മാധവിക്കുട്ടിയുടെ നഷ്‌ടപ്പെട്ട നീലാംബരി എന്ന കഥയെ ആസ്‌പദമാക്കിലെനിന്‍
രാജേന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത മഴ(2000/ലെനിന്‍ രാജേന്ദ്രന്‍) എന്ന
സിനിമ, ആധുനിക കാലത്ത് അസാദ്ധ്യമായിക്കൊണ്ടിരിക്കുന്ന സ്‌നേഹ സാമീപ്യത്തിന്റെയും
പ്രണയത്തിന്റെയും നഷ്‌ടവ്യാകുലതകളെ അനാവരണം ചെയ്യുന്നു. പ്രണയം എന്താണെന്നതും,
സ്‌നേഹം എന്താണെന്നതും, അത് എപ്രകാരമാണ് നിറവേറ്റപ്പെടേണ്ടതെന്നും അതിനു വേണ്ടി
എന്തൊക്കെ നഷ്‌ടപ്പെടുത്താമെന്നും അഥവാ ജീവിതത്തിലെ മറ്റു ഘടകങ്ങള്‍ക്കു വേണ്ടി
സ്‌നേഹത്തെയും പ്രണയത്തെയും ഉപേക്ഷിക്കാനാവുമോ എന്നുമുള്ള അടിസ്ഥാനപരമായ സമസ്യകള്‍
ഉന്നയിക്കപ്പെടുന്നു എന്നതാണ് മഴയുടെ പ്രമേയത്തെയും അവതരണത്തെയും ശക്തമാക്കുന്ന
ഘടകം. മാറ്റങ്ങളുടെ പ്രേരണ പുതിയ(പഴയ) ശീലങ്ങളോടുള്ള സ്വാഭാവിക സമന്വയമല്ലെന്നും
താന്‍ ധരിച്ചുവെച്ചതില്‍ നിന്ന് വ്യത്യസ്‌തമായി ചെറുപ്പക്കാരനായ രാമാനുജന്റെ(ബിജു
മേനോന്‍)

സംഗീതപാഠവും അതിലൂടെ അങ്കുരിച്ച ഹൃദയബന്ധവുമാണെന്നും കാണി പെട്ടെന്ന്
തിരിച്ചറിയുന്നു. പ്രണയവിവാഹം നടത്തിയതിന് വീടു വിടേണ്ടി വന്ന ഒരാളാണ് മാധവന്‍
നായര്‍. എന്നാല്‍ അയാളിലെ അച്ഛന്‍ എല്ലാ അച്ഛന്മാരെയും പോലെ യാഥാസ്ഥിതികത്വത്തിന്റെ
പ്രതിനിധിയായിത്തീരുക എന്ന നിയമത്തിലേക്ക് കാലു മാറുന്നതിനാല്‍; മുതിര്‍ന്ന
ശാസ്‌ത്രികളെ സ്വാധീനിച്ച് അയാളുടെ മകളായ ജ്ഞാനത്തെക്കൊണ്ട് രാമാനുജനെ ധൃതിയില്‍
കല്യാണം കഴിപ്പിച്ച് തന്റെ മകളുടെ(സംയുക്താ വര്‍മ) `ശോഭന ഭാവിയെ'
രക്ഷപ്പെടുത്തിയെടുക്കുന്നു. പിന്നീട് നായികയുടെ ഭര്‍ത്താവായി തീരുന്ന
ചന്ദ്രന്(ലാല്‍) ഭാര്യയെ മനസ്സിലാക്കാനോ അവളോട് സൗമ്യമായി എപ്പോഴും പെരുമാറാനോ
സാധിക്കുന്നില്ല. `ചില രാത്രികളില്‍, ഫോണ്‍ ശബ്‌ദിക്കാത്ത അപൂര്‍വ വേളകളില്‍
ഉറങ്ങിക്കിടക്കുന്ന ആ സുന്ദരിയുടെ ത്വക്കിന്റെയും തലമുടിയുടെയും പരിമളം മേനോന്‍
ആര്‍ത്തിയോടെ നുകര്‍ന്നു....ലാളിക്കപ്പെടുന്നതില്‍ പ്രതിഷേധിക്കാത്ത ആ ഭാര്യ
ലാളിക്കുവാനോ പ്രേമം പ്രദര്‍ശിപ്പിക്കുവാനോ ഒരിക്കലും
സന്നദ്ധയായിരുന്നില്ല'(മൂലകഥയില്‍ നിന്ന്). കമ്പ്യൂട്ടറും ക്ലബ്ബും മദ്യവും എല്ലാം
കൂടിക്കുഴഞ്ഞ അയാളുടെ പരുക്കന്‍ വ്യക്തിത്വം ഭാര്യയെ ബലാത്സംഗം ചെയ്യുന്ന ഒരു
(അ)സാധാരണ ഭര്‍ത്താവിനെയാണവള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുത്തുന്നത്.
ആദ്യരാത്രി മുതല്‍ അതു തന്നെയാണ് സ്ഥിതി. പലപ്പോഴും പൊട്ടിത്തെറിക്കുന്നെങ്കിലും
പ്രകോപനം ഒതുക്കി അവള്‍ വഴങ്ങിക്കൊടുക്കുന്നു. ഹൃദയത്തിന്റെ ഒരഞ്‌ജാതകോണില്‍
അനുഭവപ്പെട്ട മരവിപ്പോടെ അവള്‍ ഭര്‍ത്താവുമായി ഇണ ചേര്‍ന്നു (മൂലകഥയില്‍ നിന്ന്).
ഒരു ഭാര്യയുടെ നിയോഗം അതാണെന്നും സ്‌ത്രീക്ക് മറ്റു വഴികളില്ലെന്നും
ഉള്‍ക്കൊണ്ടുകൊണ്ട് സാധാരണയായി നമ്മുടെ സമൂഹത്തില്‍ എല്ലാ സ്‌ത്രീകളും
വഴങ്ങിക്കൊടുക്കുന്നതു പോലെയല്ല അത് എന്നു മാത്രം. അങ്ങനെ ചെയ്‌തില്ലെങ്കില്‍, ഈ
സ്‌നേഹം കൂടി, ഈ സാമീപ്യം കൂടി, ഈ പ്രണയ സാധ്യത കൂടി തനിക്കില്ലാതാകും എന്ന
തിരിച്ചറിവാണവളെ അവന്റെ ഇഷ്‌ടങ്ങളെ തന്റെ ശരീരത്തിനു മേല്‍ അനുവദിക്കാന്‍
നിര്‍ബദ്ധയാക്കുന്നത്. അസഹിഷ്‌ണുതയോടെയും അസഹ്യതയോടെയും ആണെങ്കിലും അവള്‍
ഉള്ളിന്റെയുള്ളില്‍ ആനന്ദവും കണ്ടെത്തുന്നുണ്ടെന്ന് സാരം. മാധവിക്കുട്ടിയുടെ
കഥകളിലും ജീവിതത്തിലും പ്രകടമായതു പോലെ സ്‌നേഹത്തിനും സാമീപ്യത്തിനും പ്രണയത്തിനും
വേണ്ടിയുള്ള സ്‌ത്രീയുടെ, മനുഷ്യന്റെ ഒടുങ്ങാത്ത വാഞ്‌ഛകളെ കൃത്യമായി പ്രകാശനം
ചെയ്യുന്നതിന് ഈ കഥാപാത്രവത്‌ക്കരണത്തിലൂടെ സംവിധായകന്
സാധിക്കുന്നുണ്ട്.

എല്ലാത്തവണയും അവന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് അവള്‍
താഴ്‌ന്നുകൊടുത്തിട്ടും, ഒടുക്കം അവളുടെ കവിതയിലെ കൃഷ്‌ണന്‍ തന്റെ നഷ്‌ടപ്രണയത്തിലെ
കാമുകനാണെന്ന് വെളിപ്പെടുത്തിക്കൊടുത്തിട്ടും അയാള്‍ തൃപ്‌തനാകുന്നില്ല. കാരണം, ആ
വെളിപ്പെടുത്തലിലും അവളിലെ സ്വാതന്ത്ര്യദാഹി ഒരു വാക്ക് കൂട്ടിപ്പറഞ്ഞിരുന്നു.
അധികപ്രസംഗം എന്ന് യാഥാസ്ഥിതിക വിചാരവും പുരുഷാധിപത്യ ധാരണകളും ഒരു പോലെ
വിലയിരുത്തുന്ന ആ സംഭാഷണം ഇങ്ങനെയാണ്: `വിവാഹത്തിനുമുമ്പ് എനിക്കൊരു
പ്രണയബന്ധമുണ്ടായിരുന്നു; വിവാഹസമയത്ത് ഞാന്‍ കന്യകയുമായിരുന്നു; എന്നാലതില്‍
ഞാനിപ്പോള്‍ ദു:ഖിക്കുന്നു'. സ്‌നേഹവും പ്രണയവും ലൈംഗികതയും സമന്വയിക്കുന്ന
അപൂര്‍വമായ മനുഷ്യബന്ധ സാധ്യതകളെക്കുറിച്ചുള്ള അവളുടെ കാല്‍പനികമായ, അതേ സമയം
മനുഷ്യാത്മകമായ ധാരണകളാണിവിടെ സത്യസന്ധമായി പുറത്തുവരുന്നത്. മലയാളിയുടെ കപടമായ
ലൈംഗികധാരണകള്‍ക്ക് ഉള്‍ക്കൊള്ളാനോ പൊരുത്തപ്പെടാനോ സാധിക്കാത്ത ഈ
സ്‌നേഹസാധ്യതകളാണ് മാധവിക്കുട്ടിയുടെ കഥകളിലെന്നതുപോലെ മഴയിലും വിമോചനം
പ്രഖ്യാപിക്കുന്നത്. അവളുടെ ഈ സ്വാതന്ത്ര്യ ധാരണകള്‍ തിരിച്ചറിഞ്ഞ് അവന്‍
കൂടുതല്‍ പ്രകോപിതനാവുകയും അമിതമായി മദ്യപിച്ച് രക്തം ഛര്‍ദ്ദിച്ച്
മരണത്തിലേക്ക് നടന്നടുക്കുകയുമാണ്. സംതൃപ്‌തമായ പ്രണയത്തേക്കാള്‍ നഷ്‌ടപ്പെട്ട
പ്രണയത്തിനാണ് തീവ്രത കൂടുക എന്ന വസ്‌തുത ആവിഷ്‌ക്കരിക്കുന്നതിലൂടെ മഴ
പ്രണയത്തിന്റെ സ്വാതന്ത്ര്യ/വിമോചന അവസ്ഥകളെയാണ് പുനരാനയിക്കുന്നത്.
സ്‌നേഹത്തിലും അറിയുന്നതിലൂടെ ഒന്നാകുന്നതിലും സാമീപ്യത്തിലൂടെ പരസ്‌പര
സാന്ത്വനമാകുന്നതിലും നിറവേറുന്ന ഒന്നായി പ്രണയത്തെ പ്രതിഷ്‌ഠിക്കുന്നത്
മനുഷ്യവിമോചന സങ്കല്‍പം തന്നെയാണ്. ഒരാള്‍ മറ്റൊരാള്‍ക്കു മേല്‍ മാനസികവും
ശാരീരികവുമായ തലങ്ങളില്‍ ആധിപത്യമുറപ്പിക്കുന്നതല്ല ഭാര്യാ-ഭര്‍ത്തൃബന്ധമെന്നും
അച്ഛന്‍-മകള്‍ ബന്ധമെന്നും എന്നാണാവോ മലയാളി തിരിച്ചറിയുക എന്നതായിരിക്കണം
യഥാര്‍ത്ഥ ഉത്‌ക്കണ്‌ഠ. ആ ഉത്‌ക്കണ്‌ഠ തീവ്രമായി പങ്കിടുന്നു എന്നതാണ് മഴയുടെ
കാലിക പ്രസക്തി. #mazha #leninrajendran #kamaladas #desire #love #malayalacinema

കമിതാക്കളുടെ പ്രണയം എന്ന
വിഷയത്തോട് അനിയത്തിപ്രാവ്(1997/ഫാസില്‍) എന്ന ചലച്ചിത്രത്തിന്റെയും,
പൈങ്കിളിപ്രണയം ഇതിവൃത്തമായി വരുന്ന മുന്‍പിറങ്ങിയ നിരവധി ചലച്ചിത്രങ്ങളിലെയും
പൊതുഘടകം എന്ന നിലക്കുള്ള ആകര്‍ഷണീയത മൂലം സമഭാവപ്പെടുകയും അവരെ അനുകൂലിക്കുകയും
കുടുംബക്കാരെ ശല്യക്കാരായി കാണുന്ന തരം മാനസിക നിലപാടിലേക്ക് പ്രേക്ഷകര്‍
ചെന്നെത്തുകയും ചെയ്യുന്നത് സ്വാഭാവികമായ കാര്യമാണ്. കുടുംബക്കാരുടെ ദേഷ്യം അതേ
പടി നിലനിര്‍ത്തി കമിതാക്കള്‍ ഒന്നിക്കുന്നതായി കാണിച്ചാലും പ്രേക്ഷകര്‍
പൊറുക്കുന്നത് ഈ വശത്തുള്ള സാത്മ്യം കൊണ്ട്, സമൂഹത്തില്‍ തങ്ങള്‍
പങ്കിട്ടുപോരുന്നതരം വിശ്വാസപ്രമാണത്തെ തല്‍ക്കാലം മാറ്റിനിര്‍ത്താന്‍ കഴിയുന്നു
എന്നതുകൊണ്ടാണ്. എന്നാല്‍ അത്തരമൊരു ആത്മവഞ്ചനയുടെ കുറ്റുബോധം - മറ്റുള്ളവരുടെ
കാര്യത്തിലാകുമ്പോള്‍ കണ്ടാസ്വദിക്കുകയും തങ്ങളുടെ സ്വന്തം കാര്യത്തിലാകുമ്പോള്‍
നടപ്പിലാക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന രീതി - ഏറ്റുകൊണ്ട് തങ്ങളുടെ
സന്തോഷത്തെ പൂര്‍ത്തീകരിക്കുന്ന പതിവ് ചലച്ചിത്രക്കാഴ്‌ചയില്‍ നിന്ന് വിട്ട്
തങ്ങളുടെ പൊതുവിശ്വാസവും സിനിമയിലെ ആനന്ദവും ഒരേ പോലെ നിലനിര്‍ത്താനും
സാക്ഷാത്‌ക്കരിക്കാനും ഉതകുന്ന തന്ത്രമാണ് അനിയത്തിപ്രാവിനെ പ്രേക്ഷകര്‍ക്ക് സമാന
പൈങ്കിളികളേക്കാളും അമിതമായി ഇഷ്‌ടപ്പെടുവാന്‍ കാരണമാക്കിയത്. #aniyathipravu #desire #painkilipranayam #love #malayalacinema
1987 ജൂലൈ
31ന് റിലീസ് ചെയ്‌ത തൂവാനത്തുമ്പികളു(പത്മരാജന്‍)ടെ അവസാന രംഗം ചെന്നു
നില്‍ക്കുന്നത് ഒറ്റപ്പാലം റെയില്‍വെ പ്ലാറ്റ്‌ഫോമിലാണ്.
ജയകൃഷ്‌ണനും(മോഹന്‍ലാല്‍) രാധ(പാര്‍വതി)യും ചേര്‍ന്നുള്ള, സുരക്ഷിതവും ലൈംഗിക
സദാചാരം അരക്കിട്ടും മതിലു കെട്ടിയും സംരക്ഷിച്ചതും
ജാതി-ജാതക-കുടുംബത്തറവാടുമഹിമാമാര്‍ഗങ്ങളില്‍ പൊരുത്തപ്പെട്ടതുമായ ഭാര്യാ-ഭര്‍തൃ
ദാമ്പത്യ വ്യവസ്ഥ സുസ്ഥാപിതമാകുന്നത് ഈ പ്ലാറ്റ് ഫോമില്‍ വെച്ചാണ്. ഈ
വ്യവസ്ഥയെയും അതിന്റെ സദാചാരമതിലുകളെയും തകര്‍ക്കാന്‍ ശേഷിയുണ്ടായിരുന്ന
ക്ലാര(സുമലത) എന്ന,

ജയകൃഷ്‌ണന്റെ പ്രാഥമികകാമപൂര്‍ത്തീകരണത്തിലൂടെ
വേശ്യയായിത്തീര്‍ന്ന ഔട്ട്‌സൈഡര്‍/പ്രണയിനി ആ പ്ലാറ്റ് ഫോമിലിറങ്ങുകയും ഇറങ്ങിയ
അതേ വാതില്‍ വഴി അതേ ഒന്നാം ക്ലാസ് ബോഗിയില്‍ കയറി നിഷ്‌ക്രമിക്കുകയുമാണ്. ഈ
സദാചാരസ്ഥാപനത്താല്‍ മഹത്വവത്‌ക്കരിക്കപ്പെടുന്ന ഒറ്റപ്പാലത്തിറങ്ങുന്നതിനു വേണ്ടി
ഒരു വര്‍ഷം മുമ്പു തന്നെ തയ്യാറെടുപ്പു തുടങ്ങുകയും ചെയ്‌തിരുന്നു ക്ലാര.
ജയകൃഷ്‌ണന്റെ ആണ്‍ ശരീരത്തെ ഉത്തേജിപ്പിക്കാനും കാമനയെ സംതൃപ്‌തപ്പെടുത്താനും
കഴിയുന്ന, വേശ്യയാണെങ്കിലും വിവാഹിതയല്ലാത്ത ഒരു പ്രശ്‌നബാധിത ശരീരമായി (ലോറ
മല്‍വിയുടെ നിരീക്ഷണപ്രകാരം കുറ്റത്തിന്റെ വാഹക) ക്ലാര ഒറ്റപ്പാലത്തല്ലെങ്കിലും
എവിടെയെങ്കിലും തുടരുന്നത് ഒരു ഭീഷണി തന്നെയായിരുന്നു. അതിനാലാണ്, മുന്‍കൂര്‍
പ്രാബല്യത്തോടെ ജെ ജോസഫ് എന്ന് പേരുള്ള വിഭാര്യനായ സോമനെ വിവാഹം കഴിക്കുകയും
പെട്ടെന്നു തന്നെ ഗര്‍ഭിണിയായി പ്രസവിക്കുകയും ആ കുഞ്ഞിനെ കാണിച്ച്
ജയകൃഷ്‌ണന്റെയും ഒളിഞ്ഞു നില്‍ക്കുന്ന രാധയുടെയും ആശങ്കകളെ ദൂരീകരിക്കുന്നതും.
നായകന്റെ സംതൃപ്‌ത ദാമ്പത്യത്തിന്റെ മുന്നുപാധിയായി ആഖ്യാനത്തില്‍
പ്രത്യക്ഷപ്പെട്ട് സുരക്ഷിതത്വം ഉറപ്പിക്കുന്ന ക്ലാര എന്ന സുരക്ഷിത കാമുകി
തന്നെയാണ് മലരായി പ്രേമ(2015/അല്‍ഫോന്‍സ് പുത്രന്‍)ത്തിലെ നായകന്റെ വിവാഹവേളയിലും
ഭര്‍തൃസമേതയായി വന്ന് ആശംസ നേരുന്നത്. #thoovanathumbikal #premam #love #malayalacinema #desire

മാംസനിബദ്ധമല്ല രാഗം എന്ന കുമാരനാശാന്‍
തത്വത്തില്‍ ആദ്യമേ തളച്ചിടാനായി അവളുടെ രാവുകളിലെ(1978/ഐ വി ശശി) നായിക രാജി(സീമ)
ഒരുക്കിയിരിക്കുന്ന കാമുകകഥാപാത്രമാണ് ബാബു(രവികുമാര്‍). ചോക്കളേറ്റ് നായകനു
യോജിച്ച വഴുവഴുമ്പന്‍ ശരീരപ്രകൃതിയുള്ള രവികുമാറിനെ ഈ വേഷത്തിലേക്ക് നിയോഗിച്ചത്
വെറുതെയായില്ല. വിരൂപരും പരുക്കന്‍ മുഖമുള്ളവരും കെട്ട സ്വഭാവമുള്ളവരും;
ഇത്തരത്തിലുള്ള വെളുവെളുത്ത ചോക്കളേറ്റ് നായകര്‍ നന്മയുടെ
നിറകുടങ്ങളുമായിരിക്കുമെന്ന പൊതുബോധത്തെയാണിവിടെ ചിത്രം പിന്തുടരുന്നത്. കറുത്ത
തൊലി നിറമുള്ളവര്‍, കറുത്ത മുണ്ടുടുത്തവര്‍, മുഷിഞ്ഞ വേഷമണിഞ്ഞവര്‍, മുഖം
വ്യക്തമല്ലാത്തവര്‍, വികലാംഗര്‍, അലഞ്ഞു തിരിയുന്നവര്‍ എന്നിങ്ങനെ
തെണ്ടിവര്‍ഗത്തില്‍ പെട്ട പുരുഷന്മാരാണ് രാജിയെ കടല്‍ത്തീരത്തു വെച്ച് കൂട്ടമായി
ആക്രമിക്കുന്നതും, പാട്ടു സീനില്‍ ചാട്ടവാര്‍ കൊണ്ടടിക്കുന്നതും, അവളുടെ സഹോദരന്റെ
മരണത്തിലേക്കു വരെ നയിക്കുന്ന ഗുരുതരമായ മോഷണം നടത്തുന്നതും. ഇത്തരത്തിലുള്ള
ലുംപന്‍ വിഭാഗത്തില്‍ പെട്ടവര്‍ നടത്തുന്ന സ്‌ത്രീകള്‍ക്കെതിരായ ആക്രമണങ്ങളോടാണ്
-ദില്ലി കൂട്ട ബലാത്സംഗക്കേസിലെന്നതു പോലെ - പൊതുജനം പ്രതികരിക്കുക എന്നും പോലീസും
പട്ടാളവും വെളുത്ത വരേണ്യരും നടത്തുന്ന സ്‌ത്രീ വേട്ടകള്‍ പുറത്തറിയാതെ
ഒതുക്കുകയാണ് ചെയ്യുകയെന്നും അരുന്ധതി റോയ് അഭിപ്രായപ്പെട്ടതും ഇത്തരുണത്തില്‍
ഓര്‍ക്കാവുന്നതാണ്. ഈ ഉദ്ദേശത്തോടു കൂടി എന്നെ തൊടരുത്. എന്റെ
ശരീരത്തിനുവേണ്ടിയല്ലാതെ എന്നെ സ്‌നേഹിക്കുന്ന ഒരാളെക്കുറിച്ചെനിക്കോര്‍ക്കണം. അത്
ബാബുവായിരിക്കണം; എപ്പോഴും ബാബുവിനെക്കുറിച്ചുള്ള ഓര്‍മ, സ്‌നേഹിച്ചു പോയി. ഞാന്‍
ബാബുവേട്ടാ എന്ന് വിളിച്ചോട്ടേ. ഞാനെന്റെ എല്ലാമായി കരുതി അങ്ങിനെ വിളിച്ചോട്ടെ.
എന്നൊക്കെയാണ് രാജി ബാബുവിനോടുള്ള പൈങ്കിളിപ്രണയവേളകളില്‍ സംസാരിക്കുന്നത്.
ഇത്തരത്തില്‍ അവള്‍ വിശ്വസിക്കുകയും ശരീരം മാത്രം കൊടുക്കാതെ പ്രണയിക്കുകയും
ചെയ്യുന്ന മഹാനായ ബാബു കിട്ടിയ അവസരത്തില്‍ അവളെ പൊലീസിനെക്കൊണ്ട്
പിടിപ്പിക്കുന്നു. എന്നിട്ടും പ്രകോപിതയാകാതെ അയാള്‍ക്കു ചുറ്റും തന്നെ വട്ടം
തിരിയുന്ന അവളെ മനസ്സിലാക്കുന്നത് ബാബുവിന്റെ അമ്മയാണ് (കവിയൂര്‍ പൊന്നമ്മ). ആ
അമ്മയുടെ തിരിച്ചറിവിനെ തുടര്‍ന്ന് ബാബുവിനും ബോധോദയം ഉണ്ടാകുകയും അവളെ അവന്റെ
ഭാര്യയായി സ്വീകരിക്കുകയുമാണ്. ബാബുവിന് രാധയെന്ന ആലോചിച്ചുവെച്ച വധു
നഷ്‌ടമാകുമ്പോഴാണ്, രാജി സ്വീകാര്യയാകുന്നത്. അവള്‍ വിവാഹത്തിലൂടെയോ
ലൈംഗികബന്ധത്തിലൂടെയോ ബാബുവിനെ കളങ്കപ്പെടുത്താന്‍ വിചാരിക്കുന്നില്ല എന്ന്
പലവട്ടം പറയുന്നുണ്ട്. ഇവിടെ വ്യഭിചാരം അല്ല, ലൈംഗികതയാണ് കുറ്റകൃത്യമായി
ആവിഷ്‌ക്കരിക്കപ്പെടുന്നത്.

പിഴച്ചവളും വേശ്യയുമായ നായികയെ കഥാന്ത്യത്തിനു
മുമ്പായി കൊന്നോ പടുമരണത്തിനു വിധേയയാക്കിയോ അവസാനിപ്പിക്കാതെ
പവിത്രകുടുംബത്തിലേക്ക് വിലയിപ്പിക്കുന്നത് സാഹസികവും എടുത്തു പറയേണ്ട വിധത്തില്‍
പ്രശംസനീയവുമാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ അധികം ആരും ധൈര്യപ്പെടാത്ത ഈ
കഥാഗതിയുടെ പേരില്‍ തിരക്കഥാകൃത്ത് ഷെറീഫും
സംവിധായകന്‍ ഐ വി ശശിയും
അഭിനന്ദനമര്‍ഹിക്കുന്നു. എന്നാല്‍, സ്‌ത്രീയുടെ (പുരുഷന്റെയും)ആത്യന്തികമായ
സംരക്ഷണവും മോക്ഷവും പവിത്രകുടുംബത്തിനകത്തു മാത്രമേ നിര്‍വഹിക്കപ്പെടുകയുള്ളൂ എന്ന
വരേണ്യ പൊതുബോധത്തെ മഹത്വവത്‌ക്കരിക്കാനും അരക്കിട്ടുറപ്പിക്കാനുമാണ് ഈ കഥാഗതി
ഇപ്രകാരമാക്കി അവസാനിപ്പിച്ചതും എന്നതും പരാമര്‍ശിക്കേണ്ടതുണ്ട്. #avaluderaavukal #sexworker #malayalacinema #desire #love

ദേവിയുടെ പ്രതിപുരുഷനായ വെളിച്ചപ്പാട് ജീവിത
പരാജയത്തെ തുടര്‍ന്ന് താനിത്രയും കാലം ഉപാസിച്ചിരുന്ന ദേവീ വിഗ്രഹത്തിനു
മുകളിലേക്ക് തല വെട്ടിപ്പൊളിച്ചെത്തിയ ചോര കൂടി കലര്‍ത്തി ശക്തമായി തുപ്പുന്ന
നിര്‍മ്മാല്യ(1973/എം ടി വാസുദേവന്‍ നായര്‍)ത്തിന്റെ അന്ത്യരംഗമാണ്
യുക്തിവാദപ്രത്യക്ഷമനസ്സുള്ളവരെ കോരിത്തരിപ്പിച്ചത്. വര്‍ഗീയതക്കും മതബോധത്തിനും
അന്ധവിശ്വാസത്തിനുമെതിരായ ശക്തമായ ആഖ്യാനമായി നിര്‍മാല്യം കൊണ്ടാടപ്പെട്ടു.
അന്ത്യത്തിന് തൊട്ടു മുമ്പായി, വെളിച്ചപ്പാടി(പി ജെ ആന്റണി)നെ ഇത്ര കടുപ്പത്തില്‍
വേദനിപ്പിച്ച സംഭവം എന്തായിരുന്നു? പലചരക്കു കടയിലെ കടം പല തവണ ആവശ്യപ്പെട്ടിട്ടും
വീട്ടാത്തതിനെ തുടര്‍ന്ന് അതു മുതലാക്കാന്‍ ആണുങ്ങളില്ലാത്ത തക്കം നോക്കി
വെളിച്ചപ്പാടിന്റെ വീട്ടിലെത്തി അയാളുടെ ഭാര്യയെ ലൈംഗികമായി പ്രാപിക്കുന്ന കടയുടമ
വാതില്‍ തുറന്നിറങ്ങിവരുന്നതും അയാള്‍ക്കു പിന്നിലായി തന്റെ ഭാര്യ(കവിയൂര്‍
പൊന്നമ്മ) സംഭോഗത്തിനു ശേഷം തലമുടി കെട്ടി വെച്ച് പുറത്തേക്കു വരുന്നതും
കണ്ടതിന്റെ ഷോക്കിലാണ് വെളിച്ചപ്പാട് മരണത്തിലേക്കു കുതിക്കുന്നത്. പ്രണയരഹിതമായ
അഥവാ പ്രണയവിരുദ്ധമായ ഈ ഭോഗത്തിന് മുന്‍കൈയെടുത്ത കടയുടമ ഒരു മുസ്ലിമായിരുന്നു
എന്നത് പ്രത്യേകം ശ്രദ്ധേയമായ രൂപത്തില്‍ സ്ഥാപിക്കപ്പെട്ടിരുന്നു. എന്റെ നാലു
കുട്ട്യോളെ പെറ്റ നീയോ നാരായണീ എന്നാണ് ദയനീയമായി വെളിച്ചപ്പാട്
വിലപിക്കുന്നത്. തന്റെ കന്യകയായ മകള്‍ അമ്മിണിയോട് ഇത്തരത്തിലൊരു വിലാപം
വെളിച്ചപ്പാട് നടത്തുന്നില്ല. അഥവാ അപ്രകാരമൊരു വിലാപത്തിനുള്ള ശബ്‌ദം/സ്ഥലം
രചയിതാവ് രൂപീകരിക്കുന്നില്ല. അവളെ ശാന്തിക്കാരനായ ബ്രഹ്മദത്തന്‍ നമ്പൂതിരി എന്ന
ഉണ്ണ്യമ്പൂരി കാമപൂര്‍ത്തീകരണത്തിനു വേണ്ടി ഉപയോഗിക്കുന്നത് അമ്പലത്തിനകത്തെ
സ്വകാര്യതയിലാണ്.

നീലക്കുയിലിലെ നീലിയെപ്പോലെ അവള്‍ ഗര്‍ഭിണിയാകുന്നില്ല(അതിനു
മാത്രം വേഴ്‌ച നടത്താനുള്ള ഊക്ക് നമ്പൂരിക്കില്ല എന്നുമാവാം വ്യംഗ്യം); അതിനാല്‍
കുട്ടിയെ വഴിയില്‍ പെറ്റിട്ട് മരിക്കേണ്ട ഗതികേടിലവള്‍ എത്തുന്നില്ല. എന്നാലും
അച്ഛന്‍ നിശ്ചയിച്ച വേളി കഴിക്കാനായി ഭാരതപ്പുഴ കടന്നു പോകുന്ന അയാളെ നോക്കി
നെടുവീര്‍പ്പിട്ട് സ്വയം വെറുക്കാനേ അവള്‍ക്കാവുന്നുള്ളൂ. അവള്‍ക്കു വേണ്ടി
ഭഗവതിയോട് പ്രതികാരം ചെയ്യാന്‍ ഒരാളുമില്ല. അല്ലെങ്കിലെന്തിന് പ്രതികാരം ചെയ്യണം.
വെളിച്ചപ്പാടും വാര്യരും ഷാരോടിയും മാരാരും നമ്പീശനുമടക്കമുള്ള അമ്പലവാസി
ജാതികളില്‍ പെട്ട കന്യകകളെ സംബന്ധം ചെയ്‌തും അല്ലാതെയും ഭോഗിക്കാന്‍ ജാത്യാലുള്ള
അവകാശം നമ്പൂരിയില്‍ നിക്ഷിപ്‌തമാണല്ലോ. വെളിച്ചപ്പാടിന്റെ ഭാര്യ അഭിമുഖീകരിച്ച
പുരുഷക്കാമപൂര്‍ത്തീകരണത്തെ പ്രണയേതരവും നിഷ്‌ഠൂരവുമായി പ്രതിനിധാനപ്പെടുത്തുന്ന
അതേ ആഖ്യാനം മകള്‍ അനുഭവിച്ച കാമപൂര്‍ത്തീകരണത്തെ നഷ്‌ട പ്രണയസ്‌മൃതിയായി
കാല്‍പനിക/മഹത്വവത്‌ക്കരിക്കുന്നു. മുസ്ലിം പുരുഷന്റേത് കാമം അധികരിച്ച അപവിത്ര
ലിംഗവും ബ്രാഹ്മണപുരുഷന്റേത് പ്രണയം അധികരിച്ച പവിത്ര ലിംഗവുമായി വ്യവഛേദനം
ചെയ്‌തിരിക്കുന്നു എന്നു സാരം.
#nirmalyam #desire #love #malayalacinema
കഥാന്ത്യത്തില്‍
പരാജയപ്പെടുന്നവനെങ്കിലും നീതിബോധവും സദാചാരവും കാരുണ്യബോധവും സ്വപ്രത്യയസ്ഥൈര്യവും
കൈവിടാത്ത നായകനും(ബാപ്പുട്ടി), നായകനുമായുള്ള പ്രണയം സാക്ഷാത്‌ക്കരിക്കപ്പെടാതെ
പോകുകയും പ്രതിനായകനാല്‍ ചാരിത്രഭംഗം കൈവരുകയും ചെയ്യുന്ന നായികയും (നെബീസു)
തമ്മിലുള്ള പ്രണയത്തെ ആദര്‍ശവത്‌ക്കരിക്കുന്ന ഇതിവൃത്തവും ആഖ്യാനവുമാണ് ഓളവും
തീരവു(1970/പി എന്‍ മേനോന്‍)മിലുമുള്ളത്. പ്രണയത്തെ ഭാവന ചെയ്യുമ്പോള്‍; ഹിന്ദു,
മധ്യവര്‍ഗം എന്നീ പ്രതീകങ്ങള്‍ നിര്‍ബന്ധമാണെന്ന പൊതുബോധത്തെ നേര്‍ക്കു നേര്‍
പരാജയപ്പെടുത്തുന്നതു കൊണ്ടുകൂടിയാണ് ഓളവും തീരവും ചരിത്രപ്രസക്തമാകുന്നത്.
എഴുപതുകളില്‍ മലയാള ജനപ്രിയ സിനിമയുടെ വ്യവഹാരവ്യവസ്ഥകളും ഫോര്‍മുലകളും
തിരുത്തയെഴുതപ്പെട്ടപ്പോള്‍ ഇപ്രകാരമൊരു പ്രണയപ്രതീകവത്‌ക്കരണം പോലും
അസാധ്യമായിത്തീരുകയും ചെയ്‌തു. #olavumtheeravum #desire #malayalacinema

മലയാളിയുടെ പ്രണയത്തിനും
ദുരന്തഭാവനക്കും മൂര്‍ത്തരൂപം നല്‍കിയ; പിന്നീട് വന്ന പല സിനിമകള്‍ക്കും
പ്രചോദനമായ ഒരു ചിത്രമായിരുന്നു ചെമ്മീന്‍(1965/രാമു കാര്യാട്ട്) എന്ന് സി എസ്
വെങ്കിടേശ്വരന്‍ സ്ഥാനപ്പെടുത്തുന്നു. ചെമ്മീനിലെ നായികയായ കറുത്തമ്മ(ഷീല)യെ
ആദ്യമായി പരിചയപ്പെടുത്തുന്നത്, ഒരേ സമയം അവളിലെ കാമുകി എന്ന അകം
പ്രതിനിധാനത്തെയും സ്‌ത്രീ ശരീരം എന്ന പുറം പ്രതിനിധാനത്തെയും സംയോജിപ്പിച്ചു
കൊണ്ടാണ്. അഛനായ ചെമ്പന്‍ കുഞ്ഞ്(കൊട്ടാരക്കര) അന്വേഷിക്കുമ്പോള്‍ ചേച്ചിയെ
തിരഞ്ഞു പോവുന്ന പഞ്ചമിയുടെ കണ്‍ മുന്നിലാണ്, മുസ്ലിമായ കാമുകന്‍
പരീക്കുട്ടി(മധു)യുമായി സല്ലപിക്കുന്ന കറുത്തമ്മയെ നാം ആദ്യം കാണുന്നത്.
കറുത്തമ്മയെ ആദ്യമായി കണ്ടെത്തുന്ന ക്യാമറ മുകളില്‍ നിന്ന് അവളുടെ മാറിടത്തിനു
മുകളിലായി തങ്ങിനില്‍ക്കുന്നു. ബ്ലൗസിനുമുകളിലായി രണ്ടു മുലകള്‍ക്കിടയിലെ വിടവ്
വ്യക്തമാക്കിക്കൊണ്ടുള്ള ഷോട്ട് കാണിച്ചതിന്റെ ന്യായീകരണം തൊട്ടടുത്ത
സംഭാഷണത്തിലാണുള്ളത്. പരീക്കുട്ടി മുതലാളിയുടെ നോട്ടമാണത്. ?എന്തൊരു നോട്ടം!
എന്ന് കറുത്തമ്മ മധുരമായി പരിഭവിക്കുന്നു. പ്രേമസല്ലാപത്തിനിടയില്‍ അഛന് വള്ളവും
വലയും വാങ്ങാനുള്ള പൈസ കൂടി അവള്‍ ചോദിക്കുന്നു. പ്രണയത്തിലടങ്ങിയിരിക്കുന്ന
ശാരീരികാകര്‍ഷണം, കാമന, ആണ്‍ നോട്ടം എന്നിവയോടൊപ്പം; പണം, ജാതി, മതം, വര്‍ഗനിലമകള്‍
എന്നിവയെല്ലാം ഈ ദൃശ്യത്തില്‍ കടന്നു വരുന്നു. പിന്നീടുള്ള കഥാഖ്യാനത്തെ മുഴുവനും
ചൂഴ്‌ന്നു നില്‍ക്കുന്നത് ഈ ഘടകങ്ങളാണു താനും. അമ്മയുടെ വിളി കേട്ട്
കുടിലിലെത്തുന്ന നായികയോട്, മരക്കാത്തിമാര്‍ പിന്തുടരേണ്ട നെറിയെയും മുറയേയും
കുറിച്ച് അമ്മ ഓര്‍മ്മിപ്പിക്കുന്നു. ശരീരം, വര്‍ഗം, ജാതി/മതം എന്നിവക്കു പുറമെ
പ്രണയത്തെയും വിവാഹത്തെയും സംഘര്‍ഷഭരിതമാക്കുന്ന സദാചാരം എന്ന ഘടകം കൂടി
ഈയവസരത്തില്‍ തന്നെ ആഖ്യാനത്തിലേക്ക് കടന്നു വന്നു എന്നു ചുരുക്കം. കറുത്തമ്മയുടെ
പ്രണയാതുരതയില്‍ സംപ്രീതനാകുന്ന പരീക്കുട്ടിയുടെ സഹായം സ്വീകരിക്കുകയും പിന്നീട്
അയാളെ തള്ളിപ്പറയുകയും ചെയ്യുന്ന ചെമ്പന്‍കുഞ്ഞിന്റെ പ്രതിനിധാനം, വ്യഭിചാരത്തില്‍
നിന്ന് മുതലെടുക്കുന്ന കൂട്ടിക്കൊടുപ്പുകാരന്റെയത്രയും നികൃഷ്‌ടമാണെന്ന
മനോഭാവമാണ് ആഖ്യാതാക്കള്‍ക്കുള്ളത്. തിരിച്ചടക്കേണ്ട വായ്‌പയെക്കുറിച്ചുള്ള
ആശങ്കയിലൂടെയാണ് കറുത്തമ്മ കടന്നു പോകുന്നതെങ്കില്‍; ആ വായ്‌പ എന്ന ഘടകം തന്റെ
പ്രണയത്തെ സാക്ഷാത്‌ക്കരിച്ചെടുക്കുമെന്ന പ്രതീക്ഷയാണ് പരീക്കുട്ടിക്കുള്ളത്.
അതായത്, കേവലമായ പ്രണയം എന്ന അമൂര്‍ത്തമായ ഭാവനയെ സംഘര്‍ഷഭരിതമാക്കുകയും
വിജയ/പരാജയങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്ന വര്‍ഗ-ജാതി/മത-സാമ്പത്തിക ഘടകങ്ങള്‍
സജീവമാണെന്നു വ്യക്തം. പളനി(സത്യന്‍)യുമായുള്ള വിവാഹവും ഒന്നിച്ചു താമസവും
പെണ്‍കുഞ്ഞിന്റെ ജനനവും എല്ലാം കടന്ന്, തകര്‍ന്നടിയുന്ന ചെമ്പന്‍കുഞ്ഞിന്റെ
ദുരന്തത്തിനും ശേഷവും പരീക്കുട്ടിയോടുള്ള അവളുടെ പ്രണയം തീക്ഷ്‌ണമായി
നിലനില്‍ക്കുന്നു എന്ന് വീണ്ടും തിരിച്ചറിയുന്ന പളനി കടലിലേക്ക്
തിരിച്ചുവരാത്തവണ്ണം യാത്രയാവുകയാണ്. കമിതാക്കള്‍ക്ക്
ഒന്നിക്കാനാകുന്നുണ്ടെങ്കിലും പരസ്‌പരം പുണര്‍ന്ന് മരിക്കുന്ന ജഡങ്ങളായി ആഖ്യാനം
അവരെ അവസാനിപ്പിക്കുകയും ചെയ്യുന്നു. ഈ അവസരത്തില്‍; പണം, ജാതി/മതം, വര്‍ഗ നിലമകള്‍
എന്നീ സങ്കീര്‍ണതകള്‍ക്കു പകരം, സദാചാര സംഘര്‍ഷത്തില്‍ ഇവരെ എപ്രകാരം അക്കോമഡേറ്റ്
ചെയ്യാനാകും എന്ന് നിശ്ചയമില്ലാത്തതിനാലാകാം മരണത്തിന് വിട്ടുകൊടുക്കാന്‍
ആഖ്യാതാക്കള്‍ തീരുമാനിക്കുന്നത്.
#chemmeen #malayalacinema #malegaze