Sunday, April 17, 2011

ആദര്‍ശത്തിന്റെ തടവറ

പൊതു രാഷ്ട്രീയ മണ്ഡലത്തില്‍, വിശേഷിച്ചും തെരഞ്ഞെടുപ്പില്‍ ജാതി-മത-സാമുദായിക ശക്തികളുടെ സ്വാധീനത്തെക്കുറിച്ചുള്ള ഉത്ക്കണ്ഠ കലര്‍ന്ന ധാരാളം വാര്‍ത്തകളും വിശകലനങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ നാം കാണുകയുണ്ടായി. ഒരു ബഹുമത രാഷ്ട്രമായ ഇന്ത്യയുടെ മതനിരപേക്ഷ ഭരണഘടനക്ക് യോജിച്ച രാഷ്ട്രീയ സംവിധാനവും തെരഞ്ഞെടുപ്പ് പശ്ചാത്തലവുമാണ്, സ്ഥല-കാല വ്യത്യാസമില്ലാതെ രാജ്യത്തുടനീളം ഉണ്ടാവേണ്ടത് എന്ന കാര്യത്തില്‍ ജനാധിപത്യ-പുരോഗമന വിശ്വാസികള്‍ക്ക് തര്‍ക്കമുണ്ടാവേണ്ട കാര്യമേ ഇല്ല. പരിപൂര്‍ണവും പരിപക്വവുമായ തരത്തില്‍ ജാതി-മത-സാമുദായിക നിരപേക്ഷമായ രാഷ്ട്രീയ പ്രവര്‍ത്തനം നമുക്ക് നടത്താന്‍ സാധിക്കാത്തതെന്തു കൊണ്ട് എന്നതിനെ സംബന്ധിച്ച് ചരിത്രപരവും യാഥാര്‍ത്ഥ്യ നിഷ്ഠവുമായ രീതിയിലുള്ള സൂക്ഷ്മമായ ആത്മപരിശോധനകള്‍ മതേതര പാര്‍ടികള്‍ നടത്തേണ്ടതുമാണ്.

ഏറ്റവും കൌതുകകരമായ കാര്യം, ജാതി-മത-സാമുദായിക ശക്തികളുടെ കല്‍പനകള്‍ അനുസരിച്ച് നിശ്ചയിക്കപ്പെടുന്ന സ്ഥാനാര്‍ത്ഥികള്‍ പലപ്പോഴും തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം നാം കണ്ടില്ലെന്നു നടിക്കുകയാണ് പതിവ് എന്നതാണ്. ഫോര്‍മുലകള്‍ അനുസരിച്ചുള്ള കച്ചവട സിനിമകള്‍ക്ക് മാത്രമേ വിതരണ-പ്രദര്‍ശന സംവിധാനത്തില്‍ സ്ഥാനം കൊടുക്കേണ്ടതുള്ളൂ എന്ന വ്യവസായത്തിന്റെ നിര്‍ബന്ധം പോലെ തന്നെയാണിതും. ഇത്തരത്തില്‍ ഫോര്‍മുലകള്‍ പ്രകാരം തയ്യാര്‍ ചെയ്യപ്പെടുന്ന ബഹുഭൂരിപക്ഷം സിനിമകളും കമ്പോളത്തില്‍ ദയനീയ പരാജയമേറ്റു വാങ്ങുമ്പോഴും ഈ ഫോര്‍മുലകളുടെ അപ്രമാദിത്വത്തെക്കുറിച്ച് സംശയിക്കാന്‍ വ്യവസായ പണ്ഡിറ്റുകള്‍ തയ്യാറാവുകയേ ഇല്ല. ഇതേ പോലെ തന്നെയാണ് രാഷ്ട്രീയത്തെ സംബന്ധിച്ച വാര്‍ത്താ മാധ്യമങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന വിശകലനങ്ങളും അവയുടെ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്നതായി തോന്നിപ്പിക്കുന്ന സ്ഥാനാര്‍ത്ഥി നിര്‍ണയങ്ങളും. ഓരോ പ്രത്യേക മണ്ഡലത്തിലും ഇന്ന സമുദായത്തിന്റെ ഇന്ന ഉള്‍പ്പിരിവിലുള്ള ആളുകളാണ് കൂടുതല്‍ എന്ന് സെന്‍സസിന്റെയോ മറ്റുമൊന്നും സഹായമില്ലാതെ തന്നെ പ്രത്യേക ലേഖകന്‍ സാക്ഷ്യപ്പെടുത്തും. ആ പ്രത്യേക വിഭാഗത്തിലുള്ള ആളെ തന്നെ അവിടെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയാലും മിക്കപ്പോഴും അയാള്‍ പരാജയപ്പെടുന്നതും കാണാം. എന്നാലും, നമ്മുടെ അല്‍പമാത്ര വിഭവരായ രാഷ്ട്രീയ വിശാരദന്മാര്‍ വിശകലനങ്ങളും കണ്ടെത്തലുകളും നിഗമനങ്ങളും നിര്‍ത്തുകയും ഇല്ല. ഇത്തരം എഴുത്തുകളൊന്നും തന്നെ വിശദമായി മിക്കപ്പോഴും പരിശോധിക്കപ്പെടാറില്ലെന്നതു മാത്രമല്ല; പൊതു സമൂഹത്തില്‍ പ്രബലമായി നിലനില്‍ക്കുന്ന സാമാന്യയുക്തിക്ക് യോജിച്ച എഴുത്തുകളാണിവ എന്നതുമാണ് അതിന്റെ കാരണം.

ചില സാമുദായിക ശക്തികള്‍, തങ്ങള്‍ക്ക് ഇത്രയെണ്ണം സ്ഥാനാര്‍ത്ഥികളെയും ഇത്രയെണ്ണം മന്ത്രിമാരെയും വേണമെന്നും മറ്റും ആവശ്യപ്പെടുന്ന ദുഷ്പ്രവണതകള്‍ തരണം ചെയ്യാന്‍ രാഷ്ട്രീയ പാര്‍ടികളുടെ നേതൃത്വങ്ങള്‍ തയ്യാറാവേണ്ടതുണ്ട്. ഇത്തരത്തിലുള്ള ആവശ്യങ്ങളുമായി രൂപം കൊണ്ട ചില ഈര്‍ക്കില്‍ പാര്‍ടികളെ - എന്‍ ഡി പി, എസ് ആര്‍ പി - കുറച്ചു കാലം പ്രോത്സാഹിപ്പിച്ചെങ്കിലും കാലക്രമേണ അവയുടെ അടപ്പൂരിക്കൊടുത്ത ലീഡര്‍ കരുണാകരന്റെ നയചാതുരിയും (അംബാസഡര്‍ പദവി വരെ അദ്ദേഹത്തിന് ഈ 'മരണക്കളി'യില്‍ ഉപയോഗപ്പെടുത്തേണ്ടി വന്നു!) രാഷ്ട്രീയ തന്ത്രഞ്ജതയും ഇക്കാര്യത്തില്‍ മാതൃകയാക്കാവുന്നതാണ്. എന്നാല്‍, ചരിത്രത്തിലുടനീളം പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമുദായങ്ങളിലും ജാതിയിലും പെട്ട വിഭാഗങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം പാര്‍ലമെന്റിലും നിയമസഭകളിലും ലഭ്യമാവേണ്ടതുണ്ടെന്ന തത്വത്തിലധിഷ്ഠിതമായ സംവരണ നിയമങ്ങളെയും മറ്റും സമാനമെന്ന് തോന്നിപ്പിക്കുന്ന സാമാന്യബോധത്തിന് കീഴ്പ്പെടുത്തിക്കൊണ്ട് വിചാരണ ചെയ്യുന്ന പ്രവണതയും വ്യാപകമാണ്. ഈ സാമാന്യ ബോധം കപട മതേതരവാദത്തിന്റെ പിന്‍ബലത്തിലുള്ളതാണെന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ ബോധ്യപ്പെടും. ഈ കപട മതേതരത്വമാകട്ടെ മൃദുഹിന്ദുത്വത്തിന്റെ വേഷപ്രഛന്നവുമാണ്.

ഇത് തെളിയിക്കാന്‍, കഴിഞ്ഞ കാലം മുഴുവനും കേരളത്തില്‍ പ്രചാരത്തിലുള്ള മറ്റൊരു പ്രബല വാദഗതി പരിശോധിച്ചാല്‍ മതിയാകും. രാഷ്ട്രീയമടക്കമുള്ള പൊതുമണ്ഡലത്തില്‍ മുസ്ളിം സമുദായത്തിന്റെ (ദു:)സ്വാധീനം വ്യാപകമാണെന്നും ഇത് മുറിച്ചുകടക്കാന്‍ ഇടതു-വലതു മുന്നണികള്‍ക്ക് സാധ്യമാവുന്നില്ലെന്നുമുള്ള വാദഗതി യാഥാര്‍ത്ഥ്യമെന്നോണം നിരന്തരമായി അവതരിപ്പിക്കപ്പെടുന്നതു കാണാം. ആദ്യം തൊപ്പിയൂരിച്ചും പിന്നീട് തൊപ്പിയിടീച്ചും മുസ്ളിംലീഗിനെ മുന്നണി സംവിധാനത്തിലെടുത്തത്; നെഹ്റുവിന്റെ ചത്ത കുതിര പ്രയോഗം; മലപ്പുറം ജില്ലയുടെ സ്ഥാപനം; തുടങ്ങി ബാബരി മസ്ജിദ് തകര്‍ത്തതിനോട് പ്രതികരിച്ചുകൊണ്ട് മുസ്ളിം ലീഗിലുണ്ടായ പിളര്‍പ്പും ഐ എന്‍ എല്ലിന്റെ രൂപീകരണവും തുടര്‍ന്ന് ഏറെക്കാലം അവര്‍ക്ക് മുന്നണികളുടെ വെളിമ്പ്രദേശത്ത് കാത്തിരിക്കേണ്ടിവന്നതും ഏറ്റവുമൊടുവില്‍ ഐ എന്‍ എല്‍ തന്നെ പിളര്‍ന്നതും അടക്കമുള്ള സംഭവഗതികളും, മഅ്ദനിയുടെ രാഷ്ട്രീയ പരീക്ഷണങ്ങളും അടക്കമുള്ള കാര്യങ്ങള്‍ വിശകലനം ചെയ്യപ്പെട്ടത് കപട മതേതരത്വത്തിന്റെ പുറം കുപ്പായമണിഞ്ഞ മൃദു ഹിന്ദുത്വ വീക്ഷണകോണിലൂടെയാണെന്നതാണ് സത്യം. കാരണം, ഇതൊക്കെ കഴിഞ്ഞിട്ടും കേരളത്തിലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മുസ്ളിങ്ങള്‍ക്ക് ആനുപാതികമായ പ്രാതിനിധ്യം സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിലോ എം എല്‍ എ മാരുടെ എണ്ണത്തിലോ ലഭ്യമാവാറില്ല എന്നതാണ് ചരിത്രയാഥാര്‍ത്ഥ്യം എന്നതു തന്നെയാണ്. നേരിയ പുരോഗതി അടുത്ത കാലത്തായി കണ്ടു തുടങ്ങിയിട്ടുണ്ട് എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. മുസ്ളിങ്ങളുടെ സവിശേഷ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ അവര്‍ക്ക് ആനുപാതികമായ പ്രാതിനിധ്യം നിയമ നിര്‍മാണ-നിര്‍വഹണ മേഖലകളില്‍ ലഭ്യമാവുന്നതിലൂടെ മാത്രം സാധ്യമാവുമെന്നോ; മുസ്ളിങ്ങളല്ലാത്തവര്‍ മുസ്ളിം പ്രശ്നങ്ങള്‍ക്ക് പുറന്തിരിഞ്ഞു നില്‍ക്കുമെന്നോ ഒന്നുമല്ല പറഞ്ഞു വരുന്നത്. മുസ്ളിങ്ങള്‍ അമിതമായ ദു:സ്വാധീനം രാഷ്ട്രീയ പൊതു മണ്ഡലത്തിലും തെരഞ്ഞെടുപ്പുകളിലും നടത്തിവരുന്നു എന്ന പ്രചാരണം വസ്തുതാപരമായി ശരിയല്ല എന്ന് വാദിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്. കേരളത്തില്‍ വ്യവസായം പരാജയപ്പെടും; കാരണം ഇവിടെ എന്തിനും ഏതിനും കൊടി പിടിക്കും തുടങ്ങിയ പഴം പുരാണങ്ങള്‍ പോലെ നമ്മുടെ പൊതു ബോധത്തിലുള്ള ചില നുണ പ്രചാരണങ്ങള്‍ എത്ര മാത്രം വിഷലിപ്തമാണെന്ന യാഥാര്‍ത്ഥ്യമാണ് നമുക്ക് പൊളിച്ചടുക്കാനുള്ളതെന്നു ചുരുക്കം.

തെരഞ്ഞെടുപ്പടുക്കുമ്പോള്‍, ജാതി മത സ്വാധീനത്തെക്കുറിച്ച് വിശേഷിച്ചും മുസ്ളിം സ്വാധീനത്തെക്കുറിച്ചും വോട്ടു ബാങ്കിനെക്കുറിച്ചുമുള്ള മഹാഖ്യാനങ്ങളുമായി രംഗത്തു വരുന്നവരെ സൂക്ഷിച്ചിരിക്കേണ്ടതുണ്ടെന്നു തന്നെയാണിതു കാണിക്കുന്നത്. മാത്രമല്ല, ഇത്തരം ആദര്‍ശോപദേശ മഹാഖ്യാനങ്ങള്‍ ഇടതുപക്ഷത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനാണ് ദുരുപയോഗം ചെയ്യപ്പെടുന്നതെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. ദീര്‍ഘകാലത്തെ കോടതി നടപടികള്‍ക്കും വിചാരണകള്‍ക്കും ശേഷം, സുപ്രീം കോടതി തന്നെ കുറ്റക്കാരനായി വിധിച്ച് പൂജപ്പുര ജയിലിലടച്ച ബാലകൃഷ്ണപിള്ള, 'പീഡിപ്പിക്കപ്പെട്ട നായകനാ'യി അവതരിപ്പിക്കപ്പെടുന്നതും ഈ പീഡനകഥയിലൂടെ നായര്‍ വോട്ടുകള്‍ വലതുപക്ഷത്തേക്ക് എപ്രകാരം ആകര്‍ഷിച്ചെടുക്കാം എന്ന ദുഷ്ടലാക്കും കാണാതെ പോകുന്നു. എന്നാല്‍, എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും മുന്നോടിയായി പ്രത്യക്ഷപ്പെടുന്ന ലാവലിന്‍ വിധികള്‍, ഇടതുപക്ഷം അഴിമതിക്കാരുടെ നേതൃത്വത്തിലാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് തിരിച്ചറിയപ്പെടാതെയും പോകുന്നു.

ഇടതുപക്ഷം, ആദര്‍ശത്തിന്റെ പര്യായമാണെന്ന സാമാന്യബോധമാണിവിടെ പ്രഛന്നമായി പ്രവര്‍ത്തനക്ഷമമാകുന്നതെന്നത് സന്തോഷകരമാണെങ്കിലും; ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പു വിജയങ്ങളെ ദുഷ്ക്കരമാക്കുക എന്ന ലക്ഷ്യമാണ് അതിന് പുറകിലുള്ളതെന്നത് തിരിച്ചറിയാതെയും നിവൃത്തിയില്ല. ജാതി-മത-സാമുദായിക ശക്തികളുമായി ബാന്ധവം സ്ഥാപിക്കേണ്ടത് വലതു പക്ഷം മാത്രമാണെന്നും, ഇടതുപക്ഷം എല്ലായ്പോഴും ആദര്‍ശം ഉയര്‍ത്തിപ്പിടിച്ച് നിലയുറപ്പിക്കേണ്ടവരാണെന്നുമുള്ള ഉപരിപ്ളവ വാദഗതി പെട്ടെന്ന് ശരിയാണെന്നു തോന്നുമെങ്കിലും അതിനു പുറകിലുള്ള ചതിക്കുഴികള്‍ കാണാതിരിക്കരുത്. കേരളത്തില്‍ റോഡിന് വീതി കൂട്ടരുത് എന്ന് നാടു നീളെ പ്രസംഗിക്കാന്‍ കാറിലും വിമാനത്തിലും പറന്നു നടക്കുന്ന അതേ ഇടതു-തീവ്രവാദ നാട്യക്കാരെ തന്നെയാണ് ഈ ആദര്‍ശ-വാദഗതി പ്രചരിപ്പിക്കാനും നിയോഗിച്ചിട്ടുള്ളതെന്ന് തിരിച്ചറിയുക. ഇത്തരം വിപ്ളവ വായാടികളുടെ ഉപദേശം അനുസരിച്ചാല്‍, മുസ്ളിങ്ങള്‍ ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയിലെ പതിനാറു മണ്ഡലങ്ങളിലും ഇടതുപക്ഷം ഹിന്ദു സ്ഥാനാര്‍ത്ഥികളെ മാത്രം മത്സരിപ്പിച്ച് അവരുടെ മത നിരപേക്ഷ ആദര്‍ശ പരിശുദ്ധി തെളിയിക്കേണ്ടതാണ്. പച്ച മലയാളത്തില്‍ പറഞ്ഞാല്‍, ക്ളീനായി തോറ്റു തൊപ്പിയിടണമെന്ന് ചുരുക്കം. അതായത്, ഇടതുപക്ഷത്തെ 'ആദര്‍ശത്തിന്റെ തടവറ'യിലിട്ട് ഞെക്കിക്കൊല്ലുക എന്ന വലതുപക്ഷ ആക്രമണ തന്ത്രമാണിവിടെ പ്രവര്‍ത്തനക്ഷമമാകുന്നതെന്ന് സ്പഷ്ടമാണ്.