Wednesday, April 8, 2015

സദാചാരം ചില കുറിപ്പുകള്‍ 10 സൗന്ദര്യവ്യവസായം


 

പുരുഷാധിപത്യ മൂല്യവ്യവസ്ഥയിലേക്ക്‌ ഉദ്‌ഗ്രഥിക്കപ്പെട്ടിട്ടുള്ള മുതലാളിത്തത്തിന്റെ അനുബന്ധവും അവിഭാജ്യഘടകവുമായ സൗന്ദര്യവ്യവസായം സ്‌ത്രീയെ പുരുഷന്റെ ഒളിച്ചുനോട്ടത്തിനുള്ള ഇരകളാക്കുകയാണെന്നും; അവളുടെ സമയവും ഊര്‍ജ്ജവും പണവും പ്രത്യക്ഷപ്പെടലിനുള്ള ഒരുക്കങ്ങളില്‍ ചിതറിപ്പോവുകയാണെന്നും; ശരീരത്തെക്കുറിച്ച്‌ യാതൊരടിസ്ഥാനവുമില്ലാത്ത ആധികള്‍ അവളെ മിഥ്യാരോഗമതിഭ്രമത്തിന്റെ അദൃശ്യത്തടവറകളില്‍ തളച്ചിടുകയാണെന്നും നാം മറന്നു കൂടാ. പൊതു ജീവിതത്തില്‍ നിന്നുള്ള പിന്‍വലിയലാണ്‌ സ്വകാര്യജീവിതത്തിന്റെ പുളപ്പായി തിരിച്ചു വരുന്നത്‌. ജനാധിപത്യ ലൈംഗികതയല്ല മറിച്ച്‌ ഉപഭോഗസംസ്‌ക്കാരം കൃത്രിമമായി ഉത്‌പാദിപ്പിക്കുന്ന വ്യാജമായ ലൈംഗികാസക്തിയുടെ അര്‍ബുദവളര്‍ച്ചയാണ്‌ ഇന്ന്‌ നാം അഭിമുഖീകരിക്കുന്നത്‌. ഫ്യൂഡല്‍/പുരുഷാധിപത്യ മൂല്യങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്ന ബന്ധ-നിയമങ്ങളും സദാചാരവാഴ്‌ചയും ആണ്‌ നമ്മെ നയിക്കുന്നത്‌ എന്നതിനാല്‍, സ്വാഭാവിക ലൈംഗിക ചോദനകളെല്ലാം തന്നെ അടിച്ചമര്‍ത്തപ്പെടുകയാണ്‌. ഈ അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയുടെ വികലവും വികൃതവും വഴി പിഴച്ചതും അക്രമാസക്തവുമായ പ്രകാശനവും ആവിഷ്‌ക്കാരവുമാണ്‌; സ്‌ത്രീ ശരീരത്തെ ചരക്കുവത്‌ക്കരിച്ചുകൊണ്ട്‌ മുതലാളിത്തം കമ്പോളവത്‌ക്കരിക്കുന്നതും ലാഭങ്ങള്‍ കൊയ്‌തെടുക്കുന്നതും.
മറ്റുള്ളവരുടെ (അതായത്‌ സ്‌ത്രീകളുടെ) ശരീരങ്ങളെയും അവരുടെ ചലനങ്ങളെയും നോക്കിയിരിക്കുമ്പോള്‍ ലഭ്യമാവുന്ന ലൈംഗികാനന്ദമാണ്‌ സിനിമയുടെ പ്രധാന ആകര്‍ഷണം. നിഷേധിക്കപ്പെട്ടതും വിലക്കപ്പെട്ടതും ഒളിഞ്ഞും തെളിഞ്ഞും നോക്കാനുള്ള അവസരം എന്ന നിലക്കാണ്‌ ഇരുട്ടിനകത്തിരുന്നു കൊണ്ടുള്ള പൊതുസ്ഥല ഏകാന്തത (പബ്ലിക്‌ സോളിറ്റിയൂഡ്‌) യിലെ പ്രേക്ഷകാവസ്ഥ നിര്‍ണയിക്കപ്പെടുന്നത്‌. കാണി ലൈംഗികത എന്ന സദാചാരകുറ്റകൃത്യം നിര്‍വഹിക്കാതെ തന്നെ അതില്‍ പങ്കാളിയാകുന്നു. ബലാത്സംഗരംഗങ്ങളും മറ്റും ദൃശ്യവത്‌ക്കരിക്കുന്നതു നോക്കുക. ബലാത്സംഗം ചെയ്യുന്നയാളുടെ കണ്ണോ കയ്യോ ലിംഗം തന്നെയുമോ പെണ്‍ ശരീരത്തില്‍ വേട്ടയാടി സഞ്ചരിക്കുന്നതു പോലെയാണ്‌ ക്യാമറ സഞ്ചരിക്കുക.
സജീവത്വമുള്ള പുരുഷനും നിര്‍ജീവത്വമുള്ള സ്‌ത്രീയും എന്ന നിലക്ക്‌ ലിംഗവൈരുദ്ധ്യത്തെ സ്ഥിരീകരിച്ചത്‌ സിനിമയാണ്‌. പരമ്പരാഗതമായി തന്നെ സ്‌ത്രീ, ശരീര പ്രദര്‍ശനത്തിനുള്ള ഒരു പ്രദേശവും വസ്‌തുവും വാഹനവുമായി പരിഗണിക്കപ്പെട്ടു. ക്യാമറയുടെ പ്രവര്‍ത്തനം ഇതിനനുസരിച്ച്‌ ചിട്ടപ്പെടുത്തപ്പെട്ടിരിക്കുന്നു. സജീവമായ ആണ്‍നോട്ട(മെയില്‍ ഗേസ്‌)ത്തിന്റെ വിഷയവും അസംസ്‌കൃത പദാര്‍ത്ഥവും(റോ മറ്റീരിയല്‍) ആണ്‌ സ്‌ത്രീ ശരീരം എന്നുറപ്പിച്ചെടുക്കാന്‍ സിനിമാട്ടോഗ്രാഫിക്ക്‌ സാധ്യമായി. സിനിമയില്‍ മൂന്നു തരത്തിലുള്ള നോട്ടങ്ങളാണ്‌ പതിക്കുന്നത്‌. സിനിമക്കാധാരമായ സംഭവം ചിത്രീകരിക്കുന്ന ക്യാമറയുടെ നോട്ടമാണാദ്യത്തേത്‌. അവസാന സൃഷ്‌ടി കാണുന്ന പ്രേക്ഷകരുടെ നോട്ടമാണ്‌ രണ്ടാമത്തേത്‌. ആഖ്യാനത്തിനകത്ത്‌ കഥാപാത്രങ്ങള്‍ തമ്മിലുള്ള നോട്ടങ്ങളാണ്‌ മൂന്നാമത്തേത്‌. ആഖ്യാനാത്മക - അധീശത്വ സിനിമയുടെ രീതികളനുസരിച്ച്‌ ആദ്യത്തെ രണ്ടു നോട്ടങ്ങളും മൂന്നാമത്തേതിന്‌ കീഴ്‌പ്പെടുകയാണ്‌ ചെയ്യുന്നതെന്നാണ്‌ ലോറ മല്‍വി സ്ഥാപിക്കുന്നത്‌. അതായത്‌, ക്യാമറയുടെ അസ്‌തിത്വം കാണാതെ പോകുകയും ആഖ്യാനത്തിനു പുറത്തുള്ള പ്രേക്ഷകരുണ്ടെന്നതു മറക്കുകയും ചെയ്യുന്ന ഒരു ആസ്വാദന സംലയനത്തിലേക്ക്‌ എല്ലാവരും എത്തിച്ചേരുന്നു. ഈ സംലയനത്തില്‍, സ്‌ത്രീ ശരീര പ്രദര്‍ശനവും ചലനവും ചേര്‍ന്ന്‌ സൃഷ്‌ടിക്കുന്ന ലൈംഗികാനന്ദമാണ്‌ സിനിമയുടെ ജനപ്രിയതയുടെ അടിസ്ഥാനമെന്നാണ്‌ അവര്‍ പറയുന്നത്‌. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ക്യാമറയാണ്‌ ഇത്‌ ചിത്രീകരിച്ചത്‌ എന്നതു പോലും മറന്നു പോകുന്ന തരത്തില്‍ രൂപീകരിക്കപ്പെടുന്ന ഒരു സൗന്ദര്യാനുഭൂതിയുടെ പ്രകടനവും അതിന്റെ പ്രത്യയശാസ്‌ത്രവുമാണ്‌ വിമര്‍ശനവിധേയമാകുന്നത്‌ എന്ന്‌ ചുരുക്കം.


#beauty #male gaze


No comments: