ്യാഖ്യാനങ്ങളിലൂടെ തന്നെ പ്രവര്‍ത്തിക്കുന്ന ഒരു പ്രത്യയശാസ്ത്രമായി സദാചാരം ഇക്കാലത്തിനിടയില്‍ മാറിത്തീര്‍ന്നിരിക്കുന്നു.
വ്യക്തിക്കു മേല്‍ നിര്‍ദേശിക്കപ്പെടുന്ന കുറെയധികം മൂല്യങ്ങളും പ്രയോഗത്തിന്റെ നിയമങ്ങളും ആണ് സദാചാരം എന്ന പ്രത്യയശാസ്ത്രം.



കുടുംബം, വിദ്യാഭ്യാസം, മതം, ജാതി, പള്ളി, പൊലീസ്, കോടതി, രാഷ്ട്രീയ കക്ഷികള്‍, സാമൂഹ്യ സംഘടനകള്‍, സമുദായ നേതൃത്വം, കല, സിനിമ, സാഹിത്യം എന്നിങ്ങനെയുള്ള സ്ഥാപനങ്ങളുടെ ചികിത്സാ കുറിപ്പടികള്‍ വഴിയാണ് സദാചാരം നടപ്പില്‍ വരുന്നതും പ്രവര്‍ത്തനക്ഷമമാകുന്നതും.
ലൈംഗിക സദാചാര സംഹിതയുടെ പ്രത്യഘാതങ്ങള്‍ എറ്റവുമധികം വൈവിധ്യപൂര്‍ണമാണ് - വ്യക്തിപരവും വൈവാഹികവും കുടുംബപരവും, പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവും ആയി, ഇവയില്‍ ചില കാര്യങ്ങളില്‍ ഈ പ്രത്യാഘാതങ്ങള്‍ നല്ലതും മറ്റു ചിലവയില്‍ മോശവുമായേക്കും. പ്രകൃതി നല്‍കിയതു മാത്രമല്ല, സംസ്‌ക്കാരമായിത്തീര്‍ന്നതും - അതുയര്‍ന്നതോ താഴ്ന്നതോ ആവട്ടെ - ആയ ഘടകങ്ങള്‍ക്ക് ലൈംഗിക ജീവിതത്തില്‍ പങ്കുണ്ട്. സ്ത്രീ പുരുഷ ബന്ധങ്ങള്‍, സമ്പദ് ഘടനയും ശാരീരികാവശ്യവും തമ്മിലുള്ള സംയുക്തസ്വാധീനത്തിന്റെ വെറും പ്രകാശനമല്ല. ഇത്തരം ബന്ധങ്ങളില്‍ വരുന്ന മാറ്റങ്ങളെ സമൂഹത്തിന്റെ സാമ്പത്തികാടിത്തറയുമായി ബന്ധപ്പെടുത്തി തത്ത്വശാസ്ത്രത്തില്‍ നിന്ന് പൂര്‍ണമായി വേര്‍പെടുത്തി പരിശോധിക്കാനുമാവില്ല. രണ്ടു പേര്‍ പ്രണയിക്കുകയും മൂന്നാമതൊരു വ്യക്തിക്ക് ജന്മം നല്‍കുകയും ചെയ്യുന്നത് സാമൂഹ്യമായ ഒരു സങ്കീര്‍ണ പ്രക്രിയയാണ്. ഇതില്‍ സമുദായത്തോടുള്ളതും സമുദായത്തിന് തിരിച്ച് വ്യക്തിയോ(കളോ)ടുള്ളതുമായ കര്‍ത്തവ്യങ്ങളുടെ തലങ്ങളുമുണ്ട്.
കണ്ടാലറക്കുന്ന ലജ്ജാഗോഷ്ഠികള്‍ക്കും ആര്‍ത്തി പൂണ്ട ഉള്ളിലിരിപ്പുകള്‍ക്കുമിടയിലായി പിളര്‍ന്നു പോയ കേരളീയരുടെ ലൈംഗിക കാമനകള്‍, സദാചാര-ക്രമ സമാധാനപ്രശ്‌നങ്ങള്‍ മാത്രമല്ല, സാമൂഹ്യ-രാഷ്ട്രീയ പ്രതിസന്ധിയുമാണെ് നാം തിരിച്ചറിയണം.
സാമ്പത്തികവും സൈനികവുമായ ഭൗതികാധിനിവേശത്തോടൊപ്പം കൊളോണിയല്‍ സമൂഹങ്ങളുടെ ആത്മീയചിന്താലോകങ്ങളെ കീഴ്‌പ്പെടുത്താന്‍ മിഷണറി പ്രവര്‍ത്തനങ്ങളെ കൈയാളായി നിയോഗിച്ച കൊളോണിയലിസം പക്ഷേ, കോളനികളില്‍ തികച്ചും പ്രയോജനമാത്രപരമായൊരു മൂല്യാധിനിവേശമാണ് സാധിച്ചത്. നഗ്നമായ പണാധിപത്യത്തോടും അതോടു ചേര്‍ന്ന വ്യഭിചാരവൃത്തികളോടുമൊപ്പം, യൂറോപ്പ് തന്നെയും കൈയൊഴിച്ച മധ്യകാല ക്രിസ്തീയ മൂല്യസംഹിതകളെ ഈ പിന്നോക്ക സാമൂഹിക ഘടനകള്‍ക്കു മേല്‍ പ്രതിപ്രവര്‍ത്തിപ്പിക്കുകയും ആധിപത്യത്തിന്റെ പുതിയൊരു പാഠം തീര്‍ക്കുകയുമാണവര്‍ ചെയ്തത്. കൊളോണിയല്‍ സമൂഹങ്ങള്‍ക്ക് തുടര്‍ന്ന് സ്വന്തം ഭൂതകാലത്തെ ഈ സങ്കരജീവിതസ്വത്വത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുക തന്നെ എളുപ്പമല്ലാതായിത്തീരുകയും ചെയ്യുന്നു. മാത്രവുമല്ല, ഒഴുകിപ്പോയ ചരിത്രകാലത്തെപ്പോലെ തന്നെ, അതതേപടി ഇനി തിരിച്ചുപിടിക്കുക അസാധ്യമായൊരു സങ്കല്‍പസ്വപ്നം മാത്രവുമാണ്.