Saturday, April 4, 2015

സദാചാരം ചില കുറിപ്പുകള്‍ 7 ലൈംഗികതയുടെ കലയില്‍ നിന്ന്‌ കുമ്പസാരത്തിന്റെ നിയമത്തിലേക്ക്‌ലൈംഗികത എന്ന സത്യം ആവിഷ്‌ക്കരിക്കുന്നതിന്‌ ചൈന, ജപ്പാന്‍, ഇന്ത്യ, റോമ, അറേബ്യന്‍ മുസ്ലിം സമൂഹം എന്നിവിടങ്ങളിലെല്ലാം നൂറ്റാണ്ടുകള്‍ കൊണ്ട്‌ രൂപീകരിക്കപ്പെട്ട മഹത്തായ കലാരൂപങ്ങള്‍ ദൃശ്യമാണ്‌. ആഹ്ലാദം, പ്രയോഗത്തിലൂടെ ബോധ്യപ്പെടുകയും അനുഭവത്തിലൂടെ ശേഖരിക്കപ്പെടുകയും ചെയ്‌തു. അനുവദിക്കപ്പെട്ടത്‌, നിരോധിക്കപ്പെട്ടത്‌ എന്ന പിളര്‍പ്പിനെ അടിസ്ഥാനപ്പെടുത്തിയല്ല ആഹ്ലാദം കലയായി സമൂഹ/രാഷ്‌ട്ര നിര്‍മാണത്തില്‍ പങ്കു കൊണ്ടത്‌. ഉപയോഗപരതയുടെ അടിസ്ഥാനത്തിലുമല്ല. ശരീരവും ആത്മാവും അവരവര്‍ക്കുള്ളിലും പരസ്‌പരവും ആഴത്തില്‍ അനുഭവപ്പെടുന്ന ആഹ്ലാദത്തിന്റെ ദൈവസ്ഥല-കാലമായി രതിയെ, മാനവികത സത്യസന്ധമായി തിരിച്ചറിഞ്ഞിരുന്നു. ഈ തിരിച്ചറിവ്‌ ലൈംഗിക പ്രക്രിയയെ തിരിച്ച്‌ ചൈതന്യവത്താക്കുകയും ചെയ്‌തു. അതായത്‌, ലൈംഗികതയെ സംബന്ധിച്ച അറിവ്‌ കലയായി തീരുകയും ചരിത്രമായി തീരുകയും സ്വാതന്ത്ര്യമായി തീരുകയും ചെയ്‌തു. അതിനെയാണ്‌ കഴിഞ്ഞ നൂറ്റാണ്ടുകളിലെ അധികാരത്തേര്‍വാഴ്‌ച ശിഥിലമാക്കിക്കളഞ്ഞത്‌. ഇതിനെ നാം പരിഷ്‌ക്കാരം എന്നു വിളിക്കുകയും ചെയ്യുന്നു. കുമ്പസാരത്തിന്റെ ചരിത്രം ആഹ്ലാദത്തെ കുറ്റമാക്കി വ്യവസ്ഥപ്പെടുത്തുന്നതിനെടുത്ത ചരിത്രവും ദീര്‍ഘമാണ്‌. തുറന്നു പറച്ചില്‍, കുറ്റവും അപകടവുമേതെന്ന സ്ഥാപനം, തന്നില്‍ തന്നെയുള്ള മൗനരൂപീകരണങ്ങള്‍, വ്യാഖ്യാനങ്ങള്‍, വൈദ്യ/ചികിത്സാ വത്‌ക്കരണം എന്നിങ്ങനെയാണ്‌ കുമ്പസാരം ലൈംഗികതയെ കല/അറിവ്‌ എന്ന ആഹ്ലാദാടിസ്ഥാനത്തില്‍ നിന്ന്‌ കുറ്റം എന്ന നിയമവ്യവസ്ഥയിലേക്ക്‌ മാറ്റി സ്ഥാപിച്ചു.
അധികാരം ലൈംഗികത എന്ന വിഷയത്തെ എങ്ങനെയാണ്‌ സമീപിക്കുന്നത്‌? വിരുദ്ധ ബന്ധം അഥവാ ലൈംഗികത അധികാരം എന്ന പവിത്രവ്യവസ്ഥക്ക്‌ നേര്‍വിപരീതമാണന്ന സമീപനം, ലൈംഗികതയെ സംബന്ധിച്ച ഭരണഘടനാ രൂപീകരണങ്ങള്‍, നിരോധനങ്ങളുടെ ചാക്രികത, സെന്‍സര്‍ഷിപ്പിന്റെ ന്യായം, മര്‍ദനോപകരണങ്ങളുടെ ഐകരൂപ്യം എന്നീ വിധങ്ങളിലൂടെയാണ്‌ ലൈംഗികത എന്ന വിഷയം പരിചരിക്കപ്പെടുന്നത്‌.
സ്‌ത്രീ ശരീരത്തെ ഹര്‍ഷോന്മൂര്‍ഛയുടെ(ഹിസ്റ്റീരിയ)യുടെ കേന്ദ്രസ്ഥാനമാക്കുക, കുട്ടികളുടെ ലൈംഗികതയെ ബോധനശാസ്‌ത്രത്തിനു കീഴ്‌പ്പെടുത്തുക, പ്രത്യുല്‌പാദനസ്വഭാവത്തെ സാമ്പത്തിക-സാമൂഹ്യവത്‌ക്കരണത്തിലൂടെ വിശദീകരിക്കുക, വൈകൃതാഹ്ലാദങ്ങളെ മനോരോഗവത്‌ക്കരിക്കുക, എന്നീ രീതികളിലൂടെ ലൈംഗികത എന്ന മേഖല ഔദ്യോഗികവും അനൗദ്യോഗികവുമായ രീതികളില്‍ പരിചയപ്പെടുത്തപ്പെടുന്നു.
ചുരുക്കത്തില്‍, ലൈംഗികതയെ നിയന്ത്രിച്ചു കൊണ്ടും നിരോധിച്ചു കൊണ്ടും രൂപീകരിക്കപ്പെടുന്ന പരിഷ്‌ക്കാരം, മനുഷ്യരുടെ ജീവിതത്തിനു മേലുള്ള അധികാരത്തെയും മരിക്കാനുള്ള അവകാശത്തെയും പ്രശ്‌നഭരിതമാക്കുന്നു. ശരീരവും ജനസംഖ്യയും തമ്മിലുള്ള ഒരു ഇടപാടായതിനാല്‍, ലൈംഗികത രാഷ്‌ട്രാധികാരത്തിന്റെ നിര്‍ണായകമായ ഒരു ലക്ഷ്യസ്ഥാനമായി മാറി. രക്തബന്ധം എന്ന താരതമ്യേന പുതിയ പ്രശ്‌നമേഖല രൂപീകരിക്കപ്പെട്ടതിങ്ങനെയാണ്‌. ക്ഷാമം, പകര്‍ച്ചവ്യാധികള്‍, അക്രമങ്ങള്‍ എന്നീ ഘട്ടങ്ങളൊക്കെയും രക്തബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ജാതി, മതം, വംശം എന്നിവയോട്‌ ബന്ധപ്പെടുന്നതു കാണാം. പവിത്രതയും വിശുദ്ധിയും ബന്ധവും നിര്‍ണയിക്കപ്പെടുന്നിടത്താണ്‌ സ്വേഛാധികാരവും അമിതാധികാരവും അതിനു വേണ്ടിയുള്ള ശുദ്ധീകരണങ്ങളും സാമൂഹികാഹ്ലാദപ്രക്രിയകളും ജനപ്രിയതകളുമാകുന്നത്‌.
ലൈംഗിക പ്രയോഗത്തെ, കുറ്റം, തിന്മ, വീഴ്‌ച, മരണം എന്നിവയുമായി ബന്ധിപ്പിച്ചാണ്‌ ക്രിസ്‌തീയത ആഖ്യാനം ചെയ്യുന്നത്‌. എന്നാല്‍, പ്രാചീനാചാരങ്ങളില്‍ അതിനെ യഥാര്‍ത്ഥമായ സൂചനകളിലൂടെയാണ്‌ പരിചരിച്ചിരുന്നത്‌.
സ്വയം ഭോഗം മരണത്തിലേക്ക്‌ നയിക്കും, ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ശാരീരിക ബന്ധത്തിന്‌ പെരുമാറ്റച്ചട്ടങ്ങളുണ്ട്‌, സ്വവര്‍ഗ ലൈംഗികത അടക്കമുള്ള അസ്വാഭാവികത ശീലമാക്കിയവരുടെ മുഖം കോടിയും വികൃതമായുമിരിക്കും, ബ്രഹ്മചര്യത്തിന്റെ മാതൃക(ആത്മീയസന്യാസിക്ക്‌ സത്യാന്വേഷണം എളുപ്പമായിരിക്കും) എന്നിവ കൃസ്‌തീയതയുടെ ആദര്‍ശങ്ങളാണ്‌.
ലൈംഗിക ശീലങ്ങളുമായി ബന്ധപ്പെട്ടുള്ള നാലു ശൈലികള്‍; ശരീരവുമായി ബന്ധപ്പെട്ടുള്ള ഭക്ഷണക്രമീകരണം, വിവാഹവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തികശാസ്‌ത്രം, ആണ്‍കുട്ടികളുടെ വിഷയവുമായി ബന്ധപ്പെട്ടുള്ള കാമകല, സത്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ദാര്‍ശനികത എന്നിവയാണ്‌.


#sexuality #art #confession

No comments: