കേരളത്തില്‍ അടുത്ത കാലത്തായി, സ്ത്രീ പുരുഷന്മാര്‍ ഏതെങ്കിലും രീതിയില്‍ സൗഹൃദം പ്രകടിപ്പിക്കുന്നതിനെ അസഹിഷ്ണുതയോടെ വീക്ഷിക്കുകയും അക്രമോത്സുകമായി അടിച്ചമര്‍ത്തുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. ഹിന്ദു വര്‍ഗീയ ഫാസിസ്റ്റുകളാണ്, സര്‍ഗാത്മകതക്കും സ്‌നേഹത്തിനുമെതിരെ കലാപോന്മുഖമായി ചാടിയിറങ്ങിയതെങ്കില്‍; മറ്റിതര മതമൗലികവാദികളും മതഭ്രാന്തന്മാരും രാഷ്ട്രീയ വലതുപക്ഷവും പൊലീസും മന്ത്രിമാരുമടക്കമുള്ള ഭരണകൂടവും ഇവര്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണ കൊടുത്തു. ഇടതുപക്ഷമെന്ന് സ്വയം കരുതുന്ന ചിലരും ഈ സദാചാരവായ്ത്താരിയില്‍ അറിഞ്ഞും അറിയാതെയും അണിചേര്‍ന്നു എന്നതും ലജ്ജാവഹമായി രേഖപ്പെടുത്തേണ്ടിയിരിക്കുന്നു.
സ്‌നേഹചുംബനസമരം, ആഗോളീകരണ അഴിഞ്ഞാട്ടമാണെന്നും, മധ്യവര്‍ഗ സന്തതികളുടെ എടുത്തുചാട്ടമാണെന്നും അതുമല്ല അതിന് രാഷ്ട്രീയം തന്നെയില്ലെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു വരികയുണ്ടായി. നമ്മെ സംബന്ധിച്ചിടത്തോളം, ജീവിതം ആഗ്രഹിക്കത്തക്ക അവസ്ഥയാകണമെങ്കില്‍ അവശ്യം ഉണ്ടാകേണ്ട ചില സ്വാതന്ത്ര്യങ്ങള്‍ക്കു വേണ്ടിയുള്ള ഇതുപോലുള്ള സമരം, കേരളീയ സമൂഹത്തിലെ യാഥാസ്ഥിതികരെയും എതിര്‍രാഷ്ട്രീയങ്ങളെന്ന് സ്വയം കരുതുന്ന പല രൂപീകരണങ്ങളെയും എന്തുകൊണ്ട് ഇത്രയേറെ അസ്വസ്ഥമാക്കുന്നു എന്ന് ആലോചിക്കേണ്ടതുണ്ടെന്ന് ജെ ദേവിക അഭിപ്രായപ്പെടുന്നു. സാമൂഹ്യമേലാളന്മാരുടെ സൂക്ഷ്മവും നിരന്തരവുമായ മര്‍ദന-നിയന്ത്രണ സംവിധാനങ്ങളില്‍ നിന്ന് വിടുതല്‍ ആഗ്രഹിക്കുന്ന ജനങ്ങളെന്ന നിലക്ക് നമുക്കര്‍ഹമായ സമൂഹഭാഗത്തിനും ദൃശ്യതക്കും വേണ്ടിയുള്ള തെരുവിലിറങ്ങലായിരുന്നു അത്. പ്രത്യക്ഷവും പരോക്ഷവുമായ, ഔദ്യോഗികവും അനൗദ്യോഗികവുമായ എല്ലാത്തരം പൊലീസിംഗിനുമെതിരായ സ്വാതന്ത്ര്യത്തിന്റെയും ഭാവനയുടെയും സര്‍ഗാത്മകതയുടെയും സ്‌നേഹത്തിന്റെയും മാനവികതയുടെയും സ്വയം നിര്‍ണയനമായിരുന്നു ചുംബനസമരം. പൊതുഇടങ്ങളില്‍ മനുഷ്യര്‍ക്ക് ജനാധിപത്യമര്യാദകളെ പൂര്‍ണമായി പാലിച്ചുകൊണ്ട് പ്രണയത്തോടെയോ അല്ലാതെയോ തുറന്നിടപെടാന്‍, സമയം ചെലവഴിക്കാന്‍, സഞ്ചരിക്കാന്‍, സ്വന്തം ശരീരങ്ങളോട് നീതി പുലര്‍ത്താന്‍ വേണ്ടിയായിരുന്നു ഈ സമരം.
ജനാധിപത്യത്തിന്റെ സര്‍വ മുഖം മൂടികളും അഴിച്ചുവെച്ച് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്ക് വിലയിട്ടുകൊണ്ട് ഉമ്മറത്തെത്തിക്കഴിഞ്ഞ ഫാസിസം സ്‌നേഹത്തെ അതിന്റെ നിതാന്ത ശത്രുവായി പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുള്ളതാണ്. സ്‌നേഹത്തിന്റെ ആവിഷ്‌ക്കാരങ്ങള്‍ ഫാസിസ്റ്റുകളെ വിറളി പിടിപ്പിക്കുക തന്നെ ചെയ്യും. ആണിനും പെണ്ണിനും ഭരണഘടന ഉറപ്പു വരുത്തുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. നിര്‍ഭയമായി വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയും ബലാത്സംഗഭീതി ഇല്ലാതെ സ്ത്രീകള്‍ക്ക് ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയും ഉള്ള സമരമാണിത്. മലയാളി സമൂഹത്തിന്റെ മാന്യത, സ്വീകാര്യത മുതലായവയെ നിര്‍ണയിക്കുന്ന അധികാരരൂപങ്ങളുടെ ഇരകളായവര്‍ക്ക് - അവര്‍ ആരുമായിക്കൊള്ളട്ടെ - വന്നു ചേരാനും, സ്വയം ശക്തി സ്വരൂപിക്കാനും, അവിടെയെത്തുന്ന മറ്റുള്ളവരില്‍ നിന്ന് സ്വയം പഠിച്ച് ആത്മപ്രതിഫലനശേഷി നേടാനും ഉതകുന്ന കൂട്ടായ്മയായി അതിനെ വളര്‍ത്തിയെടുക്കുക എന്ന വെല്ലുവിളിയാണ് ചുംബനസമരത്തില്‍ പങ്കെടുക്കുന്നവരുടെയും അതിനെ പിന്തുണക്കുന്നവരുടെയും മുന്നിലുള്ളത്.
ചുംബനസമരം അതിന്റെ രാഷ്ട്രീയ-ചരിത്ര-മാനുഷിക-സാമൂഹ്യ-സദാചാര വീക്ഷണം മുന്നോട്ടു വെച്ചെങ്കിലും അത് അക്ഷരാര്‍ത്ഥത്തിലും പ്രത്യക്ഷാര്‍ത്ഥത്തിലും ഉള്‍ക്കൊള്ളാനോ ബോധ്യപ്പെടാനോ കേരളീയ പൊതുബോധം തയ്യാറായിട്ടില്ല. നിഷേധാത്മകമായ സമീപനത്തോടെയാണ് പൊതുസമൂഹം ഈ മുന്‍കൈ സമരത്തെ നിരാകരിച്ചത്. സമരം നടന്ന കൊച്ചിയിലും കോഴിക്കോട്ടും സദാചാര പോലീസായി രംഗത്തു വന്ന ഏതാനും ഗുണ്ടകള്‍ക്കു പുറമെ ആയിരങ്ങള്‍ ഒളിഞ്ഞുനോട്ടമനോഭാവക്കാരായി നിറഞ്ഞു കവിഞ്ഞു എന്നത്, പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുണ്ട്.
#kissoflove #morality #fascism
No comments:
Post a Comment