നാലു നൂറ്റാണ്ടുകളായി നാം വിക്‌ടോറിയന്‍ സദാചാരം പരിശീലിച്ചു വരികയാണ്. ലൈംഗികത എന്ന വാക്ക് കേട്ടാല്‍ തന്നെ ഞെട്ടിവിറക്കുന്ന ഒരു ജനതയുടെ, ജനതകളുടെ സാമ്രാജ്യത്വങ്ങള്‍ തന്നെ രൂപീകരിക്കപ്പെട്ടിരിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ടതും നിശ്ശബ്ദവും കപടവുമായ ഒരു ലൈംഗിക സദാചാരത്തെ ശരിയും ശാശ്വതവും സാര്‍വകാലികവും സാര്‍വലൗകികവും ആയ ഒരു പരിഷ്‌ക്കാരമായി നാം സ്വീകരിച്ചിരിക്കുന്നു.
പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഈ മാറ്റം ആരംഭിച്ചത്. അതുവരെയും ശരീരങ്ങള്‍ക്കു തമ്മിലും ശരീരങ്ങള്‍ക്കിടയിലും ഈ ഭയാനകത നിലനിന്നിരുന്നില്ല. വാക്കുകളുടെ സാംസ്‌ക്കാരിക സെന്‍സര്‍ഷിപ്പ് നിലവില്‍ വന്നിരുന്നില്ല. വെളിച്ചം അവസാനിച്ചു. വിക്‌ടോറിയന്‍ ബൂര്‍ഷ്വാസിയുടെ ഏകതാനവും അങ്ങേയറ്റം മടുപ്പിക്കുന്നതുമായ രാത്രികള്‍ അക്കാലത്തോടെ നടപ്പിലായിതുടങ്ങി. ലൈംഗികത ശ്രദ്ധാപൂര്‍വം അതിരുകള്‍ നിശ്ചയിച്ച് അതിനുള്ളിലേക്ക് വെട്ടിച്ചുരുക്കപ്പെട്ടു. പതീ-പത്‌നി നിബന്ധിതമായ കുടുംബത്തിനകത്തേക്ക് അതിനെ ഒതുക്കി. പ്രത്യുല്‍പാദനം എന്ന വളരെ ഗൗരവമാര്‍ന്ന ഒരു ധര്‍മത്തിലേക്ക് മാത്രമായി ലൈംഗികതയെ നാം തളച്ചിട്ടു. ഗൗരവം മുഖ്യസ്ഥാനത്തേക്ക് വന്നപ്പോള്‍ ആഹ്ലാദം അവസാനിച്ചു. മൗനമാണ് ലൈംഗികത എന്ന വിഷയത്തിന്റെ അടിസ്ഥാന നിയമം എന്ന നില വന്നു. നിയമാനുസൃതവും പ്രത്യുല്‍പാദനക്ഷമതയുള്ളതുമായ ഭര്‍തൃ-ഭാര്യാദ്വയം അവരെ തന്നെ മാതൃകകളായും നിയമമായും സത്യത്തിന്റെ കാവലാളുകളായും രഹസ്യത്തിന്റെ സൂക്ഷിപ്പുകാരായും സ്വയം വ്യവസ്ഥാപിതരായി. ലൈംഗികതയുടെ ഒരേയൊരു നിര്‍വഹണ/അന്വേഷണ പ്രദേശം കിടപ്പറ മാത്രമായി തീര്‍ന്നു. ഉപയോഗപരവും പ്രത്യുല്‍പാദനം ലക്ഷ്യമാക്കിയുള്ളതുമായ മാതാവിന്റെയും പിതാവിന്റെയും കിടപ്പറ. മറ്റുള്ള എല്ലാ സ്ഥലത്തു നിന്നും ലൈംഗികത നിരോധിക്കപ്പെടുകയോ തുടച്ചു നീക്കപ്പെടുകയോ ചെയ്തു. എല്ലായിടത്തും അവ്യക്തത. ശരീരങ്ങള്‍ തമ്മില്‍ യാതൊരു വിധ സ്പര്‍ശനവും അനുവദനീയമല്ല. എല്ലാവരുടെയും സംസാരങ്ങള്‍ ലൈംഗിക നിരപേക്ഷമായിരിക്കണമെന്ന നിബന്ധന നിലവില്‍ വന്നു. എന്തെങ്കിലും അപഭ്രംശങ്ങള്‍ വന്നാല്‍ അതിനെ എത്രയും പെട്ടെന്നു തന്നെ ഒറ്റപ്പെടുത്താന്‍ തീവ്രശ്രമങ്ങള്‍. ലൈംഗികത ഏതെങ്കിലും വിധത്തില്‍ ദൃശ്യമായാല്‍ കടുത്ത പിഴകളാണ് ചുമത്തപ്പെടുക.
തലമുറകളായി അനുശീലിക്കപ്പെടുന്നതല്ലാത്ത ഏതു വാക്കും പ്രവൃത്തിയും അനുവദനീയമല്ല. അതെന്താണെന്ന് കേള്‍ക്കാന്‍ പോലും പൊതുബോധം തയ്യാറല്ല. അതിനെ നാം പടിക്കു പുറത്താക്കി. നിഷേധിച്ചു. മൗനത്തിലേക്ക് വെട്ടിച്ചുരുക്കി. അത് നിലനില്‍ക്കുന്നില്ല. നിലനില്‍ക്കാന്‍ അര്‍ഹതയുമില്ല. അത് ചെറിയ പ്രകടനത്തിന് തുനിഞ്ഞാല്‍ പോലും അതിനെ നാം വേഗത്തില്‍ അപ്രത്യക്ഷമാക്കും. ലൈംഗികത എന്ന ഒന്ന് നിലനില്‍ക്കുന്നേ ഇല്ല എന്ന സാമാന്യബോധത്തിന്റെ മേല്‍പ്പുരക്ക് കീഴിലാണ് നാം കട്ടികളെ വളര്‍ത്തിയെടുക്കുന്നത്. അതിനെപ്പറ്റി ഒന്നും അറിയാനില്ല, ഒന്നും പറയാനില്ല, ഒന്നും കാണാനില്ല, ഒന്നും കേള്‍ക്കാനുമില്ല. ബൂര്‍ഷ്വാ സമൂഹ രൂപീകരണത്തിന്റെ അപഹാസ്യവും കപടവുമായ നീതിയാണിത്. ചില്ലറ ഒഴികഴിവുകള്‍ അനുവദനീയമാണ്. വേശ്യാലയങ്ങളും തടവറകളും ഭ്രാന്താസ്പത്രികളും അതിനു വേണ്ടിയാണ് നിര്‍മിച്ചുവെച്ചിരിക്കുന്നത്. വേശ്യകള്‍, കൂട്ടിക്കൊടുപ്പുകാര്‍, ഉപഭോക്താവ്, മനോരോഗി, മനശ്ശാസ്ത്രജ്ഞന്‍, തടവുകാരന്‍, കാവല്‍ക്കാരന്‍ എന്നിവര്‍ ഉദാര സമുദായത്തിന്റെ സഹിഷ്ണുതക്കുള്ള ഉദാഹരണങ്ങളായി എടുത്തു കാട്ടപ്പെട്ടു. സ്റ്റീവന്‍ മാര്‍ക്കൂസ് ഇവരെ മറ്റു വിക്‌ടോറിയന്‍സ് എന്നു വിളിക്കുന്നു. പറയപ്പെടാത്തതും നിരോധിക്കപ്പെട്ടതുമായ ആഹ്ലാദം അവിടെ പ്രതിഫലത്തിനു പകരമായി അനുവദിക്കപ്പെടുന്നു. വിലക്ക്, നിലനില്‍ക്കുന്നില്ലെന്ന നിര്‍ബന്ധിത ധാരണ, മൗനം എന്നീ മൂന്നു ഉത്തരവുകളിലൂടെ അല്ലാത്ത എല്ലാ സ്ഥലത്തും ആധുനിക പരിശുദ്ധ സദാചാരം നിലവില്‍ വന്നിരിക്കുന്നു.
#morality #sadaachaaram #victorian morality #sexuality
1 comment:
ഒന്ന് copy ചെയ്തിട്ടുണ്ട് with കടപ്പാട്
Post a Comment