Monday, January 10, 2011

ഇറാനിയന്‍ ഭരണകൂടം ഈ പച്ച ഭൂതത്തെ പേടിക്കുന്നതെന്തിന്?

ഞെട്ടിക്കുന്ന ഭീകരവാര്‍ത്തകളാണ് ഇറാനില്‍ നിന്ന് പുറത്തു വരുന്നത്. വിഖ്യാത ചലച്ചിത്രകാരനായ ജാഫര്‍ പനാഹിയെ ആറു വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ജയിലിലടക്കുകയും അദ്ദേഹത്തിന് ഇരുപതു വര്‍ഷത്തേക്ക് സിനിമയെടുക്കാന്‍ പാടില്ല എന്ന് ഉത്തരവിടുകയും ചെയ്തിരിക്കുകയാണ് ഇറാനിയന്‍ ഭരണകൂടം. ഒരു സമൂഹജീവി എന്ന നിലക്കുള്ള അദ്ദേഹത്തിന്റെ എല്ലാ അവകാശങ്ങളും എടുത്തുകളഞ്ഞിരിക്കുന്നു. സിനിമയെടുക്കുന്നതിനു മാത്രമല്ല; തിരക്കഥകളെഴുതുക, അഭിമുഖങ്ങള്‍ നല്‍കുക, വിദേശയാത്രകള്‍ ചെയ്യുക എന്നീ കാര്യങ്ങള്‍ക്കൊന്നും അദ്ദേഹത്തിന് അവകാശമില്ല. ഭരണകൂടത്തിനെതിരായ പ്രചാരണങ്ങള്‍ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടിട്ടുള്ള കുറ്റം. ഇറാനിയന്‍ ഭരണ/മത നേതൃത്വത്തിന് കലയോട് അസഹിഷ്ണുതാപൂര്‍ണമായ സമീപനമാണുള്ളത് എന്ന ഖൊമേനിക്കാലത്തെ പഴയ ആരോപണത്തെ വീണ്ടും ശരി വെക്കുന്ന തരത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് ഈ കുടില സംഭവം തെളിയിക്കുന്നു. ലോക പ്രശസ്തി നേടിയെടുത്ത ഇറാനിയന്‍ സിനിമയുടെ ദുരന്തവും ഒരു പക്ഷെ അവസാനവും കുറിച്ചേക്കാവുന്ന ഒരു ഭരണകൂട ഭീകരപ്രവൃത്തിയായിട്ടാണ് സ്വതന്ത്ര-ജനാധിപത്യ ലോകം ഈ സംഭവത്തെ കണക്കാക്കുന്നത്.

മഹത്തായ ചരിത്രമുള്ളതും വിപുലമായ പ്രേക്ഷക ശൃംഖലയെ ഇന്നും നിലനിര്‍ത്തിപ്പോരുന്നതുമായ അഭിവൃദ്ധിയുള്ള ഒരു സിനിമയാണ് ഇറാനിയന്‍ സിനിമ അഥവാ പേര്‍സ്യന്‍ സിനിമ. സ്വയം പര്യാപ്തമായ രീതിയില്‍ സ്വന്തം രാജ്യത്തും അയല്‍ രാജ്യങ്ങളിലുമായി വാണിജ്യ വിജയങ്ങള്‍ നേടുന്നവയ്ക്കു പുറമെ ലോകവ്യാപകമായി മേളകളിലൂടെ അവാര്‍ഡുകളും പ്രശംസകളും ഏറ്റു വാങ്ങുന്ന സൌന്ദര്യാത്മക സൃഷ്ടികള്‍ വരെ അനവധി സിനിമകള്‍ വര്‍ഷം തോറും ഇറാനില്‍ നിന്ന് പുറത്തിറങ്ങിക്കൊണ്ടേ ഇരിക്കുന്നുണ്ട്. ലോകത്തെമ്പാടും ഇറാനിയന്‍ സിനിമകള്‍ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഇറാനിയന്‍ ചലച്ചിത്ര മേളകള്‍ തന്നെ സംഘടിപ്പിക്കപ്പെടുന്നുണ്ട്. 1990 കളോടെ ചൈനയെപ്പോലെ ചലച്ചിത്രക്കയറ്റുമതിയുടെ കാര്യത്തില്‍ ഇറാനും ശ്രദ്ധേയമായ പുരോഗതി നേടിക്കഴിഞ്ഞു. ചില നിരൂപകര്‍ ലോകത്തുള്ളതില്‍ വെച്ചേറ്റവും മികച്ച ദേശീയ സവിശേഷതകള്‍ നിലനിര്‍ത്തുന്ന കലാവ്യവസ്ഥകളിലൊന്നായി ഇറാനിയന്‍ സിനിമയെ പരിഗണിക്കുന്നുമുണ്ട്. മുന്‍ ദശകങ്ങളില്‍ സജീവമായിരുന്ന ഇറ്റാലിയന്‍ നിയോ റിയലിസം പോലെ സ്വന്തം സംസ്ക്കാരത്തെയും ഇതര സംസ്ക്കാരങ്ങളെയും ആഴത്തില്‍ സ്വാധീനിക്കാവുന്ന ഒരു ദിശാബോധം തന്നെ ഇറാനിയന്‍ സിനിമ രൂപീകരിച്ചതായിട്ടാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. വിഖ്യാത ജര്‍മന്‍ ചലച്ചിത്രകാരനായ വെര്‍ണര്‍ ഹെര്‍സോഗിനെപ്പോലുള്ളവര്‍ ലോകത്തെ ഏറ്റവും പ്രധാനമായ കലാസിനിമകളിലൊന്നായിട്ടാണ് ഇറാനിയന്‍ സിനിമയെ വിശേഷിപ്പിക്കുന്നത്. ഷാക്കെതിരെ 1979ല്‍ നടന്ന വിപ്ളവത്തോടെ പരിപൂര്‍ണമായി പരിവര്‍ത്തിതമായ ഇറാനിയന്‍ സാംസ്ക്കാരിക-രാഷ്ട്രീയ അവസ്ഥയുടെ സങ്കുലതകളും വൈവിധ്യങ്ങളും പ്രതിഫലിപ്പിക്കുന്ന ആധുനിക ഇറാനിയന്‍ സിനിമ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു. സിനിമയുടെ ലോക ചരിത്രത്തില്‍ എക്കാലവും സ്ഥാനം പിടിക്കാവുന്ന നിരവധി സിനിമകളും മാസ്റര്‍മാരും ഇറാനില്‍ നിന്ന് ഇതിനെ തുടര്‍ന്ന് പുറത്തുവരുകയുണ്ടായി. വ്യത്യസ്തമായ ശൈലികള്‍, ഇതിവൃത്തങ്ങള്‍, സംവിധായകര്‍, ദേശ രാഷ്ട്ര സങ്കല്‍പത്തെക്കുറിച്ചുള്ള ആശയം, സാംസ്ക്കാരികമായി സവിശേഷമായ സന്ദര്‍ഭത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എന്നിവയിലൂടെയാണ് ഇറാനിയന്‍ സിനിമ ആരാലും ശ്രദ്ധിക്കപ്പെടുന്നത്.

1960കളിലാണ് ഇറാനിയന്‍ നവതരംഗ സിനിമകളുടെ കാലം ആരംഭിക്കുന്നത്. രാഷ്ട്രീയവും തത്വശാസ്ത്രപരവുമായ അര്‍ത്ഥ തലങ്ങളുണ്ടായിരിക്കെ തന്നെ കാവ്യാത്മകമായ ഒരു ആഖ്യാന രീതി ഈ ചിത്രങ്ങളില്‍ കാണാം. ഇവയുടെ ശക്തമായ സ്വാധീനത്തെ തുടര്‍ന്ന് പുതിയ ഇറാനിയന്‍ സിനിമ എന്ന സംജ്ഞയും പ്രയോഗത്തില്‍ വന്നു. അബ്ബാസ് ഖൈരസ്തമി, ജാഫര്‍ പനാഹി, മാജിദ് മജീദി, ബഹ്റാം ബെയസായ്, ദറിയൂസ് മെഹ്റൂജി, മൊഹ്സെന്‍ മഖ്മല്‍ബഫ്, ഖോസ്റോ സിനായ്, സൊഹ്റാബ് ഷാഹിസ് സാലെസ്സ്, പര്‍വീസ് കിമിയാവി, അമീര്‍ നദേരി, അബോല്‍ ഫാസി ജലീലി എന്നീ പേരുകള്‍ ഇറാനിയന്‍ നവതരംഗസിനിമകളിലൂടെ ലോകപ്രശസ്തമായിത്തീര്‍ന്നു. ആ കാലഘട്ടത്തിലെ ബുദ്ധിജീവി മണ്ഡലത്തിലും രാഷ്ട്രീയ മണ്ഡലത്തിലുമുണ്ടായ രാസപരിണാമങ്ങളെ തുടര്‍ന്നാണ് ചൈതന്യവത്തായ ഒരു ചലച്ചിത്രാഖ്യാന രീതി ഇറാന്‍ സ്വായത്തമാക്കിയത്. പുതിയ ഇറാനിയന്‍ സിനിമയെ ഉത്തരാധുനിക കലയുടെ ഉദാഹരണങ്ങളായി കണക്കു കൂട്ടുന്ന നിരൂപകരുമുണ്ട്. ഇറ്റാലിയന്‍ നിയോ റിയലിസത്തോട് ഒരു ചാര്‍ച്ച ഇറാനിയന്‍ സിനിമക്കുണ്ടെന്ന നിരീക്ഷണം പ്രബലമാണെങ്കിലും ഇറാനിയന്‍ സിനിമയുടെ സ്വത്വം പ്രത്യേകം രൂപീകൃതമായിട്ടുണ്ടെന്നാണ് വിദഗ്ദ്ധമതം.

നവതരംഗ സിനിമകള്‍ മാറ്റിയെഴുതിയ ചലച്ചിത്ര ഭാഷയെക്കുറിച്ച് റിയല്‍ ഫിക്ഷന്‍സ് എന്ന ലേഖനത്തില്‍ റോസ് ഈസ ഇപ്രകാരമെഴുതി. ഭാവനയും യാഥാര്‍ത്ഥ്യവും തമ്മിലുള്ളതും കഥാസിനിമയും ഡോക്കുമെന്ററിയും തമ്മിലുള്ളതുമായ അതിര്‍വരമ്പുകള്‍ മായ്ച്ചുകളഞ്ഞുകൊണ്ട് സാധാരണ മനുഷ്യരിലും ദൈനം ദിന ജീവിതത്തിലും കാവ്യാത്മക കാല്‍പനികത കണ്ടെത്താന്‍ കഴിഞ്ഞു എന്നതാണ് ഇറാനിയന്‍ സിനിമയുടെ വിജയം.
ചലച്ചിത്രകാരന്മാരുടെ വൈയക്തികവും ദേശീയവുമായ സ്വത്വബോധത്തില്‍ നിന്ന് ഉയിര്‍ക്കൊണ്ട ഈ പുതിയ മാനവികവും സൌന്ദര്യാത്മകവുമായ ചലച്ചിത്ര ഭാഷ ആഗോളീയതയുടെ ശാക്തേയതയെ മറികടന്നുകൊണ്ട് സ്വന്തം രാജ്യത്തു മാത്രമല്ല, ലോകവ്യാപകമായ പ്രേക്ഷക സമൂഹത്തിനോട് സര്‍ഗാത്മകമായി സംവദിക്കാന്‍ പ്രാപ്തി നേടിയിരിക്കുന്നു.
ക്ളോസപ്പ് - ഇറാനിയന്‍ സിനിമ, പാസ്റ്റ്, പ്രസന്റ്, ഫ്യൂച്ചര്‍ എന്ന ഗ്രന്ഥത്തില്‍ കൊളമ്പിയ സര്‍വകലാശാലയിലെ ഇറാനിയന്‍ പഠനങ്ങള്‍ക്കുള്ള വിഭാഗത്തിലെ പ്രൊഫസറായ ഹമീദ് ദബാഷി പറയുന്നത് ആധുനിക ഇറാനിയന്‍ സിനിമയും ദേശീയ സിനിമ എന്ന പ്രതിഭാസവും സാംസ്ക്കാരിക ആധുനികതയുടെ രൂപമായി വിശദീകരിക്കപ്പെടേണ്ടതുണ്ടെന്നാണ്. അനാദിയായ മനുഷ്യനെക്കുറിച്ചുള്ള ഖുര്‍ ആന്‍ വ്യാഖ്യാനത്തിനു പകരം ചരിത്രപരമായ സ്ഥലകാലനിബന്ധനകളില്‍ കൃത്യമായി സ്ഥാനപ്പെടുത്താവുന്ന തരം ആധുനിക മനുഷ്യനെ ദൃശ്യവത്ക്കരിക്കുന്നു എന്ന ഒറ്റ കാര്യം തന്നെ ആധുനികതയോട് ഇറാനിയന്‍ സമൂഹത്തെ ബന്ധിപ്പിക്കുന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറയുന്നു.

ഇറാനില്‍ സിനിമക്ക് ഇത്തരത്തില്‍ ആകര്‍ഷണീയമായ ഒട്ടനവധി അവസ്ഥകളുണ്ടെങ്കിലും വിപ്ളവത്തിനു മുമ്പും പിമ്പുമായി പല തരത്തില്‍ സജീവമായ സെന്‍സര്‍ഷിപ്പ് കടുത്ത നിബന്ധനകള്‍ അടിച്ചേല്‍പിച്ച് ചലച്ചിത്രകാര•ാരുടെ സ്വാതന്ത്ര്യത്തെ പ്രശ്നഭരിതമാക്കി. അതോടൊപ്പം, ഇറാനിയന്‍ സിനിമകളോട് ചില രാജ്യങ്ങളിലുള്ള വിദ്വേഷവും പഠനവിധേയമാക്കേണ്ടതുണ്ട്. പല ഇറാനിയന്‍ സിനിമകളും രാജ്യത്തിനകത്ത് പ്രദര്‍ശനം നിരോധിക്കപ്പെട്ടവയാണ്. ഇസ്ളാമിക വിപ്ളവത്തിനു ശേഷം സെന്‍സര്‍ഷിപ്പ് കൂടുതല്‍ ശക്തമായി. ജാഫര്‍ പനാഹിയുടെ എല്ലാ ചിത്രങ്ങളും രാജ്യത്തിനകത്ത് നിരോധിക്കപ്പെട്ടവയാണ്. വനിതകള്‍ ഫുട്ബാള്‍ കാണാന്‍ നടത്തുന്ന ശ്രമത്തെക്കുറിച്ചുള്ള ഓഫ്സൈഡ് (2006) എന്ന ചിത്രവും ഇക്കൂട്ടത്തിലുണ്ട്.

എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും ഇറാനിയന്‍ സിനിമ പൊതുജനസംസ്ക്കാരത്തില്‍ സൃഷ്ടിച്ച സ്വാധീനത്തിനു സമാനമായ ഒന്ന് അമ്പതുകള്‍ മുതല്‍ എഴുപതുകള്‍ വരെ ഇറാനിയന്‍ കവിത സൃഷ്ടിച്ച സ്വാധീനം മാത്രമേ ഉള്ളൂ എന്നാണ് ഹമീദ് ദബാഷി പറയുന്നത്. എന്നാല്‍ കവിതയേക്കാളേറെ, രാജ്യത്തിനകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് ഇറാനിയന്‍ വംശജരെ ഒരേ സമയം അഭിസംബോധന ചെയ്തു എന്നതും അവരാല്‍ ആ ചിത്രങ്ങള്‍ സാമാന്യേന സ്വീകരിക്കപ്പെട്ടും എന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. അതുപോലെ തന്നെ പേര്‍സ്യന്‍ ഭാഷയോടുള്ള അപരിചിതത്വം കൊണ്ട് ലോകമെമ്പാടും വായിക്കപ്പെടാതിരുന്ന കവിതയില്‍ നിന്ന് വ്യത്യസ്തമായി ഇറാനിയന്‍ സിനിമ ലോകപ്രേക്ഷകസമൂഹം ആദരവോടെയും ആരാധനയോടെയും ഏറ്റുവാങ്ങി എന്നുള്ളതും എടുത്തു പറയേണ്ടതാണ്. സത്തയില്‍ വാചികമായ സാംസ്കാരിക അടിത്തറയുള്ള ഒരു സമൂഹം ദൃശ്യ സംസ്ക്കാരത്തിലേക്ക് പാകപ്പെടുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ കൂടിയായിരുന്നു ആ പതിറ്റാണ്ടുകളില്‍ കണ്ടത്. അങ്ങിനെ കഥകളിലൂടെയും കവിതകളിലൂടെയും ആവിഷ്കൃതമായിരുന്ന ഉത്ക്കണ്ഠകളും പ്രതീക്ഷകളും ആധുനികമായ ഒരു പൊതുസ്ഥലത്തെ രൂപീകരിച്ചെടുത്ത സിനിമയെന്ന മാധ്യമത്തിലൂടെ പ്രതിഫലിപ്പിക്കപ്പെട്ടു. പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം സിനിമക്കു പോകുക എന്നതു വിലക്കുകളെ ധിക്കരിക്കാനുള്ള നൈസര്‍ഗിക ചോദനയുടെ ഒരു ആവിഷ്ക്കാരം കൂടിയായിരുന്നു. ഷാ ഭരണകൂടം സിനിമയെ പ്രചാരണാവശ്യങ്ങള്‍ക്ക് ദുരുപയോഗപ്പെടുത്തിയിരുന്നു എന്നതുകൊണ്ട് ഇസ്ളാമിസ്റുകള്‍ സിനിമക്കെതിരായി അക്രമാസക്തമായ കലാപങ്ങള്‍ തന്നെ സംഘടിപ്പിച്ചിരുന്നു. നിരവധി സിനിമാശാലകള്‍ തീയിട്ടും ബോംബിട്ടും തകര്‍ത്തു. ഇക്കൂട്ടത്തില്‍ അബദാന്‍ നഗരത്തിലെ സിനിമാ റെക്സ് 1979ല്‍ അകത്തുള്ള പ്രേക്ഷകരെ പുറത്തുവിടാതെ തീയിട്ടതായിരുന്നു ഏറ്റവും ദാരുണമായ സംഭവം. നൂറുകണക്കിന് നിരപരാധികളാണ് സിനിമാ റെക്സില്‍ ചുട്ടു കൊല്ലപ്പെട്ടത്.
ഇസ്ളാമിക വിപ്ളവത്തിനു ശേഷം പുതിയ ഭരണകൂടം അധികാരത്തില്‍ വന്നതോടെ പ്രതിപക്ഷാവിഷ്ക്കാരത്തിനുള്ള ഒരു സ്ഥലമായി സിനിമാശാലകള്‍ പരിണമിക്കുന്നതിന് ഇസ്ളാമിസ്റുകളുടെ ഈ മനോഭാവവും ഒരു കാരണമായിട്ടുണ്ട്. നിയമത്തെ ഉല്ലംഘിക്കാനുള്ള ഒരു നിമിത്തവും സ്ഥലവുമെന്ന അതിയാഥാര്‍ത്ഥ്യമായി സിനിമാതിയറ്ററുകള്‍ മാറി ത്തീര്‍ന്നു. ഇരുട്ടില്‍ കൈ കോര്‍ക്കാനും ചുംബിക്കാനും ദേശീയഗാനം പാടുമ്പോള്‍ എഴുന്നേല്‍ക്കാതിരിക്കാനും ഉള്ള നിഷേധത്തിന്റെ ആഘോഷസ്ഥലമായി സിനിമാശാലകള്‍ കൊണ്ടാടപ്പെട്ടു. അസാധാരണമായ ഒരു നൂതനത്വം, ആകര്‍ഷണം, നിരോധത്തെ മറികടക്കല്‍, അപ്രതീക്ഷിതത്വം എല്ലാം കൂടിച്ചേര്‍ന്നതായിരുന്നു സിനിമ.

ലോകസിനിമയുടെ വൈവിധ്യങ്ങള്‍ കഴിഞ്ഞകാലത്ത് കാണുകയും ഗ്രഹിക്കുകയും അവയുടെ സ്വത്വ പ്രതിനിധാനങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്തതിന്റെ ഒരു മറുപടിയാണ് പില്‍ക്കാല ഇറാനിയന്‍ സിനിമ എന്നാണ് ഹമീദ് ദബാഷി നിര്‍വചിക്കുന്നത്. എന്താണോ തങ്ങള്‍ പണ്ട് കണ്ടത് അതിനെ തങ്ങളുടെ സാംസ്കാരിക വര്‍ണഛായയില്‍ മുക്കി ലോകത്തിനെ തിരിച്ചേല്‍പ്പിക്കുകയാണ് ഇറാന്‍ സിനിമ ചെയ്യുന്നത്. ഇന്ത്യയില്‍ നിന്നും ഈജിപ്തില്‍ നിന്നുമുള്ള സംഗീത സിനിമകള്‍, അമേരിക്കന്‍ വെസ്റേണ്‍ ഴാങ്റിലുള്ളവ, യൂറോപ്യന്‍ അവാങ് ഗാര്‍ദ്, സോവിയറ്റ് യൂണിയനില്‍ നിന്നു വന്ന സാമൂഹ്യ യഥാതഥ സിനിമകള്‍ എന്നിവയെല്ലാം കണ്ട് അപഗ്രഥിച്ചതിന്റെ ഒരു ഭൂതകാലത്തില്‍ നിന്നാണ് പുതിയ ഇറാനിയന്‍ സിനിമ ഉദയം കൊണ്ടത്. ഇസ്ളാമിക വിപ്ളവത്തിന്റെ മഹാഖ്യാനത്തിനുള്ളില്‍ മാത്രം ഇറാനിയന്‍ സംസ്ക്കാരത്തെ പരിമിതപ്പെടുത്തിയ പാശ്ചാത്യ വീക്ഷണത്തെ സിനിമകളിലൂടെ ആവിഷ്ക്കരിക്കുന്ന നൂതനവും വ്യത്യസ്തവുമായ ലാവണ്യം കൊണ്ട് അത്ഭുതപ്പെടുത്തുകയാണ് അത് ചെയ്തത്. ഒളിച്ചുവെക്കപ്പെട്ട ആഗ്രഹങ്ങളൊക്കെയും സിനിമകളിലൂടെ വെളിച്ചം കണ്ടു. രാഷ്ട്രീയവും മതാത്മകവുമായ സെന്‍സര്‍ഷിപ്പുകള്‍ക്കു ശേഷവും മാരിവില്ലിന്റെ സൌന്ദര്യം കൊണ്ട് മെനഞ്ഞ പകല്‍ക്കിനാവുകള്‍ ഇറാനിയന്‍ സിനിമക്ക് നെയ്തെടുക്കാനായി എന്നത് ശ്രദ്ധേയമാണ്.

കാനില്‍ പാം ദ ഓറും വെനീസ് മേളയില്‍ ഗോള്‍ഡന്‍ ലയണും ബെര്‍ലിനില്‍ സില്‍വര്‍ ബിയറും അടക്കമുള്ള നിരവധി പുരസ്കാരങ്ങള്‍ നേടിയ ജാഫര്‍ പനാഹിയെ പ്പോലൊരു ചലച്ചിത്രകാരനെ തടവിലിട്ടത് ലോകമാനവികതയെ തന്നെ തടവിലിട്ടതിന് തുല്യമാണ്. കുട്ടിക്കാലത്തേ സാഹിത്യ-കലാ വാസനകള്‍ പ്രകടിപ്പിച്ചിരുന്ന പനാഹി പില്‍ക്കാലത്ത് ഫോട്ടോഗ്രാഫിയും ഡോക്കുമെന്ററികളും എടുത്തുകൊണ്ടാണ് ചലച്ചിത്രകലയിലേക്ക് ആകൃഷ്ടനാകുന്നത്. 1980-1988 കാലത്തെ ഇറാന്‍ ഇറാഖ് യുദ്ധകാലത്ത് സൈനിക സര്‍വ്വീസിലുണ്ടായിരുന്ന പനാഹി ആ യുദ്ധത്തെക്കുറിച്ച് ഒരു ഡോക്കുമെന്ററി തയ്യാറാക്കിയിട്ടുണ്ട്. അബ്ബാസ് ഖൈരസ്തമിയുടെ ത്രൂ ദ ഒലീവ് ട്രീസിന്റെ സഹസംവിധായകനായിരുന്നു പനാഹി.


1995ല്‍ സംവിധാനം ചെയ്ത വൈറ്റ് ബലൂണ്‍ കാനില്‍ പാം ദ ഓര്‍ നേടി. ഖൈരസ്തമിയാണ് തിരക്കഥ രചിച്ചത്. ഏഴു വയസ്സുകാരിയായ റസിയയും അവളുടെ അമ്മയും നവവത്സരപ്പിറവിയുടെ തലേന്ന് തെഹ്റാന്‍ നഗരത്തിലെ മാര്‍ക്കറ്റില്‍ ഷോപ്പിംഗ് നടത്തുകയായിരുന്നു. അവള്‍ക്ക് ഇഷ്ടപ്പെട്ട സ്വര്‍ണമത്സ്യത്തെ അമ്മ വാങ്ങിച്ചുകൊടുക്കുന്നില്ല. പിന്നീട് പണം കിട്ടിയെങ്കിലും അതു വാങ്ങാനുള്ള നെട്ടോട്ടത്തിനിടയില്‍ പണം നഷ്ടപ്പെടുന്നു. അത് തിരഞ്ഞുള്ള ഓട്ടമായി പിന്നെ. സിനിമ അവസാനിക്കുമ്പോള്‍ പ്രധാന കഥാപാത്രങ്ങളില്‍ പലരും അപ്രസക്തരാവുന്നു. പകരം പുതിയ കഥാപാത്രങ്ങളെ ഫോക്കസ് ചെയ്തുകൊണ്ടാണ് പനാഹി നമ്മെ അമ്പരപ്പിക്കുന്നത്. ഇസ്ളാമികഭരണകാലത്തെ സ്ത്രീ ജീവിതത്തെ സത്യസന്ധമായി ആവിഷ്ക്കരിക്കുന്ന ദ സര്‍ക്കിള്‍(2000) ആണ് പനാഹിയെ ലോകപ്രശസ്തനാക്കിയത്. അള്‍ട്രാസൌണ്ട് സ്കാനിംഗില്‍ കണ്ടത് ആണ്‍കുട്ടിയെ ആയിരുന്നുവെങ്കിലും സോള്‍മാസ് ഗോലാമി പ്രസവിക്കുന്നത് പെണ്‍കുട്ടിയെയാണ്. അവളുടെ അമ്മ തികച്ചും അസ്വസ്ഥയാകുന്നു. അവളെ ഭര്‍തൃഗൃഹക്കാര്‍ ഉപേക്ഷിച്ചേക്കുമോ എന്ന് ഭയന്ന്, മറ്റൊരു പെണ്‍കുട്ടിയെക്കൊണ്ട് ഭര്‍തൃസഹോദരന്മാരെ അമ്മാവാ എന്നു വിളിപ്പിക്കുകയാണ് അവര്‍. ഫോണ്‍ ബൂത്തിലുള്ളത് മൂന്നു പേരാണ്. അതില്‍ പാരിയുടെ കാര്യം കഷ്ടമാണ്. അവള്‍ ഗര്‍ഭിണിയാണ്; പക്ഷെ കുഞ്ഞിന്റെ അഛന്‍ വധിക്കപ്പെട്ടിരിക്കുന്നു. അവള്‍ക്ക് ഗര്‍ഭഛിദ്രം നടത്തണമെന്നുണ്ട്; പക്ഷെ അതിനുള്ള അപേക്ഷയില്‍ ഒപ്പിടാനുള്ള ആളാണ് മരണപ്പെട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള പല നിരാശാഭരിതരുടെ ദൂഷിത വൃത്തമായിട്ടാണ് സിനിമ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇറാനിലെ സ്ത്രീകള്‍ നേരിടുന്ന ദുരവസ്ഥകളാണ് ആഖ്യാനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതു തന്നെയാണ് യാഥാസ്ഥിതിക ഭരണകൂടത്തെ പ്രകോപനം കൊള്ളിക്കുന്നതും. ഒറ്റക്ക് യാത്ര ചെയ്യാനുള്ള സ്ത്രീകളുടെ ബുദ്ധിമുട്ട്, വസ്ത്ര ധാരണത്തിലെ നിബന്ധനകള്‍ എന്നിവ ഹൃദയസ്പര്‍ശകമായി ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു. തെഹ്റാന്‍ നഗരക്കാഴ്ചകളില്‍, ദുരന്തവും സന്തോഷവും സമാന്തരമായിരിക്കുന്നത് പനാഹി ചിത്രീകരിക്കുന്നത് ചലച്ചിത്രകലയുടെ ആഖ്യാനരീതിയെ സമ്പുഷ്ടമാക്കുന്ന തരത്തിലാണ്. ഒരു ഭാഗത്ത്, ഒരു പെണ്‍കുട്ടി ഉപേക്ഷിക്കപ്പെടുമ്പോള്‍ തൊട്ടടുത്ത് ഒരു വിവാഹപാര്‍ടിയുടെ ആരവങ്ങളാണ്. ദ സര്‍ക്കിളിന് വെനീസില്‍ ഗോള്‍ഡന്‍ ലയണും സാന്‍ സെബാസ്റ്യനില്‍ മികച്ച ചിത്രത്തിനുള്ള ഫിപ്രെസ്കി പുരസ്കാരവും ലഭിച്ചു. ഈ ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുമ്പോള്‍ ന്യൂയോര്‍ക്കിലെ ജെ എഫ് കെ വിമാനത്താവളത്തില്‍ വെച്ച് പനാഹി തടഞ്ഞുവെക്കപ്പെടുകയുണ്ടായി. ഇറാനിലെ പൊതു ഫുട്ബാള്‍ സ്റേഡിയത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. ആവേശകരമായ ഒരു കളി കാണാന്‍ വേഷപ്രഛന്നരായി ഗാലറിയില്‍ കടന്നിരിക്കുന്ന പെണ്‍കുട്ടികളുടെ കഥയായ ഓഫ്സൈഡ്(2006) ഇറാനില്‍ നിരോധിക്കപ്പെട്ടു; ബെര്‍ലിനില്‍ സില്‍വര്‍ ബെയര്‍ നേടി. ക്രിമ്സണ്‍ ഗോള്‍ഡാണ് ജാഫര്‍ പനാഹിയുടെ പ്രസിദ്ധമായ മറ്റൊരു സിനിമ.


2009 ജൂലായില്‍ പനാഹി അറസ്റ്റ് ചെയ്യപ്പെട്ടതായി ഒരു ഇറാനിയന്‍ ബ്ളോഗര്‍ പുറം ലോകത്തെ അറിയിച്ചിരുന്നു. ബെര്‍ലിന്‍ മേളയില്‍ അതിഥിയായി പങ്കെടുത്ത് ഇറാനിയന്‍ സിനിമയുടെ വര്‍ത്തമാനകാല പരിതസ്ഥിതിയെക്കുറിച്ച് പ്രഭാഷണം നടത്താനിരിക്കുകയായിരുന്നു പനാഹി. അത് നടന്നില്ല. പിന്നീട് 2010 മാര്‍ച്ചില്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തെ 48 മണിക്കൂര്‍ കഴിഞ്ഞാണ് വിട്ടയച്ചത്. ലോകത്തെമ്പാടുമുള്ള ചലച്ചിത്ര പ്രവര്‍ത്തകരും സാമൂഹ്യ-മനുഷ്യാവകാശ പ്രവര്‍ത്തകരും ഈ അറസ്റിനെ അപലപിച്ചിരുന്നു. തന്റെയും സഹപ്രവര്‍ത്തകരുടെയും തടവിനെ പനാഹി വിശേഷിപ്പിക്കുന്നത്, കലയെയും കലാകാരന്മാരെയും റാഞ്ചാനുള്ള ഇറാനിയന്‍ ഭരണകൂടത്തിന്റെ ശ്രമം എന്നാണ്. ഇറാനില്‍ അധിനിവേശം നടത്താനും ജനങ്ങളെ ബന്ദിയാക്കാനുമുള്ള അമേരിക്കയടക്കമുള്ള ഏതെങ്കിലും വൈദേശിക ശക്തികളുടെ ശ്രമങ്ങള്‍ക്കും താന്‍ എതിരാണെന്ന് ജാഫര്‍ പനാഹി അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. (ക്രിസ് വിസ്നീസ്ക്കി പനാഹിയുമായി നടത്തിയ അഭിമുഖം റിവേഴ്സ് ഷോട്ട് എന്ന വെബ്സൈറ്റില്‍ വായിക്കുക ). ഇറാനിലും പുറത്തും വേട്ടയാടപ്പെടുന്ന കലാകാരനായ ജാഫര്‍ പനാഹി സമകാലിക ലോകാവസ്ഥയുടെ കൃത്യമായ ഒരു നിദര്‍ശനം തന്നെയാണ്. ഇറാനകത്ത് യാഥാസ്ഥിതികത്വം ദൈനം ദിന ജീവിതത്തെ ദുസ്സഹവും പീഡാത്മകവുമാക്കുന്നു. ഈ യാഥാസ്ഥിതികത്വത്തിനെതിരായ പോരാട്ടത്തില്‍ അണി ചേര്‍ന്നാല്‍ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമെന്ന ഭാവേന അമേരിക്കന്‍ സാമ്രാജ്യത്വം നിങ്ങളെ ഒരു ഭാഗത്ത് പ്രയോജനപ്പെടുത്തുകയും മറു ഭാഗത്ത് പീഡിപ്പിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യത്തിലേക്കുള്ള ദൂരം ഇനിയും താണ്ടേണ്ടതുണ്ടെന്നു തന്നെയാണ് ഈ ദുരന്തം തെളിയിക്കുന്നത്.

Friday, January 7, 2011

മലയാള സിനിമ എന്ന തൊഴിലുറപ്പു പദ്ധതി

ടിന്റുമോന്‍ : ഹോ, ഞാനിന്നൊരു മലയാള സിനിമ കാണാന്‍ പോയി. തൊട്ടു മുമ്പു കഴിച്ച ചിക്കന്‍ ബിരിയാണിയില്‍ നിന്ന് കോഴി ജീവന്‍ വെച്ച് കൂവി. അത്ര ബോറ് പടം!

എണ്‍പതുകളില്‍ നിലച്ചു പോയ കച്ചവട സിനിമയുടെയും എഴുപതുകളില്‍ നിലച്ചു പോയ കലാ സിനിമയുടെയും അറുപതുകളില്‍ നിലച്ചു പോയ പ്രദര്‍ശന സംവിധാനങ്ങളുടെയും ഇരുപതാം നൂറ്റാണ്ടില്‍ നിലച്ചു പോയ കാണികളുടെയും ഭാവുകത്വ പ്രതിസന്ധികളാണ് യഥാര്‍ത്ഥത്തില്‍ മലയാള സിനിമയുടെ മാറ്റത്തെ അസാധ്യമാക്കുന്നതെന്ന തിരിച്ചറിവ് വീണ്ടും ഉറപ്പിക്കുന്ന ഒരു വര്‍ഷം കൂടിയാണ് കടന്നു പോയത്. വിവിധ വിഭാഗത്തിലുള്ളവര്‍ക്ക് തൊഴിലുറപ്പു വരുത്താവുന്ന വിധത്തില്‍ തൊണ്ണൂറോളം സിനിമകള്‍ ഈ പ്രതിസന്ധിക്കിടയിലും പുറത്തു വന്നു എന്നത് ശുഭകരമായ കാര്യമാണോ അതോ അശുഭകരമായ കാര്യമാണോ എന്ന് തീരുമാനിക്കുന്നത്, ചലച്ചിത്ര രചനയെയും ആസ്വാദനത്തെയും സാമൂഹിക പ്രതിനിധാനത്തെയും സംബന്ധിച്ചുള്ള നിലപാടുകളനുസരിച്ച് മാറിയും മറിഞ്ഞുമിരിക്കുമെന്നതാണ് വാസ്തവം.


കേരളത്തിലെ കാണികളുടെ ഭാവുകത്വ പ്രതിസന്ധി കൃത്യമായി വെളിവായത് ഈയിടെ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ വിപിന്‍ വിജയ് സംവിധാനം ചെയ്ത ചിത്രസൂത്രം പ്രദര്‍ശിപ്പിച്ചപ്പോഴും നവാഗത സംവിധായകനുള്ള ഹസന്‍കുട്ടി പുരസ്കാരം നല്‍കിയപ്പോഴുമായിരുന്നു. കടുത്ത അസഹിഷ്ണുതയാണ് കാണികള്‍ പ്രദര്‍ശിപ്പിച്ചത്. കഥ പറയാന്‍ ഏറ്റവും പറ്റിയ മാധ്യമം എന്ന് തിരിച്ചറിഞ്ഞതോടെ, കഥ പറയാന്‍ മാത്രമായി സിനിമ അതിന്റെ ഒരു നൂറ്റാണ്ട് പാഴാക്കിക്കളഞ്ഞു എന്ന് ചിന്തകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സിനിമ എന്നത് ദൃശ്യ-ശബ്ദ ഭാഷകളുടെ സമന്വയവും പുതിയ ദാര്‍ശനികവ്യവഹാരവുമാണെന്ന തിരിച്ചറിവിലേക്ക് വളരാനുള്ള കുതിപ്പായി ചിത്രസൂത്രത്തെ ഉള്‍ക്കൊള്ളാനുള്ള വിവേകവും പാകതയും മലയാളി കാണിച്ചില്ല എന്നത് ഈ വര്‍ഷത്തെ ഏറ്റവും ഖേദകരമായ ഈടുവെപ്പായി രേഖപ്പെടുത്തേണ്ടിയിരിക്കുന്നു.


ദേശ-വിദേശ മേളകളില്‍ പ്രവേശനവും പുരസ്കാരങ്ങളും നേടിയെടുത്ത ഏതാനും സിനിമകള്‍ മുന്‍ വര്‍ഷങ്ങളിലെന്നതു പോലെ ഇത്തവണയും മലയാളത്തിലുണ്ടായി. കുട്ടി സ്രാങ്ക് (ഷാജി എന്‍ കരുണ്‍), സൂഫി പറഞ്ഞ കഥ(കെ പി രാമനുണ്ണി/പ്രിയനന്ദനന്‍), യുഗപുരുഷന്‍(ആര്‍ സുകുമാരന്‍) എന്നീ സ്വയം പ്രഖ്യാപിത കലാത്മക സിനിമകളേക്കാള്‍ ശ്രദ്ധേയമായത് ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് ആറ് ബി(മോഹന്‍ രാഘവ്) എന്ന ചിത്രമായിരുന്നു. നഷ്ടപ്പെട്ടു പോയ അഛനെഴുതിയ കത്തുകള്‍ക്ക്, ചെറുകഥാകൃത്തായ അമ്മു അഛനെഴുതുന്നതെന്ന വ്യാജേന അയക്കുന്ന മറുപടികളിലൂടെ ടി ഡി ദാസന്‍ എന്ന കുട്ടി അനുഭവിക്കുന്ന സുരക്ഷിതത്വ ബോധവും സ്നേഹ സ്വീകാരവും; സത്യസന്ധമായ സര്‍ഗാത്മകാനുഭൂതിയായി അനുവാചകരിലേക്ക് പകരുന്നുണ്ട്. പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള പ്രചരണാത്മക സ്വഭാവം മുഴച്ചു നില്‍ക്കാത്ത പശ്ചാത്തലാഖ്യാനങ്ങള്‍ ഈ സിനിമക്ക് മാറ്റു കൂട്ടുന്നുമുണ്ട്. മാനുഷിക മൂല്യങ്ങളില്‍ വിശ്വാസമര്‍പ്പിക്കാന്‍ നമ്മെ ചിത്രം പ്രേരിപ്പിക്കുന്നു എന്നതാണ് എടുത്തുപറയേണ്ട സവിശേഷത. അതോടൊപ്പം; ഗ്രാമം/നഗരം, യാഥാര്‍ത്ഥ്യം/മിത്ത്, യാഥാര്‍ത്ഥ്യം/കഥ, കുട്ടികള്‍/മുതിര്‍ന്നവര്‍ എന്നിങ്ങനെ വിഭിന്നങ്ങളായ വീക്ഷണ കോണുകളിലേക്ക് ആഖ്യാനത്തെ വികേന്ദ്രീകരിക്കുന്നതിലൂടെ സിനിമ നൂതനമായ അനുഭവമായിത്തീരുകയും ചെയ്യുന്നു. ലളിതാഖ്യാനവും മനസ്സില്‍ തട്ടുന്ന ഇതിവൃത്തവുമുണ്ടായിട്ടും പക്ഷെ, ടി ഡി ദാസന്‍ സ്റ്റാന്റേര്‍ഡ് ആറ് ബി വാണിജ്യ റിലീസിംഗിലൂടെ തിയറ്ററുകളിലെത്തിയപ്പോള്‍ ജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു. നമ്മുടെ പ്രദര്‍ശന സംവിധാനങ്ങളെയും കാഴ്ചാ രീതികളെയും കുറിച്ച് ആഴത്തിലുള്ള പര്യാലോചനകളുടെ പ്രേരണയായി ഇത്തരം ഉപേക്ഷകള്‍ മാറേണ്ടതാണ്.



ഷാജി എന്‍ കരുണിന്റെ കുട്ടിസ്രാങ്ക് ദേശീയ അവാര്‍ഡുകള്‍ വാരിക്കൂട്ടി. പുസാന്‍, മോണ്‍ട്രിയേല്‍, മുംബൈ, ഗോവ എന്നീ മേളകളിലും കുട്ടിസ്രാങ്ക് ശ്രദ്ധ പിടിച്ചു പറ്റി. പല തട്ടുകളിലായി ആവിഷ്ക്കരിക്കപ്പെടുന്നതും സങ്കീര്‍ണവുമായ ആഖ്യാനമാണ് കുട്ടിസ്രാങ്കിനുള്ളത്. പെമ്മേണയോടൊത്തുള്ള കുട്ടിസ്രാങ്കിന്റെ ജീവിതാനുഭവങ്ങള്‍ ഓര്‍മ്മിക്കപ്പെടുന്ന മധ്യഭാഗമാണ് കൂടുതല്‍ ആകര്‍ഷകം. ലവ് ജിഹാദ് എന്ന കെട്ടിച്ചമക്കപ്പെട്ട സാമൂഹിക ഭീതികഥകള്‍ പൊതുബോധത്തെ ആവേശിച്ചതിനിടയിലാണ് സമാനമായ ഒരു ഇതിവൃത്തവുമായി സൂഫി പറഞ്ഞ കഥ പ്രദര്‍ശനത്തിനെത്തിയത്. ആഖ്യാനത്തിലെ ഒതുക്കമില്ലായ്മയും അവ്യക്തതകളും ചേര്‍ന്ന് ചിത്രം പക്ഷെ അനാകര്‍ഷകമായി തീര്‍ന്നു.


പ്രാകൃതമായ ജീവിതം നയിച്ചിരുന്ന കേരളീയരെ ആധുനികവത്ക്കരിക്കുന്നതിലും ഐക്യപ്പെടുത്തുന്നതിലും ശ്രീനാരായണഗുരു വഹിച്ച പങ്ക് ചരിത്രത്തില്‍ പലരൂപത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആധുനിക കേരളസ്രഷ്ടാക്കളില്‍ പ്രഥമസ്ഥാനീയനായ അദ്ദേഹത്തിന്റെ ജീവിതകഥ, ചലച്ചിത്രരൂപത്തിലും പല തവണ ആഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ആര്‍ സുകുമാരന്‍ സംവിധാനം ചെയ്ത യുഗപുരുഷന്‍ പ്രകടിപ്പിക്കുന്ന സമഗ്രത അത്ഭുതാവഹമാണ്. ജാതിയുടെയും സാമുദായികതയുടെയും ശക്തമായ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കുന്ന 'നവകേരളം', ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാക്കി മാറ്റാനുള്ള ഗുരുവിന്റെ പരിശ്രമങ്ങള്‍ വിഫലമായോ എന്ന് പുരോഗമനവാദികള്‍ ആശങ്കപ്പെടുന്ന കാലത്താണ് യുഗപുരുഷന്‍ ചലച്ചിത്ര രൂപത്തില്‍ പുറത്തു വന്നതെന്നതാണ് പ്രസക്തമായ സംഗതി. പതിനഞ്ചു വര്‍ഷം കൊണ്ടാണ് ആര്‍ സുകുമാരന്‍ യുഗപുരുഷന്‍ പൂര്‍ത്തീകരിച്ചത്. ഗുരുവിനോടുള്ള അഗാധമായ ഭക്തിയും ആരാധനയുമാണ് അദ്ദേഹത്തെ ഈ ചിത്രത്തിനു വേണ്ടി നീണ്ട കാലം കാത്തിരിക്കാനും പ്രവര്‍ത്തിക്കാനും പ്രേരിപ്പിച്ചത് എന്ന് വ്യക്തമാണ്. സ്റ്റോറി ബോര്‍ഡിനു വേണ്ടി ചിത്രകാരന്‍ കൂടിയായ സുകുമാരന്‍ 2000 ത്തിലധികം ചിത്രങ്ങളെങ്കിലും വരച്ചിട്ടുണ്ടെന്നറിയുന്നത് വിസ്മയകരമാണ്.

സവര്‍ണ-ഹിന്ദുത്വ-തീവ്രവാദ-കച്ചവട സിനിമകളില്‍ ഏറെക്കാലം അഭിരമിച്ചതിനു ശേഷം വഴി മാറി നടക്കുന്ന രഞ്ജിത്തിന്റെ പുതിയ സിനിമയായ പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് തിയറ്ററുകളില്‍ നിറഞ്ഞോടിയ ചിത്രമാണ്. സമകാലിക കേരളത്തിലെ നാട്യങ്ങളും ജാടകളും; അംഗീകാരത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള നെട്ടോട്ടവും മറ്റും ആക്ഷേപഹാസ്യമായി അവതരിപ്പിക്കുവാനുള്ള ശ്രമമാണീ സിനിമയിലുള്ളത്. ടി വി ചന്ദ്രന്റെ പ്രസിദ്ധ സിനിമയായ ഡാനിയുടെയും അന്‍വര്‍ റഷീദിന്റെ രാജമാണിക്യത്തിന്റെയും ഇടയിലുള്ള ഏതോ വഴി കണ്ടു പിടിച്ചാണ് രഞ്ജിത് ഈ വിജയം കൊയ്തെടുത്തത് എന്നും വ്യാഖ്യാനിക്കാവുന്നതാണ്. ഈ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന ചിറമ്മല്‍ ഈനാശു ഫ്രാന്‍സിസ് എന്ന പ്രാഞ്ചിയേട്ടന്റെ തൃശൂര്‍ ഭാഷ, രാജമാണിക്യത്തിന്റെ തിരുവനന്തപുരം ഭാഷയുടെ അനുകരണം പോലെയല്ലെന്നും കൂടിയ ഇനമാണെന്നും സംവിധായകന്‍ അവകാശപ്പെടുന്നുണ്ട്. അതെന്തുമാവട്ടെ. പ്രാദേശിക ഭാഷാ ഭേദങ്ങളെ പരിഹാസ്യമാക്കുകയും; മുമ്പ് കോട്ടയം, ഇപ്പോള്‍ വള്ളുവനാട് എന്ന രീതിയില്‍ ക്രമീകൃത കേന്ദ്ര ഭാഷയെ മഹത്വവത്ക്കരിക്കുകയും ചെയ്യുന്ന മലയാള സിനിമാ സമ്പ്രദായത്തിന്റെ ശിഥിലീകരണ പ്രവണതയില്‍ നിന്ന് പ്രാഞ്ചിയേട്ടനും ഒഴിഞ്ഞുമാറാനാവില്ല എന്നതാണ് വാസ്തവം.

ലാല്‍ ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടിയാണ് വ്യത്യസ്തതയും വിജയവും ഒരു പോലെ അവകാശപ്പെട്ട മറ്റൊരു സിനിമ. ആണുങ്ങളെക്കുറിച്ചും ആണ്‍കുട്ടികളെക്കുറിച്ചും പഴഞ്ചൊല്ലുകളിലൂടെയും നാട്ടുവഴക്കങ്ങളിലൂടെയും പൊതുബോധത്തിലൂടെയും രൂപീകരിച്ചെടുത്ത പുരുഷാധിപത്യപരമായ അഭിമാനബോധം ശീര്‍ഷകത്തില്‍ തന്നെ ചേര്‍ത്ത് അഹങ്കരിക്കുന്ന ഈ സിനിമ സാധാരണത്തത്തില്‍ കവിഞ്ഞൊരനുഭവവും സത്യത്തില്‍ സൃഷ്ടിക്കുന്നില്ല. മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ഏക ഹിറ്റായ ശിക്കാര്‍ (പത്മകുമാര്‍) കാക്കി വേഷധാരികള്‍ക്ക് മഹത്വം കല്‍പിക്കുന്ന പതിവു സിനിമാ രീതികളില്‍ നിന്ന് വഴിമാറി എന്നത് ശ്രദ്ധേയമാണ്. നക്സലിസത്തെ കേവലം ക്രമസമാധാനപ്രശ്നമാക്കി അവതരിപ്പിക്കുകയും അപ്രകാരം തന്നെ ശമിപ്പിക്കുകയും ചെയ്യാമെന്ന ഭരണകൂട വ്യാമോഹങ്ങളെ അതിനാല്‍ ശിക്കാര്‍ പ്രതിരോധിക്കുന്നുണ്ട്. കലവൂര്‍ രവികുമാര്‍ തിരക്കഥയെഴുതി, കമല്‍ സംവിധാനം ചെയ്ത ആഗതന്‍ കാക്കിവേഷധാരികളെ മഹത്വവത്ക്കരിക്കുന്ന സ്ഥിരം പ്രവണതയില്‍ നിന്ന് വഴി മാറി നടക്കുന്ന മറ്റൊരു സിനിമയാണ്. പ്രേംലാല്‍ സംവിധാനം ചെയ്ത ആത്മകഥ, കണ്ടു മടുത്ത പ്രമേയത്തെയാണ് ഉപജീവിക്കുന്നതെങ്കിലും ആത്മാര്‍ത്ഥമായ അവതരണം കൊണ്ടും ശ്രീനിവാസന്റെ മികച്ച അഭിനയം കൊണ്ടും ശ്രദ്ധേയമായ ഒരു സിനിമയായി മാറി. കുടുംബശ്രീ ജീവിതത്തെ ചിത്രീകരിക്കുന്ന പെണ്‍പട്ടണം(രഞ്ജിത്/വി എം വിനു) സാധാരണക്കാരുടെ ജീവിതത്തോട് കാണിക്കുന്ന സഹാനുഭൂതി എടുത്തു പറയേണ്ടതാണ്.


മുസ്ളിങ്ങളെ തീവ്രവാദികളും ഭീകരന്മാരുമാക്കി ഉറപ്പിച്ചെടുക്കാനും അതു വഴി, പൊതുബോധത്തിലെ മൃദു/തീവ്ര ഹിന്ദുത്വത്തെ ഉദ്ദീപിപ്പിച്ച് നാലു കാശു പിഴിയാനും ഫാസിസ്റ്റ് രാഷ്ട്രീയത്തിന് ഊര്‍ജ്ജം പകരാനും പതിവു പോലെ ഈ വര്‍ഷവും മലയാള സിനിമ അശ്രാന്തം പരിശ്രമിച്ചു. ഇസ്ളാം എന്ന സംഘടിത മതം കേരളത്തിന്റെ സാമൂഹ്യ-സാംസ്ക്കാരിക-വ്യക്തി ജീവിതങ്ങളുടെ സ്വതന്ത്രമായ ഒഴുക്കിന് എത്രമാത്രം ഭീഷണിയാണ് സൃഷ്ടിക്കുന്നത് എന്ന് ആഖ്യാനം ചെയ്യുന്നതിനു വേണ്ടിയാണ് കുറച്ചു ചിരിയും കുറെ ചിന്തയും എന്ന വിശേഷണത്തോടെ സത്യന്‍ അന്തിക്കാട് കഥ തുടരുന്നു എന്ന പേരില്‍ തന്റെ അമ്പതാമത് സിനിമ പുറത്തിറക്കിയിരിക്കുന്നത്. പ്രണയ വിരോധികളായിരുന്ന കുടുംബം/കുടുംബങ്ങള്‍ മക്കളെയും പേരമക്കളെയും സ്വീകരിക്കുന്ന ശുഭകഥാന്ത്യത്തിലേക്ക് വളരലാണ് മലയാള സിനിമയുടെ പതിവ്. എന്നാലതിവിടെ സാധ്യമല്ല, കാരണം കുട്ടിയുടെ പിതാവിന്റെ 'മുസ്ളിം കുടുംബ'മാണ് കുട്ടിയെ സംരക്ഷിക്കാനായി രംഗത്തുവരുന്നത് എന്നതു തന്നെ. മുസ്ളിം കുടുംബം കുട്ടിയെ ഏറ്റെടുക്കുന്നു എന്നതിന്റെ അര്‍ത്ഥം തങ്ങളുടെ മതത്തിന്റെ അംഗസംഖ്യ കൂട്ടാനുള്ള എളുപ്പവഴി എന്നു മാത്രം വായിച്ചെടുക്കാന്‍ തക്കവണ്ണം 'മതനിരപേക്ഷ' ബോധമുള്ളവരാണ് പൊതുമലയാളി എന്ന് സത്യന്‍ അന്തിക്കാട് തിരിച്ചറിഞ്ഞിരിക്കുന്നു. കേരളീയ മുസ്ളിം ജീവിതത്തിന്റെയും സമൂഹത്തിന്റെയും ചരിത്ര-വര്‍ത്തമാനങ്ങളെക്കുറിച്ച് നിശ്ചയമില്ലാതിരിക്കുകയും തെറ്റിദ്ധാരണകള്‍ വെച്ചു പുലര്‍ത്തുകയും ചെയ്യുന്ന പൊതുബോധ മലയാളിയുടെ പാകപ്പെട്ട പ്രതിനിധിയായിട്ടാണ് സത്യന്‍ അന്തിക്കാട് വര്‍ഷത്തിലൊന്നെന്ന വണ്ണം സിനിമകള്‍ സങ്കല്‍പിച്ചും വിഭാവനം ചെയ്തും നിര്‍വഹിച്ചും മലയാളിയെ രസിപ്പിച്ചുപോരുന്നത്. മുസ്ളിമിനെ കോമാളിയാക്കിക്കൊണ്ടും, എതിര്‍ത്തുകൊണ്ടും പൈശാചികവത്ക്കരിക്കുക എന്ന അധിനിവേശ തന്ത്രത്തിന്റെ നിദര്‍ശനമാണ് ഈ പ്രതിനിധാനങ്ങള്‍ എന്നതുറപ്പ്. കഥകള്‍ വംശഹത്യയിലേക്ക് നീളുന്ന മഹാ വര്‍ത്തമാനമായി കേരളം മാറുകയും ചെയ്തേക്കാം.



മുസ്ളിമിങ്ങള്‍ രാജ്യ സ്നേഹം പ്രകടിപ്പിക്കുന്നതിനും അരക്കിട്ടുറപ്പിക്കുന്നതിനും വേണ്ടി ഭരണകൂടത്തിന്റെയും പോലീസിന്റെയും പട്ടാളത്തിന്റെയും മറ്റും ഏജന്റായി പ്രവര്‍ത്തിച്ച് നിലവിലുള്ള മുസ്ളിം ഭീകരത എന്ന പ്രതിഭാസത്തെ ഇല്ലാതാക്കണമെന്ന ഷോര്‍ട്ട് കട്ട് മാര്‍ഗമാണ് അന്‍വര്‍ (അമല്‍നീരദ്) നിര്‍ദ്ദേശിക്കുന്നത്. എന്താണ്, അന്‍വര്‍ പുറപ്പെടുവിക്കുന്ന സന്ദേശം? എല്ലാ മുസ്ളിങ്ങളും ഭീകരരല്ലെങ്കിലും എല്ലാ ഭീകരരും മുസ്ളിങ്ങളാണ് എന്ന ഭരണകൂടങ്ങളുടെയും സാമ്രാജ്യത്വത്തിന്റെയും ഫാസിസ്റുകളുടെയും ആശയത്തെ സിനിമ നഗ്നമായി പിന്തുണക്കുന്നു. ആ ആരോപണത്തിന്റെ പുകമറയില്‍ നിന്ന് മുസ്ളിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ ഒരു എളുപ്പവഴിയും സിനിമ നിര്‍ദ്ദേശിക്കുന്നു. ഒറ്റുകാരനാവുക എന്നതാണ് ആ പോംവഴി. മേജര്‍ രവിയുടെ കാണ്ഡഹാര്‍ പോലുള്ള രാജ്യസ്നേഹ/പട്ടാള സിനിമകള്‍ കാണുന്ന സാധാരണക്കാര്‍ പോലും സഹികെട്ട് ഇതിലും ഭേദം തീവ്രവാദവും രാജ്യദ്രോഹവുമാണെന്ന് കരുതും എന്നത് മറ്റൊരു തമാശ.



പോക്കിരിരാജ, പ്രമാണി, താന്തോന്നി, ബോഡി ഗാര്‍ഡ്, ദ്രോണ 2010, നായകന്‍, ജനകന്‍, അലക്സാണ്ടര്‍ ദ ഗ്രേറ്റ്, അവന്‍, ചേകവര്‍, കാര്യസ്ഥന്‍, ത്രില്ലര്‍ എന്നിങ്ങനെയുള്ള സിനിമകളെല്ലാം തന്നെ സര്‍വ സംഹാരിയും സര്‍വകലാ വല്ലഭനും ഇടി വീരനും പ്രണയാതുരനുമായ പുരുഷനെ ആഘോഷിച്ച സിനിമകളാണ്. ഫാന്‍സുകാര്‍ കൂവിയാര്‍ത്ത് പ്രോത്സാഹിപ്പിച്ചിട്ടും ഇക്കൂട്ടത്തില്‍ ഒന്നോ രണ്ടോ ഒഴിച്ചുള്ളവയെല്ലാം നിലം പൊത്തി. പാപ്പി അപ്പച്ചാ, ഒരു നാള്‍ വരും, ഹാപ്പി ഹസ്ബന്റ്സ്, സീനിയര്‍ മാന്‍ഡ്രേക്ക്, ചെറിയ കള്ളനും വലിയ പോലീസും, ഇന്‍ ഗോസ്റ് ഹൌസ് ഇന്‍, ഏപ്രില്‍ ഫൂള്‍, മമ്മി ആന്റ് മി, സകുടുംബം ശ്യാമള, തസ്ക്കരലഹള, അഡ്വക്കറ്റ് ലക്ഷ്മണന്‍ ലേഡീസ് ഓണ്‍ലി, ത്രീ ചാര്‍ സൌബീസ്, ഒരിടത്തൊരു പോസ്റ്മാന്‍, സ്വന്തം ഭാര്യ സിന്ദാബാദ്, വീണ്ടും കാസര്‍കോഡ് കാദര്‍ഭായ് എന്നിങ്ങനെ കുറെയധികം സിനിമകള്‍ മലയാളികളെ ചിരിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയെങ്കിലും ബഹുഭൂരിപക്ഷവും കാണികളെയും നിര്‍മ്മാതാക്കളെയും വിതരണക്കാരെയും തിയറ്ററുടമകളെയും കണ്ണീര്‍ കുടിപ്പിച്ചു. കടാക്ഷം, സഹസ്രം, സദ്ഗമയ തുടങ്ങിയ കുടുംബ ചിത്രങ്ങള്‍ സീരിയലുകളെക്കാള്‍ പരിതാപകരമായ അനുഭവങ്ങളായിരുന്നു. മലര്‍വാടി ആര്‍ട്സ് ക്ളബ്ബ് (വിനീത് ശ്രീനിവാസന്‍), അപൂര്‍വ്വരാഗം(സിബി മലയില്‍) എന്നീ 'യുവ' ചിത്രങ്ങള്‍ പരിമിതികളുണ്ടായിരിക്കെ തന്നെ നൂതനത്വം കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രങ്ങളാണ്. എന്നാല്‍, പ്ളസ് ടു, കോളേജ് ഡെയ്സ്, ബെസ്റ്റ് ഓഫ് ലക്ക്, കോക്ക്ടെയില്‍, ഹോളിഡെയ്സ് എന്നിങ്ങനെ യുവത്വമണിഞ്ഞെത്തിയ മിക്കവാറും സിനിമകളും അസഹനീയമായ അനുഭവങ്ങളായിരുന്നു.

ചുരുക്കത്തില്‍ ആയിരക്കണക്കിന് സാങ്കേതിക-കലാ തൊഴിലാളികള്‍ക്ക് തൊഴിലുറപ്പു വരുത്തുക എന്നതിലപ്പുറം; മലയാളി/കേരളം എന്നീ പ്രതിനിധാനങ്ങളെ സാംസ്ക്കാരികമായി പ്രതിനിധീകരിക്കുകയും നവീകരിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയായി മാറാന്‍ മലയാള സിനിമക്ക് സാധിക്കുന്നില്ല എന്നു മാത്രമല്ല, അത്തരമൊരു അവസ്ഥയിലേക്ക് വളരാന്‍ കഴിയുമെന്നതിന്റെ സൂചനകളൊന്നും തന്നെ കാണാന്‍ കഴിയുന്നുമില്ല.

Tuesday, January 4, 2011

ബച്ചനെ ഒളിച്ചു കടത്തിയതാര്?

വിക്കിപ്പീഡിയ സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച് ബി സി മൂവ്വായിരം ആണ്ടു മുതല്‍ കേരളത്തില്‍ സുഗന്ധദ്രവ്യങ്ങളുടെ കച്ചവടം നടക്കുന്നുണ്ട്. ഗ്രീക്കുകാരുമായും അറബികളുമായും മറ്റ് യൂറോപ്യന്മാരുമായും നൂറ്റാണ്ടുകള്‍ കച്ചവടം ചെയ്ത ബൃഹത്തായ പാരമ്പര്യമാണ് മലയാളികള്‍ക്കുള്ളതെന്നു സാരം. ലോകത്തെമ്പാടുമെന്നതു പോലെ, കേരളവും വ്യാപാരത്തിന്റെയും വ്യവസായത്തിന്റെയും പുതിയ മേഖലകളിലേക്ക് കടക്കുന്നത് സ്വാഭാവികം മാത്രമാണു താനും. കച്ചവടം എന്നത് ജനങ്ങളുടെ ജീവിതം നിലനിര്‍ത്തുന്ന ഒരു സാമ്പത്തിക പ്രക്രിയയും മനുഷ്യബന്ധങ്ങളെ അരക്കിട്ടുറപ്പിക്കുന്ന ഒരു സാംസ്ക്കാരിക മേഖലയുമാണ്. ഉപഭോഗ സംസ്ക്കാരം സാധാരണക്കാരെയും മധ്യവര്‍ഗ്ഗക്കാരെയും കടക്കെണിയിലാഴ്ത്തും എന്ന സ്ഥിരം പല്ലവിയില്‍ ധാരാളം സത്യമുണ്ടായിരിക്കെ തന്നെ, വ്യാപാരമെന്നത് ആധുനിക സമൂഹത്തിന്റെ ജീവനാഡിയാണെന്ന വാസ്തവം നാം കണ്ണടച്ചില്ലാതാക്കാന്‍ ശ്രമിക്കേണ്ടതുമില്ല. ഈ സാഹചര്യത്തിലാണ്, വ്യാപാരം വര്‍ദ്ധിപ്പിക്കാനായി കേരള സര്‍ക്കാര്‍ ഊര്‍ജ്ജസ്വലതയോടെ സംഘടിപ്പിക്കുന്ന ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ പോലുള്ള സംരംഭങ്ങള്‍ സ്വാഗതത്തോടെയും ആവേശത്തോടെയും, വ്യാപാരസമൂഹവും ജനസാമാന്യവും സ്വീകരിക്കുന്നത്.


എന്നാല്‍, സാംസ്ക്കാരിക നിരീക്ഷകരെ ഉത്ക്കണ്ഠപ്പെടുത്തുന്നത് അതൊന്നുമല്ല. ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സ്പോണ്‍സര്‍ഷിപ്പിലൂടെ, കേരളത്തിലെ മതേതര-സാമൂഹ്യ-സാംസ്ക്കാരിക ജീവിതത്തിന് കടുത്ത ഭീഷണി സൃഷ്ടിക്കുന്ന ഘടകങ്ങള്‍ കേരളത്തിന്റെ ദൃശ്യപ്രതലത്തില്‍ നിറയുന്നു എന്ന യാഥാര്‍ത്ഥ്യമാണ് അവരെ ആശങ്കാകുലരാക്കുന്നത്. കേരളം ഒരുവട്ടം നിഷ്ക്കരുണം തള്ളിക്കളഞ്ഞ ബച്ചന്റെ ബ്രാന്‍ഡ് അംബാസഡര്‍ പദവി ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ ഒളിച്ചുകടത്തപ്പെട്ടിരിക്കുകയാണ്. ഈ അസംബന്ധത്തിലൂടെ കേരളത്തിലെ തെരുവോരങ്ങളും പത്രത്താളുകളും അശ്ളീലമയമായിക്കഴിഞ്ഞു. കീര്‍ത്തി ചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ തുടങ്ങി; അമിത ദേശീയത, മുസ്ളിം വിരുദ്ധത, അക്രമോത്സുകത, കാക്കിയുടെ അപ്രമാദിത്വം, യുദ്ധരതി എന്നിങ്ങനെയുള്ള മാനുഷിക വിരുദ്ധമായ ഇതിവൃത്ത-ആഖ്യാന പ്രകടനങ്ങള്‍ വ്യാപകമായി കൊണ്ടാടപ്പെട്ടതിനെ തുടര്‍ന്നാണ്; ഈ ചിത്രങ്ങളില്‍ മേജര്‍ വേഷം അവതരിപ്പിച്ചു എന്ന പേരില്‍ മോഹന്‍ലാലിനെ പട്ടാള മേജറാക്കിയത്. ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ ഏറ്റവും വലിയ അസംബന്ധ നാടകമായിരുന്നു ഈ മേജര്‍ പദവി. അതിരിക്കട്ടെ. അതിനു തുല്യമായ വിധത്തില്‍ കേരളത്തില്‍ ഇപ്പോള്‍ ഇത്തരമൊരു അസംബന്ധകരമായ ദൃശ്യ വയറിളക്കം (വിഷ്വല്‍ ഡയറിയ) തുറന്നു വിടാന്‍ കേരള സര്‍ക്കാരിലെ ഏതു ഉദ്യോഗസ്ഥ ദുഷ്പ്രഭുവാണ് തുനിഞ്ഞിറങ്ങിയത് എന്നറിയില്ല.

സി പി ഐ (എം) കേന്ദ്ര നേതൃത്വത്തിന്റെ കര്‍ശനമായ നിര്‍ദേശത്തെ തുടര്‍ന്ന് ഗുജറാത്ത് ബ്രാന്റ് അംബാസഡറായ അമിതാബ് ബച്ചനെ കേരളത്തിന്റെ ബ്രാന്റ് അംബാസഡറാക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേരള സര്‍ക്കാര്‍ ഒരിക്കല്‍ പുറകോട്ടു പോയതാണ്. കേരളത്തിലും പുറത്തുമുള്ള ജനാധിപത്യ വിശ്വാസികളും സ്വാതന്ത്ര്യവാദികളും മനുഷ്യാവകാശ പ്രവര്‍ത്തകരും വലിയ ആശ്വാസമാണ് അന്നനുഭവിച്ചത്. ഗുജറാത്തിന്റെ ബ്രാന്റ് അംബാസഡറായി ഞെളിയുന്നതിലൂടെ നരേന്ദ്ര മോഡിയുടെ വംശഹത്യാവിനോദത്തിന് അംഗീകാരം നേടിക്കൊടുക്കാന്‍ തീരുമാനമെടുത്തതിനു തൊട്ടു പുറകെയാണ്, ബോളിവുഡിലെ ഒന്നാമനായി കണക്കാക്കപ്പെടുന്ന അമിതാബ് ബച്ചനെ കേരളത്തിന്റെയും ബ്രാന്റ് അംബാസഡറാക്കാന്‍ ചില ഉദ്യോഗസ്ഥരും മറ്റും ചേര്‍ന്ന് അന്ന് ക്ഷണിച്ചത്. ജനാധിപത്യ സംവിധാനത്തിനകത്തെ സംസ്ഥാന ഭരണം എന്നത് കേവലം സാങ്കേതികമായ ഗവര്‍ണന്‍സ് മാത്രമല്ലെന്നും അതെപ്പോഴും രാഷ്ട്രീയമായ തീരുമാനങ്ങള്‍ക്കും നയങ്ങള്‍ക്കും വിധേയമാണെന്നും നാം മറന്നു പോകാറുണ്ട്. അത്തരം മറവികള്‍ക്കെതിരായ ശക്തമായ പ്രഹരമായിരുന്നു അതിനെ തുടര്‍ന്ന് പാര്‍ടിയുടെ അഖിലേന്ത്യാ നേതൃത്വം സ്വീകരിച്ച നടപടിയിലൂടെ സാക്ഷാത്കൃതമായത്. നരേന്ദ്രമോഡിയെക്കുറിച്ച് അമിതാബ് ബച്ചന്‍ അദ്ദേഹത്തിന്റെ ബ്ളോഗില്‍ ഇപ്രകാരം എഴുതി:

അദ്ദേഹം(മോഡി) അടിസ്ഥാനാവശ്യങ്ങള്‍ മാത്രം നിറവേറ്റിക്കൊണ്ട് ലാളിത്യത്തോടെ ജീവിക്കുകയും, ഒരു സംസ്ഥാനത്തിന്റെ തലവനാണെന്ന് തോന്നിപ്പിക്കാതിരിക്കുകയും ചെയ്യുന്നു. വികസനത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചും അദ്ദേഹം സഹാനുഭൂതിയോടെയാണ് സംസാരിക്കുന്നത്. പുതിയ ആശയങ്ങളെയും ആദര്‍ശങ്ങളെയും അദ്ദേഹം സ്വാഗതം ചെയ്യുന്നു. സാധാരണക്കാരന്‍(കോമണ്‍ മാന്‍) എന്ന അര്‍ത്ഥത്തിലാണ് താന്‍ സി എം ആകുന്നതെന്ന അദ്ദേഹത്തിന്റെ സ്ഥിരം വ്യാഖ്യാനം ആരും തെറ്റിദ്ധരിക്കേണ്ടതില്ല. എന്താണോ സംസാരിക്കുന്നത് അപ്രകാരം തന്നെ പ്രവര്‍ത്തിക്കുന്ന ഒരാളാണ് നരേന്ദ്രമോഡി.


ചരിത്രം മറന്നു പോകരുത്. 1970കളില്‍ ഇന്ദിരാഗാന്ധി സോഷ്യലിസവും ഇടതുപക്ഷച്ചായ്‌വും പ്രസംഗിച്ചുകൊണ്ട് കടുത്ത ജനാധിപത്യ ധ്വംസനത്തിനും പീഡനവാഴ്ചക്കും വഴിതുറന്നിട്ട അടിയന്തിരാവസ്ഥയിലെത്തിയ കാലം. ഇന്ദിരയുടെ മകന്‍ സഞ്ജയ് അമിതാധികാരത്തിന്റെയും നിഷ്ഠൂരമായ ബലപ്രയോഗത്തിന്റെയും ആള്‍രൂപമായിരുന്നു. ഈ ആള്‍രൂപത്തിന്, അമിതാബ് ബച്ചന്‍ എന്ന രോഷാകുലനായ യുവനായകന്‍ തന്റെ സിനിമകളിലൂടെ സാംസ്ക്കാരികന്യായീകരണം നിര്‍മ്മിച്ചെടുത്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യ ദര്‍ശിച്ച അതിഭീകരമായ ജനാധിപത്യവിരുദ്ധതയുടെയും ഉന്മൂലനസിദ്ധാന്തത്തിന്റെയും പ്രയോക്താവായ സഞ്ജയ് ഗാന്ധിയില്‍ നിന്ന്, അതേ സിദ്ധാന്തത്തിന്റെ അടുത്ത അവതാരം നരേന്ദ്ര മോഡിയിലേക്കുള്ള ഒരു പാലമായി അമിതാബ് ബച്ചനെ ചരിത്രം വിലയിരുത്തുമോ എന്നായിരുന്നു ഗുജറാത്ത് ബ്രാന്റ് അംബാസഡറായതിലൂടെ ജനാധിപത്യ വൃത്തങ്ങളില്‍ ചോദ്യമുയര്‍ന്നത്. ബച്ചനെ കേരളത്തിന്റെ ബ്രാന്റ് അംബാസഡറാക്കണോ എന്ന കാര്യത്തില്‍ കേരള സര്‍ക്കാരാണ് അന്തിമമായ തീരുമാനമെടുക്കുക എന്നിരിക്കിലും, നരേന്ദ്ര മോഡിയുടെ ഗുജറാത്തിന്റെ അതേ അംബാസഡറെ കേരളവും സ്വീകരിക്കില്ല എന്നാണ് ഞാന്‍ കരുതുന്നത് എന്നാണ് സി പി ഐ(എം) പോളിറ്റ് ബ്യൂറോ അംഗമായ സീതാറാം യച്ചൂരി പി ടി ഐ യോട് പറഞ്ഞത്. ഇതിനെ തുടര്‍ന്ന് കേരളത്തിലെ ഭരണമുന്നണി നേതൃത്വം രാഷ്ട്രീയമായി ഉണര്‍ന്നെണീക്കുകയും ബച്ചനെ കേരളത്തിന്റെ പ്രതീകമാക്കുക എന്ന മൂഢാലോചന ഉപേക്ഷിക്കുകയും ചെയ്തു. രോഷാകുലനായ വൃദ്ധനായി ബച്ചന്‍ ഇതില്‍ തന്റെ അതൃപ്തി ലോകത്തെ അറിയിക്കുകയും ചെയ്തു. മാതൃഭൂമി, മനോരമ, ഉമ്മന്‍ ചാണ്ടി തുടങ്ങിയ 'ജനാധിപത്യ വാദികള്‍' ഇതില്‍ തുടര്‍ രോഷാകുലത പ്രകടിപ്പിക്കുകയും ചെയ്തു. ആ അദ്ധ്യായം അവിടെ അടഞ്ഞതാണ്. ഇപ്പോള്‍ ആ പണ്ടാരപ്പെട്ടി കുത്തിത്തുറന്ന് പുറത്തിട്ടതാരാണ്?

ടൂറിസത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ബിഗ് ബിയെ, നടനില്‍ നിന്ന് കഥാപാത്രമാക്കി മാറ്റി കച്ചവടത്തിന്റെ പ്രതീകമായി ഒളിച്ചുകടത്തിയത് കേരളത്തെയും കേരളീയ ജനതയെയും അപമാനിക്കുന്നതിന് തുല്യമാണ്. ഒമ്പതു മാസങ്ങള്‍ കൊണ്ട് സംഭവിക്കുന്ന മറവികള്‍ക്കു മേലാണോ കേരളത്തിന്റെ സാമൂഹ്യ ബോധം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്? വഴിയോരങ്ങളിലെ കൂറ്റന്‍ ഹോര്‍ഡിംഗുകളിലും പത്രത്താളുകളിലെ നെടുങ്കന്‍ പരസ്യങ്ങളിലും നിവര്‍ന്നു നില്‍ക്കുന്നത് ബച്ചനാണെങ്കിലും ഉദ്ദേശിച്ചത് അതല്ല എന്ന് തോന്നിപ്പിക്കാന്‍ വേണ്ടി; മോഹന്‍ ലാലിന്റെ പടത്തിന്മേല്‍ മേജര്‍ മഹാദേവന്‍, കാണ്ഡഹാര്‍ എന്നും ബച്ചന്റെ പടത്തിന്മേല്‍ ലോകനാഥ് ശര്‍മ്മ, കാണ്ഡഹാര്‍ എന്നും ചെറുതായി എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. കൌണ്ടര്‍ മീഡിയയില്‍ സുദീപ് കെ എസ് എഴുതിയതു പോലെ സിഗരറ്റു പാക്കറ്റിന്മേല്‍ സിഗരറ്റ് വലി ആരോഗ്യത്തിന് ഹാനികരം എന്നെഴുതിയതിന് തുല്യമായ അപഹാസ്യമായ മുന്നറിയിപ്പുകള്‍ മാത്രമാണിത്.

മാത്രമല്ല, രോഷാകുലനായ ബച്ചന്റെ കൂലി കൊടുക്കാതെയാണ് അദ്ദേഹത്തെ കഥാപാത്രമെന്നോണം ഇവിടെ അവതരിപ്പിച്ചിരിക്കുന്നതെന്നും മനസ്സിലാക്കാവുന്നതാണ്. കോടികള്‍ കൈക്കലാക്കിക്കൊണ്ടാണ്, ബച്ചനെപ്പോലൊരാള്‍ പരസ്യങ്ങളില്‍ മോഡലാവാറുള്ളത്. അത്തരമൊരാളെ മേജര്‍ രവിയുടെ സിനിമയില്‍ മുഖവും ശരീരവും കാണിച്ചു എന്നതിന്റെ പേരില്‍ കൂലി കൊടുക്കാതെ ചൂഷണം ചെയ്യുന്നത്, കേരളീയരുടെ അഭിമാനത്തിന് ഭൂഷണമാണെന്ന് കരുതുന്നില്ല. ബച്ചനെ മാത്രമല്ല, ഈ ഒളിച്ചു കടത്തല്‍ വഞ്ചിക്കുന്നത്. ആദര്‍ശത്തിന്റെ പേരില്‍ സിനിമാ പരസ്യങ്ങളും ലോട്ടറി പരസ്യങ്ങളും വേണ്ടെന്നു വെച്ച കുറെയധികം മാധ്യമങ്ങളെ - മാധ്യമം, സിറാജ്, തേജസ് - ഷോപ്പിംഗ് ഫെസ്റ്റിവല്‍ പരസ്യമെന്ന പേരില്‍ സിനിമാപരസ്യം അടിച്ചേല്‍പ്പിച്ചിരിക്കുകയാണിവിടെ. ആദര്‍ശത്തിനു മേല്‍ സാംസ്ക്കാരിക കള്ളക്കടത്തുകാരുടെ അധിനിവേശം എന്ന് ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്.

താരവ്യക്തിത്വത്തിന്റെ പ്രതിനിധാനം കഥാപാത്രത്തെക്കാള്‍ എത്രയോ വലുതാണെന്ന കാര്യം കച്ചവടസിനിമയുമായി പ്രാഥമിക പരിചയം ഉള്ളവര്‍ക്കു പോലും ബോധ്യപ്പെടുന്നതാണ്. കഥാപാത്രങ്ങളുടെ സ്വഭാവവൈശിഷ്ട്യങ്ങള്‍ താരനിര്‍മിതിക്ക് സഹായകമാണെന്നതു പോലെ തന്നെ താരത്തിന്റെ പ്രാഭവം കഥാപാത്രത്തിന്റെ വിശ്വാസ്യതക്കും പിന്‍ബലമേകുന്നു. ആരാധനയും പിന്തുണയും ഫാന്‍സ് അസോസിയേഷനുകളും മാധ്യമങ്ങളിലെ നിറം പിടിപ്പിച്ച അണിയറക്കഥകളും ചേര്‍ന്ന് താരത്തെ ദൈവതുല്യനാക്കാറുമുണ്ട്. തമിഴ് നാട്ടിലും മറ്റും താരങ്ങള്‍ക്ക് ക്ഷേത്രം വരെ പണിതതും മറ്റൊന്നും കൊണ്ടല്ല. കേരളത്തില്‍ അത്തരത്തിലൊന്നും സംഭവിക്കില്ല എന്നും അത്യാവശ്യത്തിന് ഔചിത്യബോധവും ചരിത്രജ്ഞാനവും ഉള്ളവരാണ് കേരളീയര്‍ എന്നുമാണ് ഇതുവരെയും കരുതിപ്പോന്നിരുന്നത്. എന്നാല്‍, താരങ്ങളുടെ പടുകൂറ്റന്‍ ഹോര്‍ഡിംഗുകള്‍ കെട്ടിയുയര്‍ത്തപ്പെടുമ്പോള്‍, നമ്മുടെ ജനാധിപത്യ-മത നിരപേക്ഷ ധാരണകള്‍ ഒലിച്ചുപോകുന്നു എന്നു വരുന്നത് ദയനീയം തന്നെയാണ്.