Monday, April 6, 2015

സദാചാരം ചില കുറിപ്പുകള്‍ 9 വേശ്യാവൃത്തി/ലൈംഗികത്തൊഴില്‍


 

ബൂര്‍ഷ്വാ സമൂഹത്തിലെ നിര്‍ഭാഗ്യവതികളായ ഇരട്ട ഇരകളാണ്‌ അഭിസാരികകളെന്ന്‌ റോസ ലക്‌സംബര്‍ഗ്‌ പറയുന്നുണ്ട്‌. ഒന്നാമത്‌, ശപിക്കപ്പെട്ട സ്വത്ത്‌ സമ്പ്രദായത്തിന്റെ ഇരകള്‍. രണ്ടാമത്‌, നിന്ദ്യവും കപടവുമായ സാന്മാര്‍ഗികവ്യവസ്ഥയുടെ ഇരകള്‍. വേശ്യാവൃത്തി എന്ന വാക്കില്‍ നിന്ന്‌ ലൈംഗികത്തൊഴില്‍ എന്ന വാക്കിലേക്ക്‌ കൂടു മാറിയതു കൊണ്ട്‌, പുരുഷാധിപത്യ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഹീനമായ സ്‌ത്രീ ചൂഷണം മാത്രമല്ല, ചൂഷണത്തെ നിലനിര്‍ത്തുന്ന വ്യവസ്ഥയും ഇല്ലാതാകുന്നില്ലെന്ന്‌ സാറാ ജോസഫ്‌ ചൂണ്ടിക്കാണിക്കുന്നു. ലൈംഗികത പുരുഷന്റെ വരുതിയില്‍ നില്‍ക്കണമെന്ന പുരുഷാധികാരപ്രയോഗത്തിന്റെ രണ്ടു ഇരകള്‍ മാത്രമാണ്‌ ഭാര്യയും വേശ്യയും. ത്രൈവര്‍ണിക ധര്‍മശാസ്‌ത്രം, ഭാര്യയെ പാരമ്പര്യ സ്ഥാപനത്തിനായുള്ള പാത്രമായും വേശ്യയെ ലൈംഗികാഹ്ലാദത്തിനായുള്ള ഉപാധിയായും ആണ്‌ ഗണിക്കുന്നത്‌ എന്ന കാര്യം, അധികാരോന്മുഖവും ബ്രാഹ്മണികവുമായ ഒരു സാംസ്‌ക്കാരിക പ്രത്യയശാസ്‌ത്രത്തെ മനസ്സിലാക്കുന്നതിന്‌ സഹായകമായ സൂചനയാണ്‌. പ്രണയാധിഷ്‌ഠിതമായ ലൈംഗികബന്ധങ്ങളെ ഭയപ്പെടുന്ന ബൂര്‍ഷ്വാസദാചാരവ്യവസ്ഥയുടെ അനിവാര്യമായ സൃഷ്‌ടിയാണ്‌ വേശ്യാവൃത്തിയെന്ന്‌ എംഗല്‍സ്‌ നിരീക്ഷിക്കുന്നു. ടൂറിസമടക്കമുള്ള വ്യഭിചാരാധിഷ്‌ഠിത വികസനനയങ്ങള്‍, സ്‌ത്രീജീവിതത്തെ നിഷ്‌ഠൂരമായ സാമൂഹ്യമര്‍ദനങ്ങളിലേക്ക്‌ തള്ളിവിടുകയാണെന്നതാണ്‌ യാഥാര്‍ത്ഥ്യം. ലൈംഗികപട്ടിണിയിലകപ്പെട്ട പുരുഷന്മാരെ രക്ഷിക്കുന്ന സേഫ്‌റ്റി വാള്‍വുകളായി വേശ്യാവൃത്തി കൂടുതല്‍ നിയമവിധേയമാക്കി നിലനിര്‍ത്തണമെന്ന വാദം ആഗോളവത്‌ക്കരണത്തെ മാത്രമല്ല, സ്‌ത്രീവിരുദ്ധതയെയും പിന്തുണക്കുന്ന ഒന്നാണ്‌. 

#prostitution #morality

No comments: