Tuesday, November 3, 2015

ഫാസിസവും സിനിമയും 5


സിനിമയില്‍ ശബ്‌ദം സാങ്കേതികമായി ഉള്‍പെടുത്തിയ കാലത്ത്‌ 1930കളില്‍, അക്കാലത്തെ ജര്‍മനിയില്‍, പ്രസിദ്ധനായ സംവിധായകനായ ഫ്രിറ്റ്‌സ്‌ ലാങ്‌ എം എന്ന ചിത്രം പുറത്തിറക്കി. കുട്ടികളെ കൊല്ലുന്ന ഒരു കുറ്റവാളിയെ രക്തദാഹികളായ ഒരു ആള്‍ക്കൂട്ടം വേട്ടയാടുന്നതാണീ ചിത്രത്തിലെ പ്രതിപാദ്യം. വൈകാരികവും സംഘര്‍ഷഭരിതവുമായ ഈ സിനിമ, വൈയക്തികവും സംഘപരവുമായ ഭ്രാന്തിനെ സമാന്തരവല്‍ക്കരിക്കുന്ന എം നാസിസത്തിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന ജര്‍മന്‍ സമൂഹത്തെ കാല്‍പനികമായി പ്രതീകവല്‍ക്കരിക്കുന്നു. ലാങിന്റെ അടുത്ത ചിത്രം, ഡോ മബൂസെയുടെ നിയമം (The testament of Dr. Mabuse) ഒരു മനോരോഗാശുപത്രിയിലിരുന്ന്‌ അധോലോകത്തെ നയിക്കുന്ന ഒരു കൊടും കുറ്റവാളിയുടെ കഥയാണ്‌. 1933ല്‍ അധികാരത്തിലെത്തിയ നാസികള്‍ ഈ ചിത്രം നിരോധിച്ചു. ഹിറ്റ്‌ലറെ കളിയാക്കുകയാണെന്നായിരുന്നു ആരോപണം. ലാങ്‌ നാടുവിട്ടു. അദ്ദേഹത്തിന്റെ ഭാര്യയും സഹപ്രവര്‍ത്തകയും ആയ തിയ വോണ്‍ ഹാര്‍ബോ ജര്‍മനിയില്‍ തന്നെ തങ്ങി. പിന്നീട്‌ നാസി പ്രവര്‍ത്തക ആയി തീരുകയും ചെയ്‌തു. 1933 മുതല്‍ മറ്റേതൊരു കലാരൂപവുമെന്നതുപോലെ ജര്‍മന്‍ സിനിമയും ഗീബല്‍സിന്റെ പരിപൂര്‍ണ നിയന്ത്രണത്തിലായിരുന്നു. ജര്‍മന്‍ സിനിമയില്‍ ആഴത്തിലൂള്ള ജൂത പാരമ്പര്യത്തെ ഇല്ലാതാക്കുന്നതില്‍ ഈ നിയന്ത്രണം വിജയിച്ചു. ലെനി റീഫന്താള്‍ എന്ന യുവതിയായ ചലച്ചിത്രകാരിയെ 1934ല്‍ ന്യൂറം ബര്‍ഗില്‍ നടന്ന നാസി പാര്‍ടി റാലി ചിത്രീകരിക്കാന്‍ ഹിറ്റ്‌ലര്‍ ഏല്‍പിച്ചു. ഇതിന്റെ ഫലമായി പുറത്തുവന്ന ട്രയംഫ്‌ ഓഫ്‌ വില്‍ (1935) എന്ന ഡോക്കുമെന്ററി കൃത്യമായി സൃഷ്‌ടിക്കപ്പെട്ട ഒരു പ്രചാരണ ചിത്രമാണ്‌. ഇതില്‍ ഹിറ്റ്‌ലറിനുള്ളത്‌ ഒരു മിത്തിക്കല്‍, ദൈവിക പരിവേഷമാണ്‌. അയാളുടെ അനുയായികളാകട്ടെ കേവലം ജ്യാമിതീയരൂപങ്ങളും. 
#fightfascism
 

Monday, November 2, 2015

ഫാസിസവും സിനിമയും 4


വര്‍ണവെറിയും ഫാസിസവും
ഫീച്ചര്‍ സിനിമയുടെ തുടക്കം എന്നു തന്നെ വിശേഷിപ്പിക്കപ്പെടുന്ന ദ ബര്‍ത്ത്‌ ഓഫ്‌ എ നാഷന്‍ (യു എസ്‌ എ/1915/കറുപ്പും വെളുപ്പും/190 മിനുറ്റ്‌) കടുത്ത അധിനിവേശ മേധാവിത്ത സ്വഭാവത്തെ മഹത്വവത്‌ക്കരിക്കുന്ന ഒന്നായിരുന്നു. വെളുത്ത വര്‍ഗക്കാരന്റെ മേധാവിത്ത മനോഭാവത്തെ അതിരുകടന്ന്‌ ന്യായീകരിക്കുകയും വര്‍ണവെറിയെ അക്രമമാര്‍ഗങ്ങളിലൂടെ വ്യവസ്ഥാവല്‍ക്കരിച്ച കൂ ക്ലക്‌സ്‌ ക്ലാന്‍ പോലുള്ള ഭീകരസംഘടനക്ക്‌ ഊര്‍ജം പകരുകയും ചെയ്‌ത സിനിമയായിരുന്നു ദ ബര്‍ത്ത്‌ ഓഫ്‌ എ നാഷന്‍ (ഡി ഡബ്ലിയു ഗ്രിഫിത്ത്‌) എന്ന്‌ ചരിത്രം വിലയിരുത്തി. അത്‌ ഇടിമിന്നല്‍ കൊണ്ട്‌ ചരിത്രം എഴുതും പോലെയാണ്‌, പക്ഷെ, ഖേദകരമെന്ന്‌ പറയട്ടെ അത്‌ അത്യന്തം വാസ്‌തവികവുമാണ്‌ എന്ന്‌ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ്‌ വൂഡ്രോ വില്‍സണ്‍ അഭിപ്രായപ്പെട്ടു എന്നു പറയപ്പെടുന്നു. ജനാധിപത്യത്തിന്റെ ലോകമാതൃകയായി കൊണ്ടാടപ്പെടുന്ന അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ~ഒബാമക്കു മുമ്പ്‌ ഒരു കറുത്ത വര്‍ഗക്കാരനോ സ്‌ത്രീയോ പരിഗണിക്കപ്പെട്ടില്ല എന്നതിന്‌ കാരണം അന്വേഷിച്ച്‌ മറ്റെങ്ങും പോവേണ്ടതില്ലെന്നര്‍ത്ഥം. ഇരുപതാം നൂറ്റാണ്ടിലെ ആദ്യദശകങ്ങളില്‍ അമേരിക്കയിലെ വെളുത്ത വര്‍ഗക്കാര്‍ എത്രമാത്രം വര്‍ണവെറി പിടിച്ചവരായിരുന്നു എന്ന ചരിത്രസത്യം കണ്ണാടി പോലെ വെളിപ്പെടുത്തപ്പെടുന്ന സിനിമയാണ്‌ ദ ബര്‍ത്ത്‌ ഓഫ്‌ എ നാഷന്‍. തോമസ്‌ ഡിക്‌സന്റെ ദ ക്ലാന്‍സ്‌ മാന്‍, ദ ലെപ്പേര്‍ഡ്‌സ്‌ സ്‌പോട്ട്‌ എന്നീ കൃതികളെ ആസ്‌പദമാക്കിയെടുത്ത ദ ബര്‍ത്ത്‌ ഓഫ്‌ എ നാഷനില്‍ കറുത്ത വര്‍ഗക്കാര്‍ക്ക്‌ അവകാശങ്ങളോ മൂല്യങ്ങളോ ഇല്ലെന്നു കരുതുന്ന തെക്കനമേരിക്കക്കാരനായ ഒരു വെളുത്ത വര്‍ഗക്കാരന്റെ കാഴ്‌ചപ്പാടുകളാണ്‌ ഉയര്‍ത്തിപ്പിടിക്കുന്നത്‌. വെളുത്ത നടികളുടെ കൂടെ അഭിനയിക്കേണ്ടതുകൊണ്ട്‌ കറുത്ത വര്‍ഗക്കാരുടെ കഥാപാത്രങ്ങളായി വെളുത്തവരെ തന്നെ കറുപ്പു ചായം മുഖത്തു തേപ്പിച്ച്‌ അവതരിപ്പിക്കുകയായിരുന്നു (വംശീയമിശ്രണവും `മലിനീകരണ'വും ഒഴിവാക്കാന്‍) ഗ്രിഫിത്ത്‌ ചെയ്‌തത്‌ എന്നതില്‍ നിന്ന്‌ അദ്ദേഹത്തെ ഗ്രസിച്ചിരുന്ന വര്‍ണവെറിയും എത്രമാത്രം ആഴത്തിലുള്ളതായിരുന്നു എന്നു മനസ്സിലാക്കാം. അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രം ആരംഭിക്കുന്നത്‌ ഇത്തരത്തിലുള്ള ചിന്തകളില്‍ നിന്നാണ്‌. കറുത്ത വര്‍ഗക്കാരൊഴിച്ച്‌ എല്ലാ മനുഷ്യരും തുല്യരായി സൃഷ്‌ടിക്കപ്പെട്ടവരായിരുന്നു എന്നാണ്‌ ആ രാഷ്‌ട്രത്തിന്റെ പിതാക്കളും പ്രപിതാക്കളും വിശ്വസിച്ചതും പ്രചരിപ്പിച്ചതും. ഈ സിനിമയിലെ ഏറ്റവും വിവാദജനകമായ രംഗം കാമാര്‍ത്തി പിടിച്ച കറുത്തവരാല്‍ വളയപ്പെട്ട വെള്ളക്കാരുടെ ഒരു കുടുംബം ഒരു മുറിയില്‍ കുടുങ്ങിയതും അവരെ രക്ഷിച്ചെടുക്കാനായി കൂ ക്ലക്‌സ്‌ ക്ലാനുകാര്‍ നടത്തുന്ന ശ്രമത്തിന്റെയും ഉദ്വേഗജനകമായ സമാന്തരദൃശ്യങ്ങളാണ്‌. സിനിമയിറങ്ങിയ കാലത്ത്‌, മന്ദീഭവിച്ചു കിടന്നിരുന്ന കൂ ക്ലക്‌സ്‌ ക്ലാനിന്റെ പ്രവര്‍ത്തനത്തിന്‌ പ്രേരകോര്‍ജം പകര്‍ന്നത്‌ ഈ രംഗമായിരുന്നത്രെ.

#fightfascism

Sunday, November 1, 2015

ഫാസിസവും സിനിമയും 3



ഹോളിവുഡ്‌ അധിനിവേശം എന്ന പരോക്ഷഫാസിസം
മുതലാളിത്തത്തിന്റെ വ്യവസ്ഥാപനത്തോടനുബന്ധിച്ചാണ്‌ സിനിമ എന്ന കലാരൂപം അഥവാ വ്യവസായരൂപം വികസിച്ചതും വ്യാപകമായതും. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിന്റെയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിന്റെയും മുതലാളിത്തത്തിന്റെ സവിശേഷതകള്‍ സിനിമാവ്യവസായത്തിന്റെ അടിസ്ഥാനശിലകള്‍ പാകി. സ്റ്റുഡിയോകള്‍,(കൊളമ്പിയ, ട്വന്റിയത്ത്‌ സെഞ്ച്വറി ഫോക്‌സ്‌, യുണൈറ്റഡ്‌ ആര്‍ടിസ്റ്റ്‌സ്‌, എംസിഎ/യുണിവേഴ്‌സല്‍, വാര്‍ണര്‍ ബ്രദേഴ്‌സ്‌, എംജിഎം, പാരമൗണ്ട്‌) വിതരണസംവിധാനം, പ്രദര്‍ശനസംവിധാനം, പരസ്യങ്ങള്‍, ലാഭം, മുതല്‍മുടക്ക്‌ എന്നിവ സിനിമയുടെ വ്യാപനവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ കൊളോണിയല്‍ ശക്തിയായ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‌ ഹോളിവുഡ്‌ സിനിമ നല്‍കിയ സാംസ്‌ക്കാരിക-രാഷ്‌ട്രീയ-സാമ്പത്തിക പിന്തുണ നിര്‍ണായകമാണ്‌. 1914ല്‍ ലോകചലച്ചിത്രപ്രേക്ഷകരില്‍ 85 ശതമാനവും അമേരിക്കന്‍ സിനിമകളാണ്‌ കണ്ടിരുന്നത്‌. 1925ല്‍ അമേരിക്കന്‍ ചിത്രങ്ങളാണ്‌ യുകെ, കാനഡ, അര്‍ജന്റീന, ആസ്‌ത്രേലിയ, ന്യൂസിലാന്റ്‌ എന്നീ രാജ്യങ്ങളിലെ 90 ശതമാനം ബോക്‌സാഫീസ്‌ വരുമാനവും ഫ്രാന്‍സ്‌, ബ്രസീല്‍, സ്‌കാന്‍ഡിനേവിയ എന്നീ രാജ്യങ്ങളിലെ 70 ശതമാനം ബോക്‌സാഫീസ്‌ വരുമാനവും നേടിക്കൊടുത്തിരുന്നത്‌. ശബ്‌ദചിത്രങ്ങള്‍-ടാക്കീസ്‌- വന്നപ്പോള്‍ ഇതില്‍ കുറെ കുറവുണ്ടായിട്ടുണ്ട്‌, എന്നാല്‍ ഹോളിവുഡിന്റെ ആധിപത്യം ഒരുകാലത്തും ചോദ്യം ചെയ്യപ്പെട്ടതേ ഇല്ല. 1960ലെ കണക്കനുസരിച്ച്‌, അന്നത്തെ സോഷ്യലിസ്റ്റേതര രാജ്യങ്ങളിലെ പകുതി തിയറ്ററുകളും ഹോളിവുഡ്‌ സിനിമകളാണ്‌ കാണിച്ചിരുന്നത്‌. പരിഷ്‌ക്കാരം, ജനാധിപത്യം, സദാചാരം, സ്‌നേഹം, ലൈംഗികത, പ്രതികാരം, സംരക്ഷണം എന്നീ പ്രതിഭാസങ്ങളൊക്കെ അമേരിക്കന്‍ നീതി ബോധത്തിന്റെ അടിസ്ഥാനത്തില്‍ ലോകവ്യാപകമായി സ്ഥാപനവല്‍ക്കരിച്ചെടുക്കാന്‍ ഹോളിവുഡ്‌ സിനിമ സഹായിച്ചു. ജെയിംസ്‌ ബോണ്ട്‌ സീരീസ്‌, റാംബോ-സില്‍വസ്റ്റര്‍ സ്റ്റാലന്‍, ഷ്വാര്‍സനെഗ്ഗര്‍-ട്രൂലൈസ്‌, ടെര്‍മിനേറ്റര്‍ എന്നീ ചിത്രങ്ങളൊക്കെ അമേരിക്കന്‍ അധീശത്വത്തെ ഉറപ്പിച്ചെടുക്കാന്‍ സഹായിച്ചു. ജൂറാസിക്‌ പാര്‍ക്‌, ജോസ്‌, ഏലിയന്‍, ക്ലോസ്‌ എന്‍കൗണ്ടേഴ്‌സ്‌ ഓഫ്‌ ദ തേര്‍ഡ്‌ കൈന്റ്‌, ഇന്‍ഡിപെന്റന്‍സ്‌ ഡേ, വാട്ടര്‍ വേള്‍ഡ്‌, ടൈറ്റാനിക്‌, സ്റ്റാര്‍ വാര്‍സ്‌ എന്നിങ്ങനെ വ്യാപാരവിജയം നേടിയ ഹോളിവുഡ്‌ ചിത്രങ്ങളൊക്കെ അമേരിക്കന്‍ അധീശത്വത്തിന്റെയും രക്ഷാകര്‍തൃത്വത്തിന്റെയും അപ്രമാദിത്വം തെളിയിക്കാനുള്ളതാണ്‌. 

#fightfascism

Friday, October 30, 2015

ഫാസിസവും സിനിമയും 2



മനുഷ്യന്‍ കണ്ടു പിടിച്ച ഏറ്റവും വലിയ വിഡ്‌ഢിത്തമാണ്‌ ജനാധിപത്യമെന്ന്‌ മുസോളിനി വിശ്വസിച്ചിരുന്നു. അങ്ങനെയൊരു നിര്‍വ്വചനത്തോടെയാണ്‌ ഫാസിസത്തെക്കുറിച്ചുള്ള ചര്‍ച്ച അദ്ദേഹം തുടങ്ങിയത്‌. അധികാരങ്ങളെല്ലാം ഒരാളില്‍ കേന്ദ്രീകരിക്കുന്ന ഫാസിസത്തിന്‌ ഒരിക്കലും പിഴവു പറ്റില്ലെന്ന്‌ മുസോളിനി പറഞ്ഞു. എന്നാല്‍, ഏതു മനുഷ്യനും തെറ്റു സംഭവിക്കാമെന്ന ചിന്തയാണ്‌ ജനാധിപത്യത്തിന്റേത്‌. ഫാസിസം ഇത്‌ അംഗീകരിക്കുന്നില്ല. രാഷ്ട്രീയത്തിലെന്ന പോലെ ഭാഷയിലും ജീവിതത്തിന്റെ സമസ്‌ത മേഖലയിലും ഫാസിസം സ്വാധീനിക്കുന്നു. അത്‌ ആകര്‍ഷകമായ ഒരു തത്വമാണെന്ന്‌ പലര്‍ക്കും തോന്നിപ്പോവുന്നു. നമ്മുടെ ജനാധിപത്യസമൂഹത്തില്‍ ഫാസിസം നുഴഞ്ഞു കയറി പ്രതിഷ്‌ഠിക്കപ്പെടുകയാണ്‌. അതിനെയെല്ലാം നമ്മള്‍ നിശബ്ദമായി അംഗീകരിച്ചു കൊണ്ടിരിക്കുന്നു. എപ്പോഴും കാതുകളടയ്‌ക്കുകയും ചുണ്ടുകള്‍ നിശബ്‌ദമാവുകയും നിര്‍ദ്ദേശങ്ങള്‍ക്കു മാത്രം കാതോര്‍ക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാക്കാന്‍ മനുഷ്യരെ മൂകരാക്കണമെന്ന്‌ ഫാസിസം തിരിച്ചറിയുന്നു. വിദ്യാഭ്യാസം, ചരിത്രം, സംസ്‌കാരം, തത്വചിന്ത, നീതിവ്യവസ്ഥ, ദേശീയത, വിശ്വാസങ്ങള്‍, കല, സംസ്‌കാരം, മാധ്യമങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും ഫാസിസം സ്വാധീനമുറപ്പിക്കുന്നു. തീര്‍ച്ചയായും ഇരുപതാം നൂറ്റാണ്ടിനെ ചലിക്കുന്ന നൂറ്റാണ്ടായി ചരിത്രത്തിലടയാളപ്പെടുത്തിയ സിനിമയിലും ഫാസിസത്തിന്റെ കയ്യേറ്റങ്ങള്‍ സ്‌പഷ്‌ടമാണ്‌. 
#fightfascism

Wednesday, October 28, 2015

ഫാസിസവും സിനിമയും 1


ഒരു ഭരണകൂടത്തിന്‌ സിനിമയെ സ്വതന്ത്രമായി വിടാന്‍ അനുവദിക്കാനാവില്ല - ഗീബല്‍സ്‌
ഗൊദാര്‍ദിന്റെ സുപ്രസിദ്ധമായ വാരാന്ത്യ(വീക്കെന്റ്‌)ത്തില്‍, മുഖ്യ കഥാപാത്രങ്ങളായ കമിതാക്കള്‍ പാരീസ്‌ നഗരത്തില്‍ നിന്ന്‌ കുറെയധികം ദൂരെയെത്തിക്കഴിഞ്ഞപ്പോള്‍ ഇനി നാം മൂന്നാം ലോകത്തേക്ക്‌ പ്രവേശിക്കുന്നു എന്ന്‌ ടൈറ്റില്‍ കാര്‍ഡില്‍ തെളിയുന്നു. 


ഇതു പോലെ ഇനി നാം ഫാസിസത്തിലേക്ക്‌ കടക്കുന്നു എന്ന ടൈറ്റില്‍ കാര്‍ഡിന്‌ കാത്തിരിക്കുകയാണ്‌, പല പുരോഗമന-ജനാധിപത്യ-മതനിരപേക്ഷ ശുദ്ധഗതിക്കാരും. അവര്‍ക്ക്‌ മികച്ച കാത്തിരിപ്പു പുരകള്‍ ആശംസിക്കുന്നു. ക്ലാസിക്കല്‍ യൂറോപ്യന്‍ ആണോ, നവനാസി ഗുണ്ടായിസമാണോ, സ്വദേശി ആണോ, കോര്‍പ്പററ്റോക്രസി ആണോ എന്ന വേര്‍തിരിവുകളുമായുള്ള മല്‍പ്പിടുത്തങ്ങളും നടക്കട്ടെ. സിനിമയെക്കുറിച്ച്‌ വിവരിച്ചുകൊണ്ട്‌ ഫാസിസത്തെക്കുറിച്ച്‌ ആലോചിക്കുകയും, ഫാസിസത്തെക്കുറിച്ച്‌ വിവരിച്ചുകൊണ്ട്‌ സിനിമയെക്കുറിച്ച്‌ ആലോചിക്കുകയും ചെയ്യുക എന്ന പരീക്ഷണം മാത്രമായി ഈ ലേഖനത്തെ ചുരുക്കിക്കാണുക.
#fightfascism

ഫാസിസവും സിനിമയും



ഫാസിസവും സിനിമയും എന്ന വിഷയത്തെ സംബന്ധിച്ച്‌ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ നാല്‍പതോളം പ്രഭാഷണങ്ങള്‍ നടത്തുകയുണ്ടായി. അതിനു വേണ്ടി തയ്യാറാക്കിയ കുറിപ്പുകള്‍ ഫേസ്‌ബുക്ക്‌/ബ്ലോഗ്‌ വായനക്കാര്‍ക്കു വേണ്ടി ഖണ്ഡം ഖണ്ഡമായി ഇവിടെ പ്രസിദ്ധീകരിക്കുന്നു. 
#fightfascism

Tuesday, October 13, 2015

താണ്ടുന്ന അതിര്‍ത്തികള്‍ നഷ്‌ടമാകുന്ന ദേശരാശികള്‍ 17




വലയില്‍ കുടുങ്ങിയവര്‍(കോട്ട്‌ ഇന്‍ ദ വെബ്‌/ചെന്‍ കൈഗെ), ആധുനിക ചൈനയില്‍ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിലും ടെലിവിഷനിലും കുടുങ്ങിയ ജനങ്ങളുടെ സങ്കീര്‍ണമായ നഗരജീവിതമാണ്‌ ഇതിവൃത്തമാകുന്നത്‌. താന്‍ ക്യാന്‍സര്‍ ബാധിതയാണ്‌ എന്നറിയുന്ന കമ്പനി സെക്രട്ടറിയായ യുവതി, പബ്ലിക്‌ ബസില്‍ തികഞ്ഞ അസ്വസ്ഥതയോടെയാണ്‌ യാത്ര ചെയ്യുന്നത്‌. വൃദ്ധനായ യാത്രക്കാരന്‌ സീറ്റൊഴിഞ്ഞു കൊടുക്കാത്തതിന്റെ പേരില്‍ അവളും കണ്ടക്‌ടറും തമ്മില്‍ വാഗ്വാദത്തിലേര്‍പ്പെടുന്നു. തികച്ചും നിസ്സാരമായ ഈ സംഭവം മൊബൈല്‍ ഫോണില്‍ രഹസ്യമായി ചിത്രീകരിക്കുന്ന ചാനല്‍ ട്രെയിനിയായ പെണ്‍കുട്ടി, പൊടിപ്പും തൊങ്ങലും വെച്ച്‌ ബ്രേക്കിംഗ്‌ ന്യൂസായി തട്ടിവിടുന്നു. സോസോ എന്ന ചൈനീസ്‌ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിലും ഇത്‌ വൈറലാകുന്നു. (ഫേസ്‌ബുക്ക്‌ ചൈനയില്‍ നിരോധിക്കപ്പെട്ടിരിക്കുകയാണ്‌). ലൈക്കുകളും കമന്റുകളും കൃത്രിമമായ വരയലുകളും മറ്റുമായി നായികയുടെ ജീവിതം തന്നെ അപ്രസക്തമാകുന്നു. കമ്പനി ഉടമയുമായി അവള്‍ക്ക്‌ രഹസ്യബന്ധമുണ്ടെന്ന ഗോസിപ്പും പ്രചരിക്കുന്നതോടെ അദ്ദേഹത്തിന്റെ കുടുംബജീവിതവും താറുമാറാകുന്നു. കഥ പിന്നീട്‌ സങ്കീര്‍ണമാകുന്നത്‌, ചാനലില്‍ ഇത്‌ റിപ്പോര്‍ട്‌ ചെയ്‌ത്‌ കുളമാക്കിയ പെണ്‍കുട്ടിയുടെ ജീവിതത്തെയും ഇത്‌ ബാധിക്കുന്നതോടെയാണ്‌. ലാഭക്കൊതിയോടെ, മാധ്യമങ്ങളെ അഭൂതപൂര്‍വമായ തരത്തില്‍ ദുരുപയോഗം ചെയ്യുന്ന ആധുനിക രീതിയെ കടന്നാക്രമിക്കുന്ന സിനിമയാണിത്‌.