Wednesday, November 18, 2015
Tuesday, November 17, 2015
ഫാസിസവും സിനിമയും 18
ഗ്രേറ്റ് ഡിക്‌റ്റേറ്ററിന്റെ അവസാനരംഗത്ത് നടത്തിയ ഈ പ്രസംഗത്തിലെ അമിതമായ രാഷ്‌ട്രീയ ധ്വനികളാണ് പില്‍ക്കാലത്ത് മക്കാര്‍ത്തിയന്‍ കമ്യൂണിസ്റ്റ് വേട്ടയുടെ കാലത്ത് ചാപ്ലിനെ തിരിച്ചു വരാനാകാത്ത വിധത്തില്‍ അമേരിക്കയില്‍ നിന്ന് നാടുകടത്തുന്നതിന് പ്രേരകമായത്. ഹിറ്റ്‌ലര്‍ രണ്ടു തവണ ഈ സിനിമ കണ്ടെന്നും ഗീബല്‍സ് ഒരിക്കല്‍ പോലും കാണാന്‍ കൂട്ടാക്കിയില്ലെന്നും പറയപ്പെടുന്നു. ചിത്രം കണ്ട് പ്രകോപിതനായ ഹിറ്റ്‌ലര്‍ ചാപ്ലിന് ജന്മം കൊടുത്ത ലണ്ടന്‍ നഗരം ചുട്ടുകരിക്കാന്‍ ആജ്ഞാപിച്ചതായി സ്ഥിരീകരിക്കപ്പെടാത്ത ഒരു കേട്ടുകേള്‍വിയുമുണ്ട്. അതിക്രൂരനായ ഹിറ്റ്‌ലറെ കേവലം ഒരു മന്ദനും ഭോഷനുമായി അവതരിപ്പിച്ചത് തെറ്റായി എന്ന് പിന്നീട് ചാപ്ലിന്‍ പശ്ചാത്തപിച്ചിരുന്നു. അതെന്തായാലും, സിനിമയുടെ ചരിത്രത്തില്‍ മാത്രമല്ല ലോകചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത സ്ഥാനം എക്കാലത്തേക്കുമായി പിടിച്ചു വാങ്ങിയ മഹത്തായ സിനിമയായി ദ ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍ ജനാധിപത്യവിശ്വാസികള്‍ കണ്ടുകൊണ്ടേയിരിക്കും എന്നതാണ് വസ്‌തുത.
#fightfascism
Monday, November 16, 2015
ഫാസിസവും സിനിമയും 17
(ദ ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍)
ജൂതത്തടവുകാരനായ ഷുള്‍ട്‌സും ക്ഷുരകനും തടവു ചാടി രക്ഷപ്പെടുന്നതിനിടെ സൈനികരുടെ പിടിയിലാവുന്നു. ക്ഷുരകനായ ചാപ്ലിനെ പ്രസിഡണ്ടായി തെറ്റിദ്ധരിച്ച് അയാളെ പ്രസംഗവേദിയിലേക്ക് അവര്‍ ആനയിക്കുന്നു. അപ്പുറത്താകട്ടെ, പ്രസിഡണ്ടിനെ ക്ഷുരകനായി തെറ്റിദ്ധരിച്ച് അറസ്റ്റു ചെയ്യുകയും ചെയ്യുന്നു. ഹിങ്കലിന്റെ വിജയാഹ്ലാദപ്രസംഗം നിര്‍വഹിക്കാനായി ക്ഷുരകന്‍ വേദിയിലേക്ക് ഹര്‍ഷാരവങ്ങളോടെ ക്ഷണിക്കപ്പെടുന്നു. പ്രചാരണ മന്ത്രി ഗാര്‍ബിഷ് സ്വതന്ത്രസംസാരം പോലുള്ള `ഭോഷ്‌ക്കു'കളെ പരിഹസിച്ചുകൊണ്ടാണ് ഹിങ്കല്‍/ക്ഷുരകനെ പ്രസംഗിക്കാനായി ക്ഷണിക്കുന്നത്. ഹിങ്കല്‍ ആയി നടിക്കുന്ന ക്ഷുരകനായ ചാപ്ലിനാകട്ടെ വിസ്‌മയകരമായ ഒരു പ്രസംഗമാണ് നിര്‍വഹിക്കുന്നത്. അതില്‍ ഹിങ്കലിന്റെയും ഗാര്‍ബിഷിന്റെയും അമിതാധികാര പ്രവണതകള്‍ക്കു പകരം ജനാധിപത്യത്തിന്റെ നവീനമായ ഒരു കാലമാണിനി എന്ന പ്രവചനപരമായ ആഹ്വാനമാണുണ്ടായിരുന്നത്. എനിക്ക് മാപ്പു തരിക, ഞാനൊരു ചക്രവര്‍ത്തിയാവാന്‍ ആഗ്രഹിക്കുന്ന ആളല്ല. എനിക്കെല്ലാവരെയും സഹായിക്കണമെന്നുണ്ട്. ജൂതനോ, കറുത്ത വംശക്കാരനോ, വെളുത്ത നിറമുള്ളവനോ ആരുമാകട്ടെ എല്ലാവരും പരസ്‌പരം സഹായിക്കുകയാണ് വേണ്ടത്. മറ്റുള്ളവരുടെ സന്തോഷമാണ് എല്ലാവരുടെയും ജീവിതത്തിന് പ്രചോദനമാകേണ്ടത്, അല്ലാതെ അവരുടെ ദുരിതങ്ങളല്ല. നാം പരസ്‌പരം വെറുക്കാനോ ദ്രോഹിക്കാനോ പാടില്ല. ഈ ലോകത്തില്‍ എല്ലാവര്‍ക്കും അവരവരുടെ ഇടമുണ്ട്. ജീവിതത്തിന്റെ വഴികള്‍ മനോഹരവും സ്വതന്ത്രവുമാണ്. പക്ഷെ നമുക്ക് വഴി നഷ്‌ടമായിരിക്കുന്നു. ഇപ്രകാരം തുടരുന്ന കാവ്യാത്മകവും അതേ സമയം ലളിതമായ പദാവലികളാല്‍ സാമാന്യ ജനങ്ങളെ ആകര്‍ഷിക്കുകയും ചെയ്യുന്ന പ്രഭാഷണം സമാപിക്കുന്നതിങ്ങനെയാണ്. ജനാധിപത്യത്തിന്റെ പേരില്‍ നമുക്കൊന്നിക്കാം. പ്രസംഗം കേള്‍ക്കാന്‍ തടിച്ചു കൂടിയ സൈനികരും അതേറ്റു പറയുന്നു.
#fightfascism
Saturday, November 14, 2015
ഫാസിസവും സിനിമയും 16
ടൊമാനിയ എന്ന സാങ്കല്‍പിക രാജ്യത്തെ സ്വേഛാധിപതിയായ അഡെനോയ്‌ഡ് ഹിങ്കലിന്റെയും ജൂതര്‍ മാത്രം താമസിക്കുന്ന ഒരു പ്രവിശ്യയില്‍ കട നടത്തുന്ന ക്ഷുരകന്റെയും ഇരട്ട വേഷങ്ങളിലാണ് ചാപ്ലിന്‍ അഭിനയിച്ചത്. തമാശകള്‍ നിറയെ ഉണ്ടെങ്കിലും ചിത്രത്തെ മൂടി നില്‍ക്കുന്നത് തീക്ഷ്‌ണമായ വേദനയാണ്. ചാപ്ലിന്റെ ഏറ്റവും ഗൗരവമേറിയതും മനുഷ്യത്വം എന്ന പ്രമാണത്തെ അങ്ങേയറ്റം ഉയര്‍ത്തിപ്പിടിക്കുന്നതുമായ ഈ ചിത്രം ദു:ഖ പര്യവസായിയാണ്. പ്രസിദ്ധനായ തന്റെ തെണ്ടി വേഷത്തിന്റെ മാനറിസങ്ങളിലേക്ക് ഹിറ്റ്‌ലറെ ആവാഹിച്ചെടുക്കുന്ന ചാപ്ലിന്‍ ഒരിക്കലും അയാളോടൊത്ത് ചിരിക്കാന്‍ കാണിയെ പ്രേരിപ്പിക്കുന്നില്ല, മറിച്ച് അയാളെയും അയാളുടെ ചെയ്‌തികളെയും നോക്കി കരച്ചിലുള്ളിലടക്കി ചിരിക്കാന്‍ പറയുകയാണ് ചെയ്യുന്നത്. മനുഷ്യാവസ്ഥയോട് തന്നെയുള്ള കൊഞ്ഞനം കുത്തലായി ആ ചിരി പരിണമിക്കുകയും ചെയ്യുന്നു. ചാപ്ലിന്‍ അവതരിപ്പിച്ചവയില്‍ സഹതാപാര്‍ഹനല്ലാത്ത ഏക കഥാപാത്രവുമാണ് ഹിങ്കലിന്റേത്. അയല്‍ രാജ്യമായ ബാക്‌റ്റീരിയയിലെ സ്വേഛാധിപതി ബെന്‍നോണി നപ്പൊളോണി ഹിങ്കലിന്റെ കൊട്ടാരത്തില്‍ അതിഥിയായെത്തുന്ന സന്ദര്‍ഭം ഏറെ കൗതുകകരമാണ്. കസേര കളി പോലുള്ള അവരുടെ ഊണ്‍ മേശ ചര്‍ച്ചകളും ഐസ്‌ക്രീം കൊണ്ടുള്ള മുഖത്തെറിയലും സിനിമയില്‍ പതിനായിരക്കണക്കിന് തവണ ആവര്‍ത്തിച്ചെങ്കിലും ചാപ്ലിന്‍ ഉയര്‍ത്തിയ രാഷ്‌ട്രീയ മാനത്തെ ആര്‍ക്കും അനുകരിക്കാനായില്ല.
#fightfascism
Friday, November 13, 2015
ഫാസിസവും സിനിമയും 15
ഫാസിസത്തെ നിശിതമായി വിമര്‍ശിക്കുന്നതിനു വേണ്ടി ചാര്‍ളി ചാപ്ലിന്‍ വിദഗ്‌ദ്ധമായി തയ്യാറാക്കിയ മഹത്തായ സിനിമയാണ് ദ ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍(1940/കറുപ്പും വെളുപ്പും/യു എസ് എ/124 മിനുറ്റ്). ജര്‍മനിയില്‍ ലക്ഷക്കണക്കിന് ജൂതന്മാരെയും കറുത്ത വര്‍ഗക്കാരെയും കമ്യൂണിസ്റ്റുകാരെയും മറ്റ് നിരപരാധികളെയും കൊന്നൊടുക്കിയ നാസി ഭരണത്തെയും അതിന്റെ അധിപനായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലറെയും പരിഹാസത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും കുന്തമുനയില്‍ നിര്‍ത്തുന്ന സിനിമയാണ് മഹാനായ സ്വേഛാധിപതി. രണ്ടാം ലോകയുദ്ധത്തില്‍ അമേരിക്കന്‍ ഐക്യനാടുകള്‍ കക്ഷി ചേരുന്നതിനു മുമ്പ് പൂര്‍ത്തിയാക്കി റിലീസ് ചെയ്‌ത ഈ ചിത്രം നാസികളെ യന്ത്രമനസ്സുകൊണ്ടും യന്ത്ര ഹൃദയം കൊണ്ടും പണിതെടുത്ത യന്ത്രമനുഷ്യര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്താണ് ജര്‍മനിയില്‍ നടന്നുകൊണ്ടിരിക്കുന്നത് എന്ന കാര്യം ശക്തമായി അവതരിപ്പിക്കുന്ന ഈ സിനിമ കൂടിയാണ് അമേരിക്കയെ പിന്നീട് യുദ്ധത്തില്‍ ഫാസിസ്റ്റു വിരുദ്ധ സഖ്യത്തില്‍ അണി ചേരാന്‍ പ്രേരിപ്പിച്ചത്. പിന്നീടുണ്ടായത് ചരിത്രം. നിശ്ശബ്‌ദ സിനിമ മാത്രമേ എടുക്കുകയുള്ളൂ എന്നു ശഠിച്ചിരുന്ന ചാപ്ലിന്റെ ആദ്യത്തെ ശബ്‌ദ സിനിമയായ (ടോക്കി) ദ ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ വെച്ച് ഏറ്റവും വലിയ വാണിജ്യ വിജയം നേടിയ ചിത്രം കൂടിയാണ്.
#fightfascism
Thursday, November 12, 2015
Wednesday, November 11, 2015
ഫാസിസവും സിനിമയും 13
നരകത്തില്‍ രണ്ട് ഹാഫ് ടൈമുകള്‍ - കളി ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ജീവന്മരണപ്പോരാട്ടമായി മാറുന്നു. മത്സരത്തിന്റെ ഉദ്വേഗജനകമായ ചിത്രീകരണം ശ്വാസമടക്കിക്കൊണ്ടു മാത്രമേ കണ്ടിരിക്കാനാവൂ. പ്രൊഫഷണല്‍ മത്സരങ്ങളിലേതെന്നതു പോലെ ജഴ്‌സിയും ഷൂസുമണിഞ്ഞ ജര്‍മന്‍ ടീമും കീറിപ്പറിഞ്ഞ വേഷങ്ങളും തുള വീണ ബൂട്ടുമിട്ട് തടവുകാരുടെ ടീമും തമ്മിലുള്ള മത്സരം ആദ്യഘട്ടത്തില്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. ജര്‍മന്‍ കേണല്‍ തന്റെ കാമുകിയോടൊത്ത് ഗാലറിയില്‍ പ്രത്യേകം തയ്യാറാക്കിയ ബോക്‌സിലിരുന്നാണ് കളി കാണുന്നത്. അയാള്‍ക്കിത് വെറുമൊരു നേരമ്പോക്ക്; എന്നാല്‍ തടവുകാരുടെ ടീമിലോരോരുത്തരും അവരുടെ ജീവന്‍ കൊണ്ടു തന്നെയാണ് കളിക്കുന്നത്. കളിയില്‍ ആദ്യം മികവു പുലര്‍ത്തുന്നത് ജര്‍മന്‍ ടീമാണ്. തങ്ങളുടെ കളി എപ്രകാരമാക്കിയാലാണ് തങ്ങള്‍ക്ക് രക്ഷ കിട്ടുക എന്ന് നിര്‍ണയിക്കാനാവാതെ ഡിയോ കുഴങ്ങുകയാണ്. പൊരിഞ്ഞുകളിച്ച് ജര്‍മന്‍കാരെ തോല്‍പിച്ചാല്‍ ആ കുറ്റത്തിനു തന്നെ തങ്ങള്‍ ശിക്ഷിക്കപ്പെടാം. അതല്ല ജര്‍മന്‍കാര്‍ ജയിച്ചോട്ടെ എന്നു കരുതി ഒത്തുകളിച്ചാലോ, തിന്ന ഭക്ഷണത്തിനും ലഭിച്ച പരിമിതമായ സ്വാതന്ത്ര്യത്തിനും പ്രത്യുപകാരമുണ്ടായില്ല എന്ന കുറ്റത്തിനു ശിക്ഷിക്കപ്പെടാം. ഒത്തുകളിയിലെ സ്‌പോര്‍ട്‌സ് വിരുദ്ധത ബോധ്യപ്പെട്ട് കളിക്കാതിരുന്നാലോ അതും ശിക്ഷിക്കാവുന്ന കുറ്റകൃത്യം തന്നെ. ഇപ്രകാരം ഊരാക്കുടുക്കിലാവുന്ന അവര്‍ ആദ്യഘട്ടത്തിലെ ആലസ്യം കളഞ്ഞ് പിന്നീട് ഉഷാറായി കളിക്കുകയും ജര്‍മന്‍കാര്‍ക്ക് മേല്‍ മേല്‍ക്കൈ നേടുകയുമാണ്. ഈ മേല്‍ക്കൈ ജര്‍മന്‍ കേണലിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഫാസിസ്റ്റായ അയാള്‍ റിവോള്‍വറെടുത്ത് തടവുകാരുടെ ടീമിലെ പതിനൊന്ന് കളിക്കാരെയും തുരുതുരാ വെടിവെച്ച് കൊല്ലുന്നു.
#fightfascism
Subscribe to:
Posts (Atom)