Monday, April 3, 2023

നൻ പകൽ ട്യൂട്ടോറിയൽ 5. വേളാങ്കണ്ണിയിൽ നിന്നുള്ള ടെമ്പോ ഇടയിൽ ഭക്ഷണം കഴിക്കാനും യാത്രക്കാർക്ക് പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനുമായി ഒഴിഞ്ഞ സ്ഥലത്തെ ഹോട്ടലിൽ നിർത്തി വീണ്ടും പുറപ്പെടുമ്പോൾ ചില നാടൻ പാട്ടുകളും മറ്റും പാടിക്കഴിഞ്ഞ്, ടെമ്പോയിലെ ടിവിയിൽ ഒരു മലയാള സിനിമ ഇടുന്നു. എസ്‌ എൻ സ്വാമി കഥയും തിരക്കഥയുമെഴുതി സിബി മലയിൽ സംവിധാനം ചെയ്ത പരമ്പര (1990) എന്ന വർണ്ണചിത്രമാണ് കളിക്കുന്നത്. എല്ലാവരും സാകൂതം ശ്രദ്ധിച്ച് സിനിമയിൽ ലയിച്ചിരിക്കുന്നതിനിടെ സിഡി (അല്ലെങ്കിൽ കാസറ്റ്) സ്റ്റക്കായി നിന്നു പോവുന്നു. യാത്രകളിൽ മാത്രമല്ല, അക്കാലത്ത് വീട്ടിലോ മറ്റിടങ്ങളിലോ സിനിമ കാണുമ്പോഴൊക്കെ ഈ പ്രശ്നം സാധാരണമായിരുന്നു. ഉപകരണങ്ങളുടെയും സിഡി/ഡിവിഡി/കാസറ്റ് എന്നിവയുടെയും നിലവാരക്കുറവ്, തുടർച്ചയായി ഉപയോഗിച്ചതിനാലുള്ള തകരാറുകൾ ഇതെല്ലാം ഈ തടസ്സങ്ങൾക്ക് കാരണമാകാറുണ്ട്. ദൂരദർശൻ സംപ്രേക്ഷണത്തിൽ പോലും തടസ്സം എന്നെഴുതിക്കാണിക്കാറുണ്ടായിരുന്നു. ഒരു സമൂഹത്തിന്റെ സാങ്കേതിക പരിമിതാവസ്ഥയുടെ ചരിത്രമാണിവിടെ തെളിഞ്ഞത്. ഇപ്പോൾ അത്തരം പ്രശ്നങ്ങൾ ഏറെക്കൂറെ പരിഹരിക്കപ്പെട്ടു. സിനിമകൾ ഇപ്പോൾ ശേഖരിക്കപ്പെടുന്നത് ക്ലൗഡുകളിലും ഓൺലൈൻ ആയും മറ്റുമാണ്. മറ്റൊരു പ്രധാന വസ്തുത, പരമ്പരയിലെ മുഖ്യ ആൺ കഥാപാത്രങ്ങളെ നൻ പകലിലെ മുഖ്യ അഭിനേതാവായ മമ്മൂട്ടി തന്നെയാണ് അവതരിപ്പിക്കുന്നത് എ‌ന്നതാണ്. ഇവിടെ സുന്ദരമായി മാറി വീണ്ടും ജെയിംസ് തന്നെ ആവുന്ന ജെയിംസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂട്ടിയുടെ ഇരട്ടകളാണ് പരമ്പരയിലെ അച്ഛനും മകനും. അധോലോക രാജാവായ ലോറൻസും മകൻ ജോണിയുമാണ് രണ്ടു മമ്മൂട്ടികൾ. മുപ്പത്തിരണ്ടു കൊല്ലം മുമ്പ് സൂപ്പർ സ്റ്റാറായി മലയാള സിനിമയെ നിയന്ത്രിച്ചിരുന്നവരിലൊരാളായിരുന്ന മമ്മൂട്ടി ഇപ്പോൾ മമ്മൂട്ടിക്കമ്പനി എന്ന പേരിൽ നിർമ്മാണ സംരംഭം തുടങ്ങി നിർമ്മിച്ച സിനിമയാണ് നൻ പകൽ നേരത്ത് മയക്കം. മലയാള സിനിമയിലെ പ്രമേയം, ആവിഷ്ക്കാരം, താരപരത, കാഴ്ചാസമ്പ്രദായങ്ങൾ, ആസ്വാദനം എന്നിവയുടെ ചരിത്രപരാമർശം എന്ന ഡോക്കുമെന്റിനൊപ്പം, അതിലെ ഭാവനാ സ്വാതന്ത്ര്യത്തെ പ്രയോജനപ്പെടുത്തുകയുമാണ് ലിജോ ജോസ് പെല്ലിശ്ശേരി. പരമ്പര സിനിമയുടെ ആദ്യഭാഗം മാത്രമേ യാത്രക്കാരായ കാണികൾ കാണുന്നുള്ളൂ. ഇക്കൂട്ടത്തിൽ മുമ്പിൽ തന്നെ ഇരിക്കുന്ന ജയിംസ് എന്ന മമ്മൂട്ടി അതിൽ വലിയ താല്പര്യം കാണിക്കുന്നില്ല. തമിഴ് പാട്ടുകൾ, തമിഴ് ഭക്ഷണം, എന്നിവയോടൊക്കെ വിപ്രതിപത്തിയുള്ള ജയിംസിന് പരമ്പര പോലുള്ള മുഖ്യധാരാ മലയാള സിനിമകളും ഇഷ്ടപ്പെടുന്നില്ല എന്നു വേണം മനസ്സിലാക്കാൻ. നാടക കലാകാരന്മാരും അവരുടെ കുടുംബാംഗങ്ങളുമാണ് യാത്രാസംഘം. കലാകാരന്മാരും രാഷ്ട്രീയക്കാരും അടങ്ങുന്ന സാമാന്യ ജനത പരമ്പര പോലുള്ള അധോലോക വാഴ്ത്തൽ വിമർശനവും കുടുംബമഹത്വവും കൊണ്ടാടുന്ന സിനിമകൾ പൊതുവേ ഇഷ്ടപ്പെട്ടിരുന്ന ദശകങ്ങൾ ആയിരുന്നു എൺപതുകളും തൊണ്ണൂറുകളും. ധ്രുവം പോലുള്ള ഫാസിസ്റ്റ് സിനിമകളും സിബിഐ ഡയറിക്കുറിപ്പ് പോലുള്ള ജാത്യഹങ്കാര സിനിമകളും എഴുതിയ തിരക്കഥാകൃത്താണ് പരമ്പരയും എഴുതിയിരിക്കുന്നത്. പരമ്പരയുടെ ഇരുപത്തൊന്ന്, ഇരുപത്തിരണ്ട്, ഇരുപത്തിമൂന്ന് മിനുറ്റുകളിലെ ദൃശ്യചലനങ്ങളും ശബ്ദസംഭാഷണങ്ങളുമാണ് നാം യാത്രക്കാരായ കാണികളോടൊപ്പം, അവർക്കു വേണ്ടി കാണുന്നത്. ലോറൻസ് എന്ന വൃദ്ധ മമ്മൂട്ടിയുടെ ബോംബേ ബംഗ്ലാവിൽ നീണ്ട പതിനേഴ് വർഷത്തിനു ശേഷം ജോണി എന്ന മകൻ മമ്മൂട്ടിയും അച്ഛനും അഭിമുഖം നിൽക്കുന്ന വൈകാരിക മുഹൂർത്തമാണീ ഇരുപത്തിരണ്ടാം മിനുറ്റ്. എന്റെ മകനെവിടെ? എന്നാണ് ജോണി ചോദിക്കുന്നത്. പതിനേഴ് വർഷം കഴിഞ്ഞ് നദി ന്റെ ഡാഡിയെ കാണുമ്പോൾ ഇതാണോ ചോദിക്കാനുള്ളത് എന്നാണ് ലോറൻസ് തിരിച്ചു ചോദിക്കുന്നത്. സസ്പെൻസും തിരിമറികളും നിറഞ്ഞ കഥാഖ്യാനത്തിന്റെ സുപ്രധാന മർമ്മമാണീ ഇരുപത്തിരണ്ടാം മിനുറ്റ്. രക്തബന്ധം ഒരാളുടെ കുടുംബ-സമൂഹ-ഗ്രാമ ജീവിതത്തെ നിർണയിക്കുകയും നിർവചിക്കുകയും തീരുമാനിക്കുകയും ചെയ്യേണ്ടതുണ്ടോ എന്ന വ്യക്തി സ്വാതന്ത്ര്യ പരമായ ചോദ്യം നൻ പകലിനു വേണ്ടി, പരമ്പരയെ മുൻ നിർത്തി ഇവിടെ ഉന്നയിക്കപ്പെടുന്നു. ജോണിയുടെ മകനെ സിനിമയുടെ തുടക്കത്തിൽ തന്നെ ആരോ തട്ടിക്കൊണ്ടു പോകുന്നു. സുമലത അവതരിപ്പിക്കുന്ന മീരയുടെ അച്ഛനായ മുൻ പൊലീസ് ആപ്പീസർ (എം എസ് തൃപ്പൂണിത്തുറ) തമിഴന്മാരായിരിക്കും കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പ്രാഥമികമായ നിഗമനത്തിലെത്തുന്നുണ്ട്. തമിഴ്നാട്ടുകാർ ആളുകളെ ഉപദ്രവിക്കുന്നവരാണെന്ന് നൻ പകലിലെ ബസ്സ് യാത്രക്കാരും പിന്നീട് പറയുന്നുണ്ട്. ഇതു കാണിക്കുന്നത് അവരിൽ ആ സംശയം ഉണ്ടാക്കുന്നതിൽ പരമ്പരയുടെ ആദ്യ ഇരുപത്തിരണ്ട് മിനുറ്റുകൾ പങ്കു വഹിച്ചിട്ടുണ്ടെന്നാണ്. ജനപ്രിയ സിനിമകൾ എങ്ങനെയാണ് പൊതുബോധത്തെ സാമാന്യമായും സൂക്ഷ്മമായും രൂപപ്പെടുത്തുന്നത് എന്നതാണിവിടെ രേഖപ്പെടുത്തപ്പെടുന്നത്. ജി പി രാമചന്ദ്രൻ
നന്‍ പകല്‍ ട്യൂട്ടോറിയല്‍ 4 വേളാങ്കണ്ണിയില്‍ നിന്ന് തീര്‍ത്ഥാടകരായ മലയാളികളുടെ നാടകവണ്ടി നാട്ടിലേക്കുള്ള മടക്കയാത്ര ആരംഭിക്കുമ്പോള്‍, ഇരിക്കും ഇടത്തെ വിട്ട് ഇല്ലാത ഇടം തേടി എങ്കെങ്കോ അലൈകിന്റ്രാർ ഞാനത്തങ്കമേ എന്ന പാട്ടാണ് ഉച്ചത്തിലും വ്യക്തമായും നാം കേള്‍ക്കുന്നത്. ബസ്സിലെ സ്പീക്കറിലായിരിക്കണം ഈ പാട്ട് വെച്ചിരിക്കുന്നത്. തമിഴ് പാട്ട് വെക്കുന്നതിന് ഡ്രൈവറെ പിന്നീട് ജയിംസ് (മമ്മൂട്ടി) ശകാരിക്കുന്നുണ്ട്. ശിവാജി ഗണേശന്‍ അഞ്ചു കഥാപാത്രങ്ങളായി അഭിനയിക്കുന്ന 1967ലെ ഹിറ്റു പുരാണ സിനിമയായ തിരുവരുട്ച്ചെല്‍വറിലേതാണ് ഈ പാട്ട്. കണ്ണദാസന്‍ രചന നിര്‍വഹിച്ചു. കെവി മഹാദേവന്‍ സംഗീതം നല്‍കി. ശീര്‍കാഴി ഗോവിന്ദരാജന്‍ പാടി. ഈ പാട്ട് കേൾക്കുന്ന സമയത്ത് വേളാങ്കണ്ണിയിലെ തെരുവുകളിലും പള്ളിയിലും പല കാരണങ്ങളാൽ കാത്തും കുത്തിയുമിരിക്കുന്ന ആളുകളുടെ മുഖദൃശ്യങ്ങൾ കാണാം. വെർത്തോവിന്റെ മാൻ വിത്ത് എ മൂവി ക്യാമറയിലെ ദൃശ്യങ്ങളെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ ഓരോ മുഖങ്ങളും ഓരോ കഥാചരിത്രം, ഓരോരോ സുഖ ദു:ഖങ്ങൾ, വ്യഥകൾ, ആകാംക്ഷകൾ, നിരാശകൾ, പ്രത്യാശകൾ പേറുന്നുണ്ട്. ചെവിയിൽ ബീഡി വെച്ച് വായിലൂടെ പുക വിടുന്ന ദിവ്യാത്ഭുതപ്രവർത്തകനെയും ഇതിനിടയിൽ കാണാം. എ പി നാഗരാജന്‍ സംവിധാനം ചെയ്ത തിരുവരുട്ച്ചെല്‍വര്‍ 1967 ജൂലൈ 28നാണ് പ്രദര്‍ശനം ആരംഭിച്ചത്. മദ്രാസിലെ ശാന്തി (ഡീലക്‌സ് എയര്‍കണ്ടീഷന്‍ഡ്), ക്രൗണ്‍, ഭുവനേശ്വരി എന്നീ സിനിമാശാലകളില്‍ റിലീസ് ചെയ്ത സിനിമയുടെ വിതരണം നിര്‍വഹിച്ചത് ശിവാജി റിലീസ് ആണ്. ശിവാജി ഗണേശന്റെ ഉടമസ്ഥതയിലുള്ള ശാന്തി തിയേറ്റര്‍ മൗണ്ട് റോഡില്‍ (അണ്ണാ ശാലൈ) തന്നെയാണുള്ളത്. ഈ പുരാണ സിനിമയില്‍ ശിവഭഗവാനായി വേഷമിടുന്നത് ജമിനി ഗണേശനാണ്. അക്കാലത്തെ സിനിമകളില്‍ പലതിലും ദൈവമായി വേഷമിടുന്നത് ജമിനി തന്നെയായിരുന്നു. സാവിത്രി, ആര്‍ മുത്തുരാമന്‍, പത്മിനി, കെ ആര്‍ വിജയ, നാഗേഷ്, മനോരമ, വി നാഗയ്യ, ജി ശകുന്തള, ഇ ആര്‍ സഹദേവന്‍, കുട്ടി പത്മിനി എന്നിവരും അഭിനയിക്കുന്ന തിരുവരുട്ച്ചെല്‍വറിലാണ് ശ്രീവിദ്യ ആദ്യമായി അതും ബാലതാരമായി അഭിനയിച്ചത്. ടൈറ്റിലില്‍ വിദ്യ മൂര്‍ത്തി എന്നായിരുന്നു കൊടുത്തിരുന്നത്. മന്നവന്‍ വന്താനടി, ഉലകെല്ലാം, തുടങ്ങി പതിനൊന്ന് പാട്ടുകളാണ് തിരുവരുട്ച്ചെല്‍വറിലുള്ളത്. ചേ(സേ)ക്കിഴാര്‍ എഴുതിയ പെരിയ പുരാണം അഥവാ തിരുത്തൊണ്ടര്‍ പുരാണം എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് ഈ സിനിമ എടുത്തിട്ടുള്ളത്. വേളാങ്കണ്ണിയിലെ മാതാ പള്ളി സന്ദര്‍ശിക്കുന്ന കൃസ്ത്യാനികളായ നാടകസംഘാംഗങ്ങളുടെ തിരിച്ചുവരവു സമയത്ത്, തമിഴ് നാട്ടില്‍ ഏറെ ജനപ്രിയമായ ഒരു ഹിന്ദുപുരാണ സിനിമയിലെ പാട്ടാണ് ആദ്യം പശ്ചാത്തലമായി വരുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. തമിഴ്‌നാട്ടിലെ സവിശേഷമായ കഥാപാരമ്പര്യത്തില്‍ നിന്നാണ് ഈ കഥ വരുന്നത് എന്നതും വിസ്മരിക്കരുത്. പി എന്‍ ഗോപീകൃഷ്ണന്റെ ഭാഷയില്‍ പറഞ്ഞാല്‍, ഇന്ത്യന്‍ സിനിമയിലെ ഫാല്‍ക്കെ സാമ്രാജ്യത്തില്‍ പെട്ട സിനിമയാണിതെങ്കിലും തമിഴ് സവിശേഷ-പ്രാദേശിക സംസ്‌ക്കാര ചരിത്രത്തിലാണ് അതിന്റെ വേരുകളും ആഴങ്ങളും എന്നതാണ് പ്രധാനം. 1135 മുതല്‍ 1150 വരെ ഭരിച്ചിരുന്ന കുലോത്തുംഗ ചോളന്‍ രണ്ടാമന്റെ മന്ത്രിയായിരുന്നു ചേ(സേ)ക്കിഴാര്‍. കടുത്ത ശൈവഭക്തനായ അദ്ദേഹം, ശൈവാരാധകരായ ഭക്തരെ തേടി യാത്ര ആരംഭിക്കുകയാണ്. തീര്‍ത്ഥാടനം തന്നെ ഒരു യാത്രയാണ്. തീര്‍ത്ഥാടകരെ തേടിയുള്ള യാത്ര എന്നത് എത്ര വിശാലമായ സങ്കല്പമാണെന്നു നോക്കുക. നന്‍പകല്‍ നേരത്ത് മയക്കത്തില്‍ വേളാങ്കണ്ണി മാതാവിനെ കാണാനും ആരാധിക്കാനുമായെത്തുന്ന മലയാളികള്‍, അന്യഥാ തമിഴരെയും തമിഴ് നാട്ടുകാരെയും വില കല്പിക്കുന്നവരല്ല. എന്നാല്‍ അതേ തമിഴര്‍ക്കിടയില്‍ അവരാല്‍ സംരക്ഷിക്കപ്പെട്ട് വിലസിക്കുന്ന വേളാങ്കണ്ണി പള്ളിയിലെത്തുമ്പോള്‍ അവര്‍ക്ക് മനസ്സുഖവും ശാന്തിയും ദൈവസാന്നിദ്ധ്യവും അനുഭവിക്കാനാവുന്നു. കൃസ്ത്യന്‍ ഭക്തര്‍, ഹിന്ദു മതത്തിനുള്ളിലെ മുഖ്യ ഉപവിഭാഗമായ ശൈവരുടെ കഥയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെടുന്നു എന്നതാണിവിടത്തെ സവിശേഷത. മൂന്നു കൊല്ലത്തെ യാത്രയാണ് ചേ(സേ)ക്കിഴാര്‍ നടത്തുന്നത്. പിന്നീട് ചിദംബരത്തിരുന്ന് അദ്ദേഹം അതെല്ലാം എഴുതി സമാഹരിച്ചു. ചിദംബരത്തെ നടരാജപ്പെരുമാള്‍ (ശിവന്‍ നര്‍ത്തകനായി അവതരിക്കുന്നു) അദ്ദേഹത്തെ നേരിട്ട് ഉലകെല്ലാം എന്നുച്ചരിച്ചു കൊണ്ട് അനുഗ്രഹിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. അറുപത്തി മൂന്ന് കടുത്ത ഭക്തരാണ് ശിവനുള്ളത്. ഇവരെ നായനാര്‍മാര്‍ എന്നാണ് വിളിക്കുന്നത്. നായന്മാർ നായന്മാർകൾ എന്നും പറയാറുണ്ട്. തമിഴ്‌നാട്ടിലെ പ്രധാന ശിവക്ഷേത്രങ്ങളിലെല്ലാം ഈ അറുപത്തിമൂന്ന് നായനാര്‍മാരുടെ വിഗ്രഹങ്ങളുമുണ്ടാവും. ഭക്തര്‍ പ്രധാന ശിവവിഗ്രഹത്തെ തൊഴുന്നതിനു പുറമെ ഈ അറുപത്തിമൂന്നു വിഗ്രഹങ്ങളെയും തൊഴുതാണ് ക്ഷേത്ര സന്ദര്‍ശനം അവസാനിപ്പിക്കാറ്. അതിലൊരു നായനാരായി മാറാനാവുക എന്നതാണ് ഓരോ ശിവഭക്തന്റെയും സ്വപ്നം. ചെന്നൈ മൈലാപ്പൂര്‍ കപാലീശ്വരര്‍ കോവിലില്‍ അര്‍പത്തു മൂവര്‍ വിഴാ (അറുപത്തി മൂന്ന് നായനാര്‍ ആഘോഷം) എന്ന ഉത്സവം തന്നെയുണ്ട്. തിരുവരുട്ച്ചെല്‍വര്‍ റിലീസായ വര്‍ഷത്തില്‍ ദ്രാവിഡ മുന്നേറ്റ്ര കഴകം തമിഴ്‌നാട്ടില്‍ വന്‍ വിജയം നേടി. ഡിഎംകെ നിരീശ്വരവാദികളുടെ പാര്‍ടിയാണെന്ന ധാരണയുണ്ടെങ്കിലും തമിഴ് മക്കളില്‍ ഭൂരിപക്ഷവും ഭക്തര്‍ തന്നെയാണ്. എന്നാല്‍, ഹിന്ദു പുരാണത്തിന്റെ തന്നെ തമിഴ് വ്യാഖ്യാനങ്ങളും ഉപകഥകളുമാണവര്‍ക്കിഷ്ടം. അതാണ് ഈ തെരഞ്ഞെടുപ്പ്, സിനിമാവിജയങ്ങളുടെ ദ്വന്ദ്വം സൂചിപ്പിക്കുന്നത്. മന്നവന്‍ വന്താനടി എന്ന പാട്ട് പി സുശീലയാണ് പാടിയത്. സുശീലാമ്മ പാടാന്‍ വന്നപ്പോള്‍ റെക്കോഡിംഗ് സ്റ്റുഡിയോയില്‍ ശിവാജി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ അവര്‍ക്ക് പാടാനായില്ല. അതിനെ തുടര്‍ന്ന് ശിവാജി സ്റ്റുഡിയോ വിട്ടു പോയി. എന്നിട്ടാണ് സുശീല പാടിയത്. ഈ പാട്ടിന്റെ ദൃശ്യാവതരണത്തില്‍, പത്മിനിയുടെ ഉജ്വലമായ നൃത്തം കാണാം. ദ് വരാന്ത ക്ലബ്ബില്‍ ഭാരതി രാമണ്ണ എഴുതിയ നിരൂപണം തിരുവരുട്ച്ചെല്‍വറിനെ അടുത്തറിയാന്‍ സഹായിച്ചു. തങ്ങളിരിക്കുന്ന ഇടം ഉപേക്ഷിച്ച് ഇല്ലാത്ത സ്ഥലം തേടി എങ്ങോട്ടൊക്കെയോ അലയുന്ന ബുദ്ധിമാനായ പ്രിയാ എന്നാണ് പാട്ടിന്റെ വാച്യാര്‍ത്ഥം. ശൈവാവതാരമായി അഭിനയിക്കുന്ന ജമിനി ഗണേശനാണ് ഈ പാട്ടു പാടുന്നത്. അതു കേട്ട് അദ്ദേഹത്തിനു പിന്നാലെ ശിവാജി അത്ഭുതപരതന്ത്രനായി പോകുന്നു. അടുത്ത വരികൾ ഉന്നൈയേ നിനൈത്തിരുപ്പാന്‍ ഉണ്‍മൈയേ താന്‍ ഉരൈപ്പാന്‍ ഊരുക്കു പഗൈയാവാന്‍ ഞാനത്തങ്കമേ. (നിന്നെ തന്നെ വിചാരിച്ചിരിക്കും സത്യം മാത്രമേ പറയൂ. നാടിന് ശത്രുവാകും.) വേളാങ്കണ്ണിയിലേയ്ക്ക് കേരളീയ ക്രിസ്ത്യൻ തീർത്ഥാടകർ യാത്ര ചെയ്യുന്നതു പോലെ ശബരിമലയിലേയ്ക്ക് തമിഴ് (അല്ലാത്തവരും) ഹിന്ദു തീർത്ഥാടകർ യാത്ര ചെയ്യുന്നു. ഈ യാഥാർത്ഥ്യം പിന്നീട് നൻ പകൽ നേരത്ത് മയക്കത്തിൽ സൂചിപ്പിക്കുന്നുണ്ട്. മൂവാറ്റുപുഴയിലാണ് മലയാളത്താന്മാരുടെ വീട് എന്നു പറയുമ്പോൾ അത് ശബരിമല പക്കമാ (അടുത്താണോ)? എന്നൊരാൾ ചോദിക്കുന്നു. ജി പി രാമചന്ദ്രൻ
നൻ പകൽ ട്യൂട്ടോറിയൽ 3 മലയാള സിനിമയിൽ നിന്ന് മലയാള സിനിമയിലേയ്ക്കുള്ള ദൂരം. മലയാള സിനിമയെ അതിന്റെ ചരിത്രത്തിൽ പ്രതിനിധീകരിയ്ക്കാൻ രണ്ടു സിനിമകൾ തെരഞ്ഞെടുക്കുന്നു. 1. ചെമ്മീൻ(രാമു കാര്യാട്ട്/1965) 2. പിറവി(ഷാജി എൻ കരുൺ/1988) ഈ രണ്ടു സിനിമകളും മലയാള സിനിമയുടെ പ്രശസ്തി ദേശീയ തലത്തിലും സാർവദേശീയ തലത്തിലും ഉയർത്തി എത്തിച്ചു. തകഴിയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി എടുത്ത ചെമ്മീൻ ഏറ്റവും നല്ല ചിത്രത്തിനുള്ള ദേശീയ പുരസ്കാരം- സ്വർണ്ണകമൽ - കരസ്ഥമാക്കിയ ആദ്യത്തെ മലയാള സിനിമയാണ്. പുറക്കാട് കടപ്പുറമാണ് ചെമ്മീനിന്റെ കഥാപശ്ചാത്തലം. മലയാളത്തിനു പുറത്തു നിന്ന് സലിൽ ചൗധരി (സംഗീതം), ഋഷികേശ് മുക്കർജി (എഡിറ്റിംഗ്), മാർക്കസ് ബർട്ട്ലി(ഛായാഗ്രഹണം), മന്നാഡേ(പാട്ട്) എന്നീ പ്രമുഖരെ സഹകരിപ്പിച്ച ചെമ്മീനിലെ പ്രാദേശിക ഭാഷാപ്രയോഗം അഥവാ സംഭാഷണങ്ങൾക്കായുപയോഗിച്ച ഭാഷാഭേദം ഏതെന്നത് അന്നുതന്നെ അന്വേഷിയ്ക്കപ്പെട്ടിരുന്നു. അതിലുള്ള കലർപ്പിനെക്കുറിച്ച് പ്രമുഖരും അപ്രമുഖരുമായ ചിലർ വിമർശനമുന്നയിച്ചു. അതായത്, പുറക്കാട് കടപ്പുറത്ത് പ്രചാരത്തിലുള്ള ഭാഷാഭേദവും അതിന്റെ സവിശേഷതകളുമല്ല ചെമ്മീനിലെ മുക്കുവരായ കഥാപാത്രങ്ങൾ സംസാരിക്കുന്നത് എന്നായിരുന്നു വിമർശനത്തിന്റെ അന്തസ്സത്ത. കടപ്പുറത്തിന്റെ ഭാഷയാണെന്ന് തോന്നലുളവാക്കുകയും വേണം എന്നാൽ സാമാന്യ മലയാളിയ്ക്ക് മനസ്സിലാകുകയും വേണം എന്ന നിലയിലുള്ള ഒരു സമ്മേളനമാണ് രാമു കാര്യാട്ട് സ്വീകരിച്ചത് എന്നു വിലയിരുത്തപ്പെട്ടു. ഒരു ജനപ്രിയ പൊതു മാധ്യമമായ സിനിമയിൽ അത്തരമൊരു സമീപനം സ്വീകരിക്കുന്നത് ന്യായീകരിക്കാവുന്നതേ ഉള്ളൂ. ഏറ്റവും നല്ല ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ പിറവി, കാൻ മേളയിലെ ക്യാമറ ദെ ഓർ അടക്കം നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും നേടി. പിറവിയിലെ മർമ്മമായ അപ്രത്യക്ഷമാകൽ, അടിയന്തരാവസ്ഥയിൽ നടന്ന രാജന്റെ തിരോധാനത്തിന്റെ അടിസ്ഥാനത്തിൽ വികസിപ്പിച്ചതാണെന്നെല്ലാവരും തിരിച്ചറിഞ്ഞു. വാര്യർക്കു പകരം ചാക്യാർ എന്നിങ്ങനെ അമ്പലവാസി സമുദായത്തിനകത്തു തന്നെ ഇതി വൃത്തത്തിന്റെ ജാതിവേരുകൾ കുഴിച്ചിട്ട ആഖ്യാനത്തിന്റെ കാലസങ്കൽപ്പത്തിൽ വരുത്തിയ അട്ടിമറി അഥവാ കൂടു വിട്ട് കൂടു മാറൽ പക്ഷെ ഭയാനകമായിരുന്നു. അടിയന്തരാവസ്ഥാവർഷങ്ങൾക്കു (1975-77) പകരം എൺപത്തെട്ടിലെ കേരള സർക്കാർ കലണ്ടർ, ആരെയാണ് കുറ്റവിമുക്തരാക്കുന്നത്? സാംസ്കാരിക അടിസ്ഥാനവും ആവിഷ്ക്കാരവും തമ്മിലുള്ള; സാധൂകരിക്കാവുന്നതും അല്ലാത്തതുമായ പിളർപ്പുകൾ സിനിമാസ്വാദനത്തെ സന്ദിഗ്ദ്ധമാക്കി തീർത്തു. ചരിത്ര-കാല-ഭൗമിക-സംസ്ക്കാര നിലമകളിൽ കാണി ഗതി കിട്ടാതെ ഉഴലുന്നു. എന്നാൽ, നൻ പകൽ നേരത്തെ സ്വപ്നജാഗരങ്ങൾക്കിടയിൽ സ്വഭാവേന സംഭാവ്യമായ പിളർപ്പു പോലും ദൃശ്യമല്ല എന്നതാണ് ശ്രദ്ധേയം. രൂപശില്പത്തിന്റെ കാര്യത്തിൽ അന്താരാഷ്ട്ര നിലവാരത്തിലെത്തുന്ന നൻ പകൽ നേരത്ത് മയക്കം; കേരളം, മലയാളം, മലയാള സിനിമ, തമിഴ്‌നാട്, തമിഴ്, തമിഴ് സിനിമ എന്നീ സൂക്ഷ്മഘടകങ്ങളിൽ ഒരു എളുപ്പവും സ്വീകരിക്കുന്നില്ല. സാമാന്യ തമിഴന് മനസ്സിലാവുന്ന മലയാളമോ സാമാന്യ മലയാളിക്ക് മനസ്സിലാവുന്ന തമിഴോ പ്രയോഗിക്കാമായിരുന്നിടത്ത്, ഗവേഷണൗത്സുക്യത്തോടെ കൂടുതൽ കൂടുതൽ ആഴത്തിലേയ്ക്കു അനിയന്ത്രിതമായി കുതിയ്ക്കുകയാണ് സിനിമ. മലയാളമേത് തമിഴേത് എന്നു തിരിച്ചറിയാത്ത ഉത്തരേന്ത്യക്കാർക്കോ വിദേശകാണിയ്ക്കോ ആസ്വദിച്ചു തുറപ്പിക്കാൻ കഴിയുന്ന ഒരു താക്കോലുകളും സിനിമയ്ക്കുള്ളിലോ ഒപ്പമോ ലഭ്യമല്ല. മലയാള സിനിമയെ ദേശീയ/ദേശാന്തര പ്രശസ്തിയിലേയ്ക്കുയർത്തിയ സിനിമകൾ നമ്മുടെ പ്രാദേശികത്വത്തെ കാഴ്ച/ബോധ്യപ്പെടൽ എന്ന വ്യവഹാരത്തിനകത്ത് ഉറപ്പിച്ചപ്പോൾ; നൻ പകൽ നേരത്ത് മയക്കം അതിനെ അന്വേഷണത്തിന്റെ വിശാലതയിലേയ്ക്കും ആഴങ്ങളിലേയ്ക്കും വ്യാപിപ്പിക്കുന്നു. ദേശീയ ജൂറിയംഗങ്ങളുടെയും സായിപ്പിന്റെയും ഒപ്പിനു വേണ്ടി നിർമ്മിക്കപ്പെട്ട സിനിമയല്ല നൻ പകൽ നേരത്ത് മയക്കം എന്നും പറയാം. ജി പി രാമചന്ദ്രൻ
നന്‍ പകല്‍ ട്യൂട്ടോറിയല്‍ 2 ഫീച്ചര്‍ സിനിമകള്‍ വ്യാപകമാകുന്നതിനു മുമ്പുള്ള സിനിമയുടെ പ്രാഥമിക കാലത്തു തന്നെ ആക്ച്വാലിറ്റീസ് എന്നും വിളിക്കപ്പെട്ടിരുന്ന ഡോക്കുമെന്ററികള്‍ ധാരാളമായി പൂര്‍ത്തിയാക്കിയിരുന്നു. ലക്ഷക്കണക്കിന് ഡോക്കുമെന്ററികളുടെ ചരിത്രം കൂടിയാണ് സിനിമയുടെ ചരിത്രം എന്നത് തര്‍ക്കമറ്റ സംഗതിയാണ്. നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ ആരംഭത്തില്‍, ഡോക്കുമെന്ററികളുടെ സ്വഭാവത്തില്‍ ചില വിജ്ഞാനശകലങ്ങള്‍ തിരശ്ശീലയില്‍ എഴുതുന്നുണ്ട്. അതിസാധാരണമായ അറിവുകളാണിവയെങ്കിലും, ഈ സിനിമയുടെ പൂര്‍ണമായ സംവേദനത്തിന് അത്യന്താപേക്ഷിതമായ വിവരണങ്ങളാണ് അവ. കേരളത്തെക്കുറിച്ചും തമിഴ്‌നാടിനെക്കുറിച്ചുമുള്ള പ്രാഥമിക വിവരങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി എഴുതിയതാണ് ഈ വിജ്ഞാനശകലങ്ങള്‍. അവ ഇപ്രകാരമാണ്. Kerala The South Indian State is wedged between the Lakshadweep sea and the western ghats. Malayalam one of the six classical languages of India is the most widely spoken language of Kerala. -- കേരളം ഇന്ത്യയുടെ തെക്കുപടിഞ്ഞാറേഅറ്റത്തുള്ള ഒരു സംസ്ഥാനമാണ്, കേരളം. തെക്കും കിഴക്കും തമിഴ്‌നാട്, വടക്കു കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ്.കേരളത്തിന്റെ ഭാഷ മലയാളം. ഇന്ത്യയിൽ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം. ഭാഷയുടെ കേരളീയ പാരമ്പര്യം പരിഗണിച്ച് കേരളീയര്‍ എന്നും വിളിച്ചു പോരുന്നു. ലോകത്താകമാനം 3.75 കോടി ജനങ്ങൾ മലയാള ഭാഷ സംസാരിക്കുന്നുണ്ട്. Tamil Nadu The south Indian state is the bordering states are Kerala to the west. Language of Tamil Nadu - Tamil.. Tamil is the sole official language of Tamil nadu. Tamil was the first language to be recognized as a classical language of India. തമിഴ്‌നാട്‌ തമിഴ്‌നാട്‌ തെക്കേയറ്റത്തുള്ള സംസ്ഥാനമാണ്‌. കേരളം, കർണ്ണാടക, ആന്ധ്രാ പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയും തമിഴ്‌നാടിനോടു ചേർന്നു കിടക്കുന്നു. ഔദ്യോഗിക ഭാഷ - തമിഴ് തമിഴ് ഒരു ഉദാത്ത ഭാഷയും ദ്രാവിഡ ഭാഷകളിലെ ഒരു പ്രധാനപ്പെട്ട ഭാഷയും ആണ്. ഏതാണ്ട് 2000 വർഷത്തെ ഇടമുറിയാത്ത സാഹിത്യ പാരമ്പര്യം ഉള്ള ഒരു അപൂർവ്വ പൗരാണിക ഭാഷയാണ് തമിഴ്. വിക്കിപ്പീഡിയയുടെ ഇംഗ്ലീഷ്. മലയാളം പതിപ്പുകളില്‍ നിന്നാണ് ഈ കുറിപ്പുകള്‍ എടുത്തിട്ടുള്ളതെന്ന് വ്യക്തം. ഒരേ കാര്യത്തെക്കുറിച്ച് വിവിധ ഭാഷകളിലുള്ള വിക്കിപ്പീഡിയകളില്‍ വരുന്ന കുറിപ്പുകള്‍ വിശദാംശങ്ങളില്‍ വ്യത്യസ്തമായിരിക്കും. ആ വ്യത്യസ്തത നിലനിര്‍ത്തിക്കൊണ്ടാണ് ഇവിടെ കൊടുത്തിരിക്കുന്നതും. അതായത്, ഒരേ കാര്യം തന്നെ മലയാളം വിക്കിപ്പീഡിയയില്‍ ഡാറ്റ എന്റര്‍ ചെയ്യുന്നവരും ഇംഗ്ലീഷ് വിക്കിപ്പീഡിയയില്‍ എന്റര്‍ ചെയ്യുന്നവരും വ്യത്യസ്തമായ രീതിയിലാണ് പരിചരിക്കുന്നത് എന്നു ചുരുക്കം. ഈ വ്യത്യസ്തത അഥവാ ദ്വന്ദത നിലനിര്‍ത്തിക്കൊണ്ടും എന്നാലത് മലയാളിയ്ക്ക് മാത്രം മനസ്സിലാവുന്ന രീതിയിലുമാണ് സംവിധായകന്‍ വിന്യസിച്ചിരിക്കുന്നത്. മലയാളം കുറിപ്പിന്റെ ഇംഗ്ലീഷ് സബ്‌ടൈറ്റില്‍ പ്രത്യേകം കൊടുത്തിട്ടില്ല. ഡോക്കുമെന്ററി എന്ന സിനിമാ ഗണത്തിന് ഒരാദരവ് കൊടുക്കുന്നതു പോലെയാണ് ഈ എഴുത്ത് എനിക്കനുഭവപ്പെട്ടത്. അതോടൊപ്പം, ഡോക്കുമെന്ററി അഥവാ രേഖ എന്ന അവലംബം എല്ലായ്‌പോഴും ഒന്നല്ലെന്നും നിരന്തരവും പരസ്പരവും മാറിക്കൊണ്ടിരിക്കുന്നതുമാണെന്ന തിരിച്ചറിവും സാധ്യമാവുന്നു. അതോടൊപ്പം, തമിഴ്/തമിഴ് നാട്, മലയാളം/കേരളം എന്നീ അവസ്ഥാ-പ്രതിഭാസ-സംസ്‌ക്കാര-യാഥാര്‍ത്ഥ്യങ്ങളുടെ ഒരു സമകാലിക രേഖ അഥവാ വിലയിരുത്തല്‍ ആണീ സിനിമ എന്ന അവകാശവാദവുമാണ് ഈ ദൃശ്യം. ഈ സിനിമ ഡോക്കുമെന്ററി പോലുണ്ട്, എന്നത് ചിലരുടെ റെഡി മെയിഡ് നിരീക്ഷണവും ഡീഗ്രേഡിംഗ് ചെയ്തതായുള്ള തോന്നലുമായി പ്രവർത്തിക്കാറുണ്ട്. അവർക്കുള്ള ഒരു ഫീച്ചർ സംവിധായകന്റെ പരോക്ഷ മറുപടി പോലെയും ഡോക്കുമെന്ററിവത്ക്കരണം പ്രവർത്തിക്കുന്നു. ജി പി രാമചന്ദ്രൻ
നൻ പകൽ നേരത്ത് മയക്കം എന്ന സിനിമയെക്കുറിച്ച് ഞാനും ജിതിൻ കെസിയും ചേർന്നെഴുതിയ ലേഖനം ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു. അത് ഈ സിനിമയെ മുൻ നിർത്തിയുള്ള പ്രാഥമിക പഠനം മാത്രമാണ്. ഒടിടി റിലീസ് ചെയ്തിരിക്കെ കൂടുതൽ സൂക്ഷ്മവും വിപുലവുമായ അന്വേഷണം നടത്താൻ സൗകര്യമൊരുങ്ങിയിരിയ്ക്കുന്നു. ഒടിടി സിനിമയെ തകർക്കുമെന്ന് ഒരു മഹാൻ പറഞ്ഞു. എന്നാൽ എന്റെ അനുഭവം ഒടിടി സിനിമയെ ജനിപ്പിക്കുകയും പുനർ ജനിപ്പിക്കുകയും ചെയ്യുന്നുവെന്നാണ്. അതാണീ പഠനത്തിന്റെ പശ്ചാത്തലം. നൻ പകൽ ട്യൂട്ടോറിയൽ എന്ന സീരീസിൽ ആരംഭിയ്ക്കുന്ന ഈ പഠന പരമ്പര വായിക്കണമെന്നുള്ളവർ ഈ ബ്ലോഗ്‌ പോസ്റ്റുകൾ പിന്തുടരുക.