Saturday, November 7, 2015

ഫാസിസവും സിനിമയും 9



കമന്ററിയില്ല എന്നൂറ്റം കൊള്ളുന്ന മറ്റേതൊരു അരാഷ്‌ട്രീയ ഡോക്കുമെന്ററിയിലേതിലുമെന്നതു പോലെ, പ്രത്യേക ചുവയുള്ള തരം എഴുത്തോടെയാണ്‌ 'ട്രയംഫ്‌ ഓഫ്‌ വില്‍? തുടങ്ങുന്നതെന്ന്‌ സൂസന്‍ സൊന്റാഗ്‌ ചൂണ്ടിക്കാണിക്കുന്നു. യാഥാര്‍ത്ഥ്യത്തിന്റെ വിജയം കണ്ടതും വിസ്‌ഫോടനാത്മകവുമായ ഒരു പരിവര്‍ത്തനത്തെ ഈ ചിത്രം സൂചിപ്പിക്കുന്നു - ചരിത്രം നാടകമായി മാറുന്നു. പിന്നീട്‌ ഇക്കാര്യം ലെനി റീഫന്താള്‍ തന്നെ ഭംഗ്യന്തരേണ സമ്മതിക്കുന്നുമുണ്ട്‌. നാസി സര്‍ക്കാര്‍ കമ്മീഷന്‍ ചെയ്‌ത ലെനിയുടെ എല്ലാ ഡോക്കുമെന്ററികളും ശരീരത്തിന്റെയും സമുദായത്തിന്റെയും പുനര്‍ജന്മത്തെ ആഘോഷിക്കുകയാണ്‌ ചെയ്യുന്നത്‌. ഇതിന്‌ നിമിത്തമാകുന്നതാകട്ടെ, അപ്രതിരോധ്യനായ ഒരു നേതൃരൂപത്തിന്റെ ശക്തിസ്വരൂപവും. ഈ സിനിമകളിലെ സൗന്ദര്യത്തിന്റെയും രൂപഭംഗിയുടെയും പേരില്‍ പില്‍ക്കാലത്ത്‌ അവര്‍ വന്‍തോതില്‍ പ്രകീര്‍ത്തിക്കപ്പെട്ടു. ഇത്‌ നമ്മുടെ സൗന്ദര്യ സങ്കല്‍പങ്ങളുടെയും ലാവണ്യനിയമങ്ങളുടെയും നൈതികതയെ പരിശോധിക്കുന്നതിന്‌ പ്രേരിപ്പിക്കേണ്ടതുണ്ടെന്ന്‌ സൂസന്‍ സൊന്റാഗ്‌ നിരീക്ഷിക്കുന്നു. 
#fightfascism

Friday, November 6, 2015

ഫാസിസവും സിനിമയും 8


1936ല്‍ നടന്ന ബര്‍ലിന്‍ ഒളിമ്പിക്‌സിനെ ക്കുറിച്ച്‌ നാസി സര്‍ക്കാരിനു വേണ്ടി ലെനി റീഫന്താള്‍ തയ്യാറാക്കിയ ചിത്രങ്ങളാണ്‌ ഒളിമ്പിയ ഒന്ന്‌, ഒളിമ്പിയ രണ്ട്‌ എന്നിവ. 1938ലാണീ ചിത്രങ്ങളുടെ ലോക പ്രീമിയര്‍ നടന്നത്‌. ആ വര്‍ഷത്തെ വെനീസ്‌ മേളയില്‍ ഈ ചിത്രങ്ങള്‍ക്ക്‌ സ്വര്‍ണ മെഡല്‍ കിട്ടുകയും ചെയ്‌തു. ഗീബല്‍സുമായി ലെനിക്ക്‌ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്നുള്ള പ്രചാരണം മറ്റു നാസി പ്രചാരണങ്ങള്‍ പോലെ തന്നെ മുട്ടന്‍ കളവായിരുന്നുവെന്ന്‌ സൂസന്‍ സൊന്റാഗ്‌ തെളിവുകള്‍ നിരത്തി വിശദീകരിക്കുന്നു. പക്ഷെ, തന്റെ ചിത്രങ്ങള്‍ പ്രചാരണത്തിനു വേണ്ടി കല്‍പിച്ചുകൂട്ടി കെട്ടിയുണ്ടാക്കിയതാണെന്ന വിമര്‍ശനത്തെ ലെനി അംഗീകരിക്കുന്നില്ല. 1965ല്‍ കഹേ ദു സിനിമ ക്ക്‌ നല്‍കിയ അഭിമുഖത്തില്‍, അവര്‍ പറയുന്നതിപ്രകാരമാണ്‌. ?ഒറ്റ സീന്‍ പോലും കൃത്രിമമായി നിര്‍മിച്ച്‌ ചിത്രീകരിച്ചതല്ല. എല്ലാം യാഥാര്‍ത്ഥ്യമാണ്‌. പ്രത്യേക ഉദ്ദേശ്യം ഒളിപ്പിച്ചു വെച്ച പശ്ചാത്തലവിവരണങ്ങളേ ഇല്ല, കാരണം ഈ ചിത്രത്തില്‍ കമന്ററിയേ ഇല്ല. എല്ലാം ചരിത്രം മാത്രം, ശുദ്ധമായ ചരിത്രം!? 
#fightfascism

Wednesday, November 4, 2015

ഫാസിസവും സിനിമയും 7



1902ല്‍ ജനിച്ച ലെനി റീഫന്താള്‍ നര്‍ത്തകിയായാണ്‌ ആദ്യം അറിയപ്പെട്ടതെങ്കിലും പിന്നീട്‌ നടിയും സിനിമാസംവിധായികയുമായി പ്രശസ്‌തി നേടി. അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍ക്കും ലെനിയുടെ 'കലാത്മകത' ബോധ്യമായി. 1933ല്‍ ന്യൂറംബെര്‍ഗ്‌ റാലി ഫിലിമിലാക്കാന്‍ അവര്‍ നിയോഗിക്കപ്പെട്ടു. ഇതിനു മുമ്പ്‌ കുറെ ഫീച്ചറുകളും ഡോക്കുമെന്ററികളും അവര്‍ എടുത്തിരുന്നു. നാസി പാര്‍ടിയുടെ പ്രചാരണത്തിന്‌ ഉപയുക്തമായവയായിരുന്നു അവയില്‍ മിക്കതും. 'ട്രയംഫ്‌ ഓഫ്‌ വില്‍? എന്ന ഈ ഡോക്കുമെന്ററി ചിത്രീകരിക്കാന്‍ ഹിറ്റ്‌ലറും പ്രചാരണമന്ത്രി ഗീബര്‍സും നല്‍കിയ സഹായങ്ങള്‍ ഏതെങ്കിലും സര്‍ക്കാര്‍ ഒരു ഡോക്കുമെന്ററി സംവിധായികക്ക്‌ നല്‍കിയ എക്കാലത്തേയും വലിയ സഹായമാണ്‌. അനന്തമായ ബഡ്‌ജറ്റും 120 പേരടങ്ങിയ സാങ്കേതിക ടീമും മുപ്പതിനും അമ്പതിനുമിടക്ക്‌ ക്യാമറകളും അവര്‍ക്ക്‌ ലഭിച്ചിരുന്നത്രേ. 
#fightfascism

ഫാസിസവും സിനിമയും 6


ഫാസിസത്തെ വിലോഭനീയവല്‍ക്കരിക്കുന്ന സിനിമകളാണ്‌ ഒളിമ്പിയ ഒന്ന്‌, ഒളിമ്പിയ രണ്ട്‌ എന്നീ പ്രസിദ്ധ ഡോക്കുമെന്ററികളിലൂടെ ലെനി റീഫന്താള്‍ നിര്‍വഹിച്ചതെന്ന്‌ സൂസന്‍ സൊന്റാഗ്‌ സിദ്ധാന്തിക്കുന്നു. ഇത്‌ അരാഷ്‌ട്രീയ സൗന്ദര്യശാസ്‌ത്രത്തിന്‌ ഏതു ഘട്ടത്തിലും സംഭവിക്കാവുന്ന വിപരിണാമവുമാണ്‌. 
#fightfascism

Tuesday, November 3, 2015

ഫാസിസവും സിനിമയും 5


സിനിമയില്‍ ശബ്‌ദം സാങ്കേതികമായി ഉള്‍പെടുത്തിയ കാലത്ത്‌ 1930കളില്‍, അക്കാലത്തെ ജര്‍മനിയില്‍, പ്രസിദ്ധനായ സംവിധായകനായ ഫ്രിറ്റ്‌സ്‌ ലാങ്‌ എം എന്ന ചിത്രം പുറത്തിറക്കി. കുട്ടികളെ കൊല്ലുന്ന ഒരു കുറ്റവാളിയെ രക്തദാഹികളായ ഒരു ആള്‍ക്കൂട്ടം വേട്ടയാടുന്നതാണീ ചിത്രത്തിലെ പ്രതിപാദ്യം. വൈകാരികവും സംഘര്‍ഷഭരിതവുമായ ഈ സിനിമ, വൈയക്തികവും സംഘപരവുമായ ഭ്രാന്തിനെ സമാന്തരവല്‍ക്കരിക്കുന്ന എം നാസിസത്തിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന ജര്‍മന്‍ സമൂഹത്തെ കാല്‍പനികമായി പ്രതീകവല്‍ക്കരിക്കുന്നു. ലാങിന്റെ അടുത്ത ചിത്രം, ഡോ മബൂസെയുടെ നിയമം (The testament of Dr. Mabuse) ഒരു മനോരോഗാശുപത്രിയിലിരുന്ന്‌ അധോലോകത്തെ നയിക്കുന്ന ഒരു കൊടും കുറ്റവാളിയുടെ കഥയാണ്‌. 1933ല്‍ അധികാരത്തിലെത്തിയ നാസികള്‍ ഈ ചിത്രം നിരോധിച്ചു. ഹിറ്റ്‌ലറെ കളിയാക്കുകയാണെന്നായിരുന്നു ആരോപണം. ലാങ്‌ നാടുവിട്ടു. അദ്ദേഹത്തിന്റെ ഭാര്യയും സഹപ്രവര്‍ത്തകയും ആയ തിയ വോണ്‍ ഹാര്‍ബോ ജര്‍മനിയില്‍ തന്നെ തങ്ങി. പിന്നീട്‌ നാസി പ്രവര്‍ത്തക ആയി തീരുകയും ചെയ്‌തു. 1933 മുതല്‍ മറ്റേതൊരു കലാരൂപവുമെന്നതുപോലെ ജര്‍മന്‍ സിനിമയും ഗീബല്‍സിന്റെ പരിപൂര്‍ണ നിയന്ത്രണത്തിലായിരുന്നു. ജര്‍മന്‍ സിനിമയില്‍ ആഴത്തിലൂള്ള ജൂത പാരമ്പര്യത്തെ ഇല്ലാതാക്കുന്നതില്‍ ഈ നിയന്ത്രണം വിജയിച്ചു. ലെനി റീഫന്താള്‍ എന്ന യുവതിയായ ചലച്ചിത്രകാരിയെ 1934ല്‍ ന്യൂറം ബര്‍ഗില്‍ നടന്ന നാസി പാര്‍ടി റാലി ചിത്രീകരിക്കാന്‍ ഹിറ്റ്‌ലര്‍ ഏല്‍പിച്ചു. ഇതിന്റെ ഫലമായി പുറത്തുവന്ന ട്രയംഫ്‌ ഓഫ്‌ വില്‍ (1935) എന്ന ഡോക്കുമെന്ററി കൃത്യമായി സൃഷ്‌ടിക്കപ്പെട്ട ഒരു പ്രചാരണ ചിത്രമാണ്‌. ഇതില്‍ ഹിറ്റ്‌ലറിനുള്ളത്‌ ഒരു മിത്തിക്കല്‍, ദൈവിക പരിവേഷമാണ്‌. അയാളുടെ അനുയായികളാകട്ടെ കേവലം ജ്യാമിതീയരൂപങ്ങളും. 
#fightfascism
 

Monday, November 2, 2015

ഫാസിസവും സിനിമയും 4


വര്‍ണവെറിയും ഫാസിസവും
ഫീച്ചര്‍ സിനിമയുടെ തുടക്കം എന്നു തന്നെ വിശേഷിപ്പിക്കപ്പെടുന്ന ദ ബര്‍ത്ത്‌ ഓഫ്‌ എ നാഷന്‍ (യു എസ്‌ എ/1915/കറുപ്പും വെളുപ്പും/190 മിനുറ്റ്‌) കടുത്ത അധിനിവേശ മേധാവിത്ത സ്വഭാവത്തെ മഹത്വവത്‌ക്കരിക്കുന്ന ഒന്നായിരുന്നു. വെളുത്ത വര്‍ഗക്കാരന്റെ മേധാവിത്ത മനോഭാവത്തെ അതിരുകടന്ന്‌ ന്യായീകരിക്കുകയും വര്‍ണവെറിയെ അക്രമമാര്‍ഗങ്ങളിലൂടെ വ്യവസ്ഥാവല്‍ക്കരിച്ച കൂ ക്ലക്‌സ്‌ ക്ലാന്‍ പോലുള്ള ഭീകരസംഘടനക്ക്‌ ഊര്‍ജം പകരുകയും ചെയ്‌ത സിനിമയായിരുന്നു ദ ബര്‍ത്ത്‌ ഓഫ്‌ എ നാഷന്‍ (ഡി ഡബ്ലിയു ഗ്രിഫിത്ത്‌) എന്ന്‌ ചരിത്രം വിലയിരുത്തി. അത്‌ ഇടിമിന്നല്‍ കൊണ്ട്‌ ചരിത്രം എഴുതും പോലെയാണ്‌, പക്ഷെ, ഖേദകരമെന്ന്‌ പറയട്ടെ അത്‌ അത്യന്തം വാസ്‌തവികവുമാണ്‌ എന്ന്‌ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ്‌ വൂഡ്രോ വില്‍സണ്‍ അഭിപ്രായപ്പെട്ടു എന്നു പറയപ്പെടുന്നു. ജനാധിപത്യത്തിന്റെ ലോകമാതൃകയായി കൊണ്ടാടപ്പെടുന്ന അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ~ഒബാമക്കു മുമ്പ്‌ ഒരു കറുത്ത വര്‍ഗക്കാരനോ സ്‌ത്രീയോ പരിഗണിക്കപ്പെട്ടില്ല എന്നതിന്‌ കാരണം അന്വേഷിച്ച്‌ മറ്റെങ്ങും പോവേണ്ടതില്ലെന്നര്‍ത്ഥം. ഇരുപതാം നൂറ്റാണ്ടിലെ ആദ്യദശകങ്ങളില്‍ അമേരിക്കയിലെ വെളുത്ത വര്‍ഗക്കാര്‍ എത്രമാത്രം വര്‍ണവെറി പിടിച്ചവരായിരുന്നു എന്ന ചരിത്രസത്യം കണ്ണാടി പോലെ വെളിപ്പെടുത്തപ്പെടുന്ന സിനിമയാണ്‌ ദ ബര്‍ത്ത്‌ ഓഫ്‌ എ നാഷന്‍. തോമസ്‌ ഡിക്‌സന്റെ ദ ക്ലാന്‍സ്‌ മാന്‍, ദ ലെപ്പേര്‍ഡ്‌സ്‌ സ്‌പോട്ട്‌ എന്നീ കൃതികളെ ആസ്‌പദമാക്കിയെടുത്ത ദ ബര്‍ത്ത്‌ ഓഫ്‌ എ നാഷനില്‍ കറുത്ത വര്‍ഗക്കാര്‍ക്ക്‌ അവകാശങ്ങളോ മൂല്യങ്ങളോ ഇല്ലെന്നു കരുതുന്ന തെക്കനമേരിക്കക്കാരനായ ഒരു വെളുത്ത വര്‍ഗക്കാരന്റെ കാഴ്‌ചപ്പാടുകളാണ്‌ ഉയര്‍ത്തിപ്പിടിക്കുന്നത്‌. വെളുത്ത നടികളുടെ കൂടെ അഭിനയിക്കേണ്ടതുകൊണ്ട്‌ കറുത്ത വര്‍ഗക്കാരുടെ കഥാപാത്രങ്ങളായി വെളുത്തവരെ തന്നെ കറുപ്പു ചായം മുഖത്തു തേപ്പിച്ച്‌ അവതരിപ്പിക്കുകയായിരുന്നു (വംശീയമിശ്രണവും `മലിനീകരണ'വും ഒഴിവാക്കാന്‍) ഗ്രിഫിത്ത്‌ ചെയ്‌തത്‌ എന്നതില്‍ നിന്ന്‌ അദ്ദേഹത്തെ ഗ്രസിച്ചിരുന്ന വര്‍ണവെറിയും എത്രമാത്രം ആഴത്തിലുള്ളതായിരുന്നു എന്നു മനസ്സിലാക്കാം. അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രം ആരംഭിക്കുന്നത്‌ ഇത്തരത്തിലുള്ള ചിന്തകളില്‍ നിന്നാണ്‌. കറുത്ത വര്‍ഗക്കാരൊഴിച്ച്‌ എല്ലാ മനുഷ്യരും തുല്യരായി സൃഷ്‌ടിക്കപ്പെട്ടവരായിരുന്നു എന്നാണ്‌ ആ രാഷ്‌ട്രത്തിന്റെ പിതാക്കളും പ്രപിതാക്കളും വിശ്വസിച്ചതും പ്രചരിപ്പിച്ചതും. ഈ സിനിമയിലെ ഏറ്റവും വിവാദജനകമായ രംഗം കാമാര്‍ത്തി പിടിച്ച കറുത്തവരാല്‍ വളയപ്പെട്ട വെള്ളക്കാരുടെ ഒരു കുടുംബം ഒരു മുറിയില്‍ കുടുങ്ങിയതും അവരെ രക്ഷിച്ചെടുക്കാനായി കൂ ക്ലക്‌സ്‌ ക്ലാനുകാര്‍ നടത്തുന്ന ശ്രമത്തിന്റെയും ഉദ്വേഗജനകമായ സമാന്തരദൃശ്യങ്ങളാണ്‌. സിനിമയിറങ്ങിയ കാലത്ത്‌, മന്ദീഭവിച്ചു കിടന്നിരുന്ന കൂ ക്ലക്‌സ്‌ ക്ലാനിന്റെ പ്രവര്‍ത്തനത്തിന്‌ പ്രേരകോര്‍ജം പകര്‍ന്നത്‌ ഈ രംഗമായിരുന്നത്രെ.

#fightfascism

Sunday, November 1, 2015

ഫാസിസവും സിനിമയും 3



ഹോളിവുഡ്‌ അധിനിവേശം എന്ന പരോക്ഷഫാസിസം
മുതലാളിത്തത്തിന്റെ വ്യവസ്ഥാപനത്തോടനുബന്ധിച്ചാണ്‌ സിനിമ എന്ന കലാരൂപം അഥവാ വ്യവസായരൂപം വികസിച്ചതും വ്യാപകമായതും. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിന്റെയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിന്റെയും മുതലാളിത്തത്തിന്റെ സവിശേഷതകള്‍ സിനിമാവ്യവസായത്തിന്റെ അടിസ്ഥാനശിലകള്‍ പാകി. സ്റ്റുഡിയോകള്‍,(കൊളമ്പിയ, ട്വന്റിയത്ത്‌ സെഞ്ച്വറി ഫോക്‌സ്‌, യുണൈറ്റഡ്‌ ആര്‍ടിസ്റ്റ്‌സ്‌, എംസിഎ/യുണിവേഴ്‌സല്‍, വാര്‍ണര്‍ ബ്രദേഴ്‌സ്‌, എംജിഎം, പാരമൗണ്ട്‌) വിതരണസംവിധാനം, പ്രദര്‍ശനസംവിധാനം, പരസ്യങ്ങള്‍, ലാഭം, മുതല്‍മുടക്ക്‌ എന്നിവ സിനിമയുടെ വ്യാപനവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ കൊളോണിയല്‍ ശക്തിയായ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‌ ഹോളിവുഡ്‌ സിനിമ നല്‍കിയ സാംസ്‌ക്കാരിക-രാഷ്‌ട്രീയ-സാമ്പത്തിക പിന്തുണ നിര്‍ണായകമാണ്‌. 1914ല്‍ ലോകചലച്ചിത്രപ്രേക്ഷകരില്‍ 85 ശതമാനവും അമേരിക്കന്‍ സിനിമകളാണ്‌ കണ്ടിരുന്നത്‌. 1925ല്‍ അമേരിക്കന്‍ ചിത്രങ്ങളാണ്‌ യുകെ, കാനഡ, അര്‍ജന്റീന, ആസ്‌ത്രേലിയ, ന്യൂസിലാന്റ്‌ എന്നീ രാജ്യങ്ങളിലെ 90 ശതമാനം ബോക്‌സാഫീസ്‌ വരുമാനവും ഫ്രാന്‍സ്‌, ബ്രസീല്‍, സ്‌കാന്‍ഡിനേവിയ എന്നീ രാജ്യങ്ങളിലെ 70 ശതമാനം ബോക്‌സാഫീസ്‌ വരുമാനവും നേടിക്കൊടുത്തിരുന്നത്‌. ശബ്‌ദചിത്രങ്ങള്‍-ടാക്കീസ്‌- വന്നപ്പോള്‍ ഇതില്‍ കുറെ കുറവുണ്ടായിട്ടുണ്ട്‌, എന്നാല്‍ ഹോളിവുഡിന്റെ ആധിപത്യം ഒരുകാലത്തും ചോദ്യം ചെയ്യപ്പെട്ടതേ ഇല്ല. 1960ലെ കണക്കനുസരിച്ച്‌, അന്നത്തെ സോഷ്യലിസ്റ്റേതര രാജ്യങ്ങളിലെ പകുതി തിയറ്ററുകളും ഹോളിവുഡ്‌ സിനിമകളാണ്‌ കാണിച്ചിരുന്നത്‌. പരിഷ്‌ക്കാരം, ജനാധിപത്യം, സദാചാരം, സ്‌നേഹം, ലൈംഗികത, പ്രതികാരം, സംരക്ഷണം എന്നീ പ്രതിഭാസങ്ങളൊക്കെ അമേരിക്കന്‍ നീതി ബോധത്തിന്റെ അടിസ്ഥാനത്തില്‍ ലോകവ്യാപകമായി സ്ഥാപനവല്‍ക്കരിച്ചെടുക്കാന്‍ ഹോളിവുഡ്‌ സിനിമ സഹായിച്ചു. ജെയിംസ്‌ ബോണ്ട്‌ സീരീസ്‌, റാംബോ-സില്‍വസ്റ്റര്‍ സ്റ്റാലന്‍, ഷ്വാര്‍സനെഗ്ഗര്‍-ട്രൂലൈസ്‌, ടെര്‍മിനേറ്റര്‍ എന്നീ ചിത്രങ്ങളൊക്കെ അമേരിക്കന്‍ അധീശത്വത്തെ ഉറപ്പിച്ചെടുക്കാന്‍ സഹായിച്ചു. ജൂറാസിക്‌ പാര്‍ക്‌, ജോസ്‌, ഏലിയന്‍, ക്ലോസ്‌ എന്‍കൗണ്ടേഴ്‌സ്‌ ഓഫ്‌ ദ തേര്‍ഡ്‌ കൈന്റ്‌, ഇന്‍ഡിപെന്റന്‍സ്‌ ഡേ, വാട്ടര്‍ വേള്‍ഡ്‌, ടൈറ്റാനിക്‌, സ്റ്റാര്‍ വാര്‍സ്‌ എന്നിങ്ങനെ വ്യാപാരവിജയം നേടിയ ഹോളിവുഡ്‌ ചിത്രങ്ങളൊക്കെ അമേരിക്കന്‍ അധീശത്വത്തിന്റെയും രക്ഷാകര്‍തൃത്വത്തിന്റെയും അപ്രമാദിത്വം തെളിയിക്കാനുള്ളതാണ്‌. 

#fightfascism