Thursday, June 24, 2010

കാലത്തില്‍ അലിഞ്ഞു ചേര്‍ന്നും കാലത്തിന് മുന്നില്‍ നടന്നും

നഗരസ്ഥിരമായ ഫിലിം സൊസൈറ്റിയുടെ ചതുരവടിവിലുള്ള അച്ചടക്കസൌകുമാര്യത്തെ പരസ്യമായി കൂക്കിവിളിച്ച് പരിഹസിച്ചതിന്റെ പേരില്‍ ചെവിക്കു പിടിച്ച് പുറത്താക്കപ്പെടുന്ന ഒരാളുടെ പേര് ശരത് എന്നാണെന്ന് എണ്‍പത്തിയേഴിലോ മറ്റോ നടന്ന ഒരു ക്യാമ്പില്‍ വെച്ച് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. ആരാണിയാള്‍ എന്ന ചോദ്യത്തിന് തൃപ്പൂണിത്തുറയിലുള്ള ഒരു ശരത്താണെന്ന മറുപടിയാണ് ഫുള്‍ സ്ളീവണിഞ്ഞ നടത്തിപ്പുകാരന്‍ പറഞ്ഞത്. അപ്രകാരം പുറത്താക്കപ്പെട്ട ശരത് ചന്ദ്രന്‍ അവധൂതനായി മാറി സൌദിയിലേക്ക് നാടു കടന്നു. ജോലിയും പണവും സമ്പാദിക്കുക/ജീവിത സുസ്ഥിരത എന്നീ ലക്ഷ്യങ്ങളോടെയാണ് ശരാശരി മലയാളി ഗള്‍‌ഫിലേക്ക് കടക്കുന്നതും തിരിച്ചു വന്ന് നിലയുറപ്പിക്കുന്നതുമെങ്കില്‍, ശരത് സൌദിയിലുള്ളപ്പോഴും മടങ്ങി വന്നതിനു ശേഷവും ശാശ്വതമായ അസ്ഥിരതയിലേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു. ജീവിതത്തിലെ വലിച്ചെറിയലുകളും പോരാഞ്ഞ്, ജനങ്ങളെല്ലാം ഉറങ്ങുന്ന പാതിരാവിലും നിതാന്തമായി ഉണര്‍ന്നിരുന്ന അയാള്‍ തീവണ്ടി മുറിയില്‍ നിന്നും വീണ്ടും വലിച്ചെറിയപ്പെട്ടു. ജനങ്ങള്‍ക്ക് ഉറങ്ങാന്‍ വേണ്ടി രാവുകളില്‍ ഉറക്കമിളച്ച് കാത്തിരിക്കുന്ന ഒരു കാവല്‍ക്കാരന്‍ കൂടി അങ്ങിനെ നമ്മെ വിട്ടു പോവുകയും ചെയ്തു.

അറേബ്യയിലെ ബ്രിട്ടീഷ് എംബസിയില്‍ ജോലി ചെയ്യുന്ന കാലത്ത് രണ്ടു തരത്തിലുള്ള കള്ളക്കടത്തുകള്‍ താന്‍ നടത്തുകയുണ്ടായെന്ന് ശരത് പറഞ്ഞിട്ടുണ്ട്. ലണ്ടനിലേക്കും മറ്റുമുള്ള ഔദ്യോഗിക യാത്രകള്‍ കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ അപൂര്‍വ്വമായ ഫിലിം ക്ളാസിക്കുകളുടെ വീഡിയോ കാസറ്റുകള്‍ ഇമിഗ്രേഷന്‍കാരുടെ കണ്ണു വെട്ടിച്ച് അദ്ദേഹം കൊണ്ടു വന്നു. സായിപ്പന്മാരും മറ്റുമായ സഹപ്രവര്‍ത്തകരും ഇതേ മാര്‍ഗത്തില്‍ കാസറ്റുകള്‍ ശരതിന് എത്തിച്ചു കൊടുക്കുകയുണ്ടായി. ഇത്തരത്തില്‍ ശേഖരിച്ച നൂറു കണക്കിന് കാസറ്റുകള്‍ ഇന്ത്യയിലേക്ക് കടത്തുന്നതും മറ്റൊരു സാഹസമായിരുന്നു എന്നും ശരത് പറയുകയുണ്ടായിട്ടുണ്ട്. ചില തവണ പിടിക്കപ്പെട്ടപ്പോള്‍ കുറെയെണ്ണം അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടിയും വന്നു. പ്രവാസം കഴിഞ്ഞ് നാട്ടില്‍ (അ)സ്ഥിര താമസമാക്കിയ ശരത് അംഗീകരിച്ചതും അല്ലാത്തതുമായ നിരവധി ഫിലിം സൊസൈറ്റികളിലും കാമ്പസുകളിലും പൊതു സ്ഥലങ്ങളിലും സമരപ്പന്തലുകളിലും ഈ ചിത്രങ്ങള്‍ തന്റെ പ്രൊജക്റ്ററും ഏറ്റിപ്പിടിച്ച് അലഞ്ഞു തിരിഞ്ഞെത്തി കാണിച്ചു കൊടുത്തു. കിട്ടിയ വണ്ടിക്കൂലിയും വാടകയും കൊണ്ട് തൃപ്‌തിപ്പെട്ടു. കിട്ടാത്ത എത്രയോ സംഖ്യകള്‍ നഷ്ടം എന്നെഴുതി വെക്കാന്‍ കണക്കുപുസ്തകങ്ങള്‍ മാത്രമല്ല, മുതലാളിത്തത്തിന്റെ സാമ്പത്തിക ശാസ്‌ത്രവും ശരത് കൊണ്ടു നടന്നിരുന്നില്ല. തൊണ്ണൂറുകളില്‍ കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനം മുഴുവനായി കുറ്റിയറ്റുപോകാതിരിക്കാന്‍ പ്രധാന കാരണം തിരസ്‌കൃതനായ ഈ മുടിഞ്ഞ പുത്രന്റെ തിരിച്ചു വരവും സ്വയം എരിഞ്ഞുതീരലുമായിരുന്നു. പുതിയ നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ നോട്ടം എന്ന പേരില്‍ ഡോക്കുമെന്ററികള്‍ക്കു മാത്രമായി സഞ്ചരിക്കുന്ന ചലച്ചിത്ര മേള അദ്ദേഹം ഏറെക്കൂറെ ഒറ്റക്ക് സംഘടിപ്പിച്ചു.


ചാലിയാര്‍ സമരത്തെക്കുറിച്ച് അദ്ദേഹവും പി ബാബുരാജും ചേര്‍ന്ന് സംവിധാനം ചെയ്‌ത ഡോക്കുമെന്ററിക്ക് മുംബൈ അന്താരാഷ്‌ട്ര മേളയില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചു. കനവ് എന്ന പേരില്‍ വയനാട്ടിലെ നടവയലിലുള്ള സമാന്തര വിദ്യാഭ്യാസ പ്രക്രിയയെക്കുറിച്ച് എടുത്ത ചിത്രവും ശ്രദ്ധേയമായിരുന്നു. മുത്തങ്ങയില്‍ ആദിവാസികളെ ആന്റണി സര്‍ക്കാര്‍ വെടിവെച്ച് കൊലപ്പെടുത്തിയും മര്‍ദ്ദിച്ചും ബലാത്ക്കാരം ചെയ്‌തും പീഡിപ്പിച്ചും വംശഹത്യയിലേക്ക് നയിച്ച സംഭവത്തിനെ ആസ്‌പദമാക്കി തയ്യാറാക്കിയ നീതിയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവര്‍; പ്ളാച്ചിമടയില്‍ നടക്കുന്ന കൊക്കക്കോളക്കും സാമ്രാജ്യത്വ ആഗോളവത്ക്കരണത്തിനുമെതിരായ ചെറുത്തുനില്‍പ് ആദ്യമായി രേഖപ്പെടുത്തിയ കയ്പ്പുനീര്‍ എന്നീ ചിത്രങ്ങള്‍ ആ സമരങ്ങളെയും ചെറുത്തു നില്‍പ്പുകളെയും ലോകശ്രദ്ധയിലേക്ക് കൊണ്ടു വരുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. സിനിമയെ സംബന്ധിച്ചോ ഡോക്കുമെന്ററിയെ സംബന്ധിച്ചോ ഉള്ള എന്തെങ്കിലും അക്കാദമിക് മാനദണ്ഡങ്ങള്‍ വെച്ച് പരിഗണിക്കുകയും മാര്‍ക്കിടുകയും ചെയ്യാവുന്ന ചിത്രങ്ങളല്ല അദ്ദേഹത്തിന്റേത്. അവ സമരങ്ങളുടെ ദിശാബോധത്തെ കൃത്യമായി പിന്തുടരുന്നതുകൊണ്ട് ജനപക്ഷത്ത് നിലയുറപ്പിക്കുന്നതും അതുകൊണ്ടു തന്നെ ചരിത്രത്തിന്റെ ഇന്ധനമായി സ്വയം കാലത്തില്‍ അലിഞ്ഞു ചേരുകയും ചെയ്യുകയാണ് ചെയ്യുന്നത്.

പ്രമുഖ ചലച്ചിത്രകാരന്മാരുടെ ഫീച്ചറുകള്‍ക്കിടയിലെ ഒഴിവുകാല വിനോദങ്ങള്‍ക്കും അവരുടെ ചുവടുപിടിച്ച് ഇന്‍‌സ്‌റ്റിറ്റ്യൂട്ട് കുട്ടികള്‍ പടച്ചുവിടുന്ന ജീവചരിത്രകോമഡികള്‍ക്കുമപ്പുറത്തേക്ക് കേരളത്തിലെ ഡോക്കുമെന്ററി സിനിമ പരിണമിക്കാനിനിയും മടി കാണിക്കുന്ന കാലത്താണ് ആൿടിവിസ്‌റ്റ് ഡോക്കുമെന്ററിയുടെ രാഷ്‌ട്രീയ പതാക പി ബാബുരാജും സി ശരത് ചന്ദ്രനും ചേര്‍ന്ന് ഉയര്‍ത്തിപ്പിടിച്ചത്. അനുസ്‌മരണങ്ങളും ചരമവാര്‍ഷികങ്ങളും മാത്രം നടത്തി കാലക്ഷേപം കഴിക്കുന്ന സാംസ്‌ക്കാരിക സംഘടനകള്‍ പോലും ഡോക്കുമെന്ററി എന്ന പേരിലിറങ്ങുന്ന ജീവചരിത്രകോമഡികള്‍ കാണാന്‍ സമയം മിനക്കെടുത്താറില്ല. അടിയന്തിരാവസ്ഥക്കു ശേഷമുള്ള ഇന്ത്യനവസ്ഥയുടെ ചരിത്രം ഡോക്കുമെന്ററി സിനിമയില്ലാതെ മുഴുവനായി ബോധ്യപ്പെടാനാകില്ല എന്ന വസ്‌തുതയുടെ പശ്ചാത്തലത്തിലാണ് ഈ കേരളീയ ദുരവസ്ഥ എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. മാവൂരിലും നര്‍മദയിലും നടന്ന ജനകീയമുന്നേറ്റങ്ങളും പി ബാബുരാജ്, സി ശരത് ചന്ദ്രന്‍ എന്നിവര്‍ ഡോക്കുമെന്ററിയിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്. സൈലന്റ് വാലി പദ്ധതി പാത്രക്കടവ് എന്ന പേരിട്ട് സൂത്രത്തില്‍ നടപ്പിലാക്കാനുള്ള ഗൂഢതന്ത്രത്തെ തുറന്നുകാണിക്കുന്ന ഒരു മഴുവിന്റെ ദൂരം മാത്രം എന്ന ഡോക്കുമെന്ററിയും ശ്രദ്ധേയമാണ്. ഈ സിനിമയുടെ ചിത്രീകരണത്തിനായി ശരത്തിന്റെയും മുസ്‌തഫ ദേശമംഗലത്തിന്റെയും പിന്നെ പത്തു പതിനഞ്ചു സുഹൃത്തുക്കളുടെയും ഒപ്പം, മഴ പെയ്‌തു തുടങ്ങിയ ഒരു ദിവസം മുഴുവന്‍ നടന്ന് പാത്രക്കടവിലേക്കും തിരിച്ചും നടത്തിയ സാഹസിക യാത്ര എന്റെ ഓര്‍മ്മകളിലെന്നും മായാതെ നിലനില്‍ക്കും.

പി ബാബുരാജിനോടൊപ്പം അദ്ദേഹം സംവിധാനം ചെയ്‌ത ഒരായിരം ദിനങ്ങളും ഒരു സ്വപ്‌നവും എന്നതായിരിക്കും ഒരര്‍ത്ഥത്തില്‍ സി ശരത്ചന്ദ്രന്റെ ചലച്ചിത്രജീവിതത്തിലെ ഏറ്റവും പ്രസക്തമായ സംഭാവന. ഈ ഡോക്കുമെന്ററിയുടെ ഏറ്റവും വലിയ പ്രത്യേകത, പത്രവാര്‍ത്തകളും ടെലിവിഷന്‍ ന്യൂസ് ക്ളിപ്പിങ്ങുകളും കണ്ട് 'വിവരം വെച്ചതിനു' ശേഷം സമാഹരിക്കുന്ന 'സമഗ്രമായ' ഒരു പുന: പരിശോധനാ യാത്രയല്ല അത് എന്നതാണ്. പ്ളാച്ചിമടയിലെ ആദിവാസികളുടെ നേതൃത്വത്തിലുള്ള ചെറുത്തുനില്‍പു സമരത്തിന്റെ ആദ്യഘട്ടം മുതല്‍ എല്ലാ നിര്‍ണായക ഘട്ടങ്ങളിലും ക്യാമറയുമായി ഈ സംവിധായകര്‍ അവിടെയുണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയമായ സംഗതി. കൃത്യമായ സ്ഥലത്ത് കൃത്യമായ സമയത്ത് ക്യാമറയുമായുണ്ടായിരിക്കുക എന്നത് ഡോക്കുമെന്ററി സിനിമാ ആൿടിവിസ്‌റ്റിന്റെ നിതാന്ത ജാഗ്രതയും സമരോത്സുകമായ മനസ്സുമാണ് വെളിപ്പെടുത്തുന്നത്. പ്ളാച്ചിമടസമരത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ വേലൂര്‍ സ്വാമിനാഥന്‍ ഈ സമരത്തിനാധാരമായ കാരണങ്ങളെക്കുറിച്ചും താന്‍ ആ സമരത്തിലേക്കെത്തിപ്പെട്ട സാഹചര്യത്തെക്കുറിച്ചും ഒരായിരം ദിനങ്ങളും ഒരു സ്വപ്‌നവും എന്ന ഡോക്കുമെന്ററിയില്‍ ഇങ്ങിനെ സംസാരിക്കുന്നു: പ്ളാച്ചിമടയിലും ചുറ്റുപ്രദേശങ്ങളിലുമുള്ള രണ്ടായിരത്തോളം ജനസംഖ്യയുള്ള ഇരവാളര്‍ സമുദായത്തില്‍ പെട്ട സ്വാമിനാഥന്‍ മാധവന്‍ നായര്‍ കോളനിയിലാണ് താമസം. ഒരു വക്കീലാവണമെന്നാഗ്രഹമുണ്ടായിരുന്ന അദ്ദേഹത്തെ വീട്ടിലെ ദരിദ്രസാമ്പത്തികസ്ഥിതി അതിനനുവദിച്ചില്ല. പത്താംക്ളാസിനുശേഷം മലമ്പുഴ ഐ ടി ഐയില്‍ നിന്ന് ഇലൿട്രിക്കല്‍ വിഭാഗത്തില്‍ ഡിപ്ളോമ നേടിയ സ്വാമിനാഥന്‍ കോയമ്പത്തൂര്‍, പൊള്ളാച്ചി തുടങ്ങിയ സമീപപ്രദേശങ്ങളില്‍ കുറെക്കാലം ഇലൿട്രിക്കല്‍ തൊഴില്‍ ചെയ്‌തതിനു ശേഷം പ്ളാച്ചിമടയില്‍ മോട്ടോര്‍ വൈന്‍ഡിംഗ് കടയിടുകയായിരുന്നു. ആ പ്രദേശത്തുള്ള മുഴുവന്‍ കര്‍ഷകരുമായി ഈ കടയുടെയും തൊഴിലിന്റെയും പശ്ചാത്തലത്തില്‍ അദ്ദേഹം ബന്ധം സ്ഥാപിച്ചു. കൊക്കക്കോള കമ്പനി പ്രവര്‍ത്തനമാരംഭിച്ചതിനു ശേഷം പ്രദേശത്തെ ജലനിരപ്പിലുണ്ടായ കുറവും അതിന്റെ സ്വഭാവത്തില്‍ വന്ന മാറ്റവും നിരവധി കര്‍ഷകരുമായി നിത്യബന്ധമുള്ള ആള്‍ എന്ന നിലക്ക് തുടക്കത്തില്‍ തന്നെ അദ്ദേഹത്തിന് ബോധ്യപ്പെട്ടു. തന്റെ കട, തൊഴില്‍, കുടുംബം എന്നിവ എങ്ങനെ മുന്നോട്ടു പോകും എന്ന ആലോചന തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്തിക്കൊണ്ട് സമരത്തിന് നേതൃത്വം നല്‍കാന്‍ സ്വാമിനാഥന് പ്രേരണയായത് കണ്‍മുന്നില്‍ കാണുന്ന ഈ യാഥാര്‍ത്ഥ്യങ്ങളായിരുന്നു. വീട്ടില്‍ രാത്രി തിരിച്ചു വരുമ്പോള്‍ അടുപ്പത്ത് വെള്ളം തിളപ്പിച്ച് താന്‍ കൊണ്ടുവരുന്ന അരിക്കുവേണ്ടി കാത്തിരിക്കുന്ന ഒരു കുടുംബത്തിന്റെ വിശപ്പ് മറന്നുകൊണ്ട് പലപ്പോഴും സമരകാര്യങ്ങള്‍ക്കു വേണ്ടി പന്തലില്‍ തന്നെ കിടക്കുകയോ അല്ലെങ്കില്‍ മറ്റു യാത്രകളിലായിരിക്കുകയോ ചെയ്യേണ്ട പരിതസ്ഥിതി അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. അതുമല്ല, സമരത്തില്‍ സജീവമായതോടെ കൃത്യമായ വരുമാനം നിലച്ചതും ദുരിതത്തെ സങ്കീര്‍ണമാക്കിത്തീര്‍ത്തു. എന്നിട്ടും സ്വാമിനാഥന്‍ ഇപ്പോഴും സമരനേതൃത്വത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ഏതെങ്കിലുമൊരു സംഘടനയുടെയോ രാഷ്‌ട്രീയകക്ഷിയുടെയോ പിന്‍ബലത്തിലുമല്ല അത്. സാധാരണക്കാരും പിന്തള്ളപ്പെട്ടവരുമായ ജനങ്ങള്‍ കുടിവെള്ളം കൂടി ഇല്ലാതായാല്‍ പിന്നെ ജീവിച്ചിരിക്കുന്നതിലെന്തര്‍ത്ഥം എന്ന തിരിച്ചറിവു മാത്രമാണ് സ്വാമിനാഥന്റെയും മരണപ്പെട്ട മയിലമ്മയുടെയും മറ്റ് അനവധി സമരപ്പോരാളികളുടെയും പോരാട്ടവീര്യത്തെ ഉത്തേജിപ്പിക്കുന്നത്.


സിദ്ധാന്തങ്ങളുടെയും പൊതുപ്രവര്‍ത്തനപരിചയത്തിന്റെയും അനുഭവങ്ങളില്‍ നിന്നല്ല മയിലമ്മ എന്ന ആദിവാസി സ്‌ത്രീ കേരളമനസ്സിനെയും ഇന്ത്യന്‍ മനസ്സിനെയും പിടിച്ചു കുലുക്കിയ ഗംഭീരമായ കൊക്കക്കോളവിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളിയായിത്തീര്‍ന്നത്. താനും തന്റെ തലമുറയും അനുഭവിച്ച പരിമിതമായ ജീവിതസാഹചര്യങ്ങള്‍ അടുത്ത തലമുറകള്‍ക്കും കൂടി അനുഭവിക്കാന്‍ അവകാശപ്പെട്ടതാണെന്ന തിരിച്ചറിവാണ് മയിലമ്മയെ മറ്റേതൊരു മണ്ണിന്റെ മകളെയുമെന്നതുപോലെ ഈ സഹനസമരത്തിന് പ്രേരിപ്പിച്ചത്.

ഇന്ത്യയില്‍ 49 ബോട്ടിലിങ്ങ് പ്ലാന്റുകളുള്ള കൊക്കക്കോള എന്ന ബഹുരാഷ്‌ട്ര ഭീമന്‍ നൂറു കോടി ഡോളറിന്റെ നിക്ഷേപമാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. അതിന്റെ പതിന്മടങ്ങ് ലാഭമായി അമേരിക്കയിലോ മറ്റേതെങ്കിലും രാജ്യത്തോ ഉള്ള രഹസ്യ അക്കൌണ്ടുകളിലേക്ക് മാറ്റപ്പെട്ടിട്ടുമുണ്ടാകും. ഒരു ലക്ഷത്തി ഇരുപത്തയ്യായിരം പേര്‍ക്ക് നേരിട്ട് ഇന്ത്യയില്‍ തൊഴില്‍ നല്‍കുന്ന ഹിന്ദുസ്ഥാന്‍ കൊക്കക്കോള ബീവറേജസ് എന്ന ഇന്ത്യന്‍ സബ്‌സിഡിയറി 1999ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. പ്ളാച്ചിമടയിലെ 35 ഏക്കര്‍ കൃഷിഭൂമി വിലക്കു വാങ്ങിയ കമ്പനി 2000 മാര്‍ച്ചില്‍ ഉത്പാദനം തുടങ്ങുകയും ചെയ്തു. 37000 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള പ്ളാന്റാണ് ഇവിടെയുള്ളത്. ഒരു വര്‍ഷം 2830 കോടി ലിറ്റര്‍ വെള്ളമാണ് കൊക്കക്കോള ലോകവ്യാപകമായി കൃത്രിമ ശീതള പാനീയങ്ങള്‍ നിര്‍മിക്കുന്നതിനു വേണ്ടി ഊറ്റിയെടുക്കുന്നത്. ലോകജനതയുടെ പത്തു ദിവസത്തെ ദാഹം തീര്‍ക്കാനുള്ള ജലമാണിത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, കൊക്കക്കോള എന്ന സ്ഥാപനം ലോകത്ത് നിലനില്‍ക്കുന്നതു കൊണ്ട് ലോകജനത 365 നു പകരം 355 ദിവസം വെള്ളം ഉപയോഗിച്ചു ജീവിതം നിലനിര്‍ത്തേണ്ട ഗതികേടിലെത്തിയിരിക്കുന്നു. പെപ്‌സിയുടെ വകയും ഒരു പത്തു ദിവസം എടുത്താല്‍ പിന്നെയും ജീവിച്ചിരിക്കേണ്ട ദിവസങ്ങള്‍ കുറയും. വെള്ളം എന്നത് ജീവന്റെ അടിസ്ഥാനമാണെന്ന് മനസ്സിലാക്കാന്‍ ഡോൿടറേറ്റൊന്നും ആവശ്യമില്ല. അതായത്, വര്‍ഷത്തില്‍ പത്തോ ഇരുപതോ ദിവസം ലോകജനതയെ കോമയില്‍ മരവിപ്പിച്ചുനിര്‍ത്തിയാണ് ഈ രണ്ടു കമ്പനികളും 'ത്രസിപ്പിക്കുന്ന' പാനീയങ്ങള്‍ അതേ ലോകജനതക്കു തന്നെ സമ്മാനിക്കുന്നത് എന്നര്‍ത്ഥം!

പുതിയ ഒരു കമ്പനി വരുന്നത് നാട്ടിനു നാട്ടുകാര്‍ക്കും നല്ലതല്ലേ എന്ന ചിന്താഗതിയാണ് പൊതുവേ എല്ലാവര്‍ക്കും ഉണ്ടായിരുന്നതെങ്കിലും തനിക്ക് ആദ്യമേ ചില ദുസ്സൂചനകള്‍ തോന്നിയിരുന്നുവെന്ന് മയിലമ്മ പറയുന്നുണ്ട്. അതിര്‍ത്തിക്കപ്പുറത്തുള്ള തമിഴ്‌നാട്ടില്‍ ഒരു സോയക്കമ്പനി വന്നപ്പോള്‍ അവരുണ്ടാക്കിയ മലിനീകരണം ആ പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കിത്തീര്‍ത്ത വിവരമറിഞ്ഞതുകൊണ്ടാണ് തനിക്ക് അത്തരം ഒരു സംശയം ആദ്യമേ തോന്നിയതെന്നും എന്നാല്‍ അന്നാരോടും അതു പറഞ്ഞില്ലെന്നു മയിലമ്മ അനുസ്‌മരിക്കുന്നു. കമ്പനി പ്രവര്‍ത്തനമാരംഭിച്ച് ആറുമാസം പിന്നിട്ടതോടെ കാര്യത്തിന്റെ ഗുരുതരാവസ്ഥ എല്ലാവര്‍ക്കും ബോധ്യപ്പെട്ടു തുടങ്ങി. ചുറ്റുഭാഗത്തുമുള്ള വീടുകളിലെയും കോളനികളിലെയും പൊതുസ്ഥലങ്ങളിലെയും കിണറുകളിലെ വെള്ളത്തിന് ഉപ്പും കയ്‌പും ചേര്‍ന്ന ഒരു സ്വാദുമാറ്റം ഉണ്ടായി. പ്രദേശവാസികള്‍ക്ക് കുളിക്കാനോ കുടിക്കാനോ തുണി അലക്കാനോ ഈ വെള്ളം ഉപയോഗിക്കാന്‍ സാധ്യമല്ല എന്ന സ്ഥിതി സംജാതമായി. ജനങ്ങള്‍ നല്ല വെള്ളം തേടി അലയാന്‍ തുടങ്ങിയത് ഈ ഘട്ടത്തിലാണ്. അന്നന്നത്തെ അന്നം കണ്ടെത്താന്‍ വേണ്ടി പകലന്തിയോളം അധ്വാനിക്കേണ്ടവരായ തൊഴിലാളികളാണ് പ്ളാച്ചിമടയിലുള്ള മുഴുവന്‍ ആണുങ്ങളും പെണ്ണുങ്ങളും എന്നിരിക്കെ ഒരു കുടം വെള്ളത്തിനായി കിലോമീറ്ററുകള്‍ താണ്ടി അലയേണ്ട ഗതികേടിലവരെത്തി എന്നത് പ്രശ്‌നത്തെ കൂടുതല്‍ രൂക്ഷമാക്കിത്തീര്‍ത്തു. വികസനത്തിന്റെ സ്വാഭാവിക ദൂഷ്യഫലമാണ് മലിനീകരണം എന്നും അത് സഹിക്കുകയല്ലാതെ മറ്റ് നിവൃത്തിയൊന്നും തദ്ദേശവാസികള്‍ക്കില്ല എന്നുമായിരുന്നു ആ ഘട്ടത്തില്‍ നേരിട്ട് പരാതിപ്പെട്ട തൊട്ടടുത്തുള്ള വിജയനഗര്‍ കോളനിനിവാസികളോട് പ്ളാന്റ് മാനേജര്‍ ധാര്‍ഷ്‌ട്യത്തോടെ മറുപടി പറഞ്ഞത്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്ക് പൊതുവെ തന്നെ ഭൂഗര്‍ഭ ജലം കൂടുതലായി ചൂഷണം ചെയ്യപ്പെടുന്ന ഒരു പ്രദേശമാണ്. ഏതു പുതിയ വ്യവസായ സ്ഥാപനം വരുമ്പോഴും അത്യാവശ്യമായ പരിസ്ഥിത ആഘാത റിപ്പോര്‍ട് കൊക്കക്കോള കമ്പനി തന്നെ ഏര്‍പ്പാടാക്കിയ ഒരു ഏജന്‍സിയാണ് തയ്യാറാക്കി സര്‍ക്കാരിന് നല്‍കിയത്.

പ്ളാച്ചിമടയുടെ സ്വപ്‌നം പേക്കിനാവായി മാറിയ ഈ ഘട്ടത്തില്‍ മറ്റ് നിവൃത്തിയൊന്നുമില്ലാതെ തദ്ദേശവാസികളായ ജനങ്ങള്‍ കൊക്കക്കോളക്കെതിരായ സമരം ആരംഭിച്ചു. 2002 ഏപ്രില്‍ 22ന് ആദിവാസി ഗോത്രമഹാസഭാ നേതാവായ സി കെ ജാനു സമരം ഉദ്ഘാടനം ചെയ്തു. ആ സമരോദ്ഘാടനം മുതല്‍ക്ക് പ്ളാച്ചിമടയിലെ സമരപ്പന്തലിലും മറ്റും നടന്ന സമരമുഖങ്ങളൊക്കെ തീവ്രമായ സമഭാവനയോടെ പി ബാബുരാജും സി ശരത് ചന്ദനും പകര്‍ത്തിയെടുത്തിട്ടുണ്ട് എന്നതാണ് ഈ ഡോക്കുമെന്ററിയെ സവിശേഷമാക്കുന്നത്. ഈ ചിത്രത്തില്‍ തന്നെ വ്യക്തമാക്കുന്നതു പോലെ എട്ടോളം ഡോക്കുമെന്ററികള്‍ പ്ളാച്ചിമടസമരത്തെ ആധാരമാക്കി നിര്‍മിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സമരത്തോടൊപ്പം നിന്ന് അതില്‍ പങ്കാളിയായി എടുത്ത സിനിമ രണ്ടെണ്ണം മാത്രമേ ഉള്ളൂ. നേരത്തെ ഇതേ സംവിധായകര്‍ പൂര്‍ത്തിയാക്കിയതും നിരവധി അന്താരാഷ്‌ട്ര മേളകളിലടക്കം വ്യാപകമായി പ്രദര്‍ശിപ്പിച്ചതുമായ കയ്‌പുനീര്‍ എന്ന ഡോക്കുമെന്ററിയുടെയും ഒരായിരം ദിനങ്ങളും ഒരു സ്വപ്‌നവും എന്ന ചിത്രത്തിന്റെയും സവിശേഷത അത് നിസ്സങ്കോചം ഉയര്‍ത്തിപ്പിടിക്കുന്ന ഈ പക്ഷപാതിത്വവും സമരസന്നദ്ധതയും തന്നെയാണ്.

മുപ്പതിനായിരം പേര്‍ മാത്രം അധിവസിക്കുന്ന ഒരു ചെറിയ പഞ്ചായത്തായ പെരുമാട്ടിയിലാണ് കൊക്കക്കോള പ്ളാന്റ് സ്ഥാപിതമായത്. ഒരു വര്‍ഷത്തില്‍ ഒരു കോടി രൂപയുടെ അധിക നികുതി വരുമാനമാണ് ഇതുവഴി പഞ്ചായത്തിന് ലഭിച്ചത്. 1886ല്‍ അമേരിക്കയിലെ അറ്റ്ലാന്റയില്‍ സ്ഥാപിക്കപ്പെട്ട കൊക്കക്കോള എന്ന അന്താരാഷ്‌ട്ര ഭീമന്‍ കോര്‍പ്പറേഷന് 8000 കോടി ഡോളര്‍ വാര്‍ഷികവരുമാനമാണുള്ളത്. ഇരുനൂറ് രാജ്യങ്ങളിലായി നാനൂറിലധികം പാനീയങ്ങളാണ് കൊക്കക്കോള ഉത്പാദിപ്പിക്കുന്നത്. രാഷ്‌ട്രീയവും വൈകാരികവും പാരിസ്ഥിതികവുമായ കാരണങ്ങളാല്‍ അമേരിക്കന്‍ മുതലാളിത്തത്തിന്റെ ആഗോളപ്രതീകങ്ങളിലൊന്നായി കൊക്കക്കോള മാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കൊക്കക്കോളക്കെതിരായി ഏതു തലത്തിലുള്ള സമരവും ആഗോള സാമ്രാജ്യത്വത്തിന്റെ അധിനിവേശോന്മുഖതക്കെതിരായ ചെറുത്തുനില്‍പാണ്. എന്നാല്‍, സങ്കുചിതവും സെന്‍സേഷനലുമായ പ്രശ്‌നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന മലയാള മാധ്യമങ്ങള്‍ ആദ്യഘട്ടത്തില്‍ പ്ളാച്ചിമടയിലെ സമരത്തിന്റെ ഈ അന്താരാഷ്‌ട്രമാനം മനസ്സിലാക്കിയില്ല. സമരത്തിന്റെ ആദ്യത്തെ അമ്പതു ദിവസം സമരത്തെക്കുറിച്ച് യാതൊരു റിപ്പോര്‍ടും പ്രധാന പത്രങ്ങളില്‍ വന്നതേയില്ല. (സി കെ ജാനു സമരം ഉദ്ഘാടനം ചെയ്‌തു എന്ന വാര്‍ത്ത പ്രാദേശികപേജിന്റെ മൂലയിലെവിടെയോ ഉണ്ടായിരുന്നു!) അഞ്ഞൂറ് തൊഴിലാളികള്‍ക്കാണ് പ്ളാച്ചിമട കൊക്കക്കോള കമ്പനിയില്‍ ജോലി ലഭിച്ചത്. എല്ലാ പ്രധാനപ്പെട്ട തൊഴിലാളി യൂണിയനുകള്‍ക്കും അവിടെ ഘടകങ്ങളുണ്ടായിരുന്നു. അവരുടെ സംയുക്തസമിതി രൂപീകരിക്കപ്പെടുകയും ആദിവാസികളുടെ പ്രതിഷേധസത്യാഗ്രഹ സമരത്തിനെതിരായി പുലഭ്യം പറയുന്നതിനും അവരെ ഭീഷണിപ്പെടുത്തുന്നതിനും അവര്‍ തുനിയുകയും ചെയ്തു. മയിലമ്മ പറയുന്നത്, ഞങ്ങള്‍ അവരെ ഒരിക്കലും തടയാന്‍ ശ്രമിച്ചിട്ടില്ല എന്നാണ്. ആരോ പണി ചെയ്‌ത് കഞ്ഞി കുടിക്കട്ടെ എന്നേ ഞങ്ങള്‍ വിചാരിക്കുന്നുള്ളൂ. എന്നാല്‍ മനുഷ്യരുടെ ചോര കുപ്പിയിലാക്കി വില്‍ക്കുന്നതുപോലെ ഇവിടത്തെ വെള്ളം മുഴുവനായി ഊറ്റി വില്‍ക്കാന്‍ ഞങ്ങളനുവദിക്കില്ല എന്ന് മയിലമ്മ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നത് ഡോക്കുമെന്ററിയിലെ ഒരു അവിസ്‌മരണീയ ദൃശ്യമാണ്.

മുതലമട പഞ്ചായത്തിലെ ആട്ടയാം പതിയില്‍ രാമന്റെയും കന്നീമയുടെയും പന്ത്രണ്ടാമത്തെ മകളായി ജനിച്ച മയിലമ്മ പതിനാലു വയസ്സുള്ളപ്പോഴാണ് മാരിമുത്തുവിന്റെ ഭാര്യയായി പ്ളാച്ചിമടയിലെത്തുന്നത്. അതിസാധാരണമായ ജീവിതം നയിച്ചുവന്ന മയിലമ്മ മുരുകരാജ്, ദൈവാന, തങ്കവേലു, സുബ്രഹ്മണ്യന്‍ എന്നീ നാലു മക്കളെ പ്രസവിച്ചു. ഇരുപത്തേഴാം വയസ്സില്‍ വിധവയായ അവര്‍ സാഹചര്യങ്ങളുടെ രാഷ്‌ട്രീയവും വസ്‌തുനിഷ്‌ഠവുമായ സമ്മര്‍ദത്തെത്തുടര്‍ന്ന് പ്ളാച്ചിമടയിലെ ഉജ്വല സമരത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായി മാറി. പേരമക്കള്‍ക്കും ഭാവിതലമുറകള്‍ക്കും ശുദ്ധജലം കുടിക്കാനുള്ള അവകാശം തുടര്‍ന്നും ലഭ്യമാവണമെന്ന ഉദ്ദേശ്യത്തോടെ സമരത്തിലേര്‍പ്പെട്ട മയിലമ്മയുടെ തത്വശാസ്‌ത്രം വളരെ ലളിതമാണ്: മരിക്കാനും ജീവിക്കാനും വെള്ളം വേണം. തന്റെ ആത്മകഥാഖ്യാനത്തില്‍ മയിലമ്മ ചോദിക്കുന്നു: എന്തോ ഏതോ. എനിക്ക് ഒരു കാര്യം മാത്രം അറിയാം. പ്ളാച്ചിമട എന്ന ഇത്ര വട്ടമാണ് ഞാന്‍ ഇരിക്കണ സ്ഥലം. ഇരിക്ക്ണവിടെ ഇരിക്കാന്‍ പറ്റാത്ത തരത്തിലുള്ള കഷ്ടപ്പാടും പുത്തിമുട്ടും വന്നിരിക്ക്കയാണ് ഞങ്ങളിന്റെ കൂട്ടര്ക്ക്. എന്ന് പറഞ്ഞാല് എന്താണ് ചെയ്യണത്? ഇവിടന്ന് ഓടി എവിടേക്കാണ് ഞങ്ങ്ള് പോകണത്? (മയിലമ്മ ഒരു ജീവിതം, തയ്യാറാക്കിയത് ജ്യോതിബായ് പരിയാടത്ത്, മാതൃഭൂമി ബുക്സ് പേജ് 69)

സമരത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ പ്ളാച്ചിമട ചെറുത്തുനില്‍പുസമരത്തിന്റെ കേന്ദ്രബിന്ദുവായി മയിലമ്മ മാറിത്തീര്‍ന്നു. അവരുടെ ജീവിതത്തിന്റെ അവിഭാജ്യഭാഗമായിരുന്നു സമരപ്പന്തല്‍. കാലത്ത് ആദ്യമവിടെയെത്തി പന്തലും പരിസരവും അടിച്ചുവൃത്തിയാക്കുകയും സത്യഗ്രഹികള്‍ക്കുള്ള ആഹാരം പാചകം ചെയ്യുകയും ഒക്കെ ചെയ്യുന്നത് മയിലമ്മ തന്നെയാണ്. സഹപ്രവര്‍ത്തകരോടും സമരാനുകൂലികളോടും മാധ്യമപ്രവര്‍ത്തകരോടും സമരത്തിന്റെ കാര്യകാരണങ്ങളും ഗതിവിഗതികളും വിശദമായി സംസാരിക്കുന്നതും മയിലമ്മ തന്നെ. സാധാരണ സാമൂഹ്യ പ്രസ്ഥാനങ്ങളിലും ഇത്തരം ജോലികള്‍ സ്‌ത്രീകളും കുട്ടികളും ചെയ്യാറുണ്ടെങ്കിലും അവര്‍ക്ക് നേതൃത്വപദവി നല്‍കാറില്ല. എന്നാല്‍ പ്ളാച്ചിമടയിലെ സമരം ഏതെങ്കിലുമൊരു കേന്ദ്രീകൃത സംഘടനയുടെ സജ്ജീകരിക്കപ്പെട്ട ആപ്പീസില്‍ വെച്ച് സൈദ്ധാന്തികമായും പ്രായോഗികമായും ആസൂത്രണം ചെയ്യപ്പെട്ടതല്ലാത്തതുകൊണ്ട് മയിലമ്മയെപ്പോലെ ആത്മാര്‍ത്ഥത, അര്‍പ്പണബോധം, സത്യസന്ധത എന്നിവ മാത്രം കൈമുതലായുള്ള ഒരാദിവാസി വനിതക്ക് ആ സമരത്തിന്റെ നേതൃപദവിയിലെത്താനായി. എന്നാല്‍, രാഷ്‌ട്രീയ-സാംസ്‌ക്കാരിക-സാമൂഹ്യ-മനുഷ്വാവകാശ സംഘടനകളിലെ പ്രൊഫഷനല്‍ വേഷങ്ങളും ആള്‍ദൈവങ്ങളും വ്യാജ നേതൃരൂപങ്ങളും പ്ളാച്ചിമട സമരത്തിന്റെ പിന്നീടുള്ള ഘട്ടങ്ങളില്‍ പിന്തുണയും ഉപദേശവും നേതൃത്വമേറ്റെടുക്കലും നടത്തിയപ്പോള്‍ മയിലമ്മയെ സമരത്തില്‍ നിന്ന് ഒഴിപ്പിച്ചു നിര്‍ത്താനും സമരത്തെ പിളര്‍ത്തി ഛിന്നഭിന്നമാക്കാനുമുള്ള നീക്കങ്ങളുണ്ടായി. മാധ്യമ ദുഷ്പ്രഭുത്വത്തിന്റെ മായാവലയത്തില്‍ കുടുങ്ങി കേവലം ഒരു ഉപകരണമായി മാറാതിരിക്കാന്‍ മയിലമ്മക്ക് പ്രാഥമികമായ ചില അറിവുകളും നിലപാടുകളും ആവശ്യമാണ്, എന്നും അത്തരം കാര്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്‌മ പ്ളാച്ചിമടസമരത്തിന്റെ നേതൃനിരയിലെ ഒരാള്‍ക്ക് ഇണങ്ങുന്നതല്ല എന്നുമാണ് സമരത്തിന്റെ രക്ഷാകര്‍തൃത്വം ഏറ്റെടുത്തവരിലൊരാള്‍ ആജ്ഞാപിച്ചത്. വ്യാജനേതൃരൂപങ്ങള്‍, ആള്‍ദൈവങ്ങള്‍, പ്രൊഫഷനല്‍ പരിസ്ഥിതിവാദികള്‍, അരാജകരും മദ്യപാനികളും, തീവ്ര വലതുപക്ഷം, എന്നിങ്ങനെ പലരും ഇത്തരം സമരങ്ങള്‍ക്ക് പിന്തുണയും രക്ഷാകര്‍തൃത്വവും വിദേശഫണ്ടും ഏര്‍പ്പെടുത്തിക്കൊടുക്കുകയും തങ്ങളുടെ ഗൂഢമോ പ്രകടമോ ആയ നിക്ഷിപ്‌ത താല്‍പര്യങ്ങള്‍ ഈ വഴിക്ക് നേടിയെടുക്കുകയും ചെയ്യുന്ന പ്രവണത മുത്തങ്ങയിലും നന്ദിഗ്രാമിലും പോലെ പ്ളാച്ചിമടയില്‍ വിജയം കണ്ടില്ല എന്നതിലാണിക്കൂട്ടര്‍ നിരാശരാകുന്നത്. പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് പലപ്പോഴും പ്രകോപനങ്ങള്‍ക്കായി മാനേജുമെന്റ് ശ്രമിച്ചപ്പോള്‍ തങ്ങള്‍ സമാധാനമാര്‍ഗം അവലംബിക്കുക മാത്രമാണ് ചെയ്‌തതെന്ന് മയിലമ്മ അനുസ്‌മരിക്കുന്നത് ഡോക്കുമെന്ററിയിലുണ്ട്. ഹിംസയിലൂടെയും അക്രമത്തിലൂടെയും ബോംബിങ്ങിലൂടെയും കമ്പനിയെ തോല്‍പിക്കാനാവില്ലെന്നും സ്ഥായിയായ ആവശ്യത്തിനുവേണ്ടിയുള്ള അതായത് വെള്ളത്തിന്മേലുള്ള പ്രാദേശിക ജനതയുടെ അവകാശം എന്നത്തേക്കുമായി സ്ഥാപിച്ചുകിട്ടാനുള്ള സമരമാണ് തങ്ങള്‍ നടത്തുന്നതെന്നും മയിലമ്മ വ്യക്തമാക്കുന്നുണ്ട്. പ്ളാച്ചിമട സമരം അക്രമത്തിലേക്കും മനുഷ്യഹത്യയിലേക്കും പോകാതിരുന്നതിനു പിന്നില്‍ മയിലമ്മയുടെയും സഖാക്കളുടെയും നിശ്ചയദാര്‍ഢ്യം വ്യക്തമാണ്. അപ്പോഴാണ് മയിലമ്മ കാര്യങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നു എന്ന് അടിയന്‍ ലച്ചിപ്പോം നടിച്ച് ചാടിവീഴുന്ന 'അധ്യാപക-രക്ഷാകര്‍ത്തൃ സമിതിക്കാര്‍' ആജ്ഞാപിക്കുന്നത്.

സമരത്തിന്റെയും സമരസഖാക്കളുടെയും ഈ അവസ്ഥയില്‍ ഖിന്നയായതുകൊണ്ടാണ് മയിലമ്മക്ക് ശാരീരികാസ്വസ്ഥത വന്നതും അവര്‍ നല്ല ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് മരണപ്പെട്ടതെന്നും സമരവുമായി അടുത്ത ബന്ധമുള്ള പലരും പറയുകയുണ്ടായി. മയിലമ്മയുടെ മൃതശരീരം പ്ളാച്ചിമടയിലെ സമരപ്പന്തലിലേക്ക് കയറ്റാന്‍ ഇപ്പോള്‍ സമരനേതൃത്വത്തിലുള്ളവര്‍ സമ്മതിച്ചില്ല. രണ്ടു കാരണങ്ങളാണ് ഹീനമായ ആ നിഷേധത്തിനവരെ പ്രേരിപ്പിച്ചത്. ഒന്ന്, മയിലമ്മയെ തേജോവധം ചെയ്യാന്‍ ശ്രമിച്ചവരുടെ അധീനതയിലായിരുന്നു ആ സമരപ്പന്തല്‍. രണ്ട്, മയിലമ്മയുടെ ത്വക് രോഗം തങ്ങള്‍ക്ക് പകരുമോ എന്ന സംശയം.

ഈ വിപരിണാമം ശ്രദ്ധേയമായ ചില ആലോചനകളിലേക്ക് നമ്മെ കൊണ്ടുപോകേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ മുഖ്യധാരാ മാധ്യമങ്ങളും രാഷ്‌ട്രീയകക്ഷികളും അവഗണിച്ച പ്ളാച്ചിമട സമരത്തെ സമരം ആരംഭിച്ച് ആറുമാസത്തിനു ശേഷം അവരെല്ലാവരും ചേര്‍ന്ന് ഏറ്റെടുക്കുകയും ആഘോഷിക്കുകയുമായിരുന്നു. അതിനവര്‍ക്കുള്ള അവകാശത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല. മാത്രമല്ല, അത്തരത്തിലുള്ള മുഖ്യധാരയുടെ രംഗപ്രവേശം മൂലം പ്ളാച്ചിമടയിലെ ചെറുത്തുനില്‍പിന് വന്‍ ജനപിന്തുണ ആര്‍ജ്ജിക്കാനാവുകയും ആ സമരത്തിന്റെ രാഷ്‌ട്രീയവും പാരിസ്ഥിതികവും ആഗോളസാമ്രാജ്യത്വ വിരുദ്ധവുമായ മാനങ്ങള്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്‌തു. പക്ഷെ പ്ളാച്ചിമടയിലെ ജനങ്ങളുടെ സ്വപ്‌നത്തിന് എന്തു ഫലമാണ് കിട്ടിയത് ? കൊക്കക്കോള കമ്പനി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ ആ നിരോധനത്തിന് നിയമപരമായും സാങ്കേതികമായും എത്രനാള്‍ നിലനില്‍പുണ്ടെന്ന് ആര്‍ക്കും തീര്‍ച്ചയില്ല. സമരസമിതി പിളര്‍ന്നുകഴിഞ്ഞിരിക്കുന്നു. ഒരു വിഭാഗത്തിനു പിന്നില്‍ ചില നിക്ഷിപ്‌ത താല്‍പര്യക്കാരും ഒരു പക്ഷെ കൊക്കക്കോള കമ്പനി തന്നെയും നിലയുറപ്പിച്ചിട്ടുള്ളതായി മറു വിഭാഗം ആരോപിക്കുന്നു. പ്ളാച്ചിമടയിലെ ജനങ്ങള്‍ക്ക് നഷ്‌ടപരിഹാരം കൊടുക്കണമെന്ന കോടതി വിധി ആശ്വാസകരമാണെങ്കിലും അത് നടപ്പാക്കിക്കിട്ടാനുള്ള കടമ്പകളെക്കുറിച്ചാലോചിക്കുമ്പോള്‍ സങ്കീര്‍ണത വീണ്ടും വര്‍ദ്ധിക്കും.

പ്ളാച്ചിമടയിലെ സമരവീര്യത്തിന്റെ പ്രോത്സാഹനം തമിഴ്‌നാട്ടിലെ ശിവഗംഗയിലേക്കും ഉത്തര്‍ പ്രദേശിലെ മെഹ്ദിഗഞ്ചിലേക്കും പടര്‍ന്നു. മേധപട്ക്കറും വന്ദനശിവയുമടക്കമുള്ള നേതാക്കള്‍ പ്ളാച്ചിമടയിലെത്തി. 2005ലെ ഔട്ട്‌ലുക്ക് സ്പീക്ക് ഔട്ട് പുരസ്‌ക്കാരത്തിന് മയിലമ്മ അര്‍ഹയാവുകയും ദില്ലി വരെ യാത്ര ചെയ്‌ത് അമ്പതിനായിരം രൂപയുടെ കാഷ് പ്രൈസടക്കമുള്ള പുരസ്‌ക്കാരം വാങ്ങുകയും ചെയ്‌തു. കേസ്, വക്കീല്‍ ഫീസ്, യാത്രച്ചിലവുകള്‍ എന്നിങ്ങനെ കഴിഞ്ഞകാലത്ത് ചിലവായതും വരും കാലത്ത് ചിലവാകാന്‍ പോകുന്നതുമായ തുകയിലേക്കായി ഈ പുരസ്‌ക്കാരത്തുക മാറ്റിവെക്കുകയാണ് മയിലമ്മയും സമരസഖാക്കളും ചെയ്‌തത്. എന്നാല്‍, താനും കുടുംബാംഗങ്ങളും ചേര്‍ന്ന് ഈ പണം വീതിച്ചെടുത്തുവെന്ന് വിഭാഗീയപ്രവണതക്കാരായ ചിലര്‍ പറഞ്ഞുപരത്തിയതായി മയിലമ്മ വേദനയോടെ അനുസ്‌മരിക്കുന്നു(മയിലമ്മക്ക് ആദരാഞ്ജലികള്‍ എന്ന ലഘു ഡോക്കുമെന്ററി). മയിലമ്മയുടെ ആത്മകഥാഖ്യാനം മാതൃഭൂമി ബുൿസിനുവേണ്ടി കേട്ടെഴുതിയ ജ്യോതീബായ് പരിയാടത്ത് സമരരംഗത്തുള്ള മഹിളാ പോരാളികള്‍ക്കു കൊടുക്കാനേല്‍പിച്ച മുപ്പതു സാരികളും ഇപ്രകാരം മയിലമ്മയും മരുമക്കളും സ്വന്തമായി കൈക്കലാക്കിയെന്നും ആര്‍ക്കും കൊടുത്തില്ലെന്നും ആരോപണം ഉയര്‍ന്നു. യഥാര്‍ത്ഥത്തില്‍ മുപ്പതു സാരി വിതരണം ചെയ്യാനായി കൊണ്ടുവന്നപ്പോള്‍ അതിലുമെത്രയോ അധികം ആളുകള്‍ അവിടെ കൂടിയതിനാല്‍ ആര്‍ക്കു കൊടുക്കും ആര്‍ക്കു കൊടുക്കാതിരിക്കും എന്നറിയാതെ സാരി കെട്ടിവെക്കുകയായിരുന്നു മയിലമ്മ ചെയ്തത്. നിഷ്‌ക്കളങ്കയും തുറന്ന മനസ്ഥിതിക്കാരിയും സമാധാന കാംക്ഷിയുമായ ഒരു സാധാരണക്കാരിയെയാണ് ഈ നിസ്സഹായമായ അവസ്ഥയിലൂടെ മയിലമ്മ പ്രതിനിധീകരിക്കുന്നത്. എന്നാല്‍ ഏതെങ്കിലും വിധത്തില്‍ താരതമ്യേന നിസ്സാരമായ ഈ പ്രശ്നങ്ങള്‍ ഒത്തുതീര്‍ക്കാന്‍ മയിലമ്മയുടെ ചുറ്റുമുണ്ടായിരുന്ന അധ്യാപക-രക്ഷാകര്‍ത്തൃ സമിതിക്കാര്‍ ശ്രമിച്ചില്ല എന്നത് ദുരൂഹമായ സമസ്യയാണ്. സമരത്തെ ഒറ്റുകാര്‍ റാഞ്ചിയെടുത്തതും തനിക്കൊപ്പം എന്ന് നടിച്ച് നടന്ന വ്യാജ നേതൃരൂപങ്ങളും പ്രൊഫഷനലുകളും കാണിച്ച ഉപേക്ഷയുമാണ് മയിലമ്മയെ മാനസികമായ അനാഥത്വത്തിലേക്കും ശാരീരികമായ ദുരവസ്ഥയിലേക്കും നയിച്ചത് എന്നുവേണം കരുതാന്‍. തുടര്‍ന്ന് വേണ്ട രീതിയിലുള്ള ചികിത്സ ലഭ്യമാവാത്തതിനെ തുടര്‍ന്ന് അവര്‍ അകാലത്തില്‍ മരണപ്പെടുകയും ചെയ്‌തു.

എന്നെ കാണാന്‍ ഒരു പാട് ആള്ക്കാര് വന്നിട്ടോ എന്നെ വല്‌താക്കി വെച്ചിട്ടോ എന്ത് കാര്യമാണ് ? ഞാനല്ലല്ലോ ശരിക്കും പ്രശനം. എന്റെ നാട്ടലെ സ്തിതിയാണ് എല്ലവിരും അറിയണ്ടത്. എന്റീം എന്റെ കൂട്ടരിന്റീം വീട്ടുമ്മറത്ത് കെണറ് തണ്ണി എത്ര കെട്ട് പോയീ, എന്റെ നാട്ടില് കൃഷിക്കാരിന്റെ നെലം എത്ര വരണ്ട് പോയീ, എന്നാണ് എല്ലാവരും കാണണ്ടത്. അതിന് ഞാന്‍ പ്ളാച്ചിമടയില് തന്നെ ഇര്ന്നാ തന്നെ പറ്റുള്ളൂ. എന്റെ നാട്ട്കാരിനെ കൂട്ടിപ്പടിച്ച് നിന്നാലെ പറ്റുള്ളൂ. അടിയും ഇടിയും കുത്തും വെട്ടും ഒന്നും നമ്മള്ക്ക് പറഞ്ഞിട്ടില്ല.ഈ പോരാട്ടം ചെലപ്പഴ് ജയിക്കുവായിര്ക്കും. ചെലപ്പഴ് തോല്ക്കും. എന്നാലും ജീവിക്ക്കാണെന്നാല് എല്ലാവിരും ജീവിക്കും, മരിക്ക്കാണെങ്കില് എല്ലാവിരും മരിക്കും ചിയ്യും. രണ്ടിലൊന്ന് നടക്കണവരെ ഞങ്ങ്ള് ഒപ്പം നിന്നാലെ പറ്റുള്ളൂ. ഈ പൂമിയില് ഇത്പോലെ മണ്ണും വെള്ളവും നസിപ്പിക്കണത് ഇത് ആദ്യമൊന്നും അല്ല. പക്ഷേ ഇത് പോലെ ഒരു പോരാട്ടം ആദ്യമാണെന്ന് എല്ലാവിരും പറയിണു. അങ്ങനെയാണ് വെച്ചാല് ഇത് ഇവിടെതന്നെ ഒടുങ്ങും വേണം. ജയിച്ചിട്ടാണെങ്കില് സന്തോഷം. ഞങ്ങള് നാട്ടുകാരിന്റെ പോരാട്ടത്തിന് നല്ല പരിശ് കിട്ടി വിചാരിക്കും. അല്ല തോറ്റ് പോവാണെങ്കിലോ പ്ളാച്ചിമടന്റെ കത എല്ലാവരിക്കും ഒരു പാടം ആകുകയും ചെയ്യും. ഇത് എന്റ തന്നെയല്ല എന്റെ നാട്ടുകാരിന്റീം ഞങ്ങളിന്റെ നല്ലത് മാത്രം വിചാരിക്കിണ ഒരു പാട് ആള്ക്കാരിന്റീം എല്ലാം മനസ്സിലെ ആസയാണ്. (മയിലമ്മ ഒരു ജീവിതം, തയ്യാറാക്കിയത് ജ്യോതിബായ് പരിയാടത്ത്, മാതൃഭൂമി ബുൿസ് പേജ് 69,70). മയിലമ്മ വ്യക്തി എന്ന നിലക്കും നേതാവ് എന്ന നിലക്കും അനുഭവിച്ച പ്രശ്‌നങ്ങള്‍ നേരിട്ടറിയാമായിരുന്ന ആള്‍ എന്ന നിലക്ക് ശരത് അവരുടെ ശാരീരിക-മാനസിക പ്രതിസന്ധിയില്‍ ഏറെ വേദനിച്ചിരുന്നു.

താനും ബാബുരാജും ചേര്‍ന്നെടുത്ത ഡോക്കുമെന്ററികള്‍ വളരെയധികം ശ്രദ്ധേയമായിക്കഴിഞ്ഞിട്ടും അവയുമായി മാത്രം ഊരു ചുറ്റി കാലം കഴിക്കുകയായിരുന്നില്ല ശരത് ചെയ്തത്. തികഞ്ഞ രാഷ്‌ട്രീയ-ചരിത്ര ജാഗ്രതയോടെ ലോകമെമ്പാടും നിന്ന് ആൿടിവിസ്‌റ്റ് ഡോക്കുമെന്ററികള്‍ ശേഖരിക്കുകയും കേരളത്തിനകത്തും പുറത്തുമുള്ള നിരവധി വേദികളില്‍ പ്രദര്‍ശിപ്പിച്ച് ജനങ്ങളുടെ പ്രതികരണ-പ്രതിരോധ സ്വഭാവത്തെ ഉണര്‍ത്തി നിലനിര്‍ത്താന്‍ അദ്ദേഹം നിരന്തരമായി പരിശ്രമിച്ചു പോന്നു. ആനന്ദ് പട്‌വര്‍ദ്ധന്റെയും രാകേശ് ശര്‍മ്മയുടേതുമടക്കം ഇന്ത്യക്കകത്തും പുറത്തുമുള്ള അനവധി സംവിധായകരുടെ പ്രസിദ്ധ ഡോക്കുമെന്ററികളെല്ലാം കേരളത്തിലാദ്യം ലഭിക്കുക ശരത്തിനായിരുന്നു. 2002ലെ ഗുജറാത്ത് വംശഹത്യയെ അവലംബമാക്കി രാകേശ് ശര്‍മ്മ സംവിധാനം ചെയ്‌ത ഫൈനല്‍ സൊല്യൂഷന്‍ എന്ന പ്രസിദ്ധ ഡോക്കുമെന്ററി ശരത് കൃത്യ സമയത്ത് കേരളത്തിലെത്തിച്ചതിനെ തുടര്‍ന്ന് രാഷ്‌ട്രീയ സാംസ്‌ക്കാരിക സാമൂഹ്യ പ്രവര്‍ത്തകര്‍, കവികള്‍, പ്രഭാഷകര്‍, ഫിലിം സൊസൈറ്റി അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ക്ക് അക്കാലത്ത് തന്നെ കാണാന്‍ കഴിഞ്ഞു. ഗുജറാത്തിനെക്കുറിച്ചും ഗുജറാത്താനന്തര ഇന്ത്യയെക്കുറിച്ചും കേരളീയര്‍ക്കുണ്ടായ അവബോധ പരിണാമത്തില്‍ ഈ സിനിമ വഹിച്ച പങ്ക് വളരെ പ്രധാനമാണ്. അതിന്റെ കാരണക്കാരന്‍ ശരത് തന്നെയായിരുന്നു. 2003ല്‍, മലപ്പുറം ജില്ലയില്‍ മാത്രം ആനന്ദ് പട്‌വര്‍ദ്ധന്റെ രാം കേ നാം നിരോധിക്കപ്പെട്ടപ്പോള്‍ അതിനെതിരായ ബഹുജന സമരത്തില്‍ ശരത് നേതൃത്വവും ദിശാബോധവും ആവേശവും നല്‍കി പങ്കെടുത്തു.

ശരത്തിന് കൊടുത്ത ഒരു വാഗ്ദാനം പാലിക്കാനാകാതെ പോയതില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ട് ഈ കുറിപ്പവസാനിപ്പിക്കുന്നു. അദ്ദേഹം അവസാനമായി സംവിധാനം ചെയ്‌ത നിങ്ങളുടെ വിശ്വസ്‌തന്‍ ജോണ്‍ എന്ന ഡോക്കുമെന്ററിയെക്കുറിച്ച് വിശദമായ ഒരാസ്വാദന-അവലോകന ലേഖനം തയ്യാറാക്കാമെന്ന് ഞാന്‍ ഉറപ്പു പറഞ്ഞിരുന്നു. അതനുസരിച്ച് ചിത്രത്തിന്റെ പ്രിവ്യൂ കോപ്പി സമയത്തു തന്നെ ശരത് കൊറിയറില്‍ എത്തിക്കുകയും ചെയ്‌തു. പല തിരക്കുകളാലും സ്വതസ്സിദ്ധമായ മടിയാലും എനിക്കാ ലേഖനം പൂര്‍ത്തീകരിക്കാനായില്ല. മാപ്പ്.

Tuesday, June 22, 2010

കുറ്റങ്ങളും പ്രായശ്ചിത്തങ്ങളും - സിനിമയുടെ പഠന ദുരവസ്ഥകള്‍

ടെലിവിഷനു ശേഷം പ്രചാരത്തില്‍ വന്ന മള്‍ട്ടിമീഡിയ സാധ്യതകളുള്ള കമ്പ്യൂട്ടര്‍,
ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍, ഐ പോഡ്, എം പി ത്രീ/ഫോര്‍ പ്ളെയറുകള്‍ തുടങ്ങിയ നവ മാധ്യമങ്ങളുടെ പ്രസരിപ്പ് നിറഞ്ഞുനില്‍ക്കുന്ന കാലമാണ് നമ്മുടേത് എന്നെല്ലാവര്‍ക്കുമറിയാം. ഇവ നവ മാധ്യമങ്ങളാണെങ്കില്‍, സിനിമ 'പഴയ' തരം മാധ്യമമായിക്കഴിഞ്ഞിട്ടുണ്ടാവുമല്ലോ അല്ലേ! മേല്‍ വിവരിച്ച നവമാധ്യമങ്ങളുടെ നേര്‍ക്ക് കേരളീയ പൊതു സമൂഹം നടപ്പു കാലത്ത് സ്വീകരിക്കുന്ന അമ്പരപ്പും പേടിയും വൈരാഗ്യവും ചേര്‍ന്ന കുറ്റാരോപണ മഹാഖ്യാനം, മുന്‍കാലത്ത് സിനിമയുടെ നേര്‍ക്കും ഉണ്ടായിരുന്നു എന്നതാണ് കൌതുകകരമായ സാമ്യങ്ങളിലൊന്ന്. പുതിയ മാധ്യമങ്ങളോട് പുതിയ തലമുറക്ക് അടുപ്പവും പ്രവര്‍ത്തന പരിചയവും കൂടും. അതുകൊണ്ടു തന്നെ സമൂഹത്തിന്റെ പൊതുബോധരൂപീകരണം നടത്തുന്ന അധ്യാപക-രക്ഷാകര്‍തൃ സമിതി തങ്ങള്‍ക്ക് ഇവയോടുള്ള അപ്രാപ്യതയും പരിചയക്കുറവും അടിസ്ഥാനമാക്കിയുള്ള അസൂയാപരവും ഭീതിജനകവുമായ അവബോധമാണ് സ്വയം കല്‍പ്പിച്ചുണ്ടാക്കുന്നത്. മുന്‍കാലത്ത് സിനിമ ഇത്തരമൊരു അവഗണനയും കുറ്റബാധയും നേരിട്ടിരുന്നു. അക്കാലത്ത്, സിനിമക്കു പോകുക എന്നത് കള്ളുഷാപ്പില്‍ പോകുന്നതു പോലെയോ മറ്റ് അനാശാസ്യമായ പ്രവൃത്തികള്‍ ചെയ്യുന്നതു പോലെയോ ആയിരുന്നു. സമൂഹത്തിന് ഏറ്റവും ഗുണകരമായ സാധ്യതകള്‍ പ്രദാനം ചെയ്യുന്ന ഇത്തരമൊരു വിനിമയ വ്യവസ്ഥയെ കുറ്റത്തില്‍ മുക്കുന്നതോടെ പല രീതിയിലുള്ള കുഴപ്പങ്ങളാണ് സംഭവിക്കുന്നത്. പ്രധാനപ്പെട്ട കുഴപ്പം ഈ വിനിമയ വ്യവസ്ഥ കുറ്റം ചെയ്യാനുള്ള ഒരു ഉപാധിയാണെന്ന പൊതു ബോധം പ്രബലമാവുന്നു എന്നതാണ്. വന്‍ മുതല്‍ മുടക്ക് ആവശ്യമായതിനാല്‍ സാധാരണക്കാര്‍ക്ക് അക്കാലത്ത് സിനിമയെടുക്കല്‍ അസാധ്യമായിരുന്നതിനാല്‍ 'കുറ്റം' ചെയ്യുന്നവരുടെ സംഖ്യ താരതമ്യേന കുറവായിരുന്നു എന്നു മാത്രം.

ഇങ്ങനെ സിനിമയെ കുറ്റപ്പെടുത്തി നാം കുറെ കാലം വെറുതെ കളഞ്ഞു. ഇപ്പോഴവസാനം സിനിമ പഠിക്കണമെന്ന കാഴ്ചപ്പാടില്‍ എല്ലാവരും എത്തിക്കൊണ്ടിരിക്കുകയാണ്. അതിനുള്ള കാരണം പലതാണ്. അതെന്തൊക്കെയാണെന്ന വിശദമായ ആലോചന മറ്റൊരവസരത്തിലാവട്ടെ. സിനിമ പഠിക്കണമെന്ന വിചാരം ശക്തമായപ്പോള്‍ എല്ലാവരും പുസ്തകരൂപത്തിലാക്കിയ തിരക്കഥ പഠിക്കാന്‍ തുടങ്ങി. എസ് എസ് എല്‍ സി പരീക്ഷ പോലെ, ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തില്‍ ഏറ്റവും നിര്‍ണായകമായ പരീക്ഷയില്‍ വരെ താഴെ കാണിച്ചിരിക്കുന്ന സന്ദര്‍ഭത്തെ മുന്‍നിര്‍ത്തി തിരക്കഥ തയ്യാറാക്കുക പോലുള്ള അസംബന്ധചോദ്യങ്ങള്‍ കടന്നു വന്നു. കട്ട് ടു, ഡിസോള്‍വ്, ഫെയ്ഡ് ഔട്ട്, ഫെയ്ഡ് ഇന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ അങ്ങിങ്ങായി പെറുക്കി അടുക്കിക്കൊണ്ട് ഒരു അക്ഷരകൊലപാതകം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ പ്രേരിതരാവുന്നു. അതുകൊണ്ട് കുട്ടികള്‍ക്കുണ്ടാകുന്ന മാനസികവിഭ്രാന്തികളും സിനിമാ പഠനത്തിന്റെ ചെലവില്‍ നാളെ വിചാരണ ചെയ്യപ്പെടും. കോഴിക്കോട്ട് ഒരു സംഘടന നടത്തിയ തിരക്കഥാ രചനാ ശില്‍പശാലയില്‍ പ്രവേശനം ലഭിക്കാന്‍ ആയിരക്കണക്കിന് അപേക്ഷകളാണത്രെ ലഭിച്ചത്. തിരക്കഥയാണ് സിനിമയുടെ അടിസ്ഥാനം എന്നാണ് ചില വിരുദ്ധജ്ഞാനികളായ സിനിമാടീച്ചര്‍മാര്‍ പഠിപ്പിക്കുന്നത്. ദൃശ്യഭാവനയാണ് വാസ്തവത്തില്‍ സിനിമയുടെ അടിസ്ഥാനം. ഗുട്ടന്‍ബര്‍ഗ് യുഗത്തോടെ പ്രാബല്യത്തിലായ ലിഖിതഭാഷയുടെയും അച്ചടിയുടെയും വായനയുടെയും മഹാഭാരങ്ങള്‍ സ്വരൂപിച്ചെടുത്ത ചിന്താപദ്ധതികളും വിചാരമാതൃകകളും ആശയ-പ്രത്യയശാസ്ത്രങ്ങളും വിദ്യാഭ്യാസ-സാഹിത്യ സിദ്ധാന്തങ്ങളും ആണ് തിരക്കഥാപഠനം പോലുള്ള കടുത്ത പീഡനങ്ങളിലേക്ക് അധ്യാപകനെയും കുട്ടിയെയും നയിച്ചത്.


സൂപ്പര്‍ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകളായി കേരളം പിളര്‍ന്നു പോകുന്ന അതീവ ഗുരുതരമായ രാഷ്ട്രീയ അഗ്നിപര്‍വ്വത സ്ഫോടനത്തിന്റെ പുകമറയിലിരുന്നാണ് തിരക്കഥകളുടെ ചിതലുകള്‍ പാവം കുട്ടികളെക്കൊണ്ട് ഭക്ഷിപ്പിക്കുന്നത്. സിനിമ എങ്ങനെയാണ് ആഖ്യാനം ചെയ്യപ്പെടുന്നത്; അതിത്രയും കാലം സമൂഹത്തെ എപ്രകാരം ആഖ്യാനം ചെയ്തു; സമൂഹം സിനിമയെ എങ്ങനെ ആഖ്യാനം ചെയ്തു എന്നിങ്ങനെയുള്ള അന്വേഷണങ്ങളിലൂടെ ആരംഭിക്കുന്ന പുതിയ ഗുണപരമായ പരിവര്‍ത്തനങ്ങളിലേക്ക് സ്കൂള്‍-കോളേജ് തലങ്ങളിലുള്ള സിനിമാപഠനം അടിയന്തിരമായി പുനരാവിഷ്ക്കരിച്ചില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന തിരിച്ചടികള്‍ പ്രവചനാതീതമായിരിക്കും.

Monday, June 21, 2010

ഫുട്ബാള്‍ - കലാപങ്ങളും ഉയിര്‍ത്തെഴുന്നേല്‍പുകളും
ഫുട്ബാള്‍ വെറുമൊരു കളി മാത്രമാണോ? കോടികള്‍ മാറിമറയുന്ന, പ്രൊഫഷണല്‍ ക്ളബ്ബുകളും പരസ്യവരുമാനവും ടെലിവിഷന്‍ ലൈവ് സംപ്രേക്ഷണങ്ങളും വിപണനങ്ങളും അടങ്ങിയ വ്യാപാരമാണോ അത്? അതോ, ചരിത്രവും ചരിത്രത്തിലെ തെറ്റുതിരുത്തലും പ്രതികാരങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള പ്രതീതി യുദ്ധങ്ങളും ഗോത്രത്തനിമയുടെ പുനരായനവും എല്ലാം ഇടകലരുന്ന ഒരു ചലനാത്മക പ്രതിഭാസമോ? ഫുട്ബാള്‍ സംഗീതവും നൃത്തവും നാടകവും പ്രണയവും വീരാരാധനയും രാജ്യസ്നേഹവും രാജ്യദ്രോഹവും എല്ലാമെല്ലാമാണോ? ഉത്തരങ്ങളുണ്ട്, പക്ഷെ ഇല്ല.

നൂറു കോടിയില്‍ പരം ജനങ്ങളധിവസിക്കുന്ന ഇന്ത്യയിലെ ഫുട്ബാള്‍ ഇത്രയും നിലവാരം കുറഞ്ഞതായതെന്തുകൊണ്ട്? ലോകകപ്പിന്റെ ക്വാളിഫയിംഗ് റൌണ്ടില്‍ വെച്ചുതന്നെ അത് നിഷ്ക്കരുണം തള്ളപ്പെടുന്നതെന്തുകൊണ്ട്? ഈ കളിക്കുറവുകാരുടെ രാജ്യത്ത് പക്ഷെ ഫുട്ബാള്‍ വമ്പിച്ച ഹരമായി മനുഷ്യരുടെ മനസ്സിലും ശാരീരികാനന്ദത്തിലും ഉള്‍ച്ചേര്‍ന്നതെങ്ങനെ? മലയാളത്തനിമയുടെ ഘടകവിസ്താരങ്ങളില്‍ എന്നും മാറ്റി നിര്‍ത്തപ്പെടുന്ന മലപ്പുറത്തുകാര്‍ക്കുള്ളത്ര ഫുട്ബാള്‍ ഭ്രാന്ത് കൊല്‍ക്കത്തക്കാര്‍ക്കു കൂടിയുണ്ടാവുമോ എന്ന് സംശയമാണ്. ഫുട്ബാള്‍ രക്തത്തിലും ധമനികളിലും നിരന്തരസാന്നിദ്ധ്യമായ ലോകജനതയുടെ കാഴ്ചകള്‍, കാഴ്ചപ്പാടുകള്‍, വികാരങ്ങള്‍, ഉത്ക്കണ്ഠകള്‍, ആഹ്ളാദങ്ങള്‍, നിരാശകള്‍ എല്ലാം പ്രതിഫലിക്കുന്ന ഒരര്‍ത്ഥത്തില്‍ ഏറ്റവും മാനുഷികമായ ഒരു കായികപ്രകടനം എന്ന നിലക്ക് ഫുട്ബാള്‍, ചരിത്രത്തില്‍ പരിഗണിക്കപ്പെട്ടതെങ്ങനെ എന്ന അന്വേഷണമാണ് നാം മുന്നോട്ട് കൊണ്ടു പോകേണ്ടത്. അത്തരമൊരന്വേഷണം ഏതൊരു ചരിത്ര/രാഷ്ട്രീയ വിദ്യാര്‍ത്ഥിക്കും മനുഷ്യസ്നേഹിക്കും പ്രയോജനപ്രദമായിത്തീരുകയും ചെയ്യും.

നിഷ്കളങ്കബാല്യം മുതല്‍ പൌരുഷത്തിന്റെ പക്വത നേടിയതുവരെയുള്ള രണ്ട് പതിറ്റാണ്ടുകാലം അര്‍ജന്റീനയുടെ ശുഭാപ്തി വിശ്വാസത്തിന്റെ പ്രതീകമായിരുന്നു മറഡോണ. മറഡോണയുടെ നിരാശയായിരുന്നു അര്‍ജന്റീനയുടെ ദുരന്തം. മറഡോണയുടെ ആഘോഷമായിരുന്നു അര്‍ജന്റീനയുടെ പ്രതാപം. ദൈവസമാനമായ ഇതിഹാസമായി അര്‍ജന്റീനക്കാരും ലാറ്റിന്‍ അമേരിക്കക്കാരും ലോകരാകെയും കൊണ്ടാടുന്ന മറഡോണയെ ക്കുറിച്ചറിയുന്നതുപോലും വിസ്മയാവഹമായ അനൂഭൂതിയാണുണര്‍ത്തുക. കാരണം, മറഡോണയുടെ ഇതിഹാസ കഥ പറയുക എന്നതിനര്‍ത്ഥം; അര്‍ജന്റീനയുടെ ലാറ്റിനമേരിക്കയുടെ കഥ പറയുക എന്നര്‍ത്ഥം; ലാറ്റിനമേരിക്കയുടെ രാഷ്ട്രീയം, സംസ്കാരം, സാമൂഹികമാറ്റം എന്നിവയും ഫുട്ബാളും തമ്മിലുളള അഭേദ്യമായ ബന്ധം പഠനവിധേയമാക്കുക എന്നര്‍ത്ഥം; പട്ടാള ഭരണം, സ്വേച്ഛാധിപത്യം, അഴിമതി, യുദ്ധം, തൊഴിലില്ലായ്മ എന്നിവ അര്‍ബ്ബുദം പോലെ ബാധിച്ച അര്‍ജന്റീനയുടെ ചരിത്രം പരിശോധിക്കുക എന്നര്‍ത്ഥം; എന്നതു തന്നെയാണ്. ലാറ്റിനമേരിക്കയെ സംബന്ധിച്ച് ഫുട്ബാള്‍ കളി ഒരു കളിമാത്രമല്ല സ്വത്വബോധത്തിന്റെയും സംസ്കാരത്തിന്റെയും വര്‍ഗ്ഗപരവും ലിംഗാധിഷ്ഠിതവും ദേശിയവും പ്രാമാണികവുമായ ആശയങ്ങളെ കാക്കുകയും പ്രബലപ്പെടുത്തുകയുമാണ് അത് ചെയ്തുപോരുന്നത് എന്നതാണ് വാസ്തവം. വത്തിക്കാനില്‍ അമ്മയോടും ഭാര്യയോടുമൊപ്പം മാര്‍പ്പാപ്പയെ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ ഡീഗോ മാറഡോണ മാര്‍പ്പാപ്പയോട് അപമാനകരമായി പെരുമാറിയതിനെക്കുറിച്ച് ഒരു ടെലിവിഷന്‍ ഇന്റര്‍വ്യൂവില്‍ സംസാരിക്കവേ, മാറഡോണ രണ്ടുതവണ പോപ്പിനെ 'പുലയാടി മോന്‍' എന്നു വിളിക്കുകയുണ്ടായി. എനിക്കു തന്ന ജപമാലക്ക് എന്താണ് പ്രത്യേകത എന്നു ചോദിച്ചപ്പോള്‍ അയാള്‍ എന്നെ കൊല്ലാന്‍ വന്നു, ആ പുലയാടി മോന്‍. എന്നിട്ടയാള്‍ പറഞ്ഞു, അത് ആശീര്‍വദിച്ച മാലയാണെന്ന്. അതെന്താ അങ്ങനെ, എനിക്ക് അറിയണമായിരുന്നു. എന്റെ അമ്മക്കും ഭാര്യക്കും ആശീര്‍വദിച്ച മാലകള്‍ പാടില്ലെന്നാണോ? (മാറഡോണ- ദൈവം, ചെകുത്താന്‍, രക്തസാക്ഷി - കെ വി അനൂപ് പേജ് 25). ഇപ്രകാരം, കത്തോലിക്കാ മതത്തിന്റെ ആത്മീയനേതാവിനെ കടുപ്പത്തിലുള്ള തെറി ലോകം മുഴുവന്‍ കാണ്‍കെ വിളിച്ചുപറഞ്ഞ മാറഡോണ, ലാറ്റിനമേരിക്കക്കാരുടെ മാത്രമല്ല, സാമ്രാജ്യത്വ വിരുദ്ധ ലോകജനതയുടെ ആകെയും ആരാധ്യപുരുഷനായി പിന്നീട് വളരുകയുമുണ്ടായി. മാറഡോണ ദൈവവും മതവുമായി പരിണമിച്ചതായും വ്യാഖ്യാനങ്ങളുണ്ട്.

1985ല്‍ നടന്ന ഹെയ്സല്‍ ദുരന്തത്തിന്റെ ഓര്‍മകള്‍ പുനര്‍ജനിപ്പിച്ചുകൊണ്ട്, കളിഭ്രാന്തും രാജ്യസ്നേഹവും കൂടിക്കലരുന്ന രക്തചലനത്തിലൂടെ ഇംഗ്ളീഷ് ആരാധകര്‍ മനുഷ്യത്വത്തിനും ജൈവസ്വഭാവത്തിനും അപ്പുറത്തുള്ള അഥവാ പരോക്ഷമായ ചില ഗോത്രസ്വഭാവം ജ്വലിപ്പിക്കുന്ന തെമ്മാടിത്തത്തിലേക്ക് വഷളാകുന്നതെങ്ങനെ എന്നന്വേഷിക്കുന്നതില്‍ അതീവ പ്രസക്തിയാണുള്ളത്. സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അതിരുകള്‍ വികസിപ്പിക്കാനും ശ്രമിച്ച ഭരണാധികാരികള്‍ നൂറ്റാണ്ടുകളായി യുദ്ധത്തിനയച്ച ഒരു ജനതയുടെ അനന്തരതലമുറയുടെ പരമ്പരാഗതമായ ആക്രമണോല്‍സുകസ്വഭാവമാണ് ഇംഗ്ളീഷ് ഫുട്ബാള്‍ ഹൂളിഗാനിസത്തിന്റെ കാരണമെന്ന് സാമൂഹികവും നരവംശശാസ്ത്രപരവുമായ വേരുകള്‍ അന്വേഷിച്ചിട്ടുള്ള ചില ഗവേഷകര്‍ നിരീക്ഷിച്ചിട്ടുണ്ട്.

ലോകഫുട്ബാള്‍ ഭൂപടത്തിന്റെ അതിര്‍ത്തിരേഖക്കുള്ളിലേക്ക് ഇന്ത്യയുടെ നൂറുകോടി മക്കളില്‍ നിന്ന് കേവലം പതിനൊന്ന് പേരെ കടത്തിവിടാന്‍ ഇന്ത്യാമഹാരാജ്യത്തിന് സാധിക്കാതെ പോയതെന്തുകൊണ്ടെന്നത് വിദഗ്ദ്ധര്‍(?) കണ്ടുപിടിക്കട്ടെ. മലബാറില്‍ ജീവിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഞാന്‍ ഈ കളിക്കുറവില്‍ ആശ്വാസം കൊള്ളുന്നു. കാരണം, ഇപ്പോഴത്തെ സ്ഥിതിക്കു പകരം ഇന്ത്യക്കും പാക്കിസ്ഥാനും രണ്ട് പ്രബല ടീമുകളെ ലോകകപ്പിലേക്ക് ക്വാളിഫൈ ചെയ്യാന്‍ കഴിഞ്ഞിരുന്നു എന്നു കരുതുക. അപ്പോള്‍ ഓരോ തെരുവിലും അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ഉറുഗ്വേയുടെയും കാമറൂണിന്റെയും ജര്‍മനിയുടെയും ഇംഗ്ളണ്ടിന്റെയും ഫ്രാന്‍സിന്റെയും ഇറ്റലിയുടെയും പോര്‍ച്ചുഗലിന്റെയും ദക്ഷിണാഫ്രിക്കയുടെയും കൊടികളും ജഴ്സികളും ആരാധനയും വാഗ്വാദങ്ങളും വാതുവെപ്പുകളും തര്‍ക്കങ്ങളും അത്യാവശ്യം അടിപിടികളും നിറക്കാന്‍ ഈ നിഷ്കളങ്കരായ കളിഭ്രാന്തന്മാര്‍ക്ക് സാധിക്കില്ലല്ലോ! ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ നന്നായി കളിച്ചാലും അഭിനന്ദിച്ചാല്‍ വര്‍ഗീയകലാപം പൊട്ടിപ്പുറപ്പടുന്ന സാമുദായികസന്തുലനമാണല്ലോ ഇവിടെയുള്ളത്. യഥാര്‍ത്ഥത്തിലുള്ള സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ കളി കാണാനുള്ള പശ്ചാത്തലം നിലനില്‍ക്കാന്‍ ഇന്ത്യക്കാര്‍ ഇനിയും നിലവാരം കുറഞ്ഞ കളി തന്നെ കളിച്ചു തുടരട്ടെ.

2006ലെ ലോകകപ്പിന്റെ ഓര്‍മകളില്‍ സജീവമായി നില്‍ക്കുന്നത് പക്ഷെ ഫ്രഞ്ച് ഫുട്ബാള്‍ ടീമിന്റെ നായകനായിരുന്ന സിനദീന്‍ സിദാന്‍, ഫൈനലില്‍ പ്രകോപിതനായി ഇറ്റാലിയന്‍ കളിക്കാരനായ മറ്റെറാസിയുടെ നെഞ്ചത്ത് തല കൂര്‍പ്പിച്ച് കുത്തിയത് ഏതു തരം തെറി കേട്ടിട്ടാണെന്നതിന്റെ ഗവേഷണമാണ്. ഫ്രാന്‍സും ഇറ്റലിയും തമ്മിലുള്ള ഫൈനല്‍ തൊണ്ണൂറു മിനുട്ടിന്റെ സാധാരണ സമയത്തില്‍ ഫലം കാണാഞ്ഞതുകൊണ്ട് അധികസമയത്തേക്ക് നീണ്ടു തുടരുകയായിരുന്നു. ഇരുപതു മിനുട്ട് അധികസമയകളിയും കഴിഞ്ഞു. 1-1 ഗോള്‍ നിലയില്‍ കളി അനിശ്ചിതത്വത്തില്‍ തന്നെ. വിജയസാധ്യത സമാസമം. ഫ്രഞ്ച് ടീമിന്റെ ക്യാപ്റ്റന്‍ സിനദീന്‍ സിദാന്‍ ദീര്‍ഘകാലത്തെ ഗംഭീരമായ കളിക്കാലത്തിനു ശേഷം വിരമിക്കുന്നതിനു തൊട്ടുമുമ്പുള്ള നിമിഷങ്ങളായിരുന്നു അവ. ടീം തോറ്റാലും ജയിച്ചാലും വീരോചിതമായ വിടവാങ്ങലിനു തൊട്ടുമുമ്പുള്ള ആ നിര്‍ണായകമുഹൂര്‍ത്തത്തില്‍ സ്വന്തം ടീമിന്റെ അമ്പതു ശതമാനം വിജയ സാധ്യത പോലും പാടെ ഇല്ലാതാക്കിക്കൊണ്ടും തന്റെ ഇത്രയും കാലത്തെ സല്‍പേരു കളഞ്ഞുകുളിച്ചു കൊണ്ടും ഉള്ള കടുത്ത കായികപ്രതികരണത്തിലേക്ക് സിദാനെ നയിച്ച എന്തു തരം തെറിയാണ് മറ്റെറാസി പറഞ്ഞിട്ടുണ്ടാവുക എന്ന കാര്യം വിസ്മയകരമായി തുടരുകയായിരുന്നു. എന്നാല്‍ ആ വിസ്മയത്തെ കൂടുതല്‍ പ്രശ്നസങ്കുലമാക്കുന്നത് അതിന്റെ രാഷ്ട്രീയവിവക്ഷകളായിരുന്നുവെന്നതാണ് സത്യം.

സീസോ എന്ന ഓമനപ്പേരിലറിയപ്പെടുന്ന സിനദീന്‍ സിദാന്‍ അള്‍ജീരിയന്‍ വംശജനായ മുസ്ളിമാണ്. 1998ലാദ്യമായി ഫ്രാന്‍സ് ബ്രസീലിനെ തോല്‍പിച്ച് ലോകകപ്പ് നേടിയത് സിദാന്റെ ഹെഡ്ഡിംഗിലൂടെ നേടിയ പ്രശസ്തമായ രണ്ടു ഗോളുകളിലൂടെയാണ്. 1998,2000,2003 എന്നീ വര്‍ഷങ്ങളില്‍ ഫിഫ വേള്‍ഡ് പ്ളെയര്‍ കിരീടം അദ്ദേഹത്തിന് ലഭിച്ചു. 2006ലെ ലോകകപ്പില്‍ സ്വര്‍ണപാദുകത്തിനും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഫ്രാന്‍സില്‍ നിലനില്‍ക്കുന്ന അള്‍ജീരിയന്‍ വംശജരുടെ അരക്ഷിതാവസ്ഥക്കും അവരുടെ കലാപങ്ങള്‍ക്കുമിടയിലാണ് സിദാന്‍ രാജ്യത്തിന്റെ ഗാംഭീര്യം ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്നതാണ് പ്രധാനം. അള്‍ജീരിയയുടെയും ഫ്രാന്‍സിന്റെയും ഇരട്ടപൌരത്വമുള്ള സിദാന്‍ ദരിദ്രമായ ജീവിതസാഹചര്യങ്ങളില്‍ നിന്നാണ് വളര്‍ന്നു വലുതായത്. ഇത്തരം ചുറ്റുപാടുകളില്‍ നിന്നു വന്നവര്‍ സാധാരണരീതിയില്‍ പെട്ടെന്ന് പ്രതികരിക്കുകയും കടുത്ത ഭാഷയില്‍ തെറി പറയുകയും ചെയ്യുന്നവരാണെന്ന് വരേണ്യമായി പരികല്‍പനയും രൂപകല്‍പനയും ചെയ്യപ്പെടുന്ന മനശ്ശാസ്ത്രതത്വങ്ങള്‍ നിര്‍വചിച്ചിട്ടുണ്ട്. അതനുസരിച്ച് ഇത്തരം പ്രദേശങ്ങളിലെ കുട്ടികളെ മര്യാദ (ബിഹേവിയറല്‍ സയന്‍സ്) പഠിപ്പിക്കാനായി പാതിരിമാരും മറ്റുമടങ്ങിയ മനശ്ശാസ്ത്രജ്ഞ-സന്നദ്ധസേവകര്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇത്തരം പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞത്, സിദാന്‍ ഇപ്രകാരം പ്രകോപിതനായത് ചേരിപ്രദേശത്തെ കുട്ടികളില്‍ ദുസ്വാധീനം ഉണ്ടാക്കുമെന്നാണ്. പക്ഷെ, സിദാന്റെ ദീര്‍ഘകാലത്തെ പെരുമാറ്റ ചരിത്രം പരിശോധിച്ചാല്‍ അദ്ദേഹം സാധാരണരീതിയില്‍ ഒരു പ്രകോപനത്തിനും വശംവദനാകാത്ത പക്കാ പ്രൊഫഷനല്‍ കളിക്കാരനായിരുന്നുവെന്ന് തെളിയും. എന്നിട്ടും സിദാനെ തന്റെയും രാഷ്ട്രത്തിന്റെയും വിജയസാധ്യതകളും ഇമേജും പാടെ നഷ്ടമാകുന്നതരം ആക്രമണത്തിനു പ്രേരിപ്പിച്ചത് ഏതു തരം തെറിയായിരിക്കും?

അധരചലനവിദഗ്ദ്ധയായ ജെസ്സീക്ക റീസ് ഈ ഏറ്റുമുട്ടലിന്റെ വീഡിയോദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചു വെളിപ്പെടുത്തിയതിന്‍ പ്രകാരം, ഇറ്റാലിയന്‍ ഭാഷയിലാണ് മറ്റെറാസി തെറി പറഞ്ഞിട്ടുള്ളത്. അത് സിദാന് നന്നായി മനസ്സിലാവും. കാരണം, യുവെന്റസ് ക്ളബില്‍ കളിച്ച കാലത്ത് ഇറ്റാലിയന്‍ ഭാഷ പഠിക്കാനും സംസാരിക്കാനുമുള്ള അവസരം അദ്ദേഹത്തിന് സിദ്ധിച്ചു. മറ്റെറാസി പറഞ്ഞതിപ്രകാരമായിരുന്നുവത്രെ: എടാ ഈ കളി നിന്നെപ്പോലത്തെ നീഗ്രോകള്‍ക്കുള്ളതല്ല. നീ ഭീകരവാദിയായ ഒരു വേശ്യയുടെ മകനാണെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം. മറ്റൊരു അധരചലനവിദഗ്ദ്ധന്‍ പറയുന്നത് സിദാന്റെ സഹോദരിയെ വേശ്യ എന്ന് ഒന്നിലധികം തവണ മറ്റെറാസി ആക്ഷേപിച്ചു എന്നാണ്. സിദാന്റെ പിതാവ് അള്‍ജീരിയയിലെ ഒരു ഫ്രഞ്ച് പക്ഷപാതിയായിരുന്നുവെന്ന ആക്ഷേപം മുമ്പുതന്നെ അദ്ദേഹം നിഷേധിച്ചിട്ടുള്ളതാണ്. സിദാനോടും ഫ്രഞ്ച് ടീമിനോട് മൊത്തത്തിലും ഇറ്റലിയിലെ പ്രബലമായ ഒരു വിഭാഗം തീവ്രമായ വംശീയവാശിയോടെയാണ് പെരുമാറിയിട്ടുള്ളത് എന്നതും വാസ്തവമാണ്. നീഗ്രോകളുടെയും കമ്യൂണിസ്റ്റുകളുടെയും മുസ്ളീംങ്ങളുടെയും സംഘമായ ഫ്രഞ്ച് ടീമിനെ പരാജയപ്പെടുത്തി ഇറ്റലിയുടെ ഗാംഭീര്യം പ്രഘോഷിക്കുക എന്ന് ഫാസിസ്റ് പാര്‍ടി നേതാവ് പ്രകോപനപരമാം വണ്ണം ആഹ്വാനം ചെയ്യുകയുണ്ടായി. ഫ്രഞ്ച് വംശജന്‍ ആയതില്‍ അഭിമാനിക്കുക എന്ന ആഹ്വാനത്തോടെ ഫ്രാന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് നാഷനല്‍ എന്ന വലതുപക്ഷ പാര്‍ടിയുടെ നേതാവ് ഴാങ് മേരി ലീ പെന്‍ ആയിടക്ക് നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ രണ്ടാമതെത്തുകയുണ്ടായി. സിദാനെപ്പോലെ അള്‍ജീരിയന്‍ വംശജനായ ഒരു മുസ്ളിം ഫ്രാന്‍സിന്റ പ്രതീകം ആയിത്തീരുന്നതില്‍ കടുത്ത അസഹിഷ്ണുതയാണ് ലീ പെന്‍ പ്രകടിപ്പിക്കുന്നത്. എന്നാല്‍ ലീ പെന്നിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ ഫ്രഞ്ച് പ്രസിഡണ്ട് ഴാക് ഷിറാക് പൂച്ചെണ്ടുകളും ആലിംഗനങ്ങളും കൊണ്ടാണ് സിദാനെ സ്വീകരിച്ചത്. ഹൃദയവും ലക്ഷ്യബോധവുമുള്ള ഒരു മഹാനാണ് സിദാന്‍ എന്ന് ഷിറാക് പ്രശംസിക്കുകയുമുണ്ടായി. ലോകത്ത് ഇന്നു നിലനില്‍ക്കുന്ന അമേരിക്കന്‍/സിയോണിസ്റ്/ഫാസിസ്റ് അധിനിവേശ മനോഭാവത്തിന്റെ പീഡിതശരീരമായാണ് സിദാന്‍ പ്രതീകവല്‍ക്കരിക്കപ്പെടുന്നത്. സിദാനെ തെറി പറഞ്ഞതിലും ആ തെറിയുടെ ഭാഷാഘടനയിലും അശ്ളീലധ്വനികളിലും ആഹ്ളാദിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നു ഈ അധീശത്വത്തിന്റെ സാമാന്യബോധം എന്നു സാരം. സിദാന്‍ അപമാനിതനായി പുറത്താക്കപ്പെട്ടപ്പോള്‍ മുസ്ളിമും നീഗ്രോയും കമ്യൂണിസ്റ്റുമൊക്കെ അത്തരത്തിലേ പ്രതികരിക്കൂ, അതാണവന്റെ ജന്മസിദ്ധമായ വിധി എന്നു വ്യാഖ്യാനിക്കുകയും ചെയ്തു.

Friday, June 18, 2010

പ്രണയത്തിന്റെയും ഒറ്റപ്പെടലിന്റെയും സിനിമ
ഒറ്റപ്പെടലിന്റെ ധ്യാനാത്മകതയില്‍ നിന്ന് പ്രണയത്തിലേക്കും അവിഹിതമായ ആസക്തിയിലേക്കും സഞ്ചരിക്കുന്ന ആണ്‍ കഥാപാത്രത്തെ സ്‌പാനിഷ് ചലച്ചിത്രകാരനായ പെദ്രോ അല്‍മൊദോവാറിന്റെ ടോക്ക് ടു ഹെര്‍(അവളോട് സംസാരിക്കൂ-2002) എന്ന സിനിമയിലേതു പോലെ എവിടെയും ഒരു പക്ഷെ നിങ്ങള്‍ക്ക് കണ്ടു മുട്ടാനാവില്ല. രാഷ്‌ട്ര നിര്‍മ്മിതികളും സദാചാര മഹാഖ്യാനങ്ങളും കടുത്ത തോതില്‍ വിലക്കിയിട്ടുള്ള നിരോധനമരുപ്പച്ചകളിലേക്കാണ് അല്‍മൊദോവാര്‍ മിക്കപ്പോഴും തന്റെ ആഖ്യാന/ഇതിവൃത്ത സാഹസികതകളെ കൊണ്ടു ചെന്നെത്തിക്കാറുള്ളത്.

രണ്ടു പ്രധാന പുരുഷ കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. എഴുത്തുകാരനായ മാര്‍ക്കോയും(ദാരിയോ ഗ്രാന്റിനെറ്റി)യും നഴ്‌സായ ബെനിഞ്ഞോയും(ഴാവിയര്‍ കമാര)യും. അടുത്തടുത്ത ഇരിപ്പിടങ്ങളിലിരുന്ന് ബാലെ കാണുന്നതിനിടയില്‍ മാര്‍ക്കോ കരയുകയായിരുന്നു; അയാള്‍ ബെനിഞ്ഞോയെ കണ്ടതേയില്ല. എന്നാല്‍, ബെനിഞ്ഞോ എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മാര്‍ക്കോയുടെ കാമുകി ലിദിയ(റൊസാരിയോ ഫ്ളോറസ്) ബോധം നശിച്ച അവസ്ഥ(കോമ)യില്‍ ചികിത്സയില്‍ കിടക്കുന്ന ആശുപത്രിയിലാണ് ബെനിഞ്ഞോ ജോലി ചെയ്യുന്നത്. അവിടെ വെച്ച് അവര്‍ വീണ്ടും കണ്ടുമുട്ടുന്നു. തിയറ്ററില്‍ വെച്ച് കണ്ടതും മാര്‍ക്കോ കരഞ്ഞതും ബെനിഞ്ഞോ കൃത്യമായി ഓര്‍മ്മിച്ചെടുക്കുന്നു. അവര്‍ തമ്മിലുള്ള സൌഹൃദം സുദൃഢമാകുന്നു. കാളപ്പോരുകാരിയായിരുന്ന ലിദിയ പോരിനിടെ കാളയുടെ കുത്തേറ്റാണ് കോമയിലാകുന്നത്.

തന്റെ അപ്പാര്‍ടുമെന്റിന്റെ തൊട്ടു താഴെയുള്ള നൃത്ത വിദ്യാലയത്തില്‍ അഭ്യസിക്കുന്ന ആലീസിയ(ലിയോണോര്‍ വാട്‌ലിംഗ്) എന്ന അതി സുന്ദരിയായ യുവതിയെ ബെനിഞ്ഞോ ബാല്‍ക്കണിയിലിരുന്ന് ഒളിഞ്ഞു നോക്കാറുണ്ടായിരുന്നു. സിനിമ എന്നതു തന്നെ ഒളിഞ്ഞുനോട്ടത്തിന്റെ ആഖ്യാനമാണല്ലോ! ഒരു വാഹനാപകടത്തില്‍ പെട്ട് കോമയിലാകുന്ന ആലീസിയ അവന്റെ ആശുപത്രിയില്‍ തന്നെ അഡ്‌മിറ്റ് ചെയ്യപ്പെടുന്നു. അവളുടെ ശുശ്രൂഷകനായി അവന്‍ നിയമിക്കപ്പെടുന്നു. തന്റെ പറയാതെ പോയ പ്രണയം, പ്രകടിപ്പിക്കാതെ പോയ ആസക്തി അവനെ വേട്ടയാടുന്നു. പൊതുവെ ഏകാന്തനും നാണം കുണുങ്ങിയുമായ ബെനിഞ്ഞോ ബോധം നശിച്ചു കിടക്കുന്ന ആലീസിയയുമായി സംഭാഷണത്തിലേര്‍പ്പെടുന്നു. ഒരു തരം ഭാവവികാരപ്രകടനങ്ങളും അവളുടെ മുഖത്ത് കാണാന്‍ നമുക്കാകുന്നില്ല. എന്നാല്‍, ബെനിഞ്ഞോ തന്റെ സംഭാഷണങ്ങളെ ഏകമുഖവും വൃഥാവിലാകുന്നതുമായ പാഴ് വേലയായി കരുതുന്നുമില്ല. അവളുടെ അവസ്ഥയില്‍ ഗുണപരമായ ചില മാറ്റങ്ങളുണ്ടാകുന്നതായി അവന്‍ സ്വയം വിശ്വസിക്കുന്നുമുണ്ട്. അവന്‍ അവള്‍ക്കു വേണ്ടി പുറത്തു പോയി ബാലെകള്‍ കാണുകയും നിശ്ശബ്‌ദ സിനിമകള്‍ കാണുകയും അതിന്റെ കഥകള്‍ വിശദീകരിച്ചുകൊടുക്കുന്നുമുണ്ട്. ഇക്കൂട്ടത്തില്‍ സവിശേഷമായ ഒരു ബ്ളാക്ക് ആന്റ് വൈറ്റ് കോമഡി നമുക്കും കാണാനാകുന്നുണ്ട്. ഇത്, അല്‍മൊദോവാര്‍ ഈ സിനിമക്കുള്ളില്‍ സൃഷ്‌ടിച്ച പുതിയ ഒരു 'പഴയ' സിനിമയാണ്.

നാലു പേരുടെയും കഥകളില്‍ വ്യക്തികളുടെ ഉള്‍നിലകളും രഹസ്യങ്ങളും നിഗൂഢതകളും അനാവരണം ചെയ്യപ്പെടുന്നുണ്ട്. ലിദിയയുടെ പഴയ കാമുകന്‍ അവളുമായുള്ള ബന്ധം കാളപ്പോരിനിടയിലെ അപകടത്തിനും ഒരു മാസം മുമ്പ് പുന:സ്ഥാപിച്ചിരുന്നതായി മനസ്സിലാക്കുന്ന മാര്‍ക്കോ അവളെ തനിച്ചാക്കി ജോര്‍ദാനിലേക്ക് പോകുന്നു. വിശ്വാസ വഞ്ചനക്കു ശേഷം പ്രണയം എങ്ങിനെയാണ് തുടരാനാകുക? എന്നാല്‍ ബോധം നശിച്ച കാമുകിയുടെ വിശ്വാസ വഞ്ചനയെ ആ അവസ്ഥയില്‍ കാമുകന്‍ എങ്ങിനെയാണ് വിചാരണ ചെയ്യുകയും പരിഹരിക്കുകയും ചെയ്യുക? പഴയ കാമുകന് പ്രണയം തിരിച്ചു കിട്ടിയെങ്കില്‍ വെറുതെ കാണാനെത്തുന്നതല്ലാതെ, ബോധം നശിച്ച ലിദിയയെ അയാള്‍ ശുശ്രൂഷിക്കാത്തതെന്തുകൊണ്ട് ? അയാളുടെ പ്രണയം അവളുടെ ബോധത്തോടു കൂടിയ ശരീരത്തോട് മാത്രമായിരുന്നോ? ഇത്തരത്തില്‍ മനുഷ്യത്വത്തെയും മനുഷ്യബന്ധങ്ങളെയും പുനക്രമീകരിക്കുന്ന തരത്തിലുള്ള സങ്കീര്‍ണ പ്രഹേളികകളാണ് അല്‍മൊദോവാര്‍ അന്യഥാ ലളിതമായ ആഖ്യാനത്തിനുള്ളില്‍ നിറച്ചു വെച്ച് പ്രേക്ഷകരെ ആകുലരാക്കുന്നത്. പ്രഹേളികകളെ ബാക്കി നിര്‍ത്തി ലിദിയ അതിനിടെ മരിച്ചു പോകുകയും ചെയ്യുന്നു. അവളുടെ മേല്‍ ചൊരിയേണ്ടിയിരുന്ന സഹതാപവും അനുകമ്പയും സ്‌പര്‍ശനവും നിരസിച്ച കാമുകരിലാരാണ് അവളുടെ മരണത്തിനുത്തരവാദി?


ബെനിഞ്ഞോയുടെ ആലീസിയയോടുള്ള സംസാരവും ബന്ധവും ഇതിനിടെ 'അതിരു' കടന്നിരുന്നു. അവള്‍ ഗര്‍ഭിണിയാണെന്ന് ഡോൿടര്‍മാര്‍ മനസ്സിലാക്കുന്നു. കോമയിലുള്ള രോഗിയുമായി അവളുടെ സമ്മതമില്ലാതെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടത് ബലാത്സംഗക്കുറ്റമായതിനാല്‍ ബെനിഞ്ഞോ ജയിലിലടക്കപ്പെടുന്നു. പലതരം മരുന്നുകള്‍ അമിതമായി കഴിച്ച് കോമയിലായി ആലീസിയയുമായി ഒന്നു ചേരാനുള്ള അവന്റെ ശ്രമങ്ങള്‍ സ്വന്തം മരണത്തിലാണ് കലാശിക്കുന്നത്. ഇതിനിടെ പ്രസവത്തോടെ ആലീസിയയുടെ ബോധം പൂര്‍ണമായി തിരിച്ചുകിട്ടുന്നു. അവളെ ബലാത്സംഗം ചെയ്‌തതിന് ശിക്ഷിക്കപ്പെട്ട കുറ്റവാളിയായ ബെനിഞ്ഞോ തന്നെയാണ് അവളുടെ പുനര്‍ജന്മത്തിന് കാരണമായത് എന്ന മെഡിക്കോ-ലീഗല്‍ പ്രശ്‌നത്തെയാണ് നാഗരികതയുടെ നേര്‍ക്കുള്ള ചോദ്യചിഹ്നമായി അല്‍മൊദോവാര്‍ ഉയര്‍ത്തുന്നത്. ആലീസിയ കോമയില്‍ നിന്ന് വിമുക്തയായി എന്ന വിവരം, അഡ്വക്കറ്റ് തടഞ്ഞതിനാല്‍ മാര്‍ക്കോവിന് ബെനിഞ്ഞോയോട് പറയാനാവുന്നില്ല. അവനെങ്ങനെ പ്രതികരിക്കും, അക്രമാസക്തനായാലോ, എന്നൊക്കെ കരുതിയിട്ടാണ് അവനോടത് പറയേണ്ട എന്ന് തീരുമാനിക്കപ്പെടുന്നത്. പക്ഷെ, ഫലം തിരിച്ചായിരുന്നു. ഇനി, ബെനിഞ്ഞോ ഈ വിധത്തില്‍ മരിച്ചു പോയി എന്നത് ആലീസിയയോടും പറയാനാവാതെ മാര്‍ക്കോ കുഴയുന്നു. അവളുടെ നൃത്താധ്യാപിക അയാളോട് പറയുന്നതു പോലെ ഒന്നും അത്ര നിസ്സാരമോ ലളിതമോ അല്ല.

ആസക്തികളുടെയും മുറിവുകളുടെയും ഈ സിനിമ, പരസ്‌പര ബന്ധത്തിന്റെയും ബന്ധരാഹിത്യത്തിന്റേതുമാണ്. ആത്മഗതങ്ങള്‍ പോലും സംഭാഷണങ്ങളുടെ ധര്‍മം നിര്‍വഹിക്കുന്നു, പക്ഷെ പൂര്‍ണ സംഭാഷണങ്ങള്‍ വൃഥാവിലുമാകുന്നു. ഒറ്റപ്പെടലിനും രോഗത്തിനും മരണത്തിനും ഭ്രാന്തിനും എതിരായ ഒരായുധമായി ആഹ്ളാദത്തെ പുന:സ്ഥാപിക്കാനുള്ള അല്‍മൊദോവാറിന്റെ ആഹ്വാനം നമ്മെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടേയിരിക്കും.

Tuesday, June 8, 2010

ലോകം ഗാസയായി മാറുമ്പോള്‍
ലോകസമാധാനത്തിനും മാനവികതക്കും ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തപ്പെടുന്നത് ഇസ്രാഈലില്‍ നിന്നാണെന്ന് തെളിയിക്കുന്ന നടുക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. സയണിസ്റ്റ് ഭരണകൂട ഭീകരതയാല്‍ വളയപ്പെട്ട ഗാസ ചീന്തില്‍ പതിനഞ്ചു ലക്ഷം ജനങ്ങളാണ് അധിവസിക്കുന്നത്. അതില്‍ പത്തു ലക്ഷത്തോളം പേരും ഫലസ്തീനില്‍ നിന്ന് ഓടിപ്പോന്നവരാണ്. സുന്നി മുസ്ളിങ്ങളാണ് കൂടുതലും. അവര്‍ക്കു നേരെ എല്ലായ്പോഴും ബോംബുകള്‍ വര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു. അവര്‍ക്ക് വേണ്ടത്ര ഭക്ഷണമോ ശുദ്ധജലമോ ഔഷധങ്ങളോ ചികിത്സയോ വിദ്യാഭ്യാസമോ തൊഴിലോ വരുമാനമോ ലഭിക്കുന്നില്ല. ആധുനിക ലോകത്തിനു മുമ്പില്‍ ഏറ്റവും വലിയ ചോദ്യചിഹ്നമായി നിലക്കൊള്ളുന്ന ഒരു തുറന്ന ജയിലാണ് ഗാസ ചീന്ത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പരോക്ഷവും പ്രത്യക്ഷവുമായ സഹായത്തോടെ, ഫലസ്തീനിനെ സമ്മര്‍ദ്ദത്തിലും വരുതിയിലും യുദ്ധഭീഷണിയിലും കീഴ്പ്പെടുത്തി വെച്ചിരിക്കുന്ന ഇസ്രാഈലിന്റെ നടപടികള്‍ക്കെതിരെ ഫലപ്രദമായി ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് ഐക്യരാഷ്ട്ര സഭ പോലും. ഗാസയിലെ ജനങ്ങള്‍ക്ക് ഔഷധങ്ങളും ഭക്ഷണവും മറ്റ് അത്യാവശ്യ സഹായവസ്തുക്കളുമായി പോകുകയായിരുന്ന കപ്പല്‍ വ്യൂഹത്തെ(ഫ്ളോട്ടില) അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തികള്‍ക്കകത്തു വെച്ച് ഇസ്രാഈല്‍ നിഷ്ഠൂരമായി ആക്രമിക്കുകയും സമാധാന നോബല്‍ സമ്മാന ജേതാവ് മൈറീഡ് മഗ്യൂറെയടക്കമുള്ള സമാധാനപ്രവര്‍ത്തകരെ പരിക്കേല്‍പിക്കുകയും പത്തിലധികം പേരെ കൊന്നൊടുക്കുകയും ചെയ്തിരിക്കുന്നു. ആറു കപ്പലുകളിലായി 37 രാജ്യങ്ങളില്‍ നിന്നുള്ള 663 സമാധാന പ്രവര്‍ത്തകരാണ് പതിനായിരം ടണ്‍ സഹായവസ്തുക്കളുമായി ഗാസയിലേക്ക് പോയിക്കൊണ്ടിരുന്നത്. അഷ്ദോദ് തുറമുഖത്തെത്തി ഇസ്രാഈലിന്റെ കര്‍ശന പരിശോധനകള്‍ക്കു ശേഷം മാത്രമേ മുന്നോട്ടു പോകാവൂ എന്ന സയണിസ്റ്റ് ആജ്ഞ ലംഘിച്ചതിനെ തുടര്‍ന്നാണ് ചരിത്രത്തില്‍ തന്നെ കേട്ടു കേള്‍വിയില്ലാത്ത വിധത്തിലുള്ള അക്രമപ്രവൃത്തിയിലേക്ക് ഇസ്രാഈല്‍ സൈന്യം നീങ്ങിയത്.

ലോകരാജ്യങ്ങളില്‍ ഭൂരിഭാഗവും ഈ നിഷ്ഠൂരതയെ അപലപിച്ചും പ്രതിഷേധിച്ചും രംഗത്തു വന്നപ്പോള്‍ അമേരിക്കന്‍ ഐക്യ നാടുകള്‍ രണ്ടു ദിവസത്തോളം മൌനം പാലിച്ചുകൊണ്ട് ഇസ്രാഈലിനെ പിന്തുണക്കുകയാണ് ചെയ്തത്. ബാരക്ക് ഹുസൈന്‍ ഒബാമ എന്ന ആഫ്രോ ഏഷ്യന്‍ വംശജനും അര്‍ദ്ധ മുസ്ളിമുമായ പ്രസിഡണ്ട് അവരോധിതനായതോടെ അമേരിക്കയുടെ സാമ്രാജ്യത്വ-അക്രമ മനോഭാവത്തില്‍ മാറ്റം വന്നേക്കുമെന്ന് കരുതിയിരുന്നവരെ ഇരുത്തി ചിന്തിപ്പിക്കുന്ന കാര്യമായി ഈ മൌനം അഥവാ സമ്മതം മാറുമോയെന്ന് കാത്തിരുന്നു കാണാം. ഒബാമ മുസ്ളിങ്ങളോട് സംസാരിക്കുന്നു എന്ന പേരില്‍ കയ്റോ മുതല്‍ തൃശ്ശൂര്‍ വരെ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നുകളില്‍ വിളമ്പിയ കോഴിക്കാലുകള്‍ കടിച്ചു വലിച്ചവര്‍ ഉപേക്ഷിച്ച എല്ലിന്‍ കഷണങ്ങളെങ്കിലും ഗാസയിലെ കുട്ടികള്‍ക്ക് എത്തിക്കാന്‍ ഒബാമ നോക്കികള്‍ തയ്യാറാകുമോ എന്നാണ് മനുഷ്യസ്നേഹികള്‍ക്ക് ചോദിക്കാനുള്ളത്. ഇന്ത്യന്‍ മനോഭാവവും നിരാശാജനകമായിരുന്നു. സമയബദ്ധവും നിഷ്പക്ഷവും ആധികാരികവും സുതാര്യവുമായ ഒരന്വേഷണം അതും അന്താരാഷ്ട്ര നിലവാരത്തിലുള്ളത് നടത്തി കുറ്റക്കാരെ ഉചിതമായ വിധത്തില്‍ ശിക്ഷിക്കണമെന്നാണ് ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൌണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യു എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ ഈ മനുഷ്യവിരുദ്ധ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചിട്ടുണ്ട്.


2006ലെ തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം ഹമാസാണ് ഗാസയിലെ ഭരണം നടത്തി വരുന്നത്. ഹമാസിനോട് പ്രഖ്യാപിത യുദ്ധത്തിലാണ് തങ്ങള്‍ എന്നാണ് ഇസ്രാഈല്‍ പറയുന്നത്. അവരുടെ സഖ്യ ശക്തിയായ ഈജിപ്ത് ഗാസയുമായുള്ള അതിര്‍ത്തിയില്‍ ഉരുക്കു കൊണ്ടുള്ള കൂറ്റന്‍ മതില്‍ കെട്ടി വരുകയാണ്. ഇപ്പോഴുണ്ടായ ആക്രമണത്തെ ഈജിപ്തും നാസ സഖ്യത്തിലെ ഏക മുസ്ളിം രാജ്യമായ തുര്‍ക്കിയും ശക്തമായ ഭാഷയിലാണ് അപലപിച്ചിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. ഇറ്റലിയും നിക്കരാഗ്വയും അയര്‍ലണ്ടും ഉള്‍പ്പെടെ വലുതും ചെറുതുമായ ലോകരാജ്യങ്ങള്‍ ഇസ്രാഈലിനെ അപലപിക്കാന്‍ മുന്നിട്ടിറങ്ങി എന്നത് നിസ്സാര കാര്യമല്ല. പതിനെട്ടു മാസങ്ങള്‍ക്കു മുമ്പ്, ഗാസയിലെ ജനങ്ങള്‍ക്കു മേല്‍ ഇസ്രാഈല്‍ നടത്തിയ കുടിലമായ ആക്രമണത്തില്‍ 1400 പേരാണ് മരിച്ചുവീണത്(ഓപ്പറേഷന്‍ കാസ്റ്റ് ലീഡ്). അന്ന് ആഗോള തലത്തില്‍ തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും ഫലസ്തീനിനോട് ഐക്യദാര്‍ഢ്യം വിപുലപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രചാരണങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. എന്നാല്‍, ലോകരാജ്യങ്ങളിലെ ഭരണാധികാരികളും സര്‍ക്കാരുകളും ഔദ്യോഗിക കാര്യങ്ങളുമായി ഫലത്തില്‍ നിശ്ശബ്ദത പുലര്‍ത്തിപ്പോരുകയായിരുന്നു ഇത്ര നാളും. അതിലൊരു മാറ്റം, മെഡിറ്ററേനിയനിലെ ആക്രമണത്തെ തുടര്‍ന്നുണ്ടായിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ സംഗതി. ഇസ്രാഈല്‍ വര്‍ഷിച്ച വെള്ള ഫോസ്ഫറസ് ഫലസ്തീനിലെ കുഞ്ഞുങ്ങളുടെ തൊലികള്‍ പൊള്ളിച്ചുകൊണ്ടേ ഇരുന്നപ്പോള്‍, യൂറോപ്യന്‍ യൂണിയനിലെ പല ഭരണാധികാരികളും ജെറുസലേം സന്ദര്‍ശിച്ച് ഇസ്രാഈലിന്റെ ഔദ്യോഗിക വിരുന്നുണ്ണുകയായിരുന്നു. ഇപ്പോള്‍, യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കു നേരെ വരെ വെടിയുതിര്‍ക്കാന്‍ സയണിസ്റ് വേട്ടപ്പട്ടി(അതോ പേപ്പട്ടിയോ?) സന്നദ്ധമായിരിക്കുന്നു. ഇനിയും, സ്വരക്ഷക്കായുള്ള വെടിയും വേട്ടയും ഭ്രാന്തുമായി, ഇസ്രാഈല്‍ അധിനിവേശങ്ങളെ ന്യായീകരിക്കാന്‍ യൂറോപ്പിനും ലോകരാജ്യങ്ങള്‍ക്കും സാധ്യമാവുമോ? കാസ്റ്റ് ലീഡിനു ശേഷം ഇത്രയും നാള്‍ ഒരൊറ്റ രാജ്യവും ചികിത്സാ സഹായങ്ങള്‍ ഗാസയിലെത്തിച്ചിരുന്നില്ല എന്നോര്‍ക്കുക.

ലോക മാനവരാശി ഇപ്പോഴെന്താണ് ചെയ്യേണ്ടത് എന്നതിന് മെയ് 31 ആക്രമണത്തിനിടയില്‍, മാവി മാര്‍മര എന്ന തുര്‍ക്കി കപ്പലില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട പ്രസിദ്ധ സ്വീഡിഷ് എഴുത്തുകാരനായ ഹെന്നിംഗ് മാങ്കെല്‍ പറഞ്ഞതു തന്നെയാണ് ഉത്തരം. ദക്ഷിണാഫ്രിക്കയിലെ വര്‍ണ വെറിയന്‍ ഭരണകൂടത്തിനെതിരെ നാം പ്രയോഗിച്ച അതേ തന്ത്രങ്ങള്‍ ഇസ്രാഈലിനെതിരെയും നടത്തണം. ഉപരോധങ്ങളല്ലാതെ മറ്റൊരു പോംവഴിയുമില്ല. ഫ്രീഡം ഫ്ളോട്ടില അത്തരം മാനുഷികൈക്യത്തിന്റെ ഉത്തമ നിദര്‍ശനമായിരുന്നു. നമ്മുടെ കാലത്ത് ജീവിച്ചിരിക്കുന്ന നിസ്സഹായരായ മനുഷ്യരെ ക്രൂരതക്കും ഒറ്റപ്പെടുത്തലിനും സര്‍ക്കാരുകളുടെ സ്വാര്‍ത്ഥതകള്‍ക്കും വിധേയമാക്കി ഇല്ലാതാക്കുന്ന മനോഭാവത്തോടുള്ള അഹിംസയിലധിഷ്ഠിതമായ ഉജ്വലമായ ചെറുത്തുനില്‍പായിരുന്നു ആ കപ്പല്‍ വ്യൂഹം. വെറുതെയല്ല, ഇസ്രാഈലിനെ അത് വല്ലാതെ പ്രകോപിപ്പിച്ചത്. ഗാസയിലെ നിസ്സഹായരായ പതിനഞ്ചു ലക്ഷം ജനങ്ങളെ തുറന്ന ജയിലിലിട്ട് വംശഹത്യയിലേക്ക് നയിച്ചിരുന്ന ഇസ്രാഈല്‍, ഇപ്പോള്‍ വിവിധ ഭൂഖണ്ഡങ്ങളിലെ മുപ്പതിലധികം രാജ്യങ്ങളിലെ നൂറു കണക്കിന് മനുഷ്യാവകാശപ്രവര്‍ത്തകരെയാണ് ആക്രമിച്ചിരിക്കുന്നത്. അതായത്, സയണിസ്റ് ഭരണകൂട ഭീകരര്‍ ലോകത്തെ തന്നെയാണ് ആക്രമിച്ചിരിക്കുന്നത്. അതുകൊണ്ടാണ്, അലി അബുനിമാഹിനെപ്പോലുള്ള നിരീക്ഷകര്‍, ഈ ദിവസം ലോകം ഗാസയായി മാറി എന്നു വ്യാഖ്യാനിച്ചത്.

ഇസ്രാഈലിനും അവരെ സംരക്ഷിക്കുകയും പോറ്റി വളര്‍ത്തുകയും ചെയ്യുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിനുമെതിരായ വിപുലമായ ജനകീയ ഐക്യമുന്നണി ലോകവ്യാപകമായി കെട്ടിപ്പടുക്കുക എന്നതാണ് അടിയന്തിരമായി നിര്‍വഹിക്കേണ്ട കര്‍ത്തവ്യം. ദിവസേന ഏഴു ദശലക്ഷം ഡോളര്‍ വിലക്കുള്ള ആയുധക്കൂമ്പാരങ്ങളാണ് അമേരിക്ക ഇസ്രാഈലിന് കൊടുത്തുകൊണ്ടിരിക്കുന്നത്. 118 അംഗരാഷ്ട്രങ്ങളുള്ള ചേരി ചേരാ പ്രസ്ഥാനം, 56 അംഗങ്ങളുള്ള ഇസ്ളാമിക് കോണ്‍ഫറന്‍സ് സംഘടന, 22 രാജ്യങ്ങളുള്ള അറബ് ലീഗ്, എന്നീ രാഷ്ട്ര മുന്നണികളെ നോക്കുകുത്തികളാക്കിക്കൊണ്ട് അമേരിക്കയും ഇസ്രാഈലും ലോകത്തെ തങ്ങളുടെ തോക്കിന്‍ മുനയില്‍ പേടിപ്പിച്ചു നിര്‍ത്തിയിരിക്കുന്നു എന്നതാണ് വാസ്തവം.

ജൂണ്‍ ഒന്നാം തീയതി ഉഗാണ്ടയിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി റിവ്യൂ സമ്മേളന വേദിയില്‍ ഒത്തു ചേര്‍ന്ന മുപ്പതോളം എന്‍ ജി ഒ കള്‍ സംയുക്തമായി അന്താരാഷ്ട്ര സമൂഹത്തിനു മുമ്പില്‍ വെച്ചിരിക്കുന്ന അടിയന്തിരാവശ്യങ്ങള്‍ നടപ്പിലാക്കാന്‍ സമരങ്ങളും സമ്മര്‍ദ്ദങ്ങളും ഐക്യദാര്‍ഢ്യങ്ങളും ഇടവേളകളില്ലാതെ നടത്തുക എന്നതു മാത്രമാണ് നമുക്കു മുമ്പിലുമുള്ള പോംവഴി. അവരുടെ സംയുക്ത പ്രസ്താവനയിലെ പ്രധാന നിര്‍ദേശങ്ങളിവയാണ്: നിയമവിരുദ്ധമായി അടച്ചിട്ട ഗാസ ചീന്ത് തുറന്നിടുകയും ലോകവുമായുള്ള ബന്ധം പുനസ്ഥാപിക്കുകയും ചെയ്യുക; അധിനിവേശ ഫലസ്തീന്‍ പ്രവിശ്യകളിലെ പരിതസ്ഥിതികളെക്കുറിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടര്‍ വിശദമായ പരിശോധന നടത്തുക; ഇസ്രാഈല്‍ നടത്തുന്ന രാജ്യത്തിനകത്തും പുറത്തുമുള്ള തുടര്‍ച്ചയായ ക്രിമിനല്‍ നിയമലംഘനങ്ങള്‍ എന്തുകൊണ്ട് ശിക്ഷിക്കപ്പെടാതെ പോകുന്നു എന്ന പ്രശ്നം ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൌണ്‍സിലിനു മുമ്പാകെ സെക്രട്ടറി ജനറല്‍ തന്നെ വിശദീകരിക്കുകയും ആഗോള നിയമങ്ങള്‍ പരിപാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യുക; ഇതു പ്രകാരം യു എന്‍ സുരക്ഷാ കൌണ്‍സില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക്(ഐ സി സി) കേസ് റഫര്‍ ചെയ്യുക; ഇതിനെ തുടര്‍ന്ന് ഐ സി സിയിലെ അംഗരാഷ്ട്രങ്ങള്‍ നയതന്ത്രപരവും നിയമനിര്‍വഹണപരവുമായ നീക്കങ്ങളിലൂടെ അധിനിവേശ ഫലസ്തീന്‍ പ്രവിശ്യകളില്‍ നിയമവും നീതിയും മനുഷ്യാവകാശങ്ങളും നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുക; മനുഷ്യാവകാശങ്ങള്‍ക്കായുള്ള യു എന്‍ ഹൈക്കമ്മീഷണര്‍ ഗാസ ചീന്തില്‍ അടിയന്തിര സന്ദര്‍ശനം നടത്തുക; അന്താരാഷ്ട്ര നീതി നിര്‍വഹണ/അന്വേഷണ സംവിധാനങ്ങളോട് ഇസ്രാഈല്‍ പരിപൂര്‍ണമായി സഹകരിക്കേണ്ടതാണ്.


ഈ ആവശ്യങ്ങള്‍ അസാധ്യവും പരുക്കനുമായി തോന്നിപ്പിക്കാമെങ്കിലും അവക്കു വേണ്ടി പൊരുതിയില്ലെങ്കില്‍ ഫലസ്തീനിലെ കുട്ടികളും സ്ത്രീകളും രോഗികളും വൃദ്ധരുമടക്കമുള്ള മുഴുവന്‍ ജനങ്ങളുടെയും കുരുതിയുടെ മുകളില്‍ കെട്ടിപ്പടുക്കപ്പെട്ട ഒന്നായിരിക്കും ലോകത്തിന്റെ വര്‍ത്തമാനവും ഭാവിയും എന്നതുറപ്പാണ്.


*

Monday, June 7, 2010

പര്‍ദ ധരിച്ച പുരുഷന്മാര്‍
ഇസ്ളാം എന്ന സംഘടിത മതം കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക-വ്യക്തി ജീവിതങ്ങളുടെ സ്വതന്ത്രമായ ഒഴുക്കിന് എത്രമാത്രം ഭീഷണിയാണ് സൃഷ്ടിക്കുന്നത് എന്ന് ആഖ്യാനം ചെയ്യുന്നതിനു വേണ്ടിയാണ് കുറച്ചു ചിരിയും കുറെ ചിന്തയും എന്ന വിശേഷണത്തോടെ സത്യന്‍ അന്തിക്കാട് കഥ തുടരുന്നു എന്ന പേരില്‍ തന്റെ അമ്പതാമത് സിനിമ പുറത്തിറക്കിയിരിക്കുന്നത്. കീ ബോര്‍ഡിസ്റായ ഷാനവാസ് അഹമ്മദും (ആസിഫ് അലി) മെഡിക്കല്‍ വിദ്യാര്‍ഥിനിയായ വിദ്യാലക്ഷ്മി നമ്പ്യാരും (മംമ്ത മോഹന്‍ദാസ്) പ്രണയവിവാഹം ചെയ്ത് ഒളിച്ചോടുന്നുണ്ടെങ്കിലും രണ്ടു പേരുടെയും വീട്ടുകാര്‍ പിടികൂടുന്നു (വിശ്വാസം അതല്ലേ എല്ലാം!). ലവ് ജിഹാദ് എന്നിതിനെ കളിയാക്കി ആരൊക്കെയോ പറയുന്നുണ്ട്. അതൊരു തമാശയായിട്ടാണവതരിപ്പിക്കുന്നതെന്ന് തോന്നിപ്പിക്കുന്നുവെങ്കിലും അത്തരമൊരു ദുരാരോപണത്തിന്റെ ചരിത്ര സന്ദര്‍ഭത്തെ പ്രശ്നവത്ക്കരിക്കാന്‍ രാഷ്ട്രീയ-സാമൂഹ്യ സന്ദര്‍ഭങ്ങളുടെ വിരോധിയായ (പോളണ്ടിലെന്തു സംഭവിച്ചുവെന്ന് മാത്രം ചോദിക്കരുത് - സന്ദേശം), ക്യൂബയുടെ പ്രസിഡന്റാരാണെന്നല്ല; ഒരു കിലോ അരിക്കെന്താണ് വില എന്നാണ് അന്വേഷിക്കേണ്ടത്(വിനോദയാത്ര), രാഷ്ട്രീയ പാര്‍ടികളുടെ ജാഥകളില്‍ പങ്കെടുക്കുന്നത് കൂലി മേടിച്ച് തരാതരംപോലെ കൂറുമാറുന്നവരാണ്(കഥ തുടരുന്നു)) സത്യന്‍ അന്തിക്കാട് പതിവുപോലെ തയ്യാറാകുന്നില്ല. ഷാനവാസ് നല്‍കുന്ന ഹേബിയസ് കോര്‍പ്പസ് ഹരജിയെതുടര്‍ന്ന് വിദ്യാലക്ഷ്മി കോടതിയില്‍ ഹാജരായി തനിക്ക് അദ്ദേഹത്തോടൊപ്പം പോകാനാണ് ഇഷ്ടം എന്നു തുറന്നു പറയുന്നതോടെയാണ് പ്രണയം സാക്ഷാത്കൃതമാകുന്നത്. തങ്ങളെ അനുസരിച്ചാല്‍ മതി, വിവാഹബന്ധത്തില്‍നിന്ന് പിന്മാറണം എന്ന രണ്ടു പേരുടെയും വീട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അവരത് അവഗണിച്ചു. സുഖമായും മാന്യമായും ജീവിക്കുകയും ലയ എന്ന മകളെ പ്രസവിച്ച് വളര്‍ത്തുകയും ചെയ്യുന്നതിനിടയിലാണ് ക്വട്ടേഷന്‍ സംഘം ആളു മാറി ഷാനവാസിനെ കൊല്ലുന്നത്.

അനാഥയും ദരിദ്രയുമാകുന്ന വിദ്യ യാദൃച്ഛികമായി കണ്ടുമുട്ടുന്ന പ്രേ(ജയറാം)മുമായി പരിചയത്തിലാകുകയും അയാള്‍, ദരിദ്രര്‍ തിങ്ങിത്താമസിക്കുന്ന തന്റെ കോളനിയില്‍ അവളെ സുരക്ഷിതമായി പാര്‍പ്പിക്കുകയും ചെയ്യുന്നു. അവിടെ വെച്ചാണ് അവള്‍ പ്രണയത്തിനുവേണ്ടി മെഡിക്കല്‍ വിദ്യാഭ്യാസം വഴിക്കുവെച്ച് നിര്‍ത്തിയവളാണെന്ന് എല്ലാവരും അറിയുന്നത്. അവര്‍ അവരുടെ തുഛമായ വരുമാനത്തില്‍നിന്ന് മിച്ചംപിടിക്കുന്ന പണംകൊണ്ട് അവളുടെ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നു. ഹൌസ് സര്‍ജന്‍സിക്കിടയില്‍വച്ച്, മരിച്ച ഷാനവാസിന്റെ ഉമ്മ അവരെ കണ്ടുമുട്ടുന്നു. സാധാരണ രീതിയില്‍ ഇത്തരമൊരു കഥാസന്ദര്‍ഭത്തില്‍ പ്രണയ വിരോധികളായിരുന്ന കുടുംബം/കുടുംബങ്ങള്‍ മക്കളെയും പേരമക്കളെയും സ്വീകരിക്കുന്ന ശുഭകഥാന്ത്യത്തിലേക്ക് വളരലാണ് മലയാള സിനിമയുടെ പതിവ്. എന്നാലതിവിടെ സാധ്യമല്ല, കാരണം കുട്ടിയുടെ പിതാവിന്റെ 'മുസ്ളിം കുടുംബ'മാണ് കുട്ടിയെ സംരക്ഷിക്കാനായി രംഗത്തുവരുന്നത് എന്നതുതന്നെ. മുസ്ളിം കുടുംബം കുട്ടിയെ ഏറ്റെടുക്കുന്നു എന്നതിന്റെ അര്‍ഥം തങ്ങളുടെ മതത്തിന്റെ അംഗസംഖ്യ കൂട്ടാനുള്ള എളുപ്പവഴി എന്നു മാത്രം വായിച്ചെടുക്കാന്‍ തക്കവണ്ണം 'മതനിരപേക്ഷ' ബോധമുള്ളവരാണ് പൊതുമലയാളി എന്ന് സത്യന്‍ അന്തിക്കാട് തിരിച്ചറിഞ്ഞിരിക്കുന്നു.

ഏതൊക്കെ തരത്തിലുള്ള നന്മയുടെ ഘടകങ്ങളെയാണ് മുസ്ളിം സമുദായം എന്ന കേരളത്തിലെ അന്യര്‍ പരാജയപ്പെടുത്താനും വിഴുങ്ങാനുമായി തയ്യാറായിരിക്കുന്നതെന്ന് നോക്കുക. ഭര്‍ത്താവിന്റെ അകാലികവും ദാരുണവുമായ മരണത്തിനുശേഷം ഒറ്റക്ക് ആരെയും കൂസാതെ ജീവിക്കാന്‍ തീരുമാനിച്ച നായികയുടെ സ്ത്രീശാക്തീകരണത്തെ മുസ്ളിം സമുദായം അതിനനുവദിക്കാതെ നശിപ്പിക്കുന്നു. പര്‍ദയില്‍ തങ്ങളുടെ സമുദായത്തിനകത്തുള്ള സ്ത്രീകളെ ഒതുക്കിയിടുകയും പാര്‍ലമെന്റില്‍ വനിതാബില്‍ പാസാക്കുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്ന മുസ്ളിം സമുദായം സ്ത്രീവിരുദ്ധമാണെന്ന് ആര്യാടന്‍ ഷൌക്കത്തിനെ പിന്തുടര്‍ന്നുകൊണ്ട് ആഖ്യാനം ചെയ്യുകയാണ് സത്യന്‍ അന്തിക്കാട്. അവളെ ഏറ്റെടുത്ത ദരിദ്രരുടെ കോളനിയില്‍ പേരിനുപോലും ഒരു മുസ്ളിം സമുദായക്കാരന്‍ ഇല്ല. അവിടെയുള്ള അമുസ്ളിം ദരിദ്രരില്‍ ചിലരെങ്കിലും ഒരു പക്ഷേ മലപ്പുറത്തു നടക്കുന്ന വര്‍ഗീയ ലഹളകളില്‍ പരിക്കു പറ്റുന്ന 'നിഷ്കളങ്കരാ'യ പൊലീസുകാരും അവരുടെ കുടുംബങ്ങളും ആയിക്കൂടെന്നുമില്ല(സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വിനോദയാത്ര എന്ന സിനിമയിലെ മുരളി അച്ഛനും മീരാ ജാസ്മിന്‍ മകളുമായുള്ള കുടുംബമെന്നതു പോലെ). ആദ്യ ഭര്‍ത്താവ് മരിക്കുകയും ആ ബന്ധത്തിലുണ്ടായ കുട്ടിയെ വളര്‍ത്താനുണ്ടാവുകയും ചെയ്യുമ്പോള്‍ വിധവകള്‍ പുനര്‍വിവാഹം ചെയ്യുന്നത്, മലയാള സിനിമ സാധാരണ രീതിയില്‍ അനുവദിക്കാറില്ല. കഥ തുടരുന്നുവിലും ആ മഹാ നിയമം ലംഘിക്കാന്‍ സംവിധായകന്‍ തയ്യാറാവുന്നില്ല. എന്നാലും, പ്രേമിന് അത്തരത്തിലൊരു മോഹം നല്‍കിക്കൊണ്ടാണ് വിദ്യാലക്ഷ്മി ഗള്‍ഫിലേക്ക് പോകുന്നത് എന്നത് ശ്രദ്ധേയമാണ്. അതായത് മലയാള സിനിമയുടെ വിധവാവിവാഹ നിരോധനം എന്ന മഹാഖ്യാനത്തെ അതിലംഘിക്കാന്‍ വരെ തുനിയുന്ന വിധത്തില്‍ പുരോഗമനപരമായ ഒരു പരിപ്രേക്ഷ്യമാണ് സത്യന്‍ അന്തിക്കാടിന് ഉള്ളത് എന്നതും, ആ 'പുരോഗമനപരത'യുടെ പര്യായമായിട്ടുതന്നെയാണ് പിന്തിരിപ്പന്മാരും അക്രമികളുമായ മുസ്ളിം സമുദായം അപഹസിക്കപ്പെടുന്നതെന്നതും കൂട്ടിവായിക്കേണ്ടതാണ്.

ദരിദ്രരുടെ കോളനിയിലെ ഐക്യബോധവും സദാചാരനിഷ്കര്‍ഷയും അസൂയാവഹവും മാതൃകാപരവുമാണ്. ദരിദ്രര്‍ അത്തരത്തില്‍ ധാര്‍മിക സദാചാരത്തിന്റെയും സത്യസന്ധതയുടെയും കാവലാളായിരിക്കുന്നതിന്റെ ഇതിവൃത്താഖ്യാനങ്ങള്‍ മുമ്പും മലയാള സിനിമയില്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍, ഇവിടെ സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്ന മുസ്ളിം സമുദായാംഗം(ഷാനവാസിന്റെ ജ്യേഷ്ഠ സഹോദരനായ മാര്‍ബിള്‍ വ്യാപാരി) ആര്‍ദ്രതയില്ലാതെ നിരന്തരം പെരുമാറുന്നതും അയാളുടെ തിട്ടൂരങ്ങള്‍ തന്നെ, ആര്‍ദ്രത പുറമേക്ക് പ്രകടിപ്പിക്കുന്നവരെങ്കിലും സമുദായ പ്രചാരകര്‍ തന്നെയായ മുസ്ളിം സ്ത്രീകളും പിന്തുടരുന്നതും വിശദമാക്കപ്പെടുന്നതിനോട് താരതമ്യം ചെയ്തുകൊണ്ടാണ് കോളനിക്കാരുടെ മനോഭാവങ്ങള്‍ മഹത്വവത്ക്കരിക്കുന്നത്. ഇപ്പോള്‍ ഞാന്‍ മയത്തില്‍ പറയുകയാണ്, നീ കുട്ടിയെ വിട്ടുതരുന്നതാണ് നല്ലത്, പിന്നെ സമുദായം ഇടപെടും, കുണ്ടാമണ്ടിയാവും എന്ന് ജ്യേഷ്ഠഭാര്യ പറയുന്നത് നോക്കുക. അനാഥത്വംകൊണ്ടും ദാരിദ്യ്രംകൊണ്ടും ഒറ്റപ്പെട്ടവരായിട്ടും ഇടിഞ്ഞുപൊളിഞ്ഞ കോളനിയില്‍ പരിമിത സൌകര്യങ്ങളോടെ - കുടിവെള്ളം വല്ലപ്പോഴും ടാങ്കറില്‍, മേല്‍ക്കൂരയില്ലാത്ത കക്കൂസും കുളിമുറിയും, കൊതുകുകടി - ജീവിക്കുന്നവരായിട്ടും അവര്‍ പൊതുവെ പങ്കിടുന്ന വികാരങ്ങള്‍ മുസ്ളിം സമുദായത്തില്‍ പെട്ടവര്‍ക്ക് ഉള്‍ക്കൊള്ളാനാകില്ല എന്ന ധ്വനിയാണ് ചിത്രം ജനിപ്പിക്കുന്നത്.

തങ്ങളുടെ സമുദായത്തില്‍പെട്ട പുരുഷന്റെ ബീജത്തില്‍ നിന്നുണ്ടായ കുഞ്ഞായതിനാല്‍ ലയയെ തങ്ങള്‍ ഏറ്റെടുക്കുമെന്ന് മാര്‍ബിള്‍ വ്യാപാരിയായ ജ്യേഷ്ഠനടക്കം സമുദായ-കുടുംബ പ്രതിനിധികള്‍ ഒന്നാകെ ഭീഷണി മുഴക്കുന്നതിലൂടെ നായികയുടെ ഉറക്കവും സ്വൈരവും നഷ്ടമാകുന്നു. ഉറക്കത്തില്‍ അവള്‍ കണ്ട് ഞെട്ടിയെഴുന്നേല്‍ക്കുന്ന ദുസ്വപ്നം ഇപ്രകാരമായിരുന്നു. പര്‍ദയാണെന്നു തോന്നിപ്പിക്കുന്ന കറുത്ത ളോഹയണിഞ്ഞ് മുഖം മൂടിയും ആ മുഖംമൂടി തലക്കു മുകളിലേക്ക് പാറിപ്പറന്നും കുഞ്ഞിനെ ഓടിച്ചിട്ട് പിടിക്കുന്ന കുറെ മുസ്ളിം പുരുഷ'ഭീകര'ന്മാരെയാണ് അവളുടെ സ്വപ്നം ആഖ്യാനം ചെയ്യുന്നത്. ബുര്‍ഖ ധരിച്ച പുരുഷന്‍ വിമാനം റാഞ്ചാന്‍ സാധ്യതയുണ്ടെന്ന് 'കണ്ടെത്തി' അയാളെയും സഹയാത്രികനെയും പുണെ-ദില്ലി-കൊല്‍ക്കത്ത വിമാനത്തില്‍നിന്ന് പിടികൂടി എന്ന വാര്‍ത്ത ഇക്കഴിഞ്ഞ ദിവസമാണ് നാം വായിച്ചത്(മെയ് 5, 2010, കൊല്‍ക്കത്ത). പര്‍ദ ധരിച്ചത് പുരുഷയാത്രക്കാരനാണെന്ന് കണ്ടതോടെ പറന്നുയര്‍ന്ന സ്പൈസ് ജെറ്റ് വിമാനം കൊല്‍ക്കത്ത എയര്‍ പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. അവരെ സി ഐ എസ് എഫിന് കൈമാറി. കൂടുതല്‍ വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നു എന്നാണ് റിപ്പോര്‍ട് അവസാനിപ്പിക്കുന്നതെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ പതിവുപോലെ ഈ വാര്‍ത്തയുടെ തുടര്‍ച്ചകളൊന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സാരി ധരിച്ച്, അല്ലെങ്കില്‍ ചുരിദാര്‍ ധരിച്ച് ഒരു പുരുഷന്‍ നിന്നാലും അയാളെ അറസ്റുചെയ്യാന്‍ വകുപ്പില്ലെന്നിരിക്കെ, പര്‍ദ ധരിച്ചത് പുരുഷനാണെങ്കില്‍തന്നെ അയാളെ ഏതു വകുപ്പോ വകുപ്പുപിരിവോ ഉപയോഗിച്ചാണ് അറസ്റ് ചെയ്യുക എന്നറിയില്ല. പുരുഷന്റെയും സ്ത്രീയുടെയും ഡ്രസ്സ് കോഡ് ഇന്ത്യന്‍ ഭരണഘടനയിലോ ഇന്ത്യന്‍ ശിക്ഷാനിയമത്തിലോ (ഐ പി സി) വ്യവസ്ഥ ചെയ്തിട്ടുണ്ടോ എന്നും നിശ്ചയമില്ല. കളമശേരി ബസ് കത്തിക്കല്‍ എന്ന കേരളം കണ്ട 'ഏറ്റവും വലിയ' ഭീകരാക്രമണത്തിലെ പ്രതി സൂഫിയാ മഅ്ദനിയെ ബുര്‍ഖ ധരിച്ച നിലയിലായിരുന്നു അറസ്റ് ചെയ്തത്. ആ ദിവസങ്ങളില്‍ ടെലിവിഷന്‍ ചാനലുകാര്‍ക്കും പത്രക്കാര്‍ക്കും ചാകരയായിരുന്നു. എറണാകുളം സബ് ജയിലിനകത്ത് റിമാന്‍ഡില്‍ പാര്‍പ്പിക്കപ്പെട്ട സൂഫിയ ജയിലിന്റെ മതിലിനകത്ത് പ്രവേശിച്ചതിനു ശേഷമുള്ള ദൃശ്യങ്ങള്‍ അടുത്ത കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ കയറി നിന്നായിരുന്നു ചില ചാനലുകള്‍ ഉദ്വേഗപൂര്‍വം ചിത്രീകരിച്ചിരുന്നത്. പര്‍ദ എന്നത് ഭീകരര്‍ക്ക് ഒളിച്ചിരിക്കാനുള്ള ഒരു വേഷമാണെന്ന ധാരണ പൊതുബോധത്തിനകത്തേക്ക് നിര്‍മിച്ച് കയറ്റിവിടാന്‍ ഈ ദൃശ്യങ്ങള്‍ വ്യാപകമായും തുടര്‍ച്ചയായും ഉപയോഗപ്പെടുത്തപ്പെട്ടു. അതിന്റെ പശ്ചാത്തലത്തിലായിരിക്കണം, കഥ തുടരുന്നുവിലെ പേടിസ്വപ്നത്തെ ഇപ്രകാരം കാലികമായി വിഭാവനം ചെയ്തിരിക്കുന്നത്.


മുസ്ളിം പള്ളിയും പള്ളിപ്പറമ്പില്‍ മൃതദേഹം മറവുചെയ്യാനുള്ള സ്ഥലവും പര്‍ദയെന്നതുപോലെ ഭീകരമായി അനുഭവിപ്പിക്കാനുള്ള പരിശ്രമംകൊണ്ടും 'കഥ തുടരുക'യാണ് മലയാള സിനിമ. ക്വട്ടേഷന്‍ ഗുണ്ടകള്‍ ആളുമാറി വെട്ടിക്കൊലപ്പെടുത്തിയ ഷാനവാസിന്റെ മൃതദേഹം ആശുപത്രിയില്‍നിന്ന് മാര്‍ബിള്‍ വ്യാപാരിയും ധനികനും അതുകൊണ്ടുതന്നെ ചീത്തയാളുമായ ജ്യേഷ്ഠന്റെ നേതൃത്വത്തില്‍ മുസ്ളിം സമുദായം കൈവശപ്പെടുത്തുന്നു. തുര്‍ക്കിത്തൊപ്പി, വട്ടത്താടി തുടങ്ങിയ മലയാള സിനിമക്ക് പ്രിയങ്കരങ്ങളായ ടിപ്പിക്കല്‍ മുസ്ളിം വേഷങ്ങളണിഞ്ഞ നിരവധി പേര്‍ ചേര്‍ന്ന് ശവപ്പെട്ടി തോളത്തേന്തി പള്ളിപ്പറമ്പിലേക്ക് നടക്കുന്ന ദൃശ്യം സൂക്ഷ്മമായി ശ്രദ്ധിക്കുക. ക്യാമറ, ഈ യാത്ര മുകളില്‍ നിന്നാണ് ചിത്രീകരിക്കുന്നത്. മലയാള സിനിമകളില്‍ പതിവായ ടിപ്പിക്കല്‍ വേഷങ്ങളണിഞ്ഞ മുസ്ളിം സമുദായാംഗങ്ങളെ പരിഹാസ്യരായി തോന്നിപ്പിക്കുന്നതിന് ഈ മുകളില്‍നിന്നുള്ള ആംഗിള്‍ പ്രേരകമാകുന്നു. വലിയ പച്ചത്തുണികൊണ്ട് പുതച്ച മൃതദേഹ പേടകം പര്‍ദയെന്നതുപോലെ ഭീകരാശയങ്ങള്‍ക്ക് ഒളിച്ചിരിക്കാനുള്ള ഒന്നായി പരിണമിക്കുന്നു. പുറകില്‍ നിന്നുയരുന്നത് അല്ലാഹു അക്ബര്‍ എന്ന ഉച്ചത്തിലുള്ള മന്ത്രധ്വനികളാണ്. ഇതും പൊതുബോധത്തെ പേടിപ്പിക്കുന്നതിനാണ് ഉപയുക്തമാകുന്നത്. ആ ദൃശ്യത്തിലേക്കാണ്, ഷാനുവിനെ ഒരു നോക്കു കാണാനനുവദിക്കൂ എന്ന രോദനത്തോടെ വിദ്യ ഓടിയെത്തുന്നത്. അവളുടെ അഭ്യര്‍ഥന നിഷ്ക്കരുണം തള്ളിക്കളഞ്ഞുകൊണ്ട് പേടകവാഹകര്‍ നടന്നുനീങ്ങുന്നു. മുമ്പും, തങ്ങള്‍ക്കിഷ്ടമില്ലാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തതിനു ശേഷം മരിച്ചുപോയ മകന്റെ മൃതദേഹം അവള്‍ക്കു കാണാനനുവാദമില്ലാതെ (മകള്‍ മരിക്കുമ്പോള്‍ ഭര്‍ത്താവ്/കാമുകനെ കാണാനനുവദിക്കാതെയും) കാര്‍ക്കശ്യം പ്രകടിപ്പിക്കുന്ന മാതാപിതാക്കളെ മലയാള സിനിമയില്‍ നാം കണ്ടുമുട്ടിയിട്ടുണ്ട്. എന്നാല്‍, ഇവിടെ കഥ വ്യത്യസ്തമാണ്. അത്തരത്തിലുള്ള പരമ്പരാഗത പ്രണയവിരോധികള്‍ മുസ്ളിങ്ങള്‍ കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണാതീതമാകുന്നു എന്നാണ് ചിത്രം ധ്വനിപ്പിക്കുന്നതും വ്യാഖ്യാനിക്കുന്നതും.

മുന്‍ സിനിമകളില്‍ നാം കണ്ടതോ കണ്ടു മടുത്തതോ ആയ കഥാ സന്ദര്‍ഭങ്ങള്‍പോലും ഇത്തരത്തില്‍ പൊതുസമാധാനത്തിനുമേല്‍ മുസ്ളിം ആക്രമണം എന്ന മഹാഖ്യാനത്തിലേക്ക് പരിണമിപ്പിക്കുമ്പോള്‍ പുതുമയുള്ളതാവുന്നു എന്നാണ് സംവിധായകന്റെ നാട്യം. നായികയെ പഠനത്തിന് സഹായിക്കുന്ന ഓട്ടോറിക്ഷക്കാരനായ പ്രേമിന്റെ കഥാപാത്രത്തിന് ഓടയില്‍ നിന്നിലെ പപ്പുവിന്റെ ഗതിയാണുണ്ടാവുക എന്ന് മറ്റൊരു ഡ്രൈവര്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. കൈയില്‍ ചരടും നെറ്റിയില്‍ കുറിയും കൈനോട്ടവും നാഡീജ്യോതിഷവും പക്ഷിയുടെ ഫലം പറച്ചിലും എല്ലാമായി കുശാലായ ഈ ഹിന്ദു(പൊതുമലയാളി) കഥാപാത്രത്തിന് അത്തരമൊരു ദുര്‍ഗതി വരുത്തില്ല എന്ന് സംവിധായകന്‍ ഉറപ്പുനല്‍കുന്ന ശുഭാന്ത്യമാണ് കഥ തുടരുന്നു എന്നെഴുതിക്കാണിച്ച് നമ്മെ സന്തോഷിപ്പിക്കുന്നത്. മലയാള സിനിമയുടെ മറ്റൊരു റഫറന്‍സും ഈ ചിത്രത്തിലുണ്ട്. ആളൊന്നുക്ക് 250 രൂപയും ഒരു ബിരിയാണിയും ഒരു കുപ്പി മിനറല്‍ വാട്ടറും നല്‍കി രാഷ്ട്രീയ-സാമുദായിക സംഘടനകളുടെ പ്രകടനങ്ങള്‍ക്ക് ആളെക്കൂട്ടുന്ന മാമുക്കോയയുടെ കഥാപാത്രം, ബോറടിച്ചിരിക്കുന്ന പ്രകടനത്തൊഴിലാളികള്‍ക്കു മുമ്പില്‍ വെക്കുന്ന വാഗ്ദാനം നോക്കുക. രണ്ടര മണിക്കൂര്‍ എസിയിലിരിക്കാം, ഇന്റര്‍വെല്ലിന് ഒരു ചായയും സമൂസയും, ഹോള്‍ഡ് ഓവറാവാനിരിക്കുന്ന പുതിയ മലയാള റിലീസ് സിനിമയുടെ ഫസ്റ്റ് ഷോ കാണുക എന്ന സാഹസം മാത്രം ചെയ്താല്‍ മതി. എന്നാല്‍ 250 രൂപയും ബിരിയാണിയും മിനറല്‍ വാട്ടറുമില്ലെങ്കില്‍ തങ്ങളില്ല എന്ന് തൊഴിലാളികള്‍ പറയുന്നതോടെ, എങ്കില്‍ മലയാള സിനിമയുടെ ഗതി അധോഗതി തന്നെ എന്ന് മാമുക്കോയ വ്യാകുലപ്പെടുന്നു. ആവര്‍ത്തിക്കപ്പെടുന്ന ഇതിവൃത്ത/ആഖ്യാനങ്ങളിലൂടെ തകര്‍ന്നുപോകുന്ന മലയാള സിനിമയുടെ ഒരു റിക്കവറി കൂടിയാണ് താന്‍ നടത്തുന്നത് എന്നാണ് ഈ കഥാവളവിലൂടെ സംവിധായകന്‍ മേനിനടിക്കുന്നത്.

കേരളീയ മുസ്ളിം ജീവിതത്തിന്റെയും സമൂഹത്തിന്റെയും ചരിത്ര-വര്‍ത്തമാനങ്ങളെക്കുറിച്ച് നിശ്ചയമില്ലാതിരിക്കുകയും തെറ്റിദ്ധാരണകള്‍ വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന പൊതുബോധ മലയാളിയുടെ പാകപ്പെട്ട പ്രതിനിധിയായിട്ടാണ് സത്യന്‍ അന്തിക്കാട് വര്‍ഷത്തിലൊന്നെന്ന വണ്ണം സിനിമകള്‍ സങ്കല്‍പിച്ചും വിഭാവനം ചെയ്തും നിര്‍വഹിച്ചും മലയാളിയെ രസിപ്പിച്ചുപോരുന്നത്. മുസ്ളിമിനെ കോമാളിയാക്കിക്കൊണ്ടും, എതിര്‍ത്തുകൊണ്ടും പൈശാചികവത്ക്കരിക്കുക എന്ന അധിനിവേശ തന്ത്രത്തിന്റെ നിദര്‍ശനമാണ് ഈ പ്രതിനിധാനങ്ങള്‍ എന്നതുറപ്പ്. കഥകള്‍ വംശഹത്യയിലേക്ക് നീളുന്നമഹാ വര്‍ത്തമാനമായി കേരളം മാറുകയും ചെയ്തേക്കാം.

Wednesday, June 2, 2010

കണ്ണടച്ചാലും മാഞ്ഞുപോകാത്ത ഇമേജുകള്‍
ആഗോളവത്ക്കരണ കാലത്തെ മനുഷ്യരുടെ വിശപ്പിന്റെയും പട്ടിണിയുടെയും വ്യാപ്തി വിശദീകരിക്കാന്‍ വെറും ആറ് മിനുട്ടും ഒമ്പത് സെക്കന്റും മാത്രം ദൈര്‍ഘ്യമുള്ള ഒരു സിനിമയിലൂടെ ഫെര്‍ദിനാണ്ട് ദിമാദുറക്ക് (Ferdinand Dimadura ) സാധ്യമായിരിക്കുന്നു. അദ്ദേഹം സംവിധാനം ചെയ്ത ചിക്കന്‍ അ ല കാര്‍ട്ടെ 2005ലാണ് നിര്‍മ്മിച്ചത്. ഭക്ഷണം, രുചി, വിശപ്പ് എന്നീ പ്രമേയങ്ങള്‍ അടിസ്ഥാനമാക്കി, അമ്പത്തിയാറാമത് ബെര്‍ലിന്‍ ചലച്ചിത്രമേളയുടെ ഉപവിഭാഗമായ ബെര്‍ലിനാല്‍ ടാലന്റ് കാമ്പസില്‍ നടന്ന മത്സരവിഭാഗത്തിലൂടെയാണ് ഈ സിനിമ ലോകശ്രദ്ധ പിടിച്ചു പറ്റിയത്. കുറഞ്ഞ സമയം മാത്രമേ ദൈര്‍ഘ്യമുള്ളൂ എന്നതിനാല്‍, യു ട്യൂബിലും മറ്റ് സൈറ്റുകളിലുമായി അപ്ലോഡ് ചെയ്യപ്പെട്ട ചിക്കന്‍ അ ല കാര്‍ട്ടെ ലക്ഷക്കണക്കിന് പ്രേക്ഷകര്‍ ഇതിനകം കണ്ടു കഴിഞ്ഞു. ആഗോളവത്ക്കരണത്തിന്റെ തന്നെ മാറ്റപ്പേരായി പരിഗണിക്കപ്പെടുന്ന സൈബര്‍ലോകത്തെ ചലച്ചിത്രാഭിരുചിയെയും നിര്‍ണായകമായി സ്വാധീനിക്കുന്നതിലൂടെ പുതിയ കാലത്തിന്റെ സൂക്ഷ്മ വൈരുദ്ധ്യപ്രകടനങ്ങളിലൊന്നായും ഈ ചിത്രത്തെ വിലയിരുത്താം. ഇതിനകം വന്‍ പ്രചാരം നേടിക്കഴിഞ്ഞിട്ടുള്ള ഓണ്‍ലൈന്‍ ഫിലിം ഫെസ്റിവല്‍ സൈറ്റുകളിലും ചിക്കന്‍ അ ല കാര്‍ട്ടെ മികച്ച രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. കള്‍ച്ചര്‍ അണ്‍പ്ളഗ്ഗ്ഡ് പോലുള്ള ഓണ്‍ലൈന്‍ മേളകളില്‍ ഈ ചിത്രം മെച്ചപ്പെട്ട റേറ്റിംഗ് നേടിയിട്ടുണ്ട്. ഓണ്‍ലൈന്‍ മേളകളെ തുടര്‍ന്ന് ഓണ്‍ലൈന്‍ സിനിമാത്തെക്കുകളും രൂപപ്പെട്ടിട്ടുണ്ട്. ഓത്തിയേഴ്സ് പോലുള്ള സിനിമാത്തെക്കുകളും മേളകളും ചേര്‍ന്ന്, ഗൌരവമനസ്കര്‍ക്കും വിമോചന-പ്രതിരോധ പ്രവര്‍ത്തകര്‍ക്കും സൈബര്‍ ലോകം ഗുണപരമായി പ്രയോജനപ്പെടുത്താനുള്ള കൂടുതല്‍ വഴികള്‍ തുറന്നിരിക്കുകയാണ്.

ചൂടോടെ മേശയിലെത്തുമ്പോള്‍ നാം വാരിവിഴുങ്ങുകയും മൊത്തിക്കുടിക്കുകയും ബാക്കി അലക്ഷ്യമായി വലിച്ചെറിഞ്ഞ് കൈ കഴുകി ഉല്ലസിക്കുകയും ചെയ്യുമ്പോള്‍; ഭക്ഷണം എന്ന നിത്യയാഥാര്‍ത്ഥ്യത്തെ നാം കണ്ടിട്ടും കാണാതെ പോകുകയാണെന്നതാണ് ഈ ചിത്രം നമ്മെ പ്രാഥമികമായി ഓര്‍മ്മപ്പെടുത്തുന്നത്. ഈ ഓര്‍മ്മപ്പെടുത്തല്‍ എളുപ്പത്തില്‍ മായാത്തതും നീറുന്നതുമായ ഒരനുഭവമായി സാക്ഷാത്ക്കരിക്കാന്‍ സംവിധായകന് നിഷ്പ്രയാസം സാധ്യമായിരിക്കുന്നു. നമ്മുടെ കുട്ടികളോട് നാം ഭക്ഷണത്തെ പ്രത്യേക ശ്രദ്ധയോടെ പരിഗണിക്കണമെന്നും ഭക്ഷണം എത്തിച്ചു തരുന്ന ജഗന്നിയന്താവിനോട് നന്ദിയുണ്ടായിരിക്കണമെന്നും ഓര്‍മ്മിപ്പിക്കാറുണ്ടെങ്കിലും അതൊരു അനുഷ്ഠാനം എന്ന നിലക്ക് ആവര്‍ത്തിക്കുന്നു എന്നതിനപ്പുറം നാം തന്നെ ഗൌരവത്തിലെടുക്കാറില്ല. ഭക്ഷണം പാഴാക്കി കളയരുതെന്ന് പഴഞ്ചന്‍ മട്ടില്‍ ഉപദേശിക്കുമ്പോള്‍; നമുക്ക് മുന്നില്‍ വിളമ്പി വെച്ചിരിക്കുന്ന ഭക്ഷണം പൂര്‍ണമായി അകത്താക്കി എന്നതുകൊണ്ട് ലോകത്ത് പട്ടിണി കിടക്കുന്ന കോടിക്കണക്കിന് ദരിദ്രര്‍ക്ക് എന്തു മെച്ചം എന്ന മറുചോദ്യവുമുയര്‍ന്നേക്കാം.

ബെര്‍ലിന്‍ ചലച്ചിത്രമേള 1951ലാരംഭിച്ചെങ്കിലും ടാലന്റ് കാമ്പസ് തുടങ്ങിയത് 2003ല്‍ മാത്രമാണ്. മേളസ്ഥലത്തു തന്നെ നടക്കുന്ന ഈ ക്യാമ്പ് ഉയര്‍ന്നു പൊന്തി വരുന്ന പുതിയ തലമുറ ചലച്ചിത്രകാരന്മാര്‍ക്ക് ഉത്തേജനവും ഉന്മേഷവും പകരുന്നതിനായി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളതാണ്. വിം വെന്റേഴ്സും റാവുള്‍ പെക്കും വാള്‍ട്ടര്‍ സാലസും അടക്കം നമ്മുടെ കാലത്ത് സജീവരായിരിക്കുന്ന അനവധി പ്രശസ്ത ചലച്ചിത്രകാരന്മാര്‍ ടാലന്റ് കാമ്പസില്‍ ക്ളാസെടുക്കുകയോ പഠിതാക്കളുമായി ഇടപഴകുകയോ ചെയ്യാറുണ്ട്. സാധാരണ ഗതിയില്‍ മുന്നൂറ്റമ്പത് പേരെയാണ് കാമ്പസില്‍ ഉള്‍പ്പെടുത്താറുള്ളത്. 2006 ഫെബ്രുവരിയില്‍ നടന്ന ബെര്‍ലിന്‍ മേളയുടെ ഭാഗമായുള്ള കാമ്പസിലേക്ക് ഏകദേശം 3600 അപേക്ഷകള്‍ ലഭിക്കുകയുണ്ടായി. ഇതില്‍ നിന്ന് തെരഞ്ഞെടുത്ത 32 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുടെ വോട്ട് നേടിയെടുത്ത ചിക്കന്‍ അ ല കാര്‍ട്ടെ ചുരുങ്ങിയ നിമിഷങ്ങള്‍ കൊണ്ടു തന്നെ ദൃശ്യ യാഥാര്‍ത്ഥ്യത്തിന്റെ അസാമാന്യമായ സംവേദനാത്മകത വെളിപ്പെടുത്താനാകുമെന്ന ചലച്ചിത്രയാഥാര്‍ത്ഥ്യമായി ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നു.

കെ എഫ് സി(കെന്റക്കി ഫ്രൈഡ് ചിക്കന്‍)യുടെയും മക് ഡൊണാള്‍ഡ്സിന്റെയും ജോളീ ബിയുടെയും ചൌക്കിംഗിന്റെയും പോലുള്ള വന്‍കിട ചിക്കന്‍ ഫാസ്റ് ഫുഡ് ജോയിന്റ് ശൃംഖലകളുടെ ബില്‍ബോര്‍ഡുകള്‍ തെളിയുകയും മിന്നിമറയുകയും ചെയ്യുന്ന നഗരവീഥികളുടെ സന്ധ്യാ ദൃശ്യങ്ങളോടെയാണ് ചിക്കന്‍ അ ല കാര്‍ട്ടെ ആരംഭിക്കുന്നത്. ചിക്കന്‍ വിഭവങ്ങളെക്കുറിച്ചുള്ള ഒരു പരസ്യ ചിത്രത്തിനും, ആഗോളവത്ക്കരണത്തെക്കുറിച്ച് കൂലിയെഴുത്തുകാരെക്കൊണ്ടെഴുതിച്ച് പത്രസ്ഥലം നിറക്കുന്ന സാംസ്ക്കാരിക നായകരുടെ വിവരണാത്മക ഡോക്കുമെന്ററിക്കും യോജിച്ച വിധത്തിലുള്ള ഈ തുടക്കം ആരിലും ഒരമ്പരപ്പും ഉണ്ടാക്കുന്നില്ല. തുടര്‍ന്നുള്ള ഏതാനും ദൃശ്യങ്ങളും ഇവ്വിധത്തില്‍ സാധാരണം എന്നു പറയാവുന്നതു തന്നെയാണ്. രണ്ടു കൌമാരപ്രായക്കാരികള്‍ ഇത്തരമൊരു ഹൈടെക്ക് ചിക്കന്‍ ഫാസ്റ് ഫുഡ് ജോയന്റില്‍ ഉല്ലാസത്തോടെ കയറുന്നു. മെനു നോക്കി രുചിയോടെ വെള്ളമിറക്കുന്നു. ഓര്‍ഡര്‍ ചെയ്യുന്നു. അടുക്കളയിലേക്ക് ഓര്‍ഡര്‍ പാസ് ചെയ്യുന്നു. ലിഫ്റ്റ് വഴി ചിക്കന്‍ പ്ളേറ്റ് എത്തുന്നു. ചിരിച്ചുല്ലസിച്ച് കഴിച്ച് ബാക്കി കുറെ പ്ളേറ്റില്‍ തന്നെ വെച്ച് പുറത്തു പോവുന്നു.

ഇനിയാണ് ഞെട്ടിക്കുന്ന രംഗങ്ങള്‍. ചവിട്ടു സൈക്കിള്‍ വണ്ടിയില്‍ ഒരു വീപ്പയുമായി ഭക്ഷണാവശിഷ്ടങ്ങള്‍ ശേഖരിക്കുന്നയാള്‍ എത്തുന്നു. ആളുകള്‍ കഴിച്ച് ഉപേക്ഷിച്ച ചിക്കന്‍ വിഭവ അവശിഷ്ടങ്ങളില്‍ നിന്ന് അയാള്‍ (അയാളെപ്പോലെ നിരവധിയാളുകള്‍)തെരഞ്ഞെടുപ്പ് നടത്തുന്നു. ഇറച്ചി മുഴുവനും അകത്താക്കി ബാക്കിയാക്കിയ എല്ലുകള്‍ പ്രത്യേകം, കുറച്ചും ധാരാളവും ഇറച്ചി ഉള്ളത് ശ്രദ്ധയോടെ വേറെ ബാഗില്‍. ചേരി പ്രദേശത്തേക്ക് അയാളുടെ വണ്ടി എത്തുമ്പോള്‍ കുട്ടികള്‍ ഓടിക്കൂടുന്നു. നായകള്‍ക്ക് എല്ലുകള്‍ എറിഞ്ഞുകൊടുത്ത് കുട്ടികള്‍ക്ക് മറ്റ് കഷണങ്ങള്‍ വിതരണം ചെയ്യുന്നു. ആര്‍ത്തിയോടെയും സമൃദ്ധമായ നിറവോടെയും അവര്‍ സസന്തോഷം ആ ഭക്ഷണം അകത്താക്കുന്ന ദൃശ്യങ്ങള്‍ ഏതാനും മിനുറ്റുകള്‍ മാത്രമേ നീണ്ടു നില്‍ക്കുന്നുള്ളൂവെങ്കിലും മണിക്കൂറുകള്‍, ദിവസങ്ങള്‍ കഴിഞ്ഞാലും നമ്മുടെ ദൃശ്യപഥത്തില്‍ നിന്ന് മാഞ്ഞു പോകുകയേയില്ല.

ഞാനവരുടെ കഥ പറയട്ടെ, ആര്‍ക്കും കേള്‍ക്കേണ്ടാത്ത കഥ, എങ്ങനെയാണ് ചിലരുടെ ചിരികള്‍ എന്നെ കരച്ചിലിന്റെ വക്കത്തെത്തിച്ചത് ! നിങ്ങളിതൊന്നുമറിയാന്‍ പോവുന്നില്ല, കാരണം നിങ്ങളവിടെ പോയിട്ടില്ലല്ലോ! ഇതു കാണൂ, ഇതു കാണൂ. എന്നിട്ട് കണ്ണടച്ചോളൂ. ഞാനവരുടെ കഥ പറയട്ടെ, നിങ്ങളിത് സത്യമാണെന്ന് വിശ്വസിച്ചു കൊള്ളണമെന്നില്ല. എനിക്കിത് മറക്കാനാവുന്നില്ല, അതുകൊണ്ടാണ് നിങ്ങളോടിത് ഞാന്‍ പങ്കു വെക്കുന്നത്. എല്ലാ അറിവുകളില്‍ നിന്നുമായി ഇത്രയും നാള്‍ കൊണ്ട് എന്താണ് നാം പഠിച്ചെടുത്തത്? ഞാനെന്റെ കണ്ണുകള്‍ മൂടി, പക്ഷെ ഇമേജുകള്‍ മാഞ്ഞുപോകുന്നതേ ഇല്ല. പിന്നെ അവരുടെ കഥകള്‍ വീണ്ടുമാരംഭിക്കുകയായി. ദൃശ്യങ്ങള്‍ക്ക് പശ്ചാത്തലമായി സംവിധായകനായ ഫെര്‍ദിനാണ്ട് ദിമാദുറ തന്നെ എഴുതി കമ്പോസ് ചെയ്ത് പാടിയ പാട്ടിന്റെ വരികളേതാണ്ട് മുകളില്‍ പറഞ്ഞ വിധത്തില്‍ പരിഭാഷപ്പെടുത്താം.

എന്തിന് പരിഭാഷപ്പെടുത്തണം? ആറു മിനിട്ടിനകത്തെ രണ്ടോ മൂന്നോ മിനുട്ടുകള്‍ മാത്രമുള്ള, ദരിദ്രരുടെ 'ഭക്ഷണാവശിഷ്ട ഭക്ഷണം' എന്ന ഇമേജ് ആറു വര്‍ഷം കഴിഞ്ഞാലും നമ്മുടെ ബോധമണ്ഡലത്തില്‍ നിന്ന് മാഞ്ഞുപോകുകയേയില്ല. അവശിഷ്ടം ശേഖരിച്ചു കൊണ്ടുവരുന്നയാളുടെ വീട്ടില്‍, അത്താഴമായി കുടുംബമൊന്നിച്ചാണ് ഈ എച്ചില്‍ ഭക്ഷിക്കുന്നത്. അവിടെ പ്ളേറ്റുകള്‍ മേശമേല്‍ നിരത്തി, മെഴുകുതിരികള്‍ കത്തിച്ച് പ്രാര്‍ത്ഥന നടത്തി. എന്നും ഇതു പോലെ മഹത്തായ ഭക്ഷണം എത്തിച്ചു തരുന്ന കര്‍ത്താവിന് സ്തുതി. ലോകമെമ്പാടുമായി ദിവസേന ഇരുപത്തയ്യായിരത്തിലധികം ആളുകളാണ് പട്ടിണി കൊണ്ട് മരിക്കുന്നത് എന്ന ടൈറ്റിലോടെയാണ് സിനിമ സമാപിക്കുന്നത്. നമുക്കറിയാമെങ്കിലും അറിഞ്ഞുകൂടാ എന്ന് ധരിച്ചുകൊണ്ട് കോട്ടും പാപ്പാസുമണിഞ്ഞ് എ സി മുറിയില്‍ യാത്ര ചെയ്തും ജോലി ചെയ്തും ഉണ്ടുറങ്ങിയും നാളുകള്‍ കഴിയുമ്പോഴും സമൂഹത്തിന്റെ വലിയ പങ്ക് ജനങ്ങള്‍ ഇപ്രകാരം പട്ടിണിയിലും പട്ടിണിയേക്കാള്‍ കൂടിയ അഭിമാനക്ഷതജീവിതങ്ങളിലും കുടുങ്ങിക്കിടക്കുകയും തകര്‍ന്നില്ലാതാവുകയുമാണ്. ആ സമൂഹത്തെ നമുക്ക് മറന്നു കളയാനോ ഉപേക്ഷിക്കാനോ കഴിയുമെന്നാണ് സൌകര്യങ്ങളുള്ളവര്‍ എല്ലായ്പോഴും കരുതിപ്പോരുന്നത്. ആഗോളവത്ക്കരണം ഉണ്ടാക്കിയെടുത്തിട്ടുള്ള മായികക്കാഴ്ചകള്‍ കൊണ്ടും ലോകഗ്രാമ സങ്കല്‍പം കൊണ്ടും ഉത്തരാധുനികതയുടെ നഷ്ട മഹാഖ്യാനങ്ങള്‍ കൊണ്ടും മൂടാന്‍ ശ്രമിച്ചാലും സത്യം പുറത്തുവന്നു കൊണ്ടേയിരിക്കും എന്നതിന്റെ വിസ്മയകരമായ തെളിവാണ് ചിക്കന്‍ അ ല കാര്‍ട്ടെ.
യൂ ട്യൂബ് ലിങ്ക്