Tuesday, July 28, 2015

ആസക്തിയെ പിടിച്ചു കെട്ടുമ്പോള്‍ - കമിതാക്കള്‍ക്കും മലയാള സിനിമക്കുമിടയില്‍ 8 തൂവാനത്തുമ്പികള്‍



1987 ജൂലൈ 31ന്‌ റിലീസ്‌ ചെയ്‌ത തൂവാനത്തുമ്പികളു(പത്മരാജന്‍)ടെ അവസാന രംഗം ചെന്നു നില്‍ക്കുന്നത്‌ ഒറ്റപ്പാലം റെയില്‍വെ പ്ലാറ്റ്‌ഫോമിലാണ്‌. ജയകൃഷ്‌ണനും(മോഹന്‍ലാല്‍) രാധ(പാര്‍വതി)യും ചേര്‍ന്നുള്ള, സുരക്ഷിതവും ലൈംഗിക സദാചാരം അരക്കിട്ടും മതിലു കെട്ടിയും സംരക്ഷിച്ചതും ജാതി-ജാതക-കുടുംബത്തറവാടുമഹിമാമാര്‍ഗങ്ങളില്‍ പൊരുത്തപ്പെട്ടതുമായ ഭാര്യാ-ഭര്‍തൃ ദാമ്പത്യ വ്യവസ്ഥ സുസ്ഥാപിതമാകുന്നത്‌ ഈ പ്ലാറ്റ്‌ ഫോമില്‍ വെച്ചാണ്‌. ഈ വ്യവസ്ഥയെയും അതിന്റെ സദാചാരമതിലുകളെയും തകര്‍ക്കാന്‍ ശേഷിയുണ്ടായിരുന്ന ക്ലാര(സുമലത) എന്ന, 

ജയകൃഷ്‌ണന്റെ പ്രാഥമികകാമപൂര്‍ത്തീകരണത്തിലൂടെ വേശ്യയായിത്തീര്‍ന്ന ഔട്ട്‌സൈഡര്‍/പ്രണയിനി ആ പ്ലാറ്റ്‌ ഫോമിലിറങ്ങുകയും ഇറങ്ങിയ അതേ വാതില്‍ വഴി അതേ ഒന്നാം ക്ലാസ്‌ ബോഗിയില്‍ കയറി നിഷ്‌ക്രമിക്കുകയുമാണ്‌. ഈ സദാചാരസ്ഥാപനത്താല്‍ മഹത്വവത്‌ക്കരിക്കപ്പെടുന്ന ഒറ്റപ്പാലത്തിറങ്ങുന്നതിനു വേണ്ടി ഒരു വര്‍ഷം മുമ്പു തന്നെ തയ്യാറെടുപ്പു തുടങ്ങുകയും ചെയ്‌തിരുന്നു ക്ലാര. ജയകൃഷ്‌ണന്റെ ആണ്‍ ശരീരത്തെ ഉത്തേജിപ്പിക്കാനും കാമനയെ സംതൃപ്‌തപ്പെടുത്താനും കഴിയുന്ന, വേശ്യയാണെങ്കിലും വിവാഹിതയല്ലാത്ത ഒരു പ്രശ്‌നബാധിത ശരീരമായി (ലോറ മല്‍വിയുടെ നിരീക്ഷണപ്രകാരം കുറ്റത്തിന്റെ വാഹക) ക്ലാര ഒറ്റപ്പാലത്തല്ലെങ്കിലും എവിടെയെങ്കിലും തുടരുന്നത്‌ ഒരു ഭീഷണി തന്നെയായിരുന്നു. അതിനാലാണ്‌, മുന്‍കൂര്‍ പ്രാബല്യത്തോടെ ജെ ജോസഫ്‌ എന്ന്‌ പേരുള്ള വിഭാര്യനായ സോമനെ വിവാഹം കഴിക്കുകയും പെട്ടെന്നു തന്നെ ഗര്‍ഭിണിയായി പ്രസവിക്കുകയും ആ കുഞ്ഞിനെ കാണിച്ച്‌ ജയകൃഷ്‌ണന്റെയും ഒളിഞ്ഞു നില്‍ക്കുന്ന രാധയുടെയും ആശങ്കകളെ ദൂരീകരിക്കുന്നതും. നായകന്റെ സംതൃപ്‌ത ദാമ്പത്യത്തിന്റെ മുന്നുപാധിയായി ആഖ്യാനത്തില്‍ പ്രത്യക്ഷപ്പെട്ട്‌ സുരക്ഷിതത്വം ഉറപ്പിക്കുന്ന ക്ലാര എന്ന സുരക്ഷിത കാമുകി തന്നെയാണ്‌ മലരായി പ്രേമ(2015/അല്‍ഫോന്‍സ്‌ പുത്രന്‍)ത്തിലെ നായകന്റെ വിവാഹവേളയിലും ഭര്‍തൃസമേതയായി വന്ന്‌ ആശംസ നേരുന്നത്‌. #thoovanathumbikal #premam #love #malayalacinema #desire

2 comments:

C J Jithien said...

''പെട്ടെന്ന് തന്നെ ഗർഭിണിയായി പ്രസവിക്കുകയും ചെയ്യുന്നു '' ഇതിൽ ഒരു പിശകില്ലേ .. കാരണം അത് ക്ലരയുടെയും ജോസഫിന്റെയും കുഞ്ഞല്ലല്ലോ ജോസഫിനു തന്റെ മരിച്ചുപോയ ഭാര്യയിലെ കുഞ്ഞാണ് എന്നാണ് ഓർമ !

G P RAMACHANDRAN said...

ക്ലാരയുടെ കുഞ്ഞാണെന്ന ധാരണയിലാണ്‌ ഞാന്‍ എഴുതിയത്‌. അല്ലെങ്കില്‍ എന്റെ വാദത്തിലെ ആ പോയന്റ്‌ അപ്രസക്തമാകും. എന്നാലും വാദം സമഗ്രമായ അര്‍ത്ഥത്തില്‍ നിലനില്‍ക്കും. സിനിമ അടുത്തു തന്നെ ഒന്നു കൂടി കണ്ട്‌ ഉറപ്പു വരുത്താം. ചൂണ്ടിക്കാട്ടിയതിന്‌ നന്ദി