Wednesday, March 26, 2008

എന്താണ് സിനിമ നമുക്ക് പകര്‍ന്നു തരുന്നത്?
എന്താണ് സിനിമ നമുക്ക് പകര്‍ന്നു തരുന്നത്?
പല തരം കാഴ്ചകള്‍ , വിഭ്രമങ്ങള്‍, ഉദ്വേഗങ്ങള്‍,ആഹ്ലാദങ്ങള്‍, വിസ്‌മയങ്ങള്‍, വേദനകള്‍, ഉത്ക്കണ്ഠകള്‍, അന്വേഷണങ്ങള്‍....
ലോക സിനിമയിലൂടെ സഞ്ചരിച്ചാല്‍ അത് അനുഭവങ്ങളിലൂടെയും സംസ്ക്കാരങ്ങളിലൂടെയും ചരിത്രത്തിലൂടെയും ഭൂപ്രദേശങ്ങളിലൂടെയും ഉള്ള നിതാന്തയാത്രകളായി പരിണമിക്കുന്നു.
സിനിമ കേവലം ഉല്ലസിക്കാനും നേരം പോക്കുന്നതിനുമുള്ള ഒരു ഉപാധി മാത്രമല്ല. മനുഷ്യരുടെ ബന്ധങ്ങളും സംഘര്‍ഷങ്ങളും രേഖപ്പെടുത്തിവച്ച ചലിക്കുന്ന ശിലാലിഖിതങ്ങളാണ് സിനിമ.
തര്‍ക്കോവ്സ്‌ക്കി ശരിയായി നിര്‍വചിച്ച പോലെ, കാലത്തില്‍ കൊത്തിവച്ച ശില്‍പ്പങ്ങള്‍.
ആയിരക്കണക്കിന് സിനിമകളാണ് ലോകത്ത് വിവിധ ഭാഷകളിലുണ്ടായിട്ടുള്ളത്. അവയുടെ ചരിത്രം മുഴുവനായി പഠിക്കുക എന്നത് ഒരായുസ്സു മുഴുവനെടുത്താലും തീരാത്ത കാര്യമാണ്.
ദ ബര്‍ത്ത് ഓഫ് എ നാഷന്‍
ചലച്ചിത്ര പഠന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വൈഷമ്യവും സന്ദിഗ്ദ്ധതയും സൃഷ്ടിച്ചിട്ടുള്ള സിനിമകളിലൊന്നാണ് ഡി ഡബ്ല്യൂ ഗ്രിഫിത്തിന്റെ ദ ബര്‍ത്ത് ഓഫ് എ നാഷന്‍ (യു എസ് എ/1915/കറുപ്പും വെളുപ്പും/190 മിനുറ്റ്). ഡീപ്പ് ഫോക്കസ്, ജംപ് കട്ട്, മുഖത്തിന്റെ ക്ലോസപ്പ് തുടങ്ങി ചലച്ചിത്രഭാഷയുടെ അവിഭാജ്യഘടകങ്ങളായി ഇന്ന് കണക്കാക്കുന്ന പല രീതികളും ആദ്യമായി പരീക്ഷിച്ച മുഴുനീള കഥാചിത്രമെന്ന നിലക്ക് ദ ബര്‍ത്ത് ഓഫ് എ നാഷന്റെ പ്രാധാന്യം വലുതാണ്. മാത്രമല്ല, നാല്‍പതു മിനുറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സിനിമ പ്രേക്ഷകര്‍ സ്വീകരിക്കും എന്നു തെളിയിക്കുകയും പിന്നീട് ദശകങ്ങളോളം തോല്‍പിക്കാന്‍ കഴിയാത്ത വിധത്തിലുള്ള വിപണിവിജയം കൈക്കലാക്കുകയും ചെയ്തതിലൂടെ ഒരു വ്യവസായമെന്ന നിലക്ക് സിനിമയുടെ ഭാവി രൂപീകരിച്ചെടുത്തതും ഈ സിനിമയാണെന്നു പറയാം. അതു തന്നെയാണ് ഏറ്റവും വലിയ വൈരുദ്ധ്യവും.
എന്തായിരുന്നു ദ ബര്‍ത്ത് ഓഫ് എ നാഷന്റെ ജനപ്രിയതയുടെ അടിസ്ഥാനം? വെളുത്ത വര്‍ഗക്കാരന്റെ മേധാവിത്ത മനോഭാവത്തെ അതിരുകടന്ന് ന്യായീകരിക്കുകയും വര്‍ണവെറിയെ അക്രമമാര്‍ഗങ്ങളിലൂടെ വ്യവസ്ഥാവല്‍ക്കരിച്ച കൂ ക്ലക്സ് ക്ലാന്‍ പോലുള്ള ഭീകരസംഘടനക്ക് ഊര്‍ജം പകരുകയും ചെയ്ത സിനിമയായിരുന്നു ദ ബര്‍ത്ത് ഓഫ് എ നാഷന്‍ എന്ന് ചരിത്രം വിലയിരുത്തി. അത് ഇടിമിന്നല്‍ കൊണ്ട് ചരിത്രം എഴുതും പോലെയാണ്, പക്ഷെ, ഖേദകരമെന്ന് പറയട്ടെ അത് അത്യന്തം വാസ്തവികവുമാണ് എന്ന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് വൂഡ്രോ വില്‍സണ്‍ അഭിപ്രായപ്പെട്ടു എന്നു പറയപ്പെടുന്നു. ജനാധിപത്യത്തിന്റെ ലോകമാതൃകയായി കൊണ്ടാടപ്പെടുന്ന അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കഴിഞ്ഞ ദശകങ്ങളിലൊന്നും ഒരു കറുത്ത വര്‍ഗക്കാരനോ സ്ത്രീയോ പരിഗണിക്കപ്പെട്ടില്ല എന്നതിന് കാരണം അന്വേഷിച്ച് മറ്റെങ്ങും പോവേണ്ടതില്ലെന്നര്‍ത്ഥം. ഇരുപതാം നൂറ്റാണ്ടിലെ ആദ്യദശകങ്ങളില്‍ അമേരിക്കയിലെ വെളുത്ത വര്‍ഗക്കാര്‍ എത്രമാത്രം വര്‍ണവെറി പിടിച്ചവരായിരുന്നു എന്ന ചരിത്രസത്യം കണ്ണാടി പോലെ വെളിപ്പെടുത്തപ്പെടുന്ന സിനിമയാണ് ദ ബര്‍ത്ത് ഓഫ് എ നാഷന്‍. ലെനി റീഫന്‍സ്റ്റാളിന്റെ ട്രയംഫ് ഓഫ് വില്‍ പോലുള്ള സിനിമകളിലും എസ്രാ പൌണ്ടിന്റെ കവിതകളിലും ഉള്ളതുപോലെ പൈശാചികതയെ മഹത്വവല്‍ക്കരിക്കുന്ന സൌന്ദര്യബോധമാണ് ദ ബര്‍ത്ത് ഓഫ് എ നാഷനിലുമുള്ളത്.
തോമസ് ഡിക്സന്റെ ദ ക്ലാന്‍സ് മാന്‍, ദ ലെപ്പേര്‍ഡ്‌സ് സ്പോട്ട് എന്നീ കൃതികളെ ആസ്പദമാക്കിയെടുത്ത ദ ബര്‍ത്ത് ഓഫ് എ നാഷനില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് അവകാശങ്ങളോ മൂല്യങ്ങളോ ഇല്ലെന്നു കരുതുന്ന തെക്കനമേരിക്കക്കാരനായ ഒരു വെളുത്ത വര്‍ഗക്കാരന്റെ കാഴ്ചപ്പാടുകളാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. വെളുത്ത നടികളുടെ കൂടെ അഭിനയിക്കേണ്ടതുകൊണ്ട് കറുത്ത വര്‍ഗക്കാരുടെ കഥാപാത്രങ്ങളായി വെളുത്തവരെ തന്നെ കറുപ്പു ചായം മുഖത്തു തേപ്പിച്ച് അവതരിപ്പിക്കുകയായിരുന്നു (വംശീയമിശ്രണവും 'മലിനീകരണ'വും ഒഴിവാക്കാന്‍) ഗ്രിഫിത്ത് ചെയ്തത് എന്നതില്‍ നിന്ന് അദ്ദേഹത്തെ ഗ്രസിച്ചിരുന്ന വര്‍ണവെറിയും എത്രമാത്രം ആഴത്തിലുള്ളതായിരുന്നു എന്നു മനസ്സിലാക്കാം. അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രം ആരംഭിക്കുന്നത് ഇത്തരത്തിലുള്ള ചിന്തകളില്‍ നിന്നാണ്. കറുത്ത വര്‍ഗക്കാരൊഴിച്ച് എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടവരായിരുന്നു എന്നാണ് ആ രാഷ്ട്രത്തിന്റെ പിതാക്കളും പ്രപിതാക്കളും വിശ്വസിച്ചതും പ്രചരിപ്പിച്ചതും. ഈ സിനിമയിലെ ഏറ്റവും വിവാദജനകമായ രംഗം കാമാര്‍ത്തി പിടിച്ച കറുത്തവരാല്‍ വളയപ്പെട്ട വെള്ളക്കാരുടെ ഒരു കുടുംബം ഒരു മുറിയില്‍ കുടുങ്ങിയതും അവരെ രക്ഷിച്ചെടുക്കാനായി കൂ ക്ലക്സ് ക്ലാനുകാര്‍ നടത്തുന്ന ശ്രമത്തിന്റെയും ഉദ്വേഗജനകമായ സമാന്തരദൃശ്യങ്ങളാണ്. സിനിമയിറങ്ങിയ കാലത്ത്, മന്ദീഭവിച്ചു കിടന്നിരുന്ന കൂ ക്ലക്സ് ക്ലാനിന്റെ പ്രവര്‍ത്തനത്തിന് പ്രേരകോര്‍ജം പകര്‍ന്നത് ഈ രംഗമായിരുന്നത്രെ.
ഒരു ക്യാമറക്കുമുമ്പില്‍ കളിക്കപ്പെടുന്ന ഒരു നാടകം അല്ലെങ്കില്‍ ഒരു കഥാവതരണം മാത്രമായിരുന്ന സിനിമയെ, ചലച്ചിത്രങ്ങളില്‍ ഇന്ന് സര്‍വസാധാരണമായ ഭാഷയിലേക്ക് പരിവര്‍ത്തനപ്പെടുത്തിയ ആദ്യസംവിധായകരില്‍ പ്രമുഖനായിരുന്നു ഗ്രിഫിത്ത് എന്ന വസ്തുത ഈ പ്രതിലോമതകള്‍ക്കിടയിലും നാം കാണാതിരുന്നുകൂടാ. വൈഡ് ഷോട്ടില്‍ നിന്ന് നേരെ മീഡിയം ഷോട്ടിലേക്കും ക്ലോസപ്പിലേക്കും നീങ്ങാനും തനിക്ക് ഉള്‍പ്പെടുത്തണമെന്നുള്ള വിശദാംശങ്ങള്‍ അപ്പപ്പോള്‍ നിരത്താനും സംവിധായകനുള്ള സൌകര്യം ആദ്യമായി അദ്ദേഹം ഉറപ്പിച്ചെടുത്തു. ഒരേസമയത്ത് രണ്ടിടത്തായി നടക്കുന്ന കാര്യങ്ങളെ മുറിച്ചു മുറിച്ച് പരസ്പരം ഇടകലര്‍ത്തി അവതരിപ്പിക്കുന്നതിലൂടെ കാണിക്ക് ലഭ്യമാവുന്ന ഉദ്വേഗം ദ ബര്‍ത്ത് ഓഫ് എ നാഷനിലാണ് പരീക്ഷിക്കപ്പെട്ടത്. ഗംഭീരമായ ദൃശ്യസൌന്ദര്യവും ആഖ്യാനചൈതന്യവുമുള്ള സിനിമയാണ് ദ ബര്‍ത്ത് ഓഫ് എ നാഷന്‍. അമേരിക്കയിലെ തെക്കു നിന്നും വടക്കു നിന്നുമുള്ള രണ്ടു കുടുംബങ്ങളുടെ ആഭ്യന്തരയുദ്ധാനുഭവങ്ങളുടെയും അവരുടെ സൌഹൃദത്തിന്റെയും പിന്നീട് രാഷ്ട്രരൂപീകരണവേളയില്‍ അവര്‍ വിരുദ്ധ പക്ഷങ്ങളിലാവുന്നതിന്റെയും യുദ്ധരംഗത്ത് രണ്ടു കുടുംബങ്ങളിലെ മക്കളും ഒരേ സമയത്ത് മരിച്ചു വീഴുന്നതിന്റെയും കഥയാണതില്‍ വിവരിക്കുന്നത്. യഥാര്‍ത്ഥ ലൊക്കേഷനുകളില്‍ ദൃശ്യവല്‍ക്കരിച്ച യുദ്ധരംഗങ്ങള്‍ ഇന്നും വിസ്മയകരമായി തുടരുന്നു. അബ്രഹാം ലിങ്കണ്‍ കൊല്ലപ്പെടുന്ന ദൃശ്യം സിനിമയിലുണ്ട്. രാഷ്ട്രത്തിന്റെ പുനര്‍ നിര്‍മാണവേളയില്‍ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജരെ അമേരിക്കന്‍ നാഗരികതയുടെ അവിഭാജ്യഭാഗമായി അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന വെളുത്ത നിറമുള്ളവരുടെ വീക്ഷണമാണ് ഗ്രിഫിത്ത് പിന്തുടരുന്നത്. ആദ്യപകുതിയില്‍ കറുത്തവരെ പിന്നണിയിലേക്ക് തള്ളിനീക്കിയ ആഖ്യാനതന്ത്രം രണ്ടാം പകുതിയില്‍ അവരെ വെളുത്ത സ്ത്രീകളെ കാമാര്‍ത്തിയോടെ ആക്രമിക്കുന്ന ഭീകരരായി ചിത്രീകരിക്കുന്നു. അടിമകളെ വിമോചിപ്പിച്ചത് തെറ്റായി എന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
ഡി ഡബ്ള്യൂ ഗ്രിഫിത്ത്
1875 ജനുവരി 22ന് കെന്റക്കി സംസ്ഥാനത്തെ ലാ ഗ്രേഞ്ചില്‍ ജനിച്ച ഡി ഡബ്ല്യൂ ഗ്രിഫിത്ത് അച്ഛന്റെ അകാലമരണത്തെത്തുടര്‍ന്ന് കടുത്ത ദാരിദ്ര്യത്തിനിടയിലാണ് ബാല്യം കഴിച്ചുകൂട്ടിയത്. തിരക്കഥാകൃത്തും നടനുമായി സ്വയം പരീക്ഷിച്ച് പരാജയപ്പെട്ടതിനു ശേഷമാണ് അദ്ദേഹം സംവിധാനത്തിലേക്കു തിരിഞ്ഞത്. 1908 നും 1913 നുമിടയില്‍ ബയോഗ്രാഫ് കമ്പനിക്കു വേണ്ടി 450 ഹ്രസ്വ ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചു. ക്രോസ് കട്ടിംഗ്, ക്യാമറയുടെ ചലനം, ക്ലോസ് അപ്പുകള്‍ എന്നിങ്ങനെയുള്ള സിനിമാ ടെക്നിക്കുകളില്‍ അദ്ദേഹം പരിണതപ്രജ്ഞനായത് അങ്ങനെയാണ്. ഒന്നു രണ്ടു നീളമുള്ള സിനിമകള്‍ അദ്ദേഹം എടുത്തെങ്കിലും അത്തരം സിനിമകള്‍ വിജയിക്കുമെന്നതില്‍ ബയോഗ്രാഫ് കമ്പനിക്ക് സംശയങ്ങളുണ്ടായിരുന്നു. നടന്മാരെയും കൊണ്ട് കമ്പനി വിട്ട ഗ്രിഫിത്ത് സ്വന്തം കമ്പനി രൂപീകരിക്കുകയും ക്ലാന്‍സ്‌മാന്‍ എന്ന ആദ്യ പേരിലും പിന്നീട് ബര്‍ത്ത് ഓഫ് എ നാഷന്‍ എന്ന പേരിലും ഉള്ള ഫീച്ചര്‍ സിനിമ നിര്‍മ്മിക്കുകയും ചെയ്തു. 'ഞങ്ങളുടെയെല്ലാവരുടെയും അദ്ധ്യാപകന്‍' എന്ന് ചാര്‍ളി ചാപ്ലിന്‍ വിശേഷിപ്പിച്ച ഗ്രിഫിത്ത് ആണ് കഥാ സിനിമയുടെ ഭാഷക്കും വ്യാകരണത്തിനും അടിത്തറ പാകിയത്. കടുത്ത വലതുപക്ഷക്കാരനും വര്‍ണവെറിക്കാരനുമായിട്ടും ചരിത്രത്തില്‍ അദ്ദേഹത്തിന് സ്ഥാനം ലഭിച്ചത് ഈ കാരണത്താലാണ്. പ്രധാന സിനിമകള്‍ : ഇന്‍ ഓള്‍ഡ് കാലിഫോര്‍ണിയ (1910), ബര്‍ത്ത് ഓഫ് എ നാഷന്‍ (1915), ഇന്‍ടോളറന്‍സ് (1916), അമേരിക്ക (1924), അബ്രഹാം ലിങ്കണ്‍ (1930). 1948 ജൂലൈ 23ന് അന്തരിച്ചു.

Saturday, March 22, 2008

നാലു പെണ്ണുങ്ങള്‍ പുതിയ ജീവിതവും പഴയ പ്രതിഛായകളുംപതിറ്റാണ്ടുകള്‍ക്കുമുമ്പ് എഴുതപ്പെട്ട തകഴിയുടെ ചെറുകഥകളെ ആസ്പദമാക്കിക്കൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ ദൃശ്യവത്ക്കരിക്കുന്ന ഭൂതകാലം വ്യക്തവും കൃത്യവുമായ വിധം വര്‍ത്തമാനകാലത്തെയാണ് വിശദീകരിക്കുന്നത് എന്നതാണ് നാലു പെണ്ണുങ്ങള്‍ എന്ന സിനിമയുടെ വിസ്മയകരമായ വാസ്തവം.
സ്ത്രീത്വത്തെ പുരുഷഭാവന എങ്ങനെയാണ് സങ്കല്‍പ്പിച്ചും വികസിപ്പിച്ചുമെടുക്കുന്നത് എന്നും ആ സങ്കല്‍പ/വികാസത്തിന്റെ അതിരുകള്‍ ഏതു വൈകാരികലോകത്തും സദാചാരഭൂമിയിലുമാണ് ചെന്ന് വഴിമുട്ടി നില്‍ക്കുന്നത് എന്നുമുള്ള അടിസ്ഥാനമാണ് ചെറുകഥകളിലെന്നതു പോലെ സിനിമയിലും ആവിഷ്ക്കരിക്കപ്പെടുന്നത്. വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്ത ഏതാനും ചെറുകഥകളെയാണ് താന്‍ ആശ്രയിച്ചത് എന്ന അടൂരിന്റെ വിശദീകരണം, എഴുതപ്പെട്ട കാലത്ത് വായിക്കപ്പെടാത്തതിലൂടെ സമൂഹം ചര്‍ച്ച ചെയ്യാന്‍ വിസമ്മതിച്ച ചില പ്രമേയങ്ങള്‍ ആ ചെറുകഥകളിലുണ്ടായിരുന്നു എന്ന വസ്തുതയെയും വെളിപ്പെടുത്തുന്നു. നാടുവാഴിത്തത്തിന്റെ രക്ഷാകര്‍തൃത്വത്തിന്‍ കീഴില്‍ രൂപപ്പെട്ട ലൈംഗികസദാചാരം എന്ന സ്ഥാപനം പെണ്ണിനെയും പെണ്ണത്തത്തെയും എപ്രകാരമാണ് നിര്‍ണയിച്ചത് അഥവാ തടവിലിട്ടത് എന്നതു തന്നെയാണ് സിനിമയിലെ ആഖ്യാനം(ങ്ങള്‍) അന്വേഷിക്കുന്നത്.
പരസ്പരം ബന്ധമില്ലാത്തത് എന്നു തോന്നിപ്പിക്കുന്ന നാല് അധ്യായങ്ങളിലൂടെ ആഖ്യാനം ചെയ്യപ്പെട്ട 1940-50 കളിലെ പല സ്ത്രീ ജീവിതങ്ങള്‍ ചേര്‍ന്നാണ് കാലത്തെയും സ്ഥലത്തെയും സമുദായത്തെയും കുടുംബത്തെയും അഭിവാഞ്ഛയെയും നിരാശയെയും നിര്‍വൃതിയെയും എല്ലാം വിശദീകരിക്കുന്നത്.
ആദ്യത്തെ കഥയുടെ ശീര്‍ഷകം ഒരു നിയമ ലംഘനത്തിന്റെ കഥ എന്നാണ്. തെരുവു വേശ്യയായി ജീവിക്കുന്ന കുഞ്ഞിപ്പെണ്ണി(പത്മപ്രിയ)നോട് ഒപ്പമുള്ളവള്‍(സോനാ നായര്‍) പറയുന്നത് ഈ ചോരയും തെളപ്പുമൊന്നും എന്നും കാണത്തില്ലെന്നും ഭാവിയെക്കുറിച്ച് ആലോചിക്കുന്നത് നല്ലതാണെന്നുമാണ്. സാധാരണ ഇടപാടുകാരില്‍ നിന്ന് വ്യത്യസ്തമായി തുല്യമായ നിലയില്‍ സ്നേഹം പ്രകടിപ്പിക്കുന്ന പപ്പുക്കുട്ടി (ശ്രീജിത്ത് രവി)യോടൊത്ത് വിവാഹജീവിതം നയിക്കാന്‍ അവള്‍ തീരുമാനിക്കുന്നതിന്റെ പ്രേരണയും ഒരു പക്ഷേ ഈ ഉപദേശമായിരിക്കാം. നിരത്തുപണിക്കാരുടെ കൂട്ടത്തില്‍ കല്ലു ചുമക്കാന്‍ പോകുന്ന അവള്‍ക്ക് ഒരു രൂപ ദിവസക്കൂലി ലഭിക്കുന്നു. ചുമട്ടുകാരനായ പപ്പുക്കുട്ടിക്കാകട്ടെ ഒന്നേമുക്കാല്‍ രൂപയാണ് അന്ന് കിട്ടിയത്. ശരീരം വിറ്റു നടന്നിരുന്ന ദിവസങ്ങളില്‍ ഇതിലധികം വരുമാനമുണ്ടായിരുന്നു എന്നു മാത്രമല്ല, അധ്വാനവും കുറവായിരുന്നു. നീയങ്ങു കറുത്തു പോവും എന്ന രീതിയിലുള്ള കരാറുകാരന്റെ പ്രലോഭനങ്ങളെ അവള്‍ സൌമ്യമായി അതിജീവിക്കുന്നു. സ്വന്തമായി മാതാപിതാക്കളോ ബന്ധുക്കളോ വാസസ്ഥലങ്ങളോ ഇല്ലാത്ത അവരുടെ വിവാഹജീവിതത്തെ പക്ഷേ സമൂഹത്തിന് അംഗീകരിക്കാന്‍ നിവൃത്തിയില്ല.
കുടുംബത്തിനകത്തെ ഭാര്യാഭര്‍തൃ ബന്ധം എന്ന സുരക്ഷിതലോകത്തിന്റെ അപരമായി വ്യഭിചാരത്തിന്റെ ഒരു വെളിമ്പ്രദേശം സ്ഥിരമായി പ്രവര്‍ത്തനക്ഷമമായിരിക്കേണ്ടത് നാടുവാഴിത്തത്തിനു മാത്രമല്ല, വ്യക്തിയെയും സ്വാതന്ത്ര്യത്തെയും രൂപീകരിച്ചെടുത്ത മുതലാളിത്ത ആധുനികതക്കും അത്യാവശ്യമാണ്. അങ്ങാടി, കടത്തിണ്ണ, ടാറിടുന്ന നിരത്തുകള്‍, ചുമട്ടുതൊഴില്‍ എന്നിങ്ങനെ ആധുനികതയുടെ ലക്ഷണങ്ങള്‍ ആരംഭിച്ച കാലത്താണ് അഥവാ സംക്രമണത്തിന്റെ കാലത്താണ് വൈവാഹിക ബന്ധത്തിലൂടെ അവരെത്തിപ്പെടാന്‍ ആഗ്രഹിച്ച സുരക്ഷിതത്വത്തെയും പരസ്പരാശ്രിതത്വത്തെയും അതേ ആധുനിക ലോകം തട്ടിപ്പറിച്ചെടുക്കുന്നത്. വിടനും കള്ളുകുടിയനുമാണെങ്കിലും തന്ത, പണം, വീട് എന്നീ മേല്‍വിലാസങ്ങളുള്ള ഒരാളുടെ (മനോജ് കെ ജയന്‍) സത്യവിരുദ്ധമായ സാക്ഷിമൊഴി വിശ്വസിച്ച് കോടതി അവരെ അവിഹിത ബന്ധത്തിലേര്‍പ്പെട്ടെന്ന കുറ്റത്തിന് പതിനഞ്ചു ദിവസത്തേക്ക് വെറും തടവിന് ശിക്ഷിക്കുന്നു. അഛനാര്, വാസസ്ഥലം, പകുതി, മുറി എന്നിങ്ങനെ കുഞ്ഞിപ്പെണ്ണിനും പപ്പുക്കുട്ടിക്കും സമുദായത്തിനകത്തും സദാചാരത്തിനകത്തും സ്ഥാനമൊന്നുമില്ലെന്ന് സ്ഥാപിക്കാന്‍ പ്രോസിക്യൂഷന്‍ വക്കീലും അയാളോടൊത്തു ചേര്‍ന്ന് ജഡ്ജി (ശ്രീകുമാര്‍)യും ചേര്‍ന്ന് നടത്തുന്ന വിചാരണയും വിധിപ്രഖ്യാപനവും നിയമവ്യവസ്ഥയുടെ വര്‍ഗ-ലിംഗ പക്ഷപാതിത്വം തുറന്നുകാട്ടുന്നു. വിചാരണവേളയില്‍ അവര്‍ക്കെതിരെ കുറ്റങ്ങള്‍ ആരോപിക്കുമ്പോള്‍ അവര്‍ക്ക് തെളിവായും വാദമുഖമായും ഉയര്‍ത്താന്‍ ഒരേ ഒരു കാര്യമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള് ഭാര്യേം ഭര്‍ത്താവുമാ എന്ന വിശ്വാസവും സത്യവാങ്മൂലവും മാത്രമാണത്. ഞങ്ങളവസരിക്കുവായിരുന്നേല(അഭിസരിക്കുകയായിരുന്നില്ല), ഞങ്ങള് ഭാര്യേം ഭര്‍ത്താവുമാ എന്ന് കുഞ്ഞുപെണ്ണ് നിസ്സഹായതയോടെ എന്നാല്‍ തിളങ്ങുന്ന കണ്ണുകളോടെ നിയമപീഠത്തിനു മുന്നില്‍ തന്റെ ഉള്ള് ഉണര്‍ത്തുമ്പോള്‍; ലൈംഗികജീവിതം, ലൈംഗികാനന്ദം, കുടുംബമായി ജീവിക്കാനുള്ള അടിസ്ഥാന അവകാശം എന്നിവയൊക്കെ നിഷേധിക്കപ്പെടുന്ന അധസ്ഥിതരുടെ മുഴുവന്‍ കരച്ചിലായി അത് പരിണമിക്കുന്നു.
പ്രാകൃതികമായ ലൈംഗിക ചോദനയെ നിയന്ത്രിക്കാനും വരുതിയിലാക്കാനും വേണ്ടി നൂറ്റാണ്ടുകളുടെ പരിശ്രമത്തിലൂടെ നിര്‍മിച്ചെടുത്തിട്ടുള്ള കുടുംബം/വിവാഹബന്ധം എന്ന സ്ഥാപനത്തെ അതിന്റെ നിര്‍മാതാക്കളും പ്രയോക്താക്കളും തന്നെ ലംഘിക്കുന്നതെങ്ങനെ എന്നതിന്റെ നിദര്‍ശനമാണ് ഈ അവതരണം. അഥവാ കുടുംബം എന്ന 'സുരക്ഷിത' ലൈംഗിക ബന്ധത്തിനുള്ള ഇടത്തെ ശിഥിലീകരിക്കുന്നത് വലിയ വായില്‍ അതിനെ ന്യായീകരിച്ചെടുക്കുന്ന അധീശത്വ ശക്തികള്‍ തന്നെയാണെന്ന വര്‍ഗ-ലിംഗ പരമായ യാഥാര്‍ഥ്യത്തെ ചലച്ചിത്രകാരന്‍ തുറന്നു കാണിക്കുന്നു. സുരക്ഷിതത്വവും അരാജകത്വവും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍ മാത്രം.
രണ്ടാമത്തെ അധ്യായത്തിന്റെ ശീര്‍ഷകം കന്യക എന്നാണ്. കര്‍ഷകത്തൊഴിലാളികുടുംബത്തില്‍ പെട്ട കുമാരി (ഗീതു മോഹന്‍ദാസ്)യുടെ നിത്യാധ്വാനത്തിന് കിട്ടുന്ന കൂലി കൊണ്ടു വേണം രോഗിയായ അഛനും (എം ആര്‍ ഗോപകുമാര്‍) അമ്മയും അടങ്ങുന്ന അവരുടെ കുടുംബത്തിന് ദൈനംദിനച്ചെലവുകള്‍ കഴിയാന്‍. കുടുംബത്തിലെ ഏക ജോലിക്കാരി എന്ന നിലക്ക് അവളെ കല്യാണം കഴിച്ചുകൊടുത്താല്‍ തങ്ങളുടെ വരുമാനമാര്‍ഗം അടയും എന്നതുകൊണ്ട് അവളെ അവിവാഹിതയാക്കി നിലനിര്‍ത്താന്‍ അഛനും അമ്മയും യത്നിക്കും എന്ന ആക്ഷേപത്തെത്തുടര്‍ന്നാണോ എന്നറിയില്ല, ബോട്ടുജെട്ടിയില്‍ കട നടത്തുന്ന നാരായണനു(നന്ദു)മായി അവളുടെ വിവാഹം അതിവേഗം തീരുമാനിക്കപ്പെടുന്നു. കൊട്ടകയില്‍ സിനിമ മാറുന്ന ദിവസം രണ്ടാമത്തെ കളിക്ക് അതു കാണണം എന്ന നിര്‍ബന്ധമൊഴിച്ചാല്‍ മറ്റ് ദുസ്വഭാവങ്ങളൊന്നുമില്ലാത്ത നാരായണന് കൊടുക്കാനുള്ള സ്ത്രീധനവും കല്യാണച്ചെലവും അവള്‍ ഒപ്പിക്കുന്നത് കൂലിയില്‍ നിന്ന് മിച്ചം വെച്ച കാശു കൊടുത്ത് ചേര്‍ന്ന ചിട്ടി പിടിച്ചാണ്. ആഹ്ളാദത്തോടെ നടന്ന വിവാഹച്ചടങ്ങിനു ശേഷം ഭര്‍തൃഗൃഹത്തിലെത്തുന്ന അവള്‍ യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കുമ്പോഴാണ് തന്റെ ജീവിതം ഏതു തരം നിരര്‍ഥകതയിലാണ് ചെന്നകപ്പെട്ടിരിക്കുന്നത് എന്നു തിരിച്ചറിയുന്നത്.
ആദ്യ അധ്യായമായ വേശ്യയുടെ കഥയില്‍ നിയമപ്രകാരം വിവാഹം കഴിക്കാത്തതുകൊണ്ടാണ് നായിക കുഴപ്പത്തിലെത്തിപ്പെടുന്നതെങ്കില്‍ രണ്ടാമധ്യായമായ കന്യകയില്‍ നിയമപരമായ വിവാഹാഘോഷത്തിനു ശേഷമാണ് നായിക വിഫലമായ ജീവിതത്തിലെത്തിപ്പെടുന്നത് എന്നത് ആഖ്യാനത്തില്‍ സൂക്ഷ്മമായി വരുത്തുന്ന ഒരു പരിണാമമാണെന്ന് കാണാം. അടുത്ത രണ്ടധ്യായങ്ങളില്‍ ഈ അവസ്ഥയില്‍ നിന്നുമുള്ള തുടര്‍ച്ചകളും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. അപ്രകാരം, നാലധ്യായമായി ചിതറിയതെന്നോ അകന്നുപോയതെന്നോ തോന്നിപ്പിക്കുന്ന ആഖ്യാനഘടനയെ ഒന്നില്‍ നിന്ന് അടുത്തതിലേക്ക് എന്ന വണ്ണം കോര്‍ത്തിണക്കുന്ന ഘടകം പരോക്ഷമായി പുറകില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുമാരിയുടെ ഭര്‍ത്താവ് നാരായണന്‍ ഒരു ഷണ്ഡനാണ്. തീറ്റപ്രാന്തനായ അയാള്‍, തൊട്ടടുത്തു കിടക്കുന്ന ഭാര്യയുടെ വികാരവായ്പോടെയുള്ള സ്പര്‍ശത്തെ വല്ലാതെ ഉഷ്ണിക്കുന്നു എന്ന പറച്ചിലോടെ നിരസിക്കുന്നു. വാരിവലിച്ചു തിന്നാല്‍ അങ്ങനിരിക്കും എന്ന് പുഛത്തോടെ പ്രതികരിച്ച് അവള്‍ തന്റെ ലൈംഗിക നിസ്സഹായതയിലേക്ക് പിന്‍വാങ്ങുന്നു. ഒരു കാരണവുമില്ലാതെ അവളെ അവളുടെ വീട്ടിലാക്കി അയാള്‍ തന്റെ വീട്ടിലേക്കും കച്ചവടത്തിലേക്കും തിരിച്ചു പോകുകയും ചെയ്യുന്നു. അവള്‍ പിഴച്ചവളാണ് എന്ന ദുഷ്പ്രചാരണവും അയാളുടെ ചില ബന്ധുക്കള്‍ നടത്തുന്നുണ്ട്. എങ്കില്‍ പിന്നെ വിവാഹമൊഴിഞ്ഞുകളയാം എന്ന ഘട്ടമെത്തുമ്പോള്‍, കല്യാണച്ചെലവു തന്നില്ലെങ്കിലും വേണ്ടില്ല, തങ്ങള്‍ തന്ന അഞ്ഞൂറു രൂപയുടെ സ്ത്രീധനം തിരിച്ചു കിട്ടണം എന്ന് കുമാരിയുടെ അഛന്‍ പറയുന്നു. ചെക്കനെ അപമാനിച്ചതിന് ആയിരത്തഞ്ഞൂറു രൂപയുടെ നഷ്ടപരിഹാരം തിരിച്ചാണ് കിട്ടേണ്ടതെന്നതാണ് അയാളുടെ വീട്ടുകാരുടെ വാദം എന്നു കേള്‍ക്കുമ്പോള്‍ തന്റേടത്തോടെ പൂമുഖത്തേക്കു വരുന്ന കുമാരി പറയുന്നത് ഈ തര്‍ക്കം നിര്‍ത്തണം; കാരണം ഞങ്ങള് തമ്മില് കല്യാണം കഴിഞ്ഞിട്ടില്ല എന്നാണ്. എന്താ നീ പറയുന്നത്, പിന്നെ ഇവിടെ ആഘോഷമായിട്ട് നടന്നതെന്താ എന്ന അഛന്റെ ചോദ്യത്തിനും അവളതേ മറുപടി കൊടുക്കുന്നു. ഞങ്ങള് തമ്മില് കല്യാണം കഴിഞ്ഞിട്ടില്ല.
വളരെ ലളിതമായി തോന്നുന്ന ആ വാചകത്തിന്റെ അര്‍ഥവ്യാപ്തി പലതാണ്. 'ആണുങ്ങള്‍' തമ്മിലുള്ള ഈ വൃത്തികെട്ട വര്‍ത്തമാനം നിര്‍ത്താനുള്ള തറപ്പിച്ച ഒറ്റ മറുപടിയാണ് അത്. അതേ പോലെ തങ്ങള്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ എന്ന നിലക്കുള്ള ലൈംഗിക സംയോഗത്തിലേര്‍പ്പെട്ടിട്ടില്ല എന്നര്‍ഥം വരുന്ന വാചകവുമാണത്. കൂടിയിട്ടില്ലാത്ത നിലക്ക് പിരിയുന്നു എന്നതിന് ഒരു സാങ്കേതിക വ്യാഖ്യാനം എന്തിന് എന്ന ആ ചോദ്യം കുറിക്ക് കൊള്ളുന്നതാണ്. ലൈംഗിക ബന്ധത്തിന്റെ ഈ ബലതന്ത്രത്തെയും അതിന്റെ കെട്ടുവാഴ്ചയെയും നിരാകരിക്കുന്ന അവള്‍ തനിക്കു ചേര്‍ന്ന അധ്വാനത്തിലേക്കും കൂലിയിലേക്കും പൂര്‍വാധികം ശക്തിയോടെ മടങ്ങിയെത്തുന്നു. ഒരു മാറ്റം മാത്രം, മിച്ചം വച്ചുള്ള 'ചിട്ടി പിടിത്തം' ഒഴിവാക്കി. കാരണം, സാമ്പത്തികമായി മാത്രം നിലനില്‍ക്കുന്ന ലൈംഗിക സദാചാര വ്യവസ്ഥയായ വിവാഹം എന്ന 'സുരക്ഷിത' സ്ഥാപനത്തിനു വേണ്ടി അവള്‍ക്കിനി രണ്ടാമതൊരു വട്ടം കൂടി ഒരുങ്ങേണ്ടതില്ല എന്നതുകൊണ്ടു തന്നെ.
നിഷേധിക്കപ്പെട്ട വിവാഹവും അലസിപ്പോയ വിവാഹവും കഴിഞ്ഞ് മൂന്നാമത്തെ അധ്യായമെത്തുമ്പോള്‍, സ്നേഹവും സാമൂഹികാംഗീകാരവും പദവിയും കാമവും എല്ലാം ഒത്തുചേര്‍ന്നിട്ടും വിഫലമാവുന്ന വിവാഹവാഴ്ച്ചയെക്കുറിച്ചാണ് സിനിമ വിശദീകരിക്കുന്നത്. ചിന്നു അമ്മ എന്നു പേരുള്ള ആ അധ്യായത്തില്‍, രാമന്‍ പിള്ള(മുരളി)യുടെ ഭാര്യയായ ചിന്നു (മഞ്ജു മുകുന്ദന്‍)വിന്റെ ഗര്‍ഭം ആറു തവണയും അലസിപ്പോവുന്നു. പലതരം ചികിത്സകള്‍, വഴിപാടുകള്‍, മരുന്നുകള്‍, മന്ത്രവാദങ്ങള്‍ എല്ലാം വിഫലമായി. അങ്ങനെയിരിക്കെയാണ് അഞ്ചാം ഫോറത്തില്‍ നാലു തവണ തോറ്റു മുരടിച്ചിരിക്കെ നാടുവിട്ട് പാണ്ടിനാടായ തമിഴകത്തു പോയി അവിടത്തുകാരിയെയും കെട്ടി നാലാണും നാലു പെണ്ണുമായി എട്ടു മക്കളുടെ തന്തയായി സസുഖം വാഴുന്ന നാറാപിള്ള (മുകേഷ്) പന്ത്രണ്ടാമത്തെ വര്‍ഷം പതിവുള്ള നാടു സന്ദര്‍ശനത്തിനെത്തിയത്. അവള്‍ അഞ്ചാം ഫോറത്തിലേക്കു ജയിച്ച കൊല്ലവും അവന്‍ ആ ക്ളാസിലുണ്ടായിരുന്നു, നാലാമത്തെ തോല്‍വിക്കു ശേഷം. കൌമാരകാലത്ത് തോന്നുന്ന മതിഭ്രമത്തിന്റെ രീതിയിലാവാം അന്നവര്‍ തമ്മില്‍ ഒരു ഇഷ്ടം രൂപപ്പെട്ടിരുന്നു. സാമീപ്യത്തിനു ശേഷം ബന്ധപ്പെട്ടേക്കും എന്ന നില വന്നപ്പോള്‍ വേണ്ട ഗര്‍ഭം വരും എന്നു പേടിച്ച് അവള്‍ പിന്മാറുകയും അവനെ പിന്തിരിപ്പിക്കുകയുമായിരുന്നു. ആ നിരാശ കൊണ്ടു കൂടിയാണ് നാറാ പിള്ള നാടുവിട്ടത്.
ഇപ്പോള്‍ പന്തീരാണ്ടു കൂടുമ്പോഴത്തെ കറക്കത്തിനായെത്തുന്ന അയാള്‍ പാണ്ടി നാട്ടിലെ ഒരു ജമീന്ദാറുടെയും ഭാര്യയുടെയും തത്തുല്യമായ അനുഭവം വിവരിച്ച് അവളെ പ്രലോഭിപ്പിക്കുന്നു. മന്ത്ര തന്ത്രങ്ങള്‍ക്കും മരുന്നുകള്‍ക്കും തീര്‍ഥാടനങ്ങള്‍ക്കും ശേഷവും ജമീന്ദാറില്‍ നിന്ന് ഗര്‍ഭം ധരിക്കാത്തതിനെ തുടര്‍ന്ന് രണ്ടു പേരും ചേര്‍ന്ന് തീരുമാനിച്ച് കുതിരക്കാരനെ അവളുടെ കിടപ്പറയിലേക്ക് കയറ്റി കാര്യം സാധിക്കുകയാണ്. നല്ലൊരു ആണ്‍കുളന്തൈ ഇതിനെ തുടര്‍ന്ന് അവര്‍ക്ക് ലഭിച്ചു. ജമീന്ദാറുടെ കണക്കറ്റ സ്വത്ത് അവരുടെ കാലശേഷം സര്‍ക്കാര്‍ കണ്ടു കെട്ടുന്നതും ഇല്ലാതായി. അതേ പോലെ, ചിന്നുവില്‍ കുട്ടിയുണ്ടാക്കുക എന്നത് ഒഴിവായിപ്പോയ കാമുകനും ഇപ്പോള്‍ ജാരനായി തിരിച്ചുവന്നവനുമായ തന്റെ നിയോഗമായിരിക്കും എന്നതാണ് ദൈവ നിശ്ചയം എന്ന് അയാള്‍ വിശദീകരിക്കുമ്പോള്‍ നിരാകരിക്കുന്നതിന് അവള്‍ ഏറെ പ്രയാസപ്പെടുന്നു. ദൈവം പോട്ടെ, എന്നുടെ ആഗ്രഹം എന്ന അവസാനത്തെ തുരുപ്പു ശീട്ടും അയാള്‍ പുറത്തെടുക്കുന്നെങ്കിലും അവള്‍ പാതിവ്രത്യത്തിന്റെ സുരക്ഷിതത്വത്തിലേക്കും അതുവഴി പുത്രരാഹിത്യത്തിന്റെ അരക്ഷിതത്വത്തിലേക്കും സമുദായത്തെ ഭയന്ന് തിരിച്ചൊളിക്കുന്നു.
നാലാമത്തെയും അവസാനത്തെയും അധ്യായമായ നിത്യകന്യകയാണ് ഏറ്റവും ദീര്‍ഘമായ ഭാഗം. പ്രമുഖ നടിയായ നന്ദിതാദാസ് കാമാക്ഷിയുടെ വേഷത്തില്‍ അഭിനയിക്കുന്നു. കാമാക്ഷി എന്ന പുരുഷ കല്‍പിതവും പൌരാണികവുമായ നാമകരണം തന്നെ സവിശേഷമാണ്. കാമപൂര്‍ത്തീകരണത്തിനായി നിര്‍മിക്കപ്പെട്ടവളും ആഗ്രഹിക്കുന്നവളും എന്നാണ് പാര്‍വതിയുടെ ഈ പര്യായത്തെ പുരാണവും പില്‍ക്കാലവും വായിച്ചെടുത്തത്. ഈ ആഖ്യാനത്തിലെ വിരോധാഭാസമാകട്ടെ ഒരിക്കലും സാക്ഷാത്ക്കരിക്കപ്പെടാത്ത ആഗ്രഹമായി ആ പേരു തന്നെ പരിണമിക്കുന്നു എന്നതും. കുട്ടനാട്ടിലെ ഇടത്തരം കര്‍ഷക കുടുംബത്തില്‍ പെട്ട കാമാക്ഷിക്ക് അമ്മയും ഒരു സഹോദരനും രണ്ടു സഹോദരിമാരും ഉണ്ട്. അവളെ പെണ്ണു കാണാനായെത്തുന്ന പരമേശ്വരന്‍ നായര്‍(രവി വള്ളത്തോള്‍), കൂടുതല്‍ സുന്ദരിയും ശരീരമുഴപ്പുള്ളവളുമായ സുഭദ്ര(കാവ്യാ മാധവന്‍)യെയാണ് ഇഷ്ടപ്പെടുന്നത് എന്നു പറയുമ്പോള്‍ അത് നടത്തിക്കൊടുക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിതരാവുന്നു. പിന്നെ ചെറിയ അനിയത്തി(രമ്യാ നമ്പീശന്‍)യുടെയും അനിയന്റെ (അശോകന്‍)യും വിവാഹങ്ങളും അമ്മ(കെ പി എ സി ലളിത)യുടെ മരണവും എല്ലാം നടക്കുമ്പോഴും അവള്‍ പഴയ ഭാഷയില്‍ പറഞ്ഞാല്‍ 'പുര നിറഞ്ഞ്' ബാക്കി നില്‍ക്കുന്നു. സുഭദ്രയുടെ മൂന്നാമത്തെ പ്രസവത്തിന് അമ്മയുടെ ഭാഗത്തു നിന്ന് ചെയ്യേണ്ട സഹായങ്ങള്‍ നിര്‍വഹിക്കാനായി അവളുടെ വീട്ടിലെത്തി താമസിക്കുന്ന കാമാക്ഷിയും സുഭദ്രയുടെ കുട്ടികളും തമ്മില്‍ തീവ്രമായ സ്നേഹബന്ധം സുദൃഢമാവുന്നുണ്ട്.
മാതൃത്വമാണ് ലോകത്തെ രണ്ടാമത്തെ പഴക്കം ചെന്ന ജോലി എന്ന് എര്‍മ ബോംബെക്ക് പറയുന്നുണ്ടെന്ന് സാറ മാന്‍വല്‍ നാലു പെണ്ണുങ്ങളെക്കുറിച്ച് സിനിമ അട്രാക്ഷനിലെഴുതിയ നിരൂപണത്തില്‍ ഓര്‍മിപ്പിക്കുന്നു. ആ ജോലിയിലെത്താതിരിക്കുമ്പോള്‍ സ്ത്രീത്വം പാഴായി എന്നാണ് പുരുഷനിര്‍മിതമായ പഴയ ലോകവും പുതിയ ലോകവും വിലപിക്കുന്നതും.
പരിമിതമായ സഞ്ചാരസ്വാതന്ത്ര്യവും ചലന നിയമങ്ങളും മാത്രമുണ്ടായിരുന്ന ആയിരത്തി തൊളളായിരത്തി നാല്പതുകളിലെയും അമ്പതുകളിലെയും സദാചാരഭീതികളും സ്ത്രീ ശരീരത്തിന്റെ പരിശുദ്ധിയെക്കുറിച്ചുള്ള ബോധാബോധങ്ങളും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെയും പശ്ചാത്തലമായി പ്രവര്‍ത്തിക്കുന്നുവെന്ന തിരിച്ചറിവാണ് നാലു പെണ്ണുങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ജാതി സമുദായത്തെയും മതപ്രോക്തമായ സംഘാടനത്തെയും പൌരോഹിത്യത്തെയും വര്‍ഗ-സാമ്പത്തിക വ്യവസ്ഥയെയും പുരുഷാധിപത്യത്തെയും ഉറപ്പിച്ചെടുക്കുന്നതിന് സ്ത്രീയെയും സ്ത്രൈണ ലൈംഗികതയെയും വരിഞ്ഞുകെട്ടുന്ന വിധത്തില്‍ വരുതിയിലാക്കുക എന്ന പ്രവൃത്തിയെയാണ് നാം ഭാവശുദ്ധി എന്നും കുടുംബം എന്നും വിളിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാവുന്ന കുഞ്ഞിപ്പെണ്ണിനെയും പപ്പുക്കുട്ടിയെയും അതിനനുവദിക്കാതിരിക്കുകയും സമുദായം കെട്ടിയുണ്ടാക്കുന്ന വിവാഹബന്ധങ്ങള്‍ അവ എത്രമാത്രം വിരസമായിരിക്കട്ടെ, സ്നേഹരഹിതവും കാമരഹിതവും ആയിരിക്കട്ടെ, വംശവര്‍ധന എന്ന പ്രകൃതിനിയമം പാലിക്കാന്‍ പ്രയോജനപ്പെട്ടതാകാതിരിക്കട്ടെ, പരസ്പരവിശ്വാസവും പൊരുത്തവും ധാരണയും നഷ്ടമായതാകട്ടെ, ആ ഗതി കെട്ട അവസ്ഥ മരണം വരെയും തുടരാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന സ്ഥിതി രൂപപ്പെട്ടതെങ്ങനെയെന്നാണ് ചലച്ചിത്രകാരന്‍ സാഹിത്യകൃതിയെ ആസ്പദമാക്കി വിവരിക്കുന്നത്. മലയാള സാഹിത്യം പലപ്പോഴും സധൈര്യം ആവിഷ്ക്കരിച്ചിട്ടുള്ള ഈ ഉത്ക്കണ്ഠ പങ്കിടാനുള്ള സന്നദ്ധത മലയാള സിനിമ അധികം തവണ പ്രകടിപ്പിച്ചിട്ടില്ല. പുരുഷന്റെ തുണ എന്ന അസംബന്ധത്തെ ഉപേക്ഷിക്കാനുള്ള ധൈര്യവും വിവേകവും പ്രകടിപ്പിക്കുന്ന കുമാരിയും കാമാക്ഷിയും പുതിയ കാലത്തെ നേരിടാനുള്ള പ്രേരണകളാണ് മുന്നോട്ടുവെക്കുന്നത്.
ഭക്ഷണത്തിന്റെയും ശാരീരികബന്ധത്തിന്റെയും ദൃശ്യങ്ങള്‍ തുടര്‍ച്ചയായി സിനിമയില്‍ കടന്നുവരുന്നുണ്ട്. മനുഷ്യരുടെ നൈസര്‍ഗികമായ ആവശ്യങ്ങളെ വ്യവസ്ഥ എത്രമാത്രം പ്രകൃതിവിരുദ്ധമായിട്ടാണ് പരിഗണിക്കുന്നത് എന്നു വ്യക്തമാക്കാനാണ് ഈ രണ്ടു പ്രക്രിയകളെയും ദൃശ്യവത്ക്കരിക്കുന്നത്. പുരുഷന്‍ ഭക്ഷണം കഴിക്കുമ്പോള്‍ നോക്കി നില്‍ക്കുകയും കാത്തിരിക്കുകയും ചെയ്യുന്ന സ്ത്രീ, ഭാര്യാ ഭര്‍ത്താക്കന്മാര്‍ ശാരീരികമായി ബന്ധപ്പെടുന്നതിനുവേണ്ടി വാതില്‍ ചേര്‍ത്തടക്കുമ്പോള്‍ അമ്പരക്കുകയും അസ്വസ്ഥപ്പെടുകയും ചെയ്യുന്ന കുട്ടി എന്നിങ്ങനെ അവികസിതമായ ജീവിതാവബോധത്തെ മലയാളി എന്തിനാണിനിയും പിന്തുടരുന്നത് എന്ന വേവലാതി ചലച്ചിത്രകാരന്‍ മുന്നോട്ടു വെക്കുന്നു. എപ്പോഴും 'അപഥസഞ്ചാര'ത്തിനുള്ള പ്രലോഭനങ്ങളും സാധ്യതകളും സ്ത്രീ കഥാപാത്രങ്ങള്‍ മറികടക്കുന്നു. അവരപ്രകാരം ചെയ്യുമ്പോള്‍ സ്വന്തം ഇഛയെയും ചോദനകളെയും നിരാകരിക്കുന്നത് എങ്ങനെയാണെന്നും എപ്രകാരമാണെന്നുമുള്ള ഘടകത്തെയാണ് സിനിമ പ്രശ്നവല്‍ക്കരിക്കുന്നത്. കൂടുതല്‍ കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നുണ്ട്, എന്നാല്‍ അതിലും കൂടുതല്‍ കാര്യങ്ങള്‍ മാറാതെ തുടരുന്നുമുണ്ട് എന്ന വസ്തുതയാണ് അടൂര്‍ പുറം തിരിഞ്ഞു നോക്കാതെ ഓടിക്കൊണ്ടിരിക്കുന്ന ലോകത്തെ ഓര്‍മിപ്പിക്കുന്നത്. പുതിയ കാലവും പഴയ നിയമങ്ങളും തമ്മിലുള്ള ഒരു അഭിമുഖീകരണമായി നാലു പെണ്ണുങ്ങള്‍ പ്രസക്തമാകുന്നതും അങ്ങനെയാണ്.