ഏതാണ് സ്വകാര്യ സ്ഥലം, ഏതാണ് പൊതുസ്ഥലം എന്നത് ആധുനിക വ്യവഹാരങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുമ്പോള്‍ അത്യന്തം സങ്കീര്‍ണമായിത്തീരുന്ന ഒരു യാഥാര്‍ത്ഥ്യവും പ്രഹേളികയുമാണ്. ഭാര്യയും ഭര്‍ത്താവും കുട്ടികളും താമസിക്കുന്ന വീടും പുരയിടവും, സാമ്പ്രദായിക അര്‍ത്ഥത്തില്‍ സ്വകാര്യഇടമാണ്. അവിടെ നടക്കുതെന്ത് എന്ന കാര്യത്തില്‍ പൊതുജനം വേവലാതിപ്പെടേണ്ടതില്ല എന്ന സാമാന്യബോധവും ഇതു മൂലം രൂപപ്പെടുന്നു. എന്നാല്‍, അതേ സ്വകാര്യ ഇടത്തിനകത്ത് ഭാര്യയെ ഭര്‍ത്താവും, കുട്ടികളെ അഛനും ലൈംഗികമായും അല്ലാതെയും പീഡിപ്പിക്കുകയാണെങ്കില്‍, അത് ഭരണഘടനയും ക്രിമിനല്‍ പ്രൊസീജര്‍ കോഡുമനുസരിച്ച് പ്രാഥമികമായി തന്നെ കുറ്റകൃത്യമാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. പൊതുസ്ഥലമായ റോഡരുകിലോ പൊതുവാഹനത്തിനകത്തോ പൂന്തോട്ടത്തിലോ സിനിമാശാലയിലോ ഭക്ഷണശാലയിലോ വെച്ച് രണ്ടാള്‍, അല്ലെങ്കില്‍ അതിലുമധികം കുറച്ചാളുകള്‍ സംസാരിക്കുകയോ കൈ കൊടുക്കുകയോ സ്പര്‍ശിക്കുകയോ മുഖമുരുമ്മുകയോ ചുംബിക്കുകയോ ആലിംഗനം ചെയ്യുകയോ ചെയ്യുന്നത്; അവര്‍ക്കിടയിലും ഉള്ളിലുമായി രൂപപ്പെടുന്ന സ്വകാര്യ ഇടമായി കരുതി അവര്‍ക്ക് ഉദ്ദേശിക്കപ്പെട്ട സമയത്തിനകത്ത് സങ്കല്‍പിച്ച് ഏറ്റെടുക്കാനാവുമോ എന്ന പ്രശ്‌നവും അടുത്ത കാലത്തായി കേരളത്തില്‍ ചര്‍ച്ചാവിഷയമായി.
സ്വകാര്യസ്ഥലം, ഇന്ത്യന്‍ സംസ്‌ക്കാരം എന്നിങ്ങനെയുള്ള സങ്കീര്‍ണമായ പ്രതിഭാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഇതു സംബന്ധമായ വ്യവഹാരങ്ങള്‍ വികസിക്കുന്നതും സങ്കോചിക്കുന്നതും. ബ്രിട്ടീഷുകാര്‍ അവരുടെ ഭരണകാലത്ത് ആരംഭിച്ച ഇന്ത്യന്‍ സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ ഇത്തരം കാര്യങ്ങളെ നിര്‍വചിക്കുന്നതും വ്യാഖ്യാനിക്കുന്നതും ഇതു സംബന്ധമായ പൊതുബോധ രൂപീകരണത്തിന്റെ അടിസ്ഥാനമായി ഭവിക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. സിനിമയില്‍ അത്യധികം അടുപ്പമുള്ള പ്രേമരംഗങ്ങള്‍ കാണിക്കരുതെന്നാണ് ലിഖിത നിയമം പറയുന്നതെങ്കില്‍, അധരവും അധരവും നുകര്‍ന്നു കൊണ്ടുള്ള ചുംബനം നിരോധിക്കുക എന്നതായിരുന്നു എഴുതപ്പെട്ടില്ലെങ്കിലും നടപ്പിലാക്കിപ്പോന്നിരുന്ന ഏറ്റവും പ്രധാനപ്പെട്ട നിയമം. ചുംബനം നിരോധിക്കുക എന്നതിനെക്കാള്‍ പ്രധാനം, അതിന്റെ സാധൂകരണങ്ങളും അതു പോലെ അതിന്റെ പ്രയോഗങ്ങളുമായിരുന്നു. സംസ്‌ക്കാരത്തെ സംബന്ധിച്ച ദേശീയ രാഷ്ട്രീയാവബോധത്തിന്റെ ഭാഗമായിട്ടാണ് ചുംബനം നിരോധിക്കപ്പെടുന്നത്. ഭാരതീയ സംസ്‌ക്കാരത്തിന്റെ ഭാരതീയത നിലനിര്‍ത്താന്‍ ഇത് അത്യന്താപേക്ഷിതമാണെന്ന നിലപാടാണ് എപ്പോഴും ഉയര്‍ത്തിക്കാട്ടപ്പെട്ടത്. ചുംബനം എന്നത് പാശ്ചാത്യമായ ഒരു രീതിയാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു പോന്നു. അതുകൊണ്ടു തന്നെ പാശ്ചാത്യ ചിത്രങ്ങളില്‍ ചുംബനരംഗങ്ങള്‍ സെന്‍സര്‍ ചെയ്യപ്പെട്ടില്ല. മാത്രമല്ല, ഇന്ത്യന്‍ സിനിമയില്‍ വിദേശ ലൊക്കേഷനുകള്‍ വരുകയാണെങ്കില്‍, ഇന്ത്യന്‍ മിഥുനങ്ങള്‍ ചുംബിക്കാതിരിക്കുകയും പശ്ചാത്തലത്തിലുള്ള വെള്ളക്കാരായ കമിതാക്കള്‍ ചുംബിക്കുകയും ചെയ്യും (രാജ് കപൂറിന്റെ സംഗം എന്ന ചിത്രം ഉദാഹരണം). ഇതിനെപ്പറ്റിയൊക്കെ വലിയ തോതില്‍ ചര്‍ച്ചകള്‍ നടക്കുകയും സര്‍വേ ഫലങ്ങള്‍ പുറത്തു വരുകയും ചെയ്തിരുന്നു. വിക്‌ടോറിയന്‍ സദാചാരകല്‍പനയുടെ ഭാഗമായിട്ടാണ് ഈ നിരോധനം എന്നു കരുതപ്പെടുക വയ്യ. വിക്‌ടോറിയന്‍ സങ്കല്‍പങ്ങള്‍ക്കു യോജിക്കാത്ത കാബറെ നൃത്തങ്ങളും അശ്ലീല ദൃശ്യങ്ങളും അന്നേ നമ്മുടെ പതിവായിരുന്നു.
ഈ നിരോധനത്തെ ഓരോരോ സിനിമയും അഭിമുഖീകരിച്ചത് വ്യത്യസ്ത രീതികളിലായിരുന്നു.
ഒന്നാമത്തേത്, ഋഷികേശ് മുക്കര്‍ജിയുടെ ആശീര്‍വാദി(1969)ലെതു പോലെ, കമിതാക്കള്‍ ചുംബിക്കാനായി തുനിയുമ്പോള്‍, ആ രംഗം മറച്ചുവെക്കുന്നു. അതായത് ചുംബനത്തിന്റെ ദൃശ്യം നേരിട്ട് തടയുന്നു.
രണ്ടാമത്തേത്, ആന്‍ ഈവനിംഗ് ഇന്‍ പാരീസി(1967)ലെന്നതു പോലെ, നായകന്‍ ചുംബനത്തിനായി ആവശ്യപ്പെടുമ്പോള്‍ നായിക അയാളെ വിലക്കുന്നു. വിദേശ ലൊക്കേഷനില്‍, ഇന്ത്യന്‍ സംസ്‌ക്കാരം ഉയര്‍ത്തിപ്പിടിച്ചതായി എല്ലാവര്‍ക്കും ആനന്ദമുണ്ടാകുകയും ചെയ്യുന്നു.
മൂന്നാമത്തേത്, ഗാനനൃത്ത രംഗത്തിനിടെ, കമിതാക്കള്‍ മരത്തിനോ കുറ്റിക്കാടിനോ അപ്പുറത്തേക്ക് മറഞ്ഞ് നിന്ന് ചുംബിക്കുന്നു. ചുംബനത്തിനു ശേഷം മുമ്പിലേക്ക് വരുന്ന നായിക അവളുടെ ചുണ്ട് തുടക്കുന്ന ദൃശ്യം കാണാം. സാമൂഹ്യ ലൈംഗികതയുടെ ചില ഫ്യൂഡല്‍ അംശങ്ങള്‍ ഈ ദൃശ്യവത്ക്കരണത്തില്‍ ആരോപിക്കാമെന്ന് മാധവപ്രസാദ് പറയുന്നു. ബേട്ട(1992)യിലെതു പോലെ, ലൈംഗികബന്ധത്തിനു ശേഷം അതിന്റെ പാടുകള്‍, സ്ത്രീ ശരീരത്തില്‍ അന്വേഷിക്കുന്ന പ്രവണത ഇതിന്റെ ലക്ഷണമാണ്. പരന്ന പൊട്ട്, ഉലഞ്ഞ സാരി എന്നിങ്ങനെ, സ്ത്രീ ശരീരം സാമൂഹിക പരിശോധനക്ക് വിധേയമാവുന്നു. ലൈംഗികബന്ധം സ്വകാര്യതയിലാണ് നടക്കുന്നതെങ്കിലും അതിന്റെ സാക്ഷാത്ക്കാരം പരസ്യമായി പ്രദര്‍ശിപ്പിക്കപ്പെടുന്നു. ഈ രീതികള്‍ക്കിടയിലാണ് സ്വാഭാവികമായ ഒരു ചുംബനം മാത്രം അതിശക്തമായി എതിര്‍ക്കപ്പെടുന്നതെന്നാലോചിക്കുക.
സ്വകാര്യസ്ഥലത്തെ നിര്‍മിച്ചെടുത്ത കൊളോണിയലിസത്തിന്റെയും മുതലാളിത്തത്തിന്റെയും ചരിത്രമാണ് ഈ ദൃശ്യ നിരോധന/പ്രദര്‍ശനത്തിലുള്ളത്.
ഇന്ത്യന്‍ സിനിമയിലെ സ്ത്രീ ശരീരം, ആഹ്ലാദിപ്പിക്കുന്നതും ആസക്തി ജനിപ്പിക്കുന്നതും ആസക്തിയുള്ളതുമായ ഒന്നായി നിര്‍മിക്കപ്പെടുന്നത് ഈ പ്രയോജനത്തിനാണ്. നാടുവാഴിത്തം, മുതലാളിത്തം, സാമ്രാജ്യത്വം, പുരുഷാധിപത്യം എന്നിവയുടെ സംയുക്തമായ ഒരു ലൈംഗിക-സാമ്പത്തിക വ്യവസ്ഥയാണ് ഈ ശരീരത്തെയും അതിന്റെ പ്രദര്‍ശനം, പ്രതിനിധാനം, സ്വഭാവം, സ്വഭാവശുദ്ധി, അപഥ സഞ്ചാരങ്ങള്‍ എന്നിവയെയും നിര്‍ണയിക്കുന്നത്.
#private #kiss #morality
No comments:
Post a Comment