Friday, February 21, 2020

പുരുഷവിലാപവെടികള്‍
ജി പി രാമചന്ദ്രന്‍

കേരളത്തിന്റെ പൊതുജീവിതത്തില്‍ സജീവമായ സദാചാരപൊലീസ് എന്ന, നിയമത്തിനും ഭരണഘടനക്കും സര്‍ക്കാരിനും പ്രകൃതിക്കും സ്വാഭാവിക ചോദനകള്‍ക്കും അതീതവും എതിരുമായ മര്‍ദന വ്യവസ്ഥയെ പരിഹസിക്കുന്ന ചിത്രമായിട്ടാണ് വെടിവഴിപാട് എന്ന സിനിമ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഫലത്തില്‍ കുടുംബം എന്ന വ്യവസ്ഥാപനത്തെ പൂര്‍വാധികം ശക്തിയായി നിലനിര്‍ത്തുകയും അതിനായി സദാചാരപൊലീസിനെ സാധിതമാക്കുന്ന ആദര്‍ശവും ആശയവും വ്യാപിപ്പിക്കുകയും ചെയ്യുന്ന നിഴല്‍ നാടകമായി ഈ സിനിമ മാറുന്നു. അതായത്, വെടിവഴിപാട് പ്രാഥമികവും അന്തിമവുമായ വിശകലനങ്ങളില്‍ ഒരു വിരോധാഭാസമായിട്ടാണ് പ്രവര്‍ത്തിക്കുന്നത് എന്നര്‍ത്ഥം. കുടുംബജീവിതത്തെ അസന്തുഷ്ടവും ആശങ്കാകുലവും ആക്കിമാറ്റുകയും ദാമ്പത്യത്തിനകത്തെ ലൈംഗികത നിഷേധിക്കുകയും ചെയ്യുന്നത് ഭാര്യ(സ്ത്രീ) ആണെന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണ് ഈ സിനിമ ലക്ഷ്യമിടുന്നത്. നാലു നൂറ്റാണ്ടുകളായി നാം വിക്‌ടോറിയന്‍ സദാചാരം പരിശീലിച്ചു വരികയാണ്. നമ്മുടെ ആദര്‍ശ കുടുംബ/ദാമ്പത്യ സങ്കല്‍പങ്ങള്‍ ഈ പരിശീലനത്തിന്റെ ആകത്തുകയാണ്. നാലു നൂറ്റാണ്ട് കൊണ്ട് സര്‍വകാലവും സര്‍വലോകവും നിര്‍മ്മിച്ചെടുത്തിരിക്കുന്നു എന്നും അത് ഭേദഗതികളൊന്നും ആവശ്യമില്ലാത്ത വിധം മാതൃകാപരമാണ് എന്നുമാണ് പരിഷ്‌കാരികള്‍/സംസ്‌ക്കാര സമ്പന്നര്‍ സ്വയം കരുതുന്നതും മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നതും.
ലൈംഗികത എന്ന വാക്ക് കേട്ടാല്‍ തന്നെ ഞെട്ടിവിറക്കുന്ന ഒരു ജനതയുടെ, ജനതകളുടെ സാമ്രാജ്യത്വങ്ങള്‍ തന്നെ ഇക്കാലത്തിനിടയില്‍ രൂപീകരിക്കപ്പെട്ടിരിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ടതും നിശ്ശബ്ദവും കപടവുമായ ഒരു ലൈംഗിക സദാചാരത്തെ ശരിയും ശാശ്വതവും സാര്‍വകാലികവും സാര്‍വലൗകികവും ആയ ഒരു പരിഷ്‌ക്കാരമായി നാം സ്വീകരിച്ചിരിക്കുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഈ മാറ്റം ആരംഭിച്ചത്. അതുവരെയും ശരീരങ്ങള്‍ക്കു തമ്മിലും ശരീരങ്ങള്‍ക്കിടയിലും ഈ ഭയാനകത നിലനിന്നിരുന്നില്ല. വാക്കുകളുടെ സാംസ്‌ക്കാരിക സെന്‍സര്‍ഷിപ്പ് നിലവില്‍ വന്നിരുന്നില്ല. മിഷേല്‍ ഫൂക്കോ സിദ്ധാന്തീകരിക്കുന്നതു പോലെ, വിക്‌ടോറിയന്‍ ബൂര്‍ഷ്വാസി ഏകതാനവും അങ്ങേയറ്റം മടുപ്പിക്കുന്നതുമായ രാത്രികള്‍ പില്‍ക്കാലത്ത് നടപ്പിലാക്കിതുടങ്ങി. ലൈംഗികത ശ്രദ്ധാപൂര്‍വം അതിരുകള്‍ നിശ്ചയിച്ച് അതിനുള്ളിലേക്ക് വെട്ടിച്ചുരുക്കപ്പെട്ടു. പ്രത്യുല്‍പാദനം എന്ന വളരെ ഗൗരവമാര്‍ന്ന ഒരു ധര്‍മത്തിലേക്ക് മാത്രമായി ലൈംഗികതയെ നാം തളച്ചിട്ടു. ഗൗരവം മുഖ്യസ്ഥാനത്തേക്ക് വന്നപ്പോള്‍ ആഹ്ലാദം അവസാനിച്ചു. മൗനമാണ് ലൈംഗികത എന്ന വിഷയത്തിന്റെ അടിസ്ഥാന നിയമം എന്ന നില വന്നു. നിയമാനുസൃതവും പ്രത്യുല്‍പാദനക്ഷമതയുള്ളതുമായ ഭര്‍തൃ-ഭാര്യാദ്വയം അവരെ തന്നെ മാതൃകകളായും നിയമമായും സത്യത്തിന്റെ കാവലാളുകളായും രഹസ്യത്തിന്റെ സൂക്ഷിപ്പുകാരായും സ്വയം വ്യവസ്ഥാപിതരായി. കിടപ്പറ ഒഴിച്ചുള്ള എല്ലാ സ്ഥലത്തു നിന്നും ലൈംഗികത നിരോധിക്കപ്പെടുകയോ തുടച്ചു നീക്കപ്പെടുകയോ ചെയ്തു. എല്ലായിടത്തും അവ്യക്തത. ശരീരങ്ങള്‍ തമ്മില്‍ യാതൊരു വിധ സ്പര്‍ശനവും അനുവദനീയമല്ല. എല്ലാവരുടെയും സംസാരങ്ങള്‍ ലൈംഗിക നിരപേക്ഷമായിരിക്കണമെന്ന നിബന്ധന നിലവില്‍ വന്നു. എന്തെങ്കിലും അപഭ്രംശങ്ങള്‍ വന്നാല്‍ അതിനെ എത്രയും പെട്ടെന്നു തന്നെ ഒറ്റപ്പെടുത്താന്‍ തീവ്രശ്രമങ്ങള്‍. ലൈംഗികത ഏതെങ്കിലും വിധത്തില്‍ ദൃശ്യമായാല്‍ കടുത്ത പിഴകളാണ് ചുമത്തപ്പെടുക.
തലമുറകളായി അനുശീലിക്കപ്പെടുന്നതല്ലാത്ത ഏതു വാക്കും പ്രവൃത്തിയും അനുവദനീയമല്ല. അതെന്താണെന്ന് കേള്‍ക്കാന്‍ പോലും പൊതുബോധം തയ്യാറല്ല. അതിനെ നാം പടിക്കു പുറത്താക്കി. നിഷേധിച്ചു. മൗനത്തിലേക്ക് വെട്ടിച്ചുരുക്കി. അത് നിലനില്‍ക്കുന്നില്ല. നിലനില്‍ക്കാന്‍ അര്‍ഹതയുമില്ല. അത് ചെറിയ പ്രകടനത്തിന് തുനിഞ്ഞാല്‍ പോലും അതിനെ നാം വേഗത്തില്‍ അപ്രത്യക്ഷമാക്കും. ലൈംഗികത എന്ന ഒന്ന് നിലനില്‍ക്കുന്നേ ഇല്ല എന്ന സാമാന്യബോധത്തിന്റെ മേല്‍പ്പുരക്ക് കീഴിലാണ് നാം കുട്ടികളെ വളര്‍ത്തിയെടുക്കുന്നത്. അതിനെപ്പറ്റി ഒന്നും അറിയാനില്ല, ഒന്നും പറയാനില്ല, ഒന്നും കാണാനില്ല, ഒന്നും കേള്‍ക്കാനുമില്ല. ബൂര്‍ഷ്വാ സമൂഹ രൂപീകരണത്തിന്റെ അപഹാസ്യവും കപടവുമായ നീതിയാണിത്. ചില്ലറ ഒഴികഴിവുകള്‍ അനുവദനീയമാണ്. വേശ്യാലയങ്ങളും തടവറകളും ഭ്രാന്താസ്പത്രികളും അതിനു വേണ്ടിയാണ് നിര്‍മിച്ചുവെച്ചിരിക്കുന്നത്. വേശ്യകള്‍, കൂട്ടിക്കൊടുപ്പുകാര്‍, ഉപഭോക്താവ്, മനോരോഗി, മനശ്ശാസ്ത്രജ്ഞന്‍, തടവുകാരന്‍, കാവല്‍ക്കാരന്‍ എന്നിവര്‍ ഉദാര സമുദായത്തിന്റെ സഹിഷ്ണുതക്കുള്ള ഉദാഹരണങ്ങളായി എടുത്തു കാട്ടപ്പെട്ടു. ഈ ഒഴികഴിവ് എന്ന അനുവദനീയ അപഭ്രംശത്തിന്റെ നിര്‍വഹണ പരാജയങ്ങളാണ് വെടിവഴിപാട് എന്ന വഴിപാട് സിനിമയുടെ ഇതിവൃത്തപശ്ചാത്തലം. അതായത്, ആ അപഭ്രംശങ്ങളും ആത്യന്തികമായി പരാജയപ്പെടുമെന്നും, കുടുംബസുരക്ഷിതത്വത്തിന്റെ ചുമരുകള്‍ കൂടുതല്‍ ബലപ്പെടുത്തുകയാണ് വേണ്ടതെന്നും ഉപദേശം. കവി ശൈലന്‍ ഫേസ്ബുക്കില്‍ പോസ്റ്റിയതു പോലെ അശ്ലീലാന്തം ഭക്തി!
ആറ്റുകാല്‍ പൊങ്കാല, തൊഴിലിടത്തെ സ്ത്രീ പീഡനം, ലൈംഗികത്തൊഴില്‍, മദ്യപാനം, സ്ത്രീ പുരുഷ സൗഹൃദങ്ങള്‍, അമ്മായിയമ്മപ്പോര്, ഓഹരിക്കമ്പോളം, വിദേശപ്രവാസത്തിനുള്ള പരിശ്രമങ്ങള്‍, കൃസ്ത്യന്‍ മിഷണറി പ്രവര്‍ത്തനം എന്നിങ്ങനെ നിരവധി സമകാലിക വിഷയങ്ങള്‍ കടന്നു വരുകയും വന്നപോലെ തിരിച്ചു പോകുകയും ചെയ്യുന്ന ചിത്രമാണ് വെടിവഴിപാട്. ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തില്‍ ജാരനായെത്തു ജഗതി/കൃഷ്ണവിലാസം ഭഗീരഥന്‍ പിള്ള പ്രാപിക്കുന്ന സ്ത്രീയുടെ ഭര്‍ത്താവും വിഡ്ഢിയുമായ പട്ടാളക്കാരന്‍ പുരുഷു, അമ്പലത്തിലെ വെടിവഴിപാട് അതിര്‍ത്തിയിലെ വെടിവെപ്പാണെന്നു കരുതി കമിഴ്ന്നു കിടക്കാന്‍ ചുറ്റുമുള്ളവരോട് ആജ്ഞാപിക്കുന്നതും സ്വയം കമിഴ്ന്നു കിടക്കുന്നതുമായ രാജ്യസ്‌നേഹ എപ്പിസോഡ്  പല ചാനലില്‍ പല പേരില്‍ തട്ടിക്കൂട്ടു ചിരിക്കുടുക്കയില്‍ നിറഞ്ഞോടുമ്പോഴായിരുന്നു, വെടിവഴിപാട് എന്ന പ്രായപൂര്‍ത്തി സിനിമയുമായി അരുണ്‍കുമാര്‍ അരവിന്ദും(നിര്‍മാണം) ശംഭു പുരുഷോത്തമനും(സംവിധാനം) രംഗത്തു വന്നത്.
വെടി = വേശ്യ, മൈഥുനം, നുണ; പരിപാടി = ലൈംഗികബന്ധത്തിലേര്‍പ്പെടുക, തുടങ്ങിയ സാമാന്യ ഭാഷാ കോഡുകള്‍ ഈ ചിത്രത്തിലൂടെ സ്ഥിരീകരിച്ചെടുത്തിരിക്കുന്നു. മൂന്നു ദമ്പതികളാണ് ചിത്രത്തില്‍ പ്രധാനമായുള്ളത്. ബാങ്കിലെ കാഷ്യറായ സഞ്ജയും(ഷൈജു കുറുപ്പ്) ടെലിവിഷന്‍ അവതാരകയായ രശ്മി(അനുശ്രീ)യും; ഓഹരിക്കമ്പോള ഏജന്‍സിയില്‍ ജോലി ചെയ്യുകയും അതില്‍ കയറിക്കളിക്കുകയും ചെയ്യുന്ന പ്രദീപും(ശ്രീജിത് രവി) സ്വകാര്യ ഫ്രഞ്ച് ഭാഷാധ്യാപകയായ വിദ്യ(മൈഥിലി)യും; വീഡിയോ ഗെയിം പരിശോധകനായ രാഹുലും(മുരളി ഗോപി) ഏതോ ജോലിക്കാരിയായ രാധിക(അഞ്ജനാ ഹരിദാസ്)യും എന്നിവരാണിവര്‍. മൂന്നു ഭാര്യമാരും ആറ്റുകാല്‍ പൊങ്കാലയിടാനും അത് കവര്‍ ചെയ്യാനും മറ്റുമായി നഗരകേന്ദ്രത്തിലേക്ക് നീങ്ങുന്ന തക്കം നോക്കി, രാഹുലിന്റെ ഫ്‌ളാറ്റില്‍ വ്യഭിചാരത്തിനായി ഒരു ലൈംഗികത്തൊഴിലാളി(അനുമോള്‍)യെ കൊണ്ടുവരുകയാണ് ഭര്‍ത്താക്കന്മാര്‍. അവര്‍ക്ക് മൂന്നു പേര്‍ക്കും അവളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സാധിക്കുന്നില്ല. എന്നാല്‍ ഫ്‌ളാറ്റ് റെസിഡെന്‍ഷ്യല്‍ അസോസിയേഷന്‍ സെക്രട്ടറി മത്തായിച്ചന്‍(സുനില്‍ സുഖദ) അവിടെ മണത്തറിഞ്ഞെത്തി കാര്യം സാധിക്കുന്നുമുണ്ട്. സഞ്ജയ്, പ്രദീപ്, രാഹുല്‍ എന്നീ ഭര്‍ത്താക്കന്മാരിലൂടെ കുടുംബം എന്ന ആദര്‍ശം/ഭീതി/സാമ്പത്തിക-സ്വത്തുടമസ്ഥതാ വ്യവസ്ഥ/പാപ ചിന്തകള്‍/സദാചാരം പ്രവര്‍ത്തനക്ഷമമാകുതിലൂടെയാണ് വ്യഭിചാരം എന്ന സ്‌ഫോടനാത്മകമായ കുറ്റകൃത്യം ഒഴിവായിപ്പോകുന്നത്.
വാര്‍ത്താ ചാനലില്‍ ആറ്റുകാല്‍ പൊങ്കാല തത്സമയ സംപ്രേക്ഷണം നടത്തുന്നതിന്റെ അവതാരകയാണ് രശ്മി. വിടുവിഡ്ഢിയായ ഭര്‍ത്താവ് സഞ്ജയിനെ തുടലിട്ട കുരങ്ങനെയെന്നതുപോലെ കളിപ്പിക്കുന്നതിലും വിധേയപ്പെടുത്തി വെക്കുന്നതിലും വിദഗ്ദ്ധയാണവള്‍. അറേഞ്ച്ഡ് മാര്യേജ് എന്ന ദുരന്തത്തിലൂടെയാണ് ഇവരുടെ ബന്ധം തുടങ്ങിയത് എന്നതിന്റെ വിദ്വേഷമാണവള്‍ തീര്‍ക്കുന്നത് എന്നാണ് വിദ്യ ഭര്‍ത്താവിന്റെ ബോസായ ജോസഫി(ഇന്ദ്രജിത്)നോട് പറയുന്നത്. ഇഷ്ടമില്ലാത്തതാണെങ്കിലും ദാമ്പത്യത്തിനകത്ത് കുടുങ്ങിപ്പോയ ഭര്‍ത്താവിനോട് ഒരു തരത്തിലുമുള്ള പൊരുത്തപ്പെടല്‍ സ്വീകരിക്കാത്ത അവള്‍, തന്റെ ചാനലിന്റെ പുതിയ മേധാവി പ്രണവ് പ്രഭാകര്‍ എ പി പിയുടെ ലൈംഗിക കടന്നാക്രമണത്തെയും ചെറുക്കുന്നു. അംഗീകൃത ദാമ്പത്യത്തിനകത്തെ ലൈംഗികത നിഷേധിക്കുന്നവള്‍ തന്നെയാണ് അനധികൃത കടന്നുകയറ്റത്തെയും പ്രതിരോധിക്കുന്നത്. അതേ സമയം, അറേഞ്ച്ഡ് മാര്യേജിനകത്തും അതിന്റെ ജീര്‍ണാവസ്ഥയായ അമ്മായിയമ്മപ്പോരിലും കുടുങ്ങിപ്പോയവളാണെങ്കിലും പരിമിതമായ ലൈംഗിക ബന്ധം ഭര്‍ത്താവുമായി നിലവിലുള്ള വിദ്യ, ബന്ധപ്പെടാനുള്ള ജോസഫിന്റെ  ആഗ്രഹത്തിന് വഴങ്ങാന്‍ തയ്യാറാകുന്നുണ്ട്. ഓഹരിക്കമ്പോളത്തിലെ കോര്‍പ്പറേറ്റ് ഫ്രോഡിന്റെ വാര്‍ത്ത വന്നടിഞ്ഞതോടെ അതു മുടങ്ങിപ്പോയെന്നത് മറ്റൊരു കാര്യം. അതായത്, വ്യവസ്ഥാപിത ദാമ്പത്യത്തിനകത്തെ ലൈംഗികത നിഷേധിക്കുന്ന സ്ത്രീ തന്നെയാണ്, തൊഴിലിടത്തെയും പൊതു ഇടത്തെയും ലൈംഗിക കടന്നാക്രമണങ്ങളെയും നിരാകരിക്കുകയോ ചെറുക്കുകയോ ചെയ്യുന്നത് എന്നാണ് സിനിമ മുന്നോട്ടു വെക്കുന്ന ഭാഷ്യം. പരസ്പര ധാരണ നിലനില്‍ക്കുന്നു എന്നു കരുതാവുന്ന രാഹുലും രാധികയും തമ്മിലുള്ള ബന്ധത്തിലും വ്രതത്തിന്റെയും രാവിലെ നേരത്തെ എണീക്കേണ്ടതുണ്ട് എന്ന ഒഴികഴിവിന്റെയും പേരില്‍ ലൈംഗികബന്ധം നിഷേധിക്കപ്പെടുന്നു. കഷ്ടപ്പെട്ട് കൊണ്ടുവരുന്ന ലൈംഗികത്തൊഴിലാളിയാകെട്ട വൈകൃതങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്നില്ല എന്നു മാത്രമല്ല, ഉദ്ധാരണപ്പിഴവിനാല്‍ കുഴങ്ങിപ്പോകുന്ന പുരുഷന്മാരെ ഫലത്തില്‍ ഷണ്ഡീകരിച്ചു വിടുകയാണ് ചെയ്യുന്നത്. ലൈംഗികതയുടെ കടിഞ്ഞാണ്‍ സ്ത്രീയുടെ കയ്യിലമര്‍ന്നിരിക്കുന്നുവെന്നും അതാണ് ലൈംഗികനിഷേധത്തിനും നിരാശക്കും അരാജകത്വത്തിനും വഴിവെക്കുന്നതെന്നുമാണ് വ്യാഖ്യാനം.
അടിച്ചമര്‍ത്തലിന്റേതായ ചരിത്രത്തോടൊപ്പമാണ് മൂന്നു നാലു നൂറ്റാണ്ടുകള്‍ എടുത്ത് മനുഷ്യ സമുദായം ആധുനികവത്ക്കരിക്കപ്പെട്ടത്. കിടക്കയില്‍ ഉച്ചരിക്കപ്പെടുന്ന ഏതാനും ശബ്ദശകലങ്ങള്‍ ഒഴിച്ചാല്‍ ഒന്നും അനുവദനീയമല്ലാത്ത അത്ര നിഷ്ഠൂരമായ അടിച്ചമര്‍ത്തലിലേക്ക് നാം സ്വയം ഉരുകി ഒന്നായിരിക്കുന്നു. അധികാരവും ജ്ഞാനവും ലൈംഗികതയും തമ്മിലുള്ള പ്രശ്‌നഭരിതവും അതേ സമയം പ്രാഥമികവുമായ ബന്ധത്തെ നിര്‍ണയിക്കുന്നത് ഈ അടിച്ചമര്‍ത്തലാണെന്നതാണ് വാസ്തവം. നൂറ്റാണ്ടുകള്‍ കൊണ്ട് പരന്ന വെളിമ്പ്രദേശങ്ങളില്‍ നിന്നും സ്വതന്ത്രാഖ്യാനങ്ങളില്‍ നിന്നും പതിനേഴാം നൂറ്റാണ്ടോടെ നാം അടിച്ചമര്‍ത്തലിന്റെ ഇരുണ്ട ഒറ്റ വഴികളിലേക്ക് കടന്നത് മുതലാളിത്തവികസനത്തിന്റെ പ്രത്യയശാസ്ത്ര ആവശ്യമായിരുന്നു എന്നും മനസ്സിലാക്കണം. ഒരു ബൂര്‍ഷ്വാ ധാര്‍മിക സദാചാരം ലോകവ്യാപകമായി നടപ്പില്‍ വരുത്തുന്നതിനുവേണ്ടിയുള്ള പദ്ധതിയാണിത്. വ്യാവസായിക ഉത്പാദനത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടാണ് ധാര്‍മികസദാചാരത്തിന്റെ ചരിത്രവും നിലനില്‍ക്കുന്നത്. തൊഴിലാളിയുടെ  അധ്വാനത്തെ സമര്‍ത്ഥവും വ്യവസ്ഥാപിതവുമായ രീതിയില്‍ ചൂഷണം ചെയ്യുന്നതിനു വേണ്ടിയാണ് അവന്റെയും അവളുടെയും ആഹ്‌ളാദത്തെ അങ്ങേയറ്റം നിയന്ത്രിച്ചു നിര്‍ത്തുന്നത്. കുറച്ച്, വളരെ കുറച്ച് അനുവദിക്കും. അത് കൂടുതല്‍ കൂലിപ്പണിക്കാരെ പെറ്റു കൂട്ടുന്നതിനു വേണ്ടി മാത്രം. ഭാവിയുടെ അജണ്ടയായിട്ടാണ് ലൈംഗികത സ്ഥാനപ്പെടുത്തപ്പെട്ടിരിക്കുന്നത്. ലൈംഗിക സ്വാതന്ത്ര്യം മാത്രമല്ല, ലൈംഗികതയെക്കുറിച്ചറിയാനും അതിനെക്കുറിച്ച് സംസാരിക്കാനും അതില്‍ നിന്നുള്ള അറിവുകള്‍ സമാഹരിക്കാനുമുള്ള സ്വാതന്ത്ര്യം കൂടിയാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്. ലൈംഗിക വിദ്യാഭ്യാസം എന്ന ആശയം എത്ര ശബ്ദായമാനമായ രീതിയിലാണ് എതിര്‍ക്കപ്പെടുന്നെതന്നു നോക്കുക. മാത്രമല്ല, അഥവാ നടപ്പിലായാല്‍ തന്നെ, അത് വെറും മനുഷ്യ ശരീര പ്രവര്‍ത്തന വിവരണം എന്ന ക്ലിനിക്കല്‍ ഉദ്ദേശ്യം മാത്രമായി ചുരുങ്ങുന്നു. അതായത്, ലൈംഗികതയുടെ വൈകാരിക/ചരിത്ര/രാഷ്ട്രീയ/സാംസ്‌ക്കാരിക/സാമൂഹിക/സര്‍ഗാത്മക വിശകലനങ്ങള്‍ വിദ്യാഭ്യാസത്തിന്റെ ആലോചനകളില്‍ പോലും കടന്നു വരുന്നില്ലെന്നു ചുരുക്കം.
വിദേശ ജോലിക്കായുള്ള നഴ്‌സുമാരുടെ ആഗ്രഹങ്ങള്‍, കന്യാസ്ത്രീമാരുടെ വിദ്യാഭ്യാസ രംഗത്തെ സംഭാവനകള്‍, ബ്രാഹ്മണരെ പരിഹസിക്കുന്ന പ്രവണത എന്നിവയെ പ്രശ്‌നവത്ക്കരിച്ചുകൊണ്ടും വെടിവഴിപാട് വലതുപക്ഷ/യാഥാസ്ഥിതികതയുടെ പക്ഷം പിടിക്കുന്നതു കാണാം. പതിനേഴു ലക്ഷം നഴ്‌സുമാരാണ് കേരളത്തില്‍ നിന്ന് ഇന്ത്യക്കകത്തും പുറത്തുമായി ജോലി ചെയ്യുന്നത്. ഒരു കാലത്ത് പതിത്വം കല്‍പ്പിക്കപ്പെട്ടിരുന്ന ഈ അവശ്യ ജോലി സധൈര്യം ഏറ്റെടുത്തതിലൂടെ കേരളീയരായ നഴ്‌സുമാര്‍ നടത്തിയ സാമൂഹിക/ചരിത്ര/സാമ്പത്തിക സംഭാവനയെ നാം രേഖപ്പെടുത്തുക പോയിട്ട് കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്തത്. മധ്യ തിരുവിതാംകൂറിന്റെ സാമ്പത്തിക/സാമൂഹിക/സാംസ്‌ക്കാരിക അഭിവൃദ്ധിക്കു കാരണമായത് ഈ ആഭ്യന്തര/വൈദേശിക കുടിയേറ്റമാണ്. ഗള്‍ഫുകാരെ പരിഹസിക്കുന്നതു പോലെ നഴ്‌സുമാരെയും പരിഹസിക്കുകയും അവരുടേത് ഗ്ലോറിഫൈഡ് വ്യഭിചാരം മാത്രമാണെന്ന് സ്ഥാപിച്ചെടുക്കാനുമാണ് പൊതുബോധം ശ്രമിച്ചത്. 22 ഫീമെയില്‍ കോ്ട്ടയം പോലുള്ള സിനിമകള്‍ ഈ ഉദ്ദേശ്യത്തോടെ തയ്യാര്‍ ചെയ്തതാണ്. ഈ ചിത്രത്തില്‍, വിദ്യയുടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫ്രഞ്ച് പഠിക്കാന്‍ പെടാപ്പാട് പെടുന്ന നഴ്‌സിനെ വിദ്യ പരിഹസിക്കുന്നത് നോക്കുക. ഇനിയും പഠിച്ചില്ലെങ്കില്‍, ഇവിടുത്തെ ആശുപത്രിയില്‍ കടന്ന് കഷ്ടപ്പെടേണ്ടിവരുമെന്നാണവള്‍ ഓര്‍മപ്പെടുത്തുന്നത്. റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ സെക്രട്ടറിയും സദാചാരപ്പൊലീസുകാരനുമായ മത്തായിച്ചനെ പാലായില്‍ നിന്നൊരു നഴ്‌സ് കെട്ടി അവള്‍ യുകെക്ക് കടന്ന് അയാളെ ഇവിടെ സ്ഥിര നിക്ഷേപം ചെയ്തിരിക്കുകയാണ് എന്ന പരാമര്‍ശവും നഴ്‌സുമാരെ ക്രൂരമായി പരിഹസിക്കുന്നതിനു വേണ്ടിയാണ്.
കുട്ടികളോടും അവരുടെ മാതാപിതാക്കളോടും ക്രൂരമായി പെരുമാറുന്ന കന്യാസ്ത്രീയെ പ്രതിനിധാനപ്പെടുത്തുന്നതിലൂടെ നൂറ്റാണ്ടുകള്‍ നീണ്ട മിഷണറിപ്രവര്‍ത്തനത്തെ പൈശാചിക പ്രവൃത്തിയെന്നോണം നികൃഷ്ടമാക്കാനാണ് സിനിമ ഉന്നം വെക്കുന്നത്. മകന്റെ കളിക്കൂട്ടുകാരിയായ പൂച്ച പ്രസവിക്കുമ്പോള്‍ കുട്ടികള്‍ ആണെത്ര, പെണ്ണെത്ര എന്ന ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട്; അലന്‍സിയര്‍ അവതരിപ്പിക്കു അയ്യര്‍ കഥാപാത്രം, ലിംഗനിര്‍ണയം നിയമവിരുദ്ധമാണെന്ന് വിടുവായത്തം പറയുന്നതിനെ ഭാര്യ അടച്ചു പിടിക്കുന്നു. ഇഷ്ടം പോലെ സ്വാമി ജോക്കുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണെന്നും അതിലേക്ക് പുതുത് സംഭാവന ചെയ്യേണ്ടെന്നുമുള്ള അവരുടെ ഉത്തരവ്, ബ്രാഹ്മണര്‍ക്ക് ധാരാളം ബഹുമാനം വാരിക്കോരി കൊടുക്കാത്ത സമകാലിക പ്രവണതയില്‍ പ്രതിഷേധിക്കാനുള്ള സൂത്രവിദ്യയാണ്. ഇത്രയും ജാതി ചിന്തയുള്ളവളെ താന്‍ കണ്ടിട്ടില്ല എന്നാണ് അയ്യര്‍ ഭാര്യയെക്കുറിച്ച് പറയുന്നത്. ആറ്റുകാല്‍ പൊങ്കാല ദിവസം ജാതി നോക്കാതെ എല്ലാവരെയും സഹായിക്കുന്ന ഭാര്യയുടെ ഇരട്ടത്താപ്പിനെയാണ് അയാള്‍ തുറന്നു കാട്ടുന്നത്. ബ്രാഹ്മണഭാര്യയുടെ ജാതിചിന്തയെ വരെ പ്രതിരോധിച്ച് നേര്‍വഴിക്കു നടത്തുകയും പുരോഗമനകാരിയായിരിക്കുകയും ചെയ്യുന്ന പുരുഷബ്രാഹ്മണന്റെ മികവിനെ ശാശ്വതവത്ക്കരിക്കാനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമമാണീ പരാമര്‍ശങ്ങള്‍ എന്നതാണ് വാസ്തവം.
ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കു കൊള്ളാനും പങ്കു കൊണ്ടു എന്നു വരുത്തിത്തീര്‍ക്കാനും ടെലിവിഷനു വേണ്ടി കവര്‍ ചെയ്യാനുമാണ് മൂന്നു ഭാര്യമാര്‍ വീടിനു പുറത്തേക്ക് പോകുന്നത്. ഇതില്‍, ബ്രാഹ്മണഗൃഹത്തിലെത്തുന്ന രാധികക്കു മാത്രമേ യഥാവിധി പൊങ്കാലയിട്ട് ദേവീ സായൂജ്യമടയാനാകുന്നുള്ളൂ. ഒ ബി വാനും വാനിറ്റി വാനുമായി വാര്‍ത്താ ചാനലിനു വേണ്ടി പൊങ്കാല കവര്‍ ചെയ്യുതിനിടെ രശ്മിയെ ചാനല്‍ മേധാവി ലൈംഗികമായി കടന്നാക്രമിക്കാന്‍ ശ്രമിക്കുന്നു. ജോസഫിന്റെ വീട്ടിലെത്തുന്ന വിദ്യ, ബീഫ്  (ഹിന്ദു പുണ്യ പുരാണ ദിവസത്തില്‍ ഗോമാംസം കൊണ്ട് ഭക്ഷണം!) കഴിക്കുകയും കേരള സാരി അണിഞ്ഞ് പാശ്ചാത്യ നൃത്തമാടുകയും ജോസഫുമായി ലൈംഗികബന്ധത്തിന്റെ വക്കത്തു വരെ എത്തുകയും ചെയ്യുന്നു. മുപ്പത്തഞ്ചു ലക്ഷം ഹിന്ദു സ്ത്രീകള്‍ ജാതിവേര്‍തിരിവില്ലാതെ പങ്കെടുത്തു നടത്തു പൊങ്കാല ദിവസവും സ്ത്രീക്കു രക്ഷ കിട്ടണമെങ്കില്‍ ബ്രാഹ്മണ ഗൃഹം തന്നെ വേണമെ സവര്‍ണ വിധേയത്വമാണ് വെടിവഴിപാട് ശാശ്വതവത്ക്കരിക്കുന്നത്.
ലക്ഷക്കണക്കിന് സ്ത്രീകള്‍ സ്വതന്ത്രമായും ആഘോഷമായും പങ്കെടുക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രാനുഷ്ഠാനമായി മാറിയ ആറ്റുകാല്‍ പൊങ്കാലയെ രേഖപ്പെടുത്തുന്ന വെടിവഴിപാട്, മലയാള സിനിമയിലെ ചില ഘട്ടങ്ങളെയും ചരിത്രവത്ക്കരിക്കുന്നുണ്ട്. തിരുവനന്തപുരത്തെ പ്രമുഖ സ്റ്റുഡിയോ ഉടമയും(മെരിലാന്റ്) തിയറ്ററുകളുടെ സ്ഥാപകനും മലയാള സിനിമാ നിര്‍മാതാവും(നീല പ്രൊഡക്ഷന്‍സ്) സംവിധായകനുമായ പി സുബ്രഹ്മണ്യം മുതലാളിയെയാണ് ചിത്രം പിന്തുടരുന്നത്. കിഴക്കെ കോട്ടയിലെ ശ്രീബാല തിയറ്ററില്‍ സ്ഥിരമായി ഷക്കീല പടങ്ങള്‍ കളിക്കുന്നതിനെ പരിഹസിക്കുന്ന ചിത്രത്തിലെ പരാമര്‍ശത്തില്‍ ആ തിയറ്ററിന് ശുക്ലത്തിന്റെ മണമാണെന്നും, തിയറ്ററിനു മുമ്പിലൂടെ നടക്കുന്ന പെണ്‍കുട്ടികള്‍ താനെ ഗര്‍ഭിണികളായി പോകുമെന്നും വ്യാഖ്യാനിക്കുന്നു.. എന്നാല്‍, അതേ തിയറ്ററില്‍ പൊങ്കാലക്കു തലേന്ന് നീലാ പ്രൊഡക്ഷന്‍സിന്റെ പുണ്യ പുരാണ ചിത്രം കുമാരസംഭവമാണ് കാണിക്കുന്നത്. സ്ത്രീകള്‍ ഇത് കാണാന്‍ ഇടിച്ചു കയറുകയും ചെയ്തു. കേരള സംസ്ഥാന അവാര്‍ഡ് ഏര്‍പ്പെടുത്തി തുടങ്ങിയ 1969ല്‍ അതു നേടിയ ചിത്രമായ കുമാരസംഭവത്തിന്റെ അതേ നിര്‍മാതാക്കളാണ് യൗവനം/വണ്ടിക്കാരി, ക്യാന്‍സറും ലൈംഗിക രോഗങ്ങളും തുടങ്ങിയ അശ്ലീല/അര്‍ദ്ധാശ്ലീല (ലൈംഗിക വിദ്യാഭ്യാസ ചിത്രം എന്നും പറയും) സിനിമകളും പടച്ചു വിട്ടത്.
സ്ത്രീ മേധാവിത്തം നിലനില്‍ക്കുന്ന ദാമ്പത്യമായതിനാല്‍ പുരുഷത്വം ചോര്‍ന്നു പോയതിനാലാണ്, സഞ്ജയിന് അഭിസാരികയുമായി ബന്ധപ്പെടാനാകാതെ പോകുന്നത്. പുരുഷന്റെ ഷണ്ഡത്വം തന്നെ സ്ത്രീ നിര്‍മിച്ചെടുക്കുന്നതാണൊണ് ആവിഷ്‌ക്കരിക്കുന്നത്. പ്രദീപിനാകട്ടെ ഓഹരിക്കമ്പോളത്തില്‍ ഒരു ഷെയറിന്റെ വില അമിതമായി ഇടിഞ്ഞതിന്റെ ആഘാതമാണ് കുഴപ്പമായി വരുന്നത്. നിയമവ്യവസ്ഥ ഇല്ലാത്ത, അഴിമതി നിറഞ്ഞ ഈ രാജ്യത്ത് ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്നു നിലവിളിക്കുകയാണയാള്‍. ജോലിയുടെയും ധനസമ്പാദനത്തിന്റെയും സംഘര്‍ഷങ്ങള്‍ പുരുഷന്റെ ലൈംഗികാസക്തിയെ സമ്പൂര്‍ണമായി ഇല്ലാതാക്കുന്നതിന്റെ പരിദേവനമായി ഇതിനെ കണക്കാക്കാം. മൂന്നാമനായ രാഹുലാകട്ടെ അഭിസാരികയുമായി ബന്ധം തുടങ്ങിവരവെയാണ്, തന്റെ മരിച്ചു പോയ മകളുടെ ഫോേട്ടാ കണ്ണില്‍ പെടുന്നത്. ടി വി കൊച്ചുബാവയുടെ ബംഗ്ലാവ് എന്ന കഥയില്‍ വൈഫ് സ്വാപ്പിംഗ് ക്ലബിലെ അംഗങ്ങളായ അഛനും അമ്മയും വാരാന്ത്യത്തിലെ കൂടുവിട്ട് കൂടുമാറല്‍ അയവിറക്കി സ്പീഡില്‍ കാറോടിച്ച് വീട്ടിലേക്ക് തിരിച്ചുപോരവെ, സൈഡ് കിട്ടാതെ പിന്നിലാകുന്ന ആംബുലന്‍സില്‍ അവരുടെ മകളുടെ മൃതദേഹം അനുഗമിക്കുന്ന കഥാസന്ദര്‍ഭത്തിനു തുല്യമായ അനുഭവമായി ഇതിനെ കാണാം. തൊട്ടടുത്ത മുറിയില്‍ അഛന്‍ മരണത്തോട് മല്ലടിക്കുമ്പോള്‍, ഭാര്യയെ ഭോഗിച്ച ഗാന്ധിയുടെ ലൈംഗിക വിരക്തി പോലെ രാഹുലും പിന്മാറുന്നു.
ലൈംഗികത നിഷേധിക്കപ്പെടുകയും നിരോധിക്കപ്പെടുകയും നിശ്ശബ്ദമാക്കപ്പെടുകയും ചെയ്തു കഴിഞ്ഞാല്‍ പിന്നെ അതിനെക്കുറിച്ച് സംസാരിക്കുവരും അന്വേഷിക്കുന്നവരും അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുന്നു. അതായത്, സത്യം എന്താണെന്ന് അന്വേഷിക്കുന്നവരും തുറന്നു പറയുന്നവരും അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നു. അയാള്‍/അവള്‍ ഭരണഘടനകള്‍ ലംഘിക്കും എന്ന് പ്രാഥമികമായി തന്നെ തിരിച്ചറിയപ്പെടുന്നതിനാല്‍ അയാ(വ)ളും ബഹിഷ്‌കൃതനാ(യാ)യിരിക്കും. അയാള്‍/അവള്‍ വരുംകാലത്തുള്ള സ്വാതന്ത്ര്യത്തെയാണ് വിഭാവനം ചെയ്യുന്നത് എന്നതിനാലും അപകടകാരിയാണ്. പൊതുബോധത്തിന്റെ സേഫ്റ്റിവാള്‍വുകളാണ് വേശ്യാലയങ്ങളെന്നതു പോലെ, പൊതു സംസാരത്തിന്റെ സേഫ്റ്റിവാള്‍വുകളാണ് ഗോസിപ്പുകളും പരദൂഷണങ്ങളും. ഈ സേഫ്റ്റി വാള്‍വിന്റെ ധര്‍മമാണ് വെടിവഴിപാട് നിര്‍വഹിക്കുന്നത്. സാമ്പത്തിക വ്യവസ്ഥയുടെ പ്രത്യയശാസ്ത്രം മാത്രമായിട്ടല്ല ലൈംഗികതയുടെ നിയമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ബോധനം എന്ന പ്രാചീനമായ ആവിഷ്‌ക്കാരരൂപത്തിന് പിന്തുണയര്‍പ്പിക്കുന്നതും ലൈംഗികതയാണെന്നു കാണാം. വിദ്യാഭ്യാസവും നിര്‍മിത കലകളും കുടുംബരൂപീകരണവും സംസ്‌ക്കാര രൂപീകരണവും സാധ്യമാവുന്നത് ബോധനത്തിലൂടെയാണെന്നിരിക്കെ അതിന്റെ വ്യാപ്തി വിവരണാതീതവുമാണ്. അതായത്, അടിച്ചമര്‍ത്തപ്പെട്ട ലൈംഗികത എന്നത് കേവലം സൈദ്ധാന്തികമായ ഒരു പ്രശ്‌നമണ്ഡലമല്ലെന്നര്‍ത്ഥം. മുതലാളിത്തത്തിന്റെ സാമ്പത്തികവ്യവസ്ഥയെ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കാനും ഭരണനിയമങ്ങളെ സാധുതയുള്ളതാക്കാനും ഭാവിയെ സംരക്ഷിതമാക്കാനും ഈ ധാര്‍മിക സദാചാരത്തെയാണ് ആശ്രയിക്കുതെന്നു ചുരുക്കം. ഈ കാലത്ത് ജീവിച്ചിരിക്കുന്നു എന്നതു കൊണ്ടു മാത്രം, നാം നമ്മുടെ ഭൂതകാലത്തിനും വര്‍ത്തമാനകാലത്തിനും നമുക്കു തന്നെയും എതിരായിത്തീര്‍ന്നിരിക്കുന്നു. ലൈംഗികത എന്നത് ഒരു കുറ്റകൃത്യമാണെന്ന് വ്യവസ്ഥാപിതപ്പെടുത്തുന്നതിലൂടെയാണ് നാം നമ്മുടെ ചരിത്രപരവും ജൈവപരവുമായ വിപരീതത്തിനുള്ളില്‍ കുടുങ്ങിപ്പോയിരിക്കുന്നത്. അധികാരം-ജ്ഞാനം-ആഹ്ലാദം എന്ന സാമ്രാജ്യത്വത്തിന്റെ നിര്‍വചനമെന്താണ് എന്നതു തന്നെയാണ് പ്രാഥമികമായ പ്രശ്‌നം.
Reference : The History of Sexuality - Michel Foucault