Showing posts with label വിശകലനം. Show all posts
Showing posts with label വിശകലനം. Show all posts

Saturday, March 12, 2011

മലയാളികളല്ലാത്തവര്‍ക്കാരുണ്ട്?

1. (എ) ഇതും ഒരു പതിനൊന്നു വയസ്സുകാരിയുടെ കഥയാണ്. മറ്റൊരു ധനലക്ഷ്മിയാകാതെ അവള്‍ രക്ഷപ്പെട്ടോടി. മനസ്സിനു മുറിവേല്‍പ്പിച്ചവര്‍ ശരീരത്തിനു കൂടി ക്ഷതമേല്‍പ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് രാധ ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് ഇറങ്ങിയോടിയത്. ജോലി ചെയ്ത് തളര്‍ന്ന പെണ്‍കുട്ടി അവശനിലയില്‍ സമീപവാസിയുടെ വീട്ടില്‍ ചെന്ന് കുടിക്കാന്‍ വെള്ളം ചോദിച്ചു. അപരിചിതയായ പെണ്‍കുട്ടിയുടെ മുഷിഞ്ഞ വേഷവും അവശതയും കണ്ടപ്പോള്‍ അയാള്‍ വിവരങ്ങള്‍ തിരക്കി. എറണാകുളത്തെ ആഡംബരഫ്ളാറ്റില്‍ മൂന്നു വര്‍ഷമായി കഠിന ജോലി ചെയ്തും പീഡനം സഹിച്ചും കഴിയുകയായിരുന്നുവെന്ന് അവള്‍ പറഞ്ഞു. ഹൈക്കോടതിയിലെ അഭിഭാഷകന്റെ വീട്ടില്‍ വെച്ചാണ് അവള്‍ക്ക് കുഞ്ഞു പ്രായത്തില്‍ ദുരിതങ്ങള്‍ ഏല്‍ക്കേണ്ടി വന്നത്. തമിഴിലും അറിയാവുന്ന മലയാളത്തിലും ആയി രാധ തന്റെ ദുരിതങ്ങള്‍ വിവരിച്ചു. ഇടക്കിടെ വിങ്ങിപ്പൊട്ടി.

(ബി) മടിക്കേരിയില്‍ നിന്ന് വീട്ടുവേലക്ക് കാസര്‍ഗോഡേക്ക് കൊണ്ടുവന്ന സഫിയയുടെ തിരോധാനം സമീപ ഭൂതകാലത്ത് പ്രമാദമായ കേസായിരുന്നു. ഗോവയില്‍ കരാറുകാരനായ ഹംസയുടെ വീട്ടില്‍ വേലക്കു നില്‍ക്കുമ്പോഴാണ് സഫിയയെ കാണാതായത്. വീട്ടുവേലക്കിടെ ചൂടുവെള്ളം വീണ് ശരീരമാകെ പൊള്ളലേറ്റ പെണ്‍കുട്ടിയെ കൊലപ്പെടുത്തി ഹംസയുടെ ഗോവയിലുള്ള വര്‍ക്ക് സൈറ്റില്‍ കുഴിച്ചു മൂടുകയായിരുന്നു. (രണ്ടു വിവരണങ്ങളും രാജൂ പോള്‍ തയ്യാറാക്കിയ ഫീച്ചറില്‍ നിന്ന് - രക്ഷപ്പെട്ടോടിയാലും രക്ഷയില്ല - എവിടെ പോകും ഈ പൈതങ്ങള്‍ ? (മംഗളം ഡോട്ട് കോം))

2. കൊച്ചി: വീട്ടു ജോലിക്കു നിന്ന തമിഴ് ബാലികയെ ശാരീരിക പീഡനമേല്‍പ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരു സ്ത്രീ കൂടി അറസ്റില്‍. കൊല്ലപ്പെട്ട ധനലക്ഷ്മിയെ, കേസിലെ ഒന്നും രണ്‍ണ്ടും പ്രതികളായ അഡ്വ. ജോസ് കുര്യനും ഭാര്യ സിന്ധുവിനും കൈമാറിയ ഇടനിലക്കാരിയായ ഷൈലയാണ് അറസ്റിലായത്. പെണ്‍കുട്ടിയെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ജോസ് കുര്യനെയും ഭാര്യയെയും ശനിയാഴ്ച വൈകീട്ട് ആലുവയിലെ വീട്ടില്‍ കൊണ്ടു പോയി പൊലീസ് തെളിവെടുത്തു. സ്റീലിന്റെ ഫോര്‍ക്ക്, തീക്കൊള്ളി എന്നിവയൊക്കെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഉപയോഗിച്ചെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു. കൂടുതല്‍ പണിയെടുപ്പിക്കുന്നതിനാണ് പീഡിപ്പിച്ചത്. ഷൈലക്കെതിരെ ബാലവേല, അടിമക്കച്ചവടം എന്നിവക്കും മറ്റുള്ളവര്‍ക്കെതിരെ കൊലക്കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നതെന്നു സി ഐ പറഞ്ഞു. പൊള്ളലും മര്‍ദനവുമേറ്റ് അവശനിലയിലായ കുട്ടിക്ക് ആന്റിബയോട്ടിക്കുകള്‍ അടക്കമുള്ള മരുന്നു നല്‍കി ചികില്‍സിച്ച ഗവ. വെറ്ററിനറി സര്‍ജനെ (മൃഗ ഡോക്ടര്‍) പോലീസ് ചോദ്യം ചെയ്തു വരുന്നു. ധനലക്ഷ്മിയെ തിളച്ച വെള്ളം ദേഹത്തൊഴിച്ചും കത്തിച്ച ബീഡിക്കുറ്റികളും വിറകുകൊള്ളിയും കൊണ്ടു കുത്തിയുമാണ് പീഡിപ്പിച്ചതെന്ന് പോസ്റുമാര്‍ട്ടത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. കൈവിരലുകള്‍ നിലത്തു വരിച്ചു പിടിപ്പിച്ചു ഷൂ കൊണ്ടു ചവിട്ടുകയും ചെയ്തിരുന്നു. തുടയിലും മുഖത്തും ഫോര്‍ക്കിനു കുത്തി മുറിവേല്‍പ്പിച്ചിട്ടുമുണ്ട്. ധനലക്ഷ്മിയെ വീടിനുള്ളില്‍ ഉടുപ്പിടാന്‍ അനുവദിച്ചിരുന്നില്ലെന്നും പട്ടിക്കൂടു കഴുകാന്‍ ഉള്ളില്‍ കയറ്റിയ ശേഷം അതിനകത്തു പൂട്ടിയിടുമായിരുന്നുവെന്നും നാട്ടുകാരില്‍ ചിലര്‍ ആരോപിച്ചതായി പൊലീസ് വെളിപ്പെടുത്തി. എം ബി എ ബിരുദധാരിയാണ് അക്രമിയായ സിന്ധു. (പത്ര റിപ്പോര്‍ടുകള്‍ മലയാള മനോരമ, ദേശാഭിമാനി, മാധ്യമം തുടങ്ങിയ പത്രങ്ങളില്‍ നിന്ന്).

വിവിധ മലയാള പത്രങ്ങളുടെ അച്ചടി/വെബ് എഡിഷനുകളില്‍ അടുത്ത ദിവസങ്ങളില്‍ കൊടുത്ത വാര്‍ത്തകളും ഫീച്ചറുകളുമാണ് ഇവിടെ എടുത്തെഴുതിയത്. ഒരു കാര്യം ശ്രദ്ധിക്കുക. ടെലിവിഷന്‍ ചര്‍ച്ചകളിലും പത്രങ്ങളിലെ തന്നെ മുഖ്യ പ്രദേശങ്ങളിലും ഈ 'അപ്രധാന'വാര്‍ത്തകള്‍ക്ക് ഇടം കൊടുക്കാറില്ല. എന്നാല്‍, ഷൊര്‍ണൂര്‍ സ്വദേശിനിയായ യുവതി സൌമ്യയെ; പാസഞ്ചര്‍ തീവണ്ടിയിലെ ഒഴിഞ്ഞ ലേഡീസ് കമ്പാര്‍ടുമെന്റില്‍ നിന്ന്, തമിഴനും വികലാംഗനുമായ ഗോവിന്ദച്ചാമി ആക്രമിച്ചതും താഴേക്ക് തള്ളിയിട്ടതും ബോധരഹിതയായ ആ നിസ്സഹായയെ ദാരുണമായി മാനഭംഗപ്പെടുത്തിയതിനു ശേഷം കൊലപ്പെടുത്തിയതുമായ വാര്‍ത്ത ഒരാഴ്ചയിലധികം കാലം പത്രങ്ങളും ചാനലുകളും ആഘോഷിക്കുകയായിരുന്നു. കേരളീയരെയാകെ ഞെട്ടിച്ച ഈ നിഷ്ഠൂര സംഭവത്തിന് വേണ്ടതിലും അല്‍പ്പമധികം പ്രാധാന്യം മാധ്യമങ്ങളില്‍ കൊടുത്തതിനെ നാം വിമര്‍ശിക്കേണ്ടതില്ല. എന്നാല്‍, ഇതുമായി ബന്ധപ്പെടുത്തി വാര്‍ത്തകളുടെ മുനകളും ഏങ്കോണിപ്പുകളും സാമൂഹിക സംവിധാനത്തില്‍ എന്തു ആഘാതങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നാം പരിശോധിക്കേണ്ടതുണ്ട്. അങ്ങിനെ പരിശോധിക്കുമ്പോള്‍, മലയാളികളുടെ ആധുനിക വീക്ഷണം എന്ന സങ്കല്‍പം/യാഥാര്‍ത്ഥ്യം പൊള്ളയായ ഒന്നാണെന്ന് തെളിയുമെങ്കിലും അത് നിര്‍വഹിക്കാതെ വയ്യ.

കേരളത്തിനകത്തും പുറത്തുമുണ്ടാകുന്ന അപകട വാര്‍ത്തകള്‍ നമ്മുടെ പത്രങ്ങളും ചാനലുകളും എപ്രകാരമാണ് റിപ്പോര്‍ടു ചെയ്യാറുള്ളത്? വിമാനം തൊട്ട് കാളവണ്ടി വരെയും ബോംബ് സ്ഫോടനം തൊട്ട് തീപ്പിടിത്തം വരെയും സുനാമി തൊട്ട് കെട്ടിടമിടിഞ്ഞ് വീഴല്‍ വരെയും ഉള്ള വിവിധ തരം അപകടങ്ങള്‍ നാടെങ്ങും നടക്കാറുണ്ട്. ഇത്തരം ഏതു സംഭവം നടന്നാലും പത്രത്തിനകത്തും ചാനലിനകത്തും പുറത്തുമായി വിരാജിക്കുന്നവര്‍ക്ക് തല്‍ക്കാലത്തേക്ക് കുശാലായി. ലൈവ് ചര്‍ച്ചകളും സംഭവം നടന്ന സ്ഥലത്തു നിന്നുള്ള ലേഖകന്റെ/ലേഖികയുടെ നേരിട്ടുള്ള വിവരണങ്ങളും കൊണ്ട് കാര്യങ്ങള്‍ ഉഷാര്‍. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ ഏതു തരത്തിലാണ് റിപ്പോര്‍ട് ചെയ്യുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? അബുദാബിയില്‍ വെള്ളപ്പൊക്കം, ഏഴു മലയാളികള്‍ മരിച്ചു; വേളാങ്കണ്ണിയില്‍ വാഹനാപകടം, ഒരു മലയാളി കുടുംബത്തിലെ ആറംഗങ്ങള്‍ മരിച്ചു; വാളയാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; പത്ത് മലയാളികള്‍ കൊല്ലപ്പെട്ടു എന്നിങ്ങനെ, മരണത്തെ സങ്കുചിത പ്രാദേശികതക്ക് കീഴ്പ്പെടുത്തിയാണ് നമ്മുടെ അച്ചടി/ദൃശ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യാറുള്ളത്. മലയാളി മരിച്ചാല്‍ കൂടുതല്‍ വലിയ മരണവും മലയാളികളല്ലാത്തവര്‍ മരിച്ചാല്‍ അത് തീരെ നിസ്സാരമായ സംഭവവുമായിത്തീരുന്നതെങ്ങനെയാണ്! നവോത്ഥാനവും ഐക്യ കേരളവും സ്വാതന്ത്ര്യലബ്ധിയും ദേശീയോദ്ഗ്രഥനവും മിശ്രഭോജനവും സാമുദായികൈക്യവും ജനാധിപത്യ ഭരണവും ആധുനികതയും ഉത്തരാധുനികതയും; നിരീക്ഷിക്കാനും വിശദീകരിക്കാനും മലയാളിക്ക് ഈ സങ്കുചിത വീക്ഷണമാണോ ഉണ്ടാക്കിക്കൊടുത്തിട്ടുള്ളത്? പത്രപ്രവര്‍ത്തന പരിശീലകരും പ്രസ് കൌണ്‍സിലും കോടതികളും ഉത്തരം പറയട്ടെ.

ആ ഉത്തരങ്ങള്‍ക്കായി കാത്തു നില്‍ക്കാന്‍ നമുക്ക് സമയമില്ല. കാരണം, ഇത്തരം വീക്ഷണങ്ങളുടെ അതിപ്രസരം, സങ്കുചിത പ്രാദേശിക വികാരങ്ങള്‍ക്ക് അടിപ്പെട്ടുകൊണ്ട് മാത്രം സംഭവങ്ങളെ കാണാനും പ്രതികരിക്കാനും നമ്മെ ശീലിപ്പിച്ചിരിക്കുന്നു. സൌമ്യയുടെ ദാരുണ കൊലപാതകത്തിലുണ്ടായ ഹൃദയ വ്യഥകള്‍ സഫിയയുടെയും ധനലക്ഷ്മിയുടെയും മറ്റനേകം അന്യ സംസ്ഥാന തൊഴിലാളികളുടെ നിഷ്ഠൂരമായ മരണദുരന്തങ്ങളില്‍ നമുക്കില്ലാതെ പോയിരിക്കുന്നു. മാത്രമല്ല, സൌമ്യയെ നിഷ്ഠൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ ഗോവിന്ദച്ചാമി തമിഴനും വികലാംഗനുമാണെന്ന് നൂറ്റൊന്നു വട്ടം ആവര്‍ത്തിക്കുന്നതിലൂടെ, തമിഴ് വംശജര്‍ക്കും വികലാംഗര്‍ക്കുമെതിരെ കേരളീയ സമൂഹത്തിന്റെ വെറുപ്പും വിദ്വേഷവും വര്‍ദ്ധിപ്പിക്കുന്ന പ്രക്രിയക്കും ആക്കം കൂടുന്നു.

കുറച്ചു കാലം മുമ്പ് എടപ്പാളങ്ങാടിയില്‍, മോഷണം ആരോപിക്കപ്പെട്ട് ഗര്‍ഭിണിയും കറുത്ത തൊലിനിറമുള്ളവളുമായ തമിഴ് വംശജ 'നാട്ടുകാരാ'ല്‍ ആക്രമിക്കപ്പെട്ടത് ചാനലുകളിലും പത്രങ്ങളിലും അപലപിക്കപ്പെടുകയുണ്ടായി. എന്നാല്‍, ആരാണ് ഈ 'നാട്ടുകാരെ' രൂപീകരിച്ചത് എന്ന കാര്യം ഇതിനിടയില്‍ എല്ലാവരും മറന്നു പോയി. അപകടങ്ങളുണ്ടാകുമ്പോഴും ദുരന്തങ്ങളുണ്ടാകുമ്പോഴും സമുദായം തിരിച്ചും സംസ്ഥാനം തിരിച്ചും ഭാഷ തിരിച്ചും വേര്‍തിരിക്കുന്ന മാധ്യമ പ്രവണത തന്നെയാണ് നാട്ടുകാര്‍/അന്യര്‍ എന്ന വിരുദ്ധ ദ്വന്ദ്വം രൂപീകരിക്കുന്നത്.

എ കെ ആന്റണി സര്‍ക്കാരിന്റെ കാലത്ത് മുത്തങ്ങയില്‍ ആദിവാസികള്‍ക്കെതിരെ പൊലീസ് വെടിവെപ്പുണ്ടായതിനെ തുടര്‍ന്ന് സമര നേതാവ് സി കെ ജാനു ഒളിവില്‍ പോകുകയുണ്ടായി. പിന്നീട് പൊലീസ് അവരെ പിടി കൂടിയപ്പോള്‍, മുഖത്തും ദേഹത്തും കടുത്ത മര്‍ദനമേറ്റതിന്റെ പാടുകള്‍ കൊണ്ട് വീര്‍ത്തും കരുവാളിച്ചുമിരുന്നിരുന്നു. 'നാട്ടുകാര്‍' ആക്രമിച്ചു എന്ന പൊലീസ് ഭാഷ്യത്തെ അപ്രകാരം തന്നെ ആവര്‍ത്തിക്കുകയാണ് സ്വതന്ത്ര പത്രങ്ങളും ചാനലുകളും ചെയ്തത്. വയനാടിന്റെ യഥാര്‍ത്ഥ അവകാശികള്‍ അക്രമികളും, ആദിവാസികളെ അധീനപ്പെടുത്തി സ്ഥലം കൈക്കലാക്കിയ കുടിയേറ്റപ്രമാണിമാര്‍ നാട്ടുകാരും ആയി മാറിയ രാസപ്രക്രിയ ആരും കണ്ടില്ലെന്നു നടിച്ചു. ആര്‍ ബാലകൃഷ്ണപിള്ള കുറ്റം തെളിഞ്ഞ് തടവിലടക്കപ്പെടുമ്പോള്‍ വേറിട്ട മാധ്യമങ്ങളടക്കം അദ്ദേഹത്തിന് വീരപരിവേഷം നല്‍കുന്ന ഇക്കാലത്ത് സി കെ ജാനുവിനെ തല്ലിച്ചതച്ച 'നാട്ടുകാരെ' ആരോര്‍ക്കാന്‍!

ഇതില്‍ ഗദ്ദാമയായി ജോലി തേടി പോകുന്നത് അശ്വതി എന്നു പറയുന്ന ഹിന്ദു പെണ്‍കുട്ടിയാണ്. അവള്‍ ഇവിടുത്തെ വേഷങ്ങളും പൊട്ടും കമ്മലും ആഭരണങ്ങളും അണിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്നവളാണ്. എന്നാല്‍ സഊദി അറേബ്യയില്‍ ചെന്നിറങ്ങുമ്പോള്‍ തന്നെ അവളുടെ അസ്തിത്വം നഷ്ടപ്പെടുന്നു. അവള്‍ക്ക് അവളുടെ പേര് പോലും നഷ്ടപ്പെടുന്നു. ഈ അസ്തിത്വം നഷ്ടപ്പെടല്‍ യൂണിവേഴ്സലാണ്. ഞാനതില്‍ ഒരു ഹിന്ദു സ്ത്രീയെ തെരഞ്ഞെടുത്തത് മന:പൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായാണ്. വിമാനത്താവളത്തില്‍ വെച്ച് മറ്റൊരു സ്ത്രീ (പേരോ വ്യക്തിത്വമോ ഇല്ലാത്ത ഈ 'മറ്റൊരു സ്ത്രീ' മുസ്ളിം സ്ത്രീയാണെന്നത് ശ്രദ്ധേയമാണ്- ലേഖകന്‍) അശ്വതിയോട് ചോദിക്കുന്നു. ഗദ്ദാമയാണോ? ഈ വിമാനത്താവളത്തിന് പുറത്തിറങ്ങുന്നതോടെ നമുക്ക് നമ്മുടെ അസ്തിത്വം തന്നെ ഇല്ലാതാവുമെന്ന് ആ സ്ത്രീ അശ്വതിയോട് പറയുന്നു. (കമലിന്റെ സിനിമാ യാത്രകള്‍ - സമകാലിക മലയാളം വാരിക 18 ഫെബ്രുവരി 2011).

മലയാളികള്‍ അന്യ നാട്ടിലനുഭവിക്കുന്ന അസ്തിത്വ വ്യഥകളും പീഡന പര്‍വ്വങ്ങളും; ഗദ്ദാമ പോലുള്ള സിനിമകളിലൂടെ ആവിഷ്ക്കരിക്കപ്പെടുമ്പോള്‍, ചാനല്‍ ചര്‍ച്ചകളായും കവര്‍ സ്റോറികളായും വരുന്നത് നല്ലതു തന്നെ. എന്നാല്‍, അതേ മലയാളികള്‍ ഭൂരിപക്ഷം അധിവസിക്കുന്ന സ്വതന്ത്ര കേരളത്തില്‍ അന്യ സംസ്ഥാനത്തു നിന്നുള്ളവര്‍ അനുഭവിക്കുന്ന അതിക്രൂരമായ പീഡനങ്ങളെ ചരിത്രത്തിന്റെ ഏതു ന്യായീകരണങ്ങളെടുത്ത് നാം സാധൂകരിക്കും?

Tuesday, January 4, 2011

ബച്ചനെ ഒളിച്ചു കടത്തിയതാര്?

വിക്കിപ്പീഡിയ സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച് ബി സി മൂവ്വായിരം ആണ്ടു മുതല്‍ കേരളത്തില്‍ സുഗന്ധദ്രവ്യങ്ങളുടെ കച്ചവടം നടക്കുന്നുണ്ട്. ഗ്രീക്കുകാരുമായും അറബികളുമായും മറ്റ് യൂറോപ്യന്മാരുമായും നൂറ്റാണ്ടുകള്‍ കച്ചവടം ചെയ്ത ബൃഹത്തായ പാരമ്പര്യമാണ് മലയാളികള്‍ക്കുള്ളതെന്നു സാരം. ലോകത്തെമ്പാടുമെന്നതു പോലെ, കേരളവും വ്യാപാരത്തിന്റെയും വ്യവസായത്തിന്റെയും പുതിയ മേഖലകളിലേക്ക് കടക്കുന്നത് സ്വാഭാവികം മാത്രമാണു താനും. കച്ചവടം എന്നത് ജനങ്ങളുടെ ജീവിതം നിലനിര്‍ത്തുന്ന ഒരു സാമ്പത്തിക പ്രക്രിയയും മനുഷ്യബന്ധങ്ങളെ അരക്കിട്ടുറപ്പിക്കുന്ന ഒരു സാംസ്ക്കാരിക മേഖലയുമാണ്. ഉപഭോഗ സംസ്ക്കാരം സാധാരണക്കാരെയും മധ്യവര്‍ഗ്ഗക്കാരെയും കടക്കെണിയിലാഴ്ത്തും എന്ന സ്ഥിരം പല്ലവിയില്‍ ധാരാളം സത്യമുണ്ടായിരിക്കെ തന്നെ, വ്യാപാരമെന്നത് ആധുനിക സമൂഹത്തിന്റെ ജീവനാഡിയാണെന്ന വാസ്തവം നാം കണ്ണടച്ചില്ലാതാക്കാന്‍ ശ്രമിക്കേണ്ടതുമില്ല. ഈ സാഹചര്യത്തിലാണ്, വ്യാപാരം വര്‍ദ്ധിപ്പിക്കാനായി കേരള സര്‍ക്കാര്‍ ഊര്‍ജ്ജസ്വലതയോടെ സംഘടിപ്പിക്കുന്ന ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ പോലുള്ള സംരംഭങ്ങള്‍ സ്വാഗതത്തോടെയും ആവേശത്തോടെയും, വ്യാപാരസമൂഹവും ജനസാമാന്യവും സ്വീകരിക്കുന്നത്.


എന്നാല്‍, സാംസ്ക്കാരിക നിരീക്ഷകരെ ഉത്ക്കണ്ഠപ്പെടുത്തുന്നത് അതൊന്നുമല്ല. ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സ്പോണ്‍സര്‍ഷിപ്പിലൂടെ, കേരളത്തിലെ മതേതര-സാമൂഹ്യ-സാംസ്ക്കാരിക ജീവിതത്തിന് കടുത്ത ഭീഷണി സൃഷ്ടിക്കുന്ന ഘടകങ്ങള്‍ കേരളത്തിന്റെ ദൃശ്യപ്രതലത്തില്‍ നിറയുന്നു എന്ന യാഥാര്‍ത്ഥ്യമാണ് അവരെ ആശങ്കാകുലരാക്കുന്നത്. കേരളം ഒരുവട്ടം നിഷ്ക്കരുണം തള്ളിക്കളഞ്ഞ ബച്ചന്റെ ബ്രാന്‍ഡ് അംബാസഡര്‍ പദവി ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ ഒളിച്ചുകടത്തപ്പെട്ടിരിക്കുകയാണ്. ഈ അസംബന്ധത്തിലൂടെ കേരളത്തിലെ തെരുവോരങ്ങളും പത്രത്താളുകളും അശ്ളീലമയമായിക്കഴിഞ്ഞു. കീര്‍ത്തി ചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ തുടങ്ങി; അമിത ദേശീയത, മുസ്ളിം വിരുദ്ധത, അക്രമോത്സുകത, കാക്കിയുടെ അപ്രമാദിത്വം, യുദ്ധരതി എന്നിങ്ങനെയുള്ള മാനുഷിക വിരുദ്ധമായ ഇതിവൃത്ത-ആഖ്യാന പ്രകടനങ്ങള്‍ വ്യാപകമായി കൊണ്ടാടപ്പെട്ടതിനെ തുടര്‍ന്നാണ്; ഈ ചിത്രങ്ങളില്‍ മേജര്‍ വേഷം അവതരിപ്പിച്ചു എന്ന പേരില്‍ മോഹന്‍ലാലിനെ പട്ടാള മേജറാക്കിയത്. ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ ഏറ്റവും വലിയ അസംബന്ധ നാടകമായിരുന്നു ഈ മേജര്‍ പദവി. അതിരിക്കട്ടെ. അതിനു തുല്യമായ വിധത്തില്‍ കേരളത്തില്‍ ഇപ്പോള്‍ ഇത്തരമൊരു അസംബന്ധകരമായ ദൃശ്യ വയറിളക്കം (വിഷ്വല്‍ ഡയറിയ) തുറന്നു വിടാന്‍ കേരള സര്‍ക്കാരിലെ ഏതു ഉദ്യോഗസ്ഥ ദുഷ്പ്രഭുവാണ് തുനിഞ്ഞിറങ്ങിയത് എന്നറിയില്ല.

സി പി ഐ (എം) കേന്ദ്ര നേതൃത്വത്തിന്റെ കര്‍ശനമായ നിര്‍ദേശത്തെ തുടര്‍ന്ന് ഗുജറാത്ത് ബ്രാന്റ് അംബാസഡറായ അമിതാബ് ബച്ചനെ കേരളത്തിന്റെ ബ്രാന്റ് അംബാസഡറാക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേരള സര്‍ക്കാര്‍ ഒരിക്കല്‍ പുറകോട്ടു പോയതാണ്. കേരളത്തിലും പുറത്തുമുള്ള ജനാധിപത്യ വിശ്വാസികളും സ്വാതന്ത്ര്യവാദികളും മനുഷ്യാവകാശ പ്രവര്‍ത്തകരും വലിയ ആശ്വാസമാണ് അന്നനുഭവിച്ചത്. ഗുജറാത്തിന്റെ ബ്രാന്റ് അംബാസഡറായി ഞെളിയുന്നതിലൂടെ നരേന്ദ്ര മോഡിയുടെ വംശഹത്യാവിനോദത്തിന് അംഗീകാരം നേടിക്കൊടുക്കാന്‍ തീരുമാനമെടുത്തതിനു തൊട്ടു പുറകെയാണ്, ബോളിവുഡിലെ ഒന്നാമനായി കണക്കാക്കപ്പെടുന്ന അമിതാബ് ബച്ചനെ കേരളത്തിന്റെയും ബ്രാന്റ് അംബാസഡറാക്കാന്‍ ചില ഉദ്യോഗസ്ഥരും മറ്റും ചേര്‍ന്ന് അന്ന് ക്ഷണിച്ചത്. ജനാധിപത്യ സംവിധാനത്തിനകത്തെ സംസ്ഥാന ഭരണം എന്നത് കേവലം സാങ്കേതികമായ ഗവര്‍ണന്‍സ് മാത്രമല്ലെന്നും അതെപ്പോഴും രാഷ്ട്രീയമായ തീരുമാനങ്ങള്‍ക്കും നയങ്ങള്‍ക്കും വിധേയമാണെന്നും നാം മറന്നു പോകാറുണ്ട്. അത്തരം മറവികള്‍ക്കെതിരായ ശക്തമായ പ്രഹരമായിരുന്നു അതിനെ തുടര്‍ന്ന് പാര്‍ടിയുടെ അഖിലേന്ത്യാ നേതൃത്വം സ്വീകരിച്ച നടപടിയിലൂടെ സാക്ഷാത്കൃതമായത്. നരേന്ദ്രമോഡിയെക്കുറിച്ച് അമിതാബ് ബച്ചന്‍ അദ്ദേഹത്തിന്റെ ബ്ളോഗില്‍ ഇപ്രകാരം എഴുതി:

അദ്ദേഹം(മോഡി) അടിസ്ഥാനാവശ്യങ്ങള്‍ മാത്രം നിറവേറ്റിക്കൊണ്ട് ലാളിത്യത്തോടെ ജീവിക്കുകയും, ഒരു സംസ്ഥാനത്തിന്റെ തലവനാണെന്ന് തോന്നിപ്പിക്കാതിരിക്കുകയും ചെയ്യുന്നു. വികസനത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചും അദ്ദേഹം സഹാനുഭൂതിയോടെയാണ് സംസാരിക്കുന്നത്. പുതിയ ആശയങ്ങളെയും ആദര്‍ശങ്ങളെയും അദ്ദേഹം സ്വാഗതം ചെയ്യുന്നു. സാധാരണക്കാരന്‍(കോമണ്‍ മാന്‍) എന്ന അര്‍ത്ഥത്തിലാണ് താന്‍ സി എം ആകുന്നതെന്ന അദ്ദേഹത്തിന്റെ സ്ഥിരം വ്യാഖ്യാനം ആരും തെറ്റിദ്ധരിക്കേണ്ടതില്ല. എന്താണോ സംസാരിക്കുന്നത് അപ്രകാരം തന്നെ പ്രവര്‍ത്തിക്കുന്ന ഒരാളാണ് നരേന്ദ്രമോഡി.


ചരിത്രം മറന്നു പോകരുത്. 1970കളില്‍ ഇന്ദിരാഗാന്ധി സോഷ്യലിസവും ഇടതുപക്ഷച്ചായ്‌വും പ്രസംഗിച്ചുകൊണ്ട് കടുത്ത ജനാധിപത്യ ധ്വംസനത്തിനും പീഡനവാഴ്ചക്കും വഴിതുറന്നിട്ട അടിയന്തിരാവസ്ഥയിലെത്തിയ കാലം. ഇന്ദിരയുടെ മകന്‍ സഞ്ജയ് അമിതാധികാരത്തിന്റെയും നിഷ്ഠൂരമായ ബലപ്രയോഗത്തിന്റെയും ആള്‍രൂപമായിരുന്നു. ഈ ആള്‍രൂപത്തിന്, അമിതാബ് ബച്ചന്‍ എന്ന രോഷാകുലനായ യുവനായകന്‍ തന്റെ സിനിമകളിലൂടെ സാംസ്ക്കാരികന്യായീകരണം നിര്‍മ്മിച്ചെടുത്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യ ദര്‍ശിച്ച അതിഭീകരമായ ജനാധിപത്യവിരുദ്ധതയുടെയും ഉന്മൂലനസിദ്ധാന്തത്തിന്റെയും പ്രയോക്താവായ സഞ്ജയ് ഗാന്ധിയില്‍ നിന്ന്, അതേ സിദ്ധാന്തത്തിന്റെ അടുത്ത അവതാരം നരേന്ദ്ര മോഡിയിലേക്കുള്ള ഒരു പാലമായി അമിതാബ് ബച്ചനെ ചരിത്രം വിലയിരുത്തുമോ എന്നായിരുന്നു ഗുജറാത്ത് ബ്രാന്റ് അംബാസഡറായതിലൂടെ ജനാധിപത്യ വൃത്തങ്ങളില്‍ ചോദ്യമുയര്‍ന്നത്. ബച്ചനെ കേരളത്തിന്റെ ബ്രാന്റ് അംബാസഡറാക്കണോ എന്ന കാര്യത്തില്‍ കേരള സര്‍ക്കാരാണ് അന്തിമമായ തീരുമാനമെടുക്കുക എന്നിരിക്കിലും, നരേന്ദ്ര മോഡിയുടെ ഗുജറാത്തിന്റെ അതേ അംബാസഡറെ കേരളവും സ്വീകരിക്കില്ല എന്നാണ് ഞാന്‍ കരുതുന്നത് എന്നാണ് സി പി ഐ(എം) പോളിറ്റ് ബ്യൂറോ അംഗമായ സീതാറാം യച്ചൂരി പി ടി ഐ യോട് പറഞ്ഞത്. ഇതിനെ തുടര്‍ന്ന് കേരളത്തിലെ ഭരണമുന്നണി നേതൃത്വം രാഷ്ട്രീയമായി ഉണര്‍ന്നെണീക്കുകയും ബച്ചനെ കേരളത്തിന്റെ പ്രതീകമാക്കുക എന്ന മൂഢാലോചന ഉപേക്ഷിക്കുകയും ചെയ്തു. രോഷാകുലനായ വൃദ്ധനായി ബച്ചന്‍ ഇതില്‍ തന്റെ അതൃപ്തി ലോകത്തെ അറിയിക്കുകയും ചെയ്തു. മാതൃഭൂമി, മനോരമ, ഉമ്മന്‍ ചാണ്ടി തുടങ്ങിയ 'ജനാധിപത്യ വാദികള്‍' ഇതില്‍ തുടര്‍ രോഷാകുലത പ്രകടിപ്പിക്കുകയും ചെയ്തു. ആ അദ്ധ്യായം അവിടെ അടഞ്ഞതാണ്. ഇപ്പോള്‍ ആ പണ്ടാരപ്പെട്ടി കുത്തിത്തുറന്ന് പുറത്തിട്ടതാരാണ്?

ടൂറിസത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ബിഗ് ബിയെ, നടനില്‍ നിന്ന് കഥാപാത്രമാക്കി മാറ്റി കച്ചവടത്തിന്റെ പ്രതീകമായി ഒളിച്ചുകടത്തിയത് കേരളത്തെയും കേരളീയ ജനതയെയും അപമാനിക്കുന്നതിന് തുല്യമാണ്. ഒമ്പതു മാസങ്ങള്‍ കൊണ്ട് സംഭവിക്കുന്ന മറവികള്‍ക്കു മേലാണോ കേരളത്തിന്റെ സാമൂഹ്യ ബോധം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്? വഴിയോരങ്ങളിലെ കൂറ്റന്‍ ഹോര്‍ഡിംഗുകളിലും പത്രത്താളുകളിലെ നെടുങ്കന്‍ പരസ്യങ്ങളിലും നിവര്‍ന്നു നില്‍ക്കുന്നത് ബച്ചനാണെങ്കിലും ഉദ്ദേശിച്ചത് അതല്ല എന്ന് തോന്നിപ്പിക്കാന്‍ വേണ്ടി; മോഹന്‍ ലാലിന്റെ പടത്തിന്മേല്‍ മേജര്‍ മഹാദേവന്‍, കാണ്ഡഹാര്‍ എന്നും ബച്ചന്റെ പടത്തിന്മേല്‍ ലോകനാഥ് ശര്‍മ്മ, കാണ്ഡഹാര്‍ എന്നും ചെറുതായി എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. കൌണ്ടര്‍ മീഡിയയില്‍ സുദീപ് കെ എസ് എഴുതിയതു പോലെ സിഗരറ്റു പാക്കറ്റിന്മേല്‍ സിഗരറ്റ് വലി ആരോഗ്യത്തിന് ഹാനികരം എന്നെഴുതിയതിന് തുല്യമായ അപഹാസ്യമായ മുന്നറിയിപ്പുകള്‍ മാത്രമാണിത്.

മാത്രമല്ല, രോഷാകുലനായ ബച്ചന്റെ കൂലി കൊടുക്കാതെയാണ് അദ്ദേഹത്തെ കഥാപാത്രമെന്നോണം ഇവിടെ അവതരിപ്പിച്ചിരിക്കുന്നതെന്നും മനസ്സിലാക്കാവുന്നതാണ്. കോടികള്‍ കൈക്കലാക്കിക്കൊണ്ടാണ്, ബച്ചനെപ്പോലൊരാള്‍ പരസ്യങ്ങളില്‍ മോഡലാവാറുള്ളത്. അത്തരമൊരാളെ മേജര്‍ രവിയുടെ സിനിമയില്‍ മുഖവും ശരീരവും കാണിച്ചു എന്നതിന്റെ പേരില്‍ കൂലി കൊടുക്കാതെ ചൂഷണം ചെയ്യുന്നത്, കേരളീയരുടെ അഭിമാനത്തിന് ഭൂഷണമാണെന്ന് കരുതുന്നില്ല. ബച്ചനെ മാത്രമല്ല, ഈ ഒളിച്ചു കടത്തല്‍ വഞ്ചിക്കുന്നത്. ആദര്‍ശത്തിന്റെ പേരില്‍ സിനിമാ പരസ്യങ്ങളും ലോട്ടറി പരസ്യങ്ങളും വേണ്ടെന്നു വെച്ച കുറെയധികം മാധ്യമങ്ങളെ - മാധ്യമം, സിറാജ്, തേജസ് - ഷോപ്പിംഗ് ഫെസ്റ്റിവല്‍ പരസ്യമെന്ന പേരില്‍ സിനിമാപരസ്യം അടിച്ചേല്‍പ്പിച്ചിരിക്കുകയാണിവിടെ. ആദര്‍ശത്തിനു മേല്‍ സാംസ്ക്കാരിക കള്ളക്കടത്തുകാരുടെ അധിനിവേശം എന്ന് ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്.

താരവ്യക്തിത്വത്തിന്റെ പ്രതിനിധാനം കഥാപാത്രത്തെക്കാള്‍ എത്രയോ വലുതാണെന്ന കാര്യം കച്ചവടസിനിമയുമായി പ്രാഥമിക പരിചയം ഉള്ളവര്‍ക്കു പോലും ബോധ്യപ്പെടുന്നതാണ്. കഥാപാത്രങ്ങളുടെ സ്വഭാവവൈശിഷ്ട്യങ്ങള്‍ താരനിര്‍മിതിക്ക് സഹായകമാണെന്നതു പോലെ തന്നെ താരത്തിന്റെ പ്രാഭവം കഥാപാത്രത്തിന്റെ വിശ്വാസ്യതക്കും പിന്‍ബലമേകുന്നു. ആരാധനയും പിന്തുണയും ഫാന്‍സ് അസോസിയേഷനുകളും മാധ്യമങ്ങളിലെ നിറം പിടിപ്പിച്ച അണിയറക്കഥകളും ചേര്‍ന്ന് താരത്തെ ദൈവതുല്യനാക്കാറുമുണ്ട്. തമിഴ് നാട്ടിലും മറ്റും താരങ്ങള്‍ക്ക് ക്ഷേത്രം വരെ പണിതതും മറ്റൊന്നും കൊണ്ടല്ല. കേരളത്തില്‍ അത്തരത്തിലൊന്നും സംഭവിക്കില്ല എന്നും അത്യാവശ്യത്തിന് ഔചിത്യബോധവും ചരിത്രജ്ഞാനവും ഉള്ളവരാണ് കേരളീയര്‍ എന്നുമാണ് ഇതുവരെയും കരുതിപ്പോന്നിരുന്നത്. എന്നാല്‍, താരങ്ങളുടെ പടുകൂറ്റന്‍ ഹോര്‍ഡിംഗുകള്‍ കെട്ടിയുയര്‍ത്തപ്പെടുമ്പോള്‍, നമ്മുടെ ജനാധിപത്യ-മത നിരപേക്ഷ ധാരണകള്‍ ഒലിച്ചുപോകുന്നു എന്നു വരുന്നത് ദയനീയം തന്നെയാണ്.